അടിവരകൾ

ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2020, ജൂലൈ 10, വെള്ളിയാഴ്‌ച 0 comments
Bookmark and Shareഅന്ന് എനിക്ക് എട്ടോ ഒൻപതോ വയസ്സ് പ്രായം..
ഓടിക്കിതച്ച് പള്ളിമുറ്റത്തേക്കെത്തുമ്പോൾ സമയം അഞ്ചേമുക്കാൽ ആയിക്കഴിഞ്ഞിരുന്നു.. മണൽ വിരിപ്പ് പുതച്ച പള്ളിമുറ്റം..അവിടവിടെയായി കറുകപ്പുല്ലുകൾ തലയുയർത്തി നിൽക്കുന്നു..അവയ്ക്ക് നടുവിൽ കാലമേറെ മഴയും വെയിലുമേറ്റ് വാങ്ങി കരുവാളിച്ച് പോയ ഒരു ഭീമൻ കൊടിമരം ..മരം എന്ന് പറഞ്ഞാ അസ്സൽ മരം തന്നെയാണു.....കടഞ്ഞെടുത്ത് വൃത്തിയാക്കിയ വണ്ണമുള്ള ഒരു മരം...അതങ്ങനെ ആകാശം മുട്ടെ ഉയർന്ന് നിൽക്കുന്നു..ഒരു വശം പള്ളി,പള്ളിയുടെ ഓരം പറ്റി ഭംഗിയുള്ള ചിത്രപ്പണികൾ മരങ്ങളിൽ തീർത്ത് അതിനാലലംകൃതമായ ഒരു ചായ്പ് പോലെ.. അല്ല പഴയ ആഡ്യത്വമുള്ള തറവാട് പോലെ ഓട് മേഞ്ഞ് ഇറക്കിക്കെട്ടിയിട്ടുണ്ട്..അവിടെയാണു ഹാജിയാർ ഉപ്പാപ്പയുടെ ജാറം ..മുറ്റത്തേക്ക് കടക്കുന്ന ഭാഗത്ത് തന്നെ തേഞ്ഞ് തീരാറായ രണ്ട് വെട്ട്കല്ലുകൽ ക്രമരഹിതമായി എഴുന്ന് നിൽക്കുന്നു..ഹാജിയാർ ഉപ്പാപ്പയുടെ സഹചാരിയുടെ ഖബറിടമാണത്രേ....പഴമയുടെ പ്രൗഡിയും ലാളിത്യവും സുഗന്ധവും മേളിക്കുന്ന ആ മുറ്റത്തേക്ക് കയറുക എന്നത് തന്നെ മനസ്സിനു ഏറെ കുളിർമ പകരുന്ന ഒരു നിർവൃതിയാണു..വല്ലാത്തൊരു ആശ്വാസമാണു ആ മുറ്റവും ജാറവും അവിടെയെത്തുന്നവർക്ക് നൽകുന്നത്..ഞാൻ പള്ളിമുറ്റത്തേക്ക് കാലെടുത്ത് വെച്ചു..അപ്പോഴാണു വെളിവുദിച്ചത്..
”പടച്ച തമ്പുരാനേ ഇന്ന് അസറു നിസ്കരിച്ചിട്ടില്ലല്ലോ..ഇന്ന് ഒറപ്പായിട്ടും ഉസ്താദിന്റെ അടി കിട്ടും..'
പള്ളിയുടെ മുറ്റത്ത് അഭിമുഖമായി നിൽക്കുന്ന കൊച്ച് കെട്ടിടം..അതാണു മദ്രസ്സ, വാതിൽക്കലെത്തിയപ്പോ ഞാൻ ഒന്ന് ചിന്തിച്ചു, ഇന്ന് ഏതായാലും ഉസ്താദ് ചോദിക്കുമ്പോ നിസ്കരിച്ചൂന്ന് പൊള്ള് പറയാം..ഉസ്താദിനറിയൂലാല്ലോ..ഞാൻ നിസ്കരിച്ചീനോ ഇല്ലേന്ന്..…മദ്രസയുടെ വാതിൽക്കൽ ചെരിപ്പ് ഊരിച്ച് തുണി മുറുക്കിയെടുക്കവേ എന്റെ കണ്ണുകൾ ജാറത്തിനടുത്തേക്ക് പോയ പോലെ..അല്ല ആരോ ക്ഷണിച്ചത് പോലെ നീണ്ടു....എവിടുന്നോ ഒരു തണുത്ത ഇളം കാറ്റ് വന്നെന്നെ തലോടി കടന്ന് പോയി..മനോമുകുരത്തിൽ എന്തൊക്കെയോ ചിന്തകൾ കലപിലകൂട്ടി കിടന്നമ്മാനമാടി....ചുണ്ടുകൾ വിറയാർന്നു., ഹൃദയം പെരുമ്പറ കൊണ്ടു..
"ഇല്ല..ഞാനെന്തിനു നുണപറയണം..നുണപറഞ്ഞാ നരകത്തീ പോവുന്നാ ഉസ്താദ് പറഞ്ഞക്കണെ..പടച്ചോനേ…ഇല്ല ഞാൻ നൊണപറയൂലാ..ഞാനെന്തിനു നരകത്തീ പോണം..എനിക്ക് നരകത്തീ പോണ്ട,എനിക്ക് നല്ല കുട്ടിയായാ മതി.'
അപ്പോ..?
നിസ്കരിക്കണം.!…ഇപ്പോ തന്നെ...
മദ്രസ്സയിൽ ബെല്ലടിക്കാൻ ഇനീം കൊർച്ച് സമയം കൂടീണ്ടല്ലോ..ഞാൻ ഊരിവെച്ച ചെരുപ്പ് കാലിൽ കോർത്ത് പള്ളിയിലേക്കോടി..ഹൗളിന്റെ സൈഡിൽ പുസ്തകം വെച്ച് ധൃതിയിൽ അംഗശുദ്ധി വരുത്തി.. 'ആഹാ..എന്തൊരു തണുപ്പാണിതിനു..ആ തണുപ്പ് ഉള്ളം കയ്യിൽ കോരി കൈകാലുകളിൽ ഒഴിച്ചു, ആ തണുപ്പ് ശരീരം മൊത്തം ..അല്ല…മനസ്സ് നിറച്ചും പടരുന്നു..ഓരോന്നാലോചിച്ച് നിക്കവേ..പൊടുന്നനെ ചിന്തമുറിഞ്ഞു...
'ഹോ..ഇപ്പോ ബെല്ലടിക്കും..പെട്ടെന്ന് നിസ്കരിക്കണം'
അകത്തേ പള്ളിയിലേക്ക് കയറാൻ നേരം.. കരണ്ടടിച്ചത് പോലെ കാലുകൾ നിന്നു..അവിടെ..ഇരുളു പരന്ന് തുടങ്ങിയ ആ ഹാളിൽ പുല്ല് പായയിൽ ചമ്രം പടിഞ്ഞിരുന്ന് ഹമീദ് മോല്യാരു ഖുർആൻ ഓതിക്കൊണ്ടിരിക്കുന്നു..എന്തൊരീണം..എന്തൊരു ശ്രവണസുന്ദരമായ ശബ്ദം..ഒരു നിമിഷം ഞാനതിൽ ലയിച്ച് നിന്നു..പെട്ടെന്നോർത്തു..
ശെടാ...അങ്ങോട്ട് പോയാ അയാളു ചീത്തപറയും ഒറപ്പ്, അസർ നിസ്കരിക്കാൻ ഇത്ര വൈകിയതെന്തേ എന്ന് ചോദിച്ചാൽ..എന്ത് പറയും.
ഞാൻ മുമ്പോട്ട് വെച്ച കാൽ പിൻ വലിച്ച് മാർജ്ജാര പാദസ്പർശം പോലെ ഒച്ചയുണ്ടാക്കാതെ മെല്ലെ അപ്പുറത്തെ ഹാളിലേക്ക് പോയി.
.'ഹാവൂ..ഇവിടെ . ആരുമില്ല, പെട്ടെന്ന് നിസ്കരിച്ച് പൊയേക്കാം....'
ഇരുളും വെയിലും മിശ്രണമായി പുല്ല് പായയിൽ ചിത്രപ്പണികൾ ചെയ്ത് വെച്ചിരിക്കുന്ന പോലെ കിടക്കുകയാണു..ആ ചിത്രപ്പണികൾക്കിടയിൽ മറ്റൊരു നിഴൽ പരത്തി ഞാനെന്റെ ശരീരം പ്രതിഷ്ഠിച്ചു, നിസ്കാരം തുടങ്ങി..ശടപടാന്ന് തക്ബീർ കെട്ടലും കുനിയലും നിവരലും സുജൂദിൽ വീഴലും എല്ലാം കൂടി വെറും രണ്ടോ മൂന്നോ മിനുട്ട്..നാലു റകഅത്ത് നിസ്കാരം കഴിഞ്ഞ് സലാം വീട്ടി എണീക്കാൻ ശ്രമിക്കവേ…
“നിക്കവടെ..”
ഘനഗാംഭീര്യമുള്ള ഒരു ശബ്ദം അവിടെ മുഴങ്ങി, അതിന്റെ അലയൊലികൾ ആ തണുത്ത നിശ്ശ്ബദതയെ കീറിമുറിച്ച് അലയടിച്ചു.., പള്ളിച്ചുമരുകളിൽ തട്ടി പ്രതിധ്വനിച്ചു. .
"ക്ടക്..ക്ടക്.." ..
എവിടെയോ അലസമായിരുന്നിരുന്ന ഒരു പ്രാവ് ചിറകടിച്ച് പറന്ന ശബ്ദം അവിടെ മുഴങ്ങി..പിന്നെ അത് അകന്നകന്ന് പോയി...
ഞാനാകെ വിറച്ചു..ഭീതിയോടെ തലയുയർത്തി നോക്കി..വാതിൽക്കൽ കടന്ന് വരുന്ന പ്രകാശരശ്മികൾക്ക് വിഘാതം സൃഷ്ടിച്ച് കൊണ്ട് ഒരു പുരുഷ രൂപം എഴുന്ന് നിൽക്കുന്നു..ഹമീദ് മുസ്ല്യാർ..!!
“ഇയ്യ് പ്പോ..ന്താ ഈ കാട്ടിയത്..” പരുഷമായ ചോദ്യം..
“അത്…അത്…പിന്നേ അസർ നിസ്കരിച്ചതാ..”
ഞാൻ വിറച്ച് കൊണ്ട് പറഞ്ഞു..
“ആണോ..ഇങ്ങനാണോ നിസ്കരിക്കലു..സൂപ്പർ ഫാസ്റ്റ് ബസ്സിനു പോലും ഇങ്ങനത്തെ സ്പീഡ് ണ്ടാവൂലല്ലോ…”
“അത്..അത്..മദ്രസേലു ബെല്ലടിക്കാൻ സമയായി..അതോണ്ടാ ബേം..”
“മദ്രസ്സേലു ബെല്ലടിച്ചോട്ടെ..അന്റെ ഉസ്താദിനോട് ഞാൻ പറഞ്ഞോളാ…ഇജ്ജ് ശരിക്കും നിസ്കരിച്ചിട്ട് ഇബിടുന്ന് പോയാ മതി..”
ഞാനാകെ വിയർത്തു..എന്ത് ചെയ്യാം പെട്ട് പോയി..
മടിച്ച് മടിച്ചാണെങ്കിലും ഞാൻ വീണ്ടും കൈകൾ കെട്ടി..
അള്ളാഹു അക്ബർ..
ഫാതിഹാ ഓതാൻ തുടങ്ങവേ….
“അങ്ങനെ കുശു കുശൂന്ന് പറയാതെ ഒറക്കെ ഓതണം…എനിക്ക് ..ദാ..ഇബിടെ കേക്കണം…എല്ലാ ദിക്റും അങ്ങനെ ഓതണം…അനക്കതൊക്കെ അറിയോന്ന് ഇച്ച് അറിയണം..”
ഹമീദ് മോല്യാരെ ശബ്ദമാണു..പടച്ചോനേ ഇയാളു കൊയപ്പിക്കോലോ…
നിവൃത്തിയില്ലാതെ ഞാൻ ഓരോന്ന് വ്യക്തമായി കൃത്യമായി സാവധാനം ഓതി ..ഇടക്ക് തെറ്റ് പറ്റുമ്പോൾ മോല്യാരു വിളിച്ച് പറയും..ഞാൻ അതേറ്റ് ചൊല്ലും..അങ്ങനെ അങ്ങനെ നിസ്കാരം തീർന്നപ്പോഴേക്കും അരമണിക്കൂറു കഴിഞ്ഞിട്ടുണ്ടാകും...
“ന്നാ ശരി, ഇഞ്ഞി നിസ്കരിച്ചുമ്പം ഇങ്ങനെ തന്നെ നിസ്കരിച്ചണം..അല്ലാതെ ആർക്കാനും മാണ്ടി തലകുത്തി മർഞ്ഞിട്ടൊന്നും ഒരു കാര്യുല്ല..മനസ്സിലായില്ലേ..ന്നാ..മോൻ ബുട്ടോ..”
ഹാവൂ..രക്ഷപ്പെട്ട സന്തോഷത്തിൽ ഞാൻ പുറത്തേക്കോടി..നേരം ഇരുട്ടിത്തുടങ്ങിയിരിക്കുന്നു, മദ്രസയിൽ ബെല്ല് അടിച്ചിട്ടുണ്ട്, കുട്ടികൾ കൂട്ടമായി ഖുർആൻ ഓതുന്ന ശബ്ദം അവിടമാകെ അലയടിക്കുന്നു.. മടിച്ച് മടിച്ച് ഞാൻ ക്ലാസിന്റെ വാതിൽക്കൽ ചെന്ന് നിന്നു,
“ഇവിടെ വാ..” പഠിപ്പിക്കുന്നതിനിടയിൽ ഉസ്താദ് എന്നെ അകത്തേക്ക് വിളിച്ചു..ഞാൻ പരുങ്ങി പരുങ്ങി ചെന്ന് നിന്നു..
“അല്ല..എവിടെയാർന്നു, കൊറെ നേരായി ബെല്ലടിച്ചിട്ട്, ഇപ്പഴെങ്കിലും ഇങ്ങട് വരാൻ തോന്നിയല്ലോ..”
നേരം വൈകിയതിനുള്ള ചീത്തയാണു, അടി ദാ..ഇപ്പ കിട്ടും…ഞാൻ റെഡിയായി നിന്നു..അടി കിട്ടിയാലും സാരല്ല്യ..
എന്നാലും ഉസ്താദ് അറിയണം..ഞാൻ ഉണ്ടായ കാര്യങ്ങളെല്ലാം ഉസ്താദിനോട് ഒറ്റശ്വാസത്തിൽ പറഞ്ഞ് തീർത്തു..ഹാവൂ..
“ആ…അതേതായാലും നന്നായി..ഇജ്ജ് മേലാൽക്ക് ഇഞ്ഞി ഒരു നിസ്കാരോം വൈകിക്കരുത്, നിസകരിക്കണത് അതാതിന്റെ സമയത്ത് തന്നെ നിസ്കരിക്കണം….പിന്നെ…നേരം കാലം ഒന്നുല്ല്യാത്ത നേരത്ത് പള്ളിന്റവടേം ജാറത്തിന്റെവിടേം ചെന്ന് ചുറ്റിത്തിരിയാൻ നിക്കരുത്.. ട്ടോ..ഇങ്ങളു കുട്ട്യാളു പ്രത്യേകിച്ചും…മൻസിലായോ..''
എന്നും പറഞ്ഞ് ഉസ്താദ് എന്തൊക്കെയോ ചൊല്ലി എന്റെ നെറുകയിൽ ഊതി..പിന്നെ പോയിരുന്ന് പഠിച്ചോളാൻ പറഞ്ഞു.. ഭാഗ്യം..അടിയൊന്നും കിട്ടിയില്ല..
"നേരം കാലം ഒന്നുല്ല്യാത്ത നേരത്ത് പള്ളിന്റവടേം ജാറത്തിന്റവിടേം ചെന്ന് ചുറ്റിത്തിരിയാൻ നിക്കരുത്..ഇങ്ങളു കുട്ട്യാളു പ്രത്യേകിച്ചും..” എന്നാലും ഉസ്താദ് ആ പറഞ്ഞതിന്റെ ഗുട്ടൻസ് എന്തായിരിക്കും...ഞാൻ കുറെ ആലോചിച്ചു, .ആലോചന അതിരു കടന്നപ്പോ..ഒപ്പമിരുന്ന കൂട്ടുകാരനോട് ചോദിച്ചു..എന്നാലും എന്തിനാണു ഉസ്താദ് അങ്ങനെ പറഞ്ഞിട്ടുണ്ടാവാ..?
“അത് പിന്നെ…ചിലപ്പോ അവിടെ ജിന്നുണ്ടാവും ..അതോണ്ടെയ്ക്കാരം..”
അവൻ കൂസലില്ലാതെ എന്റെ ചെവിയിൽ ഓതി..
“ഓ…പിന്നേ…ജിന്നേയ്…അത് ജിന്നൊന്നല്ല, ഹമീദ് മോല്യാരല്ലേ..ഞാൻ ശരിക്കും കണ്ടതല്ലേ…പിന്നെ..അയാളെ ഇനിക്ക് ശരിക്കും അറീലേ…ആ കുപ്പായോം..തൊപ്പീം..താടീം…അത്..ജിന്നൊന്നല്ല, “
എനിക്കുറപ്പായിരുന്നു..ഞാൻ തറപ്പിച്ച് പറഞ്ഞു..
“ആയ്ക്കാരം..അത് അയാളു തന്നെയ്ക്കാരം..പക്ഷേ ചെലപ്പോ ജിന്നുണ്ടാവും എന്നാവും ഉസ്താദ് ഉദ്ധേശിച്ചിട്ടുണ്ടാവാ..ഇജ്ജ് അത് അധികോന്നും ആലോയ്ക്കാൻ നിക്കണ്ട..”
അവൻ വിഷയം മാറ്റി..പിന്നെ എനിക്കായിട്ട് എന്തിന്റെ കേടാ..ജിന്നേ..പിന്നേ.....ഞാനും ആ വിഷയം വിട്ടു..
എങ്കിലും പിന്നീട് പലപ്പോഴും ആ പള്ളിയിലും ആ ഹാളിലും ഒക്കെ കടന്ന് ചെല്ലുമ്പോ അന്നത്തെ ആ രംഗം മനസ്സിലേക്കോടിയെത്താറുണ്ട്.. പഠിപ്പിച്ചതോ കല്ലിൽ കൊത്തിവെച്ചപോലെ മനസ്സിലും പതിഞ്ഞിട്ടുണ്ട്..
കാലമേറെക്കഴിഞ്ഞു.. ആ പള്ളിയുടെ കോലവും ഏറെ മാറിക്കഴിഞ്ഞു.. ഓർമ്മകളെല്ലാം ചിതലരിച്ച പോലെയായി..അവിടവിടെയായി ചില ശേഷിപ്പുകൾ മാത്രം...
പിൽകാലത്ത് ഹമീദ് മോല്യാരെ കാണുമ്പോൾ അന്നത്തെ കാര്യം ഒന്ന് ചോദിക്കണം എന്ന് വിചാരിക്കും..പക്ഷേ ഒരു ആത്മവിശ്വാസക്കുറവ്...അത് കൊണ്ട് ചോദിച്ചിട്ടില്ല.....ഇന്നും അങ്ങനെ തന്നെ....
ജീവിതാനുഭവങ്ങളുടെ ഭാണ്ഡക്കെട്ടഴിക്കുമ്പോൾ ചില അനുഭവങ്ങൾ ഇത് പോലെ പ്രകാശം പരത്തി നിൽക്കും..അവയുടെ മാസ്മരികപ്രഭയിൽ വിലയം പ്രാപിച്ച് ഓർമ്മകൾ അന്ത കാലത്തേക്ക് ലക്കും ലഗാനുമില്ലാതെ പ്രയാണം നടത്തും..അതൊരു വല്ലാത്ത അനുഭൂതി യാണു..അത്തരമൊരു അനൂഭൂതി ദായക സുരസുന്ദര മൂഹൂർത്തത്തിൽ ഒളിമങ്ങാതെ കിടക്കുന്ന ഒരു ചീന്ത് നിങ്ങളുടെ മുന്നിലേക്ക് സമർപ്പിച്ചു എന്ന് മാത്രം..
ഇത് വരെ വായിച്ച നിങ്ങളുടെ നല്ല മനസ്സിനു നന്ദി..
.
.
.
യാ..അള്ളാഹ്..എന്നിലെ എന്നെ ഉരുവപ്പെടുത്തിയെടുക്കാൻ തൊണ്ടയിലെ നീരു വറ്റിച്ച മുഴുവൻ ഉസ്താദുമാർക്കും ജീവിതത്തിൽ ഖൈറും ബറക്കത്തും പ്രധാനം ചെയ്യണേ..ആമീൻ..
Related Posts with Thumbnails

On 2020, ജൂലൈ 7, ചൊവ്വാഴ്ച 0 comments
Bookmark and Share“ഉസിലാംപട്ടീ..പെങ്കുട്ടീ..മുത്തുപ്പേച്ച്….ഉസരാം പേത്ത് എൻ കഴ്ത്ത്സുലിക്കിപ്പോച്ച്..”
എ.ആർ.റഹ്മാന്റെ കിടിലൻ പാട്ട് മൂളീ ഒരു സവാരി ഗിരി ഗിരി ഗിരി…വരികയാണു..
ഒരു ഹീറോ ഹോണ്ട സ്പ്ലൻഡറിന്റെ മുതുകത്ത് കയറി ഞങ്ങൾ മലപ്പുറത്തേക്കാണാ വരവ്....ഞങ്ങൾ എന്ന് പറഞ്ഞാ ഞാനും എന്റെ ഫ്രണ്ടും..ഒരു മാർക്കറ്റ് സറ്റഡിയാണു ലക്ഷ്യം..തള്ളിയതല്ല, സത്യായിട്ടും..…കറങ്ങി കറങ്ങി നാടണയാൻ ഇനി അഞ്ചാറു കിലോ മീറ്റർ മാത്രം..പെട്ടെന്ന് വണ്ടിക്ക് ഒരു വശപ്പിശക്..”ക്ടു..ക്ടു..” ഒന്ന് രണ്ട് തുള്ളൽ പിന്നെ വണ്ടി സ്വയം ആത്മഹത്യ ചെയ്തു..”ശെടാ..എന്ത് പറ്റി” അവൻ വണ്ടി കുലുക്കി നോക്കി..കിക്കർ വീണ്ടും വലിച്ചടിച്ച് നോക്കി..എവടെ..വണ്ടിക്കുണ്ടോ ജീവൻ വെക്കുന്നു..
“എടാ..വണ്ടിയിൽ എണ്ണയുണ്ടോന്ന് നോക്ക്..?
അവന്റെ പരാക്രമങ്ങൾ കണ്ട് ചോദിക്കാതെ തരമില്ലലോ..
“ഓ..പിന്നേ..ഞാനിന്നലെ ഒരമ്പത് ഉറുപ്പ്യാക്ക് അടിച്ചതാലോ..”
“പിന്നേ..അമ്പത് ഉറുപ്പ്യാക്ക് ….അനക്ക് തീരെ തലച്ചോറില്ലേ കുരുപ്പേ..അമ്പത് ഉറുപ്പ്യാക്ക് എണ്ണയടിച്ചിട്ടാണോ ഈ ദുനിയാവൊക്കെ കറങ്ങിയത്…അതൊക്കെ എപ്പൊ ആവിയായിട്ടുണ്ടാവും....തീരുന്നതിനനുസരിച്ച് അതിൽ എണ്ണ ഉറവ പൊട്ടൂന്ന് കരുതിയോ...” എനിക്ക് ദേഷ്യം വരാതിരിക്കുവോ..
“ശരിയാട്ടോ..എണ്ണ തീർന്നു..” അവൻ ടാങ്ക് അടപ്പ് തുറന്ന് ഇളിച്ചു..
“ നന്നായി..എന്നാലു പുന്നാര മോൻ പോയി എണ്ണ വാങ്ങിച്ചിട്ട് വാ..ഞാൻ ഇവിടെ നിക്കാം….പുല്ല്.”
അവൻ അവിടെവിടെയൊക്കെയോ നടന്ന് ഒരു ബോട്ടിൽ സംഘടിപ്പിച്ച് വഴിയേ വന്ന ഒരു ബൈക്കിനു കൈകാണിച്ച് ലിഫ്റ്റടിച്ച് വണ്ടിക്ക് ദാഹജലം വാങ്ങാൻ പോയി..ഞാൻ ഇതികർത്തവ്യമൂഡനായി അടുത്ത് കണ്ട ബസ് സ്റ്റോപ്പിൽ കണ്ട ബെഞ്ചിൽ ചുണ്ണാമ്പിൽ വെറ്റില തേക്കണ പോലെ മൊബൈലിൽ തോണ്ടിയും തേച്ചും കൊണ്ട് ആസന്നസ്ഥനായി....അല്ലാതെന്ത് ചെയ്യാൻ..
കുറച്ച് കഴിഞ്ഞപ്പോ ഒരു പത്തൊമ്പത് ഇരുപത് വയസ്സ് റേഞ്ചുള്ള ഒരു പയ്യൻ അവിടേക്ക് വന്നു..ഒരു നിക്കറും ജെഴ്സിയുമാണു വേഷം..കയ്യിൽ ഒരു ചെറിയ ബാഗുമുണ്ട്....എവിടെയോ ഫുട്ബാൾ കളിക്കാൻ പോകുവാണെന്ന് തോന്നുന്നു..ചാടിയും തുള്ളിയും കൈകാലുകൾ ആഞ്ഞ് വീശിയും ഒക്കെയാണു വരവ്..ഈ ചങ്ങായി എന്താ റബ്ബർ പാലു കുടിച്ചിട്ടുണ്ടോ എന്ന് എനിക്ക് തോന്നാതിരുന്നില്ല..എന്നെ കണ്ടതും…ആരാണ്ടപ്പാ ഈ സമയത്ത് ഇവിടെ വന്നിരിക്കുന്നത് എന്ന മട്ടിൽ അവൻ എന്റെ അടുത്തേക്ക് വന്നു..എന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി..ഞാനും തലയുയർത്തി അവനെ നോക്കി..മാസ്ക്കൊക്കെ ധരിച്ച് ഇരിക്കുന്ന എന്നെ അവനു എവിടെ മനസ്സിലാവാൻ..ഇനി മാസ്ക്കില്ലെങ്കിലും അവനെന്നെ മനസ്സിലാവില്ല..ഞാനാ നാട്ടുകാരൻ ഒന്നുമല്ലല്ലോ..അവൻ എന്നെ അടിമുടി നോക്കുന്നു..നോട്ടം രൂക്ഷമായപ്പോ ഞാൻ പറഞ്ഞു..
” നോക്കണ്ട ഉണ്ണി..നീ ഉദ്ധേശിക്കുന്ന ആളല്ല ഞാൻ,എനിക്ക് നിന്നെയുമറിയില്ല, നിനക്ക് എന്നെയുമറിയില്ല..”
അവൻ തലകുലുക്കിയോ ഇല്ലയോ…ആ എനിക്കറിയില്ല..അവൻ കസർത്ത് തുടരുകയാണു..എന്നെ കാണിക്കാൻ ആവണം…കസർത്ത് കുറച്ച് ഓവറാകുന്നുണ്ടോന്ന് ഒരു തോന്നൽ…അവൻ അവിടെ കിടന്ന് ചാടുകയും കുനിയുകയും നിവരുകയും എക്സർ സൈസ് ചെയ്ത് കൊണ്ടിരിക്കുകയാണു..ഇടക്ക് എന്നെ നോക്കി ഇളിക്കുന്നുമുണ്ട്…ആ…ആ ഇളി എന്തിനാണാവോ….നിന്നേക്കാളും എത്രയോ ബോഡി ഫിറ്റ് എനിക്കുണ്ട് എന്ന് കാണിക്കാനാവണം..ആ..എന്തെങ്കിലുമാകട്ടെ..
അവൻ കുനിഞ്ഞ് നിവരുന്ന ഒരു അസന്നിഗ്ദ ഘട്ടത്തിൽ… പെട്ടെന്ന് ഒരു പോലീസ് ജീപ്പ് വന്ന് സഡൻ ബ്രേക്കിട്ടു…!!! അവൻ ഒന്ന് ചൂളി, ഒപ്പം ഞാനും..
“ഇവിടെ വാ “
മുൻ സീറ്റിലിരുന്ന ഏമാൻ അവനെ വിളിച്ചു..
” എവടെ നിന്റെ മാസ്ക്ക്”
അവൻ നിന്ന് പരുങ്ങി
” അത്..സാറെ..ഞാൻ..എന്റെ വീട് ഇവിടെയാണു..ഞാൻ ഇപ്പോ ഇറങ്ങിയതേയുള്ളു..”
“അത് കൊണ്ട്…” ഏമാൻ ചൂടായി
.”മാസ്ക് ഞാൻ മറന്ന് പോയി..”
“ഉം..മറക്കും..എല്ലാരും ഇത് തന്നെയാ പറയണെ..നീ ആ ഇരിക്കണ ആളെ കണ്ടോ..എന്ത് ഡീസന്റായാണു അയാളു മാസ്ക് ഇട്ട് ഇരിക്കുന്നത്..നീ പേരു പറ..’”
ങെ..ഇത്....എന്നെ പ്പറ്റിയാണല്ലോ..എന്നെ മാത്രം ഉദ്ധേശിച്ച്..
അത്ര നേരം എന്റെ മുന്നിൽ കസർത്ത് കാണിച്ച അവൻ കാറ്റഴിച്ച് വിട്ട ബലൂൺ പോലെയായി…എന്ന് വെച്ചാ ആവി....അവൻ ജാള്യതയോടെ എന്നെ നോക്കി..ഞാൻ ഞെളിഞ്ഞിരുന്നു..ഇപ്പോ ആരാ മാന്യൻ…പ്‌ഹ..ഹ..ഹ
ഏമാൻ അവന്റെ പേരും പ്രൊഡ്യൂസറെ പേരും അഡ്രസ്സും ഒക്കെ എഴുതിയെടുത്ത് ഒരു സർട്ടിഫിക്കറ്റ് അവനു കൊടുത്തു, അവൻ തല ചൊറിഞ്ഞ് അതേറ്റ് വാങ്ങി,, ഫൈൻ കോടതീലേക്കാണു…ഞഞ്ഞായി
ആ സർട്ടിഫിക്കറ്റ് കിട്ടിയ പാടെ അവൻ തലയും താഴ്ത്തി ഒന്നു തിരിഞ്ഞ് പോലും നോക്കാതെ വന്ന വഴിയെ നടന്ന് പോയി…
ഇനിയെന്ത് കസർത്ത് കാണിക്കാൻ..
സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ധേശങ്ങൾ പാലിക്കാതെ നടന്ന് മികച്ച സേവനം കാഴ്ചവെച്ചതിനുള്ള സർട്ടിഫിക്കറ്റ് അല്ലേ കയ്യിലിരിക്കുന്നത്…പ്.ഹ.ഹ..ഹ
“ഉസിലാംപട്ടീ..പുങ്കുട്ടീ..മുത്തുപ്പേച്ച്….ഉസരാം പേത്ത് പോലീസ് സുലിക്കിപ്പോച്ച്..
മോന്ത മേലെ മാസ്ക് വെച്ച് കുഞ്ഞാനോരു പോരേൽ വെച്ച് മറന്ത്..ഉൻ കൂടയിലെ വെച്ച ശീട്ട് എൻ കീശയിലെ ദുട്ട് പോച്ച് വന്തേനടീ..അട ചെല്ലം..”
റഹ്‌മാന്റെ പാട്ട് ചിലപ്പോ ഇങ്ങനെയും പാടാം…യേത്..
കിടിലം ബിറ്റ് അതല്ല..ഈ വന്ന പോലീസ് വണ്ടിയിൽ പുറകിലിരുന്ന ഏമാന്റെ മാസ്ക് താടിക്ക് വെയിൽ തട്ടാതിരിക്കാൻ വേണ്ടി താഴ്ത്തി വെച്ചിരിക്കുകയായിരുന്നു..
ആ.. അധികാരിക്ക് അടുപ്പിലും ആവാലോ..അല്ലേ..
മുന്നറിയിപ്പ്: പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുക..പത്ത് രൂപ‌ചിലവാക്കേണ്ടിടത്ത് ഇരുനൂറു രൂപയും മറ്റ് തൊന്തരവുകളും ഒഴിവാക്കാം..ഒപ്പം കൊറോണയെയും...ഒന്നും ഇരന്ന് വാങ്ങുന്നത് നല്ലതല്ലെന്ന് ഓർമ്മയിലിരിക്കട്ടെ..
Related Posts with Thumbnails

Related Posts with Thumbnails