ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2010, ഫെബ്രുവരി 16, ചൊവ്വാഴ്ച 11 അഭിപ്രായ(ങ്ങള്‍)
Bookmark and Share

അബൂദാബി ഡെയ്സ്‌: നാല`


അബൂദാബി ഡെയ്സ്‌ ഒന്ന്, രണ്ട്‌, മൂന്ന്, ഭാഗങ്ങൾക്ക്‌ ക്ലിക്ക്‌ ചെയ്യുക..


എന്തൊക്കെയോ ആലോചിച്ച്‌ കിടന്നതേ എനിക്കോർമയുള്ളൂ...ഇതിനിടയിലേപ്പോഴോ ഉറക്ക ദേവത എന്നെ പിടികൂടിയിരുന്നു..,പ്ഠേ...പ്ഠേ...വാതിലിൽ ആരോ മുട്ടുന്നത്‌ കേട്ടാണു കണ്ണു തുറന്നത്‌..,എ,സി യുടെ സൈഡിലെ വിടവിലൂടെ സൂര്യദേവൻ മുഖത്തേക്ക്‌ ടോർച്ചടിക്കുന്നുണ്ട്‌..,ഇങ്ങേർക്ക്‌ ഉറക്കവുമില്ലേ..,


പ്ഠേ...പ്ഠേ..വതിലിൽ പിന്നെയും മുട്ട്‌..,ആരാണ്ടപ്പാ വാതിലിൽ ചെണ്ട കൊട്ടിപ്പഠിക്കുന്നത്‌..,എനിക്കാകെ ചൊറിഞ്ഞ്‌ കയറി..,..,എല്ലാരും നല്ല ഉറക്കിലാണ`... പ്ഠേ...അടി കൊണ്ട്‌ വാതിൽ വീണ്ടും കരഞ്ഞു.., ഇവനെ ഞാനിന്നു. ....കസ്‌ പിസ്‌...ഗ്സ്‌...,..ദേഷ്യം ഞാൻ പോലുമറിയാതെ എന്നെ ഒറ്റക്കുതിപ്പിനങ്ങ` എണീപ്പിച്ചു..,
വാതിലങ്ങ്‌ വലിച്ചു തുറന്നു..,

കാത്തിരുന്ന ഇരയെ കിട്ടിയ സന്തോഷത്തിൽ ആയിരം സൂര്യന്മാർ ഒരുമിച്ചെന്റെ കണ്ണിലേക്ക്‌ ടോർച്ചടിച്ചു..,എന്റെമ്മോ...അറിയാതെ ഞാനങ്ങ്‌ വിളിച്ച്‌ പോയോ....?സൂര്യ ദേവാ ഈ യുള്ളവനെ ഇങ്ങനെ റാഗ്‌ ചെയ്യല്ലേ..

ചുറ്റും നല്ല വെയിൽ പരന്നിരിക്കുന്നു.., ഹൗ ഇത്ര പെട്ടെന്ന് നേരം വെളുത്തോ..?

"ഫുഡ്‌ വേണെങ്കിൽ വന്ന് മേടിച്ചോ.."

എന്നും പറഞ്ഞ്‌ വാതിൽക്കൽ ചെണ്ട കൊട്ടി പ്പഠിച്ച വിദ്വാൻ അപ്രത്യക്ഷ നായി..,അപ്പോൾ അതാണു കാര്യം..,

അർശ്ശസിന്റെ അസ്കിതയുള്ളവൻ ബാത്ത്‌ റൂമിൽ ഇരുന്ന് കാണിക്കുന്ന മുഖ ഭാവത്തോടെ ഞാൻ പുറത്തേക്ക്‌ നോക്കി..നേരം ഒൻപത്‌ മണിയെങ്കിലും കഴിഞ്ഞു കാണും..നല്ല ചുടു കാറ്റ്‌ വീശുന്നു..,
ഒരു വശത്ത്‌ വേലിക്കെട്ടിനപ്പുറം നോക്കെത്താ ദൂരത്ത്‌ മരുഭൂമിയങ്ങനെ പരന്ന് കിടക്കുകയാണ`..അവിടെ കടലിലെ ഓളങ്ങൾ കണക്കെ മണൽതിട്ടകൾ പറന്ന് നടക്കുന്നു..,ചെവിയോർത്തു നിന്നാൽ കേൾക്കാം അതിന്റെ മുരളൽ ..,അതിന്റെ പൊട്ടിച്ചിരികൾ.. എന്റെ ദൈവമേ..

,ഇതൊരുമാതിരി പന്ന ഏർപ്പാടായിപ്പോയി...എന്റെ സങ്കൽപത്തിലെ ഗൾഫ്‌ ഇതായിരുന്നോ..? ഞാൻ തലച്ചോറിൽ സെർച്ച്‌ ചെയ്തു നോക്കി....ഉറങ്ങി എണീറ്റ ഉടനെയായത്‌ കൊണ്ടോ.. എന്തോ..സെർച്ച്‌ എഞ്ചിൻ ശരിക്ക്‌ വർക്കൗട്ടാകുന്നില്ല.. ..ഏയ്‌ ..,അല്ല..ആകാശം മുട്ടി നിൽക്കുന്ന കെട്ടിടങ്ങളൂം അസ്ത്രവേഗത്തിൽ പായുന്ന വാഹനങ്ങളും അതിസുന്ദരന്മാരും സുന്ദരികളുമായ തദ്ദേശ വാശികളും ഒക്കെയായിരുന്നല്ലോ....

ഇതിപ്പോൾ ആകാശം മുട്ടെ ഉയരുന്ന പൊടിക്കാറ്റും.. അഗ്നിയുടെ അസ്ത്രങ്ങൾ എയ്യുന്ന പകലവനും അതിസുന്ദരന്മാരായ (?)ഞങ്ങളുടെ അതിസുന്ദരങ്ങളായ സ്വപ്നങ്ങൾ തന്നെ കരിച്ച്‌ കളയുമെന്നാ തോന്നുന്നേ...

ഞാൻ ചിന്തകളേ കൂടുതലായി കയറൂരി വിടാൻ നിന്നില്ല..,

"ദേണ്ടേ...എണീക്കെടാ..."

പൊറോട്ടക്ക്‌ മൈദ ഉരുട്ടുന്നത്‌ പോലെ രണ്ട്‌ ഉരുട്ടങ്ങ്‌ കൊടുത്തപ്പോൾ റഷീദ്‌ കണ്ണു തുറന്നു...,ഒച്ചയും ബഹളവും കേട്ട്‌ മംഗലാപുരക്കാരൻ ഇർഫാൻ കണ്ണു തുറന്നു..,
"ജാവ്‌ വന്ത്‌ ഏന്തിട്ടാ,," അവൻ മുറു മുറുത്തു..,

ഇതെന്തോന്ന് ഭാഷ..,ഞാൻ കണ്ണു മിഴിച്ചു..,(ഹിന്ദി,മലയാളം, തമിഴ്‌ എന്നിവയുടെ ഒരു മിക്സ്ചർ രൂപം ആണു ഇവർ സം സാരിക്കുന്നതെന്ന് എനിക്കു പിന്നീട്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌..ഒരു പക്ഷേ തുളു ആയിരിക്കാം..)

ഖാനാ..ഖാനാ..ഞാൻ കൈ കൊണ്ട്‌ ആംഗ്യം കാണീച്ചു.., വേണെൽ വന്ന് ഞണ്ണിക്കോ..

റാണി തേനീച്ചക്ക്‌ ചുറ്റും തേനീച്ചകൾ കൂട്ടം കൂടി നിൽക്കുന്നത്‌ പോലെ പുറത്ത്‌ ഒരു മിനി വാനും അതിനു ചുറ്റും പത്തുനൂറു ആളുകളും..,

കോഴിക്കോട്ടുകാരൻ അലിഭായി ആണു ഭക്ഷണം വിതരണം ചെയ്യുന്നത്‌..,

മൂപ്പർ ഇവിടെ ഒരു ഹോട്ടൽ നടത്തുന്നു..ഞങ്ങളെ ഇനിയങ്ങോട്ട്‌ തീറ്റിപ്പോറ്റാനുള്ള ചുമതല ഇയാളെയാണു ഞങ്ങളുടെ കമ്പനി ഏൽപിച്ചിരിക്കുന്നത്‌...

അബൂദാബിയിലെ മദീനത്ത്‌ സൈദ്‌ (ബദാ സൈദ്‌ ) എന്ന പ്രദേശത്തിനും ലിവ എന്ന പ്രദേശത്തിനും ഇടയിലുള്ള താണത്രേ വാദിൽഖൈർ എന്ന് പേരുള്ള ഈ സ്ഥലം..,
ഇവിടെ മസ്‌റകൾ (കൃഷിയിടങ്ങൾ...) മാത്രമേയുള്ളൂ..ആദ്യമായാണു ഇവിടെ ഒരു കമ്പനി തുടങ്ങുന്നത്‌..,എന്നൊക്കെ ഞങ്ങളോട്‌ അയാൾ വാചാലനായി..,എല്ലാവരും ആകാംക്ഷയോടേ കേട്ടിരുന്നു..,

തൊട്ടടുത്ത്‌ ഒരു കടയുള്ളത്‌ 20 കിലോമീറ്റർ അകലെ ലിവ ടൗണിൽ..അതു കൂടി കേട്ടതോടേ വാഴത്തണ്ടിനു ചൂട്‌ വെള്ളമൊഴിച്ച കണക്കെ എല്ലാവരുടെയും മുഖങ്ങൾ വാടിക്കരിഞ്ഞു..,

വരേണ്ടായിരുന്നു.....ഞാനപ്പഴേ പറഞ്ഞതാ...പലരും പലതും പറഞ്ഞ്‌ പിറു പിറുക്കുന്നു..

എനിക്കും അങ്ങനെ തോന്നതിരുന്നില്ല..,

ഏതായാലും വന്ന് പെട്ടു..ഇനിയിപ്പോൾ പറഞ്ഞിട്ടെന്തു കാര്യം...,
അല്ലെങ്കിലും പോയ ബസ്സിനു കൈ കാണിച്ചിട്ടെന്തു പ്രയോജനം..അതു പോയിക്കഴിഞ്ഞില്ലേ..

പാകിസ്ഥാനിൽ നിന്നും ഈജിപ്തിൽ നിന്നും ഇന്ത്യയിൽ നിന്നുമൊക്കെയായി ഏതാണ്ട്‌ മുന്നൂറോളം ആളുകളെ ഒന്നും കാണാതെ കമ്പനി കാശ്‌ മുടക്കി ഇവിടെ കൊണ്ട്‌ വന്ന് താമസിപ്പിക്കില്ലല്ലോ...? എല്ലാവരെയും ഒറ്റയടിക്കങ്ങ്‌ കളിപ്പിക്കാൻ പറ്റില്ലല്ലോ..എന്നൊക്കെയായിരുന്നു എന്റെ സമാധാനം.


കമ്പനിയുടേത്‌ നല്ല മാനേജ്‌മന്റാണെന്നും ഒരു ബുദ്ധിമുട്ടും നിങ്ങൾക്കുണ്ടാവില്ലെന്നും ഞങ്ങളൊക്കെയിവിടില്ലേയെന്നുമൊക്കെയുള്ള അലിഭായിയുടേ വാക്കുകൾ കൊടും ചൂടത്ത്‌ ഐസ്‌ വാട്ടർ കുടിക്കുന്നത്‌ പോലെ എല്ലാവരുടെയും ചിന്തകളെ തണുപ്പിച്ചു..,

ഏതായാലും വരുന്നിടത്ത്‌ വെച്ച്‌ കാണാം..എന്നും പറഞ്ഞ്‌ റൂമിലേക്ക്‌..,ഭക്ഷണപ്പൊതി തുറന്ന് നോക്കിയപ്പോയല്ലേ..ദേ............കെടക്കണു..

ലവൻ .........പൊറോട്ട ,ഈ ഗൾ ഫിലെത്തിയാലെങ്കിലും ഒരു മാറ്റം ഉണ്ടാകുമെന്നു കരുതി...,

ഇങ്ങേർക്ക്‌ വല്ല ഒട്ടകം പുഴുങ്ങിയതോ....അല്ലെങ്കിൽ .ആടിനെ നിർത്തിപ്പൊരിച്ചതോ കൊണ്ട്‌ തന്നൂടേ..... എനിക്ക്‌ ചൊറിഞ്ഞു കയറുന്നു..(ഈ യിടയായി എനിക്ക്‌ ചൊറിച്ചിൽ ഇത്തിരി കൂടുതലാണ`..)

എന്ത്‌ ചെയ്യാം....കൊച്ച്‌ കുഞ്ഞിനെപ്പോലെ വാശി പിടിച്ചോണ്ടിരിക്കാൻ ഇതെന്റെ വീടും അയാൾ തന്റെ അമ്മയുമല്ലല്ലോ..?   എന്ന് സ്വയം ആശ്വസിപ്പിച്ചു..,

കൂടുതൽ വളാ വളാന്ന് ചിലച്ചോണ്ടിരുന്നാൽ ഉള്ളതും കൂടി ഇല്ലാതാവും ..കുടിക്കണ വെള്ളത്തിൽ പ്രഷ്ടം കഴുകാൻ തൽക്കാലം ഞാനില്ല..,

കിട്ടിയതായി...ഞാൻ കൂടുതലൊന്നും ചിന്തിക്കാനും പറയാനും പോയില്ല..ആക്രമണം തുടങ്ങി..,,നല്ല വിശപ്പുണ്ടായിരുന്നത്‌ കൊണ്ട്‌ മൂപ്പർ യാതൊരു പരാതിയും കൂടാതെ വേഗത്തിലങ്ങ്‌ കയറിപ്പോയി..,

പൊറോട്ടയും മുന്നിൽ വെച്ച്‌ എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്ന് ആലോചിച്ച്‌ കൊണ്ടിരുന്ന മംഗലാപുരം ബോയ്സ്‌ എന്റെ തീറ്റ കണ്ട്‌ കണ്ണ` മിഴിച്ചു..(ഇനിയെത്ര കണ്ണു മിഴിയാൻ ബാക്കി കിടക്കുന്നു..)

അല്ലെങ്കിലും പൊറോട്ട തിന്നാൻ മലപ്പുറം കാർക്ക്‌ പ്രത്യക കഴിവുണ്ട്‌..,കാരണം അവരുടെ ദേശീയ ഭക്ഷണമാണല്ലോ പൊറോട്ട എന്ന മൈദ ഷീറ്റ്‌..,രണ്ട്‌ പൊറോട്ടയും ബീഫ്‌ കറിയും ചേർത്ത്‌ ഒരു പിടി പിടിച്ച്‌ ഇത്തിരി വെള്ളവും കൂടിയങ്ങ്‌ കുടിച്ചാൽ വയറ്റിനകത്ത്‌ കോൺക്രീറ്റ്‌ വർത്തിട്ട പോലങ്ങ്‌ കിടന്നോളൂം..,പിന്നെ സമീപകാലത്ത്‌ വയറ്റിനകത്തേക്കൊന്നും ചെല്ലേണ്ട കാര്യമില്ല..പുറത്തോട്ടും പോവുമെന്ന് പേടിക്കേണ്ട.. ഇടക്കിടക്ക്‌ ഒന്നു നനച്ചു കൊടുത്താൽ മതി..

ഈ വിദ്യ അവന്മാർക്കറിയില്ലല്ലോ.....
അബൂദാബിയിലെ എന്റെ ആദ്യ ദിനം..

പൊറോട്ട കൊണ്ടുള്ള വാർക്കപ്പണികഴിഞ്ഞതോടെ എന്റെ ഉറക്കം എരുമേലി വഴി പമ്പ കടന്നു..,

പുറത്ത്‌ വെയിലിനു ശക്തിയാർജിച്ചു വരുന്നു..,ഒപ്പം ചൂടിനും..,

വയറു നിറഞ്ഞ സന്തോഷത്തിൽ റഷീദ്‌ പോയി കുളിച്ച്‌ ഉഷാറായി വരുന്നു..,
 "ഹൗ വെള്ളത്തിനെന്തൊരു ചൂടിഷ്ടാ..." അതു നന്നായി .നാട്ടിൽ കുളിക്കാൻ വെള്ളം ചൂടാക്കിക്കൊടുക്കാത്തതിനു ഭാര്യമാരോട്‌ പിണങ്ങി കുളിക്കാതെ നടക്കുന്നവർ ഇനിയെങ്കിലുമൊന്ന് കുളിച്ചോട്ടേ...

ഉണ്ടിട്ട്‌ കുളിക്കുന്നവനെ കണ്ടാൽ കുളിക്കണം എന്നാണല്ലോ ചൊല്ല്..,അതു കൊണ്ട്‌ ഞാനും കുളിക്കാൻ പോയി..,

വഴിയിൽ വെച്ച്‌ പല പല മുഖങ്ങളെ പരിചയപ്പെട്ടു..

കണ്ണൂർ സ്വദേശികളായ രാജേഷ്‌, ശ്രീജിത്തേട്ടൻ, സക്കറിയ,അലിക്ക... .

കോഴിക്കോട്ടുകാരായ കുട്ടൻ, രതീഷ്‌, റഹ്‌ മത്ത്‌,

മട്ടാഞ്ചേരിക്കാരനായ സഹീർ, എന്നിങ്ങനെ ഒരു പാട്‌ പുതിയ സുഹ്രത്തുക്കളെ ബാത്ത്‌ റൂമിലേക്കുള്ള ആ ഒരൊറ്റ യാത്രയിൽ എനിക്കു കിട്ടി..

കുളിച്ച്‌ ഫ്രഷായി..,

പിന്നെയങ്ങോട്ട്‌ പല പല റുമുകളിൽ കയറിയിറങ്ങി വെടികൾ പറഞ്ഞ്‌ സമയത്തെ നിഷക്കരുണം കൊന്നു തള്ളിക്കൊണ്ടിരിക്കലായിരുന്നു ഞങ്ങളുടെ പ്രധാന ജോലി..

അങ്ങനെ അങ്ങനെ ഓരോരോ ദിനങ്ങൾ കൊഴിഞ്ഞു പോയ്‌ കൊണ്ടിരുന്നു..,

കമ്പനി പ്രവർത്തനം ആരംഭിക്കാത്തത്‌ കൊണ്ട്‌ ഇങ്ങനെയൊക്കെ തന്നെയായിരുന്നു ഓരോ ദിവസത്തെയും ദിനചര്യകൾ..,

എന്നും രാവിലേയും വൈകുന്നേരവും രാത്രിയും ഹെയ്തിയിലേക്ക്‌ യു.എൻ. സഹായം വഹിച്ച്‌ കൊണ്ട്‌ വരുന്ന വാഹനം പോലെ അലി ഭായിയുടെ മിനിവാൻ പൊടി പറത്തി വന്നു നിൽക്കും..അഭയാർത്ഥികളെപ്പോലെ ഞങ്ങൾ ഓടിച്ചെന്ന് ചുറ്റിലും വളഞ്ഞ്‌ കിട്ടുന്നതും വാങ്ങിക്കൊണ്ട്‌ വന്ന് ഞണ്ണും.(ഐമീൻ... തിന്നുക, കഴിക്കുക).എന്നിട്ട്‌ പോയി കിടന്നുറങ്ങും ,വൈകുന്നേരങ്ങളീൽ മരുഭൂമിയിലൂടെ സാഹസികവും സാഹസികമല്ലാത്തതുമായ യത്രകൾ നടത്തും.., എന്നു വെച്ചാൽ തെണ്ടി നടക്കും , ചുറ്റു വട്ടത്തുള്ള തോട്ടങ്ങളീൽ പണീയെടുക്കുന്നവന്മാരുടെ വിശ്രമവേളകളിലേക്ക്‌ പൊടുന്നനെ വീട്ടിലേക്ക്‌ കക്കൂസ്‌ കഴുകാൻ വാതിൽ തുറന്ന് ഹാർപ്പിക്കുമായി കടന്ന് വരുന്ന സിനിമാ നടനെ പ്പോലെ കടന്ന് ചെന്ന് ഞങ്ങൾ അലങ്കോലമാക്കും.... വഴിയെ പോകുന്ന സകല വാഹനത്തിനും കൈ കാണിച്ച്‌ തൊട്ടടുത്ത്‌ ടൗണിലേക്ക്‌ കറങ്ങാൻ പോകും..മാനം മര്യാദയയി ആ പരിസര പ്രദേശങ്ങളീൽ ജീവിച്ച്‌ വന്നിരുന്ന സകല ഇന്ത്യക്കാർക്കും ഞങ്ങളാൽ കഴിയും വിധം ബുദ്ധിമുട്ടുകളൂം ചീത്തപ്പേരും ഉണ്ടാക്കിക്കൊടുത്തും .....രാത്രി കാലങ്ങളിൽ ക്യാമ്പിലെ പാകിസ്താനി തൊഴിലാളികളുമായി ചേർന്ന് ഇരു രാജ്യത്തെയും ക്രിക്കറ്റ്‌ ബോർഡുകൾ പോലുമറിയാത്ത ഇന്ത്യ -പാക്‌ ക്രിക്കറ്റ്‌ പരമ്പര കളിക്കും......അങ്ങനെ അങ്ങനെ തിന്നു കുടിച്ച്‌ ഉറങ്ങി അർമാദിച്ച്‌ കൊണ്ട്‌ ഓരോ ദിവസങ്ങളും കൊഴിഞ്ഞ്‌ പോയ്‌ കൊണ്ടിരുന്നു..,

സാക്ഷാൽ കുംഭകർണ്ണനെ പ്പോലും നാണിപ്പിക്കുന്ന രീതിയിൽ ആരോടോ ഉള്ള വാശി തീർക്കാനെന്ന വണ്ണം ഉറങ്ങുന്ന ചിലർക്ക്‌ സമയാ സമയങ്ങളിൽ എണീറ്റ്‌ ഭക്ഷണം കഴിക്കുക എന്നത്‌ തന്നെ വലിയ ബുദ്ധിമുട്ടുള്ള ജോലിയാണു എന്ന് അഭിപ്രായമില്ലാതില്ല..,

ഇതൊക്കെ കാണൂമ്പോൾ തോന്നും ഞങ്ങളുടേ വിസയടിച്ച വിദ്വാനു പിഴച്ചതായിരിക്കുമോ..?.. "ലേബർ വിസ "എന്നടിക്കേണ്ടയിടത്ത്‌ അങ്ങേരു  "ഉറക്ക വിസ " എന്നെങ്ങാനും അടിച്ചോ..?

ഒരു ദിവസം..അതിരാവിലെ തന്നെ വാതിക്കൽ ആരോ മുട്ടുന്നു..മുട്ടലിന്റെ ഇടവേളകളിൽ "ഭായ്‌ സാബ്‌ "എന്ന വിളിയും..,ഈ മരുഭൂമിയിലും പിച്ചക്കാരോ.. ഇവിടൊന്നുമില്ല... ഞാൻ എണീറ്റ്‌ വാതിൽ തുറന്നു..,ഞങ്ങളുടെ പാകിസ്താനി സൂപ്പർ വൈസർ ചാച്ചായാണ`.., "ആ ഒ‍ാ ഭായിസാബ്‌.,തോഡാ മദദ കരോ.".എന്താന്ന് എനിക്ക്‌ മിന്നിയില്ല..(അല്ലെങ്കിലും ട്യൂബ്‌ ലൈറ്റിനെപ്പോലെയാണ`..മിന്നിത്തെളിയാൻ സമയമെടുക്കും..)

..ചാച്ചാ മുകളിലേക്ക്‌ നോക്കി എന്തോ പറഞ്ഞു..ഞാൻ പുറത്തിറങ്ങി നോക്കി..

എന്റെ ഉള്ളൊന്നു കാളി..എന്റെ ദൈവമേ...ഞങ്ങളുടെ റൂമിനു മുകളീൽ വായുവിൽ വേറൊരു റൂം പൊങ്ങി നിൽക്കുന്നു.., വായുവിൽ പൊങ്ങി നിൽക്കുന്ന വീടോ..വല്ലാത്ത അതിശയം തന്നെ.. അദ്ഭുതങ്ങൾ സൃഷ്ടിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ദുബായിലും യു.എ,ഇ.യിലും നടക്കാറുണ്ട്‌ എന്ന് കേട്ടിട്ടുണ്ട്‌..ഇത്രേം പ്രതീക്ഷിച്ചില്ല...,സൂക്ഷിച്ച്‌ നോക്കിയപ്പൊഴാണു മനസ്സിലായത്‌..,അതു വായുവിൽ പൊങ്ങി നിൽക്കുകയല്ല.. ഭീമാകാരനായ ഒരു ക്രയിൻ അതെടുത്തുയർത്തി നിൽക്കുകയാണ`. അതു ഞങ്ങളുടേ റൂമിനു തൊട്ട്‌ മുകളീൽ . 
എന്റെ കളരി പരമ്പരദൈവങ്ങളേ ..അതിന്റെ വടമെങ്ങാനും പൊട്ടിയാൽ താഴെ കിടക്കുന്ന ആറു ശരീരങ്ങൾ ചോറിൽ പപ്പടം കുഴച്ച പോലെ ഈ മണലിൽ കുഴഞ്ഞു പോകുമല്ലോ..

ഇങ്ങോർക്കതൊന്ന് മാറ്റിപ്പിടിച്ചൂടേ.., ചാച്ചാ എന്നോടെന്തൊക്കെയോ പറഞ്ഞു.., അ.. ആ..അത്രയുള്ളൂ..,ഞാൻ എല്ലാം മനസ്സിലായി എന്ന ഭാവത്തിൽ തലകുലുക്കി..സത്യത്തിൽ എനിക്കൊന്നും മനസ്സിലായില്ല ,ഇന്ത്യക്കാരനാണെന്ന് പറഞ്ഞിട്ടെന്താ എനിക്കുണ്ടോ ഹിന്ദി (ഉർദ്ദു..പറയുമ്പോൾ രണ്ടും ഒരു പോലെ തന്നെയല്ലേ..) അറിയുന്നു..,

ഞാൻ റൂമിലേക്ക്‌ കയറി ഇർഫാനെ രണ്ട്‌ ഉരുട്ടങ്ങ്‌ കൊടുത്തപ്പോൾ അവനുണർന്നു,അവനു ഹിന്ദി അറിയാം.. ഒച്ചയും ബഹളവും കേട്ട്‌ മറ്റുള്ളവരും..,

കണ്ണും തിരുമ്മി പുറത്തേക്ക്‌.., ഞങ്ങളുടെ റൂമിനു മുന്നിൽ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത്‌ പുതിയ റൂം ഫിറ്റ്‌ ചെയ്യണം..,അതിനു തറ എന്ന പേരിന` നാലു ഭാഗത്തും രണ്ടോ മൂന്നോ ഹോളോബ്രിക്സ്‌ കല്ലുകൾ കൃത്യമായി വെക്കണം ..,അതിനാണ` ചാച്ചാ ഞങ്ങളുടെ ഉറക്കമെന്ന ജോലിക്കിടയിൽ ശല്യമുണ്ടാക്കിയത്‌..,

അങ്ങനെ ഞങ്ങളെല്ലാവരും കൂടി കല്ലുകൾ പെറുക്കി ക്കൊണ്ട്‌ വന്നു.. വെറും അഞ്ചേ അഞ്ച്‌ മിനുട്ട്‌.. ഞങ്ങളുടെ റൂമിനു മുന്നിൽ മറ്റൊരു അതിമനോഹരമായ കെട്ടിടം ഉയർന്നു..  എന്നാ ഫാസ്റ്റാ കാര്യങ്ങൾ.. പൊടിയും തട്ടി വീണ്ടും...ജോലിയിലേക്ക്‌...ഉറക്ക വിസയിൽ വന്നവർ പിന്നെന്തു ചെയ്യാൻ....


തുടരും.....
Related Posts with Thumbnails

Related Posts with Thumbnails