ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2017, ജൂലൈ 28, വെള്ളിയാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)
Bookmark and Share

സിനിമയിൽ വേഷം വാഗ്ദാനം ചെയ്യുമ്പോ അതിൽ വീഴുക..
ലക്ഷക്കണക്കിനു രൂപ ചോദിക്കുമ്പോഴൊക്കെ എടുത്ത് കൊടുക്കുക...
മാസങ്ങളോളം അയാൾ വിളിക്കുന്നുടത്തൊക്കെ പോയി എല്ലാം പങ്ക് വെക്കുക....

എന്നിട്ട് ഒടുക്കം പീഡനം എന്ന് നിലവിളിക്കുക..കേസ് കൊടുക്കുക..

അതും വിദ്യാ സമ്പന്ന യായ അമേരിക്കയിൽ ഡോകടറുദ്യോഗം ചെയ്യുന്ന യുവതി..

ഇതാ പറയുന്നത്...അറിവ് ഉണ്ടായാ മാത്രം പോര, തിരിച്ചറിവ് എന്ന സംഗതി കൂടി സ്വായത്തമാക്കണം എന്ന്....ശരിയും തെറ്റും നന്മയും തിന്മയും നല്ലതും ചീത്തയും ഒക്കെ വിവേചിച്ചറിയാനുള്ള തിരിച്ചറിവ്..അതിനു സ്വയം ഒരു ലോകമായി ഒതുങ്ങിക്കൂടിയാൽ പോര..
സമൂഹത്തിലേക്കിറങ്ങണം, സൗഹ്രുദങ്ങൾ സ്ഥാപിക്കണം, ബന്ധങ്ങൾ ദ്രുഡപ്പെടുത്തണം, നമ്മുടെ ചുറ്റിലും നാട്ടിലും ലോകമൊട്ടുക്കെയും നടക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാത്താനും ശ്രമിക്കണം...അങ്ങനെ അങ്ങൻ സ്വമേധയാ തിരിച്ചറിവ് എന്ന അത്ഭുത ഗുണം നമ്മിലെത്തിച്ചേരും...അപ്പോൾ പിന്നെ ആരെന്ത് പറഞ്ഞാലും മുന്നും പിന്നും നോക്കാതെയുള്ള എടുത്ത് ചാട്ടം കുറയും..
പണ്ട് ഒരു മഹാൻ പറഞ്ഞിട്ടുണ്ട്..ആരാണെന്ന് പേരു ഓർമയിൽ വരുന്നില്ല..."ഒരു വ്യക്തിയെ കബളിപ്പിക്കണമെങ്കിൽ ആ വ്യക്തിയുടെ സമ്മതത്തോടെയല്ലാതെ നമുക്കതിനു സാദ്ധ്യമല്ല" എന്ന്..

എന്താ ശരിയല്ലേ..

എല്ലാവർക്കു. നന്മ നേരുന്നു..

സിനിമയിൽ വേഷം വാഗ്​ദാനം ചെയ്​ത്​ പീഡിപ്പിച്ചെന്ന്​; യുവാവ്​ അറസ്​റ്റിൽ  http://www.madhyamam.com/kerala/woman-cheated-camera-man-offering-roles-film/2017/jul/27/300926 -

Related Posts with Thumbnails

On 2017, ജൂലൈ 27, വ്യാഴാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)
Bookmark and Share


'രാമേശ്വരം ദ്വീപിലെ മോസ്‌ക് സ്ട്രീറ്റില്‍ നൂറ്് വര്‍ഷത്തിലേറെക്കാലം ജീവിച്ച് അവിടെത്തന്നെ മൃതിയടഞ്ഞ ജൈനുലാബ്ദീന്റെ പുത്രന്റെ കഥ, തന്റെ സഹോദരനെ സഹായിക്കാനായി വര്‍ത്തമാന പത്രങ്ങള്‍ വിറ്റുനടന്ന ഒരു ബാലന്റെ കഥ, ശിവസുബ്രഹ്മണ്യ അയ്യരാലും അയ്യാദുരെ സോളമനാലും വളര്‍ത്തിയെടുക്കപ്പെട്ട ശിഷ്യന്റെ കഥ, പണ്ടാലയെപ്പോലുള്ള അധ്യാപകര്‍ പഠിപ്പിച്ച വിദ്യാര്‍ഥിയുടെ കഥ, എം.ജി.കെ. മേനോനാല്‍ കണ്ടെത്തപ്പെട്ട് ഐതിഹാസികനായ പ്രൊഫസര്‍ വിക്രം സാരാഭായിയാല്‍ വളര്‍ത്തപ്പെട്ട എന്‍ജിനീയറുടെ കഥ, പരാജയങ്ങളാലും തിരിച്ചടികളാലും പരീക്ഷിക്കപ്പെട്ട ഒരു ശാസ്ത്രജ്ഞന്റെ കഥ, അതിവിദഗ്ധരുടെ വലിയൊരു ടീമിനാല്‍ പിന്തുണയ്ക്കപ്പെട്ട ഒരു ലീഡറുടെ കഥ. ഈ കഥ എന്നോടൊപ്പം അവസാനിക്കും. ലൗകികമായി എനിക്കാരും പിന്തുടര്‍ച്ചാവകാശി ഇല്ല. ഞാനൊന്നും നേടിയിട്ടില്ല, ഒന്നും നിര്‍മിച്ചിട്ടില്ല, ഒന്നും കൈവശം വെക്കുന്നുമില്ല. കുടുംബമോ പുത്രന്മാരോ പുത്രിമാരോ ഒന്നും...

തന്റെ ആത്മകഥയായ "അഗ്നിച്ചിറകുകൾ" എന്ന പുസ്തകത്തിന്റെ അവസാന ഭാഗത്ത് അദ്ദേഹം എഴുതിയ വരികളാണിത്...

ആരാണു ആ അദ്ധേഹം...

ഇന്ത്യ ലോകത്തിനു സംഭാവന ചെയ്ത അതുല്യ പ്രതിഭ...

അവുൽ പക്കീർ ജൈനുൽ ആബിദീൻ അബ്ദുൽ കലാം...അഥവാ എ.പി.ജെ .അബ്ദുൽ കലാം ഓർമ്മയായിട്ട് രണ്ട് വർഷം...

ആ സ്മരണകൾക്ക് മുമ്പിൽ ആദരപൂർവ്വം  ബാഷ്പാഞ്ജലി അർപ്പിക്കുന്നു... 
Related Posts with Thumbnails

On 0 അഭിപ്രായ(ങ്ങള്‍)
Bookmark and Shareഭൂമി ഒരു പരന്ന തളികപോലെയാണൂ.

ആ തളികയ്ക്കു ചുറ്റും സമുദ്രവും.

ഭൂമിയെയും സമുദ്രത്തെയും മൂടിക്കൊണ്ടുള്ള കമിഴ്ത്തിവെച്ചൊരു പാത്രമാണൂ ആകാശം.

ആ പാത്രത്തിൽ പതിച്ചുവെച്ച രത്നങ്ങളാണ് നക്ഷത്രങ്ങൾ!


ആയിരക്കണക്കിനു വർഷങ്ങൾക്ക് മുമ്പ്
ബാബിലോണിയൻ സംസ്കാരത്തിൽ ജീവിച്ച അന്നത്തെ തലതൊട്ടപ്പന്മാരായ ശാസ്ത്രജ്ഞന്മാർ പറഞ്ഞതാണിത്

എത്ര മനോഹരമായ സങ്കല്പങ്ങൾ...
ഈ ആധുനിക യുഗത്തിൽ ഇതൊക്കെ കേൾക്കുമ്പോൾ രസകരമായി തോന്നും..

അന്നത്തെ കാലത്ത് ഇതൊക്കെ കണ്ടെത്താൻ എത്രമാത്രം തലപുകഞ്ഞിട്ടുണ്ടാകും, എത്രമാത്രം പരീക്ഷണ നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടാകും..വാദപ്രതിവാദങ്ങൾ നടന്നിട്ടുണ്ടാകും....

പറഞ്ഞ് വരുന്നത്..ഇനിയൊരു ആയിരം കൊല്ലം കൂടി ഈ ഭൂമി ഇവിടുണ്ടാകുകയാണെങ്കിൽ അന്നത്തെ തലമുറ എന്തൊക്കെയാകും ചർച്ച ചെയ്യുക...


ഇവിടെയൊരു സമൂഹം ലോകം മുഴുവൻ കൈപ്പിടിയിലൊതുക്കിയിട്ടും സ്വസ്ഥതയും സമാധാനവും തേടി നടന്നിരുന്നു എന്നും...

അപരന്റെ രാജ്യത്തിൽ കടന്ന് കയറി നിരായുധരായ ജനങ്ങളുടെ മേൽ അത്യാധുനിക ആയുധങ്ങൾ പരീക്ഷിച്ച്  ചിതറിത്തെറിക്കുന്ന ശരീരഭാഗങ്ങൾ ,കെട്ടിടങ്ങൾ..അതൊക്കെ കണ്ട് തന്റെ രാജ്യത്തിന്റെ സുരക്ഷിതത്വത്തിന്റെ സുഖശീതളിമയിൽ   ആസ്വദിച്ച് ഇരുന്നിരുന്നു.....എന്നും

കരാരുകളും ഉപകരാറുകളും നിയമങ്ങളും ഉണ്ടാക്കി അന്യന്റെ മുതൽ അപരന്റെ രാജ്യത്തിന്റെ സ്വത്ത്  തട്ടിച്ചെടുത്ത് ലക്ഷക്കണക്കിനു പേർ അനുഭവിക്കേണ്ട വിഭവങ്ങൾ തടഞ്ഞ് വെച്ച് ഒറ്റക്കനുഭവിച്ച് തടിച്ച് കൊഴുത്ത് കോർപ്പറേറ്റ് മുതലാളിമാർ  ഈശ്വരന്മാരെ പോലെ വാണിരുന്നു...എന്നും...

ഇവിടെയൊരു സമൂഹം ഹിന്ദുവെന്നും മുസ്ലിമെന്നും ക്ര്യസ്താനിയെന്നും പറഞ്ഞ് തമ്മിലടിച്ചിരുന്നുവെന്നും ............

ഇവിടെയൊരു സമൂഹം കമ്മ്യൂണീസ്റ്റെന്നും കോൺഗ്രസെന്നും ബി,ജെ,പി,യെന്നും പറഞ്ഞ് പൊതുജനങ്ങളുടെ വോട്ടും വാങ്ങി അധികാരം കരസ്ഥമാക്കി  അവരുടെ നികുതിപ്പണം കൊണ്ട് ശമ്പളവും മറ്റാനുകൂല്യങ്ങളും കൈപ്പറ്റി അവരുടെ ഔദാര്യത്തിൽ നേതാക്കന്മാരായി വിലസി തിരിച്ച് അവരെ സ്വൈര്യമായി ജീവിക്കാനനുവദിക്കാതെ നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ട് വന്ന് ദ്രോഹിച്ചിരുന്ന  ഒരു സമൂഹം ജീവിച്ചിരുന്നുവെന്നും....ഇവിടെയൊരു സമൂഹം ഫേസ് ബുക്ക്, വാട്ട്സാപ്പ്..എന്നിങ്ങനെയുള്ള സോഷ്യൽ നെറ്റ് വർക്കുകളിൽ സദാസമയവും കുത്തിക്കുറിച്ച് ,അടിപിടി കൂടി,ക്രിയാത്മകമായി ഒന്നും ചെയ്യാതെ ഒന്നിനും മുതിരാതെ ചെയ്യുന്നവരെ വിമർശിച്ചും കളിയാക്കിയും അപരന്റെ ജീവിതത്തിൽ വന്ന് പോയേക്കാവുന്ന തെറ്റുകൾ ഒളിഞ്ഞ് നോക്കി വിവാദമാക്കി അപരന്റെ പരാജയം ആഘോഷമാക്കി മനസ്സുഖം കണ്ടെത്തി  ജീവിതത്തിലെ വിലപ്പെട്ട സമയങ്ങൾ നഷ്ടപ്പെടുത്തിയിരുന്ന ഒരു ജനവിഭാഗം ജീവിച്ചിരുന്നുവെന്നും....


അന്നത്തെ ജനങ്ങൾ കൗതുകത്തോടെ ആശ്ചര്യത്തോടെ ചർച്ചചെയ്യുമായിരിക്കും ....അല്ലേ...

Related Posts with Thumbnails

On 2017, ജൂലൈ 25, ചൊവ്വാഴ്ച 0 അഭിപ്രായ(ങ്ങള്‍)
Bookmark and Shareഒരു രാഷ്ട്രീയ പ്രവർത്തകനാവുമ്പോൾ അയാൾക്ക് ജനത്തെ കയ്യിലെടുക്കാനാവണം..മിനിമം ഒരു ആൾക്കൂട്ടത്തെയെങ്കിലും നിയന്ത്രിക്കാനുള്ള നേത്രപാടവം ഉണ്ടാകണം...ഒന്നുമില്ലെങ്കിലും എപ്പോ വിളിച്ചാലും വിളിപ്പുറത്തെത്തുന്ന എട്ട് പത്ത് സിൽബന്ധികളെയെങ്കിലും ചെല്ലും ചെലവും കൊടുത്ത് കൂടെ നിർത്തിയേക്കണം... ഇങ്ക്വിലാബ് വിളിക്കാനും പഠിപ്പിക്കണം..ഇടക്കിടക്ക് പ്രതിഷേധ-അനുമോദന-അനുശോചന യോഗങ്ങളൊക്കെ സംഘടിപ്പിക്കണം..അവിടെ താരമായി നിറഞ്ഞ് നിൽക്കുകയും ചെയ്യണം...അക്രമാസക്തമായ പ്രതിഷേധങ്ങൾക്കും പ്രകടനങ്ങൾക്കും നല്ല മീഡിയ കവറേജ് ലഭിക്കും.പക്ഷേങ്കിൽ തല്ല് വരുന്നിടം മുൻ കൂട്ടി മനസ്സിലാക്കി വെച്ചില്ലെങ്കിൽ നടുപ്പുറം ചെണ്ടപ്പുറമാകും..സമൂഹത്തിൽ കാലികപ്രസക്തമായ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കണം..ഇനി അഥവാ ഒന്നും ചെയ്തില്ലെങ്കിലും എന്തൊക്കെയോ ചെയ്യുന്നു എന്ന തോന്നൽ ജനങ്ങളിലുളവാക്കാൻ സാദ്ധ്യമാക്കുന്ന രീതിയിൽ പെരുമാറുകയും സംസാരിക്കുകയെങ്കിലും വേണം....ഇനി മറ്റാരെങ്കിലും ചെയ്താൽ തന്നെയും അതിന്റെ ക്രഡിറ്റ് അടിച്ച് മാറ്റണം..ചുമ്മാ ഒരു ഫ്ലക്സ് വെച്ചാൽ മതിന്നേ..കല്ല്യാണ വീടായാലും മരണവീടായാലും അവിടെ എത്തിച്ചേരണം, ചുമ്മാ വെറുതേ ഉണ്ടായാൽ പോരാ..ചിരിച്ച് കളിച്ച്, കരഞ്ഞ് പിഴിഞ്ഞ്.. ഫോട്ടോക്ക് പോസ് ചെയ്ത്, എല്ലാർക്കും ഷേക്ക് ഹാൻഡ് കൊടുത്ത് അവിടങ്ങളിൽ നിറസാന്നിദ്ധ്യമായി ഉണ്ടാകണം...ശത്രുവായാലും മിത്രമായാലും മായാത്ത ചിരിയും ഫിറ്റ് ചെയ്ത് ജാതി-മത- പ്രായ വിത്യാസമില്ലാതെ ജനങ്ങളോട് ഇടപഴകാനും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുവാനും ഇടപെടാൻ കഴിയാവുന്നവയിൽ ഇടപെട്ട് നിവർത്തിച്ച് കൊടുക്കുവാനും സാധിക്കണം..ഇനി അഥവാ അതിനും സാദ്ധ്യമല്ലെങ്കിൽ അവരോടൊപ്പമുണ്ട് എന്നതും അവരുടെ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നുണ്ട് എന്നതുമായ തോന്നൽ ഉളവാക്കുന്ന രീതിയിലും ഒക്കെ പെരുമാറാൻ ശ്രദ്ധിക്കണം,..ആൾക്കൂട്ടത്തിനിടയിൽ വെച്ച് ഡെൽഹിയിലേക്ക്, തിരുവനന്തപുരത്തേക്ക് ..ജില്ലക്കമ്മറ്റിക്ക്,..എന്ന മട്ടിൽ ഫോൺ കോളുകൾ ചെയ്യുന്നത് ഇമേജ് വർദ്ധിപ്പിക്കാൻ നല്ലതാണു...ആരെങ്കിലും എന്തെങ്കിലും ആവശ്യം ഉന്നയിച്ചാൽ പപ്പു പറഞ്ഞ പോലെ "ഇപ്പ ശരിയാക്കിത്തരാം" ന്നേ പറയാവൂ..ശരിയാക്കാൻ പറ്റുന്നവയാണേ ശരിയാക്കിയേക്കണം..ഇല്ലേ,,കാണുമ്പോ മാറി നടക്കണം..മുന്നിൽ വന്ന് പെട്ടാ മറവി അഭിനയിക്കണം..സാദ്ധ്യമാകുന്ന ചെറിയ ചെറിയ കാര്യങ്ങൾ വലിയ എന്തോ സംഭവം ചെയ്ത് കൊടുത്ത പോലെ ആക്കി ത്തീർത്ത് ചെയ്ത് കൊടുത്ത് പ്രവർത്തിക്കണം...ഫ്ലക്സ് മസ്റ്റാണു..നാട്ടിൽ എന്ത് പൊതു പരിപാടി നടന്നാലും അത് ഏത് ഈർക്കിലി സംഘടനയായാലും അവിടങ്ങളിലൊക്കെ കയറിച്ചെന്ന് ഇടപെടാനും മുന്നണിയിൽ നിന്ന് ആൾക്കൂട്ടത്തിനു മുന്നിൽ ഷൈൻ ചെയ്യാനും കഴിയണം...മൈക്കിൽ നാലു ബഡായി പറയുന്നതും നാലാളോട് നേരിട്ട് പറയുന്നതും തമ്മിൽ അജഗജാന്തരം വ്യത്യാസമുണ്ട്..നല്ലൊരു സുഹ്രദ് വലയം ജാതി മത രാഷ്ട്രീയ വിത്യാസമില്ലാതെ ഉണ്ടാക്കിയെടുക്കാൻ സാദ്ധ്യമാകണം.. വാർഡ് തിരഞ്ഞെടുപ്പുകളിൽ വ്യക്തിഗത പ്രഭാവത്തിനു കൂടുതൽ സ്ഥാനമുണ്ടെന്നോർക്കുക..

അത്തരം ഒരു രാഷ്ടീയ പ്രവർത്തകൻ വോട്ട് ചോദിച്ച് വരുമ്പോൾ ആ വ്യക്തിയെ ജനം സ്വീകരിക്കും എന്നത് തീർച്ചയാണു.. അല്ലാതെ വെറും പണം മാത്രമല്ല, പണം കൊടുത്താൽ മാത്രം കിട്ടാത്ത പലതും ഈ ലോകത്തുണ്ട്,..എന്നാൽ കൊടുക്കേണ്ടിടത്ത് കൊടുക്കേണ്ടിയും വരാം..പാര...അതാരെങ്കിലും വെക്കുന്നുണ്ടോന്ന് മുൻ കൂട്ടി അറിയണം, തരം പോലെ മറ്റുള്ളവർക്കിട്ട് വെക്കുകയും വേണം..

...രാഷ്ട്രീയം..അത് ഈ നവയുഗത്തിൽ ഒരു ഗെയിമാണു..അത് മർമ്മമറിഞ്ഞ് കളിക്കാൻ കഴിയണം...അതിനു ഗുഡ് പേർസണാലിറ്റി, നേത്രപാടവം,ആശയവിനിമയശേഷി എന്നിങ്ങനെയുള്ള അടിസ്ഥാന യോഗ്യതകൾ നിർബന്ധമാണു...പ്രസംഗചാതുരി, വിദ്യാഭ്യാസം,പണം എന്നിങ്ങനെയുള്ളവ അധിക യോഗ്യതകളും രാഷ്ടീയ കളരിയിൽ വിജയം സുനിശ്ചിതമാക്കുന്നതുമാണു...
(നോട്ട് ദ പോയന്റ്: സംശുദ്ധ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന ആദർശധീരരായ സത്യത്തിനും ധർമ്മത്തിനും നീതിക്കും വേണ്ടി അടരാടുന്ന നിസ്വാർത്ഥരും അർപ്പണ മനോഭാവവുമുള്ള ഒട്ടനവധി രാഷ്ട്രീയ പ്രവർത്തകരുണ്ട് നമുക്ക് ചുറ്റിലും എന്ന് അറിയാഞ്ഞിട്ടല്ല....ഇത് അവരെ കുറിച്ചല്ല, )
Related Posts with Thumbnails

On 2017, ജൂലൈ 17, തിങ്കളാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)
Bookmark and Share
കളിക്കാരനില്‍ നിന്ന്‌ വെറും
കാണിയിലേക്ക്‌.

കാണുന്ന കാഴ്ചകൾ അതാണു..

കളിക്കുന്നില്ല നാം സ്വയം..
കളി ജയിക്കുന്നുമില്ല.
കളികൾ എല്ലാം കാണുന്നു.
കളികൾ ആസ്വദിക്കുന്നു.
കാണുന്നത്‌ നമ്മുടെ കളികളല്ല.
കളികൾ മറ്റാരുടെയോ...
കളിച്ച് ജയിക്കുന്നത്‌ നമ്മളല്ല,
കളിക്കുന്ന മറ്റാരോ.
കളിച്ചു രസിക്കുകയല്ല നാം..,
കണ്ടു രസിക്കുകയാണ്‌.
കളിക്കുന്നവരുടെ തോല്‍വിയും ജയവും നമ്മെ ബാധിക്കുന്നില്ല.
കളിച്ച്  ജയിക്കണമെന്ന വാശി നമുക്കൊട്ടുമില്ല...
കളിയും നമുക്ക് വെറുമൊരു എന്റര്‍ടെയ്‌ന്‍മെന്റ്‌.
കളി കാണുന്നവരുടെ എണ്ണം കൂടിയിരിക്കാം,
കളികള്‍ പക്ഷേ ഇല്ലാതായി.
കളിയാരവം തീർക്കും ടൂര്‍ണമെന്റുകള്‍ ഇല്ലാതായി.
കുമ്മായവര വരെ കാണികള്‍ നിറഞ്ഞു നിന്ന കാലം,
കളിക്കാന്‍ കൂടുതല്‍ കുട്ടികള്‍ മുന്നോട്ടു വന്നിരുന്ന കാലം,
കാലത്തിന്റെ കുത്തൊഴുക്കിൽ ഓര്‍മ്മ മാത്രമായി. 

കലാലയങ്ങളിലെ
കാമ്പസുകളിലെ
കളിക്കളങ്ങളുടെ തകര്‍ച്ചയാണ്‌ ഇതിന്റെ പ്രകടമായ തെളിവ്‌.
കുട്ടികളെ എന്‍ട്രന്‍സിനയക്കുന്ന സമൂഹത്തില്‍ എല്ലാ മാനേജ്‌മെന്റുകളും 
കളിക്കളങ്ങൾ നികത്തി ക്ലാസ്സ്‌ മുറികള്‍ വെച്ചു.

കായികവിദ്യാഭ്യാസം നിര്‍ബന്ധിതമാക്കാന്‍ നമുക്കു സാധിച്ചില്ല.
കളിയും കളിക്കളവും നിര്‍ബന്ധമല്ലാത്ത ഒരു സമൂഹമായി നമ്മുടേത്‌. 
കളിയില്ലാത്തതിന്റെ അനാരോഗ്യമാണ്‌ സമൂഹത്തിന്റെ മനസ്സിലും ശരീരത്തിലും ഇന്നു കാണുന്നത്‌.

കളിക്കാരന്റെ മനോഘടനയിൽ പ്രധാനമാണു പോസിറ്റീവ്‌ തിങ്കിങ്‌
കളിക്കാനുള്ള ആർജ്ജവം അഥവാ സ്പോർട്സ്മാൻ സ്പിരിറ്റ്..
കുട്ടികളിൽ ഇല്ലാതാകുന്നത് തോൽക്കാൻ തയ്യാറല്ലാത്ത ഈ മനോഘടനയാണു..
ഏറ്റുമുട്ടാന്‍ ഭയക്കുന്നവരും അനാരോഗ്യവാന്മാരും നിസ്സാര തോല്‍വിക്കു പോലും ആത്മഹത്യ ചെയ്യുന്നവരുമായി നമ്മുടെ കുട്ടികള്‍ മാറിക്കൊണ്ടിരിക്കുന്നു.
കളിച്ചു വളരുന്ന കുട്ടി ജീവിതത്തിലെ ഒരു കളിയിലും തോല്‍ക്കുകയില്ല.
ഓരോ തോല്‍വിയിലും ജയത്തിന്റെ പുതിയ പാഠങ്ങള്‍ അവന്‍ കണ്ടെത്തും.
തിരിച്ചു വരവിന്റെ, അതിജീവനത്തിന്റെ, ആരോഗ്യകരമായ മത്സരക്ഷമതയുടെ വഴികള്‍ അവന്‍ ഉള്‍ക്കൊള്ളും.
ആരോഗ്യമുള്ള സമൂഹമാണ്‌ സ്‌പോര്‍ട്‌സിന്റെ ആത്യന്തികനേട്ടം.
ആ അവസ്ഥ കൈവരിക്കാന്‍,
ആ സന്ദേശം പകരാന്‍ നമ്മുടെ സ്‌പോര്‍ട്‌സിനു കഴിഞ്ഞില്ല. 

നമുക്കു പറ്റിയ പിഴവ്‌ ഇതാണ്‌.
കളി വളര്‍ത്താനാണ്‌ നാം ശ്രമിച്ചത്‌.
കായികസംസ്‌കാരം വളര്‍ത്താനല്ല.
നമുക്കിപ്പോഴും സ്‌പോര്‍ട്‌സെന്നാല്‍ ഒളിംപിക്‌സോ ലോകകപ്പോ പോലുള്ള മത്സരങ്ങള്‍. മത്സരിക്കുക, ജയിക്കുക.
അതാണ്‌ സ്‌പോര്‍ട്‌സ്‌ എന്നു നാം കരുതുന്നു..
വിശാലാര്‍ഥത്തിലുള്ള സ്‌പോര്‍ട്‌സിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ്‌ മത്സരക്കളികള്‍. അതിനെ അങ്ങിനെ കാണാന്‍ നമുക്കു കഴിഞ്ഞില്ല.
കളിച്ചു വളരുക എന്നത്‌ ഒരു ജീവിതരീതിയാണ്‌.
എല്ലാവരും ആരോഗ്യവാന്മാരായിരിക്കുക എന്നതാണ്‌ അതിന്റെ കാതല്‍.

എല്ലാവരും വ്യായാമം ചെയ്യുന്ന സമൂഹം.
എല്ലാവരും കളിക്കുന്ന സമൂഹം. 
എല്ലാവരും ആരോഗ്യവാന്മാരായ സമൂഹം.
അവര്‍ ജീവിതത്തെ സ്‌പോര്‍ട്ടീവായി എടുക്കുന്നു.
ഒരു കളി പോലെ ആസ്വദിക്കുന്നു.
തോല്‍വിയും ജയവും ഒരു പോലെ ഉള്‍ക്കൊള്ളുന്നു.
ആരോഗ്യത്തോടെ ജീവിക്കുന്നു.
ആ അവസ്ഥയിലേക്ക്‌ ഒരു സമൂഹം എത്തുമ്പോഴേ അവിടെ നിന്ന്‌ നിരന്തരം ഉഷമാരും അഞ്‌ജുമാരും ഉണ്ടാവുകയുള്ളൂ.
അല്ലാത്തിടത്തെല്ലാം അവര്‍ ഒറ്റപ്പെട്ട നക്ഷത്രങ്ങളായിരിക്കും.

Related Posts with Thumbnails

On 2017, ജൂലൈ 16, ഞായറാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)
Bookmark and Share


നാട്ടിലൊരു കല്ല്യാണത്തിന്റെ ആവേശത്തിൽ ചെറുപ്പക്കാരങ്ങ് ഉഷാറായി..വെള്ളം നിറച്ച ബലൂണേറു, മുട്ടയേറു,പടക്കം പൊട്ടിക്കൽ..കരിവാരിത്തേക്കൽ, പാത്രങ്ങൾ വലിച്ചെറിയൽ, പന്തൽ തകർക്കൽ....എന്നിങ്ങനെ തുടങ്ങി സർവ്വജാതി പരിപാടികൾ കൊണ്ട് കല്ല്യാണം അൽ കുൽത്താക്കി അലമ്പാക്കി......സംഗതി നാട്ടിലും പരനാട്ടിലും സംസാരവിഷയമായി..പള്ളിയിലെ ഉസ്താദിനോടും ആരൊക്കെയോ പരാതികൾ ബോധിപ്പിച്ചു....തൊട്ടടുത്ത വെള്ളിയാഴ്ച  ജുമുഅ നിസകാരത്തിനു മുമ്പ് ഉസ്താദ് എഴുന്നേറ്റു.പിന്നെയൊരു കിടിലൻ പ്രസംഗമായിരുന്നു...കല്ല്യാണത്തിനു അലമ്പുണ്ടാക്കിയ സകലവന്മാരെയും ചൂണ്ടി പരസ്യമായി ചീത്തപറഞ്ഞു, ഉപദേശിച്ചു, ഗുണദോഷിച്ചു..ഉസ്താദ് പറഞ്ഞ ഒരു പോയന്റ് ഇതാണു....

"നിങ്ങളൊന്നും അന്നമല്ലേ തിന്നുന്നത്...ഒരു കല്ല്യാണ വീട്ടിൽ ചെയ്യേണ്ട കാര്യങ്ങളാണോ നിങ്ങൾ കാണിച്ച് കൂട്ടിയത്....അവിടെ ബിരിയാണി വെക്കാൻ വെപ്പുകാരുണ്ട്, പന്തലിടാൻ അതിന്റെ ആൾക്കാരുണ്ട്, ഇറച്ചി വെട്ടാനും ഒരുക്കാനും ഇറച്ചിപ്പണിക്കാരുണ്ട്..പിന്നെന്താടാ ഹംക്കുകളെ ഇങ്ങക്ക് അവിടെ പണി...എന്ത് ഒലക്കേലെ കാര്യത്തിനാ രാത്രി മുഴുവൻ നിങ്ങളവിടെ കൂത്താടിയത്..."

ഇതിപ്പോ ഇവിടെ പറയാൻ കാര്യം..

കുറച്ച് ദിവസമായി കാണുന്ന ചില കാര്യങ്ങൾ..പത്രം നോക്കിയാൽ, ടി.വി തുറന്നാൽ, ഫേസ്ബുക്കിൽ, വാട്ട്സാപ്പിൽ...എവിടെയും ദിലീപ്, ഈ ഇന്ത്യാ മഹാരജ്യത്ത് വേറൊരു പ്രശ്നവുമില്ലേ....നിങ്ങൾക്ക് ചർച്ചിക്കാൻ..

ഉസ്താദ് പറഞ്ഞത് നമ്മക്കിങ്ങനെയും പറയാം..


"നിങ്ങളെന്താ അന്നമല്ലേ തിന്നുന്നത്...ഇവിടെ കേസന്വേഷിക്കാൻ പോലീസുണ്ട്, വിചാരണ ചെയ്യാൻ കോടതിയുണ്ട്, വാദിക്കാൻ വക്കീലുണ്ട്, വിധിപറയാൻ ജഡ്ജിയുമുണ്ട്...അതൊക്കെ നടക്കുന്നുമുണ്ട്....പിന്നെന്താ ഹംക്കുകളെ ഇങ്ങക്കിതിൽ കാര്യം..രാവും പകലും നായ്ക്കൂട്ടത്തിനു എല്ലിൻ കഷ്ണം കിട്ടിയ പോലെ കടിപിടി കൂടുന്നു..."

നോട്ട്: വർക്ക് ചെയ്യുന്നവർക്ക് ഏതാണ്ട് ലച്ചങ്ങളൊക്കെ കൊടുക്കുന്നുണ്ടെന്ന് കേട്ട്..അയിനാണു...കെടക്കുമാ..


Related Posts with Thumbnails

On 2017, ജൂലൈ 12, ബുധനാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)
Bookmark and Share

വേലിക്കൽ നിക്കണ
ശീമക്കൊന്നയുടെ തൊലിക്ക്
കൈപ്പാണെന്നും..

ഒങ്ങ് മരത്തിന്റെ തടിയേൽ പേരെഴുതി വെച്ചാ
കുറച്ച് നാളു കഴിഞ്ഞാ മൊഴമൊഴച്ച് വരുമെന്നും..

പൊടുവണ്ണി മരത്തിന്റെ തൂമ്പില പൊട്ടിച്ച്
ഊറിവരുന്ന തുള്ളി നല്ല കിടിലൻ പശയാണെന്നും..

നാടൻ മാങ്ങാ കാരിത്തിന്നാ
പല്ലിന്റിടയിൽ നാരു കുടുങ്ങുമെന്നും..

കടിച്ചൂറ്റിയാ ഇളം നെൽകതിരിൽ നിന്നും
പാലൂറി വരുമെന്നും..

റിമ്മില്ലാത്ത അഴകൊഴമ്പൻ ടയറാണേലും നാലു തട്ടുതട്ടി
പിന്നാലെ പാഞ്ഞാൽ വട്ടത്തിൽ ചുറ്റിക്കറങ്ങി പറന്നോടുമെന്നും

ഞങ്ങക്കറിയാമായിരുന്നു...

ഏത് പോലെ..

പ്ലേ സ്റ്റേഷനിലെ കിടിലൻ ഗെയിമുകൾക്ക്
തലച്ചോറൂറ്റിയെടുക്കുന്നത്ര പണിയുണ്ടെന്നും..

തല മുടി മേലേക്ക് കോതിവെക്കുമ്പോ
സെൽഫിക്ക് മാരക ഗ്ലാമറുണ്ടാകുമെന്നും

ആൻഡ്രോയിഡ് വെർഷനുകൾക്ക് മധുരമൂറുന്ന
 മുട്ടായികളുടെ പേരാണെന്നും

പ്ലേ ഗ്രൗണ്ടിലെ ഗെയിമുകളും ജിമ്മിലെ പ്രാക്ടീസും
ഗംഭീര രസമാണെന്നും

സയൻസ് എക്സിബിഷനിലെ പരീക്ഷണങ്ങളിലൂടെ
ഒളിമ്പ്യാഡുകൾ കീഴടക്കാമെന്നും


നിങ്ങൾക്കറിയാവുന്നത് പോലെ...

ഞങ്ങക്കറിയാമായിരുന്നു..

Related Posts with Thumbnails

On 2017, ജൂലൈ 8, ശനിയാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)
Bookmark and Share

കുറ്റക്രുത്യങ്ങൾ പെരുകുന്നു..

പെൺകുട്ടികൾ മാനം കവർന്ന് കൊലചെയ്യപ്പെടുന്നു..

യുവാക്കൾ  ലഹരിയിൽ വിരാചിക്കുന്നു....

വഴിവിട്ട മൊബൈൽ ഫോൺ ബന്ധങ്ങൾ കുടുംബങ്ങൾ തകർക്കുന്നു..

ഒളിച്ചോട്ടങ്ങൾ വർദ്ധിക്കുന്നു..

ഇളം ജീവിതങ്ങൾ റോഡുകളിൽ പിടഞ്ഞ് മരിക്കുന്നു...

തെറ്റ് ആരുടേത്..

നിങ്ങളൊരു രക്ഷിതാവാണോ...എങ്കിൽ ..


യാതൊരു ജോലിയും കൂലിയുമില്ലാതെ കള്ളും കഞ്ചാവും അടിച്ച് പിപ്പിരിയായി നടക്കുന്ന ചെറുപ്പക്കാരുടെ കൂട്ടത്തിൽ നിങ്ങളുടെ മകനെ കാണാൻ നിങ്ങൾക്കാഗ്രഹമുണ്ടോ?

സദാസമയവും ടി.വിക്ക് മുന്നിൽ ചടഞ്ഞ് കൂടിയിരുന്ന് സദാചാരസീമകൾ ലംഘിക്കുന്ന പരിപാടികൾ നിങ്ങളുടെ മക്കൾ കാണുന്നതിൽ നിങ്ങൾക്ക് ആശങ്കയില്ലേ..?

രാത്രി വൈകി വീട്ടിലെത്തുന്ന മകനോട് കാരണമന്വേഷിക്കാൻ നിങ്ങൾക്ക് നട്ടെല്ലില്ലേ..?

മക്കളുടെ കൂട്ട് കെട്ട് ആരൊക്കെയാണെന്നും അവരുടെ ചുറ്റുപാടുകൾ എന്തൊക്കെയാണെന്നും നിരീക്ഷിച്ച് അന്വേഷിച്ച് നേർവഴിക്ക് നയിക്കേണ്ട ബാധ്യത നിങ്ങൾക്കില്ലേ..?

പക്വതയെത്തുന്നതിനു മുമ്പ് പണവും പദവിയും വിലകൂടിയ  മൊബൈൽ ഫോണൂം ബൈക്കും കാറും ഒക്കെ മക്കൾക്ക് നൽകി അഭിമാനം കൊള്ളാൻ നിങ്ങൾക്ക് വിവേകമില്ലേ..?

കല്ല്യാണ രാത്രികളിലെ കമ്പനി കൂടലും പ്രായത്തിൽ മുതിർന്നവരുമായുന്ന ചങ്ങാത്തവും ഇടക്കിടക്കുള്ള ടൂർ പോകലുമൊക്കെ മദ്യത്തിന്റെയും മ്റ്റ് ലഹരിയുടെയും  തെമ്മാടിത്തരങ്ങളുടെയുമൊക്കെ പാഠശാലകളാണെന്ന് നിങ്ങൾ തിരിച്ചറിയുന്നില്ലേ..?

സ്വകാര്യമുറികളിൽ കമ്പ്യൂട്ടറൂം ഇന്റർ നെറ്റും ഒരുക്കി കൊടുത്ത് ഒറ്റക്ക് കയറൂരി വിടുമ്പോൾ പുലരും വരെ അതിലൂളിയിട്ട് മക്കൾ അഭ്യസിക്കുന്നത് വിദ്യയല്ല..ആഭാസങ്ങളാണെന്ന്  ഇനിയെങ്കിലും നിങ്ങൾ മനസ്സില്ലാക്കുന്നില്ലേ..?

ശരീരം കാണിക്കുന്ന വസ്ത്രം ധരിച്ച് അന്യരോട് കിന്നരിച്ച് നടക്കുന്ന പെണ്മക്കളെ നിലക്ക് നിർത്താൻ ശ്രമിക്കാത്തത് എന്ത് കൊണ്ടാണു..?

മിസ് കോളുകൾക്ക് പിറകെ പോകുന്ന പൊന്നു മകളുടെ പാതിരാകിന്നാരവും പരിധി ലംഘിക്കുന്ന മൊബൈൽ കോളുകളും മെസേജുകളും  നിങ്ങളുടെ ഉറക്കം കെടുത്തുന്നില്ലേ..?

സ്പെഷ്യൽ ക്ലാസ്സിന്റെ പേരു പറഞ്ഞ് മക്കൾ പോകുന്നത് എവിടെക്കാണെന്ന് നിങ്ങൾ ഒരിക്കലെങ്കിലും അന്വേഷിച്ചിട്ടുണ്ടോ..?

പറയുന്നത് നിങ്ങളുടെ മക്കളെക്കുറിച്ചല്ലെന്നാണോ..

അല്ലെങ്കിൽ നിങ്ങൾക്ക് നല്ലത്,

ആണെങ്കിൽ  വഴി പിഴച്ചത് സമൂഹത്തിനല്ല,

കുറ്റം കാലഘട്ടത്തിനല്ല,

പിഴച്ചത് നിങ്ങൾക്കാണു...

മക്കളുടെ എല്ലാ തോന്നിവാസത്തിനും തെമ്മാടിത്തരത്തിനും കൂട്ട് നിന്ന് ഒത്താശചെയ്ത് കൊടുത്ത് "മൗനം സമ്മതം" മൂളിക്കൊടുത്ത്  അവസാനം "ന്റെ മോൻ പിഴച്ച് പോയേ" "ന്റെ മോൾ ഒളിച്ചോടിപ്പോയേ" എന്ന് വിലപിച്ച് സമൂഹത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമുണ്ടാകില്ല...അന്ന് ഒഴുക്കുന്ന ആ കണ്ണീരിനും ആ സങ്കടങ്ങൾക്കും നിങ്ങൾ മാത്രമായിരിക്കും ഉത്തരവാദി...


ഓർക്കുക..!!
നിങ്ങൾ നശിപ്പിക്കുന്നത് നിങ്ങളുടെ മക്കളെ മാത്രമല്ല, നാളെയുടെ വാഗ്ദാനങ്ങളാകേണ്ട ഒരു തലമുറയെ തന്നെയാണു.., സമൂഹത്തെയാണു..

Related Posts with Thumbnails

On 2017, ജൂലൈ 7, വെള്ളിയാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)
Bookmark and Shareഇന്ന് ഒന്ന് രണ്ട് പി.ഡി.എഫ് കിട്ടി...നോവലാണൂ..നമ്മടെ ഷെർലക് ഹോമ്സിന്റെ.....

സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരു പാട് വായിച്ചിട്ടുണ്ട്...

വീണ്ടും ..

വല്ലാത്തൊരു സന്തോഷം...

ഷെർലക് ഹോസിനെ അറിയില്ലേ..ലോകത്ത് ലക്ഷക്കണക്കിനു ആരാധകരുള്ള കുറ്റാന്വേഷണ വിദഗ്‌ദൻ...

ഷെർലക് ഹോംസ് എന്ന വ്യക്തി യഥാർത്ഥത്തിൽ ജീവിച്ചിരുന്നോ...

ഇല്ലാ എന്നാണുത്തരം...

എന്നാൽ അദ്ധേഹത്തിന്റെ കഥകൾ ഇറങ്ങിയിരുന്ന കാലത്ത്  ഷെർലക് ഹോംസ് എന്ന വ്യക്തിയെ ആരാധിക്കുകയും അദ്ദേഹത്തിന്റെ ശൈലികളും സ്റ്റൈലും ഒക്കെ അനുകരിക്കുകയും അദ്ധേഹത്തിനു കത്തുകളെഴുതുകയും ഒക്കെ ചെയ്തിരുന്നു ആരാധകർ...എന്തിനധികം ബ്രിട്ടനിലെ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി അദ്ധേഹത്തെ വിശിഷ്ടാംഗത്വം നൽകി ആദരിക്കുക കൂടി ചെയ്തു...


1887 ൽ സർ ആർതർ കോനൽ ഡോയൽ രചിച്ച ഒരു കഥയിലൂടെയാണൂ ഷെർലക് ഹോംസ് അവതരിക്കുന്നത്...വായനക്കാരുടെ വമ്പിച്ച പ്രശംസ പിടിച്ച് പറ്റിയ ആ കഥക്ക് ശേഷം ഒരു പാട് ഹോംസ് കഥകളും നോവലുകളും ഇറങ്ങി...അങ്ങനെയങ്ങനെ ഹോംസ് എന്ന കഥാപാത്രം ലോകപ്രശസ്തിയാർജ്ജിച്ചു...ഹോംസിന്റെ കുറ്റാന്വേഷണ രീതി പല രാജ്യങ്ങളിലും പോലീസ് സേനക്ക് പരിശീലനം നൽകുന്നതിനു പാഠ്യപദ്ധതിയിൽ വരെ ഉൾപ്പെടുത്തപ്പെട്ടു...

ഷെർലക് ഹോംസ് ലോകപ്രശസ്തിയാർജ്ജിച്ചപ്പോഴും ആ  കഥാപാത്രം  സ്രുഷ്ടിച്ച  സർ ആർതർ കോനൽ ഡോയൽ എന്ന ഡോക്ടറെ ലോകം വേണ്ട വിധം അറിയാതെ പോയി...ലോകചരിത്രത്തിൽ ഒരേയൊരു മനുഷ്യനു മാത്രമേ ഇങ്ങനെയൊരു ഗതികേടു വന്നിട്ടുണ്ടാകൂ..
തന്റെ മറ്റു നോവലുകളിലേക്കും ഗവേഷണങ്ങളിലേക്കും കൂടുതൽ ശ്രദ്ധ കൊടുക്കുന്നതിനായി ഡോയൽ ഒരു നോവലിൽ ഷെർലക് ഹോമ്സിനെ മരിപ്പിച്ച് കളഞ്ഞു...

പോരേ പൂരം...

ചരിത്രത്തിൽ ആദ്യമായി ഒരു കഥാപാത്രത്തിനു വേണ്ടി ജനങ്ങൾ തെരുവിൽ ഇറങ്ങി.. ഹോംസ് ഫാൻസ് കൂട്ടത്തോടെ പ്രതിഷേധ പ്രകടനം നടത്തി... കോനൻ ഡോയലിനു അനേകം ഭീഷണികത്തുകൾ ലഭിച്ചു.. പല ഭാഗത്തു നിന്നും സമ്മർദ്ദം വന്നു.

അങ്ങനെ ഷെർലക് ഹൊംസിനെ മറ്റൊരു നോവലിലൂടെ തിരിച്ചു കൊണ്ട് വരേണ്ടി വന്നു നോവലിസ്റ്റിനു..

ജനം ഹോംസിനെ ഒരു കഥാപാത്രം എന്നതിലുപരി ഒരു വ്യക്തിയായി തന്നെ സ്നേഹിചു.. തങ്ങളുടെ കേസുകൾ ഹോംസിനെ ഏൽപ്പിക്കാനായി ഹോംസിന്റെ 221 ബി ബേക്കർസ്റ്റ്രീറ്റ് എന്ന വിലാസത്തിലേക്കു ജനം കത്തുകള് അയക്കാൻ തുടങ്ങി..

ഷെർലക് ഹോംസ് സൊസൈറ്റികളും ഹോംസിന്റെ പേരിൽ മ്യൂസിയങ്ങളും രൂപീകരിക്കപ്പെടുകയുണ്ടായി.. ലണ്ടനിൽ ബേക്കർസ്റ്റ്രീറ്റിൽ സ്ഥാപിച്ച മ്യൂസിയത്തിൽ ഹോംസ് ഉപയോഗിച്ച ഫർണീച്ചറുകളും മറ്റും എന്ന പേരിൽ പലതും പ്രദർശിപ്പിക്കപ്പെട്ടു...

പിന്നീട് ഹോംസിന്റെ പേരിൽ സ്വിറ്റ്സർലാന്റിലും മ്യൂസിയം സ്ഥാപിക്കുകയുണ്ടായി. മോസ്കോവിലും സ്കോട്ട്ലാന്റിലും ഷെർലക് ഹോംസിന്റെ പ്രതിമകൾ സ്ഥാപ്പിക്കപ്പെട്ടു.....

ഹോംസിനെ കഥകൾ വച്ചു ഇരുന്നൂറോളം സിനിമകൾ ഉണ്ടായി.. സിനിമയിൽ എറ്റവും കൂടുതൽ തവണ ചിത്രീകരിക്കപ്പെട്ട കഥാപാത്രം എന്ന നിലക്കു ഹോംസ് ഗിന്നസ് ബുക്കിൽ കയറി പറ്റുകയും ചെയ്തു..

പക്ഷെ അപ്പൊഴൊക്കെ കോനൻ ഡോയൽ എന്ന യഥാർത ഹീറൊ ഷെർലക് ഹോംസിന്റെ പ്രഭക്കു മുന്നിൽ മങ്ങി പോവുകയായിരുന്നു..

Related Posts with Thumbnails

On 2017, ജൂലൈ 6, വ്യാഴാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)
Bookmark and Shareജൂലായ് 5, ബേപ്പൂർ സുൽത്താന്റെ ചരമദിനം...

മലയാള സാഹിത്യത്തില്‍ ബഷീര്‍ എന്നാല്‍ ഇന്നും ഒരൊറ്റയാളെയുള്ളു.

ജീവിതത്തെ അനന്തമായപ്രാര്‍ത്ഥനയായി കണ്ട ബഷീര്‍.

സ്വന്തം ജീവിതത്തെ തന്നെ അനുഭവത്തില്‍ ചാലിച്ച് മധുരമായും കയ്പ്പായും ‘സുലൈമാനി’യാക്കി തന്ന ബഷീര്‍.

ഭൂമിയുടെ അവകാശം സര്‍വ്വജീവജാലങ്ങള്‍ക്കും പതിച്ചു നല്‍കിയ മനുഷ്യന്‍.

മനുഷ്യനെന്നാല്‍ പ്രകൃതിയാണെന്നും പ്രകൃതിയാകുമ്പോള്‍ അതിലെ സര്‍വ്വജീവജാലങ്ങളെയും സംരക്ഷിക്കണമെന്നും  ഒന്നിനേയും വേദനിപ്പിക്കാതെ സ്വയം സാന്ത്വനമാകണമെന്നും ഉദ്ഘോഷിച്ച എഴുത്തുകാരന്‍.

മുവാറ്റുപുഴയാറ് രണ്ടായിപ്പിരിയുന്ന വൈക്കത്തുനിന്നും തുറമുഖ പ്രൗഢിയുള്ള ബേപ്പൂരിലെത്തി വാഴ്ന്ന " സുൽത്താൻ"
Related Posts with Thumbnails

On 2017, ജൂലൈ 5, ബുധനാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)
Bookmark and Share

എമ്മാതിരി ചൂടാപ്പാ...

ഇബടെ മക്കയിൽ ഭയങ്കര ചൂടാ...മറ്റുള്ളയിടത്തൊക്കെ എങ്ങനെയാണെന്നറിയില്ല...

പ്രവാസി സുഹ്രുത്തുക്കൾക്ക് മുന്നറിയിപ്പ്...

അപ്പിയിടൽ കഴിഞ്ഞ്  പൈപ്പ് തുറന്ന്  നേരിട്ടങ്ങ് വെള്ളം തളിക്കാൻ നിൽക്കേണ്ട...പ്രുഷ്ഠം അടുപ്പിൽ ഇരുന്ന  പോലാവും...


ഓടിച്ചെന്ന് ഷവർ തുറന്ന് അതിന്റെ ചുവട്ടിൽ നിൽക്കാൻ മിനക്കിടേണ്ട...പിന്നെ അവിടെക്കിടന്ന് ഓട്ടൻ തുള്ളലും ചാട്ടൻ തുള്ളലും കളിക്കേണ്ടി വരും..

ഇതെന്റെ വഹ...

ഇനി..........

സൗദി സിവിൽ ഡിഫൻസ് പറയുന്ന നിർദ്ധേശങ്ങൾ കൂടി കേട്ടോളൂ...

സൂര്യതാപമേൽക്കുന്നതിനു സാധ്യതയുള്ളതിനാൽ പകൽ സമയങ്ങളിൽ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്​.


തൊഴിലാളികൾ  ഉച്ചസമയങ്ങളിൽ പു​റംജോലി ചെയ്യരുത്, ചെയ്യി​ക്കരുത്..

വെള്ളം കൂടുതൽ കുടിക്കുക..


 വൈദ്യുതി ഉപകരണങ്ങൾ കുറ്റമറ്റതാണെന്ന്​ ഉറപ്പുവരുത്തണം. ഒരു പോയിൻറിൽ  നിന്ന്​ കൂടുതൽ കണക്​ഷനെടുക്കരുത്​. ഇത്​​  ലോഡ്​ കൂടാൻ കാരണമാകും...


തുടർച്ചയായി ഫാനുകളും മറ്റ്​ ഉപകരണങ്ങളും പ്രവർത്തിക്കുന്നത്​​ കേബിൾ​ ചൂടാകാനും അഗ്​നിബാധയുണ്ടാകാനും കാരണമായേക്കും.

ആവശ്യമില്ലാതെ എയർകണ്ടീഷനറുകൾ പ്രവർത്തിപ്പിക്കരുത്..

ഉറങ്ങുന്നതിനു മുമ്പ്​ ചാർജ്​​ ചെയ്യാനിട്ട ഉപകരണങ്ങൾ കണക്​ഷനിൽ നിന്ന്​ വേർപ്പെടുത്തണം.


യാത്ര പുറപ്പെടുന്നതിനു മുമ്പ്​ വാഹനങ്ങൾ പരിശോധിക്കണം. വാഹനം കൂടുതൽ ഹീറ്റാകുന്നത്​ തീ പിടിക്കാൻ കാരണമാകും.

തീ പിടിക്കാൻ സാധ്യതയുള്ള സാധനങ്ങൾ വാഹനങ്ങളിൽ വെക്കരുത്​.

വാഹനങ്ങൾക്കുള്ളിൽ ഗ്യാസ്​ അടങ്ങിയ വസ്​തുക്കൾ വെക്കരുത്...

ഇന്ധനം ഫുൾടാങ്ക്​ നിറക്കരുത്..

വീട്ടിൽ നിന്ന്​ പുറത്തു പോകു​േമ്പാൾ പ്രത്യേകിച്ച്​ യാത്ര പോകു​േമ്പാൾ ഗ്യാസ്​ സിലിണ്ടർ, ഇലക്​ട്രിക്ക്​ ഉപകരണങ്ങൾ എന്നിവ ഒാഫ്​ ചെയ്​തിട്ടുണ്ടെന്ന്​ ഉറപ്പുവരുത്തുക...


അപ്പോ ശരി..എല്ലാം പറഞ്ഞ പോലെ.....

ബൈ....

Related Posts with Thumbnails

On 0 അഭിപ്രായ(ങ്ങള്‍)
Bookmark and Share

കുരുമുളക് ചേർത്ത് വറുത്തരച്ച കോഴിക്കറി, ബീഫ് ഉലർത്തിയത്, ചിക്കൻ ഫ്രൈ, ഒപ്പം നല്ല ആവി പറക്കുന്ന കുട്ടൻ ബിരിയാണി..പലതരം കറികൾ, സലാഡുകൾ, പപ്പടം,പായസം....എന്നിവയങ്ങിനെ മേശപ്പുറത്ത് നിരത്തിവെച്ചിരിക്കുന്നു..അതിന്റെ മുമ്പിൽ വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറച്ച് കാത്തിരിക്കുകയാണു ഞാനും സുഹ്രുത്ത് ഹാരിസും...

എന്നെ ഒഴിവാക്കി എല്ലാം കൂടി ഒറ്റക്ക് അകത്താക്കാനുള്ള ഒരു മോഹം അവന്റെ മുഖത്തുണ്ടോ എന്നൊരു സന്ദേഹം...
ആ സംശയം ശരിയായിരുന്നു..പെട്ടെന്ന് അവൻ ചാടിയെഴുന്നേറ്റ് ബിരിയാണിപ്പാത്രവും കൊണ്ട് ഒറ്റ ഓട്ടം....അമ്പട കള്ളാ...അത്രക്കായോ...ഞാനും പുറകെ ഓടി...അരമതിൽ ചാടിക്കടന്ന് ഇടവഴിയിലേക്കിറങ്ങി അവൻ ഓടടാ ഓട്ടം...തൊട്ടുതൊട്ടില്ല എന്ന മട്ടിൽ ഞാനും....പൊടുന്നനെ വഴിയിലേക്ക് നീണ്ട് കിടക്കൂന്ന ഒരു വേരിൽ കാൽ തട്ടി അവൻ കമഴ്ന്നടിച്ച് വീണു...ബിരിയാണിപ്പാത്രം പറ പറന്നു...ബീഫും ചിക്കനും പൂത്തിരി കത്തും പോലെ ചിന്നിച്ചിതറി...തൊട്ടുപുറകെ ഓടിയെത്തിയ എനിക്കാണെങ്കി പെട്ടെന്ന് ബ്രേക്കിടാനും കഴിഞ്ഞില്ല...അവന്റെ കാലിൽ തട്ടി ഞാനും വായുവിൽ ഉയർന്ന് പഴഞ്ചക്ക കൂനിടിഞ്ഞ് വീഴുന്നത് പോലെ പ്ലക്കോന്ന് താഴേക്ക് വീണൂ...വീഴ്ചയുടെ ആഘാതത്തിൽ രണ്ടാളും കിടന്ന കിടപ്പിൽ തന്നെ കിടന്നു...ബിരിയാണീം പോയി..തടിയും കേടായി....ദേഷ്യം മുഴുവൻ അവനോടായി...അവനെ ഞാനിന്ന്....എന്ന് പറഞ്ഞ് കണ്ണ് തുറന്ന് എണീക്കാൻ നോക്കിയപ്പോ.................................................................................................................................


ഹാരിസുമില്ല, ബിരിയാണിയുമില്ല..ചുറ്റും കൂരാ കൂരിരുട്ട് മാത്രം...ന്റമ്മോ...ഇതെവിടെയാ...അയ്യട...ഞാൻ റൂമിലാരുന്നോ.?..സ്വപ്നം കാണുവാരുന്നോ...?
ഒരു തൊലിഞ്ഞ സ്വപ്നം...
പിറു പിറുത്ത് കൊണ്ട് ലൈറ്റിട്ടു..
ങേ...സമയം ഏഴര...എന്റെ തലയിൽ ഒരു കൊള്ളിയാൻ മിന്നി..
പടച്ചോനേ..ആറുമണിക്ക് അലാറം വെച്ചതാണല്ലോ...."ഒടക്ക് നമ്പർ ഒന്ന്,"

സമയം ഒരുപാട് വൈകി..ആറരക്ക് ഒരു ഓർഡർ കൊടുക്കാനുണ്ടല്ലോ...ഇനിയിപ്പോ എന്താ ചെയ്യാ...
വേഗം എണീറ്റ് ബാത്ത് റൂമിലോട്ട്,...മുഖം കഴുകാൻ പൈപ്പ് തിരിച്ചതും...ശൂന്ന് ഒരു ശബ്ദം മാത്രം...ച്ഛായ്...പൈപ്പിൽ വെള്ളമില്ല...ആകെ കൂലാവിയായല്ലോ....."ഒടക്ക് നമ്പർ ടു..."

മുഖം കഴുകിയില്ലേ വേണ്ട, കിട്ടിയ ഡ്രസ്സുകൾ വലിച്ച് കേറ്റിപുറത്തേക്കൊരോട്ടം..ധ്രുതിയിൽ വണ്ടിയിൽ കയറി.....ചാവി കാണാനില്ല, മറന്നു,,,വീണ്ടും റൂമിലോട്ട്.....".ഒടക്ക് നമ്പർ ത്രീ..."

ചടപടാന്ന് കോണീപ്പടീയിറങ്ങി വന്ന് വണ്ടി  സ്റ്റാർട്ടാക്കി പറപ്പിച്ച് വിട്ടു...റോഡാണെങ്കിൽ ഒടുക്കത്തെ ബ്ലോക്ക്.......".ഒടക്ക് നമ്പർ ഫോർ..."


ഹൗ..ഇന്നെന്താ ഇങ്ങനെ...സിഗ്‌നലൊക്കെ പച്ച കത്താൻ എന്തൊരു ലേറ്റ്..............
"ഒടക്ക് നമ്പർ ഫൈവ്.."

മനുഷ്യൻ അത്യാവശ്യത്തിനു ഒരു വഴിക്ക് പോകുമ്പോ ഒടക്ക് വെക്കാൻ കുറെ അലവലാതി ടാക്സികളും........".സിക്സേ.."


ഹോണിൽ നിന്ന് കയ്യെടുക്കാതെ വിട്ടു...ഓടൊയോടി സ്ഥിരം റൊട്ടി വാങ്ങുന്ന കടയുടെ മുമ്പിൽ എത്തി..
ഇറങ്ങുന്നത് കണ്ടപ്പോഴേ കടയിലെ പാകിസ്താനി മൊഴിഞ്ഞു....റോട്ടി നഹീ ബായ്...ഖതം ഹോഗയാ....ങ്ങേ...റൊട്ടി തീർന്ന് പോയന്നോ...ന്റമ്മോ........"ഒടക്ക് നമ്പർ സെവൻ..."


ഇന്ന് ഒടക്കുകളുടെ സമ്മേളനമാണല്ലോ...ഞാനാകെ തളർന്നു...
റൊട്ടിയില്ലെങ്കിൽ വേണ്ട..ഞാൻ വണ്ടിയിൽ കയറി നമ്മുടെ കടയിലേക്ക് വിട്ടു...അവിടെയുള്ളതെങ്കിലും കസ്റ്റമർക്ക് കൊണ്ട് കൊടുക്കാം...അവിടെയെത്തിയപ്പോഴല്ലേ പുകിലു...എന്നും രണ്ടും മൂന്നും ബോക്സുകളാണുണ്ടായിരുന്നതെങ്കിൽ ഇന്നോ എട്ട് പത്തെണ്ണം........".ഒടക്കെന്നെ ഒടക്ക്........എട്ട്.."ധ്രുതിയിൽ എല്ലാം വണ്ടിയിൽ ലോഡ് ചെയ്ത് കസ്റ്റമർക്ക് ഫോൺ വിളിച്ചു..ലൊക്കേഷൻ കിട്ടാൻ..അപ്പോ പുള്ളി പറയാ...

സ്ഥിരം കൊടുക്കുന്ന സൈറ്റിൽ അല്ല...പത്തിരുപത് കിലോമീറ്റർ അപ്പുറത്തുള്ള വേറൊരു സ്ഥലം പറഞ്ഞു..അവിടെ കൊണ്ട് വാ,,,എന്നും.... 
ഇത്രയും ഓടിയത് പോരാാ...ഇനിയും...!! ...."ഒടക്ക് നമ്പർ ഒമ്പത്......."

ഹെന്റെ ദൈവമേ..എത്ര അഴിച്ചിട്ടും കുരുക്കഴിയുന്നില്ലല്ലോ...ഞാനാകെ തളർന്നു..

ചില നേരങ്ങളിൽ ഇങ്ങനെയാണു...പ്രതിബന്ധങ്ങൾ ഒന്നിനു പിറകെ ഒന്നായി വന്ന് കൊണ്ടേയിരിക്കും.....എത്ര പരിശ്രമിച്ചിട്ടും പരിഹരിക്കാനാവാതെ  നമ്മൾ പടക്കളത്തിൽ നിരായുധനായ പോരാളിയെപ്പോലെ നിൽക്കും...ആ...ഒരു സന്ദർഭം നാമാരാണെന്നും.......നമ്മുടെ കഴിവുകൾ എത്രത്തോളം നമ്മുടെ രക്ഷക്കെത്തുമെന്നും..നാം മനസ്സിലാക്കും...എത്ര അഹങ്കരിച്ച് നടക്കുന്നവനും കുന്നിക്കുരുവോളം ചെറുതാവും... ..

ഒടുക്കം തളർന്ന് മനം നൊന്ത് ഒരേ ഒരു രക്ഷകനേ മാത്രമേ നമുക്ക് വിളിക്കാനുണ്ടാകൂ.......എത്ര വിശ്വാസമില്ലാത്തയാളാണെങ്കിൽ പോലും അറിയാതെയെങ്കിലും വിളിച്ച് പോകും....ദൈവമേ...ന്ന്....

ദൈവമേ..ഏവർക്കും നന്മ ചൊരിയണമേ...
തിന്മയെ തട്ടിയകറ്റേണമേ..
Related Posts with Thumbnails

On 2017, ജൂലൈ 4, ചൊവ്വാഴ്ച 0 അഭിപ്രായ(ങ്ങള്‍)
Bookmark and Share
"എബടെ തിരിഞ്ഞ് നോക്കിയാലും ആധാറു,ആധാർ..ഒരു ബല്ലാത്ത എടങ്ങേറായല്ലോ മോനേ...ഞമ്മക്കാണെങ്കി ആ സാധനം എബെടന്നാ കിട്ട്വാന്ന് അറിയാനും ബയ്യ", "അനക്ക്  അറിയോ മോനോ..ഇജ്ജൊന്ന് പറഞ്ഞാ..."

മലപ്പുറത്തെ  ഗ്യാസ് ഏജൻസിയിൽ   നിന്നും  പുറത്തിറങ്ങാൻ നേരം താടിയും തടവി ഒരു തലേക്കെട്ടുകാരൻ കാക്ക യാതൊരു മുഖവുരയുമില്ലാതെ സംസാരത്തിനു തുടക്കം കുറിച്ചു, 

അല്ല ..അതാണല്ലോ മലപ്രം സ്റ്റൈൽ, 
ആളും തരവും സ്ഥലവും പരിചയവും ഒന്നും നോക്കാതെ വെട്ടിത്തുറന്നുള്ള ഒരു സംസാരം..അത് മലപ്പുറം കാരുടെ മാത്രം പ്രത്യേകതയാണു..

ഓപ്പൺ മലപ്രം സ്റ്റൈൽ,അല്ല പിന്നെ..

സമയമുണ്ടായിട്ടല്ല, എനിക്കറിയാവുന്നത് അയാൾക്ക് ഉപകാരപ്പെടുകയാണെങ്കിൽ ആയ്ക്കോട്ടെ..ഞാൻ വിവരണം തുടങ്ങി..

"അതായത് ഈ ആധാർ എന്ന് പറഞ്ഞാൽ ഇന്ത്യാമഹാരാജ്യത്തിന്റെ അഖണ്ഡതക്കും ഐക്യത്തിനും വേണ്ടി കേന്ദ്രസർക്കാർ ആവിഷകരിച്ച ഒരു........."

"നിർത്ത്..നിർത്ത്...ഹൗ ഒരു ബല്ല്യ വിവരക്കാരൻ.. അന്നോട് പ്രസംഗിക്കാനല്ല പറഞ്ഞേ..ഈ പറഞ്ഞ സാധനം എബിടന്ന് കിട്ടുംന്ന് പറഞ്ഞാ മതി.."

ഞാൻ ചൂളി, അയാളുടെ മുന്നിൽ വല്ല്യ ആളാകാൻ നോക്കിയതാ..പണി പാളി, ഹ..ഹ.ഹ പാളും.,അതാണു മലപ്പുറം. കണ്ണിൽ കണ്ട അണ്ടനും അടകോടനുമൊന്നും ഇവിടെ അങ്ങനെ പെട്ടെന്നൊന്നും സ്റ്റാറാകാൻ പറ്റില്ല, 

അതാണു ഓപ്പൺ മലപ്രം സ്റ്റൈൽ..

എന്തായാലും അയാളെ ഒരു വിധം കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തടിയൂരി..ഹൗ
 ( അയാൾക്ക് വല്ലതും തിരിഞ്ഞോ ..ആവോ..)
അബിടെ കൊട്...അങ്ങനല്ലാ..ഓനെ മാർക്ക് യ്യ്...ഓന്റെ കാലു വെട്ടി മുറ്ച്ച്...കണ്ണിൽകജ്ജിട്..അടിയടാാ...അടി..ഹൗ..

കൂട്ടം കൂടി നിൽക്കുന്ന ആൾക്കൂട്ടത്തിനുള്ളിൽ നിന്ന് ഇങ്ങനെയൊക്കെ കേട്ടാൽ പേടിക്കേണ്ട....അവിടെ അടിയും പിടിയുമൊന്നുമില്ല...അത് സ്ഥലം മലപ്പുറമാണു..അവിടെയൊരു ഫുട്ബാൾ മത്സരം നടക്കുകയായിരിക്കും.. .   

ഒരു പക്ഷേ കളിക്കാരേക്കാൾ ആവേശത്തോടെ കാണികൾ ഫുട്ബാൾ ആസ്വദിക്കുകയും കളിയിൽ ഇടപെടുകയും ചെയ്യുന്ന  നാട് അത് മലപ്പുറം തന്നെ...

ഫോർസ്, ഫൈവ്സ്, സെവൻസ്, ..എന്നിങ്ങനെ തുടങ്ങി ഫുട്ബാളിന്റെ ഒരായിരം വകഭേദങ്ങൾ മലപ്പുറത്തിനു മാത്രം സ്വന്തം..

പറമ്പോ പാടമോ സ്കൂൾ ഗ്രൗണ്ടോ ഇനി അഥവാ തിരക്കൊഴിഞ്ഞ റോഡോ  എന്തുമാകട്ടെ ഒരു പന്തും  അതിനു പുറകേ പായുന്ന ഒരു പറ്റം ആൾക്കാരെയും കാണാം... അത് കണ്ട് കയ്യടിക്കുന്ന ആർത്ത്   വിളിക്കുന്ന കാണികളെയും കാണും ..

ഓപ്പൺ മലപ്രം സ്റ്റൈൽ..


ഒരിക്കൽ മലപ്പുറത്തെ ഒരു ടീമിനു വേണ്ടി കളിക്കാൻ തെക്ക് നിന്ന് വന്ന ഒരു പയ്യൻ...അടിയെടാ...പിടിയെടാാ..എന്നിങ്ങനെയുള്ള അലർച്ച കേട്ട് വിരണ്ട് പോയീന്നാ കേട്ടേ...അത് മാത്രമല്ല വേറൊരു കളിയിൽ ഗോൾ വഴങ്ങിയ ഗോളിയെ കയ്യേറ്റം ചെയ്തതും സെൽഫ് ഗോൾ അടിച്ച കളിക്കാരനെ ചെപ്പക്കുറ്റി അടിച്ച് പൊളിച്ചതും ഫൗൾ കിട്ടാൻ പരിക്കഭിനയിച്ചവനു ശരിക്കും പരിക്കാക്കി കൊടുത്തതുമൊക്കെ മലപ്പുറത്തുകാരന്റെ ഫുട്ബാൾ ആവേശത്തിൽ പെടും...

ദതാണു ഓപ്പൺ മലപ്രം സ്റ്റൈൽ..

ഒരിക്കൽ ത്രുശൂരിൽ നിന്ന് വിരുന്ന് വന്ന് സ്കൂട്ടറിൽ കറങ്ങാനിറങ്ങിയ ഒരു പയ്യൻ ഓട്ടോയിടിച്ച് നിലത്ത് വീണതേ ഓർമയ്യുള്ളൂ...പിന്നെ കണ്ണ് തുറന്ന് നോക്കിയപ്പോൾ കാണുന്നത് ഹോസ്പിറ്റലിലെ മച്ചിൽ കറങ്ങുന്ന ഫാനാ......

നിങ്ങളൊന്ന് വീണു നോക്കൂ ...മലപ്പുറത്ത് ആൾക്കൂട്ടം ഉള്ളയിടങ്ങളിലെവിടെയെങ്കിലും ......വീഴേണ്ട താമസം..."ന്റെ പടച്ചോനേ" ന്നും പറഞ്ഞ് അവിടന്നും ഇവടന്നുമായി ആൾക്കാർ ഓടിക്കൂടുന്നു...പൊക്കിയെടുത്ത് അത് വഴിയേ പോകുന്ന ഏതെങ്കിലും വണ്ടി  തടഞ്ഞ് നിർത്തി അതിൽ കയറ്റി നൂറെ നൂറിൽ ഹോസ്പിറ്റലിലേക്ക് പായുന്നു...ആരെക്കെയോ ചീട്ടെടുക്കുന്നു..പണം കൊടുക്കുന്നു, മരുന്ന് വാങ്ങുന്നു, രക്തം കൊടുക്കുന്നു...എല്ലാം കഴിഞ്ഞ് കുഴപ്പമൊന്നുമില്ലാന്ന് ഉറപ്പ് വരുത്തിയിട്ടേ ആൾക്കൂട്ടം മടങ്ങൂ.. . 

ആരാ..ആർക്കാ....എവിടെയുള്ള ആളാ...ഏത് ജാതിയാ...ഏത് മതമാ....എന്നൊന്നും ആ ആൾക്കൂട്ടത്തിനു അറിയുന്നുണ്ടാകില്ല..അത് അറിയേണ്ട ആവശ്യവുമില്ല...ഒരു മനുഷ്യജീവൻ എന്നതിലുപരി മറ്റൊരു പരിഗണനയും അവിടെയില്ല...

അതാണു ഓപ്പൺ മലപ്രം സ്റ്റൈൽ   

ഒടുക്കം  മേൽ പറഞ്ഞ പയ്യന്റെ പോക്കറ്റീന്ന്   മൊബൈൽ നമ്പർ തപ്പിയെടുത്ത് വീട്ടിൽ വിളിച്ച്  പറഞ്ഞത്രേ.....

" നിങ്ങടെ മോൻ വണ്ടീന്ന് വീണു...കുഴപ്പമൊന്നുമില്ല... ചെറുതായി കയ്യിലും കാലിലും മുറിവ് പറ്റിയിട്ടുണ്ട്.. ഞങ്ങളിവിടെ ഒപ്പം തന്നെയുണ്ട്...നിങ്ങളാരെങ്കിലും   ഒന്ന് ഹോസ്പിറ്റൽ വരെ വന്നാൽ നന്നായിരുന്നു..."

"അല്ല നിങ്ങളാരാ.."

നമ്മളു സുക്കൂറുണ്ട്, അരുണുണ്ട്, ഗോപാലനുണ്ട്, ജോയിയുണ്ട്..മമ്മദുണ്ട്...

"അല്ല നിങ്ങളൊക്കെ അവന്റെ ആരാ..?

"ഞങ്ങളു മലപ്പൊറത്തുള്ളതാ.."


ആ ഡയലോഗുണ്ടല്ലോ...ആ സിറ്റുവേഷനിൽ അതൊരു ഒന്നൊന്നര മാസാ...

അതാണു മലപ്രം...

തല്ലാനാണെങ്കിലും തലോടാനാണെങ്കിലും മലപ്പുറത്തിന്റെ മക്കൾ ഒത്തൊരുമിച്ചാണു...

ദതാണു ഓപ്പൺ മലപ്രം സ്റ്റൈൽ...

::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::


ബാക്കി.................പിന്നീട്.....


Related Posts with Thumbnails

Related Posts with Thumbnails