ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2017, ജൂൺ 23, വെള്ളിയാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)
Bookmark and Share

രംഗം..: ഒന്ന്

മലപ്പുറം കുന്നുമ്മൽ ടൌൺ..
തിരക്ക് പിടിച്ച പെരിന്തൽമണ്ണ റൂട്ടിലൂടെ പൂരപ്പറമ്പിനിടയിലൂടെ ഐസ് വിൽ‌പ്പനക്കാരൻ പോകുന്ന പോലെ കുത്തിത്തിരുകിയും വെട്ടിച്ചെടുത്തും വളഞ്ഞ് പുളഞ്ഞും ഒക്കെ എന്റെ ഓട്ടോ ഓടിക്കുകയാണു ഞാൻ..പെട്ടെന്ന് എന്റെ ഓട്ടോക്കൊരു വയറിളക്കം.പിന്നെ ഒന്ന് രണ്ട് കുര..പിന്നെ ആൾ അറ്റാക്കായി ..അതും നടു റോഡിൽ..
ഞാനാകെ വിയർത്തു.., പുറകെ വരുന്ന വണ്ടികളൊക്കെയും പല പല ശബദത്തിൽ അമറാനും കുരക്കാനുമൊക്കെ തുടങ്ങി, ഞാൻ കിക്കർ വലിച്ചടിച്ചു..എന്ത് ചെയ്തിട്ടും ഓട്ടോ സ്റ്റാർട്ടാകുന്നില്ല., എന്ത് ചെയ്യാം.  ട്രാഫിക് ജാം..
കുറച്ചകലെ ഒരു പെട്ടിക്കടയും ചാരി നാരങ്ങാസോഡയും കുടിച്ച്കൊണ്ടിരിക്കുന്ന പോലീസുകാരൻ കണ്ണുരുട്ടി കാണിക്കുന്നു..ഞാൻ സകല അടവുകളും പയറ്റി.യുദ്ധക്കളത്തിൽ നിരായുധനായ പോരാളിയെപ്പോലെ ഞാൻ നിന്നു..പോലീസുകാരൻ എന്തൊക്കെയോ ആംഗ്യം കാണിക്കുന്നു..ബാക്കിവന്ന നാരങ്ങസോഡ ഈർഷ്യയോടെ നിലത്തേക്ക് തുപ്പി അയാൾ എന്റെ അടുത്തേക്ക് വന്നു..എടുത്ത് മാറ്റടോ തന്റെ കുന്ത്രാണ്ടം..അത് ..സാർ, വണ്ടി സ്റ്റാർട്ടാകുന്നില്ല..,   .....................അങ്ങട് തള്ളി മാറ്റടോ..രാവിലെ തന്നെ ഒരോരുത്തർ   ഓരോ ശകടവുമായി  ഇറങ്ങിക്കോളും....................(വിട്ട ഭാഗങ്ങൾ അഡൽട്ട് ഓൺലിയാണു..നിങ്ങൾക്ക് സൗകര്യപൂർവ്വം പൂരിപ്പിച്ചെടുക്കാം..)  ഹൗ വയറു നിറഞ്ഞു..ഞാൻ പുറത്തിറങ്ങി ആയാസപ്പെട്ട് വണ്ടി തള്ളിസൈഡിലേക്ക് മാറ്റി...അവിഞ്ഞ ചിരിയും ചിരിച്ച് അയാളും പുറകെ കാറിക്കൊണ്ടിരുന്ന വണ്ടികളും എന്നെ കടന്ന് പോയി...

രംഗം: രണ്ട്

സൗദി, മക്കയിലെ അസീസിയ്യ ടൗണിലെ മെയിൻ റോഡ്...ഏതാണ്ട് ഉച്ച, ഉച്ചര, ഉച്ചേ മുക്കാൽ സമയം..പുട്ടിനു തേങ്ങയിട്ടത് പോലെ ഇടക്കിടക്ക് ട്രാഫിക് സിഗ്നൽ, പച്ചകത്തുമ്പോൾ കെട്ട് പൊട്ടിച്ചൊഴുകി ചുവപ്പ് കത്തുമ്പോൾ മുറിഞ്ഞമരുന്ന വാഹനങ്ങളുടെ നീണ്ടനിര..ആ നിരയിൽ ടൊയോട്ട ഹായിസ് എന്ന മിനി വാൻ..അതിന്റെ സാരഥിയായി ഈ ഞ്യാനും..ചരിത്രം വീണ്ടും ആവർത്തിച്ചു...ഫസ്റ്റ് ഗിയറിൽ ക്ലച്ചിൽ നിന്ന് കാലെടുക്കുക, വെക്കുക..ഒച്ച് ഇഴയുന്ന പോലെയാ പോക്ക്..
ക്ലച്ചും ബ്രേക്കും തമ്മിലുള്ള അഭ്യാസത്തിനിടയിൽ ദേ കെടക്കണു..വണ്ടി ഓഫ്...ഇതൊക്കെ എത്ര കണ്ടതാ എന്ന മട്ടിൽ ചാവിയുടെ തലമണ്ട പിടിച്ച് വീണ്ടുമൊരു തിരിക്കൽ..ങേ..വണ്ടി സ്റ്റാർട്ടാകുന്നില്ല..ഗളിപ്പിക്കല്ലേ മോനേ..ഒന്നൂടൊന്ന് നോക്കി...ഇല്ലാ സ്റ്റാർട്ടാകുന്നില്ല..പിന്നെയും പിന്നെയും നോക്കി..നോ രക്ഷ..ബാറ്ററി ഡൗൺ..
പിറകിൽ വരി നിന്ന വാഹനങ്ങൾ അലറാൻ തുടങ്ങി..
പിന്നെ കുത്തിത്തിരുകി അപ്പുറത്തൂടെയും ഇപ്പുറത്തൂടെയുമൊക്കെയായി കടന്ന് പോയി...ഞാനാകെ വിയർത്തു..അല്പസമയം മാത്രം...ട്രാഫിക് പട്രോൾ വണ്ടി അകലേ നിന്നേ ഹോൺ അടിക്കുന്ന ശബ്ദം കേൾക്കാൻ തൂടങ്ങി, ഒപ്പം മൈക്കിലൂടെ വണ്ടി എടുത്ത് മാറ്റാനും പറയുന്നു...ഞാനെന്ത് ചെയ്യാൻ ...എന്തെങ്കിലും ചെയ്യണമെങ്കിൽ ഇതൊന്ന് സ്റ്റാർട്ടായിക്കിട്ടിയിട്ട് വേണ്ടേ...
ഞാൻ സൈക്കിളിൽ നിന്ന് വീണ ചിരി പോലൊരു ചിരിയും ഫിറ്റ് ചെയ്തങ്ങനെ ഇരുന്നു..

ഏതാനും മിനുട്ടുകൾ പ്ലക്കേ ന്ന് കൊഴിഞ്ഞ് വീണു..ട്രാഫിക് പോലീസിന്റെ കാർ എന്റെ വണ്ടിയുടെ പുറകിൽ വന്ന് നിന്നു..അതിൽ നിന്നിറങ്ങിയ സുമുഖനായ ഒരു പോലീസ് കാരൻ ( എന്നെപ്പോലെ.. ) എന്റെ അടുത്ത് വന്നു..

അസലാമു അലൈക്കും..എന്താ സുഖമല്ലേ...

ഓ..പിന്നേ, ഭയങ്കര സുഖം കൊണ്ട് ആറാട്ടല്ലേന്ന് ചോദിക്കാൻ തോന്നി...

എന്താ പ്രോബ്ലം...എന്നൊക്കെ ചോദിച്ചു..കാര്യം മനസ്സിലായ മൂപ്പർ ഇസ്തിറാക്ക് ഉണ്ടോന്ന് ചോദിച്ചു..തമ്പാക്കിന്റെ അറബി പേരാണെന്ന് തെറ്റിദ്ധരിക്കണ്ട..ഇതതല്ല.,

ഇസ്തിറാക്ക്..

ബാറ്ററി ഡൗണായ വണ്ടിക്ക് മറ്റൊരു വണ്ടിയുടേ ബാറ്ററിയിൽ നിന്നും കണക്ഷൻ കൊടുത്ത് സ്റ്റാർട്ടാക്കുന്ന ചുവപ്പും  കറുപ്പും കളറിലുള്ള വയർ ഇല്ലേ..അതന്നെ സാധനം..അത് പിന്നെ നമ്മളെ കയ്യിൽ ഉണ്ടല്ലോ..ഈ പാട്ട വണ്ടി വഴിയിൽ നിക്കുമെന്ന് എനിക്കാദ്യമേ അറിയാമായിരുന്നു..അത് കൊണ്ട് സ്റ്റോക്ക് ചെയ്തതാ..ഏതായാലും പുള്ളി അയാളുടെ വണ്ടി എന്റെ വണ്ടിയുടെ ഓരം ചേർത്ത് നിർത്തി അതിൽ നിന്നും കണക്ഷൻ എടുത്ത് എന്റെ വണ്ടി സ്റ്റാർട്ടാക്കിത്തന്നു...എന്നിട്ട് എന്നോട് പറഞ്ഞു..

യാ അള്ളാ..( പേടിക്കേണ്ട..പടച്ചോനെ വിളിച്ചതല്ല, അറബികളൂടെ ഒരു സ്റ്റൈലാ..).

നേരെ വിട്ടോ..വർക്ക് ഷാപ്പിലേക്ക്, ബാറ്ററി മാറ്റിക്കോ..ഇല്ലേൽ ഇനിയും വഴിയിൽ നിൽക്കും...

അതെനിക്കറിയാലോ..ഈ ജാമ്പവാന്റെ കാലത്തുള്ള ബാറ്ററി ഇനിയും മാറ്റിയില്ലെങ്കിൽ പണി പള്ളനെറച്ചും കിട്ടുംന്ന്...

ഉം..ശരി..ആയക്കോട്ടെ....ശുക്രൻ, മഅസലാമ...

എന്നൊക്കെ പറഞ്ഞ് ഞാനവിടുന്ന് വിട്ടു..

എങ്ങനെയുണ്ട്, നമ്മുടെ സ്നേഹിതന്മാരു പോലും ചിലപ്പോൾ ഇങ്ങനെ സഹായിക്കില്ല...അതാണു സൗദിയിലെ പോലീസ്..ഏത് റോഡായാലും രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ യാത്രികർക്ക് കൂട്ടായി രക്ഷകരായി സ്നേഹിതരായി സൗദി ട്രാഫിക്ക് പോലീസിന്റെ സേവനം നിങ്ങൾക്ക് പ്രതീക്ഷിക്കാം...

അല്ല ഞാനാലോചിക്കുവാ..

നമ്മുടെ നാട്ടിലും സൗദിയിലും പോലീസ് പോലീസ് തന്നെയല്ലേ .രണ്ടിടത്തും മനുഷ്യന്മാരു തന്നെയല്ലേ......പിന്നെന്താ ഇങ്ങനെ...

ആ...

Related Posts with Thumbnails

Related Posts with Thumbnails