ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2017, ജൂലൈ 25, ചൊവ്വാഴ്ച 0 അഭിപ്രായ(ങ്ങള്‍)
Bookmark and Shareഒരു രാഷ്ട്രീയ പ്രവർത്തകനാവുമ്പോൾ അയാൾക്ക് ജനത്തെ കയ്യിലെടുക്കാനാവണം..മിനിമം ഒരു ആൾക്കൂട്ടത്തെയെങ്കിലും നിയന്ത്രിക്കാനുള്ള നേത്രപാടവം ഉണ്ടാകണം...ഒന്നുമില്ലെങ്കിലും എപ്പോ വിളിച്ചാലും വിളിപ്പുറത്തെത്തുന്ന എട്ട് പത്ത് സിൽബന്ധികളെയെങ്കിലും ചെല്ലും ചെലവും കൊടുത്ത് കൂടെ നിർത്തിയേക്കണം... ഇങ്ക്വിലാബ് വിളിക്കാനും പഠിപ്പിക്കണം..ഇടക്കിടക്ക് പ്രതിഷേധ-അനുമോദന-അനുശോചന യോഗങ്ങളൊക്കെ സംഘടിപ്പിക്കണം..അവിടെ താരമായി നിറഞ്ഞ് നിൽക്കുകയും ചെയ്യണം...അക്രമാസക്തമായ പ്രതിഷേധങ്ങൾക്കും പ്രകടനങ്ങൾക്കും നല്ല മീഡിയ കവറേജ് ലഭിക്കും.പക്ഷേങ്കിൽ തല്ല് വരുന്നിടം മുൻ കൂട്ടി മനസ്സിലാക്കി വെച്ചില്ലെങ്കിൽ നടുപ്പുറം ചെണ്ടപ്പുറമാകും..സമൂഹത്തിൽ കാലികപ്രസക്തമായ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കണം..ഇനി അഥവാ ഒന്നും ചെയ്തില്ലെങ്കിലും എന്തൊക്കെയോ ചെയ്യുന്നു എന്ന തോന്നൽ ജനങ്ങളിലുളവാക്കാൻ സാദ്ധ്യമാക്കുന്ന രീതിയിൽ പെരുമാറുകയും സംസാരിക്കുകയെങ്കിലും വേണം....ഇനി മറ്റാരെങ്കിലും ചെയ്താൽ തന്നെയും അതിന്റെ ക്രഡിറ്റ് അടിച്ച് മാറ്റണം..ചുമ്മാ ഒരു ഫ്ലക്സ് വെച്ചാൽ മതിന്നേ..കല്ല്യാണ വീടായാലും മരണവീടായാലും അവിടെ എത്തിച്ചേരണം, ചുമ്മാ വെറുതേ ഉണ്ടായാൽ പോരാ..ചിരിച്ച് കളിച്ച്, കരഞ്ഞ് പിഴിഞ്ഞ്.. ഫോട്ടോക്ക് പോസ് ചെയ്ത്, എല്ലാർക്കും ഷേക്ക് ഹാൻഡ് കൊടുത്ത് അവിടങ്ങളിൽ നിറസാന്നിദ്ധ്യമായി ഉണ്ടാകണം...ശത്രുവായാലും മിത്രമായാലും മായാത്ത ചിരിയും ഫിറ്റ് ചെയ്ത് ജാതി-മത- പ്രായ വിത്യാസമില്ലാതെ ജനങ്ങളോട് ഇടപഴകാനും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുവാനും ഇടപെടാൻ കഴിയാവുന്നവയിൽ ഇടപെട്ട് നിവർത്തിച്ച് കൊടുക്കുവാനും സാധിക്കണം..ഇനി അഥവാ അതിനും സാദ്ധ്യമല്ലെങ്കിൽ അവരോടൊപ്പമുണ്ട് എന്നതും അവരുടെ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നുണ്ട് എന്നതുമായ തോന്നൽ ഉളവാക്കുന്ന രീതിയിലും ഒക്കെ പെരുമാറാൻ ശ്രദ്ധിക്കണം,..ആൾക്കൂട്ടത്തിനിടയിൽ വെച്ച് ഡെൽഹിയിലേക്ക്, തിരുവനന്തപുരത്തേക്ക് ..ജില്ലക്കമ്മറ്റിക്ക്,..എന്ന മട്ടിൽ ഫോൺ കോളുകൾ ചെയ്യുന്നത് ഇമേജ് വർദ്ധിപ്പിക്കാൻ നല്ലതാണു...ആരെങ്കിലും എന്തെങ്കിലും ആവശ്യം ഉന്നയിച്ചാൽ പപ്പു പറഞ്ഞ പോലെ "ഇപ്പ ശരിയാക്കിത്തരാം" ന്നേ പറയാവൂ..ശരിയാക്കാൻ പറ്റുന്നവയാണേ ശരിയാക്കിയേക്കണം..ഇല്ലേ,,കാണുമ്പോ മാറി നടക്കണം..മുന്നിൽ വന്ന് പെട്ടാ മറവി അഭിനയിക്കണം..സാദ്ധ്യമാകുന്ന ചെറിയ ചെറിയ കാര്യങ്ങൾ വലിയ എന്തോ സംഭവം ചെയ്ത് കൊടുത്ത പോലെ ആക്കി ത്തീർത്ത് ചെയ്ത് കൊടുത്ത് പ്രവർത്തിക്കണം...ഫ്ലക്സ് മസ്റ്റാണു..നാട്ടിൽ എന്ത് പൊതു പരിപാടി നടന്നാലും അത് ഏത് ഈർക്കിലി സംഘടനയായാലും അവിടങ്ങളിലൊക്കെ കയറിച്ചെന്ന് ഇടപെടാനും മുന്നണിയിൽ നിന്ന് ആൾക്കൂട്ടത്തിനു മുന്നിൽ ഷൈൻ ചെയ്യാനും കഴിയണം...മൈക്കിൽ നാലു ബഡായി പറയുന്നതും നാലാളോട് നേരിട്ട് പറയുന്നതും തമ്മിൽ അജഗജാന്തരം വ്യത്യാസമുണ്ട്..നല്ലൊരു സുഹ്രദ് വലയം ജാതി മത രാഷ്ട്രീയ വിത്യാസമില്ലാതെ ഉണ്ടാക്കിയെടുക്കാൻ സാദ്ധ്യമാകണം.. വാർഡ് തിരഞ്ഞെടുപ്പുകളിൽ വ്യക്തിഗത പ്രഭാവത്തിനു കൂടുതൽ സ്ഥാനമുണ്ടെന്നോർക്കുക..

അത്തരം ഒരു രാഷ്ടീയ പ്രവർത്തകൻ വോട്ട് ചോദിച്ച് വരുമ്പോൾ ആ വ്യക്തിയെ ജനം സ്വീകരിക്കും എന്നത് തീർച്ചയാണു.. അല്ലാതെ വെറും പണം മാത്രമല്ല, പണം കൊടുത്താൽ മാത്രം കിട്ടാത്ത പലതും ഈ ലോകത്തുണ്ട്,..എന്നാൽ കൊടുക്കേണ്ടിടത്ത് കൊടുക്കേണ്ടിയും വരാം..പാര...അതാരെങ്കിലും വെക്കുന്നുണ്ടോന്ന് മുൻ കൂട്ടി അറിയണം, തരം പോലെ മറ്റുള്ളവർക്കിട്ട് വെക്കുകയും വേണം..

...രാഷ്ട്രീയം..അത് ഈ നവയുഗത്തിൽ ഒരു ഗെയിമാണു..അത് മർമ്മമറിഞ്ഞ് കളിക്കാൻ കഴിയണം...അതിനു ഗുഡ് പേർസണാലിറ്റി, നേത്രപാടവം,ആശയവിനിമയശേഷി എന്നിങ്ങനെയുള്ള അടിസ്ഥാന യോഗ്യതകൾ നിർബന്ധമാണു...പ്രസംഗചാതുരി, വിദ്യാഭ്യാസം,പണം എന്നിങ്ങനെയുള്ളവ അധിക യോഗ്യതകളും രാഷ്ടീയ കളരിയിൽ വിജയം സുനിശ്ചിതമാക്കുന്നതുമാണു...
(നോട്ട് ദ പോയന്റ്: സംശുദ്ധ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന ആദർശധീരരായ സത്യത്തിനും ധർമ്മത്തിനും നീതിക്കും വേണ്ടി അടരാടുന്ന നിസ്വാർത്ഥരും അർപ്പണ മനോഭാവവുമുള്ള ഒട്ടനവധി രാഷ്ട്രീയ പ്രവർത്തകരുണ്ട് നമുക്ക് ചുറ്റിലും എന്ന് അറിയാഞ്ഞിട്ടല്ല....ഇത് അവരെ കുറിച്ചല്ല, )
Related Posts with Thumbnails

Related Posts with Thumbnails