ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2010, ജനുവരി 27, ബുധനാഴ്‌ച 1 comments
Bookmark and Share

നാലഞ്ചു ദിവസങ്ങൾക്ക്‌ മുമ്പ്‌ വായിക്കാനിടയായ ഒരു പത്ര വാർത്തയാണു ഈ കഴിഞ്ഞ റിപ്പബ്ലിക്ക്‌ ദിനത്തിൽ എന്റെ മനസ്സിൽ നിറഞ്ഞു നിന്നത്‌...ആ വാർത്ത ബാപ്പുകാക്കാന്റെ ചായക്കടയിൽ ചർച്ചാ വിഷയമാകുകയാണെങ്കിൽ എങ്ങനെയായിരിക്കും....നമുക്ക്‌ നോക്കാം...

.....................................................................................................................................................................

''ദെന്താത്‌.......ഇങ്ങള` കണ്ടില്ലേ...?

ബാപ്പുകാക്കാന്റെ കടയിൽ അതിരാവിലെ തന്നെ പത്ര പാരായണം എന്ന ഭയങ്കര ജോലിയിലാണു നാരായണേട്ടൻ, ഒപ്പം സന്തത സഹചാരി അന്ത്രുക്കയും,...പ്രായം കൊണ്ടും ശരീരം കൊണ്ടും എക്സ്‌ പെയറി ഡേറ്റ്‌ കഴിഞ്ഞിട്ടുണ്ടെങ്കിലും മനസ്സ്‌ കൊണ്ട്‌ ഇപ്പോഴും ചെറുപ്പമാണു എന്നു നാട്ടുകാർക്കും വീട്ടുകാർക്കും ബോധ്യപ്പെടുത്തിക്കൊടുക്കാനാണീ ജോലി ഇരുവരും സ്വമേധയാ ഏറ്റെടുത്തിരിക്കുന്നത്‌. അതു ശരിയണെന്നു നാട്ടുകാർക്കു പലപ്പോഴും തോന്നിയിട്ടുമുണ്ട്‌...കൂടെ ചായക്കടക്കാരൻ ബാപ്പു കാക്കയും കൂടി ചേരുന്നതോടെ ഇവിടെ ഉച്ചകോടികൾ പതിവായി അരങ്ങേറുന്നു...

''ഊം എന്താ....''  പത്രത്തിൽ നിന്നു തലയുയർത്താതെ അന്ത്രുക്ക.

''ഇങ്ങള` ദ്‌ വായിച്ച്‌ നോക്കൂ..''.

നാരായണേട്ടൻ പുതിയ ചർച്ചക്കു തുടക്കമിടുകയാണ`..

'' എന്താപ്പോത്ര ... പുതുമ.  ഇന്നാല` ഇജ്ജതൊന്നു ഒർക്കെ വായിച്ചേ....''

അന്ത്രുക്ക കയ്യിലിരുന്ന പത്രം മടക്കി മടിയിൽ വെച്ചു... എന്നിട്ട്‌ കസേരയിലൊന്നമർന്നിരുന്നു..

" ദേശീയ പതാകയെ അപമാനിച്ചതിനു തഹസിൽദാരെ ഉപരോധിച്ചു.. പുനലൂർ, ദേശീയ പതാകയെ അപമാനിച്ചതിനു പത്തനാപുരം തഹസിൽ ദാരെ വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ ചേർന്നു താലൂക്കോഫീസിലെത്തി ഉപരോധിച്ചു....''

ഇടക്കൊന്നു നിർത്തി നാരായണേട്ടൻ ഒരു കവിൾ ചായ കുടിച്ചു..

'' ഇജ്ജ്‌ ബാക്കി വായ്ച്ചടാ...ദെന്തു ഹറാം പെറപ്പാ അയാളു ദേശീയ പതാകയോട്‌ കാണിച്ചത്‌.''.

അന്ത്രുക്ക ഉഷാറായി..

'' താലൂക്ക്‌ റിപ്പബ്ലിക്ക്‌ ദിനാഘോഷ കമ്മറ്റിയുടെ നേത്രത്വത്തിൽ 26 ന` പുനലൂരിൽ നടക്കുന്ന ആഘോഷ പരിപാടിയുടെ നോട്ടീസിലാണ` ദേശീയ പതാകയെ വിക്രതമായി ചിത്രീകരിച്ചത്‌.''

ചായ ആറ്റിക്കൊണ്ടിരുന്ന ബാപ്പുകാക്ക ഇതു കേട്ട്‌ ചായക്കോപ്പയും കയ്യിൽ പിടിച്ച്‌ അടുത്തു കൂടി,, ചെവി വട്ടം പിടിച്ച്‌ നിന്നു..

നാരായണേട്ടൻ ബാപ്പുകാക്കാനെ ഒന്നു നോക്കി വീണ്ടും വായന തുടർന്നു...

'' മുകളിൽ കുങ്കുമ നിറത്തിനു പകരം കത്തിയെരിയുന്ന തീ നിറവും താഴെ ഇരുണ്ട പച്ച നിറവും നടുക്ക്‌ വെളുപ്പിനു പകരം കറുപ്പ്‌ നിറവും ആയാണു ദേശീയ പതാകയെ തഹസിൽദാർ ചെയർമാനായുള്ള ആഘോഷ കമ്മറ്റി നോട്ടീസിൽ അച്ചടിച്ചു പുറത്തിറക്കിയത്‌..നടുക്ക്‌ അശോക ചക്രവും കൊടുത്തിട്ടുണ്ട്‌..നോട്ടീസ്‌ പുറത്തിറങ്ങിയ ഉടനെ തന്നെ ഇക്കാര്യം തഹസിൽദാർ ഉൾപ്പെടെയുള്ളവരെ പൊതു പ്രവർത്തകർ അറിയിച്ചിരുന്നു...എന്നിട്ടും നോട്ടീസ്‌ പിൻ വലിക്കാത്തതിനെ തുടർന്നാണു വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ തഹസിൽദാരെ ഉപരോദിച്ചത്‌.''.

'' ഒടുവിൽ പോലീസെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി നോട്ടീസ്‌ പിൻ വലിക്കാമെന്നുള്ള തഹസിൽദാരുടെ ഉറപ്പിന്മേൽ സമരം അവസാനിപ്പിക്കുകയായിരുന്നു..''.

വായന നിർത്തി നാരായണേട്ടൻ ഒരു ദീർഘ നിശ്വാസം വിട്ടു...

''ന്നാലും ന്റെ അന്ത്രുക്കാ..സ്കോളിലു പഠിക്കണ കുട്ട്യോൾക്ക്‌ ബരെ അറിയാലോ നമ്മടെ പതാകന്റെ കളറ`..ഇതിപ്പൊ ബല്ല്യ പഠിപ്പൊക്കെ പഠിച്ച തഹസിൽദാർ സാറന്മാർക്കറിയാമ്പാടില്ലേ....''

കോപ്പയുമായി നിന്ന ബാപ്പു കാക്ക തലചൊറിഞ്ഞു..

'' സ്വന്തം ദേശീയ പതാകന്റെ നിറം പോലും അറിയാത്തവരാണോ റിപ്പബ്ലിക്ക്‌ ദിനാഘോഷം കൊണ്ടാടാൻ പോകണത്‌..ശിവ.. ശിവ, ഇവരെയൊക്കെ മുക്കാലിൽ കെട്ടി ചൂരൽ പ്രയോഗം നടത്തണം''

നാരായണേട്ടൻ ക്ഷോഭം കൊണ്ടു..

'' അതിപ്പോ.. നാരായണേട്ടാ. നമ്മടെ തഹസിൽ ദാരു പറഞ്ഞതിലും കാര്യമില്ലാതില്ല ''.

അന്ത്രുക്ക ഗോളടിച്ചു..

'' അതേങ്ങനെ ശരിയാവാനാ.. അന്ത്രുക്കാ.''..

ബാപ്പു കാക്ക നെറ്റി ചുളിച്ചു..

'' അതേയ്‌..ദേശീയ പതാകേല` മോളിലുള്ള കുങ്കുമ നിറം എന്താന്നറിയോ അനക്ക്‌.ധൈര്യത്തിന്റെയും ത്യാഗത്തിന്റെയും അടയാളമാണത്‌.അതിപ്പോൾ നമ്മൾ ഇന്ത്യക്കാർക്കുണ്ടോ..?

'' ചേരി ചേരാ പ്രസ്ഥാനത്തിലൂടെ മറ്റ്‌ രാജ്യങ്ങൾക്കിടയിൽ നമ്മൾ ധൈര്യം കാണിച്ചതും ഇന്ത്യയെ ഇന്നത്തെ നിലയിൽ കെട്ടിപ്പടുക്കാൻ നമ്മുടെ മുൻ കഴിഞ്ഞു പോയവർ കാണിച്ച ത്യാഗവും ഇന്നെവിടെപ്പോയി....?

അന്ത്രുക്ക വാചാലനായി...

'' അതു ശരിയാ...നമ്മള` ഇന്നു എല്ലാം അമേരിക്കേടേം ഇസ്രായേലിന്റെയും കാൽക്കൽ കൊണ്ടു വെച്ചിരിക്കയല്ലേ...ലോകരാജ്യങ്ങൾക്കിടയിൽ വേറിട്ട ഉറച്ച ശബ്ദമായിരുന്ന ഇന്ത്യ ഇന്നെവിടെ..?എല്ലാം മുൻ ക്ഴിഞ്ഞു പോയ മഹാത്മാക്കളുടെ ചിതയോട്‌ കൂടി കത്തിത്തീർന്നു.....കത്തിയെരിയുന്ന തീയിന്റെ നിറം നമ്മടെ തഹസിൽദാർക്കു എവിടന്നാണു കിട്ടിയതു എന്നു മനസ്സിലായില്ലേ..''.

നാരായണേട്ടൻ ഏറ്റു പിടിച്ചു..

'' ഇന്നാലും ബാക്കീണ്ടല്ലോ.. നടുക്ക്‌ വെള്ളേം പിന്നെ പച്ചേം...ബാപ്പു കാക്കാക്ക്‌ സംശയം തീരുന്നില്ല.''.

'' അതേയ്‌ വെള്ള നിറം സത്യത്തിന്റെയും സമാധാനത്തിന്റെയും അടയാളം...അതിപ്പോ എത്രത്തോളമുണ്ടെന്ന` ദിവസം പത്രം വായിക്കണ അനക്ക്‌ ഞാൻ പറഞ്ഞു തരണ്ടല്ലോ..? എല്ലാരുടെ മനസ്സിലും കറുപ്പല്ലേ..''.

'' അതു മനസ്സിലാക്കാൻ തഹസിൽദാരുടെ ബുദ്ധിയൊന്നും ആവശ്യമില്ല..പിന്നെ പച്ച നിറം...''

'' ബാക്കി ഞാൻ പറയാം''... നാരായണേട്ടൻ ഇടക്കു കയറി..

'' പച്ച നിറം ശൗര്യത്തിന്റെയും വിശ്വാസത്തിന്റെയും അടയാളം...ഏന്നാലിന്നോ.. ശൗര്യം എമ്പാടുമുണ്ട്‌.പക്ഷേങ്കില` അതു ആർത്തി കാണിച്ച്‌ പൊതുമുതലും ആരാന്റെ മുതലും കയ്യിട്ടു വാരാനണെന്നു മാത്രം...''

'' പിന്നെ വിശ്വാസം.. അതു ആർക്കും ആരിലും ഇല്ലാത്ത കാലത്തല്ലേ നമ്മളിപ്പോൾ ജീവിക്കുന്നത്‌..ഭാര്യയെ , ഭർത്താവിനെ, മക്കളെ, സുഹ്രത്തിനെ, നാട്ടുകാരെ, ഭരണകൂടത്തെ.....എന്നിങ്ങനെ തുടങ്ങി ആരെയും വിശ്വസിക്കാൻ കൊള്ളാത്ത കാലം...അതു കൊണ്ട്‌ പച്ച നിറം ഇരുണ്ട്‌ പോയെങ്കിൽ തഹസിൽദാർ എന്തു പിഴച്ചു..''

നാരായണേട്ടൻ തെല്ല് ഗമയോടെ പറഞ്ഞു നിർത്തി..

'' പക്ഷേങ്കിലു നമ്മടെ തഹസിൽദാരു നടുക്കുള്ള ചക്രം മാത്രം ബാക്കി വെച്ചല്ലോ..''?

ബാപ്പുകാക്ക വിടാനുള്ള ഭാവമില്ല..

'' എന്നാലിനി അതും കൂടി കേട്ടോ...കർമ്മത്തിന്റെ പ്രതീകമായാണു അശോക ചക്രത്തെ കണക്കാക്കുന്നത്‌..അതായത്‌ ഇന്ത്യക്കു വന്നു ഭവിച്ച ഈ അധപതനത്തിൽ നിന്നു രക്ഷപ്പെടാൻ ആത്മാർത്ഥതയും ത്യാഗ മനോഭാവവും നിറഞ്ഞ പ്രവർത്തനങ്ങൾ കൊണ്ട്‌ മാത്രമേ സാധിക്കൂ... .വാക്കു കൊണ്ടും വരകൊണ്ടും ഉള്ള കസർത്തു കൊണ്ടൊന്നും ഒരു കാര്യവുമില്ലാന്ന് ലളിതമായി നമ്മുടെ തഹസിൽദാരു നമ്മളെ എല്ലാരെയും ഒ‍ാർമ്മിപ്പിക്കാനാകണം മൂപ്പരു ആചക്രം മാത്രം ബാക്കി വെച്ചത്‌. അല്ല പിന്നെ''

അന്ത്രുക്ക ഒരു ദീർഘ നിശ്വാസത്തോടെ ചർച്ചക്കു വിരാമമിട്ടു..

'' അമ്പട തഹസിൽ ദാരേ.''.. ബാപ്പു കാക്ക മൂക്കത്ത്‌ വിരൽ വെച്ചു..

ബാപ്പുകാക്കാന്റെ അതിശയങ്ങൾ തീരണില്ലാ.തുടരും..

Related Posts with Thumbnails

On 2010, ജനുവരി 26, ചൊവ്വാഴ്ച 7 comments
Bookmark and Share

ചില വ്യക്തികൾ ചില കാഴ്ചകൾ കാണാൻ ഇഷ്ടപ്പെടാറില്ല..ചില കാര്യങ്ങൾ ശ്രദ്ധിക്കാനും അവർ മിനക്കെടാറില്ല..കാരണം ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലല്ലോ എന്ന ഭാവമാണവർക്ക്‌...അങ്ങനെയുള്ള ചില കാഴ്ചകൾ, പ്രസക്തിയേറുന്ന ചില ചിന്തകൾ...


''കണ്ണേ മടങ്ങല്ലേ.... മുഖം തിരിക്കല്ലേ..''
ലോക ജനസംഖ്യയിൽ ഏതാണ്ട്‌ ആറിലൊന്ന് ശതമാനം ജനങ്ങൾ പട്ടിണിയിലാണ` എന്നാണു ലോകാരോഗ്യ സംഘടന പുറത്തു വിട്ട പുതിയ കണക്ക്‌.,ഓരോ ആറു സെക്കന്റിലും പട്ടിണിയും രോഗങ്ങളും മൂലം ഓരോ കുഞ്ഞ്‌ വീതം മരണത്തെ പുൽകുന്നു.....

എന്തു കൊണ്ട്‌..

വാ കീറിയ ദൈവം വഴി കാണിച്ചു കൊടുക്കാഞ്ഞിട്ടാണോ..?

ഒരിക്കലുമല്ല..,ലോകത്തുള്ള സകല ജീവികൾക്കും ഇനി വരാനുള്ള ജ‍ീവിതങ്ങൾക്കും ഒക്കെ ജീവിക്കാനാവശ്യമായ സാഹചര്യങ്ങളും സമ്പത്തും വിഭവങ്ങളും എല്ലാം ദൈവം കാലേക്കൂട്ടി ഈ ഭൂമിയിൽ ഒരുക്കി വെച്ചിട്ടുണ്ട്‌..,എന്നാൽ ആർത്തി പൂണ്ട മനുഷ്യർ എല്ലാം കയ്യടക്കി വെച്ചിരിക്കുകയാണ`...ഒരു വിഭാഗം സഹജീവികൾക്കു പോലും വിട്ടു കൊടുക്കാതെ..,
ഭൂമിയെ രാജ്യങ്ങളും സാമ്രാജ്യങ്ങളുമായി പകുത്തെടുത്ത്‌ അധികാരം സ്ഥാപിച്ച്‌ എല്ലാവർക്കും ഒരേ പോലെ അവകാശപ്പെട്ട ഭൂമിയുടെ സ്വത്തുക്കൾ ഊറ്റിയെടുത്ത്‌ ചിലർ വികസിതരും വികസ്വരരുമാകുന്നു. അതിനു കഴിയാത്തവർ ദരിദ്രരായി മുദ്ര കുത്തപ്പെടുന്നു , ഒരു വിഭാഗം സകല വിഭവങ്ങളും ധൂർത്തടിച്ചു ഉന്മത്തരായി ജീവിതം നയിക്കുമ്പോൾ മറു വിഭാഗം ഒരു നേരത്തെ അന്നത്തിനു വേണ്ടി പരക്കം പായുന്നു..,അവരും ഈ ഭൂമിയുടെ അവകാശികളാണെന്നു എന്തേ അവർ മറക്കുന്നു..,

മൂന്നോ നാലോ നേരം മ്രഷ്ടാന്നം ഭുജിച്ച്‌ ജീവിക്കുന്ന ഞാനും നിങ്ങളും ഓർക്കുന്നുണ്ടോ..?

ഒരിത്തിരി ഭക്ഷണം പോലും കൊടുക്കാൻ കഴിയാത്തതിനാൽ തന്റെ പിഞ്ചു കുഞ്ഞ്‌ തന്റെ കയ്യിൽ പിടഞ്ഞു മരിക്കുന്ന കാഴ്ച്ച കാണേണ്ടി വരുന്ന അമ്മമാരുടെ വേദന..

ബാക്കി വരുന്ന ചോറ` തൊടിയിൽ കൊണ്ട്‌ പോയി കളയുമ്പോൾ നാം ഓർക്കാറുണ്ടോ..?

ഒരിത്തിരി കഞ്ഞി വെള്ളമെങ്കിലും കിട്ടിയാൽ ജീവൻ പിടിച്ചു നിർത്താമായിരുന്നു എന്നു സ്വപ്നം കാണുന്ന ഹതഭാഗ്യരായ മനുഷ്യരെക്കുറിച്ച്‌..

''തന്നെപ്പോലെ തന്റെ അയൽക്കാരനെയും സ്നേഹിക്കുക''

''അയൽ വാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചുണ്ണുന്നവൻ നമ്മിൽ പെട്ടവനല്ല''...എന്നിങ്ങനെ

മതങ്ങളും പ്രവാചകന്മാരും പറഞ്ഞതും പഠിപ്പിച്ചതും എല്ലാം എല്ലാവർക്കുമറിയാം...

എന്നിട്ടുമെന്തേ നാം ചിന്തിക്കാത്തൂ..?

ലോകത്തിലെ കേവലം ഒരു ബില്ല്യൺ പട്ടിണിപ്പാവങ്ങൾക്ക്‌ അന്നമെത്തിക്കാൻ മറ്റുള്ള ആയിരക്കണക്കിനു ബില്ല്യൺ ജനങ്ങൾക്ക്‌ സാധിക്കില്ലെന്നാണോ...?

കേവലം ദരിദ്ര രാഷ്ട്രങ്ങൾ മാത്രമല്ല..,സമ്പന്നവും വികസിതവുമെന്നു നമ്മൾ കരുതുന്ന പല രാജ്യങ്ങളിലും പട്ടിണിയും പട്ടിണിമരണങ്ങളും അരങ്ങേറുന്നുണ്ട്‌..,പുറം ലോകമറിഞ്ഞാൽ തങ്ങളുടെ രാജ്യത്തിന്റെ പ്രതിഛായക്കു മങ്ങലേൽക്കുമോ എന്നുകരുതി പലരും പലതും വാർത്തയാക്കാറില്ല..പത്രക്കാർക്കും വായനക്കാർക്കും അത്തരം വിഷയങ്ങളിൽ താൽപര്യമൊട്ടുമില്ലതാനും..,വായനക്കാരെ ഹരം കൊള്ളിക്കുന്ന സർക്കുലേഷൻ വർദ്ദിപ്പിക്കുന്ന എന്തെല്ലാം വാർത്തയാക്കാൻ കിടക്കുന്നു.,പിന്നയല്ലേ ഇത്‌..,

പടുകൂറ്റൻ ബിൽഡിംഗുകൾക്കും സുന്ദരമായ നഗരക്കാഴ്ച്ചകൾക്കുമപ്പുറം ചേരികളിൽ കഴിഞ്ഞു കൂടാൻ വിധിക്കപ്പെട്ടവർ, ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി കുപ്പത്തൊട്ടി തിരയുന്നവർ...ഇത്തരക്കാർ എല്ലാ രാജ്യങ്ങളിലുമുണ്ട്‌..,

നമുക്ക്‌ ഐക്യദാർഡ്യം പ്രഖ്യാപിക്കാം...ഒപ്പം നമ്മളാൽ കഴിയുന്ന സഹായങ്ങൾ എത്തിക്കാം... നമ്മുടെ ഭരണകൂടങ്ങളുടെ മേൽ നമുക്ക്‌ സമ്മർദ്ദം ചെലുത്താം...പട്ടിണിയില്ലാത്ത ഒരു നവ ലോകത്തിന്റെ സ്രഷ്ടിക്കായി..

.........................................................................................................ഈ കഴിഞ്ഞ ദിവസം പത്രത്തിൽ വന്ന ഒരു വാർത്ത്‌ കണ്ട്‌ ഞാൻ ഞെട്ടിപ്പോയി..

നമ്മുടെ കൊച്ചു കേരളത്തിൽ ഒരു കിലോ അരി കൊണ്ട്‌ ഒരാഴ്ച കൂട്ടിമുട്ടിച്ച്‌ ജീവിതം തള്ളിനീക്കുന്ന ഒരു നാലംഗ കുടുംബത്തിന്റെ കഥ..,കറിയായി ഇത്തിരി ഉപ്പും മുളകും..,

വേറെയെവിടെയുമല്ലാ...ദൈവത്തിന്റെ സ്വന്തം നാട്ടിൽ..,(നാണമില്ലേ... ഇനിയും അതു പറഞ്ഞു നടക്കാൻ..,?)

എവിടെപ്പോയി പാവങ്ങളുടെ ഭരണകൂടം..?

മുപ്പത്തിമുക്കോടി സാംസ്കാരിക -സാമൂഹിക സംഘടനകളും നവോത്ഥാന നായകരും എവിടെപ്പോയി..?

ഇതു കേവലം ഒറ്റപ്പെട്ട സംഭവമാണെന്നു നിങ്ങൾ കരുതുന്നുണ്ടോ..?

ഇതു പോലെ പുറത്തറിയാത്ത പത്രത്താളുകളിൽ ഇടം നേടാത്ത എതൃയോ കുടുംബങ്ങൾ നമുക്ക്‌ ചുറ്റിലും ജീവിച്ചിരിക്കുന്നുണ്ട്‌..,

ഒന്നോർക്കുക..

സർക്കാർ വിജ്ഞാപനങ്ങൾക്കുപരി സംഘടനാ ആഹ്വാനങ്ങൾക്കും ബക്കറ്റ്‌ പിരിവുകൾക്കും ഉപരിയായി ഓരോ വ്യക്തിയും സഹാനുഭൂതിയുടെ പ്രചോദനത്തിലൂടെ നിർവ്വഹിക്കേണ്ട ചില ധാർമികമായ ബാധ്യതകളുണ്ട്‌...

അതെങ്കിലും നമുക്ക്‌ ശ്രദ്ധിച്ചു കൂടേ..? ഇല്ലെങ്കിൽ നാളെ ദൈവത്തിന്റെ കോടതിയിൽ നമ്മൾ ഉത്തരം പറയേണ്ടി വരും..എന്നോർക്കുക..

ഒന്ന്: ഒരു കാരണവശാലും ഭക്ഷണം പാഴാക്കരുത്‌..

എത്ര പേർ ഇതു മുഖവിലക്കെടുക്കുന്നു..?തനിക്കും തന്റെ കുടുംബത്തിനും ആവശ്യമുള്ള അളവിൽ മാത്രം ഭക്ഷണം ഉണ്ടാക്കി ഉപയോഗിക്കാൻ നമ്മളിൽ എത്ര പേർ ശ്രദ്ദിക്കാറുണ്ട്‌..

പലകുടുംബങ്ങളിലും പ്രത്യേകിച്ചു കല്ല്യാണ വീടുകളിലും മറ്റും കണക്കില്ലാത്ത അളവിൽ ഭക്ഷണം ഉണ്ടാക്കി ബാക്കി വരുന്നത്‌ കൊണ്ട്‌ കളയുന്നത്‌ നാം നിത്യേന കാണുന്നു..

ഇനി അഥവാ ബാക്കി വന്നാൽ തന്നെ അത്‌ അടുത്തുള്ള പാവപ്പെട്ടവർക്കോ അല്ലെങ്കിൽ ഏതെങ്കിലും അനാഥാലയത്തിനോ വിതരണം ചെയ്യുന്നതിനെക്കുറിച്ച്‌ നമ്മൾ ചിന്തിക്കാറുണ്ടോ..?

രണ്ട്‌ : കുറഞ്ഞ പക്ഷം തന്റെ അയൽ വീടുകളുമായി നല്ല ബന്ധം പുലർത്തി അവർക്കു ഭക്ഷണം കഴിക്കാനുള്ള വകയുണ്ടോ എന്നെങ്കിലും അറിയാൻ ശ്രമിക്കുക.പല ആളുകളും തങ്ങളുടെ ബുദ്ധിമുട്ടുകൾ എന്തിനാ മറ്റുള്ളവരെ അറിയിക്കുന്നു എന്നു കരുതി പുറമേ പറയാൻ മടിച്ചിരിക്കും.. എന്നാലും പലരീതിയിൽ അവരുടെ വിഷമങ്ങൾ നമുക്കറിയാൻ സാധിക്കും..

നിങ്ങൾക്കോ നിങ്ങൾ മുഖേന അറിയുന്ന മറ്റുള്ളവർക്കോ ഒരു പക്ഷേ അവരെ സഹായിക്കാൻ കഴിഞ്ഞെന്നിരിക്കും

ഓർക്കുക.. നല്ല അയൽ ബന്ധങ്ങൾ പലപ്പോഴും നല്ല കുടുംബ ബന്ധങ്ങളേക്കാൾ നമുക്ക്‌ ഗുണം ചെയ്യും.

മൂന്ന്: കഴിയുന്നത്ര തന്റെ സുഹ്രത്തുക്കളെയും പരിചയക്കാരെയും ഭക്ഷ്യവിഭവങ്ങൾ സംരക്ഷിക്കപ്പെടെണ്ട ആവശ്യകതയെ ക്കുറിച്ച്‌ ബോധവാന്മാരാക്കുക,... ഭക്ഷ്യവിഭവങ്ങൾ സംരക്ഷിക്കപ്പെടേണ്ടത്‌ സകല ജീവജാലങ്ങളുടെയും നിലനിൽപിന` അത്യന്താപേക്ഷിതമാണെന്ന് ആർക്കാണറിഞ്ഞു കൂടാത്തത്‌...

എന്നിട്ടും അനിയന്ത്രിതമായ ചൂഷണവും ധൂർത്തും നിർബാധം നടക്കുന്നു.... അത്തരക്കാർക്കെതിരെ ഒരു സമൂഹ കൂട്ടായ്മ രൂപപ്പെടുത്തിയെടുക്കാൻ നമുക്കെല്ലാവർക്കും ശ്രമിക്കാം...

വാൽക്കഷ്ണം:

ആഗോള താപനം അനിയന്ത്രിതമായി വർദ്ധിച്ചതു മൂലം കാലാവസ്ഥയിൽ വന്നിട്ടുള്ള വ്യതിയാനം ഭക്ഷ്യ സുബിക്ഷമായിരുന്ന പല രാജ്യങ്ങളും ഇന്നിപ്പോൾ ഭക്ഷ്യദൗർലബ്യം എന്താണെന്നു അറിഞ്ഞു തുടങ്ങിയിരിക്കുന്നു...

ഏറെ പ്രതീക്ഷയോടെ ലോകജനത നോക്കിക്കണ്ട കോപ്പൻ ഹേഗനിലെ ഉച്ച കോടി പരാജയപ്പെടുകയും കൂടി ചെയ്തതോടെ ഇനിയങ്ങോട്ട്‌ പല രാജ്യങ്ങളും പട്ടിണിയിലേക്കും വറുതിയിലേക്കും നീങ്ങിയാൽ അത്ഭുതപ്പെടെണ്ട കാര്യമില്ല...

ഈ പുതിയ സാഹചര്യത്തിൽ നമ്മളും മുൻ കരുതൽ എടുക്കേണ്ടിയിരിക്കുന്നു..

കാലാവസ്ഥാവ്യതിയാനം മൂലം ഇന്ത്യയിലെ ഊട്ടുപുരകളെന്നു വിശേഷിപ്പിച്ചിരുന്ന പല സംസ്ഥാനങ്ങളിലും കനത്ത വിള നാശം ഉണ്ടായത്‌ നാം വിസ്മരിച്ചു കൂടാ...

ഈ നില തുടർന്നാൽ സമീപ ഭാവിയിൽ തന്നെ നമ്മളും ഭക്ഷ്യ വിഭവങ്ങളുടെ കടുത്ത പ്രതിസന്ധിയിലേക്കു കൂപ്പു കുത്തും.

ആസൂത്രിതമായ കരുതൽ ശേഖരത്തിലൂടെ ഭക്ഷ്യ ലഭ്യത ഉറപ്പിക്കുക എന്നല്ലാതെ വേറെ വഴിയില്ല...ഇനിയെങ്കിലും മനസ്സ്‌ തുറക്കുക...
Related Posts with Thumbnails

On 2010, ജനുവരി 25, തിങ്കളാഴ്‌ച 2 comments
Bookmark and Share

ഈയിടെ ഒരു സിനിമ കാണാനുള്ള അവസരം എനിക്കുണ്ടായി... ഏറെക്കാ ലത്തിനു ശേഷം ഞാൻ നന്നായി ആസ്വദിച്ചു കണ്ട സിനിമ...


ഏതാണെന്നല്ലേ...?
റിയാലിറ്റിയും സയ ൻസും ഫിക്ഷനും കൂടി സമന്വയിപ്പിച്ചു വിഖ്യാത സംവിധായകൻ ജയിംസ്‌ കാമറൂണിന്റെ "അവതാർ"

''തള്ളേ......ഇതെന്തരണ്ണാ ഇതു സിനിമതള്ളേ പുളപ്പൻ തന്നെ കെട്ടോ.....''


ആഴത്തിലുള്ള ഭാവനയും പുത്തൻ സാങ്കേതിക വിദ്യകളുടെ ഫലപ്രദമായ സമന്യയവും ഒപ്പം വിശ്വ വിഖ്യാതമായ സംവിധാന മികവും കൂടി ച്ചേർന്ന മറ്റൊരു സൂപ്പർ ഹിറ്റ്‌....
ഇങ്ങനെയും സിനിമ പിടിക്കാൻ പറ്റുമോ..?

എന്തൊരു ഭാവന..എന്തൊരു രചന.....

കമ്പ്ലീറ്റ്‌ പെർഫെക്ഷനോടെയുള്ള ഓരോ ഫ്രയിമും ഓരോ ഷോട്ടുകളും പ്രേക്ഷകരെ ആദ്യാന്ത്യം വരെ മുൾമുനയിൽ പിടിച്ചിരുത്തുന്നു...

എന്തായാലും കാമറുണിനെ സമ്മതിക്കണം..തള്ളേ എവനാളു കൊള്ളാം....
എവൻ വെറും പുലിയല്ല കെട്ടോ....പുപ്പുലി......കഥയിലെ നായകന്റെ കൂടെ മറ്റൊരു ലോകത്തേക്കു യാത്ര ചെയ്യുന്നതായി ആസ്വാദകർക്ക്‌ അനുഭവപ്പെടുന്ന രീതിയിലാണു കഥയുടെ ചുരുൾ നിവരുന്നത്‌..


. അതു കൊണ്ട്‌ തന്നെ നായകൻ ലാബിൽ ഉണർന്നു എണീക്കുന്ന അവസ്ഥയാണ` പടം കണ്ട്‌ പുറത്തിറങ്ങുന്നവർക്കും അനുഭവപ്പെടുന്നത്‌.. ഒരു സ്വപ്ന ലോകത്തുനിന്നു ഇറങ്ങിവരുന്ന അനുഭൂതി..
കാട്ടിലകപ്പെടുന്ന നായകൻ ഭീകരജീവികളുടെ ആക്രമണങ്ങളിൽ നിന്നു രക്ഷപ്പെടാനായി കാണിക്കുന്ന പ്രകടനങ്ങൾ , ഭീകരനായ ഡ്രാഗൺ പക്ഷിയെ കീഴ്പ്പെടുത്താനുള്ള സാഹസിക യാത്ര, അതിനു ശേഷമുള്ള മൽപിടുത്തം...എന്നിങ്ങനെ തുടങ്ങി സംഭ്രമജനകമായ ഒത്തിരി രംഗങ്ങൾ ചിത്രത്തിലുടനീളം ആസ്വാദകരെ പിടിച്ചിരിരുത്തുന്നു.....
ശ്വാസം തന്നെ നിലച്ചു പോയേക്കുമോ എന്നു തോന്നിപ്പോകുന്ന ദ്രശ്യങ്ങൾ...


സാം വെർദ്ദിംഗ്‌ ടനും സിയോ സൽദാനയും മുഖ്യ വേഷങ്ങളിൽ തകർപ്പൻ അഭിനയം കാഴ്ച വെക്കുന്നു...

ഇതിന്റെ ഛായാഗ്രാഹകനും മേക്കപ്പും കോസ്റ്റ്യൂമും  നിർവ്വഹിച്ചവരും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു...

''തള്ളേ ഇതെന്തു കോലങ്ങള`...

എന്തെരായാലും കൊള്ളാം''


നിർമാതാവ്‌ ജോൺ ലാന്റോയുടെ കോടിക്കണക്കിനു ഡോളർ പാഴായില്ല..

സിനിമാ പ്രേമികളെ ആസ്വാദനത്തിന്റെ പുതിയ തലങ്ങളിലേക്കു ഉയർത്തിക്കൊണ്ട്‌ ലോകം മുഴുവൻ "അവതാർ" സൂപ്പർഹിറ്റായി പ്രദർശനം തുടരുന്നു...ഒടുവിലിതാ ലോസ്‌ ഏഞ്ചൽസിൽ നടന്ന 67 മത്‌ ഗോൾഡൻ ഗ്ലോബ്‌ അവാർഡ്‌ നിശയിൽ മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുള്ള ഗോൾഡൻ ഗ്ലോബ്‌ പുരസ്കാരം അവതാറിനെ തേടിയെത്തിയിരിക്കുന്നു....ഇനിയും ഒട്ടനവധി അവാർഡുകൾ ഈ മഹാചിത്രത്തെ തേടിയെത്തുമെന്നുള്ള കാര്യത്തിൽ സംശയമില്ല...

ജയിംസ്‌ കാമറൂണിനും ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദനങ്ങൾ അർപ്പിക്കാം..Related Posts with Thumbnails

On 2010, ജനുവരി 17, ഞായറാഴ്‌ച 2 comments
Bookmark and Share

'കുഞ്ഞാക്ക' മലപ്പുറത്തെ ഒരു സാധാ നാട്ടിൻപുറത്തുകാരൻ.

ഒരിക്കൽ കുഞ്ഞാക്കയുടെ അടുത്ത ഒരു ബന്ധുവിനെ മഞ്ചേരിയിലെ ഒരു ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യുന്നു. വിവരമറിഞ്ഞ കുഞ്ഞാക്ക ധ്രതിയിൽ അങ്ങോട്ട്‌ പുറപ്പെടുകയായി..

മലപ്പുറത്തു നിന്നു മഞ്ചേരിയിലേക്കുള്ള ബസ്സിൽ ഓടിക്കിതച്ച്‌ വന്നു കയറി.. ബസ്സിൽ പകുതിയോളം സീറ്റും കാലിയായി കിടന്നിട്ടും കമ്പിയിൽ പിടിച്ചു ആയാസപ്പെട്ടു നിൽക്കുന്ന കുഞ്ഞാക്കയോട്‌ കണ്ട്ക്ടർ പറഞ്ഞു :

"കാക്കാ.. അവിടെ സീറ്റൊഴിവുണ്ടല്ലോ..അവിടെ ഇരുന്നോളീ... മഞ്ചേരിയിലെത്താൻ ഇനിയും ഒരു പാട്‌ ദൂരമുണ്ട്‌....."

എടുത്തടിച്ച പോലെയായിരുന്നു മറുപടി :

" ഇച്ച്‌ കുത്തർക്കാനൊന്നും നേരല്ല്യ...മോനേ.. അർജന്റായി ആസ്പത്രീലെത്തണം ,"

......................................................................................................................................................


എപ്പോഴും മൂക്കത്ത്‌ ശുണ്ഠിയുമായി നടക്കുന്നയാളാണ` ' മമ്മു കാക്ക '...... ആരോടും എപ്പോഴും എന്തും വെട്ടിത്തുറന്നു പറയുന്ന ഒരു തുറന്ന പ്രക്രതം.. അതോടൊപ്പം അറിവില്ലായ്മയും സ്ഥല കാല ബോധമില്ലാത്ത പെരുമാറ്റവും ഇദ്ദേഹത്തെ പല അബദ്ദങ്ങളിലും കൊണ്ട്‌ ചെന്നു ചാടിച്ചിട്ടുണ്ട്‌,..ഒരിക്കൽ ഒരു ദീർഘയാത്രക്കായി മമ്മുകാക്ക ബസ്സിൽ കയറുന്നു..വാതിൽ പടിയിൽ തന്നെ കുത്തിക്കുറിച്ചു കൊണ്ടൂ നിന്ന ചെക്കർ ചോദിക്കുന്നു..: എങ്ങോട്ടാ..

" ഞാൻ ഇന്റെ മൊളോട്ക്കാ.. " കൂസലില്ലാത്ത മറുപടി

" അതെ ..അതെങ്ങോട്ടാന്നു ചോദിച്ചത്‌."... ചെക്കർ വീണ്ടും

മമ്മുകാക്കാക്കു കലി കയറി...:

" ഞാൻ ഇന്റെ മോളോട്ക്കു പോണേൽ അനക്കെന്താ....ഹൗ..

നമ്മള` നമ്മക്കിഷ്ടള്ളോട്ത്ത്ക്കു പോകും..ഇജ്ജാരാ അത്‌ ചോയ്ച്ചാൻ..." മമ്മുകാക്ക ഉറഞ്ഞു തുള്ളി..താൻ അരുതാത്തതെന്തെങ്കിലും ചെയ്തോ എന്നറിയാതെ ചെക്കർ ഇതി കർത്തവ്യ മൂഡനായി നിന്നു പോയി..

.........................................................................................................................................................


താൻ ഭയങ്കര ധൈര്യശാലിയാണു എന്ന ഭാവമാണു ശുക്കൂറിന`

തന്റെ വീരസാഹസകഥകൾ മറ്റുള്ളവരുടെ മുമ്പിൽ വിവരിക്കാൻ ഒരിക്കലും ഒരു മടിയും കാണിക്കാറില്ല..

ഡാൾഡയും നെയ്യും അച്ചാറുകളുമൊക്കെ സപ്ലൈ ചെയ്യുന്ന ഒരു കമ്പനിയിലാണു ജോലി, പതിവു പോലെ അന്നും വണ്ടി നിറയെ ലോഡ്‌ കയറ്റി അവർ യാത്ര ആരംഭിച്ചു. പല സ്ഥലങ്ങളിലും സാധനങ്ങൾ വിതരണം ചെയ്തു യാത്ര തുടരവേ ഇടക്കൊരിടത്തു വെച്ച്‌ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട്‌ ഒരു കുഴിയിലേക്കു മറിയുന്നു...

ശബ്ദം കേട്ട്‌ ഓടിക്കൂടിയ പരിസരവാസികൾ എല്ലാവരെയും പുറത്തെടുക്കുന്നു.

പെട്ടെന്നുണ്ടായ തലയുടെ മന്ദത മാറിയ ശുക്കൂർ ചുറ്റിലും നോക്കി..ഹാവൂ. ഭാഗ്യത്തിനു ആർക്കും ഒന്നും പറ്റിയിട്ടില്ല..എന്നാശ്വാസിച്ചിരിക്കേ തന്നെ നോക്കി എല്ലാവരും ചിരിക്കുന്നുണ്ടോ എന്നൊരു സംശയം .ശരിയാണ`.. എന്താണിപ്പോൾ ഇത്ര തമാശ., ഒരു പിടിയും കിട്ടുന്നില്ല, ..എല്ലാവരുടെയും നോട്ടം തന്റെ തലയിലേക്കാണെന്നു മനസ്സിലായ ശുക്കൂർ തല മെല്ലെ തടവി നോക്കി.. വഴു വഴുപ്പുള്ള എന്തോ ഒന്നു കയ്യിൽ തടഞ്ഞു.. ഭീതിയോടെ ശുക്കൂർ കയ്യിലേക്കു നോക്കി..വെളുപ്പും ചുവപ്പും നിറത്തിൽ കയ്യിൽ പറ്റിപ്പിടിച്ചിരിക്കുന്നു...അയ്യോ അതു തന്നെ... പിന്നെയൊരു നിലവിളിയായിരുന്നു.......

"എന്റെള്ളോ..... ഇന്റെ തലച്ചോറിതാ പൊറത്ത്‌ വന്നക്ക്ണൂ...

ഞാനിനി എന്താ ചെയ്യാ.... മണ്ടി വര്യോ......."

നെഞ്ചത്തടിച്ചു കൊണ്ട്‌ ശുക്കൂർ ആർത്തുകരഞ്ഞു...തന്റെ തലച്ചോറല്ല....

ഡാൾഡയുടെയും അച്ചാറിന്റെയും പാക്കറ്റുകൾ പൊട്ടി അതാണ` തന്റെ തലയിൽ പറ്റിപ്പിടിച്ചിരിക്കുന്നതു എന്നു ശുക്കൂറിനെ പറഞ്ഞു മനസ്സിലാക്കാൻ കൂട്ടുകാർക്കും അവിടെ ഓടിക്കൂടിയവർക്കും നന്നേ പാടു പെടേണ്ടി വന്നു..അതിനു ശേഷം ശുക്കൂർ ആരോടും തന്റെ വീരകഥകൾ വിളമ്പിയിട്ടില്ല എന്നാണു സുഹ്രത്തുക്കൾ പറയുന്നത്‌..
                                                                                      
                                              
                                                                                                        തുടരും.................?                                                  
                               
പിൻ കുറിപ്പ്‌:
ഇതിലെ പേരുകൾ തികച്ചും സാങ്കൽപികം മാത്രമാണ`...
Related Posts with Thumbnails

On 2010, ജനുവരി 16, ശനിയാഴ്‌ച 8 comments
Bookmark and Share

FROM,
SUSAN,  DUBAI

TO

SUNNY,KERALAഎനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇച്ചായന്‍ അറിയുന്നതിന്,

അവിടെ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?ഇച്ചായന് സുഖമല്ലേ?നമ്മുടെ മക്കള്‍ സുഖമായിരിക്കുന്നോ?രണ്ടു തവണ വിളിച്ചപ്പോഴും ,കമ്പ്യൂട്ടര്‍ ഗെയിം കളിക്കുന്നത് കൊണ്ട് സംസാരിക്കാന്‍ സമയമില്ലെന്നു പറഞ്ഞു അവര്‍ ഫോണ്‍ കട്ട് ആക്കി.അവരുടെ പഠിപ്പില്‍ ഇച്ചായന്‍ ഒന്ന് ശ്രദ്ധിക്കണം കേട്ടോ.നന്നായി ഭക്ഷണം കഴിപ്പിക്കണം.ഇച്ചായനും ആരോഗ്യത്തില്‍ ശ്രദ്ധിക്കണം.കണ്ടതെല്ലാം കഴിച്ചു ഷുഗര്‍ ഉം കൊലെസ്ട്രോലും ഒന്ന് വരുത്തി വെക്കല്ലേ.സമയം കിട്ടുമ്പോള്‍ നമ്മുടെ തറവാടുകളിലോക്കെ ഇച്ചയനോന്നു പോയി അന്വേഷിക്കണം കേട്ടോ.


പിന്നെ ഞാനിവിടെ മടുത്തു ഇച്ചായാ.എട്ടു പത്തു കൊല്ലമായില്ലേ ഇങ്ങനെ.ഞാന്‍ തിരിച്ചു വന്നോട്ടെ ഇച്ചായാ?നമുക്ക് വീടും കാര്‍ ഉം ആവശ്യ വരുമാനത്തിന് റബ്ബറും ഒക്കെ ആയില്ലേ,മക്കളുടെയും ഇച്ചയന്റെയും കൂടെ ജീവിക്കാന്‍ വല്ലാത്ത കൊതിയാ."ചേച്ചി അറുപതു വയസിലെ പോകുന്നുല്ലോ എന്ന് ചോദിച്ചു എല്ലാരും കളിയാക്കാന്‍ തുടങ്ങി.ഇച്ചയനോന്നു സമ്മതം മൂളിയാല്‍ ഞാന്‍ റിസൈന്‍ കൊടുക്കും


.പോസിറ്റീവ് ആയ മറുപടി പ്രതീക്ഷിച്ചു കൊണ്ട് ,പ്രാര്‍ത്ഥനയോടെ,


ഇച്ചായന്റെ മാത്രം ,സൂസന്‍FROM

SUNNY,KERALA
TO
SUSAN,DUBAI

എടീ സൂസമ്മേ

നിന്റെ എഴുത്ത് കണ്ടിട്ട് എനിക്കങ്ങു ചൊറിഞ്ഞു വരുവാരുന്നു.ഞാന്‍ നിന്നോട് കഴിഞ്ഞ തവണയും പറഞ്ഞതല്ലേ നമുക്ക് ഈ വീട് മാറ്റി വേറൊന്നു പണിയണമെന്ന്.എടീ ഈ നാട്ടിലിപ്പോള്‍ രണ്ടു നിലയല്ലാത്ത ഒരേ ഒരു വീട് നമ്മുടെതാ.മറ്റുള്ളോരുടെ വീട്ടില്‍ തലയും താഴ്ത്തിയ ഞാന്‍ കേറി ചെല്ലുന്നത്.ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ ലോണ്‍ തരാമെന്ന് മാനേജര്‍ സമ്മതിച്ചിട്ടുണ്ട്.പത്തു പതിനഞ്ചു വര്‍ഷം കൊണ്ട് അടച്ചു തീര്‍ക്കാനുള്ളതെ ഉള്ളടീ.അതിന്റെ പേപ്പര്‍ ഉം ഇതിന്റെ കൂടെ അയച്ചിട്ടുണ്ട്.അത് നീ ഒപ്പിട്ടു വേഗം തിരിച്ചയച്ചേക്കണം


പിന്നെ എന്റെ കാര്‍ ആണങ്കിലോ മൂട്ടപോലെ ഒരു ആള്‍ട്ടോ ഉം.അടുത്ത വര്‍ഷം ഒരു ഇന്നോവ വാങ്ങുമെന്നു ഞാന്‍ അക്കരെലെ ജെയിംസ്‌നോട് ബെറ്റ് വെച്ചേക്കുകയ.എന്നെ നാണം കെടുത്തല്ലേ നീ .ഈ മാസത്തെ സാലറി വേഗം അയച്ചേക്കണം.ഒരുപാടു ആവശ്യങ്ങള്‍ ഉള്ളതാ.എടീ പിന്നെ ആരേലും വരുമ്പോള്‍ ഒരു E -SERIES മൊബൈല്‍ കൊടുത്തു വിടാന്‍ മറക്കല്ലേ.മക്കളും എന്തൊക്കെയോ വേണമെന്ന് പറയുന്നുണ്ടാരുന്നു.അവര്‍ നിനക്ക് SMS വിടും.പിന്നെ,നിര്‍ത്തി പോരാന്‍ സമയമാകുമ്പോള്‍ ഞാന്‍ അറിയിക്കാം.അതിനെ കുറിച്ച് ഓര്‍ത്തു നീ ടെന്‍ഷന്‍ അടിച്ചു ഒന്നും വരുത്തണ്ട


.എന്ന് സണ്ണി.

                                                     ഇനിയുമെത്ര.......
                                                    .............................. തുടരും
Related Posts with Thumbnails

On 2010, ജനുവരി 15, വെള്ളിയാഴ്‌ച 3 comments
Bookmark and Share


വിസ്മയങ്ങളുടെ പറുദീസ സൃഷ്ടിച്ച് ലോകത്തിലെ മികച്ച ടൂറിസം സ്പോട്ടുകളിലൊന്നായി മാറിയ ദുബായ് വീണ്ടുമിതാ മറ്റൊരു അതി വിസ്മയം കൂടി അണിയിച്ചൊരുക്കിയിരിക്കുന്നു...
മറ്റൊരാൾക്കും സമീപ കാലത്തൊന്നും മറികടക്കാൻ കഴിയാത്ത അത്ര ഉന്നതിയിൽ ബുർജ് ഖലീഫ തലയുയർത്തി നിൽക്കുന്നു ....ഒപ്പം ദുബായ് നഗരവും യു.എ.ഇ എന്ന കൊച്ചു രാജ്യവും,


കടലിൽ"ദ വേൾഡ് " എന്ന പേരിൽ മറ്റൊരു വിസ്മയം അണിയിച്ചൊരുക്കിക്കൊണ്ടിരിക്കുന്ന ദുബായ് വേൾഡ് എന്ന കംബനിയുടെ താൽക്കാലികമായ ചെറിയ ഒരു പ്രതിസന്ധി പെരുപ്പിച്ചു കാണിച്ച് ദുബായ് ഉം ഒപ്പം യു. എ. ഇ യും കടുത്ത സാംബത്തിക പ്രതിസന്ധിയിലേക്കു നീങ്ങുന്നു എന്ന പ്രചരിപ്പിച്ചവർക്കു ഉജ്വലമായ മറ്റൊരു നിർമ്മിതിയിലൂടെ ചുട്ട മറുപടി കൊടുത്തിരിക്കുകയാണ` ദുബായ് ഭരണകൂടം...ഒട്ടേറെ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു കൊണ്ടാണു ബുർജ്‌ ഖലീഫ തലയുയർത്തി നിൽക്കുന്നത്‌
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യ നിർമ്മിതി..
ഉയരം വെറും 828 മീറ്റർ, അഥവാ 2716.5 അടി ...(എന്റമ്മോ....)


ഇക്കഴിഞ്ഞ ജനുവരി 4നു രാത്രി 40000ത്തിലധികം വരുന്ന ജനാവലിയുടെ കരഘോഷങ്ങൾക്കിടയിൽ
ലോകത്തെ തന്നെ വിസ്മയിപ്പിച്ച ലേസർ ഷോക്കും കരിമരുന്ന് പ്രയോഗത്തിനുമിടയിൽ പ്രത്യേകം സജ്ജമാക്കിയ കൂറ്റൻ സ്ക്രീനിൽ ബുർജ്‌ ഖലീഫയുടെ ഉയരം ഔദ്യോഗികമായി പ്രഖ്യാപിക്കുപ്പെട്ടപ്പോൾ ലോകജനത ഒരു നിമിഷമെങ്കിലും അന്ധാളിച്ചിരുന്നിരിക്കണം..


യു.എ ഇ.യിലെ പ്രമുഖ നിർമ്മാണക്കംബനിയായ ഇമാർ പ്രോപർട്ടീസാണു ബുർജ്ഖലീഫയുടെ നിർമ്മാണ മേൽനോട്ടം വഹിച്ചിരിക്കുന്നത്‌.,ചിക്കാഗോയിലെ പ്രശസ്ത ആർക്കിടെക്റ്റായ അഡ്രിയാൻ സ്മിത്താണു ഈ വിസ്മയ ഗോപുരം രൂപകൽപന ചെയ്തത്‌, 2000 കോടി ഡോളർ ചിലവിട്ട ഈ കെട്ടിടത്തിന്റെ സാക്ഷാത്കാരത്തിനു പിന്നിൽ 12000 തൊഴിലാളികളുടെ രാപ്പകൽ അധ്വാനവുമുണ്ട്‌., 380 എഞ്ചിനീയർമാരുടെ നേത്രത്വത്തിൽ 22 മില്ല്യൺ മണിക്കൂർ മനുഷ്യാധ്വാനം ഇതിനായി ഉപയോഗിച്ചിട്ടുണ്ട്‌ എന്നാണു കണക്കാക്കുന്നത്‌.,
ഇഗ്ലീഷ്‌ അക്ഷരമായ വൈ യുടെ ആക്രതിയിലാണു ഇതിന്റെ രൂപകൽപന,
താഴെ നിന്നു 601 മീറ്റർ ഉയരം വരെ കോൻ ക്രീറ്റിൽ നിർമിച്ച കെട്ടിടം അതിനു മുകളിൽ സ്റ്റീൽ കൊണ്ടാണു പടുത്തുയർത്തിയിരിക്കുന്നത്‌,
330000 ക്യുബിക്ക്‌ മീറ്റർ കോൺക്രീറ്റ്‌, 39000 മെട്രിക്‌ ടൺ സ്റ്റീൽ , 142000 സ്ക്വയർ മീറ്റർ ഗ്ലാസ്സ്‌, എന്നിവ ഇതിനായി ഉപയോഗിച്ചിട്ടുണ്ട്‌.,


വിവിധ രാജ്യങ്ങളിൽ നിന്നുള്ള എഞ്ചിനീയർമാരും ആർക്കിടെക്റ്റുകളും ഇന്റീരിയർ ഡെക്കറേഷൻ വിദഗ്ധനമാരും ഈ മഹാ ഗോപുരത്തിനു മനോഹാരിതയേകുന്നതിനു തങ്ങളുടേതായ സംഭാവനകൾ നൽകി.
ഉയരങ്ങളിലെ കാറ്റിനെ പ്രതിരോധിക്കാൻ ഉതകുന്ന ഇതിന്റെ ഡിസൈൻ ഏറെ ശ്രദ്ധേയമാണ`.
35 വർഷം പഴക്കമുള്ള ടൊറോണ്ടോയിലെ സി.എൻ ടവറിന്റെ റെക്കോർഡാണു ബുർജ്‌ ഖലീഫ തിരുത്തിക്കുറിച്ചിരിക്കുന്നത്‌.
അതായത്‌ സി, എൻ ടവറിനേക്കാൾ 275 മീറ്റർ ഉയരം കൂടുതൽ....
ഏകദേശം 95 കിലോമീറ്റർ അകലെ നിന്നു വരെ ബുർജ്‌ ഖലീഫ കാണാമത്രേ...
ഇതിലെ ലിഫ്റ്റുകളും മറ്റൊരു റെക്കോർഡ്‌ സ്രഷ്ടിക്കുകയാണ`. ഏതാണ്ട്‌ 550 മീറ്റർ (1800 അടി) ഉയരത്തിലേക്കു സർവ്വീസ്‌ നടത്തുന്ന ലിഫ്റ്റുകൾ ഇതിലുണ്ട്‌, സെക്കന്റിൽ 10 മീറ്റർ വേഗതയിലാണു ഇവയുടെ സഞ്ചാരം.പരമാവധി 5500 കിലോഗ്രാം വഹിക്കാൻ ശേഷിയുള്ള ഡബിൽ ഡക്കുള്ള 58 ലിഫ്റ്റുകളാണു ഇതിലുള്ളത്‌.ബുർജ്‌ എന്നാൽ അറബിയിൽ 'ഗോപുരം' എന്നാണ` അർത്ഥം.828 മീറ്റർ ഉയരമുള്ള ഇതിൽ 164 നിലകളുണ്ട്‌.
ഇതിൽ 6മില്ല്യൻ ചതുരശ്ര അടി സ്ഥല സൗകര്യമുണ്ട്‌. 2 മില്ല്യൻ ചതുരശ്ര അടി താമസ സൗകര്യങ്ങൾക്കു വേണ്ടിയും 3 മില്ല്യൻ ചതുരശ്ര അടി ഓഫീസ്‌ സമുച്ചയങ്ങൾക്കും ബാക്കിയുള്ളവ ക്ലബുകൾ,ഹോട്ടലുകൾ, ജിമ്നേഷ്യം, മറ്റ്‌ വിനോദോപാധികൾ എന്നിങ്ങനെയുള്ളവക്കു വേണ്ടി മാറ്റി വെച്ചിരിക്കുന്നു.ഇതിലെ124 മത്‌ നിലയിൽ ഒരുക്കിയിരിക്കുന്ന ഒബ്സർവ്വേറ്ററി ഡെക്കും മറ്റൊരു ശ്രദ്ധാ കേന്ദ്രമാണ`,താഴെ നഗരവും ഭൂമിയും താഴ്‌ന്നു പറക്കുന്ന ഒരു വിമാനത്തിൽ നിന്നെന്ന പോലെ വീക്ഷിക്കാൻ ഇവിടെ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്‌. ഉദ്ഖാന പിറ്റേന്നു തന്നെ വിനോദ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ആകർഷണ കേന്ദ്രമായി മാറിയിരിക്കുകയാണു 'അറ്റ്‌ ദ ടോപ്പ്‌ ' എന്ന പേരിട്ടിരിക്കുന്ന ഈ വീക്ഷണ കേന്ദ്രം.

ഏകദേശം 550 മീറ്റർ (1800 അടി) ഉയരത്തിലാണു ഇത്‌,
ദുബൈയിലെ എല്ലാ അംബരചുംബികൾക്കും മുകളിൽ നിന്നു കൊണ്ടുള്ള ഈ കാഴ്ച അവിസ്മരണീയം തന്നെയായിരിക്കും,.
ഇവിടെ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രോണിക്ക്‌ ടെലസ്കോപ്പുകൾ ഉപയോഗിച്ച്‌ വിദൂര ദ്രശ്യങ്ങളുടെ സമീപകാഴ്ചകൾ ആസ്വദിക്കാവുന്നതാണ`.
ദുബായ്‌ നഗരത്തിന്റെ ഹ്രദയ ഭാഗത്ത്‌ ഏകദേശം 500 ഏക്കറിലാണു ബുർജ്‌ ഖലീഫയും അതിനു താഴെയുള്ള ഡൗൺ ടൗണും സ്ഥിതി ചെയ്യുന്നത്‌.
ഫെബ്രുവരിയിൽ ഇതു പൂർണ്ണമായി പ്രവർത്തനം ആരംഭിക്കുംബോൾ താമസക്കാരും ജോലിക്കാരും ആയി ഒരേ സമയം ഇതിൽ 12000 ആളുകൾ ഉണ്ടായിരിക്കും.
ലോകത്തെ തന്നെ അംബരപ്പിച്ചു തലയുയർത്തി നിൽക്കുന്ന ബുർജ്‌ ഖലീഫയുടെ ഉദ്ഘാടന ചടങ്ങും മറ്റൊരു അവിസ്മരണീയ സംഭവമായി.
ആകാശം മുട്ടെ ഉയർന്നു പൊങ്ങിയ ജലധാരകളുടെ ന്രത്തവും കാതടിപ്പിക്കുന്ന സംഗീത്തിനും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശ സംവിധാനത്തിനുമൊപ്പം വിസ്മയമായ്‌ പെയ്തിറങ്ങിയ കരിമരുന്ന് പ്രയോഗവും കൂടി അക്ഷരാർത്ഥത്തിൽ മറ്റൊരു ലോകാത്ഭുതം തീർക്കുകയായിരുന്നു.
അത്യാധുനിക സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിച്ച്‌ അവതരിപ്പിച്ച ഉദ്ഘാടന ചടങ്ങ്‌ ലോകമെംബാടുമുള്ള 100 ചാനലുകൾ തൽസമയം സം പ്രേക്ഷണം ചെയ്തു.

യു,എസ്‌,എ, ബ്രിട്ടൻ, ഫ്രാൻസ്‌ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ദന്മാരുടെ ഒരു ടീം ആണു ഉദ്ഘാടന പ്രോജക്റ്റ്‌ സംവിധാനം ചെയ്തത്‌.


ഡെസർട്ട്‌ ഫ്ലവർ, ഹേർട്‌ ബീറ്റ്‌, ഫ്രം ദുബായ്‌ ടു വേൾഡ്‌ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായിട്ടായിരുന്നു ഉദ്ഘാടന ചടങ്ങ്‌ ഒരുക്കിയിരുന്നത്‌.
868 അതീവ ശക്തിയുള്ള സ്ട്രോബോസ്കോപ്പ്‌ ലൈറ്റുകളും 50 വിത്യസ്തമായ ബ്രീത്‌ ടേക്കിംഗ്‌ മ്യൂസിക്ക്‌ എഫെക്റ്റുകളും അവക്കൊത്ത്‌ ന്രത്തം ചെയ്തു കൊണ്ട്‌ പ്രത്യേക വാട്ടർ ഡിസ്പ്ലേയും കണക്കില്ലാതെ പെയ്തിറങ്ങിയ കരിമരുന്നു പ്രയോഗവും ദുബായിയെ മാത്രമല്ല.ലോകത്തെ തന്നെ പ്രകമ്പനം കൊള്ളിച്ചു.
അങ്ങവിടെ ദുബായ്‌ നഗരത്തിൽ ബുർജ്‌ ഖലീഫ തെല്ലഹങ്കാരത്തോടെ തലയുയർത്തി നിൽക്കുമ്പോൾ നമ്മൾ ഇന്ത്യാക്കാർക്കും അഭിമാനിക്കാൻ വകയുണ്ട്‌. കാരണം ഇതിന്റെ നിർമാണ പ്രവൃത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളിൽ പകുതിയോളവും ഇന്ത്യയിൽ നിന്നുള്ളവരായിരുന്നു.

15 കിലോമീറ്റർ ചുറ്റളവിൽ പ്രസരിക്കുന്ന മിന്നലിന്റെ ചെറു നാളം പോലും പിടിച്ചെടുത്ത്‌ ഭൂമിയിലേക്കു കടത്തി വിടുന്ന മിന്നൽ രക്ഷാചാലകം ഇതിനു മുകളിൽ ഘടിപ്പിക്കുക,കറന്റ്‌ പോയാലും മൂന്നു മണിക്കൂർ നേരത്തേക്കു വൈദ്യുതി നിലനിർത്തുന്ന ബാറ്ററി സംവിധാനം ഒരുക്കുക, എന്നീ സുപ്രധാന ജോലികൾക്കു നേത്രത്വം കൊടുത്തത്‌ ഇങ്ങിവിടെ കൊച്ചു കേരളത്തിൽ നിന്നുള്ള ഒരാളായിരുന്നു എന്നുള്ളത്‌ മലയാളികൾക്കും അഭിമാനം തന്നെ.,
ബുർജ്‌ ഖലീഫയുടെ താഴെ നിലയിൽ ഇതിന്റെ നിർമാണ പ്രവർത്തനങ്ങളിൽ മുഖ്യ പങ്കു വഹിച്ച ഇരുപതു പേരുടെ ചിത്രങ്ങളിൽ ഒന്നു ഈ മലയാളിയുടെ ചിത്രമാണ` എന്നത്‌ ഈ അഭിമാനത്തിനു മാറ്റു കൂട്ടുന്നു...ഫോട്ടോകൾ എനിക്കയച്ചു തന്നത്‌: അബൂദാബിയിൽ സി.സി.സി കോണ്ട്രാക്റ്റിംഗ്‌ കമ്പനിയിൽ ഉദ്യോഗസ്ഥനായ ശ്രീ;അനീഷ്‌ .എം, വളരെയധികം നന്ദി.
വാൽക്കഷ്ണം;

ബുർജ്‌ ഖലീഫയുടെ റെക്കോർഡ്‌ തിരുത്താൻ സൗദി അറേബ്യ ഒരുങ്ങുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്‌.അങ്ങനെയെങ്കിൽ ജിദ്ദയിലോ റിയാദിലോ മറ്റൊരു ബുർജും കൂടി പ്രതീക്ഷിക്കാം..ഏതായാലും ഒരു പത്ത്‌ വർഷത്തേക്കു ബുർജു ഖലീഫ തന്നെ ഉയരത്തിൽ മുമ്പൻ....
ബുർജ്‌ ഖലീഫ നീണാൾ വാഴട്ടെ...
Related Posts with Thumbnails

On 2010, ജനുവരി 11, തിങ്കളാഴ്‌ച 2 comments
Bookmark and Share
ഇന്ത്യയുടെ ദേശീയ വിമാനക്കംബനിയായ എയർ ഇന്ത്യക്കു ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുക്കുന്ന വിമാനത്താവളങ്ങളിൽ ഒന്നാണ` കോഴിക്കോട്‌ കരിപ്പൂർ വിമാനത്താവളം.എന്നലോ വിമാനങ്ങൾ മണിക്കൂറുകളോളം വൈകിപ്പിച്ചും റദ്ദാക്കിയും യാത്രക്കാരെ ഏറ്റവും കൂടുതൽ ദ്രോഹിക്കുന്നതും ഇവിടെതന്നെ...വർഷങ്ങളായി തുടരുന്ന ഈ അവഗണന ഇപ്പോൾ കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുന്നു എന്നാണ` ഈയടുത്ത ദിവസങ്ങളിലായി പുറത്ത്‌ വരുന്ന വാർത്തകളിൽ നിന്നു നമുക്ക്‌ മനസ്സിലാക്കാൻ കഴിയുന്നത്‌.
ഏതാണ്ട്‌ 543 വിമാനത്താവളങ്ങൾ ഉള്ള ഇന്ത്യയിൽ കരിപ്പൂർ വിമാനത്താവളത്തോട്‌ മാത്രമാണു എയർ ഇന്ത്യ ഇത്തരത്തിൽ വിവേചനം കാട്ടുന്നത്‌... ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്ന ഒരാളോട്‌ നമ്മുടെ നാട്ടിലെ ഒരു സാധാ പ്രൈവ്റ്റ്‌ ബസ്സുകാരൻ കാണിക്കുന്ന മര്യാദ പോലും വൻ വിലകൊടുത്ത്‌ ടിക്കറ്റ്‌ വാങ്ങി യാത്രചെയ്യാനെത്തുന്ന യാത്രക്കാരോട്‌ പലപ്പോഴും എയർ ഇന്ത്യ കാണിക്കുന്നില്ല...യാതൊരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്നു വിമാനം റദ്ദാക്കുക..മണിക്കൂറുകളോളം യാത്രക്കാരെ ഭക്ഷണം പോലും നൽകാതെ കാത്തിരിപ്പിക്കുക....പരാതിയുമായി ചെല്ലുന്നവരുടെ നേരെ തട്ടിക്കയറുക.. കയേറ്റം ചെയ്യുക..ഇങ്ങനെ പോകുന്നു എയ്‌ർ ഇന്ത്യയുടെ ലീലാവിലാസങ്ങൾ . യാത്രവൈകിയതു കാരണം ജോലി നഷ്ടം ,ധനനഷ്ടം,സമയനഷ്ടം,മാനഹാനി.....എന്നിങ്ങനെ എത്രയോയാളുകളെയാണു എയർ ഇന്ത്യ ഒരുദിവസം കഷ്ടപ്പെടുത്തുന്നത്‌.. ഈ കഴിഞ്ഞ ഡിസംബറിൽ മാത്രം 32 സർവീസുകളാണു എയർ ഇന്ത്യ റദ്ദാക്കിയത്‌.. സർവ്വീസ്‌ നടത്തിയവയാകട്ടെ 11 ഉം 12ഉം മണിക്കൂറുകൾ വൈകിക്കൊണ്ടും..ക്രിസ്മസ്‌ ആയതിനാൽ പെയിലറ്റുമാർ കൂട്ടത്തോടേ അവധിയെടുത്തത്താണെന്നു എയറിന്ത്യയുടെ ന്യായം, എന്നാൽ ഇന്ത്യയിലെ മറ്റൊരു വിമാനത്താവളത്തിലും ഇതു പോലൊരു പ്രശ്നം ഉണ്ടായിട്ടില്ല.പെയിലറ്റുമാർ അവധിയെടുക്കുമെന്നു നേരത്തേ അറിയാമയിരുന്ന എയർ ഇന്ത്യ ബദൽ സംവിധാനം എല്ലായിടത്തും ഒരുക്കിയപ്പോൾ കരിപ്പൂരിനെ മറന്നു.. എന്നതല്ലേ സത്യം.. അതോ കരിപ്പൂരിൽ മാത്രമായിരുന്നോ ക്രിസ്മസ്‌ ഉണ്ടായിരുന്നത്‌...എയറിന്ത്യ എന്തിനാണു ഒളിച്ചു കളിക്കുന്നത്‌...തൊട്ടടുത്ത്‌ തന്നെയുള്ള ചെന്നൈ വിമാനത്താവളത്തിൽ മാനേജർമാരും അസിസ്റ്റന്റുമാരും ഒക്കെയായി 25ൽ അധികം ഉദ്യോഗസ്ഥരെ എയർ ഇന്ത്യ തീറ്റിപ്പോറ്റുംബോൾ വരുമാനത്തിലും സർവ്വീസുകളുടെ എണ്ണത്തിലും ഒപ്പം നിൽക്കുന്ന കരിപ്പൂരിൽ ഒരാൾ പോലും ഇല്ല. മൂന്ന് വർഷം മുംബ്‌ കരിപ്പൂർ വിമാനത്താവളം എയരിന്ത്യ ബേസ്‌ സ്റ്റേഷനായി പ്രഖ്യാപിച്ചിരുന്നു.സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനങ്ങൾ സർവ്വീസ്‌ നടത്തുന്നതും ഇവിടെ നിന്നു തന്നെ.. എന്നിട്ടും പ്രതിസന്ധിഘട്ടങ്ങളിൽ തീരുമാനങ്ങൾ എടുക്കാൻ ചെന്നൈയിൽ നിന്നുള്ള ഉദ്യോഗസ്ഥരെ കാത്തു നിൽക്കേണ്ട അവസ്ഥയാണ`. കോഴിക്കോട്‌ സ്റ്റേഷൻ മാനേജരായിരുന്ന യോഗേശ്‌ മുണ്ട്‌-വ അവധിയിൽ പ്രവേശിച്ചതോടെതീരുമാനങ്ങൾ എടുക്കാൻ അധികാരമുള്ള ഉദ്യോഗസ്ഥരാരും കരിപ്പൂരിൽ ഇല്ല.. എയർ ഇന്ത്യയുടെ സ്ഥിരം ജീവനക്കാരുടെ എണ്ണം തന്നെ വിരലിലെണ്ണാൻ മത്രമുള്ളൂ..ബാക്കി മുഴുവൻ കരാർ തൊഴിലാളികളാണ`,
സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ വിദേശ പെയിലറ്റുമാരെ നിയമിച്ചിരിക്കുന്നതും കരിപ്പൂരിൽ തന്നെ..നെടുംബാശേരിയിലും തിരുവനന്തപുരത്തും 25 ശതമാനത്തിൽ താഴെമാത്രമാണു വിദേശ പെയിലറ്റുമാരുടെ എണ്ണമെങ്കിൽ കരിപ്പൂരിൽ ഇത്‌ 75 ശതമാനത്തോളം വരും,....
പൊടുന്നനെ അവധിയിൽ പ്രവേശിക്കുക,അനാവശ്യമായി സമയം വൈകിപ്പിക്കുക,ചെറിയ ചെറിയ ഒഴിവു കഴിവുകൾ പറഞ്ഞു ജോലിയിൽ നിന്നും വിട്ട്‌ നിൽക്കുക,തുടങ്ങിയ കലാപരിപാടികൾക്കു നേത്രത്വം കൊടുക്കുന്നതും അവർ തന്നെ..
ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുക്കുന്ന ഗൾഫ്‌ സെക്ടറിലാണ` എയർ ഇന്ത്യ ഏറ്റവും പഴയ വിമാനങ്ങൾ ഓടിക്കുന്നത്‌ എന്നതാണ` മറ്റൊരു വസ്തുത, ഗൾഫിലേക്കുള്ള ഭൂരിഭാഗം സർവ്വീസുകളും നടക്കുന്നതാകട്ടെ കരിപ്പൂരിൽ നിന്നും,..ഒപ്പം പെയിലറ്റുമാരുടെ നിരുത്തരവാദപരമായ സേവനം കൂടിയാകുംബോൾ വിമാനം തകരാറിലാകുന്നതും യാത്ര റദ്ദാക്കുന്നതും ഇവിടെ നിത്യ സംഭവമായിത്തീരുന്നു.. മറ്റ്‌ വിമാനങ്ങളിൽ യാത്രചെയ്യുംബോൾ കിട്ടുന്ന സുരക്ഷിതത്വബോധം എയർ ഇന്ത്യയിൽ യാത്രചെയ്യുംബോൾ കിട്ടുന്നില്ലെന്നാണ` പലയാത്രക്കാരുടെയും അഭിപ്രായം.ടേക്കോഫ്‌ സമയത്തും യാത്രചെയ്യുംബോഴും ഉള്ള അനിയന്ത്രതമായ കുലുക്കവും കൊണ്ട്ചെന്നിടുന്നതുപോലുള്ള ലാന്റിങ്ങും മറ്റേതൊരു വിമാനസർവ്വീസിലും നമുക്ക്‌ കാണാൻ സാദ്യമല്ല. തകരാറിലാകുന്ന വിമാനങ്ങൾ റദ്ദാക്കേണ്ട സാഹചര്യം വന്നാൽ ബദൽ സംവിധാനം ഒരുക്കുന്ന ഫ്ലൈറ്റ്‌ ഡസ്പാച്ചിങ്ങും കരിപ്പൂരിൽ ലഭ്യമല്ല... ഇപ്പോൾ മുംബൈയിൽ നിന്നാണു താൽക്കാലികമായി ഈ സംവിധാനം പ്രവർത്തിക്കുന്നത്‌. ഇതും അനാവശ്യമായി സമയനഷ്ടം വരുത്തുന്ന ഒന്നാണ`...
കരിപ്പൂരിലെ വിമാനസർവ്വീസുകൾ മുടക്കമില്ലാതെ നടത്തുമേന്നു വ്യോമയാനമന്ത്രിയും മറ്റ്‌ ഉന്നത അധികാരികളും ഇടക്കിടക്കു പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഇവിടേ ഇപ്പോഴും എല്ലാം പഴയ പടി തന്നെ തുടരുന്നു
ആറോളം വിദേശ വിമാനക്കംബനികൾ സർവ്വീസ്‌ നടത്തൂന്ന കരിപ്പൂരിൽ അവയുടേ സർവ്വീസിലൊന്നും ഒരു മുടക്കവും വരുത്തുന്നില്ല.. എയരിന്ത്യക്കു മാത്രമെന്തേ കരിപ്പൂരിനോട്‌ ഇത്ര വെറുപ്പ്‌... അതോ കരിപ്പൂരിൽ നിന്നും വിമാനം കയറാനെത്തുന്ന അക്ഷരാഭ്യാസം കുറഞ്ഞ മണ്ണിനെയും മനുഷ്യനെയും മാത്രം സ്നേഹിക്കാനറിയാവുന്ന മലബാറുകാരോടാണോ...അയിത്തം, എന്തായാലും ഇത്‌ സ്വാഭാവികമായ ഒരു പ്രശ്നമായി എഴുതിത്തള്ളാൻ കഴിയില്ലാ.. വ്യക്തമായ ഒരു ഗൂഡലക്ഷ്യം ഇതിന്റെ പിന്നിലുണ്ട്‌...
കൂടുതൽ പ്രതികരണങ്ങൾ ഉയരേണ്ടിയിരിക്കുന്നു... കൂടുതൽ അന്വേഷണങ്ങൾ നടക്കേണ്ടിയിരിക്കുന്നു... എയർ ഇന്ത്യയുടെ ഈ താന്തോന്നിത്തരം അവസാനിപ്പിക്കാൻ ജനപ്രതിനിധികളും ജനങ്ങളും കക്ഷി രാഷ്ട്രീയം മാറ്റിവെച്ചു രംഗത്തു വരേണ്ടിയിരിക്കുന്നു..........
Related Posts with Thumbnails

Related Posts with Thumbnails