ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2011, മാർച്ച് 24, വ്യാഴാഴ്‌ച 19 അഭിപ്രായ(ങ്ങള്‍)
Bookmark and Share


അയാൾ ഞെട്ടിയുണർന്നു..,പുറത്തെവിടെയോ തെരുവുനായ്ക്കൾ കടിപിടി കൂടുന്നു.., അയാൾ ചുറ്റും നോക്കി, നേരം പുലർന്നിട്ടില്ല, എല്ലാവരും നല്ല ഉറക്കത്തിലാണു.., പല ജാതി മരുന്നുകളുടെ സമ്മിശ്രഗന്ധം മച്ചിൽ ആർക്കോ വേണ്ടി കറങ്ങുന്ന ഫാനിന്റെ കട..കട ശബ്ദത്തിനൊപ്പം കറങ്ങി നടക്കുന്നു.,അകലെ മുനിഞ്ഞ് കത്തുന്ന ഒരു ട്യൂബ് ലൈറ്റിന്റെ വെളിച്ചം ഇടനാഴിയിൽ വ്യത്യസ്ത രൂപങ്ങളായി വീണു ചിതറിക്കിടക്കുന്നു..
അയാൾ പതിയെ എണീറ്റിരിക്കാൻ നോക്കി..ഇല്ല ..ആവുന്നില്ല,
കൈകാലുകളിൽ എന്തോ വലിയ ഭാരം കയറ്റി വെച്ചിരിക്കുന്നത് പോലെ, ശരീരമാസകലം ഭയങ്കരവേദനയും..നിരാശയോടെ അയാൾ ആ ശ്രമം ഉപേക്ഷിച്ചു..,
എന്താണു സംഭവിച്ചത്, അയാൾ ഓർത്തെടുക്കാൻ ശ്രമിച്ചു..
ഉമ്മാനോട് വഴക്കിട്ട്  വീട്ടീന്നിറങ്ങിപ്പോയത് ഓർമയുണ്ട്, പിന്നെ കുറച്ച് ദിവസം അവിടെയും ഇവിടെയുമായി കൂട്ടുകാരോടൊത്ത്  കറക്കം... രാത്രി ബൈക്കിൽ വരുമ്പോൾ എതിരെ വന്ന രണ്ട് ഹെഡ് ലൈറ്റുകൾകണ്ടത് ഓർമ്മയുണ്ട്.......പിന്നെ കാണുന്നത് പായലു പിടിച്ച മച്ചിൽ കറങ്ങുന്ന പൊടിപിടിച്ച ഫാനും മങ്ങിയ   ട്യൂബ് ലൈറ്റും എത്തിനോക്കി പിറു പിറുക്കുന്ന  ഏതൊക്കെയോ  മുഖങ്ങളുമാണ്..,മനം മടുപ്പിക്കുന്ന ഗന്ധങ്ങൾ മൂക്കിലടിച്ചപ്പോൾ മനസ്സിലായി ഇതൊരാശുപത്രിയാണെന്നും താനൊരു അപകടത്തില്പെട്ടെന്നും..

എന്തിനാണു ഉമ്മാനോട് വഴക്കിട്ടത്....
എന്താണു ഉമ്മാ ചെയ്ത തെറ്റ്, ജോലി ചെയ്ത് കിട്ടുന്ന കാശ് മുഴുവൻ ധൂർത്തടിച്ച് കളയാതെ വീട്ട് ചിലവിലേക്ക് തന്നൂടേന്ന് ചോദിച്ചതിനാണോ ഞാൻ ഉമ്മാനോട് പിണങ്ങിയത്.. ഒരു പാട് ചീത്ത പറഞ്ഞ് ഇറങ്ങിപ്പോയത്..എന്നിട്ടിപ്പോ രണ്ടാഴ്ച കഴിഞ്ഞു... ,വേണ്ടായിരുന്നു, ഒന്നുമില്ലെങ്കിലും  ബാപ്പ ഇട്ടേച്ച് പോയിട്ടും  ഇത്രയും കാലം എന്നെ യാതൊരു കുറവുമില്ലാതെ നോക്കി വളർത്തിയതല്ലേ...എന്നിട്ടും ഞാൻ.....എന്റെ ഉമ്മാ ..എന്ത് വലിയ പാതകമാണു ഞാൻ ചെയ്തത്,  മാപ്പ് ഇല്ലാത്ത തെറ്റാണു ഞാൻ ചെയ്തത്.. .

അയാളിൽ ചിന്തകൾ കൂട് കെട്ടാൻ തുടങ്ങി.

ചെറുതായൊന്ന് പനിച്ച് കിടക്കുമ്പോൾ തന്നെ ഉമ്മാക്ക് വേവലാതിയാണ്.,പിന്നെ ഉറക്കമിളച്ച് കൂട്ടിരിക്കലായി, മരുന്നും മന്ത്രവുമൊക്കെയായി ഏത് നേരവും കട്ടിലിനരികെതന്നെ കാണും.,ചെറു ചൂടുള്ള പൊടിയരിക്കഞ്ഞി ഉമ്മ കോരിക്കുടിപ്പിക്കും, കൂട്ടിനു അച്ചാറും ചുട്ട പപ്പടവും ചേർന്നാൽ പിന്നെ അതിന്റെ സ്വാദ് ഒന്ന് വേറെ തന്നെ..,ആ കഞ്ഞി കിട്ടാൻ വേണ്ടി പലപ്പോഴും അസുഖം വന്ന പോലെ ഭാവിച്ച്  കിടന്നിട്ടുണ്ട്, അതറിയാമെങ്കിലും അറിയാത്ത മട്ടിൽ ഉമ്മാ അടുത്തിരുന്ന് കഞ്ഞി കോരിക്കുടിപ്പിക്കും..അയാൾ നെടുവീർപ്പിട്ടു.
ആ സ്നേഹത്തിനു പകരമായി എനിക്ക്  എന്തെങ്കിലും  തിരിച്ച്   നൽകാൻ കഴിഞ്ഞിട്ടുണ്ടോ...

 അയാളുടെ മുഖത്ത് കുറ്റബോധം നിഴലിച്ചു, കണ്ണുകൾ സജലങ്ങളായി..,ഉമ്മാ അടുത്തുണ്ടായിരുന്നെങ്കിൽ ..ആ കൈകൾ നെറ്റിയിൽ ഒന്ന് തലോടിയിരുന്നെങ്കിൽ.... ഉമ്മാന്റെ കൈ കൊണ്ട് ആ പൊടിയരിക്കഞ്ഞി കോരിത്തന്നിരുന്നുവെങ്കിൽ.......എന്റെ ഈ വേദനക്ക് എന്ത് മാത്രം ആശ്വാസം കിട്ടുമായിരുന്നു...അയാൾ വെറുതെ ആശിച്ചു, ഇല്ല , വരില്ല, ഞാൻ അത്രമാത്രം വേദനിപ്പിച്ചിട്ടുണ്ട്, പിന്നെ എങ്ങനെ വരാനാ...അയാളിൽ  നിരാശ നിറഞ്ഞു, ,അയാൾ  ഓരോന്നാലോചിച്ച് കിടന്നു.
ഇടക്കെപ്പോഴോ അയാൾ നിദ്രയുടെ കയങ്ങളിലേക്ക് വഴുതി വീണു..,
എന്തോ ശബ്ദം കേട്ടാണു അയാൾ ഞെട്ടിയുണർന്നത്, നേരം നന്നെ വെളുത്തിരിക്കുന്നു, എവിടെ നിന്നോ അയാൾക്ക് പരിചിതമുള്ള ആ ഗന്ധം അയാളുടെ  നാസാരന്ധ്രങ്ങളിൽ വന്നണഞ്ഞു. അയാൾ ആകാംക്ഷയോടെ കണ്ണുകൾ വിടർത്തി..
  തന്റെ പുറക് വശത്തൊരു കാല്പെരുമാറ്റം..അയാ‍ൾ ആയാസപ്പെട്ട് തിരിഞ്ഞ് നോക്കി.,താഴെ  വെച്ച സ്റ്റീൽ പാത്രത്തിൽ തവി ഇളക്കികൊണ്ട് ഒരു രൂപം ...
പിന്നെ ആ രൂപം  കഞ്ഞി നിറച്ച പാത്രവുമായി മുന്നിലേക്ക് വന്ന് നിറഞ്ഞ കണ്ണുകൾ തുടച്ച് ചാരത്തായി ഇരുന്നു.. ..,അയാൾ ആ മുഖത്തേക്ക് നോക്കി..
അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി  ..താൻ ഇത്രമാത്രം വേദനിപ്പിച്ചിട്ടും യാതൊരു പരിഭവവുമില്ലാതെ ഇതാ.....എന്റെ ഉമ്മാ...
ഉമ്മാ......എന്റെ ഉമ്മാ‍.....അയാൾ ഉറക്കെ വിളിച്ചു, ..ആ വാക്കുകൾ  തൊണ്ടയിലെവിടെയോ കുരുങ്ങി..ആ ശോഷിച്ച കൈകൾ അണച്ച് പിടിച്ച് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അയാൾ കരഞ്ഞു.

Related Posts with Thumbnails

Related Posts with Thumbnails