ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2010, ജനുവരി 27, ബുധനാഴ്‌ച 1 അഭിപ്രായ(ങ്ങള്‍)
Bookmark and Share

നാലഞ്ചു ദിവസങ്ങൾക്ക്‌ മുമ്പ്‌ വായിക്കാനിടയായ ഒരു പത്ര വാർത്തയാണു ഈ കഴിഞ്ഞ റിപ്പബ്ലിക്ക്‌ ദിനത്തിൽ എന്റെ മനസ്സിൽ നിറഞ്ഞു നിന്നത്‌...ആ വാർത്ത ബാപ്പുകാക്കാന്റെ ചായക്കടയിൽ ചർച്ചാ വിഷയമാകുകയാണെങ്കിൽ എങ്ങനെയായിരിക്കും....നമുക്ക്‌ നോക്കാം...

.....................................................................................................................................................................

''ദെന്താത്‌.......ഇങ്ങള` കണ്ടില്ലേ...?

ബാപ്പുകാക്കാന്റെ കടയിൽ അതിരാവിലെ തന്നെ പത്ര പാരായണം എന്ന ഭയങ്കര ജോലിയിലാണു നാരായണേട്ടൻ, ഒപ്പം സന്തത സഹചാരി അന്ത്രുക്കയും,...പ്രായം കൊണ്ടും ശരീരം കൊണ്ടും എക്സ്‌ പെയറി ഡേറ്റ്‌ കഴിഞ്ഞിട്ടുണ്ടെങ്കിലും മനസ്സ്‌ കൊണ്ട്‌ ഇപ്പോഴും ചെറുപ്പമാണു എന്നു നാട്ടുകാർക്കും വീട്ടുകാർക്കും ബോധ്യപ്പെടുത്തിക്കൊടുക്കാനാണീ ജോലി ഇരുവരും സ്വമേധയാ ഏറ്റെടുത്തിരിക്കുന്നത്‌. അതു ശരിയണെന്നു നാട്ടുകാർക്കു പലപ്പോഴും തോന്നിയിട്ടുമുണ്ട്‌...കൂടെ ചായക്കടക്കാരൻ ബാപ്പു കാക്കയും കൂടി ചേരുന്നതോടെ ഇവിടെ ഉച്ചകോടികൾ പതിവായി അരങ്ങേറുന്നു...

''ഊം എന്താ....''  പത്രത്തിൽ നിന്നു തലയുയർത്താതെ അന്ത്രുക്ക.

''ഇങ്ങള` ദ്‌ വായിച്ച്‌ നോക്കൂ..''.

നാരായണേട്ടൻ പുതിയ ചർച്ചക്കു തുടക്കമിടുകയാണ`..

'' എന്താപ്പോത്ര ... പുതുമ.  ഇന്നാല` ഇജ്ജതൊന്നു ഒർക്കെ വായിച്ചേ....''

അന്ത്രുക്ക കയ്യിലിരുന്ന പത്രം മടക്കി മടിയിൽ വെച്ചു... എന്നിട്ട്‌ കസേരയിലൊന്നമർന്നിരുന്നു..

" ദേശീയ പതാകയെ അപമാനിച്ചതിനു തഹസിൽദാരെ ഉപരോധിച്ചു.. പുനലൂർ, ദേശീയ പതാകയെ അപമാനിച്ചതിനു പത്തനാപുരം തഹസിൽ ദാരെ വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ ചേർന്നു താലൂക്കോഫീസിലെത്തി ഉപരോധിച്ചു....''

ഇടക്കൊന്നു നിർത്തി നാരായണേട്ടൻ ഒരു കവിൾ ചായ കുടിച്ചു..

'' ഇജ്ജ്‌ ബാക്കി വായ്ച്ചടാ...ദെന്തു ഹറാം പെറപ്പാ അയാളു ദേശീയ പതാകയോട്‌ കാണിച്ചത്‌.''.

അന്ത്രുക്ക ഉഷാറായി..

'' താലൂക്ക്‌ റിപ്പബ്ലിക്ക്‌ ദിനാഘോഷ കമ്മറ്റിയുടെ നേത്രത്വത്തിൽ 26 ന` പുനലൂരിൽ നടക്കുന്ന ആഘോഷ പരിപാടിയുടെ നോട്ടീസിലാണ` ദേശീയ പതാകയെ വിക്രതമായി ചിത്രീകരിച്ചത്‌.''

ചായ ആറ്റിക്കൊണ്ടിരുന്ന ബാപ്പുകാക്ക ഇതു കേട്ട്‌ ചായക്കോപ്പയും കയ്യിൽ പിടിച്ച്‌ അടുത്തു കൂടി,, ചെവി വട്ടം പിടിച്ച്‌ നിന്നു..

നാരായണേട്ടൻ ബാപ്പുകാക്കാനെ ഒന്നു നോക്കി വീണ്ടും വായന തുടർന്നു...

'' മുകളിൽ കുങ്കുമ നിറത്തിനു പകരം കത്തിയെരിയുന്ന തീ നിറവും താഴെ ഇരുണ്ട പച്ച നിറവും നടുക്ക്‌ വെളുപ്പിനു പകരം കറുപ്പ്‌ നിറവും ആയാണു ദേശീയ പതാകയെ തഹസിൽദാർ ചെയർമാനായുള്ള ആഘോഷ കമ്മറ്റി നോട്ടീസിൽ അച്ചടിച്ചു പുറത്തിറക്കിയത്‌..നടുക്ക്‌ അശോക ചക്രവും കൊടുത്തിട്ടുണ്ട്‌..നോട്ടീസ്‌ പുറത്തിറങ്ങിയ ഉടനെ തന്നെ ഇക്കാര്യം തഹസിൽദാർ ഉൾപ്പെടെയുള്ളവരെ പൊതു പ്രവർത്തകർ അറിയിച്ചിരുന്നു...എന്നിട്ടും നോട്ടീസ്‌ പിൻ വലിക്കാത്തതിനെ തുടർന്നാണു വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ തഹസിൽദാരെ ഉപരോദിച്ചത്‌.''.

'' ഒടുവിൽ പോലീസെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി നോട്ടീസ്‌ പിൻ വലിക്കാമെന്നുള്ള തഹസിൽദാരുടെ ഉറപ്പിന്മേൽ സമരം അവസാനിപ്പിക്കുകയായിരുന്നു..''.

വായന നിർത്തി നാരായണേട്ടൻ ഒരു ദീർഘ നിശ്വാസം വിട്ടു...

''ന്നാലും ന്റെ അന്ത്രുക്കാ..സ്കോളിലു പഠിക്കണ കുട്ട്യോൾക്ക്‌ ബരെ അറിയാലോ നമ്മടെ പതാകന്റെ കളറ`..ഇതിപ്പൊ ബല്ല്യ പഠിപ്പൊക്കെ പഠിച്ച തഹസിൽദാർ സാറന്മാർക്കറിയാമ്പാടില്ലേ....''

കോപ്പയുമായി നിന്ന ബാപ്പു കാക്ക തലചൊറിഞ്ഞു..

'' സ്വന്തം ദേശീയ പതാകന്റെ നിറം പോലും അറിയാത്തവരാണോ റിപ്പബ്ലിക്ക്‌ ദിനാഘോഷം കൊണ്ടാടാൻ പോകണത്‌..ശിവ.. ശിവ, ഇവരെയൊക്കെ മുക്കാലിൽ കെട്ടി ചൂരൽ പ്രയോഗം നടത്തണം''

നാരായണേട്ടൻ ക്ഷോഭം കൊണ്ടു..

'' അതിപ്പോ.. നാരായണേട്ടാ. നമ്മടെ തഹസിൽ ദാരു പറഞ്ഞതിലും കാര്യമില്ലാതില്ല ''.

അന്ത്രുക്ക ഗോളടിച്ചു..

'' അതേങ്ങനെ ശരിയാവാനാ.. അന്ത്രുക്കാ.''..

ബാപ്പു കാക്ക നെറ്റി ചുളിച്ചു..

'' അതേയ്‌..ദേശീയ പതാകേല` മോളിലുള്ള കുങ്കുമ നിറം എന്താന്നറിയോ അനക്ക്‌.ധൈര്യത്തിന്റെയും ത്യാഗത്തിന്റെയും അടയാളമാണത്‌.അതിപ്പോൾ നമ്മൾ ഇന്ത്യക്കാർക്കുണ്ടോ..?

'' ചേരി ചേരാ പ്രസ്ഥാനത്തിലൂടെ മറ്റ്‌ രാജ്യങ്ങൾക്കിടയിൽ നമ്മൾ ധൈര്യം കാണിച്ചതും ഇന്ത്യയെ ഇന്നത്തെ നിലയിൽ കെട്ടിപ്പടുക്കാൻ നമ്മുടെ മുൻ കഴിഞ്ഞു പോയവർ കാണിച്ച ത്യാഗവും ഇന്നെവിടെപ്പോയി....?

അന്ത്രുക്ക വാചാലനായി...

'' അതു ശരിയാ...നമ്മള` ഇന്നു എല്ലാം അമേരിക്കേടേം ഇസ്രായേലിന്റെയും കാൽക്കൽ കൊണ്ടു വെച്ചിരിക്കയല്ലേ...ലോകരാജ്യങ്ങൾക്കിടയിൽ വേറിട്ട ഉറച്ച ശബ്ദമായിരുന്ന ഇന്ത്യ ഇന്നെവിടെ..?എല്ലാം മുൻ ക്ഴിഞ്ഞു പോയ മഹാത്മാക്കളുടെ ചിതയോട്‌ കൂടി കത്തിത്തീർന്നു.....കത്തിയെരിയുന്ന തീയിന്റെ നിറം നമ്മടെ തഹസിൽദാർക്കു എവിടന്നാണു കിട്ടിയതു എന്നു മനസ്സിലായില്ലേ..''.

നാരായണേട്ടൻ ഏറ്റു പിടിച്ചു..

'' ഇന്നാലും ബാക്കീണ്ടല്ലോ.. നടുക്ക്‌ വെള്ളേം പിന്നെ പച്ചേം...ബാപ്പു കാക്കാക്ക്‌ സംശയം തീരുന്നില്ല.''.

'' അതേയ്‌ വെള്ള നിറം സത്യത്തിന്റെയും സമാധാനത്തിന്റെയും അടയാളം...അതിപ്പോ എത്രത്തോളമുണ്ടെന്ന` ദിവസം പത്രം വായിക്കണ അനക്ക്‌ ഞാൻ പറഞ്ഞു തരണ്ടല്ലോ..? എല്ലാരുടെ മനസ്സിലും കറുപ്പല്ലേ..''.

'' അതു മനസ്സിലാക്കാൻ തഹസിൽദാരുടെ ബുദ്ധിയൊന്നും ആവശ്യമില്ല..പിന്നെ പച്ച നിറം...''

'' ബാക്കി ഞാൻ പറയാം''... നാരായണേട്ടൻ ഇടക്കു കയറി..

'' പച്ച നിറം ശൗര്യത്തിന്റെയും വിശ്വാസത്തിന്റെയും അടയാളം...ഏന്നാലിന്നോ.. ശൗര്യം എമ്പാടുമുണ്ട്‌.പക്ഷേങ്കില` അതു ആർത്തി കാണിച്ച്‌ പൊതുമുതലും ആരാന്റെ മുതലും കയ്യിട്ടു വാരാനണെന്നു മാത്രം...''

'' പിന്നെ വിശ്വാസം.. അതു ആർക്കും ആരിലും ഇല്ലാത്ത കാലത്തല്ലേ നമ്മളിപ്പോൾ ജീവിക്കുന്നത്‌..ഭാര്യയെ , ഭർത്താവിനെ, മക്കളെ, സുഹ്രത്തിനെ, നാട്ടുകാരെ, ഭരണകൂടത്തെ.....എന്നിങ്ങനെ തുടങ്ങി ആരെയും വിശ്വസിക്കാൻ കൊള്ളാത്ത കാലം...അതു കൊണ്ട്‌ പച്ച നിറം ഇരുണ്ട്‌ പോയെങ്കിൽ തഹസിൽദാർ എന്തു പിഴച്ചു..''

നാരായണേട്ടൻ തെല്ല് ഗമയോടെ പറഞ്ഞു നിർത്തി..

'' പക്ഷേങ്കിലു നമ്മടെ തഹസിൽദാരു നടുക്കുള്ള ചക്രം മാത്രം ബാക്കി വെച്ചല്ലോ..''?

ബാപ്പുകാക്ക വിടാനുള്ള ഭാവമില്ല..

'' എന്നാലിനി അതും കൂടി കേട്ടോ...കർമ്മത്തിന്റെ പ്രതീകമായാണു അശോക ചക്രത്തെ കണക്കാക്കുന്നത്‌..അതായത്‌ ഇന്ത്യക്കു വന്നു ഭവിച്ച ഈ അധപതനത്തിൽ നിന്നു രക്ഷപ്പെടാൻ ആത്മാർത്ഥതയും ത്യാഗ മനോഭാവവും നിറഞ്ഞ പ്രവർത്തനങ്ങൾ കൊണ്ട്‌ മാത്രമേ സാധിക്കൂ... .വാക്കു കൊണ്ടും വരകൊണ്ടും ഉള്ള കസർത്തു കൊണ്ടൊന്നും ഒരു കാര്യവുമില്ലാന്ന് ലളിതമായി നമ്മുടെ തഹസിൽദാരു നമ്മളെ എല്ലാരെയും ഒ‍ാർമ്മിപ്പിക്കാനാകണം മൂപ്പരു ആചക്രം മാത്രം ബാക്കി വെച്ചത്‌. അല്ല പിന്നെ''

അന്ത്രുക്ക ഒരു ദീർഘ നിശ്വാസത്തോടെ ചർച്ചക്കു വിരാമമിട്ടു..

'' അമ്പട തഹസിൽ ദാരേ.''.. ബാപ്പു കാക്ക മൂക്കത്ത്‌ വിരൽ വെച്ചു..

ബാപ്പുകാക്കാന്റെ അതിശയങ്ങൾ തീരണില്ലാ.തുടരും..

Related Posts with Thumbnails

Related Posts with Thumbnails