ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2010, ഏപ്രിൽ 9, വെള്ളിയാഴ്‌ച 20 അഭിപ്രായ(ങ്ങള്‍)
Bookmark and Share


 കുസ്രതികളും മണ്ടത്തരങ്ങളും ഒക്കെ ക്കാണിച്ച് കുട്ടിട്രൌസറുമിട്ട് വിദ്യ അഭ്യസിക്കാൻ പോയ ആ പഴയ കാലം.., ഓർമ്മകളുടെ ഇതളുകൾ മറിച്ച് നോക്കുമ്പോൾ കണ്ണിൽ നനവ് പടർത്തുന്ന ചില ചിത്രങ്ങൾ..,നഷ്ടപ്പെടലിന്റെ നൊമ്പരങ്ങൾ..,ഹാവൂ...എത്രപെട്ടെന്നാണു ആ വസന്തകാലം ഇനിയൊരിക്കലും തിരിച്ച് വരാത്ത അകലത്തിലേക്ക് നമ്മെ ഇട്ടേച്ച് പോയത്..,ആ കാലം എന്നിൽ ബാക്കി വെച്ച ഓർമ്മകളിൽ നിന്ന് ഒരു ചെറിയ ചീന്ത്  വായനക്കാരുമായി ഇവിടെ പങ്ക് വെക്കുന്നു..,
                              
                     മലപ്പുറം ജില്ലയിലെ ഹാജിയാർ പള്ളി , മുതുവത്തുമ്മൽ എ,എൽ,പി സ്ക്കൂൾ..., എന്റെ പ്രാഥമിക വിദ്യാഭ്യാസ കളരി..,അന്നും ഇന്നും എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരായിരുന്ന ഒത്തിരി അദ്ധ്യാപകർ ഉണ്ടായിരുന്നു ഈ സ്കൂളിൽ..,വിടർന്ന് നിൽക്കുന്ന മുല്ലപ്പൂക്കൾക്ക് നടുവിലെ റോസാപ്പൂക്കൾ പോലേ  ഒരുപാട് മുഖങ്ങൾ...  .,എന്നിൽ വിദ്യയുടെ  തിരിനാളം കൊളുത്തിയ ഞാനേറെ ഇഷ്ടപ്പെടുന്ന എന്റെ പ്രിയ അദ്ധ്യാപകർ..,അവിടെ എന്നെ അറിവിന്റെ  ലോകത്തേക്ക് കൈപിടിച്ചുയർത്താൻ തൊണ്ടയിലെ നീരു വറ്റിച്ച എല്ലാ ഗുരുക്കന്മാർക്കും നല്ലത് വരുത്തണേ എന്ന് പ്രാർത്ഥിച്ച് കൊണ്ട്......
                 
                          ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുന്ന കാലം..,ആയിടക്ക`  കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന യുറീക്ക വിഞ്ജാന പരീക്ഷ മലപ്പുറം മുണ്ട് പറമ്പിലുള്ള ഗവണ്മെന്റ് കോളേജിൽ വെച്ച് നടക്കുകയുണ്ടായി..,വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾക്കൊപ്പം പരീക്ഷ എഴുതാൻ ഞങ്ങളുടെ സ്കൂളിൽ നിന്നും മിടുക്കന്മാരും മിടുക്കികളുമായ ഒത്തിരി കുട്ടികളും പോയി..,എങ്ങനെയൊക്കെയോ ആ കൂട്ടത്തിൽ ഈയുള്ളവനും ഉൾപ്പെട്ടു..,  പരീക്ഷയുടെ അന്ന് അതിരാവിലെ തന്നെ കുളിച്ചൊരുങ്ങി സ്കൂളിലെത്താനായിരുന്നു അറിയിപ്പ്..,ചിലപ്പോൾ വൈകുന്നേരം വരെ പരീക്ഷ ഉണ്ടാകാം എന്നുള്ളത് കൊണ്ട് ഉച്ച ക്കുള്ള ഭക്ഷണം കയ്യിൽ കരുതണം എന്ന് പ്രത്യേകം പറഞ്ഞിരുന്നു..,
                     
                            അങ്ങനെ ആ ദിവസം വന്നെത്തി.., ആഹ്ലാദത്തോടെ കുളിച്ചൊരുങ്ങി റെഡിയായി..,അതിരാവിലെ തന്നെ ആയത് കൊണ്ടാവാം   കൊണ്ട് പോകാനുള്ള ഭക്ഷണം വീട്ടിൽ ഉണ്ടാക്കി വരുന്നതേയുള്ളൂ..,അത് തയ്യാറാകുന്നത്  വരെ കാത്തിരിക്കാനും സമയമില്ല..,അവസാനം എന്റെ സ്നേഹനിധിയായ ഉമ്മ ഒരു പോംവഴി കണ്ടെത്തി..കുറച്ച് പൈസ എന്റെ കയ്യിൽ തന്നു.,ഏതായാലും ടൌണിലോട്ടല്ലേ പോകുന്നത്..,ഉച്ചക്ക് ഏതെങ്കിലുമൊരു ഹോട്ടലിൽ നിന്നു ഭക്ഷണം വാങ്ങിക്കഴിച്ചാൽ മതിയല്ലോ..സംഗതി കൊള്ളാമെന്നെനിക്കും തോന്നി..,
                         
                           അങ്ങനെ ഞങ്ങൾ മുണ്ട് പറമ്പ് കോളേജിലെത്തി.,രണ്ടോ മൂന്നോ നിലകളിലായി ഉയർന്നു നിൽക്കുന്ന ഒരു  കൂറ്റൻ കെട്ടിടം,,ഞാനാദ്യമായാണു ഇത്രയും വലിയ കെട്ടിടം കാണുന്നത് തന്നെ..,നീണ്ട് കിടക്കുന്ന ഇടനാഴികളും വിശാലമായ ക്ലാസ്സ് മുറികളും എന്നിൽ അത്ഭുതം നിറച്ചു..,അവിടത്തെ ചേച്ചിമാരും ചേട്ടന്മാരും ഞങ്ങളെ സന്തോഷത്തോടെ സ്വീകരിച്ചു..,പലരും പല വിശേഷങ്ങളും ചോദിച്ച് അടുത്ത് കൂടി..,ഏറേത്താമസിയാതെ പരീക്ഷ തുടങ്ങി..വളരെ രസകരവും വിഞ്ജാനപ്രദവുമായിരുന്ന അനുഭവമായിരുന്നു അത്.,ഞങ്ങളെല്ലാവരും ആവേശത്തോടേ അതിൽ പങ്ക് കൊണ്ടു...,അങ്ങനെ നേരം ഉച്ചയോടടുത്തു..,ചെറിയ ഇടവേളക്ക് ശേഷം വീണ്ടും പരീക്ഷയുണ്ട്..,
                         
                            എല്ല്ലാവരും പുറത്തിറങ്ങി കൈ കഴുകി വന്ന് ഭക്ഷണം കഴിക്കാനുള്ള തയ്യാറെടുപ്പിലാണ`....,എന്ത് ചെയ്യണമെന്നറിയാതെ ഞാൻ  വരാന്തയിലേക്കിറങ്ങി..,എല്ലാവരും ഭക്ഷണം കൊണ്ട് വന്നിട്ടുണ്ട്..ഞാൻ മാത്രം......ഒരു ഹോട്ടൽ അന്വേഷിച്ച് കണ്ട് പിടിക്കാൻ ഒരാളെയെങ്കിലും കൂട്ടിനു കിട്ടിയെങ്കിൽ..,കോളെജിനു ചുറ്റും വിശാലമായ മൈതാനമാണു..അവിടെ  ഉച്ച വെയിൽ നിന്നു തിളക്കുന്നു..,അതും കടന്ന് റോഡിലേക്ക് പോയാൽ ഹോട്ടൽ കാണാതിരിക്കില്ല..,പക്ഷേ ഒറ്റക്ക് പോകാൻ പേടി..,വല്ല കൊള്ളക്കാരും വന്ന് തട്ടിക്കൊണ്ട് പോയാലോ..(  അന്ന് ഞങ്ങൾ കുട്ടികൾ ക്കിടയിൽ വെളുത്ത കാറുകളിൽ കയറി വരുന്നവർ  കൊള്ളക്കാരാണെന്നും അവർ കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ നടക്കുന്നവരാണെന്നും ഉള്ള സംസാരമുണ്ടായിരുന്നു....)  എന്ത് ചെയ്യണമെന്നറിയാതെ ഞാൻ വരാന്തയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു..,പരീക്ഷക്ക് പോകുന്ന ഉത്സാഹത്തിൽ രാവിലെ വീട്ടിൽ നിന്നും അത്രകാര്യമായൊന്നും കഴിച്ചിട്ടുമില്ല..അതിനാൽ നല്ല വിശപ്പുമുണ്ട്..,  വരാന്തയിലെ ഒരു തൂണിനു ഓരം പറ്റി ഞാൻ നിന്നു..,വിശപ്പും സങ്കടവും ഒക്കെയായി ഞാൻ ഇപ്പോ കരയും എന്ന അവസ്ഥയിലായി..അതോ കരഞ്ഞോ...ആ  എനിക്കോർമ്മയില്ല..,
                         
                         കുറെ നേരം അങ്ങനെ നിന്നു കാണും..,പെട്ടെന്ന് എന്റെ തോളിൽ ഒരു മാർദ്ദവവുള്ള കൈ സ്പർശിച്ചു..,ഞാൻ തിരിഞ്ഞ് നോക്കി..  ഗീത ടീച്ചർ..,
“എന്താ മോനേ ഭക്ഷണം കഴിച്ചില്ലേ..“ സ്നേഹ സമ്രണമായ വാക്കുകൾ..
ഞാൻ നിറഞ്ഞ കണ്ണുകളോടേ  ഒറ്റ ശ്വാസത്തിൽ കാര്യമങ്ങ് പറഞ്ഞ് തീർത്തു..,അവസാനം ഞാനൊന്ന് വിങ്ങിപ്പൊട്ടിയോ..
“സാരമില്ലാട്ടോ.“   .ടീച്ചർ എന്നെ സമാശ്വസിപ്പിച്ചു..
“ദേ ഇവിടെ നിൽക്ക് ഞാനിപ്പൊ വരാം കേട്ടോ     .“..
എന്നും പറഞ്ഞ് ടിച്ചർ വേഗത്തിൽ നടന്ന് പോയി..,
ഞാൻ ടീച്ചർ പോയ വഴിയേ നോക്കി നിന്നു..,അധികം വൈകിയില്ല ..,കയ്യിൽ ഒരു ചോറ്റുപാത്രവുമായി ടീച്ചർ എന്റെ മുന്നിലേക്കവതരിച്ചു..,
സജലങ്ങലായ കണ്ണുകളോടെ ഞാൻ ടീച്ചറെ നോക്കി..
“അയ്യേ.....എന്തായിത് ...നല്ല കുട്ടികളിങ്ങനെ കരയാൻ പാടുണ്ടോ..ഇന്നാ ഇത് പിടിക്ക് ..വേഗം പോയി കൈ കഴുകി വന്ന് ഇത് കഴിച്ചേക്ക്..“,
ടീച്ചറുടെ വാക്കുകൾ എന്റെ കാതിൽ തേന്മഴയായി പെയ്തു..,
ഉത്സാഹത്തോടേ കണ്ണുകൾ തുടച്ച് ഞാൻ കൈ കഴുകാനോടി,..,മറ്റുള്ളവർക്കിടയിൽ ചെന്നിരുന്ന് ഞാൻ സന്തോഷത്തോടെ ഭക്ഷണം കഴിക്കാനാരംഭിച്ചു..,ഇടക്ക് എന്തിനെന്നറിയാതെ കണ്ണുകൾ നിറയുന്നു..,നല്ല രുചികരമായ ഭക്ഷണം..അന്ന് വരെ ഞാൻ അത്ര രുചികരമായ ഭക്ഷണം കഴിച്ചിട്ടില്ല.., ഇടക്കെപ്പോഴൊ എന്റെ കണ്ണുകൾ വാതിലിനടുത്തേക്ക് നീണ്ടു..എന്നെത്തന്നെ നോക്കിക്കൊണ്ട് ടീച്ചർ അവിടെ നിൽക്കുന്നുണ്ട്..,ആ കണ്ണുകൾ നിറഞ്ഞിരുന്നുവോ..,ഉണ്ടെങ്കിൽ എന്തിനു വേണ്ടി.... പിന്നീടൊരിക്കൽ കൂടി നോക്കി..,ടീച്ചർ അവിടെ നിന്നും പോയ്ക്കഴിഞ്ഞിരുന്നു..,
                
                    വയറുനിറഞ്ഞു..,പാത്രം കഴുകുന്ന വേളയിൽ മറ്റ് കുട്ടികൾ പറഞ്ഞപ്പോഴാണു ഞാനത് ശ്രദ്ധിച്ചത്..,ടീച്ചർക്ക് കഴിക്കാൻ കൊണ്ട് വന്ന ഭക്ഷണമാണു ടീച്ചർ എനിക്ക് തന്നത്..,പാവം ടീച്ചർ ഭക്ഷണം കഴിച്ച് കാണുമൊ..എന്തോ..,പാത്രം തിരിച്ച് കൊടുക്കുന്ന വേളയിൽ മടിച്ച് മടിച്ചാണെങ്കിലും ഞാനത് ചോദിച്ചു..,
“അതിനെന്താ മോനൂ..എനിക്കിവിടെ നിന്നും ഭക്ഷണം കിട്ടിയിരുന്നു..“
, അതും പറഞ്ഞ് ടീച്ചർ മനോഹരമായി ചിരിച്ചു..,
എനിക്കതെന്തോ വിശ്വാസം വരുന്നില്ല..,ഇവിടെ നിന്നും ഭക്ഷണം കിട്ടുമെന്നുണ്ടെങ്കിൽ ഒരു ടീച്ചേഴ്സും ഭക്ഷണം കൊണ്ട് വരില്ലല്ലോ.., എനിക്കറിയാം ടീച്ചർ ഒന്നും കഴിച്ചിട്ടുണ്ടാവില്ല.., എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു..,പാവം ടീച്ചർ ഉള്ള ഭക്ഷണം എനിക്ക് തന്ന് പട്ടിണി കിടക്കുന്നു..,ഈ സ്നേഹത്തിനു എന്ത് നൽകിയാലാണു പകരമാവുക..,
ഭാഗ്യമെന്ന് പറയട്ടെ..അന്ന് അവിടെ നടന്ന പരീക്ഷയിൽ ഈയുള്ളവനു നാലാം റാങ്ക് കിട്ടി.., തീർച്ചയായും ആ റാങ്ക് കിട്ടിയപ്പോൾ എന്നോടൊപ്പം എന്റെ പ്രിയ ഗീത ടീച്ചറും ഉള്ളം തുറന്ന് സന്തോഷിച്ചിരിക്കണം..


പിൽക്കാലത്ത്  വിവിധങ്ങളായ ഭക്ഷണങ്ങൾ കഴിക്കാൻ ഭാഗ്യം സിദ്ധിച്ചിട്ടും അന്നത്തെ ആ ഭക്ഷണത്തിന്റെ സ്വാദ് അനുഭവപ്പെടാത്തത്  പോലെ...കണ്ണുനീരിൽ കുതിർന്ന ആ രുചി ഇന്നും നാവിൽ ഓർത്തെടുക്കാൻ സാധിക്കുന്നു..,ആ .ഗീത ടീച്ചർ ഇന്നെവിടെയാണാവോ..എവിടെയായാലും ആ മുഖം  എന്നും എന്റെ മനസ്സിൽ ഉണ്ടാകും., അവർക്ക് ദൈവം നന്മ വരുത്തട്ടേ...,എന്റെ പ്രാർത്ഥനകളിൽ ഞാൻ എപ്പോഴും ഉരുവിടുന്ന ഒരു വാക്കുണ്ട്..
        “, ദൈവമേ..എന്നെ സ്നേഹിച്ചവരെ ഒരിക്കലും നീ കഷ്ടപ്പെടുത്തല്ലേ.“.
Related Posts with Thumbnails

Related Posts with Thumbnails