ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2010, ഫെബ്രുവരി 13, ശനിയാഴ്‌ച 11 അഭിപ്രായ(ങ്ങള്‍)
Bookmark and Share

അബൂദാബി ഡെയ്സ്‌: മൂന്ന്

"അബൂദാബി ഡെയ്സ്‌" ഒന്ന്, രണ്ട്‌, ഭാഗങ്ങൾക്ക്‌  ക്ലിക്കുകമസ്ക്കറ്റിലെ എയർ പോർട്ട്‌.......
,വാച്ചിൽ എവിടത്തെയോ ഒരു ആറു മണി എന്നെ നോക്കി പല്ലിളിക്കുന്നു..,പുറത്താണെങ്കിലോ ഉച്ചയെന്നു തോന്നിപ്പിക്കുമാറു നല്ല വെയിലും...സമയ രേഖയോടൊപ്പം ഞങ്ങളുടെ സമയ ബോധവും കൂടി ഭേദിച്ചാണല്ലോ ഞങ്ങളുടെ വിമാനം ഇവിടെ പറന്ന്‌ വന്ന്‌ ലാന്റ്‌ ചെയ്തിരിക്കുന്നത്‌...,

ലോബിയിലെ മരവിക്കുന്ന തണുപ്പത്തിരിക്കുമ്പോഴും പുറത്ത്‌ ആളിക്കത്തുന്ന വെയിലിന്റെ തീക്ഷണത എന്നിൽ അസ്വസ്ഥതകൾ  സ്രഷ്ടിക്കുന്നത്‌ പോലെ...

ഞങ്ങളുടെ സംഘത്തിലെ കുറച്ച്‌ മുഖങ്ങളെ ഇവിടെ നിന്നു പരിചയപ്പെട്ടു..,ഇപ്പോൾ എന്റെ ഇടത്തും വലത്തുമായി എട്ടോ പത്തോ പേർ കാണും,ഞങ്ങളെല്ലാവരും ഒരേ കമ്പനിയിൽ ഒരേ ജോലിക്ക്‌ വന്നവരാണ`..,ഇനിയുമുണ്ട്‌..,ബാക്കിയുള്ളവർ ഇവിടെ ക്കാണുന്ന ആൾക്കൂട്ടങ്ങൾക്കിടയിൽ എവിടെയെങ്കിലും കാണുമായിരിക്കും..,

"ദാ ഇപ്പ വരൂന്ന്‌"   പറഞ്ഞ ഫ്ലൈറ്റ്‌ രണ്ട്‌ മണിക്കൂറായിട്ടും കാണുന്നില്ല..,

എന്നാൽ പിന്നെ വെറുതെയിരിക്കേണ്ട എന്നു കരുതി വഴിയേ പോകുന്ന സകലതിനെയും (പ്രത്യേകിച്ച്‌ ലലനാമണികളെ..) സേൻസർ  (ഓരോ ഭാഗവും പ്രത്യേകം പ്രത്യേകം പരിശോധിച്ച്‌ ഗുണനിലവാരം ഉറപ്പ്‌ വരുത്തുന്ന പരിപാടിയേ...) ചെയ്തു കൊണ്ട്‌ ഞങ്ങളിരുന്നു..,

കൂട്ടത്തിൽ ചിലരുടെ നോട്ടം കണ്ടാൽ ആ നോട്ടം കൊണ്ട്‌ മാത്രം ലലനാമണികൾ ഗർഭിണിയായിപ്പോകുമോ.. എന്ന്‌ തോന്നിപ്പോകും..,

ഞാൻ അതിലൊന്നും ശ്രദ്ധിക്കാതെ.. (പെരും നുണ. വിശ്വസിക്കണേ...) എങ്ങാണ്ടെക്കെയോ നോക്കിയിരുന്നു..,

റൺ വേയിൽ വിമാനങ്ങൾ വന്നിറങ്ങുന്നതും പൊങ്ങുന്നതും ഇവിടിരുന്നാൽ യഥേഷ്ടം കാണാം...

ഒന്ന്‌ രണ്ട്‌ മണിക്കൂറുകൾ കൂടി കഴിഞ്ഞപ്പോൾ ഞങ്ങളെ കൊണ്ട്‌ പോകാമെന്നേറ്റയാൾ  (ഗൾഫ്‌ എയർ വിമാനമേ..) ഉടൻ എത്തിച്ചേരുന്നു എന്ന്‌ കിളിനാദം അശരീരിയായി മുഴങ്ങി..

ഞങ്ങൾ എണീറ്റു..കളിക്കാൻ വിട്ട കുട്ടികൾ നേരം വൈകി വീട്ടിലേക്ക്‌ വരുന്നത്‌ കണ്ട്‌ ഉമ്മറത്ത്‌ വടിയുമായി കാത്ത്‌ നിൽക്കുന്ന അച്ഛനെ പ്പോലെ ഞാൻ കാത്ത്‌ നിന്നു..

"പറഞ്ഞ നേരത്ത്‌ വന്നൂടേ..ഇങ്ങ്‌ വാ... നിനക്ക്‌ ഞാൻ വെച്ചിട്ടുണ്ട്‌.."എന്നഭാവത്തിൽ..

വിമാനം എത്തിച്ചേർന്നു..മേയാൻ വിട്ട പശു തിരിച്ച്‌ വരുമ്പോൾ ബക്കറ്റിൽ കാടിവെള്ളം വെച്ച്‌ കൊടുക്കുന്നത്‌ പോലെ വിചിത്രരൂപികളായ വാഹനങ്ങൾ എങ്ങു നിന്നൊക്കെയോ ഓടി വന്ന്‌ അതിന്റെ മുന്നിലും പിന്നിലും സൈഡിലും ഒക്കെയായി എന്തൊക്കെയോ കുണ്ടാമണ്ടികൾ കൊണ്ട്‌ വെച്ചു..(ഗോവണിയോ...ലഗേജ്‌ കാരിയറോ..?ആ ...എനിക്കറിയമ്പാടില്ല..)

ഏതാനും മിനുട്ടുകൾ കഴിഞ്ഞപ്പോൾ ഞങ്ങളെ ക്ഷണിക്കാനായി (കല്ല്യാണത്തിനല്ല..) കോട്ടും സ്യൂട്ടുമിട്ട ഒരു മാന്യൻ അവതരിച്ചു..,

അയാൾ പറഞ്ഞതനുസരിച്ച്‌ ഒരു ഗൈറ്റിലൂടെ കടന്ന്‌ ഞങ്ങൾ താഴേക്കിറങ്ങി..

ഞങ്ങളെക്കാത്ത്‌ ഒരു ലോ ഫ്ലോർ ബസ്സ്‌ , അതിൽക്കയറി വിമാനത്തിനടുത്തേക്ക്‌..,

മാലോകരേ കണ്ടൊളൂ.. അങ്ങനെ ഞാൻ രണ്ടാമതും വിമാനയാത്ര ചെയ്യാൻ പോകുന്നു..,ഷർട്ടിന്റെ കോളർ ഇത്തിരി പൊക്കി വെച്ച്‌..അഭിമാനത്തോടെ..(അതോ അഹങ്കാരമോ..?) ഉറക്കെ വിളിച്ച്‌ പറഞ്ഞാലോ എന്ന്‌ എനിക്ക്‌ തോന്നി..,

ആഹ്ലാദത്തോടേ അകത്തേക്ക്‌..,

അകത്ത്‌ കയറിയപ്പോയല്ലേ.... പുകില`

ഇപ്രാവശ്യം ഗൾഫ്‌ എയർ ദേവത എന്നെ ശരിക്കും കൈയ്യൊഴിഞ്ഞു...

എനിക്കു ജാലകത്തിനരുകിലല്ല സീറ്റ്‌...റഷീദിനും വേറെങ്ങാണ്ടോ ആണു സീറ്റ്‌ .., കുഴഞ്ഞല്ലോ ദൈവമേ...

ഞങ്ങളുടെ കൂട്ടത്തിലെ ചിലർക്ക്‌ ജാലകത്തിനടുത്ത്‌ സീറ്റ്‌ കിട്ടിയിട്ടുണ്ട്‌..അതിലൊരുത്തനോട്‌ ഞാൻ ചോദിച്ച്‌ ഞാനവിടെയിരിക്കട്ടേന്ന്‌..!

ങേ...ഹെ, അവൻ തല റൈറ്റേ..ലെഫ്റ്റേ...എന്ന്‌ തിരിച്ചു.,ഒരു തൊപ്പിക്കുട നിറയെ സ്വർണ്ണം തന്നാലും ഞാനിതു വിട്ടു തരില്ല എന്ന ഭാവത്തിൽ..,

ഞാൻ വാലു മടക്കി...തിരിച്ച്‌ എന്റെ സീറ്റിൽ തന്നെ വന്നിരുന്നു..,

ജാലകത്തിനടുത്തിരിക്കുന്നവർ പുറത്തേക്ക്‌ വിരൽ ചൂണ്ടി.."ദേ അങ്ങട്‌ നോക്കടാ..ഇങ്ങട്‌ നോക്കടാ..." എന്നൊക്കെ പറഞ്ഞ വള  വളാന്ന്‌  ചിരിക്കുന്ന്‌..,

എനിക്കത്‌ കണ്ടിട്ട്‌ സഹിക്കുന്നില്ലെങ്കിലും "നമ്മളിതെത്ര കണ്ടിരിക്കുന്നു..അവർ പയ്യൻസ്‌..ആദ്യമായി കാണുകയല്ലേ..." എന്ന ഭാവത്തിൽ ഗൗരവം നടിച്ച്‌ ഇരുന്നു.., (അല്ലേലും തോണി മറിഞ്ഞാൽ പിന്നെ പുറമാണല്ലോ നല്ലത്‌..)

എന്റെ ഇടത്‌ വശത്തെ സീറ്റിൽ ഒരു മാന്യൻ ഇരിക്കുന്നുണ്ട്‌..ഞാൻ ഭയങ്കര ഗൗരവത്തിലാണ`..എന്നെ ആരും ശല്യപ്പെടുത്തരുത്‌ എന്ന്‌ ആ മുഖത്ത്‌ എഴുതി വെച്ചിട്ടുണ്ടോ എന്ന്‌ തോന്നിപ്പോകും..,ആൾ എങ്ങാണ്ടൊ ഒരു മല മറിക്കാൻ പോകുകയായിരിക്കും...ഞാൻ ശല്യപ്പെടുത്താൻ പോയില്ല..(അപൂർവ്വമായേ അങ്ങനെ സംഭവിക്കാറിള്ളൂ....)

എനിക്കു ഇരിക്കപ്പൊറുതി കിട്ടുന്നില്ല...

ഛേയ്‌ ...ഇതൊരു ചടപ്പ്‌ കേസായിപ്പോയി..യാത്രയിലാദ്യമായി ഒറ്റപ്പെടലിന്റെ സുഖം ഞാനറിഞ്ഞു..,

അങ്ങനെ ഓരോന്ന്‌ ചിന്തിച്ചിരിക്കവെ...

ദെ വരുന്നു ഒരു താടക..,ഇടവഴിയിലൂടെ കയ്യിൽ ബോർഡിംഗ്‌ പാസ്സും പിടിച്ച്‌ ഒരു കൂതറ സാധനം...,വലിയ വട്ടത്തിലുള്ള സൺഗ്ലാസ്സും മുടി മോളിലോട്ട്‌ ഉയർത്തിക്കെട്ടി അതിനു മുകളിലൂടെ ടാർ പായ വിരിച്ചതു പോലെ ഒരു തട്ടവും ചുറ്റി, ഒരു ബ്രോയിലർ  മാംസപിണ്ടം.. നാട്ടിലെ ഇടവഴിയിലൂടെ വൈക്കോൽ കയറ്റിയ അശോക്‌ ലൈലാന്റ്‌ ലോറി ഞെങ്ങി ഞെരുങ്ങി കടന്ന്‌ വരുന്നതാണു പെട്ടെന്നെനിക്കോർമ്മ വന്നത്‌.

തോട്ടിലെ ഇത്തിരി വെള്ളത്തിലൂടെ ശവം ഒലിച്ച്‌ വരുന്നത്‌ പോലെ അവിടേയൊന്ന്‌ തട്ടി ..ഇവിടെയൊന്ന്‌ നിന്ന്‌ അതങ്ങനെ ഉരുണ്ടുരുണ്ട്‌ വന്ന്‌ എന്റെ സീറ്റിനടുത്ത്‌ നിന്നു..ദൈവമേ.........അല്ലെങ്കിലേ ഇടി വെട്ടേറ്റിരിക്കുകയാണു ഞാൻ അതിനിടയിൽ പാമ്പും കൂടി..............,എന്റെ വലത്‌ വശത്താണെങ്കിൽ ഒരു സീറ്റ്‌ കാലിയുമുണ്ട്‌..,അവിടെങ്ങാനും ഇരിക്കുമോ......? ഇരിക്കല്ലേന്ന്‌ ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു..,എന്റെ ആത്മാർത്ഥത ഇത്തിരികൂടിപ്പോയത്‌ കൊണ്ടോ...എന്തോ...?

എന്റെ പ്രാർത്ഥന ദൈവം കേട്ടു..,അവർ കയ്യിലിരുന്ന ബോർഡിംഗ്‌ പാസ്സിലേക്കും സീറ്റ്‌ നമ്പറിലേക്കും മാറി മാറി നോക്കി എന്റെ വലത്‌ വശത്തെ സീറ്റിലേക്ക്‌ പഴഞ്ചക്ക കൂനിടിഞ്ഞ്‌ വീഴുന്നത്‌ പോലെ ഒറ്റയിരുപ്പ്‌,  ഹൗ......ഫ്ലൈറ്റ്‌ ഒന്നുലഞ്ഞുവോ,,?

അവർ കയ്യിലിരുന്ന ബാഗെടുത്ത്‌ മടയിൽ.......ഛേ...മടിയിൽ വെച്ചു..,

.ഞാൻ മുഖം നേരെ പിടിച്ച്‌ ഒറ്റയിരുപ്പങ്ങ്‌ ഇരുന്നു.ഇതിലും മേലെ ഇനിയെന്ത്‌ സംഭവിക്കാൻ....ചെകുത്താനും കടലിനും നടുവിൽ എന്ന്‌ പറഞ്ഞ്‌ കേട്ടിട്ടേയുള്ളൂ....

മുഖം തിരിക്കാതെ തന്നെ ഞാൻ അവരെ ഇടക്കിടക്ക്‌ നോക്കിക്കൊണ്ടിരുന്നു..,തെറ്റിദ്ധരിക്കരുത്‌.,വേറൊന്നിനുമല്ല..,അവരെങ്ങാനും അറിയാതെ എന്റെ മേലോട്ട്‌ ചരിയുകയോ..ചായുകയോ..ചെയ്താൽ ലോറിക്കടിയിൽ പെട്ട തവളയെപ്പോലാകും ഞാൻ...അതു കൊണ്ട്‌ ഒരു മുൻ കരുതൽ..സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടാന്ന്‌ മഹാ കവി കലാഭവൻ മണി ഏതോ ഒരു ആൽബത്തിൽ പാടിയിട്ടുണ്ടല്ലോ..

(ഈ യാത്രക്ക്‌ ശേഷം എന്റെ കണ്ണുകൾ ഇത്തിരി വലത്തോട്ട്‌ ചരിഞ്ഞ്‌ ഒരു കോങ്കണ്ണ` സ്റ്റൈൽ രൂപപ്പെട്ടോ എന്ന്‌ തോന്നാതിരുന്നിട്ടില്ല..)

അങ്ങനെ ഞങ്ങളെയും വയറ്റിനകത്താക്കി ഗൾഫ്‌ എയറിന്റെ ഗരുഡ കേസരി പറന്നുയരാൻ പോകുകയാണ`..

നേരത്തേതിനേക്കാളും കുറച്ച്‌ കൂടി ഭംഗിയുള്ള യക്ഷികൾ (എയർ ഹോസ്റ്റ്സേ..) സേഫ്റ്റി ഡമോൻഷ്ട്രേഷൻ അവതരിപ്പിക്കുന്നു..,അഞ്ചു വയസ്സുള്ള ഒരു കുട്ടിയുടെ ജാക്കറ്റ്‌, ഒന്ന്‌ രണ്ടു പൈപ്പുകൾ,കവറുകൾ...എന്നിവ ഉയർത്തിക്കാണിച്ച്‌ എന്തൊക്കെയോ കാണിക്കുന്നു..(സേഫ്റ്റിക്ക്‌ ഈ കുണ്ടാമണ്ടികൾ മതിയാകും എന്ന് എനിക്ക്‌ തോന്നുന്നില്ല )

പോകുന്ന വഴിക്ക്‌ വല്ല അപകടവും പറ്റുകയാണെങ്കിൽ വീട്ടുകാർക്ക്‌ നെഞ്ചത്തടി,കൂട്ടക്കരച്ചിൽ,അന്ത്യകർമ്മങ്ങൾ...നാട്ടുകാർക്ക്‌ പൊതു ദർശനം,വട്ടം കൂടി കുശു കുശുക്കൽ..എന്നീ കലാപരിപാടികൾ അവതരിപ്പിക്കാൻ ശവമെങ്കിലും സുരക്ഷിതമായി താഴെയെത്തിക്കേണ്ട രൂപമാണവർ വിശദീകരിക്കുന്നത്‌.,

,മജീഷ്യൻ മുതുകാടിന്റെ മാജിക്‌ അക്കാദമിയിൽ എയർ ഹോസ്റ്റസ്‌ പരിശീലനവും ആരംഭിച്ചോ..? ...കണ്ടാൽ മുതുകാടിന്റെ ശിഷ്യന്മാരാണോന്ന്‌ തോന്നിപ്പോകും...,

ഗരുഡ കേസരി ചലിച്ച്‌ തുടങ്ങി..,

മുന്നോട്ട്‌ നീങ്ങിത്തുടങ്ങിയ കേസരി ഒന്ന്‌ വട്ടം ചുറ്റി വന്ന്‌ വീണ്ടും നിന്നു...എന്തു പറ്റി..?

എണ്ണ തീർന്നു പോയോ..?

എയർ യക്ഷികൾ ഓടി നടന്ന്‌ തലക്ക്‌ മുകളിലുള്ള കാബിനുകൾ വലിച്ച്‌ തുറന്ന്‌ അവിടുന്ന്‌ ഇങ്ങോട്ടും ഇവിടുന്ന്‌ അങ്ങോട്ടും എന്ന രീതിയിൽ ബാഗേജുകൾ മാറ്റിക്കൊണ്ടിരുന്നു..,ഇതെന്താ ബാഗേജ്‌ മാറ്റിക്കളിയോ....പല വിധ കളികൾ ഒരു പാട്‌ കണ്ടിട്ടുണ്ട്‌..ഇതൊരു പുതിയ തരം കളിയാണല്ലോ..

പത്തിരുപത്‌ മിനുട്ട്‌ കഴിഞ്ഞിട്ടും വിമാനം പോകുന്നില്ല..

എന്തേ ...പെട്രോൾ വാങ്ങാൻ കാനുമായി പോയ ആൾ ഇതുവരെ വന്നില്ലേ..?

ഇനി അഥവാ ഡ്രൈവർക്ക്‌ വല്ല മുഷിവും...അങ്ങെനെയെങ്കിൽ പേടിക്കേണ്ട..ഞാനിവിടില്ലേ... ഞാനോടിച്ചോളാം...എനിക്കാണെങ്കിൽ നാട്ടിൽ ഓട്ടോയോടിച്ച്‌ നല്ല പരിചയമല്ലേ....

അൽപസമയം കൂടി കഴിഞ്ഞ്‌ കാണും ,ഗരുഡകേസരിക്ക്‌ പറന്നുയരാനുള്ള നിർദ്ദേശം കണ്ട്രോൾ റൂമിൽ നിന്നും കിട്ടിക്കാണണം..,അതു നിലത്ത്‌ കൂടെ ഒന്ന്‌ ഓടി ചിറക്‌ വിരിച്ച്‌ ഉയരത്തിലേക്ക്‌ കുത്തനെ ഉയർന്നു..,അണ്ടിയല്ല അണ്ടിത്തോട്ടം തന്നെ കളഞ്ഞ്‌ പോയ അണ്ണാനെ പ്പോലെ ഞാനിരുന്നു..

കഴിഞ്ഞ യാത്രയിൽ എന്തായിരുന്നു പുകിൽ..,ഇതിപ്പോ മരണവീട്ടിൽ ചെന്നിരിക്കുന്നത്‌ പോലെയായി..,

ഇടക്ക്‌ ഭക്ഷണങ്ങൾ വരുന്നുണ്ട്‌...ടി.വി.യിൽ നല്ല സിനിമ (?) ഓടിക്കൊണ്ടിരിക്കുന്നു..,എനിക്കൊന്നിലും ഒരു രസവും തോന്നിയില്ല..,എന്തു സൗകര്യമുണ്ടായിട്ടെന്താ..അതു ഉപയോഗിക്കുന്ന സാഹചര്യം കൂടി അനുകൂലമായെങ്കിലല്ലേ.....അത്‌ ആസ്വാദ്യകരമാക്കാൻ പറ്റൂ... (ശരിയല്ലേന്ന്..)

എന്റെ വലത്‌ വശത്തിരിക്കുന്ന മഹതി എപ്പോഴോ ഉറക്കത്തിലേക്ക്‌ ഊളിയിട്ടിരുന്നു..,അവരുടെ ശരീരപ്രകൃതി വെച്ച്‌ ആ  ഊളിയിടൽ  അങ്ങ്‌ ആഴത്തട്ടിൽ ചെന്ന്‌ തിരിച്ച്‌ വന്ന്‌ ഉണരുമ്പോഴേക്കും ക്ലോക്കിലെ സൂചി നിന്നിടത്ത്‌ നിന്ന്‌ മൂന്ന്‌ വട്ടം കറങ്ങി ത്തിരിച്ച്‌ വന്നിട്ടുണ്ടാകും

.ഊളിയിടുന്നതൊക്കെ കൊള്ളാം...ഒരു ഡൈവ്‌ ഇതു വഴിയെങ്ങാൻ വന്നാൽ എന്റെ കാര്യം കട്ടപ്പൊക.....!  ഞാൻ ജാഗ്രതയോടെയിരുന്നു.,

.അല്ലാ...ഞാനെന്തിനവരെ കളിയാക്കണം.(എനിക്ക്‌ ഇത്തിരി കൂടുന്നുണ്ട്‌..).ദൈവം ഓരോരുത്തർക്ക്‌ ഓരോരോ ശരീര പ്രകൃതി നൽകിയിരിക്കുന്നു..,ചിലർക്കുള്ളത്‌ ചിലർക്കുണ്ടാകില്ല..അവർക്കുള്ളത്‌ മറ്റു ചിലർക്കുണ്ടാകില്ല....എല്ലാം തികഞ്ഞവരായി ലോകത്താരുണ്ട്‌..

ഇടത്‌ വശത്തിരിക്കുന്ന മാന്യനാണെങ്കിൽ തനിക്ക്‌ ചുറ്റിലും ഇടിഞ്ഞു വീഴുകയാണെങ്കിൽ തന്നെ എനിക്കൊരു ചുക്കുമില്ല.. എന്ന മട്ടിൽ മുഖം കനപ്പിച്ചു പിടിച്ചിരിക്കുന്നു..ഇങ്ങോർക്കൊന്ന്‌ വാ തുറന്നാലെന്താ.. മുത്തുകൾ പൊഴിഞ്ഞ്‌ വീണു പോകുമോ....?

എന്ത്‌ ചെയ്യാം...

ഒരു ദീർഘനിശ്വാസം വിട്ട്‌ ഞാൻ ഹെഡ്‌ സേറ്റ്‌ ഫിറ്റ്‌ ചെയ്തു..ട്യൂൺ ചെയ്ത്‌ ഏതൊക്കെയോ ഭാഷകളിലുള്ള എന്തൊക്കെയോ ബഹളങ്ങൾ (പാട്ട്‌ എന്ന്‌ പറയാൻ ഒരു വിഷമം.)കേട്ട്‌ കൊണ്ട്‌ ഇരുന്നു..

അതു മുഴുവനായിട്ട്‌ കേട്ട്‌ കൊണ്ടിരുന്നാൽ ഒരു പക്ഷേ ക്ഷമക്കുള്ള ദേശീയ അവാർഡ്‌ എനിക്ക്‌ കിട്ടിയേക്കും..എനിക്ക്‌ അവാർഡിൽ താൽപര്യമില്ലാത്തത്‌ കൊണ്ട്‌ ഞാനത്‌ ഓഫ്‌ ചെയ്തു..,

എന്തൊക്കെയോ ചിന്തിച്ച്‌ ഞാനങ്ങനെ ഇരുന്നു...

സമയം ആരെയും കാത്തു നിൽക്കാതങ്ങനെ കടന്ന്‌ പോയ്ക്കൊണ്ടിരുന്നു...ഒപ്പം ഏതൊക്കെയോ പ്രദേശങ്ങൾ കടന്ന്‌ ഞങ്ങളുടെ വിമാനവും..,

രാത്രി ഏറെ വൈകിക്കാണും.. ഞങ്ങളുടെ വിമാനം അബൂദാബിയിലെ റൺ വേയിൽ ചിറക്‌ പരത്തി പറന്നിറങ്ങി...ഉറക്കച്ചടവോടെ തട്ടിപ്പിടഞ്ഞെഴുന്നേറ്റ്‌ എല്ലാവരും പുറത്തേക്ക്‌..,ഒരു ഭീമാകരനായ ഞണ്ടിന്റെ ആകൃതിയിലാണു അബൂദാബി എയർപ്പോർട്ട്‌ ടെർമിനലിന്റെ കിടപ്പ്‌..,അതിന്റെ ഓരോ കാലുകൾക്ക്‌ സമീപവും വിമാനങ്ങൾ ചേർന്നു കിടക്കുന്നു..,ആ കാലുകളിലൂടെയാണു യാത്രക്കാർ അകത്തോട്ട്‌ കയറുന്നതും ഇറങ്ങുന്നതും...(ഗോവണിയും താങ്ങിപ്പിടിച്ച്‌ ഓടി വരുന്ന വാഹനങ്ങളെ പ്രതീക്ഷിക്കേണ്ടാ...എന്നർത്ഥം.)

അങ്ങനെ ഒരു കാലിലൂടെ ഞങ്ങൾ വിശാലമായ ലോബിയിലേക്ക്‌..,

ഞാനൊന്ന്‌ കണ്ണു തിരുമ്മി നോക്കി..ഫ്ലൈറ്റ്‌ വഴി തെറ്റി പാരീസിലെ ഡിസ്നി ലാന്റിലാണോ ഇറങ്ങിയത്‌...അത്രക്ക്‌ മനോഹരമായ ലോബി...
അതങ്ങനെ രണ്ട്‌ നിലകളിലായി പരന്ന്‌ കിടക്കുകാണ`...നിരനിരയായി ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ.എനിക്കവിടെയൊക്കെ ചുറ്റിക്കറങ്ങിയാൽ കൊള്ളാമെന്നുണ്ട്‌..,പക്ഷേ അതിനു പറ്റിയ സമയമല്ല..ഞങ്ങളെയും കാത്ത്‌ കമ്പനിയുടെ ആളുകൾ പുറത്ത്‌ കാത്തു നിൽക്കുന്നുണ്ടാകും..,എത്രയും പെട്ടെന്ന്‌ പുറത്ത്‌ കടക്കണം..,കൂട്ടത്തിൽ പലരും ഉറക്കം തൂങ്ങിത്തുടങ്ങി..,എമിഗ്രേഷൻ പരിശോധനയും കണ്ണിന്റെ അകത്തളങ്ങളുടെ ഫോട്ടോയെടുപ്പ്‌ കലാപരിപാടികളും  (വിരലടയാളത്തിനു പകരം കണ്ണിന്റെ റെറ്റിനയുടെ ഫോട്ടോയാണു ഇവിടെ തിരിച്ചറിയാൻ വേണ്ടീ കമ്പൂട്ടറിൽ ഫീഡ്‌ ചെയ്യുന്നത്‌,,)  കഴിഞ്ഞപ്പോഴേക്കും എല്ലാവരും നന്നെ ക്ഷീണിച്ചവശരായിരുന്നു.., ഞങ്ങളുടെ അംഗ സംഖ്യ ഇപ്പോൾ ഏകദേശം നാൽപതായിട്ടുണ്ടാവും..,

അങ്ങനെ ഞങ്ങളിതാ പൊന്ന്‌ വിളയുന്ന ,ഈന്തപ്പനകൾ വളരുന്ന ,തലയിൽ കറുത്ത വട്ട്‌ ചുറ്റിയ മാലാഖമാർ വസിക്കുന്ന ഗൾഫി ലെത്തിയിരിക്കുന്നു.. അങ്ങനെ ഞാനും ഒരു ഗൾഫ്‌ കാരനായിരിക്കുന്നു..,(ഫൂ..ഗൾപ്പേ..)

 ഇനിയങ്ങോട്ട്‌‌  എനിക്ക്‌ തിരിഞ്ഞ്‌ നോക്കേണ്ടി വരില്ല, കയ്യിൽ ഇഷ്ടം പോലെ പണം, കൊട്ടാരസദ്രശ്യമായ വീട്‌, കാറുകൾ,...എന്നിങ്ങനെ ഓരോരോ സ്വപ്നങ്ങളിൽ എല്ലാവരെയും പോലെ ഞാനും മുഴുകി..,(അതിനു പ്രത്യേക ലൈസൻസെടുക്കുകയോ ടാക്സ്‌ അടക്കുകയോ വേണ്ടല്ലോ..?)

വിശാലമായ ഹാളിലൂടെ പുറത്തേക്ക്‌,

പുറത്തിറങ്ങിയതേ..ഓർമയുള്ളൂ...തിരിച്ച്‌ അകത്തോട്ട്‌ തന്നെ ഓടിപ്പോയാലോന്ന്‌ തോന്നിപ്പോയി..എന്റെമ്മോ...എന്തൊരു ചൂട്‌., ബേക്കറിക്കടയിൽ അടുപ്പത്തിരിക്കുന്നത്‌ പോലെ...ഹൗ,

അധിക സമയം പുറത്ത്‌ നിന്നാൽ ആവിയിൽ പഴം പഴുങ്ങിയത്‌ പോലാകും. ഇങ്ങനെയാണെങ്കിൽ എനിക്ക്‌ കൊട്ടാരവും വേണ്ട..കാറും വേണ്ട...എന്നെ തിരിച്ച്‌ നാട്ടിലേക്ക്‌ കയറ്റിവിട്ടാൽ മതി എന്നു പറഞ്ഞാലോന്ന്‌  തോന്നിപ്പോയി..,(ആ ചൂടിന്റെ ശക്തിയിൽ എന്റെ സ്വപ്നങ്ങൾ പോലും കരിഞ്ഞു പോയീന്നർത്ഥം..)

അതു നടപ്പില്ലെന്നെനിക്കറിയാം..

നാടൊട്ടുക്ക്‌ പരസ്യം ചെയ്ത്‌ ആളെക്കൂട്ടി. .ഇന്റർവ്വ്യൂ  മാമാങ്കം നടത്തി ....കാശ്‌ മുടക്കി..ഞങ്ങളെയെല്ലാവരെയും ഇങ്ങോട്ട്‌ കെട്ടിയെടുത്ത്‌ കൊണ്ട്‌ വന്ന ക്ഷീണം തീരുന്നതിനു മുമ്പ്‌ എനിക്ക്‌ തിരിച്ച്‌ പോകണം എന്ന്‌ പറഞ്ഞങ്ങോട്ട്‌ ചെന്നാൽ....എത്ര വലിയ ഗാന്ധിയൻ ആദർശമുള്ള മുതലാളിയാണെങ്കിൽ പോലും കരണക്കുറ്റിക്കൊന്ന്‌ വലിച്ച്‌ പൊട്ടിക്കും...

ഞങ്ങളുടേ കമ്പനിയാണേങ്കിൽ ഒരു ലേബർ സപ്ലൈ കമ്പനി, അതും ഒരു ലബനീസ്‌ കമ്പനി...ലബനാനിലൊന്നും ഗാന്ധിയൻ ആദർശങ്ങൾക്ക്‌ അത്ര പ്രചാരമുണ്ടായിക്കൊള്ളണമെന്നില്ല....അതിനാൽ മിണ്ടാതിരിക്കുന്നതാണു ആര്യോഗ്യത്തിനു നല്ലത്‌.,

എന്റെ അബൂദാബി വാസം ഇവിടെ ആരംഭിക്കുകയാണ`..

ഞങ്ങളെയും വഹിച്ച്‌ കമ്പനിയുടെ ബസ്സ്‌ ചീറിപ്പായുകയാണ`..പുറത്ത്‌ നല്ല ഇരുട്ടായത്‌ കൊണ്ട്‌ ഒന്നു വ്യക്തമല്ല..(വെളിച്ചമുണ്ടായിരുന്നെങ്കിൽ സ്ഥലങ്ങളൊക്കെ നിനക്കറിയുമായിരുന്നോ എന്ന്‌ ചോദിക്കരുത്‌..)

ഒരു പാട്‌ യാത്ര ചെയ്തു കാണും.പന്തീരായിരം മീറ്റർ ഓടി വന്ന അത്‌ലറ്റ്‌ ഫിനിഷിംഗ്‌ ലൈനും കടന്ന്‌ കിതച്ച്‌ കിതച്ച്‌ നിക്കുന്നത്‌ പോലെ ബസ്സ്‌ ഒരിടത്ത്‌ നിന്നു ..

കണ്ണിനെ മൂടാൻ തക്കം പാർത്തിരിക്കുന്ന ഉറക്ക ദേവതയോട്‌ പോയിട്ട്‌ പിന്നെ വരാൻ പറഞ്ഞ്‌ ഞങ്ങൾ ഓരോരുത്തരായി പുറത്തേക്കിറങ്ങി..,

നിര നിരയായി ഒരു പാട്‌ റൂമുകൾ..,അവിടവിടെയായി മങ്ങിയ നിറത്തിൽ ലൈറ്റുകൾ മിന്നുന്നു..,രാത്രി ഏറെ വൈകിയതു കൊണ്ടാവും ..പുറത്തൊന്നും ആരെയും കാണുന്നില്ല..,പ്രണയിനി നടന്ന്‌ പോകുന്നത്‌ കണ്ട കൂട്ടിലെ പശു കരയുന്നത്‌ പോലെ ബസ്സ്‌ മൂന്ന്‌ നാലു പ്രാവശ്യം ഹോണടിച്ച്‌ തേങ്ങിക്കരഞ്ഞപ്പോൾ  റൂമുകൾക്കിടയിൽ  നിന്നും ഒരു അവതാരം പിറവിയെടുത്തു..,മുറിക്കയ്യൻ ബനിയനും നരച്ച പാന്റുമുടുത്ത ഒരു ആജാനു ബാഹു..

പിൽക്കാലത്ത്‌ ഞങ്ങൾ ചാച്ചാ എന്ന്‌ വിളിപ്പേരു ചാർത്തിക്കൊടുത്ത പാകിസ്താൻ സ്വദേശി..,

ഞങ്ങളോടൊപ്പമുണ്ടായിരുന്ന കമ്പനി പ്രതിനിധി അയാളോട്‌ എന്തൊക്കെയോ പറഞ്ഞു..,അയാൾ ഞങ്ങളെ ആനയിച്ച്‌ കൊണ്ട്‌ പോയി മുറികൾ കാണിച്ച്‌ തന്നു..,

നല്ല ഭംഗിയുള്ള മുറികൾ. പക്ഷേ എല്ലാം റെഡിമെയ്ഡ്‌ ആണ`..,

തറയില്ലാതെ നാലു ഭാഗത്തും രണ്ടോ മൂന്നോ കല്ലുകൾ വെച്ച്‌ അതിന്മേൽ ആണു ഓരോ മുറികളും കയറ്റിവെച്ചിരിക്കുന്നത്‌.., ഓരോ റൂമിലും ആറൂ പേർക്കായിട്ടണൂ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്‌..,

ഞങ്ങൾ ആറു പേർ ഒരു മുറിയിൽ കയറി..,കണ്ണൂർ സ്വദേശിയും എന്റെ സന്തത്ത സഹചാരിയുമായിരുന്ന റഷീദ്‌,ബാക്കിയുള്ളവർ മംഗലാപുരം ബന്തർ സ്വദേശികളാണ`,..ഇർഫാൻ, റഫീക്ക്‌,ഉസ്മാൻ ബാഷ, മോയ്തീൻ,.എന്നിങ്ങനെ..,

(പരിചയപ്പെട്ടത്‌ പിറ്റേന്നാണു കെട്ടോ..)

ഈ റൂം പുതുതായി ഫിറ്റ്‌ ചെയ്തിട്ടേയുള്ളൂ..ബൾബ്‌ ഇട്ടിട്ടില്ല.., പോരാത്തതിനു റൂമിൽ കട്ടിലും സജ്ജീകരിച്ചിട്ടില്ല..

ഇരുട്ടത്ത്‌ തപ്പിത്തടഞ്ഞ്‌ ബാഗുകൾ ഒരു മൂലയിൽ വെച്ചു.., പാകിസ്ഥാനി കൊണ്ട്‌ തന്ന (ഇങ്ങേരാണു ഞങ്ങളുടെ സൂപ്പർ വൈസർ)  ബെഡ്ഡുകൾ നിലത്ത്‌ മൊത്തമായി അങ്ങ്‌ വിരിച്ചിട്ട്‌ ആറു ശരീരങ്ങൾ ആയിരം പ്രതീക്ഷകളും വേറൊരു ആയിരം സ്വപ്നങ്ങളും (മൊത്തം രണ്ടായിരം. ഇന്നത്ര മതി.) കണ്ട്‌ അതിലേക്ക്‌ ചാഞ്ഞു...

തുടരും..
Related Posts with Thumbnails

Related Posts with Thumbnails