ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2010, ഫെബ്രുവരി 23, ചൊവ്വാഴ്ച 14 അഭിപ്രായ(ങ്ങള്‍)
Bookmark and Share

അബൂദാബി ഡെയ്സ്‌: അഞ്ച്‌
അബൂദാബിഡെയ്സ്‌ ഒന്ന്, രണ്ട്‌, മൂന്ന്, നാല` ഭാഗങ്ങൾക്കായി ക്ലിക്ക്‌ ചെയ്യുക..
ദിനരാത്രങ്ങളങ്ങനെ കടന്ന് പോയ്ക്കൊണ്ടിരുന്നു..,ഒപ്പം ചൂടിന്റെ ശക്തിയും കൂടി വരുന്നു..,ഇപ്പോൾ ചൂടൊന്നും എനിക്കു വലിയ പ്രശ്നമായി തോന്നുന്നില്ല...,ഒരു രണ്ടാഴ്ച ഇവിടെയങ്ങു കഴിഞ്ഞു കൂടിയപ്പോൾ ഈ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ എന്റെ ശരീരത്തിനു കഴിഞ്ഞെങ്കിൽ അങ്ങ്‌ നരകത്തിൽ ചെന്ന് കിടന്നാലും കുറച്ച്‌ ദിവസം കഴിഞ്ഞാൽ അതുമൊരു ശീലമായിക്കൊള്ളുമോ എന്ന് എനിക്ക്‌ തോന്നാതിരുന്നില്ല..,


ഏകദേശം പതിനാറു ദിവസം കഴിഞ്ഞു കാണും..

ഫാക്ടറി പ്രവർത്തനം ആരംഭിച്ചു..എല്ലാവരും നാളെ ഡ്യൂട്ടിക്കെത്തണമെന്ന് അറിയിപ്പ്‌ വന്നു..,

ഇത്രേം ദിവസം "ഖാനാ..പീനാ..സോനാ"..നടത്തി കൊഴുത്ത്‌ കുട്ടപ്പന്മാരായി നിന്നതല്ലേ..ഇനിയത്തെ കഥ കണ്ടറിയാം.. എലിമിനേഷൻ റൗണ്ടിൽ ഡേഞ്ചർ സോണിൽ പെട്ട സ്റ്റാർ സിങ്ങർ കുട്ടികളെപ്പോലെ എല്ലാവരുടെ മുഖവും മ്ലാനമായി..,

പിറ്റേന്ന് അതിരാവിലെ തന്നെ ഒന്നാം ക്ലാസ്സിൽ ചേർക്കാൻ കൊണ്ട്‌ പോകുന്ന കുട്ടികളെപ്പോലെ മനമില്ലാ മനമോടെ എല്ലാവരും പുതിയ യൂണീഫോമും ചുറ്റി റോഡ്‌ പണിക്കാർ ഇടുന്ന തരത്തിലുള്ള ഷൂവും കാലിൽ ഫിറ്റ്‌ ചെയ്ത്‌ ഒരുങ്ങി റെഡിയായി..,

ഇതു വരെ ജോലിയെന്താണെന്നു ഒരാൾക്കും ഒരു തിട്ടവുമില്ല..,

പുല്ലു തീറ്റിക്കാനാണോ..അറവുശാലയിലേക്കാണോ. എന്നറിയാതെ നീങ്ങുന്ന കന്നുകാലിക്കൂട്ടമായി ഞങ്ങളും പിറകിൽ സൂപ്പർ വൈസർ ചാച്ചായും ഫാക്ടറിക്ക്‌ മുന്നിലെ വിശാലമായ വരാന്തയിലേക്ക്‌ കയറി..,

അവിടെ കൃത്യമായ അകലം വിട്ട്‌ STD ബൂത്ത്‌ പോലെ 14 കൗണ്ടറുകൾ..അതിലോരോന്നിനു മുന്നിലും ഓരോ വലിയ മീസാനുകൾ (ത്രാസേ..) ,

സ്ഫടികം ജോർജ്ജിനെപ്പോലെ തീരെ തടിയില്ലാത്ത(!) ഒരു സൂരിയും(സിറിയക്കാരൻ) കൂടെ ഇന്ദ്രൻസിനെപ്പോലെ ഭയങ്കരതടിയനായ ഒരു അറബിയും ഞങ്ങളുടെ മുന്നിലേക്കവതരിച്ചു.. സൂരിയെക്കാണാൻ നല്ല ചന്തമുണ്ട്‌..മൊത്തത്തിലൊരു ചാമ്പക്ക നിറം..,കൂടെയുള്ള അവതാരത്തെ എനികങ്ങോട്ട്‌ ദഹിക്കുന്നില്ല..,മൂപ്പർ അമർത്തിച്ചവിട്ടി നടക്കുന്നത്‌ കൊണ്ടാണു ഭൂമിയിളകാതെ നമ്മളൊക്കെ മറിഞ്ഞു വീഴാതെ നിൽക്കുന്നതെന്ന് തോന്നിപ്പോകും വിധമാണു മൂപ്പരുടെ നടപ്പ്‌..,,ഹൗ എന്തൊരു തലയെടൂപ്പ്‌ .., കോലിന്മേൽ വെള്ളത്തുണി ചുറ്റിയ പോലെ..

പരേഡിനു നിർത്തുന്ന പോലെ വരാന്തയിൽ എല്ലാവരെയും നിരത്തി നിർത്തി..,

ചാമ്പക്ക നിറമുള്ള സൂരി മുന്നോട്ട്‌ വന്ന് ഞങ്ങളുടെ ജോലിയെക്കുറിച്ച്‌ " എന്ത്‌..? എങ്ങനെ..? എപ്പോൾ ..?" എന്നീ മൂന്ന് കാര്യങ്ങൾ വിശദമാക്കി ക്ലാസ്സെടുത്തു...,

അയാൾ പറഞ്ഞത്‌ അറബിയിലായിരുന്നത്‌ കൊണ്ടൂം ഞങ്ങൾക്കാകെ അറിയുന്നത്‌ മലയാളം ആയത്‌ കൊണ്ടും എല്ലാം മനസ്സിലായി എന്ന് എല്ലാവരും തലയാട്ടി സമ്മതിച്ചു..,( അതിനു പ്രത്യേക ഭാഷ വേണ്ടല്ലോ..!)

പിന്നീട്‌ കൂട്ടത്തിലുള്ള ഒരു മുൻപ്രവാസി ഇതിന്റെ പരിഭാഷയുടെ സംഗ്രഹം പറഞ്ഞു തന്നില്ലായിരുന്നെങ്കിൽ സുകുമാർ അഴീക്കോടിന്റെ പ്രസംഗം കേട്ട സ്കൂൾ കുട്ടികളുടെ അവസ്ഥയായിപ്പോയേനേ...യേത്‌ .. "ഒന്നുമേ തെരിയാത്‌"

സംഗതി ലളിതം..,(ആ ധാരണ പിന്നീട്‌ തിരുത്തേണ്ടി വന്നു)

ഇവിടെ ഘടിപ്പിച്ചിട്ടുള്ള ഓരോ കൗണ്ടറിനു മുന്നിലും ഈത്തപ്പഴം നിറച്ച ലോറികൾ വന്നു നിൽക്കും..,കൂടെ വരുന്ന തൊഴിലാളികൾ അതെല്ലാം താഴെ ഇറക്കി വെക്കും...,അതിന്റെ ജാതി,മതം, വർഗ്ഗം,എന്നിങ്ങനെ തരം തിരീച്ച്‌ ത്രാസിൽ വെച്ച്‌ തൂക്കാൻ വിധിക്കണം

എന്നിട്ടതിൽ നിന്നും ഇത്തിരി സാമ്പിളെടുത്ത്‌ കൗണ്ടറിനകത്ത്‌ കമ്പ്യൂട്ടറിനു മുന്നിൽ അടയിരിക്കുന്ന മിസ്‌രി ഉദ്യോഗസ്ഥനു കൈമാറണം..അവനത്‌ പ്രത്യേകം സജ്ജമാക്കിയ തട്ടിൽ കവടി നിരത്തുന്നത്‌ പോലെ നിരത്തി കൂട്ടിയും ഗുണീച്ചും പരിശോധിച്ച്‌ "ഗുഡ്‌,"  "മീഡിയം", "ലോ" എന്നിങ്ങനെ പറഞ്ഞ്‌ വില കണക്കാക്കും..,കമ്പ്യൂട്ടർ പ്രസവിക്കുന്ന സ്റ്റിക്കറെടുത്ത്പതിക്കപ്പെടൂന്നതോടേ ഈത്തപ്പഴ ട്രേകൾ ഫോർക്ക്‌ ലിഫ്റ്റിൽ കയറീ അകത്തെ ഫ്രീസർ റൂമിലേക്കും അവിടൂന്നങ്ങോട്ട്‌ ഫാക്ടറീക്കുള്ളിലേക്ക്‌ പോയി ജാം ,സിറപ്പ്‌, പേസ്റ്റ്‌ ....എന്ന് തുടങ്ങി എന്തൊക്കെയോ കുണ്ടാമണ്ടീകൾ ആയി രൂപാന്തരം പ്രാപിച്ചോളും..

ഹാവൂ...ഇത്രയുള്ളോ...പൊതുവെ മടിയന്മാരായ ചിലരുടെ മനസ്സിൽ മേടത്തിൽ പുതുമഴ പെയ്ത പ്രതീതി..,

ഒരോ കൗണ്ടറിലും നാലു പേരെയാണു നിശ്ചയിച്ചിരുന്നത്‌..,എന്റെ കൂടെ മംഗലാപുരക്കാരൻ ഉസ്മാനും ഇടപ്പള്ളിക്കാരൻ സാജു അച്ചായനും എന്റെ തന്നെ നാട്ടുകാരനായ മുഹമ്മദിക്കയും..,പിന്നെ കൗണ്ടറിനകത്ത്‌ പൂച്ചക്കണ്ണൻ മിസ്‌രി അയ്മനും..

താലികെട്ടിനു വരന്റെ സംഘത്തെ കാത്തുനിൽക്കുന്ന വധൂവീട്ടുകാരെപ്പോലെ കുറേ നേരം കാത്തിരുന്നിട്ടും (ഹൗ ജോലിയെടുക്കാനുള്ള ഉത്സാഹമേ...)അന്ന് ഞങ്ങൾക്ക്‌ ലോഡൊന്നും വന്നില്ല..,വന്ന വണ്ടികൾ തന്നെ അപ്പുറത്തും ഇപ്പുറത്തുമുള്ള കൗണ്ടറിൽ കയറി ലോഡിറക്കി മടങ്ങിപ്പോയി....,

പിന്നെയെതു ചെയ്യാൻ..സൊറപറഞ്ഞിരുന്നു..അത്ര തന്നെ..,

ഇത്തിരി അറബി ഭാഷ പഠിക്കാമല്ലോ എന്ന് കരുതി "നാരി നാരി......... നാരി മിൻ ക ലേലോ" പാടിയ ഹിസ്സാം അബ്ബാസിനെക്കുറിച്ചും (അങ്ങോരു മിസ്‌രിയാണ`..) പിരമിഡുകളെക്കുറിച്ചും ഒക്കെ ചോദിച്ചും പറഞ്ഞും ഒടുക്കം മിസ്‌രിയെ മലയാളം പഠിപ്പിക്കും എന്ന  അവസ്ഥയിലായി ...

രണ്ട്‌ മണിയായതോടേ അന്നത്തെ ഡ്യൂട്ടി കഴിഞ്ഞു..,പിന്നെ വീണ്ടും പഴയ ജോലി തന്നെ..യേത്‌..,ഉറക്കം..,അങ്ങനെ അങ്ങനെ ദിവസങ്ങൾ കടന്ന് പോയി..,

ചിലദിവസങ്ങളിൽ ഒന്നോ രണ്ടോ ലോഡുകൾ വരും..,

ഗ്രഹണി പിടിച്ച പിള്ളേരു ചക്കക്കൂട്ടാൻ കണ്ട പോലെ ഞങ്ങളതിൽ കയ്യിട്ട്‌ വാരി കുറച്ച്‌ പോക്കറ്റിലും കുറച്ച്‌ വായിലും ബാക്കിവരുന്നത്‌ ത്രാസിലും വെച്ച്‌ തൂക്കി ഞങ്ങളുടെ ജോലിയങ്ങനെ തകൃതിയായി നടന്ന് പോന്നു..,

ഏകദേശം ഒരാഴ്ച്ച കഴിഞ്ഞതോടേ സംഗതിയുടെ കിടപ്പു വശം ആകെ മാറി മറിഞ്ഞു..,

ചൂട്‌ കൂടുകയും ഈത്തപ്പഴ സീസൺ ആരംഭിക്കുകയും ചെയ്തതോടെ ലോഡും കൊണ്ട്‌ വാഹനങ്ങൾ നിരനിരയായി പ്രവഹിക്കാൻ തുടങ്ങി..,

സീസൺ ചൂട്‌ പിടിച്ചതോടെ ദേശീയ സമ്മേളനത്തിനു പ്രവർത്തകരെ വഹിച്ച്‌ കൊണ്ട്‌ വരുന്ന പോലെ ആയിരക്കണക്കിനു വാഹനങ്ങൾ വന്ന് കാത്തു കെട്ടിക്കിടക്കാൻ തുടങ്ങി..,അതോടെ ഞങ്ങൾക്ക്‌ ഒരു നിമിഷം പോലും വിശ്രമമില്ലാത്ത ജോലിയായി...,(ശരിക്കും പണി കിട്ടി എന്നർത്ഥം..)

ഒരു വണ്ടിയെങ്കിലും വന്നിരുന്നെങ്കിൽ ഇത്തിരി ഈത്തപ്പഴം കഴിക്കാമായിരുന്നു എന്നാശിച്ച ഞങ്ങൾ ഇപ്പോൾ പൊടുന്നനെ ആ ആശകൾ തല്ലിക്കെടുത്തി വേറെ ചില ആശകൾ കാണാൻ തുടങ്ങി.(ചിലപ്പോൾ പ്രാർത്ഥനയുമായി..)

ഈ ത്രാസ്‌ ഒന്ന് കേടായെങ്കിൽ..അല്ലെങ്കിൽ ആ കമ്പ്യൂട്ടറൊന്ന് കേടായെങ്കിൽ...

വാഹനങ്ങളുടേ എണ്ണം ദിനം പ്രതി വർദ്ധിച്ച്‌ കൊണ്ടിരുന്നു..,ഒപ്പം ഞങ്ങളുടെ ജോലിഭാരവും..,

ഇത്രയും കാലം വെറുതെയിട്ട്‌ മൂന്ന് നേരം മ്രഷ്ടാന്ന ഭോജനവും തന്ന് സുഖിപ്പിച്ച്‌ കിടത്തിയ കമ്പനി പകരമായി ആകെ ഇത്തിരിയുള്ള ചോരയും നീരും മൊത്തമായി ഊറ്റിയെടുത്തിട്ടേ വിടൂ..എന്ന് സാജു അച്ചായൻ ഇടക്കിടക്ക്‌ പിറുപിറുക്കുന്നുണ്ട്‌..(അച്ചായാ..പിണങ്ങല്ലേ..)
എനിക്കും അങ്ങനെ തോന്നാതിരുന്നില്ല..,എങ്ങനെ തോന്നാതിരിക്കും..,

ചിരിച്ച്‌ കളിച്ച്‌ തുള്ളിച്ചാടി ജോലിക്ക്‌ വന്നിരുന്നവർ ഇപ്പോൾ ഊരയും താങ്ങിപ്പിടിച്ച്‌ കൊക്കിച്ചാടിയല്ലേ ജോലിക്ക്‌ വരുന്നത്‌..,

ആയിടക്കാണു മട്ടാഞ്ചേരിക്കാരനായ ഒരു സുഹൃത്ത്‌ (പേരു ഓർമയിൽ വരുന്നില്ല..)പുതിയ ഒരു കണ്ടു പിടുത്തം നടത്തുന്നത്‌..,

ഐസക്‌ ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണപ്പോൾ ഭൂഗുരുത്വാകർഷണബലം കണ്ട്‌ പിടിച്ചെങ്കിൽ ഇതിയാന്റെ കാലേൽ ഈത്തപ്പഴം നിറച്ച ട്രേ വീഴേണ്ടി വന്നു എന്ന് മാത്രം..,

യുറേക്കാ..യുറേക്കാ..എന്ന് വിളീച്ച്‌ നഗ്നനായി തെരുവിലൂടെ ഓടുന്നതിനു പകരം ഗുരു തന്റെ ഇഷ്ട ശിഷ്യനു ദിവ്യ മന്ത്രം ചൊല്ലിക്കൊടൂക്കുന്നത്‌ പോലെ അങ്ങേരുടെ പരിചയക്കാരുടെ ചെവിയിൽ അവൻ ഈ ദിവ്യമന്ത്രമോതി..,ആരിലൂടൊക്കെയോ കടന്ന് ആ ദിവ്യമന്ത്രങ്ങൾ എന്റെ ചെവിയിലുമെത്തി..,ജോലിയിൽ ഉണർവ്വ്വും ഉന്മേഷവും പ്രധാനം ചെയ്യുന്ന അത്ഭുതകരമായ ദിവ്യമന്ത്രം..,

ഗുഡ്‌ സർട്ടിഫിക്കറ്റ്‌ കിട്ടാൻ വേണ്ടി ട്രേയുടെ മുകൾ വശത്ത്‌ മാത്രം നല്ല ക്വാളീറ്റിയുള്ള ഈത്തപ്പഴവും താഴെ ചവറു ഈത്തപ്പഴവും നിറച്ച ഒരു ട്രേയാണു ലവന്റെ കാലിലോട്ട്‌ മറിഞ്ഞത്‌..,കാലു ഇത്തിരി നൊന്തു..,എന്നാലെന്താ..കള്ളത്തരം കയ്യോടെ പിടിച്ചില്ലേ..ഞാനിപ്പോൾ കൗണ്ടറിനകത്തിരിക്കുന്ന മിസ്‌രിയോട്‌ പറയുമെന്ന് അവൻ.,
പറയരുത്‌..നിനക്ക്‌ എന്തു വേണമെങ്കിലും തരാം..എന്ന് ലോറിക്കാരൻ..,എന്നാൽ എന്ത്‌ തരും എന്നായി..അവൻ...,ലോറിക്കാരൻ രഹസ്യമായി ഒരു നൂറൂ ദിർഹത്തിന്റെ നോട്ടെടുത്ത്‌ ചുരുട്ടി അവന്റെ കയ്യിൽ വെച്ച്‌ കൊടൂത്തു..,

ഹെന്റെ പൊന്നോ...നൂറു ദിർഹം എന്ന് വെച്ചാൽ ആയിരത്തി ഇരുന്നൂറു ഉരുവ..

അന്ന് തള്ളിയ കണ്ണ` പിന്നെ രണ്ട്‌ ദിവസം കഴിഞ്ഞാണത്രേ അകത്തോട്ട്‌ പോയത്‌..,

അതിനു ശേഷം ദിവ്യമന്ത്രങ്ങൾ അറിഞ്ഞ എല്ലാവരും മുന്നിലേക്ക്‌ വരുന്ന ഓരോ ട്രേയും കയ്യിട്ടും കാലിട്ടും ഇളക്കി മറിച്ച്‌ പരിശോധന തുടങ്ങി..,നിരവധി പെരുങ്കള്ളന്മാർ പലരുടേയും വലയിൽ കുടുങ്ങി..,പിന്നെ അവരോട്‌ വിലപേശലായി..,

ഒരുകിലോ ഗുഡ്‌ ക്വാളിട്ടി അടിക്കുന്ന ഈത്തപ്പഴത്തിനു 14 ദിർഹം വിലയിടൂന്നുവെങ്കിൽ ഒരു കിലോ ലോ ക്വാളിറ്റി ഈത്തപ്പഴത്തിനു വെരും ഒന്നര ദിർഹം മാത്രമാണു വിലയിടുന്നത്‌..,ഭീമാകാരങ്ങളായ ലോറികളിൽ വരുന്ന ടൺ കണക്കിനു ചവറു ഈത്തപ്പഴങ്ങൾ ഒറ്റയടിക്ക്‌ ഗുഡ്‌ ആക്കി വിടൂമ്പോൾ ലോറിക്കാരനു കിട്ടുന്നത്‌ ആയിരങ്ങളൂടെ ലാഭം..,അതിൽ നിന്നും വെറൂം തുച്ഛമായ മുന്നൂറോ അഞ്ഞൂറോ അല്ലേ ഞങ്ങൾ ചോദിക്കുന്നുള്ളൂ..സംഗതി ന്യായം..,ലോഡൂമായി വരുന്നവർക്കും പരാതിയില്ല..,പിന്നെ ആകെയുള്ള ദോഷം എന്താന്ന് വെച്ചാൽ കമ്പനി കുത്തുപാളയെടുക്കും..അതിനു കമ്പനി ഞമ്മന്റെ തറവാട്ടു വഹയൊന്നുമല്ലല്ലോ..!!..

അല്ലേലും നാലു കുരുത്തം കെട്ട മലയാളീസ്‌ കയറീയാൽ ഏതു കമ്പനിയാണൂ കുത്തുപാളയെടുക്കാത്തത്‌..,ഞമ്മന്റെ നാട്ടിലു ഒട്ടുമിക്ക ഫാക്ടറികളിലും ജോലിചെയ്യാൻ വല്ല തമിഴന്മാരെയോ ആന്ധ്രക്കാരെയോ നിർത്തുന്നത്‌ എന്തിനാന്നാ നിങ്ങൾ കരുത്തിയത്‌..,അവർക്കാണെങ്കിൽ സമരവുമില്ല..ധർണ്ണയുമില്ല..,പാർട്ടി പ്രവർത്തനവുമില്ല..കിട്ടുന്ന ശമ്പളം കൊണ്ട്‌ തൃപ്തിപ്പെട്ട്‌ മാനം മര്യാദയായി പണീയെടുത്തോളും..

പിന്നെ പിന്നെ ലോഡുമായി കൗണ്ടറീലേക്ക്‌ കടന്ന് വരുന്ന തൊഴിലാളികളോട്‌ ആദ്യത്തെ ചോദ്യം ഇതാണ`..,ഇതിലെ ഈത്തപ്പഴം മൊത്തം ഗുഡ്‌ ആക്കണോ..?

സ്വാഭാവികമായും അവർ പറയും ഗുഡ്‌ ആക്കണം..,

ഓകെ..എങ്കിൽ എത്ര തരും..

ചോദിച്ച പണം തരുന്നുവെങ്കിൽ എത്ര ചവറു ഈത്തപ്പഴമാണേങ്കിലും (ഇനി വല്ല കല്ലും മണ്ണും ആണെങ്കിൽ തന്നെയും..)നേരത്തെ കരുതി വെച്ച നല്ല ഈത്തപ്പഴം സാമ്പിൾ കോടുത്ത്‌ ഗുഡ്‌ സർട്ടിഫിക്കറ്റ്‌ അടിപ്പിക്കും..,ഞങ്ങളുടെ വിലപേശലിൽ വഴങ്ങുന്നില്ലെങ്കിൽ പിന്നെ എത്രെ നല്ല ഈത്തപ്പഴമാണെങ്കിലും ഒരു പക്ഷേ ലോ സർട്ടിഫിക്കറ്റ്‌ അടിച്ചെന്നുമിരിക്കും..

ആഹാ എന്തൊരു അഴിമതി. സർവ്വത്ര അഴിമതി...,ദൈവത്തിന്റെ സ്വന്തം നാട്ടുകാർക്ക്‌ ജന്മനാ കിട്ടുന്ന വരദാനമാണോ ഇത്‌..

അങ്ങനെ ഒരോ കൗണ്ടറിലും അതിഭയങ്കരങ്ങളായ കുംഭകോണിക്കലുകൾ, തിരിമറികൾ എന്നിവ പതിവായി..,(തിരിച്ച്‌ നാട്ടിൽ ചെന്നിട്ട്‌ രാഷ്ട്രീയത്തിൽ ഒരു കൈ നോക്കണമെന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല)

ഓരോ ദിവസവും പതിവിലും ഉഷാറായി ഓരോരുത്തരും ജോലിക്കെത്താൻ തുടങ്ങി..,ഭൂമികുലുക്കമുണ്ടായാൽ പോലും എട്ടുമണിക്ക്‌ മുന്നേ എഴുന്നേറ്റ്‌ ശീലിക്കാത്തവർ ആറുമണിക്ക്‌ മുന്നേ എഴുന്നെറ്റ്‌ ജോലിക്ക്‌ പോകുന്നു..എന്റെ ദൈവമേ..ഇക്കണക്കിനു പോയാൽ കൊന്ന് കുഴിച്ച്‌ മൂടിയാലും ഇവന്മാരു കൃത്യസമയത്ത്‌ എണീറ്റ്‌ ജോലിക്ക്‌ പോകുമല്ലോ...

ഞങ്ങളുടെ ജോലിയിലെ ആത്മാർത്ഥതയും കൃത്യനിഷ്ഠയും കമ്പനി മുദീറീനു  (മാനേജറെന്നോ.. എം,ഡിയെന്നോ പറയാം)  വരേ നന്നേ ബോധിച്ചു..അങ്ങനെ അദ്ധേഹത്തിന്റെ വകയായി ഓരോ ദിവസവും പത്ത്‌ ദിർഹം വീതം ബോണസ്സായും കിട്ടാൻ തുടങ്ങി..,"ഫൂ പത്തിന്റെ ദിർഹം യാരിക്ക്‌ വേണം.".ഇവിടെ നൂറിന്റെ പെടക്കണ നോട്ടുകളല്ലേ കയ്യിൽ.. കൈനീട്ടി വാങ്ങുമ്പോൾ ഓരോരുത്തരുടെ മുഖത്ത്‌ വിരിയുന്ന ചിരിയുടെ അർത്ഥം ഇതാണെന്ന് മുദീറുണ്ടോ അറീയുന്നു...

പക്ഷേ പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്നാണല്ലോ പ്രണാമം...ഛേ തെറ്റിപ്പോയി .. പ്രമാണം

പിടിക്കപ്പെടുക തന്നെ ചെയ്തു..ഏതൊ ഒരു കുരുത്തം കെട്ടവൻ പരസ്യമായി പണം വാങ്ങുന്നത്‌ വേറൊരു കുരുത്തം കെട്ട മിസ്‌രി കണ്ട്‌ പിടിച്ചു..,രക്ഷപ്പെടാൻ വേണ്ടി അവനു ഷെയർ കൊടുക്കാമെന്നു അവൻ പറഞ്ഞത്രേ..അതോടെ തീയിൽ മണ്ണെണ്ണ ഒഴിച്ച കണക്കായിപ്പോയി..മിസ്‌രി അവനെ തൊണ്ടിസഹിതം മുദീറിനു മുന്നിൽ ഹാജരാക്കി..നീ എന്തിനു പണം വാങ്ങി..,? മുദീറിന്റെ വിചാരണ,..അയാൾ എനിക്കു വെറുതേ തന്നതാണൂ.. അവൻ നിന്നു വിറച്ചു..,

വെറുതേ തരാൻ അയാൾ നിന്റെ ആരാ..? (അമ്മായിയപ്പനാണോന്ന്..)
അയാൾ എനിക്കു "ഹദിയ" (ദാനം..) തന്നതാണു..,

,ഒന്നാമതേ അഴിമതിയെന്ന ലൂസ്‌ ബോള`...പോരത്തതിനു തോണ്ടിസഹിതം ഫുൾടോസുമായി..മുദീറവനെ സ്ഥാവരോം ജംഗമോം ചുരുട്ടിക്കൂട്ടി നാട്ടിലേക്ക്‌ സിക്സറടിക്കുമെന്ന് ഞങ്ങളേല്ലാവരും കരുതി..

"ഹദിയ" എന്ന ഒരൊറ്റ വാക്ക്‌ അവന്റെ നാവിൽ നിന്ന് വീണത്‌ കാരണം ആ ബോളിൽ മുദീർ ബൗൾഡായിപ്പോയി..,ഇസ്ലാം മത പ്രകാരം ഹദിയ(ദാനം..) കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമല്ല..മാത്രമല്ല അത്‌ പ്രോത്സാഹിക്കപ്പെടുന്നതുമാണ`..

ഇനിമേലാൽ ഡ്യൂട്ടിസമയത്ത്‌ ആരിൽ നിന്നും പണം വാങ്ങരുത്‌ എന്ന വാണിംഗ്‌ കൊടുത്ത്‌ അവനെ വിട്ടയച്ചു..,കഷ്ടകാലം വരുമ്പോൾ കൂട്ടത്തോടെ എന്ന് പറഞ്ഞപോലെ അന്ന് വേറൊരു സംഭവം കൂടി നടന്നു..,വേറൊരു കുരുത്തം കെട്ടവന്റെ ഫോർക്ക്‌ ലിഫ്റ്റ്‌ അട്ടിയായി അടുക്കി വെച്ചിരിക്കുന്ന ഈത്തപ്പഴ ട്രേകൾ തട്ടി മറിച്ചിട്ടു.പൂത്തിരി കത്തുന്നപോലെ ഈത്തപ്പഴങ്ങൾ ചിതറി ത്തെറിച്ചു..,.,അതു വഴി പോയ മുദീർ ഇതു കാണുവാനിടയായി..വന്ന് നോക്കുമ്പോൾ ഗുഡ്‌ സർട്ടിഫിക്കറ്റ്‌ അടിച്ച ഈത്തപ്പഴങ്ങൾക്കിടയിൽ ദേ കിടക്കുന്നു........ഒന്നിനും കൊള്ളാത്ത ചപ്പു ചവറു ഈത്തപ്പഴങ്ങൾ..,അതെങനെ വന്നു..,അദ്ധേഹം കൂടൂതൽ തലപുകക്കാൻ നിന്നില്ല..

ഉടൻ തന്നെ സകല കൗണ്ടറിലും പണിയെടുക്കുന്ന മിസ്‌രികളെ വിളിച്ച്‌ വട്ടത്തിൽ നിർത്തി ഒരു "തിരുവാതിര" അങ്ങ്‌ അരങ്ങേറി..തലകുനിച്ച്‌ നിൽക്കുന്ന മിസ്‌രികളെ കണ്ടാലറിയാം അഭിനന്ദനവർഷങ്ങളല്ല..നല്ല മുഴുത്ത്‌ പാകമായ ചീത്തകളും പച്ചത്തെറികളുമാണു ആ വട്ടനിർത്തി സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടുന്നതെന്ന്..

ഇനിയെന്തും സംഭവിക്കും..,ഒന്നുകിൽ എല്ലാവരും ജയിലിൽ അല്ലെങ്കിൽ നാട്ടിൽ.., എല്ലാവരുടെ മുഖവും കർക്കിടകമാസത്തിലെ ആകാശം പോലെ ഇരുണ്ടു..,

പക്ഷേ അന്ന് പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല..തിരുവാതിര കഴിഞ്ഞു ക്ഷീണീച്ച്‌ വന്ന അയ്മൻ മിസ്‌രി കൗണ്ടറിനകത്ത്‌ തലക്ക്‌ കൈയ്യും കൊടുത്ത്‌ ഇരിക്കുന്നത്‌ കണ്ടപ്പോൾ പാവം തോന്നി..,അങ്ങോരെന്ത്‌ പിഴച്ചു..(,പ്രശ്നക്കാർ ഞങ്ങളല്ലേ...)

പിറ്റേന്ന് ഡ്യൂട്ടിക്കെത്തിയ ഞങ്ങളെ എതിരേറ്റത്‌ മിന്നലേറ്റ്‌ കരിഞ്ഞു പോയ കവുങ്ങ്‌ കണക്കെയുള്ള എട്ട്‌ സുഡാനി സെക്യൂരിറ്റിക്കാരായിരുന്നു..,

ഞങ്ങളെ വാച്ച്‌ ചെയ്യാൻ ഓരോ രണ്ട്‌ കൗണ്ടറിനും ഓരോ സെക്യൂരിറ്റി വീതം.ഞങ്ങളുടെ കരുനീക്കങ്ങൾക്ക്‌ മുദീറിന്റെ വക സമർത്ഥമായ മറു നീക്കം..   "ചെക്ക്‌."
.വെച്ചത്‌ കാലാൾ പട കൊണ്ടും..

.,സേതു രാമയ്യർ സി,ബി,ഐ പോലെ അവരങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് വരാന്തയുടെ അളവെടുക്കുന്നു..അങ്ങനെ ഞങ്ങൾക്ക്‌ കുംഭകോണിക്കാനുള്ള എല്ലാ വഴികളും അതി സമർത്ഥമായി അടയ്ക്കപ്പെട്ടു.. ,പണം വാങ്ങുന്നത്‌ പോയിട്ട്‌ എന്തെങ്കിലും ചുമ്മാ ഒന്ന് സം സാരിക്കാൻ ശ്രമിച്ചാൽ തന്നെ ഇവന്മാരു കണ്ണുരുട്ടിക്കാണിക്കാൻ തുടങ്ങും..ആ ഉണ്ടക്കണ്ണുകൾ പിന്നീട്‌ പലരുടെയും സ്വപ്നങ്ങളിൽ പോലും കടന്ന് വന്നുവത്രേ..

പണം വാങ്ങുന്നത്‌ കണ്ട്‌ പിടിച്ച്‌ മുദീറിനോട്‌ ഒറ്റിക്കൊടുത്ത മിസ്‌രിയെ കടിച്ച്‌ കീറാനുള്ള ദേഷ്യമുണ്ട്‌ എല്ലാവർക്കും..പക്ഷെ എന്തു ചെയ്യാം..ഇപ്പോൾ അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ എരിതീയിൽ എണ്ണ ഒഴിക്കുന്നത്‌ പോലാവും..

അങ്ങനെയിരിക്കെ അതിനൊരു വഴി തെളിഞ്ഞു വന്നു..

അതെന്താണെന്ന് അടുത്ത ഭാഗത്തിൽ വിവരിക്കാം..

                                                                                                           
                                                                                                            തുടരും


ഇതൊക്കെ വെളിപ്പെടുത്തിയിട്ട്‌ ഇനിയെങ്ങാനും അബൂദാബിയിൽ ചെന്നിറങ്ങുമ്പോൾ എന്നോട്‌ സ്നേഹം കൂടിയിട്ട്‌ പിടിച്ച്‌ ജെയിലിനകത്ത്‌ ജോലി തന്ന് പെർമനന്റാക്കുമോ..എന്തോ..?

"ഈത്തപ്പഴങ്ങൾ" ചില മനോഹരമായ ദ്രശ്യങ്ങൾ കാണാൻ ഇവിടെ ക്ലിക്ക്‌ ചെയ്യുക...

....................................................................................................................................................................
Related Posts with Thumbnails

Related Posts with Thumbnails