ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2017, ജൂൺ 9, വെള്ളിയാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)
Bookmark and Share

"സാറേ...!"

"ബാറുകൾ തുറക്കാൻ പോകാത്രേ..."

"അതിനു.?

"അല്ലാ..സാറെന്തെങ്കിലും പറയന്നേ..എനിക്ക് ഫേസ്ബുക്കിൽ പോസ്റ്റാലോ..."

"ങാ..നോക്കട്ടെ.."

"മദ്യം നമ്മുടെ നാടിനെ നശിപ്പിക്കുന്ന വിപത്താണു..അത് നമ്മുടെ ശരീരരത്തെയും സമ്പത്തിനെയും.........."

"നിർത്ത് നിർത്ത്.....എന്താ സാറേ....ഇതൊരു മാതിരി പ്രതിജ്ഞ പോലെ...ഇതൊക്കെ എല്ലാവർക്കും അറിയുന്നതല്ലേ..."

"ആണോ..എനിക്കിതൊക്കെതന്നെ അറിയൂ..നിനക്കറിയാമെങ്കിൽ നിനക്കങ്ങ് ഉണ്ടാക്കിക്കൂടെ...."

"ചൂടാവല്ലെ സാറെ.."

"ബാറും ബീവറേജും പൂട്ടിയിട്ടത് കൊണ്ട്  ആരെങ്കിലും കള്ള് കുടി നിർത്തിയിട്ടുണ്ടോ...സാറെ..?

"അങ്ങനെ ചോദിച്ചാ ഇല്ലാന്ന് തന്നെ പറയാം..കുടിക്കുന്ന അളവിൽ ഇത്തിരി കുറവ് വന്നിട്ടുണ്ടാകാം..എന്നല്ലാതെ ...ശീലങ്ങളങ്ങനെ കൈവിടാൻ മലയാളിക്കാവുമോ..".

"അതാ ഞാൻ പറഞ്ഞത് പൂട്ടിയിട്ടത് കൊണ്ട് സർക്കാറിനു നികുതിയിനത്തിൽ കിട്ടേണ്ട  കോടികൾ സ്വാഹ,,"

"അത് നീ പറഞ്ഞത് നേരാ.."

"കുടിക്കാൻ തീരുമാനിച്ചവർക്ക് ബാറിൽ നിന്നോ ബീവറേജിൽ നിന്നോ വാങ്ങണമെന്ന് നിർബന്ധമുണ്ടോ..ഏയ്... കിട്ടുന്ന സ്ഥലം എവിടെയുണ്ടോ അവിടെ മണത്തെത്തും...എന്നിട്ടും കിട്ടിയില്ലേൽ  സ്വന്തമായങ്ങ് വാറ്റും...'

"അത് ശരിയാ"..

"പിന്നെ സാറെ..പരദൂഷണം പറയാന്ന് വിചാരിക്കല്ലേ.."

"നമ്മടെ പീടികന്റെടുത്തുള്ള വീട്ടിലു..."

"വീട്ടിലു.?

."അവിടൊരു ചെക്കനില്ലേ..ദുബായിലുള്ള.."

"ആ..എന്നിട്ട്..?

"അവന്റെ കല്ല്യാണത്തിനു ആറു കെയ്സ് മദ്യം ഇറക്കീതെന്നാ കേട്ടേ.."

"ഉണ്ടാവും..ഉണ്ടാവും.."

"കല്ല്യാണായാലും മരിപ്പായാലും കുടിയിരിക്കലായാലും ..സങ്കടം വന്നാലും സന്തോഷം വന്നാലും ഇനി ഒന്നും വന്നില്ലേലും മോന്തുക തന്നെ...എന്താ ചെയ്യാ...യുവാക്കൾ!! ..നാളത്തെ തലമുറ ഇങ്ങനെ തുടങ്ങിയാ എന്താ ചെയ്യാ..."

"അതെയതെ.."

"അല്ല സാറെ..ചില രാഷ്ട്രീയ പാർട്ടികൾ ബാറുകൾ തുറക്കുന്നതിനു എതിരാണല്ലോ....അത് നല്ലതല്ലേ..?

"നല്ലത് തന്നെ...പക്ഷേ ഇപ്പറഞ്ഞ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും അണികൾക്കുമൊന്നും മദ്യം വർജ്ജിച്ച് ഒരു പരിപാടിയും നടപ്പില്ലാന്ന് ആർക്കാണറിയാത്തത്..."

"അങ്ങനെ എല്ലാരെയും അടച്ചാക്ഷേപിക്കരുത് സാറെ..അത് ശരിയല്ല.."

"എല്ലാവരെയും പറ്റിയല്ല, മഹാഭൂരിപക്ഷത്തെ കുറിച്ചാ ഞാൻ പറയുന്നത്..ചെറിയ ഒരു ന്യൂനപക്ഷം മാത്രമേ ഇതീന്ന് ഒഴിവുള്ളു.."

"ദേ ..പിന്നേം "

"ഒരു പിന്നേം ഇല്ല..."

"പോസ്റ്ററൊട്ടിക്കൽ, ചുവരെഴുത്ത്, പ്രകടനം , ധർണ്ണ...എന്നിങ്ങനെ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന എല്ലാവിധ സമര- അസമര പരിപാടികൾക്ക് പിന്നിലെ പിന്നാമ്പുറ പരിപാടികളിൽ ലത് അവിഭാജ്യഘടകം തന്നെയാണു..".

"രണ്ടെണ്ണം അടിച്ച് അതിന്റെ ഹാങ്ങോവറു മാറാൻ രണ്ട് ഗ്ലാസ്സ് മോരും വെള്ളവും കൂടിച്ച് ചിറിതുടച്ച് ....വെള്ളേം വെള്ളേം ഇട്ട് വന്ന് വല്ല്യ മാന്യനായി വല്ല്യ വായി മുദ്രാവാക്യം വിളിക്കുക.. ..."

"മദ്യ നിരോധനം സിന്ദാബാദ്".., "മദ്യ വിമുക്ത കേരളം സിന്ദാബാദ്..."

"ആ വക പ്രതിഷേധങ്ങൾകൊണ്ട് എന്താ കാര്യം..?.

"ഒരു കാര്യവുമില്ല..."

"സമരത്തിൽ സത്യസന്ധത വേണം, ആത്മാർത്ഥത വേണം..ആദർശശുദ്ധിയുണ്ടാകണം..അതാണു മഹാന്മാർ നമ്മെ പഠിപ്പിച്ചത്...ആ സമരങ്ങൾക്കേ ലക്ഷ്യപ്രാപ്തിയുണ്ടാകൂ..."

" അതേ സാറേ...മദ്യവിമുക്തമായ സുന്ദരമായ ഒരു കേരളം അതാണെന്റെയും സ്വപ്നം..അതിനു വേണ്ടി നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം.."


"ആണല്ലോ...എന്നാ...ബഡായി നിർത്തി നീ ഒരു പെഗ്ഗ് കൂടി ഒഴിച്ചേ..."

"മതി ..മതി സാറെ..ഇന്നിതെത്രമത്തെ പെഗ്ഗാ...മതി.."

"മദ്യവിമുക്ത കേരളം സിന്ദാബാദ്.".

"മദ്യം നിരോധിക്കുകാാാ".."ബ്വാാ"..."ബ്വാാാാ"

"ശ്ശെ..അവിടാകെ ചർദ്ധിച്ച് വ്രുത്തി കേടാക്കിയല്ലോ.."

"ബ്വാാാ".."ബ്വാാാ......"


Related Posts with Thumbnails

Related Posts with Thumbnails