ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2010, ഫെബ്രുവരി 2, ചൊവ്വാഴ്ച 6 അഭിപ്രായ(ങ്ങള്‍)
Bookmark and Share
കൊതുകമ്മാവൻ ഉച്ചയുറക്കവും കഴിഞ്ഞു പുറത്തിറങ്ങിയതേ ഉള്ളൂ... ദേ വരുന്നു മരുമകന്റെ കോൾ..തമിഴ്‌നാട്ടിൽ നിന്നാണ`..
ഹലോ...

ഹലോ ..ആ മരുമോനേ എന്തുണ്ട്‌ വിശേഷം..

ഓ എന്തു പറയാനാ അമ്മാവാ.. ഇവിടെയും കഷ്ടപ്പാടു തന്നെ..

അല്ലേലും നിനക്കു വല്ല കാര്യവുമുണ്ടോ.അന്യ നാട്ടിൽ ചെന്നു കഷ്ടപ്പെടാൻ... നിനക്കു നാട്ടിലേക്കു പോന്നൂടേ... ഗൾഫിൽ നിന്നു നിന്റെ അളിയനും വരുന്നുണ്ട്‌..

ആ ...അത്‌ ഞാൻ ചോദിക്കൻ വിട്ടു പോയി അളിയൻ എന്നാ വരുന്നത്‌

അവന്റെ കാര്യം പറയാതിരിക്കാ ഭേദം മോനേ..അവിടെ നല്ല സുഖമുള്ള ജോലിയാണു എന്നു പറഞ്ഞു പോയതാ...ഇതിപ്പോ.. നിൽക്കക്കള്ളിയില്ലാതെ മടങ്ങിപ്പോരുകയല്ലേ..

അളിയനോട്‌ ഞാൻ അന്നേ പറഞ്ഞതാ..ഗൾഫിലൊന്നും നമ്മുടെ ജോലി ചെയ്യാൻ പറ്റിയ സാഹചര്യമല്ലാന്ന്..അവിടെയൊക്കെ താമസിക്കാനൊരു ഓടപോലും കിട്ടത്തില്ലന്നേ..ഉള്ളതിലൊക്കെ അവന്മാരു മരുന്ന് എപ്പൊഴും തളിക്കും പിന്നെ ജോലി... മര്യാദക്കൊന്നു ജോലി ചെയ്യാൻ അറബികൾ നിന്നു തരില്ലെന്നേ..ഏതു സമയവും വാതിലടച്ച്‌ വീട്ടിനുള്ളിലിരിക്കും..പുറത്തിറങ്ങിയാലോ ഏസിയുമിട്ട്‌ കാറിനകത്തും..അതൊക്കെ എങ്ങനെയെങ്കിലും അഡ്ജസ്റ്റ്‌ ചെയ്യാമെന്നു വെച്ചാലും അവിടത്തെ ഭയങ്കരമായ ചൂട്‌ സഹിക്കില്ലെന്നേ...

ഇനിയിപ്പോ പറഞ്ഞിട്ടെന്താ കാര്യം.. പാവം ജോലിയുമില്ലാതെ കൂലിയുമില്ലാതെ കുറെ കഷ്ടപ്പെട്ടു..ഇപ്പോ ഏതോ ഒരു മലയാളിയുടെ റൂമിന്റെ സൈഡിലെങ്ങാണ്ടോ ഇത്തിരി സ്ഥലം കിട്ടിയിട്ടുണ്ട്‌.അവിടെയാണു താമസം..അന്യ നാട്ടിൽ ചെന്നാലും നമ്മുടെ നാട്ടുകാർ ഇല്ലെങ്കിൽ നമുക്ക്‌ ജീവിക്കാൻ കഴിയില്ല..

എന്തിനാ കഷ്ടപ്പെട്ടു അവിടെ നിൽക്കുന്നേ.. നാട്ടിലേക്കു പോരരുതോ..

പോരുകയാണ`.. അടുത്തമാസം ഒരു മലയാളി നാട്ടിലേക്കു വരുന്നുണ്ട്‌..അയാളുടെ ബാഗിൽ ഇത്തിരി സ്ഥലം കൊടുക്കാമെന്നു അവിടത്തെ സ്ഥിര താമസക്കാരായ മൂട്ടയും പാറ്റയും പറഞ്ഞിട്ടുണ്ടത്രേ..

അതേതായാലും നന്നായി.. ഞാനും നാട്ടിലേക്കു വരുന്ന കാര്യം ആലോചിക്കാണ`...

ഊം എന്തേ ഇപ്പോ ഇത്ര പെട്ടെന്നു ഇങ്ങനെ തോന്നാൻ...

ഇവിടെയിപ്പോൾ പഴയ പോലെയൊന്നുമല്ല്ല.. അണ്ണന്മാരു കുളിക്കേം പല്ലുതേക്കേം ചെയ്തില്ലേലും വീടും പരിസരവും അവർ നന്നായി വ്രത്തിയാക്കുന്നുണ്ട്‌..പോരാത്തതിനു സർക്കാർ വക ഒരു പാട്‌ ശുചീകരണപദ്ധതികളും ബോധവത്കരണ പരിപാടികളും..പിടിച്ചു നിൽക്കാൻ ഇത്തിരി പാടാ...

നീ ഇങ്ങോട്ട്‌ പോരടാ.. ഇവിടം സ്വർഗ്ഗമല്ലേ...ഇവിടെ ഒരു പ്രശ്നോമില്ലാ..

അതെ.. ഇനിയിപ്പോ അതല്ലാതെ വഴിയില്ല..അല്ലാ വേറൊരു കാര്യം..ഞാൻ ഇന്നലെ ഒരു പാട്‌ വട്ടം ഫോൺ ചെയ്തു..ആരും എടുക്കുന്നില്ല.. എവിടെപ്പോയി ഇന്നലെ...

ആ അതു പിന്നെ നമ്മുടെ സംഘടനയുടെ ഒരു അടിയന്തിര സമ്മേളനം കൊച്ചിയിൽ ഉണ്ടായിരുന്നു,..ഞാനും കുട്ട്യോളും അങ്ങോട്ട്‌ പോയതായിരുന്നു..

എന്തേ ഇപ്പോൾ ഒരു സമ്മേളനം..?

അതേയ്‌ കേന്ദ്രസർക്കാർ നടത്തിയ പഠനമനുസരിച്ച്‌ ഇന്ത്യയിലെ 51 മലിനനഗരങ്ങളിൽ നമ്മുടെ കോഴിക്കോടും തിരോന്തരവും കൊച്ചിയും സ്ഥാനം പിടിച്ചിരിക്കുന്നു...ഇതു നമ്മുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കണക്കാക്കി കൂടുതൽ മേഖലകളിലേക്കു നമ്മുടെ പ്രവർത്തനം വ്യാപിപ്പിക്കാനുള്ള പദധതികൾ ആസൂത്രണം ചെയ്യാനായിരുന്നു സമ്മേളനം

കൊള്ളാം ...എന്നിട്ടെന്താ തീരുമാനമായത്‌..?

ഈ നില തുടരുകയണെങ്കിൽ അടുത്ത 2 വർഷം കൊണ്ട്‌ തന്നെ നമുക്ക്‌ കേരളത്തിലെ ബാക്കി നഗരങ്ങളെയും ഈ ലിസ്റ്റിൽ ഉൾപ്പെടുത്താൻ സാധിക്കും..അതിനു വേണ്ട ചില പദ്ധതികൾ തീരുമാനിച്ചിട്ടുണ്ട്‌..

ആ അതു പോട്ടെ..നമ്മുടെ സംഘടനയുടെ ആസ്ഥാനം കൊച്ചിയിൽ നിന്നും കോഴിക്കോട്ടേക്കു മാറ്റണമെന്നു വിമത വിഭാഗം സമരം നടത്തിയിരുന്നല്ലോ..?

ഇപ്പോഴത്തെ സാഹചര്യത്തിൽ കൊച്ചിതന്നെ നമ്മുടെ കേന്ദ്ര ആസ്ഥാനമാക്കി നിലനിർത്താനാണു പുതിയ തീരുമാനം..നീയറിഞ്ഞില്ലേ..

കേന്ദ്രസർക്കാർ നമ്മുടെ കൊച്ചിയിൽ പുതിയ വ്യവസായങ്ങൾ തുടങ്ങുന്നതിനു കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു..ഇനി നമുക്ക്‌ കൊച്ചിയിൽ ശ്വാസം മുട്ടിക്കുന്ന പുകയും രാസമാലിന്യങ്ങൾ ഒഴുകുന്ന ഓടകളും പുഴകളും ഒന്നും തടസ്സം സ്രഷ്ടിക്കില്ല

അതല്ലേലും സ്വസ്ഥമായി ജോലിചെയ്യാൻ കൊച്ചിയല്ലാതെ വേറെ നഗരമി

ഓരോ പഞ്ചായത്തിലും ഹെൽത്ത്‌ ആന്റ്‌ സാനിറ്റേഷൻ കമ്മറ്റികൾ രൂപവത്കരിച്ച്‌ മാലിന്യ നിർമാർജ്ജനത്തിനായി കേരളസർക്കാർ 2008 ൽ 60 കോടി ചിലവഴിച്ചു എന്ന് ശ്രീമതി ടീച്ചർ പറഞ്ഞതായി ന്യൂസിൽ കണ്ടല്ലോ..?

അത്‌ നമ്മുടെ ആൾക്കാർക്കു വല്ല ബുദ്ധിമുട്ടുമുണ്ടാക്കിയോ..?

ഞാനും കേട്ടു.. ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയക്കാരും തരം പോലെ കയ്യിട്ടുവാരി ആ 65 കോടി മുകളിൽ നിന്നു താഴെയെത്തുമ്പോയേക്കും 65 പൈസ പോലും കാണത്തില്ല.. അതു കൊണ്ട്‌ തളിക്കാനുള്ള മരുന്നെങ്കിലും കിട്ടുമോ..?

പിന്നെയല്ലേ..

അപ്പോൽ ജനങ്ങളും സർക്കാരും ഇവരെ ചോദ്യം ചെയ്യില്ലേ..

ഓ പിന്നെ.. എടാ ആ പണമൊക്കെ ചിലവാക്കിയതായി കള്ളക്കണക്കുണ്ടാക്കും..പാവം ജനങ്ങളത്‌ വിശ്വസിക്കും..

അങ്ങനെയെങ്കിൽ എല്ലാരും പറയുന്നു കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്നു.. അതെന്താ...

അതു ശരിയായിരുന്നു.. ഇപ്പോഴും ആണ`..വായു, വെള്ളം , ഭൂമി, ലോകത്ത്‌ മാത്രകകൾ ഇല്ലാത്തത്രയും അനുഗ്രഹീതമായി ദൈവം കേരളത്തിനു നൽകിയിരിക്കുന്നു..ആറുകളും ,അരുവികളും കടൽത്തീരങ്ങളും പ്രക്രതിയും കാലാവസ്ഥയും....അങ്ങനെയൊരുപാട്‌ ,ദൈവം പ്രത്യേക പരിഗണനയോടെ കേരളത്തിനു നൽകിയിരിക്കുന്ന്നു..അങ്ങനെയാണു കേരളം ദൈവത്തിന്റെ സ്വന്തം നാടായത്‌..

പക്ഷേ മലയാളിക്കു മാത്രം ഇതിപ്പോഴും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.. നമ്മുടെ ഭാഗ്യം..

ഇങ്ങനെ പോയാൽ സമീപ ഭാവിയിൽ തന്നെ ദൈവത്തിനല്ല പിശാചിനു പോലും വേണ്ടാത്ത നാടായിത്തീരും

ഏതായാലും ഞാൻ നാട്ടിലേക്കു വരാൻ തീരുമാനിച്ചു..

നന്നായി.. എന്നാൽ ഇതു കൂടി കേട്ടോ...

കേരള വാട്ടർ അതോറിട്ടി ഈയിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്‌ കേരളത്തിലെ 90 ശതമാനം കിണറുകളിലും മലിനജലമാണെന്നാണ`.അതായത്‌ നമുക്കിനി താമസിക്കാൻ ഓടകൾ തേടിപ്പോകേണ്ട കാര്യമില്ലാന്ന്..

.അപ്പോൾ ഇനിയങ്ങോട്ട്‌ നമ്മുടെ വർഗക്കാർക്ക്‌ ഇവിടം സ്വർഗം തന്നെ..

അതെ ഇവിടം സ്വർഗ്ഗമാണ`...

Related Posts with Thumbnails

Related Posts with Thumbnails