ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2017, ജൂലൈ 27, വ്യാഴാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)
Bookmark and Shareഭൂമി ഒരു പരന്ന തളികപോലെയാണൂ.

ആ തളികയ്ക്കു ചുറ്റും സമുദ്രവും.

ഭൂമിയെയും സമുദ്രത്തെയും മൂടിക്കൊണ്ടുള്ള കമിഴ്ത്തിവെച്ചൊരു പാത്രമാണൂ ആകാശം.

ആ പാത്രത്തിൽ പതിച്ചുവെച്ച രത്നങ്ങളാണ് നക്ഷത്രങ്ങൾ!


ആയിരക്കണക്കിനു വർഷങ്ങൾക്ക് മുമ്പ്
ബാബിലോണിയൻ സംസ്കാരത്തിൽ ജീവിച്ച അന്നത്തെ തലതൊട്ടപ്പന്മാരായ ശാസ്ത്രജ്ഞന്മാർ പറഞ്ഞതാണിത്

എത്ര മനോഹരമായ സങ്കല്പങ്ങൾ...
ഈ ആധുനിക യുഗത്തിൽ ഇതൊക്കെ കേൾക്കുമ്പോൾ രസകരമായി തോന്നും..

അന്നത്തെ കാലത്ത് ഇതൊക്കെ കണ്ടെത്താൻ എത്രമാത്രം തലപുകഞ്ഞിട്ടുണ്ടാകും, എത്രമാത്രം പരീക്ഷണ നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടാകും..വാദപ്രതിവാദങ്ങൾ നടന്നിട്ടുണ്ടാകും....

പറഞ്ഞ് വരുന്നത്..ഇനിയൊരു ആയിരം കൊല്ലം കൂടി ഈ ഭൂമി ഇവിടുണ്ടാകുകയാണെങ്കിൽ അന്നത്തെ തലമുറ എന്തൊക്കെയാകും ചർച്ച ചെയ്യുക...


ഇവിടെയൊരു സമൂഹം ലോകം മുഴുവൻ കൈപ്പിടിയിലൊതുക്കിയിട്ടും സ്വസ്ഥതയും സമാധാനവും തേടി നടന്നിരുന്നു എന്നും...

അപരന്റെ രാജ്യത്തിൽ കടന്ന് കയറി നിരായുധരായ ജനങ്ങളുടെ മേൽ അത്യാധുനിക ആയുധങ്ങൾ പരീക്ഷിച്ച്  ചിതറിത്തെറിക്കുന്ന ശരീരഭാഗങ്ങൾ ,കെട്ടിടങ്ങൾ..അതൊക്കെ കണ്ട് തന്റെ രാജ്യത്തിന്റെ സുരക്ഷിതത്വത്തിന്റെ സുഖശീതളിമയിൽ   ആസ്വദിച്ച് ഇരുന്നിരുന്നു.....എന്നും

കരാരുകളും ഉപകരാറുകളും നിയമങ്ങളും ഉണ്ടാക്കി അന്യന്റെ മുതൽ അപരന്റെ രാജ്യത്തിന്റെ സ്വത്ത്  തട്ടിച്ചെടുത്ത് ലക്ഷക്കണക്കിനു പേർ അനുഭവിക്കേണ്ട വിഭവങ്ങൾ തടഞ്ഞ് വെച്ച് ഒറ്റക്കനുഭവിച്ച് തടിച്ച് കൊഴുത്ത് കോർപ്പറേറ്റ് മുതലാളിമാർ  ഈശ്വരന്മാരെ പോലെ വാണിരുന്നു...എന്നും...

ഇവിടെയൊരു സമൂഹം ഹിന്ദുവെന്നും മുസ്ലിമെന്നും ക്ര്യസ്താനിയെന്നും പറഞ്ഞ് തമ്മിലടിച്ചിരുന്നുവെന്നും ............

ഇവിടെയൊരു സമൂഹം കമ്മ്യൂണീസ്റ്റെന്നും കോൺഗ്രസെന്നും ബി,ജെ,പി,യെന്നും പറഞ്ഞ് പൊതുജനങ്ങളുടെ വോട്ടും വാങ്ങി അധികാരം കരസ്ഥമാക്കി  അവരുടെ നികുതിപ്പണം കൊണ്ട് ശമ്പളവും മറ്റാനുകൂല്യങ്ങളും കൈപ്പറ്റി അവരുടെ ഔദാര്യത്തിൽ നേതാക്കന്മാരായി വിലസി തിരിച്ച് അവരെ സ്വൈര്യമായി ജീവിക്കാനനുവദിക്കാതെ നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ട് വന്ന് ദ്രോഹിച്ചിരുന്ന  ഒരു സമൂഹം ജീവിച്ചിരുന്നുവെന്നും....ഇവിടെയൊരു സമൂഹം ഫേസ് ബുക്ക്, വാട്ട്സാപ്പ്..എന്നിങ്ങനെയുള്ള സോഷ്യൽ നെറ്റ് വർക്കുകളിൽ സദാസമയവും കുത്തിക്കുറിച്ച് ,അടിപിടി കൂടി,ക്രിയാത്മകമായി ഒന്നും ചെയ്യാതെ ഒന്നിനും മുതിരാതെ ചെയ്യുന്നവരെ വിമർശിച്ചും കളിയാക്കിയും അപരന്റെ ജീവിതത്തിൽ വന്ന് പോയേക്കാവുന്ന തെറ്റുകൾ ഒളിഞ്ഞ് നോക്കി വിവാദമാക്കി അപരന്റെ പരാജയം ആഘോഷമാക്കി മനസ്സുഖം കണ്ടെത്തി  ജീവിതത്തിലെ വിലപ്പെട്ട സമയങ്ങൾ നഷ്ടപ്പെടുത്തിയിരുന്ന ഒരു ജനവിഭാഗം ജീവിച്ചിരുന്നുവെന്നും....


അന്നത്തെ ജനങ്ങൾ കൗതുകത്തോടെ ആശ്ചര്യത്തോടെ ചർച്ചചെയ്യുമായിരിക്കും ....അല്ലേ...

Related Posts with Thumbnails

Related Posts with Thumbnails