ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2010, ഫെബ്രുവരി 4, വ്യാഴാഴ്‌ച 4 അഭിപ്രായ(ങ്ങള്‍)
Bookmark and Share

ഹാവൂ...എത്ര പെട്ടന്നാണു കാലം കഴിഞ്ഞു പോകുന്നത്‌..ചുറ്റുപാടുകളും പരിതസ്ഥിതികളും എല്ലാം എത്ര പെട്ടെന്നാണു നമുക്കന്യമായത്‌ ...
ഇനി മാറാത്ത തായി ഓർമകൾ മാത്രം ബാക്കിയാവുന്നു..അങ്ങനെ ചില ഓർമകളെ താലോലിച്ച്‌ കൊണ്ട്‌ ഇത്തിരി നേരം...,

കേട്ടറിഞ്ഞ നാൾ മുതൽ കോട്ടക്കുന്ന്‌ എനിക്കൊരത്ഭുതമായിരുന്നു..

മലപ്പുറം ടൗണിൽ നിന്നും കുറച്ച്‌ മാറി ഉയരത്തിൽ സ്തിഥി ചെയ്യുന്ന ഒരു പീഠ ഭൂമി,. എത്രയെത്ര ചരിത്ര സംഭവങ്ങൾക്ക്‌ സാക്ഷ്യം വഹിച്ച ഭൂമിക,...

ഏകദേശം 750 വർഷക്കാലം മലബാർ അടക്കി ഭരിച്ചിരുന്ന സാമൂതിരി നിർമിച്ച ഒരു കോട്ട അവിടെ ഉണ്ടായിരുന്നത്രേ..അതു കൊണ്ടാണു കോട്ടക്കുന്ന്‌ എന്ന പേരു തന്നെ വന്നത്‌ പോലും,ബ്രിട്ടീഷുകാരുടെ വാഴ്ച്ചക്കാലത്തും വളരെ സുപ്രധാനമായ സ്ഥാനം ഈ കുന്ന്‌ വഹിച്ചിട്ടുണ്ട്‌ എന്ന്‌ പറയപ്പെടുന്നു..,

ബ്രിട്ടീഷ്‌ പട്ടാളത്തിനെതിരെ പടനയിച്ചതിനു മലപ്പുറത്തിന്റെ ധീരനായ നായകൻ വാരിയൻ കുന്നത്ത്‌ കുഞ്ഞഹമ്മദാജിയെയും രണ്ട്‌ കൂട്ടാളികളെയും തുക്ടി സായിപ്പിന്റെ പട്ടാളം ഇതിന്റെ ചറിവിൽ വെച്ചാണു വെടിവെച്ചു കൊന്നത്‌..

എത്രയെത്ര ദേശസ്നേഹികളുടെ കണ്ണീരു ം ചോരയും വീണു കുതിർന്ന മണ്ണ`..,

സ്കൂളിൽ പഠിക്കുന്ന കാലത്ത്‌ ക്ലാസ്സ്‌ കട്ട്‌ ചെയ്ത്‌ കൂട്ടുകാരോടൊപ്പം കോട്ടക്കുന്നിനു മുകളിലേക്കു കയറിപ്പോകുമ്പോൾ മനസ്സ്‌ പടപടാ മിടിക്കുമായിരുന്നു,.. അതിന്റെ ചരിവിലെ പാറക്കെട്ടുകളിൽ ഇരിക്കുമ്പോൾ ആർത്തലച്ചുയരുന്ന നിലവിളികളും അതിനെ വെടിയൊച്ച കൊണ്ടമർത്തുന്ന പൊട്ടിച്ചിരികളും കാതിൽ വന്നലക്കുമായിരുന്നു,..നിലക്കാത്ത തെന്നലിന്റെ തലോടലേറ്റ്‌ പാറക്കെട്ടിൽ ചാഞ്ഞ്‌ കിടന്ന്‌ അറിയാതെ മയക്കത്തിലേക്കു ഊളിയിടുമ്പോൾ പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ കണ്ട്‌ ഞെട്ടിയുണരുമായിരുന്നു..,

മൂന്ന്‌ കസേരകൾ, അതിൽ നടുവിലെ കസേരയിൽ ഭീതിയുടെ ലാഞ്ചനയേതുമില്ലാതെ തലയുയർത്തിയിരിക്കുന്ന വാരിയൻ കുന്നത്ത്‌ കുഞ്ഞഹമ്മദാജി, പിറകിൽ ആക്രോശമുയർത്തി അലറുന്ന തുക്ടി സായിപ്പ്‌..1922 ജനുവരി 20 ഉച്ചസമയത്ത്‌ കാതടപ്പിച്ച്‌ ഉയർന്ന വെടിയൊച്ചകളുടെ അലയൊലികൾ ഇന്നും കാതിൽ മുഴങ്ങുന്നത്‌ പോലെ...,

എത്രയൊക്കെയായാലും കോട്ടക്കുന്ന്‌ എപ്പോഴും എന്നിൽ ഒരു അഭിനിവേശമായിരുന്നു..എത്ര പ്രാവശ്യം ഇനി വരില്ല എന്നു തീരുമാനിച്ചു മടങ്ങിപ്പോയാലും വീണ്ടും വീണ്ടും അവിടേക്കെത്തിച്ചേരാൻ മനസ്സ്‌ വെമ്പൽ കൊള്ളും,...ഇളം തെന്നലേറ്റ്‌ ഏത്‌ പൊരിവെയിലത്തും പാറക്കെട്ടുകളിൽ കയറിയിരിക്കാൻ കൊതിയാകും,..നോക്കെത്താദൂരത്ത്‌ പരന്ന്‌ കിടക്കുന്ന ഹരിതസാഗരത്തിലേക്കു മനസ്സ്‌ കൊണ്ട്‌ ഊളിയിടാൻ,താഴെ തീപ്പെട്ടിക്കൂട്‌ പോലെ നീങ്ങുന്ന വാഹനങ്ങൾ വെറുതെ എണ്ണിത്തിട്ടപ്പെടുത്താൻ,എപ്പൊഴും കൊതിയാകും

അങ്ങനെ എത്രയെത്ര ദിവസങ്ങളാണു കടന്ന്‌ പോയത്‌,

അന്ന്‌ മുകൾപ്പരപ്പിൽ പാറക്കല്ലിൽ വളരെ ഭംഗിയായി വെട്ടിയെടുത്ത വിശാലമായ ഒരു കിണറുണ്ടായിരുന്നു..,അതിന്റെ അടിയിൽ നിന്നും മുകളിലേക്കു വളർന്നുയർന്ന ഒരു പടുകൂറ്റൻ മരമുണ്ടായിരുന്നു..

നോക്കിയാൽ കാണാൻ കഴിയാത്ത രീതിയിൽ ഇരുണ്ട്‌ മൂടിക്കിടക്കുന്ന ഇതിൽ വെള്ളമുണ്ടോ എന്നറിയാൻ ഞങ്ങൾ ചെറിയ കല്ലുകൾ കൊണ്ട്‌ എറിഞ്ഞു തിരയിളക്കത്തിനു കാതോർത്ത്‌ നിൽക്കാറുണ്ടായിരുന്നു...,

സാമൂതിരിയുടെ പടയാളികൾ ക്ക്‌ രഹസ്യമായി നീക്കങ്ങൾ നടത്താൻ പലഭാഗത്തേക്കായി പോകുന്ന ഗുഹകളുടെ തുടക്കം ഈ ഗുഹയുടെ അടിയിൽ നിന്നാണു എന്നു ഞങ്ങൾ കുട്ടികൾക്കിടയിൽ ഒരു സം സാരമുണ്ടായിരുന്നു..

അതല്ല കുറ്റവാളികളെയും അങ്ങനെ മുദ്ര കുത്തപ്പെടുന്നവരെയും കൊന്ന്‌ തള്ളാനുള്ള കൊലക്കിണറായി ആണു ഇതുപയോഗിച്ചിരുന്നത്‌ എന്നും പറയുമായിരുന്നു..അതൊക്കെ സത്യമാണൊന്ന്‌ ആർക്കറിയാം...

ഏതായാലും ഈ കിണർ ഭീതിയുണർത്തുന്ന ഒരു നിഗോ‍ൂഡതയായിരുന്നു എനിക്ക്‌...അന്നും ഇന്നും

അന്നൊക്കെ കോളേജ്‌ കാമുകീ കാമുകന്മാരുടെ സ്ഥിരം ഈറ്റില്ലമായിരുന്നു ഇവിടം, ക്ലാസ്സ്‌ കട്ട്‌ ചെയ്ത്‌ സല്ലപിക്കാനെത്തുന്ന പ്രണയ ജോടികളുടെ പരിസരം മറന്നുള്ള സ്നേഹപ്രകടനങ്ങൾ പാറക്കെട്ടുകൾക്കിടയിലും കുറ്റിക്കാടുകൾക്കു നടുവിലും പതിവു കാഴ്ച്ചയായിരുന്നു...

കയ്യിൽ മറ്റവനും സോഡാക്കുപ്പിയും ഗ്ലാസ്സുകളുമായിയെത്തുന്ന മൂത്ത ചേട്ടന്മാരും ആഘോഷങ്ങൾ നടത്താൻ ഇവിടെയായിരുന്നു വേദിയാക്കിയിരുന്നത്‌..അങ്ങനെ അങ്ങനെ സാമൂഹ്യ വിരുദ്ധന്മാരുടെയും പ്രക്രതി വിരുദ്ധന്മാരുടെയും താവളമായി കോട്ടക്കുന്ന്‌ മാറി എന്നും പറയാം..

ആയിടക്കാണു ഇവിടെ ഒരു ഡെഡ്‌ ബോഡി കാണപ്പെടുന്നത്‌..,കൊന്നതാണെന്നും ആത്മഹത്യ ചെയ്തത്താണെന്നും പലരും പലതും പറഞ്ഞു നടന്നു..അതിൽ പിന്നെ ഞങ്ങളുടെ കോട്ടക്കുന്നിലേക്കുള്ള വരവും നിലച്ചു,...കൂട്ടുകാരെല്ലാം കോട്ടക്കുന്നിലേക്കു ഞങ്ങളില്ല എന്ന്‌ ശപഥം ചെയ്ത പോലെ,....

ഭയങ്കര ധൈര്യശാലിയായത്‌ കൊണ്ട്‌ എനിക്കു ഒറ്റക്ക്‌ പോകാനും പേടി..,അങ്ങനെ കുറെ ക്കാലത്തേക്ക്‌ കോട്ടക്കുന്നിനെ ഞാനും മറന്നു..,

പിന്നീട്‌ ഇതിനു മുകളിലെ കിണറും പരിസരവും മണ്ണിട്ട്‌ നികത്തി ഹെലിപ്പാടുണ്ടാക്കി.,മലബാറിൽ നടന്ന പരിപാടികളിലേക്കു ദേശീയ നേതാക്കന്മാരെ വഹിച്ച്‌ ഒരു പാട്‌ ഹെലികോപ്ടറുകൾ ഇവിടെ പറന്നിറങ്ങി..,കാലം പിന്നെയും കടന്ന്‌ പോയി..

പിന്നീട്‌ ഒരു പാട്‌ മാസങ്ങൾക്ക്‌ ശേഷമാണു ഞാൻ വീണ്ടും കോട്ടക്കുന്നിലേക്കു പോകുന്നത്‌,.. അപ്പോഴേക്കും അതിന്റെ മുഖഛായ ഏറെ മാറിയിരുന്നു..സായാഹ്നങ്ങളിൽ ഒരു പാട്‌ ആളുകൾ അവിടെ എത്തിച്ചേരും.,ഇരുട്ടി വൈകുവോളം അവരവിടെ സൊറപറഞ്ഞിരിക്കും.. പോലീസിന്റെ റോന്ത്‌ ചുറ്റൽ ഉണ്ടായിരുന്നത്‌ കൊണ്ട്‌ സാമൂഹ്യ വിരുദ്ധന്മാർക്കു അവസരങ്ങൾ നഷ്ടപ്പെട്ടിരുന്നു,.

ഇക്കാലത്ത്‌ എല്ലാ ഞായറാഴ്ചകളിൽ ഞങ്ങൾ സുഹ്രത്തുക്കൾ കോട്ടക്കുന്നിൽ ഒത്തു ചേരുമായിരുന്നു..,പുറത്തേക്ക്‌ ഉന്തി നിൽക്കുന്ന പല്ല്‌ പോലെ നിന്നിരുന്ന ഒരു പാറക്കെട്ടായിരുന്നു ഞങ്ങളുടെ സ്ഥിരം വേദി,.. ഒട്ടനവധി തമാശകൾക്കും പൊട്ടിച്ചിരികൾക്കും സാക്ഷിയായ സായാഹ്നങ്ങൾ.

ഇടക്കിടക്ക്‌ വിവിധ എക്സ്പോകൾക്കും സമ്മേളനങ്ങൾക്കും വേദിയാകുമായിരുന്നു ഇവിടം, അപ്പോൾ ദീപാലംക്രതമാകുന്ന കോട്ടക്കുന്ന്‌ താഴെ നിന്നു നോക്കുമ്പോൾ സ്വർണ്ണ അലുക്കുകൾ പിടിപ്പിച്ച കിരീടം ചൂടി നിൽക്കുന്നത്‌ പോലെ തോന്നിപ്പോകും,..

സുന്ദരങ്ങളായ കാഴ്ച്ചകൾ, ഭീതിപ്പെടുത്തുന്ന ഓർമകൾ, ഹരം പകർന്ന സായന്തനങ്ങൾ.... എല്ലാം ഒരു വിങ്ങ ൽ പോലെ മനസ്സിൽ നിറയുന്നു...
ഇന്ന് കോട്ടക്കുന്ന് ആകെ മാറി.., അവളുടെ മക്കളും അവരുടെ പിൻ ഗാമികളും അവളെ ഒരു പാട്‌ മാറ്റിയെടുത്തു..,കുറ്റിക്കാടുകൾ വെട്ടിത്തെളിച്ച്‌ കല്ല് പാകിയ നടപ്പാതകൾ നിർമിച്ചു അവൾ കാത്തിരിക്കുന്നു... ദീപാലങ്കാരങ്ങൾ കൊണ്ട്‌ മുഖം പ്രസന്നമാക്കി പുഞ്ചിരി തൂകി നിൽക്കുന്നു..,ഇരിപ്പിടങ്ങളും പുൽത്തകിടികളും പൂന്തോട്ടങ്ങളും ഒരുക്കി അവൾ പുതു മണവാട്ടിയെ പ്പോലെ ചമഞ്ഞിരിക്കുന്നു...,

സുവനീർ ഷോപ്പുകളും ശീതള പാനീയ സ്റ്റാളുകളും ഒരുക്കി തന്റെ മക്കളെ സൽക്കരിക്കാൻ അവൾ വെമ്പൽ കൊണ്ട്‌ നിൽക്കുന്നു.....,

തന്റെ മക്കൾക്ക്‌ കുടുംബ സമേതം ആർത്തു ല്ലസിക്കാൻ വിശാലമായ അമ്യൂസ്‌മന്റ്‌ പാർക്കും വാട്ടർ പാർക്കും ഒരുക്കി അവൾ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്നു..,

സ്വദേശികളും വിദേശികളുമായി എത്ര ആയിരങ്ങളാണു ഓരോ ദിവസവും അവളുടെ അടുത്തെത്തുന്നത്‌..

ഇന്നവൾ ധന്യയാണ`...


കോട്ടക്കുന്നേ...നീയൊരു നിഗോ‍ൂഡതയാണു.....,നീയൊരു വേദനിപ്പിക്കുന്ന ഓർമ്മയാണു...,നീയൊരു സാന്ത്വനമാണു...,നീയൊരു സത്യമാണു...,നീയൊരു സുന്ദരിയാണു..,
മനം മയക്കുന്ന നിന്റെ സൗന്ദര്യം തുറന്നുകാട്ടി ആയിരങ്ങളെ നീ മാടി വിളിക്കുന്നു...,നിന്റെ സാമീപ്യത്തിൽ അവർ മതിമറന്നു ല്ലസിക്കുന്നു...,കോമാളിയെപ്പോലെ പുറമെയണിഞ്ഞ മുഖം മൂടിക്കുള്ളിലെ നിന്നെ ആരറിയുന്നു ..ആരു കാണുന്നു ചേതനയറ്റ നിൻ മുഖം.. .. സ്വന്തം മക്കൾ തന്റെ മടിയിൽ വെച്ച്‌ കൊല്ലപ്പെടുന്നതിനു സാക്ഷിയാകേണ്ടി വന്ന കരഞ്ഞ്‌ കണ്ണീരു വറ്റിയ ഒരമ്മയുടെ മുഖം ...എത്രപേർക്കറിയാം നിന്റെ സങ്കടങ്ങൾ...,അറിയാത്തവർ, കാണാത്തവർ.. അവർ എത്ര ഭാഗ്യവാന്മാർ ..അവരെങ്കിലും നിന്റെ മടിത്തട്ടിൽ സുഖമായി ഒന്നിരുന്നോട്ടേ..,ഇളം തെന്നലിന്റെ തലോടലേറ്റ്‌ മുളങ്കൂട്ടങ്ങളുടെ താരാട്ട്‌ കേട്ട്‌ സ്വസ്ഥമായി നിന്റെ മടിയിൽ തല വെച്ച്‌ ഉറങ്ങട്ടെ..,ഇളം കുരുന്നുകൾ നിന്റെ മാറത്ത്‌ ഓടിക്കളിക്കട്ടെ..,
അങ്ങനെയെങ്കിലും വേദനിപ്പിക്കുന്ന ഭൂതകാലസ്മരണകളിൽ നിന്നു നിനക്കൊരു മോചനം കിട്ടട്ടെ..,


വാൽക്കഷ്ണം:

എനിക്കു കൂടുതലിഷ്ടം പഴയ കോട്ടക്കുന്നാണ`..,
അന്നൊക്കെ കോട്ടക്കുന്നിലേക്കുള്ള ഓരോ യാത്രയും ഓരോ അനുഭവമായിരുന്നു..പാറക്കെട്ടുകളിൽ അലസമായിരിക്കുന്ന മനസ്സുകൾക്ക്‌ പുതു ജീവൻ നൽകി തെന്നൽ അനുഗ്രഹിക്കുമായിരുന്നു..,സ്വസ്ഥതയുണ്ടായിരുന്നു.., ഇന്ന് പൂരപ്പറമ്പിൽ പോയിരിക്കുന്നത്‌ പോലെയായി..., എല്ലാം ഒരു ചടങ്ങ്‌ പോലെ.....അല്ലെങ്കിലും വിരസമായ കെട്ടു കാഴ്ച്ചകൾ മനസ്സിനെ എങ്ങനെ ഉദ്ധീപിപ്പിക്കാനാണ`..,..


അണിഞ്ഞൊരുങ്ങി നിൽക്കുന്ന ഇന്നത്തെ കോട്ടക്കുന്നിന്റെ വിവിധ മുഖങ്ങൾ..കാണുന്നതിനു ഇവിടെ ക്ലിക്ക്‌ ചെയ്യുക
Related Posts with Thumbnails

Related Posts with Thumbnails