ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2017, ജൂലൈ 4, ചൊവ്വാഴ്ച 0 അഭിപ്രായ(ങ്ങള്‍)
Bookmark and Share
"എബടെ തിരിഞ്ഞ് നോക്കിയാലും ആധാറു,ആധാർ..ഒരു ബല്ലാത്ത എടങ്ങേറായല്ലോ മോനേ...ഞമ്മക്കാണെങ്കി ആ സാധനം എബെടന്നാ കിട്ട്വാന്ന് അറിയാനും ബയ്യ", "അനക്ക്  അറിയോ മോനോ..ഇജ്ജൊന്ന് പറഞ്ഞാ..."

മലപ്പുറത്തെ  ഗ്യാസ് ഏജൻസിയിൽ   നിന്നും  പുറത്തിറങ്ങാൻ നേരം താടിയും തടവി ഒരു തലേക്കെട്ടുകാരൻ കാക്ക യാതൊരു മുഖവുരയുമില്ലാതെ സംസാരത്തിനു തുടക്കം കുറിച്ചു, 

അല്ല ..അതാണല്ലോ മലപ്രം സ്റ്റൈൽ, 
ആളും തരവും സ്ഥലവും പരിചയവും ഒന്നും നോക്കാതെ വെട്ടിത്തുറന്നുള്ള ഒരു സംസാരം..അത് മലപ്പുറം കാരുടെ മാത്രം പ്രത്യേകതയാണു..

ഓപ്പൺ മലപ്രം സ്റ്റൈൽ,അല്ല പിന്നെ..

സമയമുണ്ടായിട്ടല്ല, എനിക്കറിയാവുന്നത് അയാൾക്ക് ഉപകാരപ്പെടുകയാണെങ്കിൽ ആയ്ക്കോട്ടെ..ഞാൻ വിവരണം തുടങ്ങി..

"അതായത് ഈ ആധാർ എന്ന് പറഞ്ഞാൽ ഇന്ത്യാമഹാരാജ്യത്തിന്റെ അഖണ്ഡതക്കും ഐക്യത്തിനും വേണ്ടി കേന്ദ്രസർക്കാർ ആവിഷകരിച്ച ഒരു........."

"നിർത്ത്..നിർത്ത്...ഹൗ ഒരു ബല്ല്യ വിവരക്കാരൻ.. അന്നോട് പ്രസംഗിക്കാനല്ല പറഞ്ഞേ..ഈ പറഞ്ഞ സാധനം എബിടന്ന് കിട്ടുംന്ന് പറഞ്ഞാ മതി.."

ഞാൻ ചൂളി, അയാളുടെ മുന്നിൽ വല്ല്യ ആളാകാൻ നോക്കിയതാ..പണി പാളി, ഹ..ഹ.ഹ പാളും.,അതാണു മലപ്പുറം. കണ്ണിൽ കണ്ട അണ്ടനും അടകോടനുമൊന്നും ഇവിടെ അങ്ങനെ പെട്ടെന്നൊന്നും സ്റ്റാറാകാൻ പറ്റില്ല, 

അതാണു ഓപ്പൺ മലപ്രം സ്റ്റൈൽ..

എന്തായാലും അയാളെ ഒരു വിധം കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തടിയൂരി..ഹൗ
 ( അയാൾക്ക് വല്ലതും തിരിഞ്ഞോ ..ആവോ..)
അബിടെ കൊട്...അങ്ങനല്ലാ..ഓനെ മാർക്ക് യ്യ്...ഓന്റെ കാലു വെട്ടി മുറ്ച്ച്...കണ്ണിൽകജ്ജിട്..അടിയടാാ...അടി..ഹൗ..

കൂട്ടം കൂടി നിൽക്കുന്ന ആൾക്കൂട്ടത്തിനുള്ളിൽ നിന്ന് ഇങ്ങനെയൊക്കെ കേട്ടാൽ പേടിക്കേണ്ട....അവിടെ അടിയും പിടിയുമൊന്നുമില്ല...അത് സ്ഥലം മലപ്പുറമാണു..അവിടെയൊരു ഫുട്ബാൾ മത്സരം നടക്കുകയായിരിക്കും.. .   

ഒരു പക്ഷേ കളിക്കാരേക്കാൾ ആവേശത്തോടെ കാണികൾ ഫുട്ബാൾ ആസ്വദിക്കുകയും കളിയിൽ ഇടപെടുകയും ചെയ്യുന്ന  നാട് അത് മലപ്പുറം തന്നെ...

ഫോർസ്, ഫൈവ്സ്, സെവൻസ്, ..എന്നിങ്ങനെ തുടങ്ങി ഫുട്ബാളിന്റെ ഒരായിരം വകഭേദങ്ങൾ മലപ്പുറത്തിനു മാത്രം സ്വന്തം..

പറമ്പോ പാടമോ സ്കൂൾ ഗ്രൗണ്ടോ ഇനി അഥവാ തിരക്കൊഴിഞ്ഞ റോഡോ  എന്തുമാകട്ടെ ഒരു പന്തും  അതിനു പുറകേ പായുന്ന ഒരു പറ്റം ആൾക്കാരെയും കാണാം... അത് കണ്ട് കയ്യടിക്കുന്ന ആർത്ത്   വിളിക്കുന്ന കാണികളെയും കാണും ..

ഓപ്പൺ മലപ്രം സ്റ്റൈൽ..


ഒരിക്കൽ മലപ്പുറത്തെ ഒരു ടീമിനു വേണ്ടി കളിക്കാൻ തെക്ക് നിന്ന് വന്ന ഒരു പയ്യൻ...അടിയെടാ...പിടിയെടാാ..എന്നിങ്ങനെയുള്ള അലർച്ച കേട്ട് വിരണ്ട് പോയീന്നാ കേട്ടേ...അത് മാത്രമല്ല വേറൊരു കളിയിൽ ഗോൾ വഴങ്ങിയ ഗോളിയെ കയ്യേറ്റം ചെയ്തതും സെൽഫ് ഗോൾ അടിച്ച കളിക്കാരനെ ചെപ്പക്കുറ്റി അടിച്ച് പൊളിച്ചതും ഫൗൾ കിട്ടാൻ പരിക്കഭിനയിച്ചവനു ശരിക്കും പരിക്കാക്കി കൊടുത്തതുമൊക്കെ മലപ്പുറത്തുകാരന്റെ ഫുട്ബാൾ ആവേശത്തിൽ പെടും...

ദതാണു ഓപ്പൺ മലപ്രം സ്റ്റൈൽ..

ഒരിക്കൽ ത്രുശൂരിൽ നിന്ന് വിരുന്ന് വന്ന് സ്കൂട്ടറിൽ കറങ്ങാനിറങ്ങിയ ഒരു പയ്യൻ ഓട്ടോയിടിച്ച് നിലത്ത് വീണതേ ഓർമയ്യുള്ളൂ...പിന്നെ കണ്ണ് തുറന്ന് നോക്കിയപ്പോൾ കാണുന്നത് ഹോസ്പിറ്റലിലെ മച്ചിൽ കറങ്ങുന്ന ഫാനാ......

നിങ്ങളൊന്ന് വീണു നോക്കൂ ...മലപ്പുറത്ത് ആൾക്കൂട്ടം ഉള്ളയിടങ്ങളിലെവിടെയെങ്കിലും ......വീഴേണ്ട താമസം..."ന്റെ പടച്ചോനേ" ന്നും പറഞ്ഞ് അവിടന്നും ഇവടന്നുമായി ആൾക്കാർ ഓടിക്കൂടുന്നു...പൊക്കിയെടുത്ത് അത് വഴിയേ പോകുന്ന ഏതെങ്കിലും വണ്ടി  തടഞ്ഞ് നിർത്തി അതിൽ കയറ്റി നൂറെ നൂറിൽ ഹോസ്പിറ്റലിലേക്ക് പായുന്നു...ആരെക്കെയോ ചീട്ടെടുക്കുന്നു..പണം കൊടുക്കുന്നു, മരുന്ന് വാങ്ങുന്നു, രക്തം കൊടുക്കുന്നു...എല്ലാം കഴിഞ്ഞ് കുഴപ്പമൊന്നുമില്ലാന്ന് ഉറപ്പ് വരുത്തിയിട്ടേ ആൾക്കൂട്ടം മടങ്ങൂ.. . 

ആരാ..ആർക്കാ....എവിടെയുള്ള ആളാ...ഏത് ജാതിയാ...ഏത് മതമാ....എന്നൊന്നും ആ ആൾക്കൂട്ടത്തിനു അറിയുന്നുണ്ടാകില്ല..അത് അറിയേണ്ട ആവശ്യവുമില്ല...ഒരു മനുഷ്യജീവൻ എന്നതിലുപരി മറ്റൊരു പരിഗണനയും അവിടെയില്ല...

അതാണു ഓപ്പൺ മലപ്രം സ്റ്റൈൽ   

ഒടുക്കം  മേൽ പറഞ്ഞ പയ്യന്റെ പോക്കറ്റീന്ന്   മൊബൈൽ നമ്പർ തപ്പിയെടുത്ത് വീട്ടിൽ വിളിച്ച്  പറഞ്ഞത്രേ.....

" നിങ്ങടെ മോൻ വണ്ടീന്ന് വീണു...കുഴപ്പമൊന്നുമില്ല... ചെറുതായി കയ്യിലും കാലിലും മുറിവ് പറ്റിയിട്ടുണ്ട്.. ഞങ്ങളിവിടെ ഒപ്പം തന്നെയുണ്ട്...നിങ്ങളാരെങ്കിലും   ഒന്ന് ഹോസ്പിറ്റൽ വരെ വന്നാൽ നന്നായിരുന്നു..."

"അല്ല നിങ്ങളാരാ.."

നമ്മളു സുക്കൂറുണ്ട്, അരുണുണ്ട്, ഗോപാലനുണ്ട്, ജോയിയുണ്ട്..മമ്മദുണ്ട്...

"അല്ല നിങ്ങളൊക്കെ അവന്റെ ആരാ..?

"ഞങ്ങളു മലപ്പൊറത്തുള്ളതാ.."


ആ ഡയലോഗുണ്ടല്ലോ...ആ സിറ്റുവേഷനിൽ അതൊരു ഒന്നൊന്നര മാസാ...

അതാണു മലപ്രം...

തല്ലാനാണെങ്കിലും തലോടാനാണെങ്കിലും മലപ്പുറത്തിന്റെ മക്കൾ ഒത്തൊരുമിച്ചാണു...

ദതാണു ഓപ്പൺ മലപ്രം സ്റ്റൈൽ...

::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::


ബാക്കി.................പിന്നീട്.....


Related Posts with Thumbnails

Related Posts with Thumbnails