ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2010, ജൂൺ 30, ബുധനാഴ്‌ച 31 അഭിപ്രായ(ങ്ങള്‍)
Bookmark and Share
എന്റെ ഒരു സുഹ്രത്തുണ്ട് ,
പേരു ജാസി., നുമ്മടെ ജാസി ഗിഫ്റ്റല്ലാട്ടോ..
യാസ്സിർ എന്നാണു ഒറിജിനൽ നാമധേയം. ,നാട്ടാരും വീട്ടാരും  പറഞ്ഞ് പറഞ്ഞ് ഒടുക്കം ജാസി ആയതാ,..
വിക്രതിത്തരങ്ങളും ചില്ലറ തരികിടകളുമൊക്കെയായി ഞങ്ങൾ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന കാലം..,സംഗതി നാലക്ഷരം പഠിക്കാനാണു രക്ഷിതാക്കൾ സ്ക്കൂളിൽ വിടുന്നതെങ്കിലും പഠിപ്പൊഴികെ ബാക്കിയെല്ലാം നടക്കുന്നുണ്ട് എന്നതിനാലും നിന്നെയൊക്കെ വളർത്തണ നേരം കൊണ്ട് രണ്ട വാഴയെങ്കിലും വെച്ചിരുന്നെങ്കിൽ രണ്ട് വാഴക്കൊലയെങ്കിലും കിട്ടിയേനെ എന്ന ആപ്ത വാക്യം സ്ഥിരമായി ബാപ്പായുടെ നാവിൽ നിന്നും കേൾക്കുന്നതിനാലും ജാസി  ഒരു കാര്യം തീരുമാനിച്ചു.., എങ്ങനെയെങ്കിലും കാശുണ്ടാക്കാൻ കഴിയുന്ന ഒരു മാർഗ്ഗം കണ്ടെത്തണം.. എന്നിട്ട് നമ്മളും പൈസ ഉണ്ടാക്കാൻ തുടങ്ങിയേ എന്ന മട്ടിൽ ബാപ്പനെ ക്കൊണ്ട് പറഞ്ഞെതെല്ലാം തിരിച്ചെടുപ്പിക്കണം..എന്നിട്ട് നാട്ടാരുടെ മുന്നിൽ ഞെളിഞ്ഞ് നടക്കണം..
അങ്ങിനെ ആരുടെയൊക്കെയോ ഉപദേശപ്രകാരം അവൻ ഒരു വഴി കണ്ടെത്തി,, പത്ര വിതരണം, മലപ്പുറം ടൌണിലെ ഏജന്റിൽ നിന്നും പത്രക്കെട്ടുകൾ ഏറ്റ് വാങ്ങി നാട്ടിലും പരിസരപ്രദേശങ്ങളിലും വിതരണം ചെയ്യുക.., തരക്കേടില്ലാത്ത പണി.., പക്ഷേ ഒരു കുഴപ്പമുണ്ട്, ഈ പണി മര്യാദക്ക് ചെയ്യണമെങ്കിൽ ഒരു സൈക്കിൾ വേണം..,അങ്ങനെ ഒരു സൈക്കിൾ സംഘടിപ്പിക്കാൻ ഒരു പാട് കറങ്ങി നടന്നു.., ഇറയത്ത് തൂക്കിയിട്ട ബാപ്പാന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും അടിച്ച് മാറ്റിയതും കടയിൽ സാധനം വാങ്ങാൻ പറഞ്ഞ് വിടുമ്പോൾ ബാക്കി വരുന്നതിൽ നിന്നും ഇസ്ക്കിയതും കൂട്ടുകാരിൽ നിന്നും നിനക്ക് ഞാൻ സൈക്കിൾ ഓടിക്കാൻ പഠിപ്പിച്ച് തരാം എന്ന മോഹന വാഗദാനങ്ങൾ  നൽകി വസൂലാക്കിയതും  ഒക്കെച്ചേർത്ത് മുന്നൂറ്റമ്പത് രൂപാ മഹറായി കൊടുത്ത്  മലപ്പുറം മെറ്റൽ സ് സൈക്കിൾ മാർട്ടിൽ നിന്ന് അവൻ  ഒരു സൈക്കിൾ സ്വന്തമാക്കി.,  ലുട്ടാപ്പിക്ക് കുന്തം പോലെ  അന്ന് മുതൽ  ജാസിയുടെ കാലുകൾക്കിടയിൽ ഒരു പുതിയ അവയവമായി അതുണ്ടായിരുന്നു.., നല്ല മൊഞ്ചുള്ള ഒരു സൈക്കിൾ,

കന്നിയാത്രയിൽ വളരെ മാന്യമായി സൈക്കിൾ ഓടിച്ച് വരുന്ന അവനെ  റോഡരകിലെ കിണറ്റിൽ കരയിൽ നിന്നിരുന്ന ക്ലാസ്സ് മേറ്റ് കൂടിയായ തവളക്കണ്ണുള്ള പെൺകൊടി  ചിരിച്ച് കാണിച്ചപ്പോൾ ദേ കെടക്കണു ..തൊട്ട് മുന്നിലെ ടേണിംഗിൽ മതിലിൽ സുഖമായുറങ്ങുകയായിരുന്ന കള്ളിപ്പൂച്ചയുടെയും കുട്ടികളുടെയും  ഉറക്കം നശിപ്പിച്ച്  മതിലിലേക്ക് ..... (((( പ്ലാ‍ാച്ച്))))

എന്നിട്ടെന്ത് പറ്റി...മതിലിൽ നിന്നും രണ്ട് കല്ലുകൾ അടർന്ന് വീണു അത്രതന്നെ..!!

സ്ക്കൂൾ വിട്ട് വരുന്ന വഴി കൂട്ടുകാരോട്  ഞാനാദ്യം  മുന്നിലെത്തും എന്ന് ബെറ്റ് വെച്ച്  അസാധ്യമായ വേഗത്തിൽ വന്ന് തൊട്ട്മുന്നിലെ ഇറക്കത്തിൽ എവിടെയോ കുരുങ്ങി  ഉട്തുണിയും അതോടൊപ്പം നിയന്ത്രണവും നഷ്ടപ്പെട്ട് തൊട്ടടുത്ത പറമ്പിൽ ഒരു മൂളിപ്പാട്ടും പാടി  മേയുകയായിരുന്ന രാമേട്ടന്റെ അഞ്ച് ലിറ്റർ പാൽ കറക്കുന്ന പശുവിനെ പേടിപ്പിച്ച് കയറ് പൊട്ടിച്ചോടിപ്പിച്ച് അരികിലെ പൊന്തക്കാട്ടിലുള്ളിലേക്ക് ഡൈവിംഗ് .....((((((ക്രാ‍ാ‍ാഷ്))))))

എന്നിട്ടെന്ത് പറ്റി..എന്തോകണ്ട് പേടിച്ച കാരണം ആ പശു  അന്ന് മുതൽ  പാൽ ചുരത്തൽ നിർത്തി,. അത്ര തന്നെ !!!

കടയിൽ സാധനങ്ങൾ വാങ്ങാൻ  പോകുകയായിരുന്ന ഷുക്കൂറിനെ ഞാൻ കൊണ്ടാക്കാം എന്ന് പറഞ്ഞ് നിർബന്ധിച്ച് സൈക്കിളിൽ കയറ്റി കൊണ്ട് പോയി  അടുത്ത വളവിൽ പേ പിടിച്ച പട്ടിയെ പ്പോലെ കുതിച്ച് വന്ന് മുന്നിലേക്ക് ചാടിയ ഓട്ടോറിക്ഷക്ക് നല്ല ഒരു മുത്തം കൊടുത്തു..((((പ്ഠേ))))

എന്നിട്ടെന്ത് പറ്റി... കടയിൽ പോകുകയായിരുന്ന ഷുക്കൂർ റൂട്ട് മാറ്റി ആശുപത്രിയിൽ പോയി അത്ര തന്നെ.!!!

ഷുക്കൂറിന്റെ ബാപ്പാന്റെ കയ്യിൽ നിന്നും നല്ല ഓൾഡ് ഈസ് ഗോൾഡ് തെറികളും പിതാമഹന്മാർക്കുള്ള സ്പെഷ്യൽ  നാമകീർത്തനങ്ങളും കേട്ട് വയറ് നിറഞ്ഞ സന്തോഷത്തിൽ ഇരുട്ടത്ത് വീട്ടിലേക്ക് നുഴഞ്ഞ് കയറി വരുമ്പോൾ ഉമ്മറത്ത് നിന്നിരുന്ന ബാപ്പാന്റെ വലത്തേ കൈ ചേട്ടത്തിയുടെ  കുട്ടിക്ക് ഇടാൻ വാങ്ങിയ ക്യൂട്ടിക്കൂറ ഇട്ട് മിനുക്കി വെച്ച തന്റെ സുന്ദരമായ കവിളിനു നേരെ ലൈല ചുഴലിക്കാറ്റിന്റെ വേഗത്തിൽ വരുന്നത് കണ്ട് ശടേന്ന് കുനിഞ്ഞു..((((ഹൂഷ്))))

എന്നിട്ടെന്ത് പറ്റി...ഉന്നം തെറ്റിയ ബാപ്പ അടിയും തെറ്റി മൂക്കും കുത്തി താഴെ , അത്ര തന്നെ..,!!!

നൂറ് ശതമാനവും  കത്യതയാർന്ന ഒരു അടി അപ്രതീക്ഷിതമായി  വേസ്റ്റായ ദേഷ്യത്തിൽ കയ്യിൽ കിട്ടിയ വിറക് കൊള്ളിയുമായി തന്നെ സികസറടിക്കാൻ വരുന്നത് കണ്ട് ഓടിയ  ജാസി  തൊട്ടുതൊട്ടില്ല എന്ന മട്ടിൽ പുറകെ വരുന്ന  ബാപ്പക്ക് തന്റെ പുറം ചെണ്ടപ്പുറമാക്കാൻ കൊടുക്കില്ല എന്ന വാശിയിൽ  തൊട്ടപ്പുറത്തെ പള്ളിവളപ്പിലുള്ള വിശാലമായ കുളത്തിലേക്ക് സച്ചിന്റെ  സിക്സറിൽ നിന്നും മുരളീധരന്റെ പന്ത് സ്പിൻ ചെയ്യുന്നത് പോലെ വഴുതിമാറി ....(((ബ്ലൂം))

എന്നിട്ടെന്ത് പറ്റി.. മുങ്ങാൻ കുഴിയിട്ട് തൊട്ടപ്പുറത്തെ കടവിൽ ആരും കാണാതെ പൊങ്ങി കയറിപ്പോയി അങ്ങാടിയിലെ ചായക്കടയിലെ ചാരുബെഞ്ചിൽ പോയി ഇരുന്നു അത്ര തന്നെ..!!!

എന്റെ മോൻ വെള്ളത്തിൽ പോയേ എന്നും പറഞ്ഞ് നിലവിളിച്ച് ബാപ്പാ നാട്ടാരെ മുഴുവൻ വിളിച്ച് കൂട്ടി മുങ്ങിത്തപ്പാൻ തുടങ്ങി, അങ്ങാടിയിൽ നിന്ന് സാധനങ്ങളും വാങ്ങിപ്പോകുന്ന നാണുവേട്ടൻ പറഞ്ഞപ്പോഴാണു അവരറിഞ്ഞത്, തപ്പിക്കൊണ്ടിരിക്കുന്ന മുതൽ അങ്ങാടിയിൽ മനോരമയിലെ സ്പോർട്സ് പേജും വായിച്ച് കൊണ്ടിരിക്കുന്നു എന്ന്..,
ചുരുക്കിപ്പറയാലോ പുറത്തിറങ്ങി ഒരു മാ‍സം കൊണ്ട് ഷക്കീലപ്പടം പോലെ ജാസിയുടെ സൈക്കിൾ നാട്ടിൽ സൂപ്പർഹിറ്റായി.,
സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ജാസി നാട്ടിൽ എല്ലാവർക്കും വേണ്ടപ്പെട്ടവനായിരുന്നു, കാരണം അപ്പോഴേക്കും നാട്ടിലെ അറിയപ്പെട്ട പത്രപ്രവർത്തകനായി ജാസി മാറിയിരുന്നു..,
ഒരു ദിവസമെങ്ങാനും  ജാസി  ജോലി ചെയ്തില്ലായെങ്കിൽ മൊത്തം ജനങ്ങളും ലോകവിവരങ്ങളൊന്നുമറിയാതെ നരകിച്ചു നാറാണക്കല്ല് എടുത്ത് പോകും..,,

അങ്ങനെയിരിക്കെ  ഒരു ദിവസം അതിരാവിലെ സൂര്യദേവൻ കിഴക്ക് നിന്ന് പ്രസവിക്കപ്പെടുന്നതിനും മുമ്പ് ജാസി  പതിവു പോലെ പത്രക്കെട്ടുകളെടുക്കാൻ മലപ്പുറം ടൌണിലേക്ക് പുറപ്പെട്ടു, അരണ്ട വെളിച്ചത്തിൽ ഹെഡ് ലൈറ്റ് പോലുമില്ലാത്ത സൈക്കിളിൽ കുത്തനെയുള്ള ഇറക്കം ഇറങ്ങി വേഗതയിൽ വരികയാണു,സ്ഥിരം പോകുന്ന വഴിയല്ലേ.., കണ്ണടച്ചു സൈക്കിളോടീച്ചാലും തനിക്ക്  വഴിതെറ്റില്ല  എന്ന അഹങ്കാരവും ഉണ്ടെന്ന് വെച്ചോളൂ...
അങ്ങനെ നല്ല വേഗതയിൽ ഇറക്കം ഇറങ്ങി വരികയാണു..,
ഇറക്കം അവസാനിക്കാറായിക്കാണൂം .., തൊട്ട് മുന്നിൽ റോഡിൽ എന്തോ ഒന്ന് നീളത്തിൽ കിടക്കുന്നു..,
എന്താണത്.., അതേ ..അതു തന്നെ..,
തലേന്നത്തെ കാറ്റിൽ വീണ ഒരു തെങ്ങോല.., എന്ത് ചെയ്യണം , എങ്ങോട്ട് വെട്ടിക്കണം.., എന്തെങ്കിലും തീരുമാനിക്കുന്നതിനു മുന്നേ സൈക്കിൾ ഓലയിലേക്ക് പാഞ്ഞു കയറി..,
ഒരു നിമിഷം.!!
നിയന്ത്രണം വിട്ട സൈക്കിൾ ഇന്ത്യ വിട്ട മിസൈൽ കണക്കെ ലക്ഷ്യമില്ലാതെ പാഞ്ഞു..,
തെറിച്ച് വീണ ജാസി ഉരുണ്ട് മറിഞ്ഞ്  തൊട്ടടുത്ത ഓവ് ചാലിലേക്ക് ലാൻഡ് ചെയ്തു..,
എന്നാൽ പിന്നെ വെറുതേയിരിക്കേണ്ടല്ലോ എന്ന് കരുതിയാവണം  നക്ഷത്രങ്ങൾ എണ്ണിക്കൊണ്ടിരുന്നു., പൊന്നീച്ചകളെയും..
പാഞ്ഞ് പോയ സൈക്കിൾ  ചെന്ന് കയറിയതോ   കാലനെപ്പേടിച്ച് കാലത്ത് തന്നെ കയ്യും കാലും വീശി മോണിംഗ് വാക്കിനിറങ്ങിയ  മമ്മദ് കാക്കാന്റെ മുതുകത്തും..,
മൂക്കും കുത്തി വീണ മമ്മദ് കാക്ക എണീറ്റ്  ചുറ്റും നോക്കുമ്പോൾ ആരെയും കാണുന്നില്ല, ഒരു സൈക്കിൾ തനിയെ ഓടി വന്ന് ഇടിക്കുകയോ...ഒരെത്തും പിടിയും കിട്ടുന്നില്ല, കഷ്ടകാലത്തിനു അപ്പോൾ  എവിടെയോ ഒരു കുറുക്കൻ ഓരിയിട്ടു.., അതും പോരാഞ്ഞ് അത് വഴി പോയ ഒരു കാടൻ പൂച്ച വഴിയരികിലുരുന്ന വാഴക്കൂട്ടത്തിനിടയിലേക്ക് മുരണ്ട് കൊണ്ട്  പാഞ്ഞുകയറി.
അതും കൂടി കണ്ടതോടേ മമ്മദ് കാക്ക(((( ഡിം))) ബോധം കെട്ട് വീണു..

ഓടിക്കിതച്ച് ഉമ്മറത്തേക്ക് കയറി വന്ന അയലത്തെ വീട്ടിലെ ചെക്കൻ പറഞ്ഞപ്പോഴാണു മമ്മദ് കാക്കാന്റെ കെട്ട്യോളൂ സംഗതി അറിഞ്ഞത് ,.. തടിനന്നാക്കാൻ വ്യാഴാമത്തിനിറങ്ങിയ തന്റെ  കെട്ട്യോൻ തടികേടായി ഹോസ്പിറ്റലിൽ കിടക്കുന്നു.., കേട്ടപാടെ കിട്ടിയ തുണിയും വാരിചുറ്റി കിട്ടിയ വണ്ടിപിടിച്ച് ആശുപത്രിയിലേക്കോടി..,ചെന്ന് നോക്കുമ്പോൾ പന്തം കണ്ട പെരുച്ചാഴി കണക്കെ വിളറി വിരണ്ട് മമ്മദ് കാക്ക നീണ്ട് നിവർന്ന് കിടക്കുന്നു .., അരികിൽ ഡോക്ടറും..,

"പേടിക്കാനൊന്നുമില്ല , ഒരു ചെറിയ  മുറിവുണ്ട്, എന്തോ കണ്ട് പേടിച്ചതാ.. സാരമില്ല, ഈ ഗ്ലൂക്കോസ് കയറിക്കഴിഞ്ഞാൽ പോകാം..."

.അതും പറഞ്ഞ് ഡോക്ടർ പോയി..,

"എന്താ മനുഷ്യാ ഉണ്ടായത്..", കെട്ട്യോളു ഭീതിയോടേ ചോദിച്ചു..,

"അതേ ഒരു സൈക്കിൾ എന്നെ വന്ന് ഇടിച്ചു.!!".

"ഹെന്റെ മൻഷ്യാ ഒരു സൈക്കിളു ബന്ന് ഇടിച്ചതിനാ നിങ്ങളു ഇവിടെ വന്ന് കിടക്കണത് മൻഷ്യനെ പേടിപ്പിച്ച് കളഞ്ഞല്ലോ."     .കെട്ട്യോളു പരിഭവപ്പെട്ടു..

"അതല്ല പെണ്ണേ..ആ സൈക്കിളിൽ ആരുമില്ലായിരുന്നു..",

"ആളില്ലാതെ എങ്ങനാ മൻഷ്യാ സൈക്കിൾ ഓടുക,ഇങ്ങക്ക് തോന്ന്യേതാവും..."  കെട്ട്യോളു നെറ്റി ചുളിച്ചു..

"അല്ല സത്യായിട്ടും ആ സൈക്കിളിൽ ആരും ഇല്ലായിരുന്നു..എനിക്ക് സംശയം വല്ല ജിന്നോ ഓടിയനോ ആണു സൈക്കിൾ ബന്നതെന്ന്." മമ്മദ് കാക്ക ഭീതിയോടെ മുഴുമിപ്പിച്ചു..

"എന്റെ റബ്ബേ..."കെട്ട്യോളു മൂക്കത്ത് കൈ വെച്ചു..
പിന്നെ  ആശ്വാസത്തോടെ നെടു വീർപ്പിട്ടു..,

"സൈക്കിളിനു പകരം വല്ല ലോറിയിലോ ബസ്സിലോ ആണു  ജിന്ന് വന്നിരുന്നതെങ്കിൽ എന്താകുമായിരുന്നു.."


എന്നിട്ടെന്ത് പറ്റി..,  ബെഡ് കോഫിക്ക് പകരം ബെഡ് ഊണിനൊപ്പമാണു അന്ന്  നാട്ടിൽ പത്രം കിട്ടിയത് , അത്ര തന്നെ..!!!
Related Posts with Thumbnails

Related Posts with Thumbnails