ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2010, ഫെബ്രുവരി 10, ബുധനാഴ്‌ച 13 അഭിപ്രായ(ങ്ങള്‍)
Bookmark and Share

അബൂദാബി ഡെയ്സ്‌:രണ്ട്‌

ഓരോ യാത്രയും ഓരോ അനുഭവങ്ങളാണു നമുക്ക്‌ സമ്മാനിക്കുന്നത്‌  .,അതു ഓട്ടോറിക്ഷയിലായാലും ബസ്സിലായാലും ട്രയിനിലായാലും....ആദ്യമായി വിമാനം കയറുന്ന ഒരാളുടെ കാര്യം പിന്നെ പറയണോ..?


"ആദ്യരാത്രി "ഓർമകളെപ്പോലെ എന്നും കൂട്ടിനുണ്ടാകും അത്തരം അനുഭവങ്ങൾ അല്ലേ...അങ്ങനെ ഞങ്ങളെയും വഹിച്ച്‌ കൊണ്ടുള്ള ഗൾഫ്‌ എയറിന്റെ കൂറ്റൻ വിമാനം നെടുമ്പാശ്ശേരി എയർ പോർട്ടിൽ നിന്നും പറന്നുയർന്നു..

പതിനാറുകാരിയുടെ മാറു പോലെ പച്ച പുതച്ച്‌ ഉയർന്ന് നിൽക്കുന്ന മലനിരകളും,  അവക്കിടയിലൂടെ വെള്ളിയരഞ്ഞാണം കെട്ടിയ പോലെ നദികളും , കൊച്ച്‌ കുഞ്ഞ്‌ സ്ലേറ്റിൽ കുത്തിക്കുറിച്ച പോലെ തലങ്ങനെയും വിലങ്ങനെയും കിടക്കുന്ന റോഡുകളും , അവക്കിടയിൽ ചിതറിക്കിടക്കുന്ന കെട്ടിടങ്ങളും .....

എല്ലാം ഭൂമിയിടിഞ്ഞ്‌ പോകുന്നത്‌ പോലെ താഴേക്ക്‌ പതിച്ച്‌ അകന്നകന്ന് പോകുന്നു.

ചില്ലുജാലകത്തിലൂടെ ഞാൻ ഇമവെട്ടാതെ നോക്കി നിന്നു....,

എത്ര നയനാനന്ദകരമായ കാഴ്ച്ചകൾ..

നിമിഷ നേരങ്ങൾ കൊണ്ട്‌ എന്റെ കണ്ണുകൾ ഒരായിരം ഫോട്ടോകളെടുത്ത്‌ പ്രിന്റെടുത്ത്‌ ഫ്രേയിം ചെയ്ത്‌ മനസ്സിന്റെ അറക്കുള്ളിൽ എങ്ങാണ്ടോ ഭദ്രമായി വെച്ചു പൂട്ടി..

കാഴ്ചകൾ താഴ്‌ന്ന് താഴ്‌ന്ന് പോയി ഒടുക്കം മേഘപടലങ്ങൾക്കിടയിലെവിടെയോ ആവിയായി മറഞ്ഞു..,ഇപ്പോൾ എങ്ങും തൂവെള്ള പഞ്ഞിക്കെട്ടുകൾ പോലെ മേഘങ്ങൾ മാത്രം..അവയ്ക്ക്‌ ഷേക്ക്‌ ഹാൻഡ്‌ കൊടുത്ത്‌ മുട്ടിയുരുമ്മി ഇടക്ക്‌ തള്ളി മാറ്റി ഞങ്ങളുടെ വിമാനം കുതിക്കുകയാണ`...,ഒമാന്റെ തലസ്ഥാനമായ മസ്കറ്റിലേക്കാണാ യാത്ര.(കണക്ഷൻ ഫ്ലൈറ്റാ..ചുമ്മാ അവിടൊന്നിറങ്ങി കയറിപ്പോകാമന്നേ...)
ഫ്ലൈറ്റിൽ അങ്ങോട്ടും ഇങ്ങോട്ടും എയർ ഹോസ്റ്റസുമാർ ഓടി നടക്കുന്നു..,(നാട്ടിലാണെങ്കിൽ ഹോസ്പിറ്റലിലെ പ്രസവ റൂമിനു പരിസരത്തൂടെ ഇതു പോലെയുള്ള രൂപങ്ങൾ ഓടിനടക്കുന്നത്‌ കാണാം..) അവരുടെ ജോലിയിലുള്ള ആത്മാർത്ഥതയും സ്നേഹസമ്പൂർണ്ണമായ പെരുമാറ്റവും പ്രശം സനീയം തന്നെ..

എന്തു സഹിക്കാം

അവരുടെ മുഖത്ത്‌ വാരിത്തേച്ച അര ടിൻ പൗഡറും ക്രീമും , ചുണ്ടിൽ തേച്ച ചുവന്ന പെയിന്റും മേലാകെ പൂശിയ നാലഞ്ച്‌ ഫ്ലേവർ സുഗന്ധദ്രവ്യങ്ങളും എല്ലാം കൂടി ചേരുമ്പോൾ ഉണ്ടാകുന്ന ഒരു പ്രത്യേക സുഗന്ധമുണ്ടല്ലോ (?) അതാണു സഹിച്ച്‌ കൂടാത്തത്‌..,

...എന്റമ്മോ...മൂക്ക്‌ തുളച്ച്‌ കയറുന്ന ഗന്ധം...

പാലമരച്ചുവട്ടിൽ ഓഫീസ്‌ തുറന്ന് പുരുഷൻ മാരെ ഹോൾ സെയിലായി (വിത്ത്‌ ഔട്ട്‌ പല്ല്, നഖം ,മുടി...) റിക്രൂട്ട്‌ ചെയ്യാൻ കരാറെടുത്തിരിക്കുന്ന യക്ഷികൾ പോലും തോറ്റു പോകും...അടുത്തൂടെ പോകുമ്പോൾ തലകറക്കം വരുന്നു..(അത്‌ എന്റെ കുഴപ്പമാണോ ...ആവോ..)

എന്ത്‌ തന്നെയായാലും അവർ കൊണ്ട്‌ തരുന്ന അന്നപാനീയങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിച്ച്‌ വെട്ടി വിഴുങ്ങാൻ ഇതൊന്നും തടസ്സമായില്ലാട്ടോ...

ചെവിയിൽ ഹെഡ്‌ ഫോൺ കുത്തിത്തിരുകി നല്ല ഹിന്ദി ഗാനങ്ങൾ ആസ്വദിച്ച്‌ കൊണ്ട്‌ ഓരോന്നോരോന്ന് ഓർഡർ ചെയ്ത്‌ ജാറം (ഐ മീൻ കുമ്പ,വയർ,,പള്ള..ഇതിലേതെങ്കിലുമൊന്ന് ) ഫുള്ളാക്കിക്കൊണ്ടിരുന്നു...(അല്ലേലും ഓസിനു കിട്ടിയാൽ ആസിഡും അടിക്കണ പർട്ടിയല്ലേ...)
ജ്യൂസ്‌, ബിയർ,സാന്റ്വിച്ചുകൾ, സലാഡുകൾ എന്നിങ്ങനെ പേരറിയുന്നതും അറിയാത്തതുമായ വിഭവങ്ങൾ എത്ര എടുത്താലും തീരാത്ത അക്ഷയപാത്രം തുറന്ന് വെച്ച പോലെ മുന്നിൽ വന്നു നിറയുന്നു..

ഞങ്ങളുടെ പരാക്രമങ്ങൾ കണ്ടാൽ കേരളത്തിൽ നിന്നല്ല വല്ല ഹെയ്തിൽ നിന്നോ ഉഗാണ്ടയിൽ നിന്നോ വരുന്നവരാണോ എന്നു തോന്നിപ്പോകും ...

ഇതൊക്കെ കണ്ടും കേട്ടും നിൽക്കുന്ന എയർ യക്ഷി ഒന്ന് പ്രാകിയോ...

പെട്ടെന്ന് വയറിനൊരു വശപ്പിശക്‌..,ഒപ്പം മൂത്ര ശങ്കയും..,

ഞാൻ വല്ലാതായി..,അവസാനം കുടിച്ച ബിയർ മാമൻ അകത്ത്‌ കടന്ന് തനിക്ക്‌ മുമ്പേ കുടിയേറിയവരെ കുടിഴോയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടോ എന്നൊരു സംശയം..

ഞാൻ അടുത്തിരുന്ന റഷീദിനൊട്‌ കാര്യം പറഞ്ഞു..

അവനുണ്ടോ അറിയുന്നു.. ഫ്ലൈറ്റ്‌ തന്നെ ജീവിതത്തിൽ ആദ്യമായി കാണുന്നത്‌ പോലെയാണു അവന്റെ ഇരുപ്പ്‌.(ഞാൻ ഫ്ലൈറ്റിൽ യാത്ര ചെയ്യുകയാണു എന്ന യാതാർത്ഥ്യം ഉൾക്കൊള്ളാൻ അവനു ഇപ്പോഴും കഴിഞ്ഞിട്ടില്ല.)

ഇവിടെ ആകെ നാശ കൊശമാകുമോ...?

ഈ മാനത്ത്‌ വെച്ച്‌ എന്റെ മാനം പോകുമോ...?

എനിക്കാകെ പേടിയായി.

മടിച്ച്‌ മടിച്ചാണെങ്കിലും എതിരെ വന്ന യക്ഷിയെ ഞാൻ വിളിച്ചു..

" അമ്മച്ചീ..."ഒരു കാര്യം ചോദിക്കാണുണ്ട്‌...."

"വാട്ട്‌ യു വാൻഡ്‌ ടു ഡു.."

അതുശരി ഇഗ്ലീഷാല്ലേ..

എനിക്കാകെ അറിയുന്നത്‌ മലയാളവും പിന്നെ......മലയാളവും..,

"ബാത്ത്‌ റൂം" എന്റെ പരുങ്ങിക്കളിക്കിടയിൽ എങ്ങനെയോ ആ വാക്ക്‌ പുറത്ത്ചാടി..

അവർ ചെറുതായി മന്ദഹസിച്ച്‌ കൊണ്ട്‌ പുറകിലേക്ക്‌ വിരൽ ചൂണ്ടി..,

ഞാനെഴുന്നേറ്റു..,രണ്ട്‌ സൈഡിലും കേമൻ മാരും കേമികളും അങ്ങനെ നിരന്ന് നിരന്ന് ഇരിക്കുന്നു..അവർക്കിടയിലൂടെ ഗാർഡ്‌ ഓഫ്‌ ഓണർ പരിശോധിക്കുന്ന വിശിഷ്ടാതിഥിയെപ്പോലെ ഞാൻ നടന്ന് നീങ്ങി..

ആകാശത്തെ എന്റെ ആദ്യത്തെ നടത്തം..(അധികം ഞെളിയണ്ടാ... വിമാനത്തിനുള്ളിലല്ലേ..)

കുറെ പുറകിലായി ഒരു ചെറിയ കാബിൻ..,അതിന്റെ നടുക്ക്‌ പുഷ്‌ എന്നെഴുതി വെച്ച ഭാഗത്ത്‌ ഒറ്റ ത്തള്ള്‌..,(പുഷ്‌ എന്നാൽ തള്ളുക എന്നാണെന്ന് എനിക്കറിയാമേ..)

അകത്ത്‌ കയറി..

ആകാശത്തിലെ എന്റെ ആദ്യത്തെ.....(ഛേ..നാണമില്ലാത്തവൻ..,അതൊക്കെ വിളിച്ച്‌ കൂവാമോ..)

സ്വാഗതവും ആദ്ധ്യക്ഷവും ഉദ്ഘാടനവുംതുടങ്ങി എല്ലാ ചടങ്ങുകളൂം ഒറ്റക്ക്‌ നിർവ്വഹിച്ച്‌ ആശ്വാസത്തോടെ ഞാൻ എണീറ്റു..,

നന്നയൊന്ന് മുഖം കഴുകി, മുടിയൊക്കെയൊന്ന് ചീകി.,

കയ്യും വീശി പുറത്തിറങ്ങാൻ നേരം "ദേ കെട്ക്കണു മുണ്ടീം മക്കളും. "വാതിലു തുറക്കാൻ കഴിയുന്നില്ല..

ഹുക്കെവിടെ, കൊളുത്തെവിടേ..ഞാനാകെ പരതി ..,നോ രക്ഷ..,

വാതിലുമാമൻ കനിയുന്നില്ല..ചുറ്റിലും ഫ്ലൈറ്റിന്റെ ഇരമ്പം മാത്രം..,ഒന്ന് ഒച്ചയിട്ടാൽ പോലും പുറത്ത്‌ കേൾക്കുമെന്ന് തോന്നുന്നില്ല..,

കടലു ചാടിക്കടന്ന് വന്നവൻ അരുവി ചാടിക്കടന്നപ്പോൾ വെള്ളത്തിൽ വീണു എന്ന അവസ്ഥയിലായിപ്പോയി ഞാൻ..,വാതിലു മാമൻ എന്റെ മാനം കെടുത്തിയേ അടങ്ങൂ.... (അതിനു .....ലതുണ്ടോ....?)

പതിനെട്ടടവും പയറ്റി പത്തൊൻപതാമത്തെ അടവ്‌ ഞാനെടുത്തു..,(ഇൻസ്റ്റാൾ മെന്റിനു സാധനം വാങ്ങി മാസാന്ത തിരിച്ചടവ്‌ തെറ്റുമ്പോൾ പിരിച്ചെടുക്കാൻ വരുന്നവന്മാരു ഉമ്മറത്ത്‌ വന്ന് കാണിക്കുന്ന അടവുണ്ടല്ലോ..ആ.അടവ്‌..) ഞാനും കൊടുത്തു വാതിലിനു നാലു ചവിട്ട്‌, പിന്നെ ഒരു തൊഴി, പിന്നെ എന്തൊക്കെയ്യാണെന്നു ഞാനെണ്ണിയില്ല..,

ബാത്ത്‌ റൂമിൽ നിന്നു ബഹളം കേട്ടിട്ട്‌ യക്ഷികൾ ഓടി വന്നു..,വല്ല ആദംഗ വാദിയോ (തീവ്രവാദിയേ...) മറ്റോ.. ആണോ..?

എന്തായാലും നേരിടുക തന്നെ.

എന്തിനും തയ്യാറായി അവളിലൊരുത്തി വാതിലിൽ എന്തൊക്കെയോ വിക്രിയകൾ കാണിച്ചു കാണണം..,

വീണ്ടാമതൊരു ചവിട്ട്‌ കൊടുക്കേണ്ട താമസം  സ്റ്റണ്ട്‌ സീനിൽ ചിരഞ്ചീവി വാതിൽ ചവിട്ടിപ്പൊളിച്ച്‌ നൂറു നൂറ` കഷ്ണങ്ങളായി പറത്തുന്നത്‌ പോലെ..(ഇത്തിരി ഓവറായോ...)വാതിൽ മൂന്നോ നാലോ പീസുകളായി മടങ്ങി ഇരു വശത്തേക്കും മാറി..,

പുറത്ത്‌ എന്നെ തുറിച്ച്‌ നോക്കിക്കൊണ്ടിരിക്കുന്ന ഒരു പാട്‌ യക്ഷികൾ.,ഞാൻ വെളുക്കെ ചിരിച്ചു..ഹ്‌..ഹു..ഹൂ

അവരും ഒരുപാട്‌ വളിച്ച ചിരികൾ പായ്ക്ക്‌ ചെയ്തു എനിക്കു തന്നു..,( വിവരമില്ലാത്ത ബ്ല്ഡി റാസ്കൽ എന്ന ഒരു പര്യായം ആ ചിരികൾക്കുണ്ടായിരുന്നോ..)

തിരിച്ച്‌ സീറ്റിലെത്തിയപ്പോൾ എന്നെക്കണാതിരുന്നത്‌ കൊണ്ട്‌ റഷീദ്‌ ആകെ പരിഭ്രാന്തനായിരിക്കുകയാണ`..

"എവിടെയായിരുന്നടാ.." നടന്നതും ഇനി നടക്കാനുള്ളതുമെല്ലാം അവനോട്‌ പറയണമെന്ന് ഞാൻ ഏഗ്രിമന്റൊന്നും എഴുതിയിട്ടില്ലല്ലോ..

"ഞാൻ ചുമ്മ ഒന്നു കറങ്ങി നടന്നു.." ഞാൻ തട്ടി വിട്ടു..,( പിന്നേ പൂരപ്പറമ്പല്ലേ...കറങ്ങി നടക്കാൻ..,)

യാത്ര തുടരുകയാണു..,ഇടക്കെപ്പോഴോ ഒന്ന് മയങ്ങിയെന്ന് തോന്നുന്നു..

ആരോ തട്ടി വിളിക്കുന്നത്‌ പോലെ തോന്നിയപ്പോൾ കണ്ണു തുറന്നു..എന്റമ്മോ..യക്ഷി..(ക്ഷമിക്കണം .എയർ ഹോസ്റ്റസ്‌..)

ഉണർന്ന് സീറ്റ്‌ ബെൽറ്റിടാൻ പറയുകയാണവർ..ഫ്ലൈറ്റ്‌ മസ്കറ്റിലേക്കടുത്ത്‌ കൊണ്ടിരിക്കുന്നു..ചൂണ്ടയിൽ ഇര കോർക്കുന്നത്‌ പോലെ ഞാൻ സീറ്റ്‌ ബെൽറ്റിൽ എന്നെ കോർത്തു..,

ചില്ലു ജാലകത്തിലൂടെ പുറത്തേക്ക്‌ നോക്കി..,ഇപ്പോൾ കാഴ്ച്ചകൾ വ്യക്തമാകുന്നു....

താഴെ കടലിൽ നീല പശ്ചാത്തലത്തിൽ വെളുത്ത ഒരു വര വരച്ച്‌ കൊണ്ടെന്ന പോലെ എന്തോ ഒന്ന് നീങ്ങുന്നു..,കപ്പലായിരിക്കാം..

വിമാനം താഴ്‌ന്നു തുടങ്ങി..,ഇപ്പോൾ നീല പശ്ചാത്തലത്തിൽ തലങ്ങനെയും വിലങ്ങനെയും ഒരു പാട്‌ വെളുത്ത വരകൾ പായുന്നു..

ഫ്ലൈറ്റ്‌ മസ്കറ്റിലേക്കടുക്കുന്ന് എന്നതിന്റെ അനൗൺസ്‌ മെന്റ്‌ മുഴങ്ങി..എന്തൊക്കെയോ ചള പളാന്ന് പറയുന്നു.., എനിക്ക്‌ നന്നായി ഇഗ്ലീഷ്‌ അറിയാവുന്നത്‌ കൊണ്ട്‌ ഒന്നും മനസ്സിലാകുന്നില്ല..

താഴെ ഭൂമി നീലത്തുണി മാറ്റി ചാര നിറമുള്ള ഒരു തുണി ചുറ്റി., അതിൽ ചിത്രപ്പണികൾ പോലെ ചെറിയ ചെറിയ പൊട്ടുകളും വരകളുമായി കെട്ടിടങ്ങളും റോഡുകളും അങ്ങിങ്ങായി കിടക്കുന്നു...,

പറന്ന് പറന്ന് ഭൂമിയുടെ മാറത്തെത്തിയെന്നു തോന്നുന്നു..,

നിരന്ന് കിടക്കുന്ന കൂറ്റൻ കരിമ്പാറ മലകൾ,.

എന്റമ്മോ...ഇപ്പോഴെങ്ങാനും ഈ വിമാനത്തിന്റെ എണ്ണ തീർന്നു പോയാൽ..അല്ലെങ്കിൽ ബ്രേക്ക്‌ ഡൗണായാൽ....മൂക്ക്‌ കുത്തി ഈ പാറക്കെട്ടിലേക്ക്‌...പിന്നെ ഒഴുക്കി ക്കളയാൻ ഭസ്മം പോലും ബാക്കി കിട്ടുമോ..?
എത്ര ഭീതിത്മായ കാഴ്ച്ച ,താഴെത്തൊന്നും മരുന്നിനു പോലും ഒരു പച്ചപ്പ്‌ കാണുന്നില്ല ..എന്റെ ശബരിമല മുരാ...എന്തൊരു നാട്‌

നെടുമ്പാശ്ശേരിയിൽ നിന്ന് ഫ്ലൈറ്റ്‌ പൊങ്ങി വരുമ്പോൾ ഞാൻ കണ്ട കാഴ്ച്ചയും ഇവിടെ കണ്ട കാഴ്ച്ചയും ഞാനൊന്നു താരതമ്യം ചെയ്തു നോക്കി...ദൈവത്തിന്റെ സ്വന്തം നാട്‌ ( ഗോഡ്സ്‌ ഓന്റെ കണ്ട്രി..) എന്ന് വെറുതയല്ല പറയുന്നത്‌

കാഴ്ച്ചകളെ സൂം ചെയ്തു കൊണ്ട്‌ വിമാനം താഴേക്ക്‌.. കറുത്ത വരകൾ റോഡുകളായി മാറുന്നു..റോഡിലൂടേ വാഹനങ്ങൾ ചീറിപ്പായുന്നു..തീപ്പെട്ടിക്കൂടുകൾ കൂറ്റൻ ബിൽഡിംഗുകളായി മാറുന്നു..

കാഴ്ച്ചകളുടെ വിത്യസ്തങ്ങളായ രൂപ പരിണാമങ്ങൾ...

എല്ലാം ആവാഹിച്ചെടുക്കാൻ എന്റെ രണ്ട്‌ കണ്ണു മതിയാകാത്ത പോലേ..

താഴ്‌ന്ന് താഴ്‌ന്ന് വിമാനം റൺ വേയിൽ തൊട്ടു..,വെകിളി പിടിച്ച കാളയെ പ്പോലെ എങ്ങാണ്ടൊക്കെയോ പരക്കം പാഞ്ഞ്‌ കറങ്ങിത്തിരിഞ്ഞ്‌ വന്ന് കിതച്ച്‌ കിതച്ച്‌ ഒരിടത്ത്വന്ന് നിന്നു..,

എല്ലാരും സടകുടഞ്ഞേണീറ്റു...കുട്ടീം...ചട്ടീം...തള്ളേം....പിള്ളേം എല്ലാരും എല്ലാം തപ്പിയെടുത്ത്‌ പുറത്തേക്ക്‌...,ഓരോരുത്തരായി ആ ഭീമൻ വിമാനം മസ്കറ്റിലെ മരുഭൂമിയിൽ ആ കൊടും ചൂടത്ത്‌ പ്രസവിച്ചിട്ടു..

അങ്ങനെ മസ്കറ്റിൽ ഞങ്ങൾ എത്തിച്ചേർന്നിരിക്കുന്നു...അബൂദാബിയിലേക്കുള്ള ഞങ്ങളുടെ യാത്ര തുടങ്ങാനിരിക്കുന്നതേയുള്ളൂ....
                                                                                   
                                                                                               തുടരും...........
"അബൂദാബി ഡെയ്സ്‌ "ഒന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്കുക
Related Posts with Thumbnails

Related Posts with Thumbnails