ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2017, ജൂൺ 1, വ്യാഴാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)
Bookmark and Share

ഒടിഞ്ഞ് തൂങ്ങി നിൽക്കുന്ന തെങ്ങോലത്തുമ്പിൽ നിന്നും ഈർക്കിലുകൾ ചീന്തിയെടുത്ത് വഴിയരികിൽ കാണുന്ന കമ്മ്യൂസ്റ്റ് പച്ചയുടെ ഇളം തളിരിലകൾ അടിച്ച് തെറിപ്പിച്ച്...
അപ്പുറത്തുമിപ്പുറത്തുമായി കാണുന്ന ഓട്ടുമ്പുറങ്ങളിൽ  കൊള്ളിക്കാതെ തക്കം നോക്കി കയ്യെത്താ ദൂരത്ത് തൂങ്ങിയാടി കൊതിപ്പിച്ച് നിൽക്കുന്ന മാങ്ങാക്കുലകളെ കല്ലെടുത്തെറിഞ്ഞ്....
ക്ഷണിക്കപ്പെടാത്ത അഥിതിയെപ്പോലെ കടന്ന് വരുന്ന ഇടവപ്പാതിയിൽ കെട്ടി നിൽക്കുന്ന വെള്ളം ചാടിക്കളിച്ച്..തട്ടിത്തെറിപ്പിച്ച്......
കളിച്ചും ചിരിച്ചും സൊറപറഞ്ഞും സ്കൂളിലേക്ക് പോയിരുന്ന ഒരു കാലം...
ഇടവഴിയിലൂടെ ചാടിക്കടന്ന് റോഡിലേക്കെത്തിയപ്പോഴാണു കൂടെ പഠിക്കുന്ന ഹാരിസ് പറഞ്ഞത്..

ടാ നമ്മക്കിന്ന് മാഷുടെ കൂടെ പോകാന്ന്…ആയ്ക്കോട്ടെ..ഞാൻ റെഡി..

ന്ന ഞമ്മക്കിവിടെ കാത്തിരിക്കാം…മാഷ് ഇപ്പം വരും…റോഡ് സൈഡിലെ പൊളിഞ്ഞ് തുടങ്ങാനായ അരമതിലിൽ ഞാനും അവനും മാഷെ കാത്തിരിന്നു…

ഞങ്ങൾ കുട്ടികൾക്ക് എന്നും ഹരമായിരുന്നു ഞങ്ങളുടെ പ്രിയ ഗഫൂർ മാസ്റ്ററുടെ കൂടെയുള്ള ആ സ്കൂൾ യാത്രകൾ..യാത്ര എന്ന് പറയുമ്പോൾ നിങ്ങൾ വിചാരിക്കും വല്ല ടൂറോ പഠനയാത്രയോ ഒക്കെ ആണെന്ന്..അല്ല,മുതുവത്ത് പറമ്പിൽ നിന്നും പാണക്കാട് യു.പി.സ്കൂൾ വരെയൂള്ള ഒന്നൊന്നര കിലോമീറ്റർ ദൂരം നടന്ന് പോകുന്നതിനെ പറ്റിയാണു പറയുന്നത്…

ആ ദൂരം മാഷുടെ കൂടെയാണെങ്കിൽ ഞൊടിയിടയിൽ നടന്നെത്തുന്നത് പോലെയായിരുന്നു..വാർത്തകളും ആനുകാലിക സംഭവങ്ങളും പാഠഭാഗങ്ങളുമൊക്കെ ആ യാത്രയിൽ മാഷ് ഫലിതത്തിൽ ചാലിച്ച് പറഞ്ഞ് തരും…എന്ത് ചോദ്യം ചോദിച്ചാലും ഉത്തരം ലഭിക്കുന്ന സർവ്വ വിജ്ഞാനകോശമായിരുന്നു മാഷ് ഞങ്ങൾക്കന്ന്…

ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോ ഞങ്ങടെ ക്ലാസ്സ് മാസ്റ്ററായിരുന്നു ഗഫൂർ മാഷ്..സന്തോഷാധിക്യത്തിനു എന്ത് വേണം..അത് മാത്രമല്ല മലയാളം സെക്കന്റ് ലാംഗേജ് ക്ലാസ്സുകളും മാഷായിരുന്നു ഞങ്ങളെ പഠിപ്പിച്ചിരുന്നത്…മതി മറന്ന് ലയിച്ചിരുന്ന് പോയിട്ടുള്ള ക്ലാസ്സുകളിൽ ഞാൻ സംബന്ധിച്ചിട്ടുണ്ടെങ്കിൽ അത് ഗഫൂർ മാഷുടെ ക്ലാസുകളായിരിക്കും…ദാ മാഷ് വരുന്നു..ഹാരിസ് ആവേശത്തോടെ പറഞ്ഞു..

താഴെ നിന്നും കയറ്റം കയറി വേഗത്തിൽ വരികയാണു മാഷ്..കൂടെ രണ്ട് മൂന്ന് കുട്ടികളും..അയഞ്ഞ ഫുൾ കൈ ഷർട്ട്..അതിന്റെ കൈ രണ്ടൂം മേലോട്ട് തെറുത്ത് കയറ്റിവെച്ചിരിക്കുന്നു…മങ്ങിയതെങ്കിലും വെള്ളത്തുണി ഉടുത്തിരിക്കുന്നു..അതിന്റെ ഒരു തല ഒരു കയ്യിൽ പിടിച്ചിരിക്കുന്നു..ആ കയ്യിൽ തന്നെ ഒരു പുസ്തകം..ഏതോ വാരികയാണെന്ന് തോന്നുന്നു ,ചുരുട്ടിപ്പിടിച്ചിരിക്കുന്നു…നെറ്റിയിൽ പൊടിഞ്ഞ് തുടങ്ങിയ വിയർപ്പ് കണങ്ങൾ… സദാസുസ്മരവദനൻ..അതാണു ഞങ്ങടെ ഗഫൂർ മാഷ്..ലളിതം..സുന്ദരം…

കയറ്റം കയറി വന്ന മാഷ് തന്റെ പതിവ് ശൈലിയിലുള്ള പുഞ്ചിരിസമ്മാനിച്ച് നടത്തം തുടർന്നു..ഞങ്ങളും ചാടിയെഴുന്നേറ്റ് മാഷുടെ കൂടെ കൂടി…അങ്ങനെ വീണ്ടൂമൊരു സ്കൂൾ ദിനം കൂടി…

സ്കൂൾ ജീവിതത്തിലെ ഏറ്റവും മാധുര്യമൂറുന്ന ഓർമകളിലൊന്നാണൂ  മാഷുമൊത്തുള്ള യാത്രകൾ…തന്റെ കഴിവും ആത്മാർത്ഥവും കഠിനവുമായ പരിശ്രമത്തിലൂടെ മാഷ് വളർന്നു..ഇന്ന് കേരളക്കരയാകെ അറിയുന്ന നാമമാണു നാസ അബ്ദുൽ ഗഫൂർ എന്ന നാമത്തിൽ കൂടെ അറിയപ്പെടുന്ന ഞങ്ങടെ പ്രിയ ഗഫൂർ മാഷ്…ചന്ദ്രനിലേക്കൊരു യാത്ര എന്ന പേരിൽ മാഷ് നടത്തുന്ന ബഹിരാകാശ പഠന ക്ലാസ്സുകൾ കേരളക്കരയാകെ ഇപ്പോൾ മൂവായിരത്തിലധികം വേദികൾ പിന്നിട്ട് കഴിഞ്ഞു…ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ സ്ഥാനം പിടിച്ചു ഈ പഠന ക്ലാസ് പരമ്പര..കൂടാതെ ഒട്ടനവധി പുരസ്കാരങ്ങൾ,അംഗീകാരങ്ങൾ, അവാർഡുകൾ..സംസ്ഥാന അദ്ധ്യാപക അവാർഡ്, ദേശീയ അദ്ധ്യാപക അവാർഡ്..എന്നിങ്ങനെയൊക്കെ കരസ്ഥമാക്കിയിട്ടും മാഷ് ഇന്നും ആ പഴയ മാഷ് തന്നെ…തെല്ലും അഹങ്കാരമില്ല, അഹംഭാവമില്ല, ജാഡയില്ല, ഇന്നും നിറഞ്ഞ പുഞ്ചിരിയുമായി മാഷ് കുരുന്നുകൾക്ക് അറിവ് പകർന്ന് അവരോടൊപ്പം കളിച്ച് ചിരിച്ച് നാളെയുടെ വാഗ്ദാനങ്ങൾക്ക് വെളിച്ചവും വഴികാട്ടിയുമാകുന്നു…

മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാർഡ് രാഷ്ട്രപതി പ്രണബ് മുഖർജിയിൽ നിന്നും ഏറ്റ് വാങ്ങുമ്പോൾ പ്രോട്ടോകോൾ തെറ്റിച്ച് മാഷ് രാഷ്ട്രപതിക്ക് ഷേക്ക് ഹാൻഡ് കൊടുത്തു..പുഞ്ചിരിക്കുന്ന മുഖവുമായി ലാളിത്യവും നിഷ്കളങ്കതയും നിറഞ്ഞ ഒരു മനുഷ്യൻ ഷേക്ക് ഹാൻഡിനായി കൈ നീട്ടുമ്പോൾ അത് തട്ടിക്കളയാൻ ഇന്ത്യയുടെ പ്രഥമപുരുഷനാകുമായിരുന്നില്ല…

അതേക്കുറിച്ച് മാഷ് പിന്നീട് പറഞ്ഞത്…” എനിക്ക് രാഷ്ട്രപതിയെ ഒന്ന് തൊടണമെന്നുണ്ടായിരുന്നു..എന്നാൽ ഭരങ്കരസുരക്ഷാനിയന്ത്രണങ്ങളാ…അതാ ഞാൻ ഷേക്ക് ഹാൻഡ് കൊടുത്തത്..അതിന്റെ പേരിൽ എന്നെ തൂക്കിക്കൊല്ലുകയൊന്നും ഇല്ലല്ലോ,”..എന്നാണു….

അതാണു മാഷ്..
അതാണു മാഷിന്റെ ശൈലി..

മാഷ് തന്റെ വിദ്യാർത്ഥികൾക്ക് അന്നും ഇന്നും പകർന്ന് കൊടുക്കുന്ന ഏറ്റവും വലിയ പാഠം..അത് മാഷിന്റെ ജീവിതം തന്നെയാണു..

അസൂയ ,കുശുമ്പ്. പൊങ്ങച്ചം,അഹങ്കാരം..എന്നിവ വെടിഞ്ഞ് ഉത്തമമനുഷ്യനായി ജീവിക്കാൻ…
നേട്ടങ്ങളിൽ മതിമറക്കാതെ പുത്തൻ ലക്ഷ്യങ്ങളിലേക്ക് പാത വെട്ടിത്തെളിക്കാൻ….

ജീവിതത്തിലെ ഏതൊരു വൈതരണികളിലും പതറാതെ പിന്മാറാതെ ലക്ഷ്യത്തിലേക്ക് മുന്നേറാൻ …

മാഷ് നമുക്ക് മുന്നിൽ മാത്രുക വരച്ച് കാട്ടുകയാണു…

മാഷ് പഠിപ്പിക്കാതെ പഠിപ്പിക്കുകയാണു…

“തസ്മൈ ശ്രീ ഗുരുവേ നമ”പുതിയ  അദ്ധ്യയന വർഷം ആരംഭിക്കുകയാണു..ഈയൊരവസരത്തിൽ ഒരു കലാലയ സ്മരണ പങ്ക് വെച്ചു എന്ന് മാത്രം..

..വിദ്യയുടെ ലോകത്തേക്ക് കാലെടുത്ത് വെക്കുന്ന എല്ലാ കുരുന്നുകൾക്കും ഒരായിരം വിജയാശംസകൾ നേരുന്നു…


Related Posts with Thumbnails

Related Posts with Thumbnails