ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2010, മേയ് 6, വ്യാഴാഴ്‌ച 11 അഭിപ്രായ(ങ്ങള്‍)
Bookmark and Share


 എന്റെയൊരു കാര്യം,  വല്ല ആവശ്യവുമുണ്ടോ...ഈ നട്ടപ്പാതിര നേരത്ത്  കളി കാണാനാണെന്നും പറഞ്ഞ് ഇറങ്ങാൻ, തിരിച്ച് നടക്കുമ്പോൾ ഞാൻ എന്നെ തന്നെ പ്രാകിക്കൊണ്ടിരുന്നു,,.അതങ്ങനെയാണ`.., യൂറോ കപ്പ് ഫുട്ബാൾ കാണാനാണെന്നും പറഞ്ഞ് വീട്ടിൽ നിന്നിറങ്ങുമ്പോൾ നല്ല ആവേശമായിരുന്നു, മറ്റൊന്നും ചിന്തിക്കാൻ ആവേശം സമ്മതിച്ചില്ല..,( ഈ ആവേശത്തിന്റെയൊരു കാര്യം.. )
കളിയും കഴിഞ്ഞ് ഇരുട്ടത്ത് ഒറ്റക്ക് പേടിച്ച് വിറച്ച് തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോഴാണു വെളിവുദിച്ചത്.., പോകണ്ടായിരുന്നു.,
രാത്രി ഏകദേശം രണ്ടര മണി കഴിഞ്ഞു കാണും..,രാത്രിയുടെ ഭീതിപ്പെടുത്തുന്ന നിശ്ശബ്ദത എന്റെ കാലുകൾക്ക് ആക്സിലറേഷൻ വർദ്ദിപ്പിച്ച് കൊണ്ടിരുന്നു..,ചുറ്റിലും കാണുന്ന ഇരുണ്ട രൂപങ്ങൾ ഏതൊക്കെയോ നോവലുകളിൽ വായിച്ചറിഞ്ഞ പോലെ... നല്ല ഇരുട്ടാണു, കയ്യിലാണെങ്കിൽ വെളിച്ചവുമില്ല.., അരണ്ട നിലാവെളിച്ചത്തിൽ ഒരു കാർപെറ്റ് വിരിച്ച കണക്കെ റോഡ് കാണാം..  ഒരു ചെറിയ മൂളിപ്പാട്ടും പാടി ധ്രതിയിൽ നടക്കുകയാണു ഞാൻ.,(ധൈര്യത്തിനു വേണ്ടിയല്ലാട്ടോ...ഹ..ഹ.ഹ..)
മലപ്പുറത്ത് കാരുടെ സ്വഭാവം ഇങ്ങനെയാണു., ലോകകപ്പ്, യൂറോ കപ്പ്, കോപ്പാ അമേരിക്ക...എന്നിങ്ങനെ തുടങ്ങി എവിടെയെങ്കിലും ഏതെങ്കിലും  ഒരു ഫുട്ബാൾ ടൂർണ്ണമെന്റ് നടന്നാൽ മതി, ഉറക്കമിളച്ച് കാത്തിരിക്കാൻ..,സ്വന്തം വീട്ടിൽ ടി,വിയും ചാനലും ഉണ്ടെന്നാലും അവിടെയിരിക്കാതെ എല്ലാവരൂം കൂടി ഏതെങ്കിലുമൊരു വീട്ടിലോ അല്ലെങ്കിൽ വല്ല ക്ലബ്ബിലോ പോയിരുന്നു  കളികാണും.ഒച്ചപ്പാടും ബഹളവും ഒന്നും ഉണ്ടാക്കാത്തതിനാൽ  ആ പരിസര പ്രദേശത്തുള്ള വീട്ടുകാർ സുഖമായുറങ്ങും..(ങും.എവടെ..)

വീട്ടിലേക്കിനിയും ദൂരമുണ്ട്, ഞാൻ നടത്തത്തിനു വേഗത കൂട്ടി.,കാരണം ഈയിടയായി ഈ ഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം വല്ലാതെയുണ്ട്. വെറുതെയെന്തിനാ അവരുടെ സ്വൈര്യവിഹാരത്തിനു നമ്മളായിട്ട് തടസ്സം ഉണ്ടാക്കുന്നത്...,വഴിയിൽ കണ്ട ഒരു ശീമക്കൊന്നയിൽ നിന്നും ഒരു മുഴുത്ത കമ്പ്  പൊട്ടിച്ചെടുത്ത് കയ്യിൽ കരുതിയിട്ടുണ്ട്.., നായ്ക്കൂട്ടമെങ്ങാനും റാഗ് ചെയ്യാൻ  വന്നാൽ അത് വേണ്ട വിധം പ്രയോഗിക്കാൻ കഴിയുമോ എന്നൊരു ആശങ്ക ഇല്ലാതില്ല..,
കുറച്ച് ദൂരം മുന്നോട്ട് പോയിക്കാണണം..,വഴിയിലൊരു ഭാഗത്തെ വീടിനോട് ചേർന്നുള്ള പറമ്പിൽ ഒരു ചെറിയ വാഴക്കൂട്ടമുണ്ട്.,ഒറ്റ നോട്ടത്തിൽ കണ്ടാൽ കൈകൾ വീശി മാടി വിളിച്ച് നിൽക്കുന്ന ഒരു പ്രേതഫാമിലിയെപ്പോലെ തോന്നും.. , അപരിചിതന്മാർക്ക് പേടിക്കാനും പനിക്കാനും ഇത് തന്നെ ധാരാളം..എപ്പോഴും കാണുന്നതാണെങ്കിലും  എനിക്കുമൊരു സന്ദേഹം..,“ വാഴയാണെങ്കിലെന്താ  വാതുറന്ന് പറഞ്ഞൂടേ“..ഇന്നച്ചന്റെ പ്രശസ്തമായ ഡയലോഗാണു  മനസ്സിലേക്കോടി വന്നത്..,നടത്തത്തിനിടയിൽ ഞാനൊരു കാഴ്ച കണ്ടു..,വാഴകൾക്കിടയിൽ എന്തോ ..ഒരു അനക്കം.., ഇരുട്ടിൽ രണ്ട് രൂപങ്ങൾ .., കടിപിടി കൂടുന്ന പോലെ.. ഇടക്ക് തലയുയർത്തുന്നു., പൊങ്ങുന്നു,താഴുന്നു.. എന്താണത്..,
അതേ അതു തന്നെ, രണ്ട് ഗമണ്ടൻ നായകൾ ., ഞാൻ കുറച്ച് നേരം നോക്കി നിന്നു..,അമ്പടാ. ഒരു പണി കൊടുത്താലോ....എന്നിൽ വക്രബുദ്ധി ഉണർന്നു..,
ഞാൻ ഒച്ചയുണ്ടാക്കാതെ  നിലത്ത് തപ്പിനടന്ന് ഒന്ന് രണ്ട് മുഴുത്ത കല്ലുകൾ പെറുക്കിയെടുത്തു..,ഇവന്മാരെ ഇന്ന് ഞാൻ കാണിച്ച് കൊടുക്കാം,, ഉന്നം നോക്കി ശക്തിയോടെ ഒരേറ് കൊടുത്തു..,
എവടെ..തൊട്ട് മുന്നിലെ വയ്ക്കോൽ കൂനക്ക് എറിഞ്ഞിട്ട് അതിൽ കൊള്ളിക്കാതെ  കുറച്ചകലെ നെല്ല് പരത്തിക്കൊണ്ടിരുന്ന  നീലീത്തള്ളയുടെ തലയിൽ വളരെ ക്രത്യമായിത്തന്നെ കൊള്ളിച്ച കക്ഷിയല്ലേ.......മിസ്സായിപ്പോയി..,ഏറ് ചെന്ന് കൊണ്ടത് ഒരു വാഴക്കിട്ട്..,ഒരു നിമിഷം ഇരുട്ടിലെ രൂപങ്ങൾ നിശ്ചലമായി.. അതിലൊന്ന് ഉയർന്ന് ഏറ് വന്ന ഭാഗത്തേക്ക് നോക്കുന്നു., ഇതു തന്നെ തക്കം. ഞാൻ ഒട്ടും അമാന്തിച്ചില്ല.., കൊടുത്തു അടുത്ത ഏറ്..,ഹൌസ് ദാറ്റ്.., വിക്കറ്റ് തെറിച്ചു.., യെസ്, വെരിഗുഡ്, ക്രത്യം തലമണ്ടക്ക് തന്നെ എന്നുറപ്പായതും ഞാൻ ശരം വിട്ട് വേഗതയിൽ ഓടി..,ഏറ് കൊണ്ട വേദനയിൽ നായ് കൂട്ടം പ്രതികാരം ചെയ്യാൻ ഫോളോ ചെയ്താലോ.., പെട്ടെന്ന് തന്നെ വീട്ടിലെത്തി..,ഇനി അവറ്റകളുടെ ശല്യമുണ്ടാവില്ല.. അമ്മാതിരി ഏറല്ലേ കൊടുത്തിരിക്കുന്നത്..,
അങ്ങനെ പിറ്റേന്നും നേരം വെളുത്തു..,
പതിവുപോലെ ഓട്ടോയുമായി ടൌണിലേക്ക്.,,
ഏകദേശം പത്ത് പതിനൊന്ന് മണിയായിക്കാണും..,ഒരു ട്രിപ്പ് കൊണ്ട് പോയി വിട്ട് കാലിയായി സ്റ്റാൻഡിലേക്ക് മടങ്ങുമ്പോൾ കെ.പി.എം.ഹോസ്പിറ്റലിനടുത്ത് നിന്ന് എന്റെ ഒരു പരിചയക്കാരൻ കൈവീശി വിളിക്കുന്നു, ഓട്ടം പോകാനാകണം.., ഞാൻ യുടേൺ തിരിഞ്ഞ് അവനടുത്തെത്തി..,
“എടാ..എന്തെടാ..നീ ഇന്ന് പണിക്ക് പോയില്ലേ..,ലീവെടുത്തോ..അല്ലാ എന്താ ഇവിടെ.."
കണ്ട പാടെ ഞാൻ ഒത്തിരി ചോദ്യങ്ങളങ്ങ് എറിഞ്ഞു..,( അല്ലേലും ഞാനങ്ങനാ..ഒരു കണ്ട്രോളുമില്ല..)
അവൻ ധ്രതിയിൽ വണ്ടിയിലേക്ക് കയറി.., തലയിലിരുന്ന കർച്ചീഫ് മാറ്റിയപ്പോഴാണു ഞാനത് ശ്രദ്ധിച്ചത്.., തലക്ക് ചുറ്റുമൊരു കെട്ട്..,
"എടാ..എന്ത് പറ്റി" .., ആകാംക്ഷയോടേ ഞാൻ.
"എടാ..അതിന്റെ കാര്യമൊന്നും പറയണ്ട.., ബാത്ത് റൂമിൽ കയറുമ്പോൾ തല ഇടിച്ചെന്നാ എല്ലാവരോടും പറഞ്ഞേക്കുന്നേ..,"
"പിന്നെ എന്താ."  .എന്റെ ആകാംക്ഷ ഇരട്ടിച്ചു..,
"അതേയ്.. നിന്നോടായത് കൊണ്ട് പറയുവാ..നീയാരോടും പറയല്ലേ..,ഞാനിന്നലെ ആ മറ്റെ കക്ഷിയില്ലേ..,"
"ഏത്.."    എനിക്ക് മിന്നിയില്ല.,
" എട പൊട്ടാ..ബസ് സ്റ്റാന്റിൽ നിൽക്കാറുള്ള ആ ചുറ്റിക്കളിയില്ലേ.. അവളെ ഞാനിന്നലെ പൊക്കി,.., വീട്ടിലേക്ക് കൊണ്ട് വന്നതാ..അപ്പോഴതാ  വിരുന്ന് പോയ ഭാര്യ തിരിച്ച് വന്നിരിക്കുന്നു..  മുടിഞ്ഞവൾ,
വേറെ ഒരു വഴിയും കണ്ടില്ല.."
"എന്നിട്ട്.. "   ഞാൻ ഉഷാറായി
"എന്നിട്ടെന്താ ഒരു വാഴക്കൂട്ടത്തിനിടയിൽ വെച്ച് കലാപരിപാടി നടത്തുന്ന  നേരം ഒരു നായിന്റെ മോൻ കല്ലെടുത്തെറിഞ്ഞെടാ.., കുരുത്തം കെട്ടവൻ,"
എന്റെമ്മോ...!!! എന്റെ ഉള്ളിൽ ഒരു ഉൽക്ക വീണത് പോലെ.., ഞാൻ പോലുമറീയാതെ എന്റെ വായ നൂറ്റി എൺപത് ഡിഗ്രിയോളം  ഓപ്പണായി..,
അപ്പോൾ അത് .യെവനായിരുന്നോ.............ദൈവമേ ആകെ കുഴഞ്ഞല്ലോ..ഞാനാണു എറിഞ്ഞതെന്ന് ഇവനെങ്ങാനും അറിഞ്ഞാൽ ..!
"ആ നായിന്റെ മോനെ കയ്യിൽ കിട്ടട്ടെ..ഞാൻ കാണിച്ച് കൊടുക്കാം..,കഴുവേറി.,.കസ് പിസ് ഗസ്....,....,."   അവൻ എന്തൊക്കെയോ  പിറുപിറുക്കുന്നു..,
 അന്തം വിടുക, ഞെട്ടുക, ഭയപ്പെടുക  എന്നീ കലാപരിപാടികൾ ഇത്തിരി നേരം അവതരിപ്പിച്ച ശേഷം വിക്കി വിക്കിയാണെങ്കിലും ഞാൻ ചോദിച്ചു..
"അതിനു ആരാ എറിഞ്ഞതെന്ന് അറിയാമോ...?"
"പിന്നേ..എനിക്കറിയാം, അവനെന്റെ കയ്യിൽ കിട്ടട്ടെ., അവനു ഞാനൊരു പണി കൊടുക്കുന്നുണ്ട്." എന്ന് പറഞ്ഞ് അവൻ  ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി,
ഹാവൂ, ശബരിമല മുരാ..ഇപ്പോൾ  എന്റെയുള്ളിൽ വീണത് ഒരു  മഞ്ഞ് കട്ട യായിരുന്നു( ഇതൊക്കെ എവിടെന്ന് വന്ന് വീഴുന്നു എന്ന് ചോദിക്കരുത്  )
അപ്പോൾ അതിയാൻ ആളെ ശരിക്കും കണ്ടിട്ടില്ല..,എന്റെ ഫാഗ്യം..ഒരു യുദ്ധവും പിന്നീടുള്ള വിഭജനവും  വീണ്ടുമുള്ള യുദ്ധങ്ങളും തൽക്കാലം ഒഴിവായിക്കിട്ടി..,
ഞാൻ നെടു വീർപ്പിട്ടു.., ചിരിക്കണോ കരയണോ എന്നൊരു പ്രതിസന്ധി എന്നിലില്ലാതില്ല..,
ആ‍ എന്തെങ്കിലുമാകട്ടെ..,
ഞാൻ മനപ്പൂർവ്വം എറിഞ്ഞതൊന്നുമല്ലല്ലോ..ഞാൻ എറിഞ്ഞത് നായക്കിട്ടല്ലേ..വേറൊരു  അർത്ഥത്തിൽ അത് കൊണ്ടതും ഒരു നായക്കിട്ട് തന്നെയല്ലേ..,അപ്പോൾ എന്റെ ഭാഗത്ത് തെറ്റൊന്നുമില്ല., അങ്ങനെ സ്വയം ന്യായീകരിച്ച് ഞാൻ ആക്സിലേറ്ററിൽ പിടി മുറുക്കി..

നായകളെപ്പോലെ അല്ലെങ്കിൽ അതിനേക്കാൾ അധ:പതിച്ച ജീവിതം നയിക്കുന്നവർക്കായി ഈ ഏറ് ഞാൻ ഡെഡിക്കേറ്റ് ചെയ്യുന്നു..,


മുൻ കൂർ ജാമ്യം :   ഈ കഥയും ഇതിലെ പാത്രങ്ങളും തികച്ചും സാങ്കല്പികമാണു, ( ഇനി അഥവാ ഏറു കിട്ടിയ ആൾ ബ്ലോഗ് വായനക്കാരനാണെങ്കിലോ..എന്റമ്മോ..!)
Related Posts with Thumbnails

Related Posts with Thumbnails