ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2010, ഫെബ്രുവരി 8, തിങ്കളാഴ്‌ച 9 അഭിപ്രായ(ങ്ങള്‍)
Bookmark and Share

എന്റെ അബുദാബി വാസക്കാലത്തെ ചില സുന്ദര നിമിഷങ്ങളിലേക്കു ഒരിക്കൽ കൂടി ചുമ്മാ ഒന്ന് പോയി കറങ്ങി ത്തിരിച്ചു വരാൻ ശ്രമിക്കുകയാണിവിടെ..

കാമ്പും കഴമ്പും ഒന്നും ഒന്നുംകണ്ടെന്നു വരില്ല..

ഒരു സാധാരണക്കാരന്റെ ആദ്യത്തെ ഗൾഫ്‌ യാത്ര, അവൻ കാണുവാനിടയുള്ള പുതുമയുള്ള കാഴ്ച്ചകൾ, പുതുമയുള്ള അനുഭവങ്ങൾ,അങ്ങനെ കണ്ടാൽ മതി...

മനസ്സിൽ ഒരു ഡയറിക്കുറിപ്പ്‌ പോലെ കോറിയിട്ടതിൽ ചിലത്‌ കോപ്പി ആന്റ്‌ പേസ്റ്റ്‌ ചെയ്യുകയാണിവിടെ...

....................................................................................................................................................................

നെടുമ്പാശ്ശേരി എയർ പോർട്ട്‌,...

എമിഗ്രേഷൻ ക്ലിയറൻസും ബോർഡിംഗ്‌ പാസ്സും എടുത്ത്‌ ലോബിയിലേക്ക്‌ കടക്കുവാൻ വീണ്ടുമൊരു പരിശോധന..,ഒരു ലൈനിൽ ഞാനും ഇടം പിടിച്ചു..,തൊട്ടടുത്ത ലൈനിൽ ഞങ്ങളുടെ സംഘത്തിലെ എനിക്ക്‌ പരിചയമുള്ള ഏക മുഖം തളിപ്പറമ്പ്‌ സ്വദേശി റഷീദും..,

അബൂദാബി എമിറേറ്റ്സ്‌ ഡേറ്റസ്‌ (ഈത്തപ്പഴമേ..) ഫാക്റ്ററിക്ക്‌ വേണ്ടി സീസൺ വർക്കിന` അബൂദാബിയിലേക്കു പറക്കാനെത്തിയ ഇരുന്നൂറോളംവരുന്ന ഒരു സംഘത്തിലെ കണ്ണികളാണു ഞങ്ങൾ..,

ജീവിതത്തിലെ ആദ്യ വിമാനയാത്രക്ക്‌ ആകാംക്ഷ ഭരിതമായ മനസ്സോടെ കാത്തിരിക്കുകയാണു ഞങ്ങൾ,

അധികം തിരക്കൊന്നുമില്ല..

തോക്കും പിടിച്ച്‌ തൊട്ടപ്പുറത്ത്‌ നിൽക്കുന്ന ഉത്തരേന്ത്യക്കാരനായ പോലീസുദ്യോഗസ്ഥന്റെ കുടവയറിലും താടിയെല്ലിന്റെ തൊട്ട്‌ മേലെയുള്ള കറുത്ത മറുകിലുമൊക്കെ വെറുതെ എന്റെ കണ്ണുകൾ കറങ്ങി നടക്കുകയായിരുന്നു..,അപ്പോഴാണു എന്റെ മൊബെയിൽ റിംഗ്‌ ചെയ്തത്‌..

ആരാണപ്പാ..ഈ നേരത്ത്‌ എന്നു കരുതി ഫോണെടുത്ത്‌ നോക്കി.. തൊട്ടടുത്ത ലൈനിൽ നിൽക്കുന്ന റഷീദാണ`..

നേരിട്ട്‌ സം സാരിക്കാൻ തക്ക അകലത്തിൽ നിൽക്കുന്ന അവനെന്തിനു കോൾ ചെയ്യണം.,ഞാൻ അവനെ നോക്കി..,

ഫോൺ അറ്റന്റ്‌ ചെയ്യാൻ ആംഗ്യ ഭാഷയിൽ കാണിക്കുന്നു..ഇവന്റെയൊരു കാര്യം..

ഞാൻ ഫോണെടുത്ത്‌ ചെവിയിൽ വെച്ചതും പതിഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞു

"നീ നിന്റെ പുറകിലേക്കൊന്നു നോക്ക്‌" ഞാൻ ഒഴുക്കൻ മട്ടിൽ പുറകിലേക്കൊന്നു തിരിഞ്ഞു നോക്കി..,നല്ല അടിപൊളിയൊരു ചരക്ക്‌..ടൈറ്റ്‌ ഫിറ്റ്‌ ജീൻസും ടീഷർട്ടുംധരിച്ച്‌ അവളങ്ങനെ വളഞ്ഞു പുളഞ്ഞു പോസ്‌ ചെയ്തു നിൽക്കുന്നു,.

ഒറ്റ യാത്ര കൊണ്ട്‌ സകല മാന പ്രദേശങ്ങളിലും പര്യടനം നടത്തി എന്റെ കണ്ണുകൾ യഥാസ്ഥാനത്ത്‌ തിരിച്ചു വന്നു..

എറണാകുളത്ത്‌ ചെന്നാൽ വിശേഷിച്ച്‌ കൊച്ചിയിൽ ഇത്തരം കാഴ്ചകൾ അത്ര പുതുമയുള്ളതൊന്നുമല്ല..

"എടാ ഇതു പറയാനാണോ വെറുതെ മൊബെയിലിലെ റുപ്പീസ്‌ കത്തിച്ചു കളഞ്ഞത്‌..,"

"നിനക്കെന്തിന്റെ സൂക്കേടാ..ഒരു പെണ്ണിനെ പോലും വെറുതെ വിടൂല്ലാല്ലേ.."

ഞാൻ സ്വരം കനപ്പിച്ച്‌ വല്ല്യ പുണ്യാളനായി..

"എടാ അതല്ല കമ്പറേ..അതാരാണെന്നു മനസ്സിലായോ നിനക്ക്‌..എടാ... അതാണു നമ്മുടെ ചിങ്ങമാസം..."

"ഏത്‌ ചിങ്ങമാസം".. എനിക്കു മിന്നിയില്ല..

"എടാ ...പൊട്ടാ.. മീശമാധവനിൽ ദിലീപിന്റെ കൂടെ ..ഡാൻസ്‌ ..ഓർമയില്ലേ.."

"ഓ.. ആ...ചിങ്ങമാസം..''എനിക്കു ഇപ്പോൾ മിന്നി...

ദിലീപിന്റെ മീശമാധവനിൽ ഒരു ഡാൻസ്‌ അവതരിപ്പിച്ച്‌ മലയാളികളുടെ മനസ്സിൽ ഇടം നേടിയ സാക്ഷാൽ ജ്യോതിർമയി ആണു എന്റെ തൊട്ടു പിറകിൽ നിൽക്കുന്നത്‌..,

മനപ്പൂർവ്വമല്ലെന്ന് തോന്നിക്കുമാറ` ഒന്നു പുറകോട്ട്‌ തിരിഞ്ഞു , ഹാന്റ്‌ ബാഗ്‌ വെറുതെ നിലത്ത്‌ വെച്ച്‌ കുനിഞ്ഞ്‌ എടുക്കാൻ, മറ്റാരെയോ തിരയുന്നപോലെ ....അങ്ങനെ രണ്ട്‌ മൂന്ന് നോട്ടങ്ങൾ ഞാൻ പിറകിലേക്ക്‌ പാസാക്കി..സംഗതി സത്യം തന്നെ..

അവർക്ക്‌ എന്റെ കോപ്രായങ്ങൾ പിടികിട്ടിക്കാണണം..

നാലാമതൊന്ന് നോക്കാൻ ശ്രമിക്കവേ അവരെന്നെ പിടികൂടി..അവരെന്റെ മുഖത്തേക്ക്‌ നോക്കി..,ഞാൻ പെട്ടെന്ന് മുഖം തിരിച്ചു...അയ്യേ.. അവരെന്തു കരുതിക്കാണും..എനിക്കാകെ വല്ലാതായി..

എന്തു കരുതാൻ.. പിന്നേ.. സിനിമാ നടിയായാൽ എല്ലാവരു നോക്കും അതിലെന്താ ഇത്ര വലിയ തറ്റ്‌.. എന്നു സ്വയം ആശ്വസിപ്പിച്ചു.. വീണ്ടും ഒന്നു കൂടെ നോക്കുക തന്നെ..അങ്ങനെ തീരുമാനിച്ചുറപ്പിച്ച്‌ ചുളുവിൽ ഒന്ന് തലതിരിച്ചതേയുള്ളൂ...

അവരെന്നെ നോക്കി..കണ്ണുകൾ തമ്മിലുടക്കി..,അതിന്റെ നക്ഷത്രത്തിളക്കത്തിൽ എന്റെ കണ്ണ` മഞ്ഞളിച്ച്‌ പോയോന്നൊരു സംശയം..,

ചുണ്ടുകളിൽ ചെറിയ ഒരു മന്ദഹാസം വിരിഞ്ഞു.,കവിളിൽ ചെറിയ ഒരു നുണക്കുഴിയും...പിന്നെ വാക്കുകൾ മെല്ലെ പുറത്തേക്ക്‌ വന്നു..

ഹലോ...

എന്റെ ദൈവമേ.. ജീവിതത്തിലാദ്യമായി ഒരു സിനിമാ നടി എന്റെ മുഖത്ത്‌ നോക്കി എന്നോട്‌ ഹലോ എന്നു പറയുന്നു..എനിക്കിനി ചത്താലും വേണ്ടീല്ല എന്ന അവസ്ഥയിലായി പ്പോയി ഞാൻ..,

ഞാനും പറഞ്ഞു ഹലോ...

എങ്ങോട്ട്‌ പോകുന്നു ഉടനെ ഞാനൊരു ചോദ്യവുമെറിഞ്ഞു...

ചെന്നൈ..അവർ മനോഹരമായി ചിരിച്ചു (എന്തിനാണാവോ....?)

കൂടെയാരുമില്ലേ..ഞാൻ ചികഞ്ഞ്‌ കയറാൻ നോക്കി

''യെസ്‌ ഇവറുണ്ട്‌ '' അതും പറഞ്ഞ്‌ പുറകിൽ നിൽക്കുന്ന സ്ത്രീയെ നോക്കി..,

അതാരാണെന്ന് ചോദിക്കണമെന്ന് വിജാരിച്ചു..പിന്നെ തോന്നി വേണ്ടാന്ന് കൂടുതൽ കുത്തി കുത്തി ചോദിച്ചാൽ അതവർക്കിഷ്ടപ്പെട്ടില്ലങ്കിലോ..അമ്മയായിരിക്കാം..

മീശമാധവൻ ഞാൻ കണ്ടെന്നും അതിലെ ഡാൻസ്‌ രംഗം മനോഹരമായെന്നും തുടങ്ങി എന്തൊക്കെയോ ഒക്കെ ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞു തീർത്തു..,

താങ്ക്സ്‌... അവർ വീണ്ടും ചിരിച്ചു..

ഞങ്ങളുടെ സംസാരം അപ്പുറത്തും ഇപ്പുറത്തും ലൈനിൽ നിൽക്കുന്നവരൊക്കെ ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്കു മനസ്സിലായി.റഷീദിനാണെങ്കിൽ ലൈനിൽ നിന്നിട്ട്‌ ഇരിപ്പുറക്കുന്നില്ല... അവനു ഈ ലൈനിലോട്ട്‌ ചാടണം

പുറകിൽ നിൽക്കുന്നവരോ പോലീസോ കൊങക്ക്‌ പിടിച്ചാലോ എന്നു കരുതിയാണു ആ ആഗ്രഹം വേണ്ടാന്ന് വെച്ചിരിക്കുന്നതെന്ന് അവന്റെ മുഖം കണ്ടാലറിയാം..

ഞങ്ങൾ പരിശോധന കഴിഞ്ഞ്‌ ലോബിയിലേക്ക്‌ കയറി., ഫ്ലൈറ്റ്‌ വരാൻ ഇനിയും സമയമെടുക്കും..അവർ വിശാലമായ ലോബിയിലൂടെ മുന്നോട്ട്‌ നടന്നു..കൂടെ ഞാനും...

ഒരു സിനിമാ നടിയിതാ വരുന്നു...ലോബിയിലിരിക്കുന്ന എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്‌.., ജ്യോതിർമയിയെ എല്ലാവർക്കുമറിയാം..പക്ഷേ കൂടെ നടന്നു വരുന്നതാര`..,ഭർത്താവോ ..?അതോ...കമുകനോ..? (എന്റെ ഓരോ ആശകളേ...)ഛേയ്‌....ഈ നരുന്ത്‌ പയ്യനോ...ചിലർ നെറ്റി ചുളിച്ചു..,

ഞാൻ തെല്ല് ഗൗരവം അഭിനയിച്ച്‌ നടത്തത്തിനൊരു എക്സിക്യൂട്ടീവ്‌ ശൈലിയൊക്കെ വരുത്തി..,( കാണുന്നവർക്കൊരു ചന്തം തോന്നിക്കോട്ടേന്ന് ...)

എന്തു ശെയ്യുന്നു..?നടത്തത്തിനിടയിൽ അവരെന്നോട്‌ ചോദിച്ചു..

അബൂദാബി ശൈഖിന്റെ വലം കൈ,ഇടം കൈ, ഇതിലേതെങ്കിലും ഒന്നു പറഞ്ഞാലോ...ഞാൻ ശങ്കിച്ചു..,വേണ്ട നുണയാണെങ്കിലും കൊക്കിലൊതുങ്ങുന്നതേ പറയാവൂ എന്നാണല്ലോ ചൊല്ല് ( ഉണ്ടോ..ആവോ..)

ആർക്കും ദോശമുണ്ടാക്കാത്ത മറ്റൊരു പെരും നുണ ഞാനങ്ങു പൊട്ടിച്ചു.

.ഞാൻ അബൂദാബി എമിരെറ്റ്സ്‌ ഡേറ്റസ്‌ ഫാക്ടറിയിലെ മാനേജരാണ`..(അവിടത്തെ ഒരു സാധാ തൊഴിലാളിയാണു ഞാൻ എന്നത്‌ എങ്ങനെ പറയും...ഓ..പിന്നെ മാനേജരും ഒരു തൊഴിലാളി തന്നെയല്ലേ..)

അവർ വിശ്വസിച്ചോ എന്തോ.. ഞാൻ ഇടം കണ്ണിട്ട്‌ നോക്കി..പ്രത്യേകിചൊരു ഭാവമാറ്റവും കാണുന്നില്ല..(ഇതല്ല ,,ഇതിലപ്പുറവും കേട്ട്‌ തഴമ്പിച്ചതാണെന്നുള്ള ഒരു പുഛ ഭാവം ആ മുഖത്തുണ്ടോ..?)

അപ്പോഴതാ സ്വർഗ്ഗത്തിലെ കട്ടുറുമ്പായി അനൗൺസ്‌മന്റ്‌..,

ചെന്നൈയിലേക്കുള്ള ഇന്ത്യൻ എയർ ലൈൻസ്‌ വിമാനം പുറപ്പെടാൻ റെഡിയായി നിൽക്കുന്നു..,

ഈ ഇന്ത്യൻ എയർ ലൈൻസുകാരെ കൊണ്ട്‌ തോറ്റു..

അല്ലാത്ത സമയങ്ങളിൽ മൂന്നും നാലും മണിക്കൂർ ലേറ്റാകുന്നതാണു.. ഇന്നതാ കുരുത്തം കെട്ടവൻ കൃത്യ സമയത്ത്‌ തന്നെ വന്നിരിക്കുന്നു..എനിക്കാകെ ചൊറിഞ്ഞു കയറി..അതിന്റെ ടയറൊന്നു പഞ്ചറായെങ്കിൽ എന്നു ഞാൻ അറിയാതെ പ്രാർത്ഥിച്ചു പോയി..

ഓ..കെ.സീ..യു എന്ന് പറഞ്ഞ്‌ അവർ എന്റെ നേരെ കൈ നീട്ടി..

ഞാനും കൈ നീട്ടി..

മൃദുലമായ കൈകൽ എന്റെ ഉള്ളം കൈയ്യിൽ നിന്നു പിടച്ചുവോ...

ഓ..കേ...ബൈ.. സീ..യു

എന്റെയുള്ളിൽ ഭയങ്കരമായ ഇടിവെട്ടി...മിന്നെറിഞ്ഞു....മഴപെയ്തു...

ഞാനെന്റെ കയ്യിലേക്ക്‌ നോക്കി...,സിനിമാ നടി ജ്യോതിർമയിക്ക്‌ ഷേക്ക്‌ ഹാൻഡ്‌ കൊടുത്ത എന്റെ വലം കൈ..

വെട്ടിയെടുത്ത്‌ ഫ്രെയിം ചെയ്ത്‌ പെട്ടിയിൽ  പൂട്ടി സൂക്ഷിച്ചാലോ..എന്നേനിക്കു തോന്നി

അല്ലെങ്കിൽ വേണ്ട ഉണ്ണാൻ നേരം കൈ കണ്ടില്ലേൽ അമ്മ വഴക്കു പറഞ്ഞാലോ.....

അവരും കൂടെ വന്ന എസ്കോർട്ട്‌ ചേച്ചിയും നടന്ന് നീങ്ങി...

അണ്ടി പോയ അണ്ണാനെ പ്പോലെ ഞാൻ നിന്നു..

ക്ലിയറൻസും കഴിഞ്ഞ്‌ ഓടിക്കിതച്ച്‌ റഷീദ്‌ എന്റെ അടുത്തെത്തി ചോദിച്ചു..

നിനക്കവരെ നേരത്തെ പരിജയമുണ്ടോ..?( ങ്ങേ..എന്റെ അമ്മായിയുടെ മോളല്ലേ നേരത്തേ പരിചയം കാണാൻ..ഒന്നു പോടാപ്പാ....)

എന്തിനാ അവനെ നിരാശപ്പെടുത്തുന്നത്‌..

"അറിയാം.'.ഞാൻ പറഞ്ഞു

മറ്റൊരു നുണ ബോംബ്‌ അവനും ഇരിക്കട്ടെ..

''എങ്ങനെ.''.അവനു ആകാംക്ഷയായി

അതിനു മറുപടി പറയണമെങ്കിൽ ഭയങ്കരങ്ങളായ വേറെയും നുണകൾ ഉണ്ടാക്കിയെടുക്കണം.അതിനു ഇത്തിരി സമയമെടുക്കും...

''അതൊക്കെയുണ്ട്‌ മോനേ..'''.വളരെ വലിയ കഥയാണു.. ഇപ്പോൾ സമയമില്ല.. നിനക്ക്‌ ഞാൻ പിന്നെ പറഞ്ഞു തരാം....''

അവനെന്നെ നിർത്തിപ്പൊരിക്കാൻ തുടങ്ങുന്നതിനു മുമ്പ്‌ ഞാൻ അടവ്‌ പയറ്റി തടിയൂരി..

(അവന്റെ ശല്യം സഹിക്ക വയ്യാതെ ഒടുക്കം ഉണ്ടായ സംഭവമൊക്കെ പറഞ്ഞ്‌ നാണം കെടുത്തല്ലെന്ന് പറഞ്ഞ്‌ കാൽക്കൽ വീണത്‌ പിന്നത്തെ കഥ..)

ലോബിയിലെ സോഫയിൽ ചെന്നിരുന്നു..ആളുകൾ എന്നെ ശ്രദ്ധിക്കുന്നു.ഞാൻ ഗമയോടെ ഒന്നമർന്നിരുന്നു..

ആളുകൾ എന്തും വിചാരിക്കട്ടെ..

ഒറ്റ നിമിഷം കൊണ്ട്‌ സീറോയിൽ നിന്ന് ഹീറോയിലേക്കെത്തുന്നതിന്റെ സുഖം ആസ്വദിച്ചു കൊണ്ട്‌ ഞാനിരുന്നു..

വഴിയിൽ വെച്ച്‌ കണ്ട ഏതോ ഒരു വായി നോക്കിയെ ആരാധകനെന്നു കരുതി ഒരു കുശല സംഭാഷണം നടത്തുന്നു.. അതും കേവലം അഞ്ചോ പത്തോ മിനുട്ട്‌... എന്നതിൽ കവിഞ്ഞ്‌ ഞാനും ജ്യോതിർ മയിയും തമ്മിൽ ഒരു ബന്ധവുമില്ലാന്ന് ഈ മണ്ട കുശ്മാണ്ടികൾക്കറിയില്ലാല്ലോ....

അബൂദാബിയിലേക്കുള്ള എന്റെ യാത്ര ഇവിടെ തുടങ്ങുന്നു...അബൂദാബി ഡെയ്സ്‌ ബാക്കി ഭാഗങ്ങൾ ഉടൻ പ്രതീക്ഷിക്കാം....
Related Posts with Thumbnails

Related Posts with Thumbnails