ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2017, ജൂലൈ 17, തിങ്കളാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)
Bookmark and Share
കളിക്കാരനില്‍ നിന്ന്‌ വെറും
കാണിയിലേക്ക്‌.

കാണുന്ന കാഴ്ചകൾ അതാണു..

കളിക്കുന്നില്ല നാം സ്വയം..
കളി ജയിക്കുന്നുമില്ല.
കളികൾ എല്ലാം കാണുന്നു.
കളികൾ ആസ്വദിക്കുന്നു.
കാണുന്നത്‌ നമ്മുടെ കളികളല്ല.
കളികൾ മറ്റാരുടെയോ...
കളിച്ച് ജയിക്കുന്നത്‌ നമ്മളല്ല,
കളിക്കുന്ന മറ്റാരോ.
കളിച്ചു രസിക്കുകയല്ല നാം..,
കണ്ടു രസിക്കുകയാണ്‌.
കളിക്കുന്നവരുടെ തോല്‍വിയും ജയവും നമ്മെ ബാധിക്കുന്നില്ല.
കളിച്ച്  ജയിക്കണമെന്ന വാശി നമുക്കൊട്ടുമില്ല...
കളിയും നമുക്ക് വെറുമൊരു എന്റര്‍ടെയ്‌ന്‍മെന്റ്‌.
കളി കാണുന്നവരുടെ എണ്ണം കൂടിയിരിക്കാം,
കളികള്‍ പക്ഷേ ഇല്ലാതായി.
കളിയാരവം തീർക്കും ടൂര്‍ണമെന്റുകള്‍ ഇല്ലാതായി.
കുമ്മായവര വരെ കാണികള്‍ നിറഞ്ഞു നിന്ന കാലം,
കളിക്കാന്‍ കൂടുതല്‍ കുട്ടികള്‍ മുന്നോട്ടു വന്നിരുന്ന കാലം,
കാലത്തിന്റെ കുത്തൊഴുക്കിൽ ഓര്‍മ്മ മാത്രമായി. 

കലാലയങ്ങളിലെ
കാമ്പസുകളിലെ
കളിക്കളങ്ങളുടെ തകര്‍ച്ചയാണ്‌ ഇതിന്റെ പ്രകടമായ തെളിവ്‌.
കുട്ടികളെ എന്‍ട്രന്‍സിനയക്കുന്ന സമൂഹത്തില്‍ എല്ലാ മാനേജ്‌മെന്റുകളും 
കളിക്കളങ്ങൾ നികത്തി ക്ലാസ്സ്‌ മുറികള്‍ വെച്ചു.

കായികവിദ്യാഭ്യാസം നിര്‍ബന്ധിതമാക്കാന്‍ നമുക്കു സാധിച്ചില്ല.
കളിയും കളിക്കളവും നിര്‍ബന്ധമല്ലാത്ത ഒരു സമൂഹമായി നമ്മുടേത്‌. 
കളിയില്ലാത്തതിന്റെ അനാരോഗ്യമാണ്‌ സമൂഹത്തിന്റെ മനസ്സിലും ശരീരത്തിലും ഇന്നു കാണുന്നത്‌.

കളിക്കാരന്റെ മനോഘടനയിൽ പ്രധാനമാണു പോസിറ്റീവ്‌ തിങ്കിങ്‌
കളിക്കാനുള്ള ആർജ്ജവം അഥവാ സ്പോർട്സ്മാൻ സ്പിരിറ്റ്..
കുട്ടികളിൽ ഇല്ലാതാകുന്നത് തോൽക്കാൻ തയ്യാറല്ലാത്ത ഈ മനോഘടനയാണു..
ഏറ്റുമുട്ടാന്‍ ഭയക്കുന്നവരും അനാരോഗ്യവാന്മാരും നിസ്സാര തോല്‍വിക്കു പോലും ആത്മഹത്യ ചെയ്യുന്നവരുമായി നമ്മുടെ കുട്ടികള്‍ മാറിക്കൊണ്ടിരിക്കുന്നു.
കളിച്ചു വളരുന്ന കുട്ടി ജീവിതത്തിലെ ഒരു കളിയിലും തോല്‍ക്കുകയില്ല.
ഓരോ തോല്‍വിയിലും ജയത്തിന്റെ പുതിയ പാഠങ്ങള്‍ അവന്‍ കണ്ടെത്തും.
തിരിച്ചു വരവിന്റെ, അതിജീവനത്തിന്റെ, ആരോഗ്യകരമായ മത്സരക്ഷമതയുടെ വഴികള്‍ അവന്‍ ഉള്‍ക്കൊള്ളും.
ആരോഗ്യമുള്ള സമൂഹമാണ്‌ സ്‌പോര്‍ട്‌സിന്റെ ആത്യന്തികനേട്ടം.
ആ അവസ്ഥ കൈവരിക്കാന്‍,
ആ സന്ദേശം പകരാന്‍ നമ്മുടെ സ്‌പോര്‍ട്‌സിനു കഴിഞ്ഞില്ല. 

നമുക്കു പറ്റിയ പിഴവ്‌ ഇതാണ്‌.
കളി വളര്‍ത്താനാണ്‌ നാം ശ്രമിച്ചത്‌.
കായികസംസ്‌കാരം വളര്‍ത്താനല്ല.
നമുക്കിപ്പോഴും സ്‌പോര്‍ട്‌സെന്നാല്‍ ഒളിംപിക്‌സോ ലോകകപ്പോ പോലുള്ള മത്സരങ്ങള്‍. മത്സരിക്കുക, ജയിക്കുക.
അതാണ്‌ സ്‌പോര്‍ട്‌സ്‌ എന്നു നാം കരുതുന്നു..
വിശാലാര്‍ഥത്തിലുള്ള സ്‌പോര്‍ട്‌സിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ്‌ മത്സരക്കളികള്‍. അതിനെ അങ്ങിനെ കാണാന്‍ നമുക്കു കഴിഞ്ഞില്ല.
കളിച്ചു വളരുക എന്നത്‌ ഒരു ജീവിതരീതിയാണ്‌.
എല്ലാവരും ആരോഗ്യവാന്മാരായിരിക്കുക എന്നതാണ്‌ അതിന്റെ കാതല്‍.

എല്ലാവരും വ്യായാമം ചെയ്യുന്ന സമൂഹം.
എല്ലാവരും കളിക്കുന്ന സമൂഹം. 
എല്ലാവരും ആരോഗ്യവാന്മാരായ സമൂഹം.
അവര്‍ ജീവിതത്തെ സ്‌പോര്‍ട്ടീവായി എടുക്കുന്നു.
ഒരു കളി പോലെ ആസ്വദിക്കുന്നു.
തോല്‍വിയും ജയവും ഒരു പോലെ ഉള്‍ക്കൊള്ളുന്നു.
ആരോഗ്യത്തോടെ ജീവിക്കുന്നു.
ആ അവസ്ഥയിലേക്ക്‌ ഒരു സമൂഹം എത്തുമ്പോഴേ അവിടെ നിന്ന്‌ നിരന്തരം ഉഷമാരും അഞ്‌ജുമാരും ഉണ്ടാവുകയുള്ളൂ.
അല്ലാത്തിടത്തെല്ലാം അവര്‍ ഒറ്റപ്പെട്ട നക്ഷത്രങ്ങളായിരിക്കും.

Related Posts with Thumbnails

Related Posts with Thumbnails