അടിവരകൾ

ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2018, മാർച്ച് 17, ശനിയാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)
Bookmark and Shareഇരിപ്പുണ്ടാകും എന്നും..

ചെത്തിത്തേച്ച് നീലച്ചായമടിച്ച് 
ഉയരത്തിൽ കെട്ടിപ്പൊക്കിയ
വലിയ വരാന്തയും
ഒരു പാട് പടവുകളുമുള്ള ആ വീട്.
ആ തൗഫീഖ് മൻസിലിലെ 
കോലായിലൊരു പ്ലാസ്റ്റിക് കസേരയിൽ
.
"ഇരിപ്പുണ്ടാകും എന്നും.."
.
കൈകൾ തെരുത്ത് വെച്ച നീളൻ കുപ്പായം
അല്ലെങ്കിൽ നരവീണ കോട്ടൻ ബനിയൻ..
കുറ്റിമുടിയുള്ള തലയിലൊരു കെട്ടും 
തൂവെള്ള താടിയും നീളത്തിൽ തടവി..
.
"ഇരിപ്പുണ്ടാകും എന്നും.."
.
കമ്പർ കുഞ്ഞയമു കാക്കാനെ അറിയാത്തവരില്ല അന്ന്
കമ്പർ കുടുംബത്തിന്റെ വലിയ ഐഡന്റിറ്റി..
കണ്ടാലുടനെ വിളിക്കും ബാ... ഇബിടെ
കയറിൽ കെട്ടിത്തൂക്കിയ ഭീമൻ വിശറി
കിടന്ന കിടപ്പിൽ ചരട് വലിച്ച് ആട്ടി കാറ്റ് കൊണ്ട്
കാലൊന്ന് അമർത്തിത്തടവിക്കൊണ്ടാ എന്ന് 

വിശേഷങ്ങളുണ്ടാകും ആയിരമായിരം
ചോദിക്കാനും പറയാനും..
അരയിലെ പച്ച ബെൽറ്റിൽ പോക്കറ്റിൽ
.
"ഇരിപ്പുണ്ടാകും എന്നും..."
.
ബീഡിയും തീപ്പെട്ടിയും ഏതാനും നോട്ടുകളും. 
ഇടക്ക് ചുരുട്ടിയ നോട്ടുകളിൽ നിന്നൊന്ന്
നിവർത്തി ഉള്ളം കയ്യിൽ വെച്ചിട്ട് പറയും..
പീട്യേ പോയി ഒരു കെട്ട് ബീഡി ബാങ്ങി ബാ..
ഇരുപത് പൈസക്ക് മുട്ടായീം മാങ്ങിക്കോ..
ആ മുട്ടായിയുടെ മധുരം കൊതിച്ചോടിയ
വഴികൾ..കിതപ്പോടെ തിരിച്ചെത്തുമ്പോൾ
.
"ഇരിപ്പുണ്ടാകും എന്നും.."
.
നീണ്ട താടി തടവി ഇജ്ജ് ഇത്ര ബേം ബന്നോ
എന്നൊരു പറച്ചിലാണു..ഒപ്പം ഒരു ചിരിയും..
ആ ചിരിയാണു ചിരി..
ഉള്ളം തുറന്ന് നിഷകളങ്കമായ ചിരി..
.
"ഇരിപ്പുണ്ടാകും എന്നും..."
.
പട്ടിണിയും പരിവട്ടവുമായി നാടൊട്ടുക്ക്
ജനങ്ങൾ പൊറുതിമുട്ടിയ കാലത്ത്
മുണ്ടും മുറുക്കി കട്ടൻ ചായയും ബീഡിയും
മാത്രം അന്നമാക്കി മണ്ണിൽ പണിത്
ഓലപ്പുരകളുടെ മോന്തായങ്ങൾ മേഞ്ഞ്
എട്ട് പത്ത് മക്കളെ അല്ലലറിയിക്കാതെ
പോറ്റി വളർത്തി വലുതാക്കിയെടുത്ത്
അവർക്ക് ജീവിത യാത്രയിൽ താങ്ങായി
തണലായി വഴിവിളക്കായി മാറിയ
പ്രകാശഗോപുരത്തിന്റെ ചിരി..
.
"ഇരിപ്പുണ്ടാകും എന്നും.."
.
മക്കൾ കഷ്ടപ്പെടാതിരിക്കാൻ
കഷ്ടതയേറെ സഹിച്ച് യാതനകൾ സഹിച്ച്
 മക്കൾ കൂട്ട് കുടുംബമായി
സന്തോഷത്തോടെ സമാധാനത്തോടെ
ജീവിതം നയിക്കുന്നത് കൺ നിറയെ കണ്ട്
സന്തോഷാശ്രുക്കൾ പൊഴിക്കുന്ന
കുടുംബനാഥന്റെ നിർവ്രുതിയുടെ ചിരി..
.
"ഇരിപ്പുണ്ടാകും എന്നും..."
.
ഞങ്ങൾ കുട്ടികൾ നിലത്തിരുന്ന് കുസ്രുതികൾ കാട്ടി  
പിഞ്ഞാണത്തിൽ ചോറ്  വാരിത്തിന്നുമ്പോൾ 
ഇടക്ക് നിലത്ത് വീഴുന്ന ചോറ്റ് കഷ്ണങ്ങൾ കണ്ട് 
" അന്നം നിലത്ത് കളഞ്ഞാ പടച്ചോന്റെ കുറ്റം കിട്ടും" 
എന്ന് പറഞ്ഞ് ശാസിക്കുന്ന വല്ല്യുമ്മാന്റെ
ഒച്ച അടുക്കളയിൽ നിന്നുയരുമ്പോൾ 
ഉമ്മറത്ത് ഉള്ളിലടക്കി പ്പിടിച്ചൊരു  ചിരി
.
"ഇരിപ്പുണ്ടാകും എന്നും.."
.
നെഞ്ചിലെ വെള്ളി രോമങ്ങൾ തഴുകി 
വറുതിയുടെ ഇല്ലായ്മയുടെ ഗതകാല 
സ്മരണകൾ അയവിറക്കി 
അങ്കംജയിച്ച് വന്ന പോരാളിയെപോൽ
 ഒരു അഭിമാനച്ചിരിയുണ്ടല്ലോ...ആ ചിരി..
.
"ഇരിപ്പുണ്ടാകും എന്നും.."
.
മാസാന്ത്യങ്ങളിലെപ്പോഴെങ്കിലുമോ
ദഫും അറബനയും മറ്റ് വാദ്യങ്ങളുമായെത്തുന്ന
കൂട്ടുകാരുടെ കൂടെ കിണ്ടിയും കുടുക്കയും
കുടവും ഒക്കെ ചേർത്ത് വെച്ചൊരു താളം പിടിച്ച്
ഈണത്തിൽ താളത്തിൽ പാടിയ പാട്ടുകൾ
അത് കേട്ട് മതിമറന്നിരുന്ന് ഉറക്കം വെടിഞ്ഞ രാവുകൾ.
ആ ഈണങ്ങൾ പാടിപ്പറഞ്ഞതൊന്നും മറക്കാതെ
ഇന്നുമെൻ കർണ്ണപുടങ്ങളിൽ അമൃതവർഷമായ്
.
"ഇരുപ്പുണ്ടാകും എന്നും.."
.
കാലമേറെക്കഴിഞ്ഞു ആ ദേഹം മറഞ്ഞിട്ട്
വലിയങ്ങാടി പ്പള്ളിയുടെ വടക്കേ ചരിവിലൊരു
മൈലാഞ്ചിച്ചെടിയുടെ താഴെ വിരിപ്പിട്ട്
അതിൽ നീണ്ട് നിവർന്ന് കിടക്കുന്നുവെന്ന്
ഇടക്കെപ്പോഴോ സ്വപ്നത്തിൽ കണ്ടിരുന്നു
അന്നും ഇന്നും ഒരേ ചിരി..
പിഞ്ച് പൈതലിനെപോൽ
ഉള്ളം തണൂപ്പിക്കുന്ന ചിരി 
എൻ മനോമുകുരത്തിൽ 
.
"ഇരിപ്പുണ്ടാകും എന്നും"


Related Posts with Thumbnails

Related Posts with Thumbnails