ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2010, മാർച്ച് 4, വ്യാഴാഴ്‌ച 11 comments
Bookmark and Share


അബൂദാബി ഡെയ്സ്‌: ആറ`..
അബൂദാബി ഡെയ്സ്‌ ഒന്ന്, രണ്ട്‌, മൂന്ന്, നാല`, അഞ്ച്‌, ഭാഗങ്ങൾക്കായി ക്ലിക്ക ചെയ്യുക..

        പതിവു പോലെ അന്നും സൂര്യൻ കിഴക്കുദിച്ചു..,(ആണോ..ആർക്കറിയാം.),വാതിലു തന്നെ തകർക്കുമാറുച്ചത്തിൽ അടിച്ച്‌ ഒച്ചപ്പെടുത്തി "ഡ്യൂട്ടി ബായ്‌.ഡ്യൂട്ടി.. ഉഡോ.." എന്നു പറഞ്ഞു പോയ ചാച്ചായുടെ പിതാമഹന്മാർക്ക്‌ സുതുതി വചനങ്ങൾ അർപ്പിച്ച്‌ ഞാനെണീറ്റു..,
കാരണം ഇന്ന്‌ ഡ്യൂട്ടി ഡേ ആണ`..,

മനമില്ലാ മനമോടെ ബ്രഷിന്റെ തുമ്പത്ത്‌ ഇത്തിരി പേസ്റ്റും തേച്ച്‌ ബാത്ത്‌ റൂമിലേക്ക്‌ നടക്കുമ്പോൾ എതിരെ വന്ന മട്ടാഞ്ചേരിക്കാരൻ സഹീർ ആണു കാര്യം പറഞ്ഞത്‌..

"എടേ..കമ്പറേ.. നിന്റെ നാട്ടുകാരനൊരുത്തൻ ഇന്നലെ രാത്രി എന്തോ കണ്ട്‌ പേടിച്ചത്രേ..നീയറിഞ്ഞില്ലേ..?"

എങ്ങനെയെങ്ങനെ..

ഒരു വശത്ത്‌ പാരാവാരം പോലെ കിടക്കുന്ന മരുഭൂമി.,മറുവശത്താണെങ്കിലോ നിറയെ ഈത്തപ്പഴത്തോട്ടങ്ങൽ..,പോരാത്തതിനു ക്യാമ്പിൽ പലരാജ്യക്കാരുമായി മുന്നൂറോളം വരുന്ന മനുഷ്യ ജന്മങ്ങൾ...,ഇതിനിടക്ക്‌ അവൻ മാത്രം എന്ത്‌ കണ്ട്‌ പേടീച്ചെന്നാ..,

എനിക്കൊന്നും മനസ്സിലായില്ല..,

ഉറക്ക ദേവത എന്നെ പൂർണ്ണമായി വിട്ടൊഴിയാത്തത്‌ കൊണ്ട്‌ ഞാനത്‌ മൈൻഡ്‌ ചെയ്തില്ല..,

വേണൊ.. വേണ്ടേ... എന്ന രീതിയിൽ പല്ല്‌ തേക്കുന്നതിനിടയിൽ വാഷ്ബേസിനിലെ കണ്ണാടിക്കു മുന്നിൽ നവരസങ്ങളുടെ ഒരു ചെറിയ സാധകം..,എല്ലാ ഭാവങ്ങളും വന്നിട്ടും അത്ഭുത ഭാവം മാത്രം കറക്ടാവുന്നില്ല..,എന്ത്‌ ചെയ്യും.. പെട്ടെന്ന്‌ എന്റെ മുഖത്ത്‌ അത്ഭുതം വിരിഞ്ഞു..
ആ..ഹാ...
കാരണമുണ്ട്‌..,

രാവിലെ ആറുമണിക്ക്‌ ആരംഭിക്കുന്ന ഡ്യൂട്ടിക്ക്‌ വളരെ കൃത്യനിഷ്ഠയോടെ ഏഴ്‌ ഏഴര മണിക്ക്‌ ഹാജരായി മിസ്‌രിയേമാന്മാരുടെ വായിലിരിക്കുന്നത്‌ മൊത്തമായി കേൾക്കാൻ കരാറെടുത്തിരിക്കുന്ന ആലപ്പുഴക്കാരൻ അഭിയാണു അഞ്ചരക്ക്‌ തന്നെ കുളിച്ച്‌ കുട്ടപ്പനായി വരുന്നത്‌..,എങ്ങെനെ അത്ഭുതം വിരിയാതിരിക്കും..(വിരിയാനിതെന്താ മുട്ടയോ..!)

എങ്ങോട്ടാടാ...അത്ഭുതം ആകാംക്ഷയായി..

"അളിയാ..ഇന്ന്‌ ഞാൻ സുഖമില്ലാന്ന്‌ പറഞ്ഞ്‌ ലീവെടുത്തു.., ഞാൻ ബർ ദുബായിയിലോട്ട്‌ പോകുന്നു..ഒരു സുഹ്രത്തിനെ കാണണം...."(അതുശരി ,ചുമ്മാ കറങ്ങി നടക്കാനാണെങ്കിൽ എത്ര നേരത്തെ വേണെമെങ്കിലും എണീക്കും അല്ലേ.....എന്തൊരു ആത്മാർത്ഥത)

ദേണ്ടേ പിറകെ വരുന്നു വേറൊരുത്തൻ.., കണ്ണൂർക്കാരൻ സക്കറിയ..,നേരത്തേ കേട്ടതിന്റെ ഫിൽ ഇൻ ദ ബ്ലാങ്ക്സ്‌ വിത്ത്‌ സ്യൂട്ടബിൾ വേർഡ്സ്‌ പൂരിപ്പിക്കാൻ അവൻ അടുത്ത്‌ കൂടി..,

"നോക്ക്‌ കമ്പറേ.. സെക്കൻഡ്‌ ബാച്ചിലെ പുതിയ പയ്യൻ ഇന്നലെ രാത്രി ടി,വി, ർറൂമിൽ നിന്നും മടങ്ങുന്ന വഴി വേലിക്കരികിൽ ഒരു പ്രേതത്തെ കണ്ട്‌ പേടിച്ചെന്ന്‌..,"

എന്താന്ന്‌.

മ്മ്‌`മ്മ്‌ .... ഒരു നിമിഷം വായിലിരുന്ന പേസ്റ്റിന്റെ പത ഉമിനീരിനോടൊപ്പം അന്നനാളം വഴി മാർച്ച്‌ ചെയ്തോന്നൊരു സംശയം.

 പ്ഫു......,ബാക്കി വന്ന പത ബേസിനിലേക്ക്‌ തുപ്പി ഞാൻ ചോദിച്ചു..,

"പ്രേതമോ..? ഒന്ന്‌ പോടാപ്പാ..ഈ മരുഭൂമിയിലെവിടുന്നാ പ്രേതം..,?"

കൂരാകൂരിരുട്ടത്ത്‌ ഇടവഴികളിലും പാലമരച്ചുവട്ടിലുമൊക്കെ അലക്കി ഉജാല മുക്കിയ നല്ല വെളുത്ത ഉടയാടകൾ ധരിച്ച്‌ പ്രത്യക്ഷപ്പെട്ട്‌ സെക്കന്റ്‌ ഷോ കഴിഞ്ഞ്‌ പോകുന്നവന്മാരോട്‌ ചുണ്ണാമ്പോ തീപ്പെട്ടിയോ ചോദിച്ച്‌ പീഡിപ്പിക്കുന്ന നാടൻ പ്രേതങ്ങളെ മാത്രം അറിയാവുന്ന ഞാനോലോചിച്ചതു പാലമരമോ ഇടവഴിയോ ഇല്ലാത്ത ഈ മരുഭൂമിയിലെവിടൂന്ന്‌ പ്രേതം വരാനാ...
അതും പകൽ പോലെ വെളിച്ചം വിതറുന്ന ഹൈമാറ്റ്സ്‌ ലൈറ്റുകൾക്ക്‌ ചുവട്ടിൽ..,

"ഛേയ്‌... ഒരിക്കലുമില്ല..," "അല്ല കമ്പറേ.. അവൻ ശരിക്കും കണ്ടെന്നാ പറയണെ.. അവൻ പേടിച്ച്‌ പനിപിടിച്ച്‌ കിടക്കുവാ."

ഞാൻ നെറ്റി ചുളീച്ചു.. ഇനി നാട്ടിൽ മന്ത്രവാദികളെപ്പേടിച്ച്‌ നിൽക്കക്കള്ളിയില്ലാതെ ഇവറ്റകെളൊക്കെ വിസയെടുത്ത്‌ ഇങ്ങോട്ട്‌ കെട്ടിയെടുത്തോ..?

".ദാ..അവിടെയാ..അവൻ പ്രേതത്തെ കണ്ടെന്ന്‌ പറഞ്ഞത്‌..", എന്ന്‌ പറഞ്ഞ്‌ സക്കറിയ വേലിക്കപ്പുറത്തെ മണൽ പ്പരപ്പിലേക്ക്‌ വിരൽ ചൂണ്ടി..,

ജെയിസ്‌ ബോണ്ട്‌ സിനിമയിൽ നായകൻ ഒറ്റപ്പിരികം ഉയർത്തി നോക്കുന്ന പോലെ ഞാനും ഒന്ന്‌ നോക്കി..,

ഇവിടെയോ .... രാത്രികാലങ്ങളിൽ ഞങ്ങൾ പലപ്പോഴും സൊറസമ്മേളനങ്ങൾ നടത്തുന്ന സ്ഥലമാണത്‌..രാവായാൽ പകൽ പോലെ ഹൈമാറ്റ്സ്‌ ലൈറ്റുകൾ വെളിച്ചം വിതറുന്നയിടം..

ആഹാ..അത്രക്കായോ..`

ഇവിടെ വരാൻ മാത്രം ധൈര്യമുള്ള പ്രേതമോ....

പല്ല്‌ തേപ്പും കുളീം കഴിഞ്ഞ്‌ റൂമിലേക്ക്‌ മടങ്ങുമ്പോൾ അങ്ങനെയെങ്കിൽ പ്രേതത്തെ നേരിൽ കാണാൻ ഭാഗ്യം സിദ്ധിച്ച ആ മാന്യദേഹത്തെ കണ്ട്‌ വിവരങ്ങൾ ആരായണമെന്ന്‌ തീരുമാനിച്ചു.., ധൃതിയിൽ യൂണിഫോമിനുള്ളിലേക്ക്‌ നുഴഞ്ഞു കയറി എങ്ങാണ്ടോ നിന്ന്‌ വഴിതെറ്റി വന്ന അന്യഗ്രഹജീവിയെ കാണാൻ പോകുന്ന ഉത്സാഹത്തോടെ ഞാനും എന്റെ റൂമിലെ മംഗലാപുരം ബോയ്സും വെച്ച്‌ പിടിച്ചു..,

ഒരു മരണവീട്ടിലേക്കെന്ന പോലെ ആളുകൾ വരികയും പോകുകയും ചെയ്തു കൊണ്ടിരുന്ന ഒരു റൂമിനു മുന്നിലേക്ക്‌ ഞങ്ങൾ എത്തിച്ചേർന്നു.., റിലീസ്‌ പടത്തിനു ടിക്കറ്റെടുക്കാൻ കയറുന്ന പോലെ ആളുകൾ ഇടിച്ച്‌ കയറുകയാണു..ഞാനും അവരിലൊരാളായി..(അല്ലെങ്കിലും ആരാന്റുമ്മാക്ക്‌ ഭ്രാന്തായാൽ കാണാൻ നല്ല ചേലാണല്ലോ..)

അകത്തൊരാൾ കട്ടിലിൽ മൂടിപ്പുതച്ച്‌ കിടക്കുന്നുണ്ട്‌.. കോഴിക്കോട്ടുകാരൻ നൗഷാദ്‌..,അവനെന്തൊക്കെയോ പിറുപിറുക്കുന്നു..,പാവം നന്നായി പേടിച്ചിട്ടുണ്ട്‌..പനിയും ഉണ്ട്‌
എന്ന്‌ തോന്നുന്നു..,

അടുത്ത്‌ തന്നെ മസിലും പെരുപ്പിച്ച്‌ നിൽക്കുന്ന കണ്ണൂർക്കാരൻ രാജേഷിനോട്‌ ഞാൻ കാര്യം തിരക്കി..,

"ഇന്നലെ രാത്രി രണ്ട്‌ മണിയോടെ അവൻ ടി,വി, ർറൂമിൽ നിന്നു മടങ്ങി വരുമ്പോൾ വേലിക്കപ്പുറത്ത്‌ നിന്ന്‌ ഒരാൾ മാടി വിളിച്ചത്രേ..ഏകദേശം രണ്ടാൾ പൊക്കമുള്ള ഒരാൾ..,വേറെ ആരും ആ പരിസരത്ത്‌ ഉണ്ടായിരുന്നില്ല..അതു കൊണ്ട്‌ അവൻ റൂമിലേക്ക്‌ ഓടിപ്പോയത്രേ..റൂമിന്റെ പടിവാതിൽക്കലെത്തി അകത്തോട്ട്‌ കയറാൻ നേരം ചുമ്മാ ഒന്നു തിരിഞ്ഞു നോക്കിയതാ..അവന്റെ തൊട്ടുപുറകിൽ വന്ന്‌ നിൽക്കുന്നത്രേ അത്‌..ചുറ്റിലും നല്ല വെളിച്ചം ഉണ്ടായിരുന്നത്‌ കൊണ്ട്‌ അവൻ ശരിക്കും കണ്ടെന്നാ പറയുന്നത്‌..,"

എന്റെ ദൈവമേ..എന്റെ ഉള്ളിലെവിടെയോ ഭീതിയുടെ മിന്നലാട്ടം.. സംഗതി സത്യമെന്ന്‌ തോന്നിക്കുമാറാണു നൗഷാദിന്റെ കിടപ്പ്‌..,ഞാനവനെ സൂക്ഷിച്ച്‌ നോക്കി..,കഴുത്തറ്റം ബ്ലാങ്കറ്റ്‌ കൊണ്ട്‌ മൂടിപ്പുതച്ചിട്ടുണ്ടെങ്കിലും അവൻ തണുത്ത്‌ വിറക്കുന്ന പോലെ..,ഇടക്കെന്തൊക്കെയോ പിറുപിറുക്കുന്നു..,

നട്ടപ്പതിര നേരത്ത്‌ ഒറ്റക്ക്‌ നടന്ന്‌ പോകുമ്പോൾ രണ്ടാളുടെ പൊക്കമുള്ള ഒരുത്തൻ വന്ന്‌ മാടിവിളിച്ചാൽ ധീരന്മാരിൽ ധീരനായ സാക്ഷാൽ നെപ്പോളിയൻ ചക്രവർത്തി വരെ പേടിച്ച്‌ പോകും..,പിന്നെയല്ലേ ഈ പീക്കിരിപ്പയ്യൻ..,

സംഗതി സത്യമാണെന്ന്‌ എനിക്കും തോന്നി..,പ്രേതമാണെങ്കിലും അല്ലെങ്കിലും അവൻ എന്തോ കണ്ട്‌ നന്നായി പേടിച്ചിട്ടുണ്ട്‌..,

ഒരു കാട്ടുതീ പോലെ ക്യാമ്പ്‌ മുഴുവൻ ഈ വാർത്ത പരന്നു.(കാട്ട്‌ തീക്ക്‌ പോലും ഇത്രേം വേഗത കാണില്ല..മനുഷ്യന്മാരുടെ നാവല്ലേ..).,ക്യാമ്പിലെ മിസ്‌രികളും പാകിസ്ഥാനികളും തുടങ്ങി എല്ലാവരും വന്ന്‌ കണ്ട്‌ സംഗതിയുടെ സത്യാവസ്ഥ നിജപ്പെടുത്തി..,എല്ലാവരും അവരവരുടേതായ രീതിയിൽ വ്യാഖ്യാനിച്ചും വിശദീകരിച്ചും മത്സരിച്ചു...., ചാനലുകളുടെ ഇലക്ഷൻ പ്രത്യേക ബുള്ളറ്റിൻ പോലെ ആവശ്യത്തിനു എരിവും പുളിയും കൂട്ടി പല പല പ്രദേശത്ത്‌ നിന്ന്‌ വന്നവർ വിവിധങ്ങളായ രീതിയിൽ ഇത്‌ വിളമ്പിക്കൊണ്ടിരുന്നു..,

അങ്ങനെ മൊത്തം പ്രേതമയം, ആ സംഭവത്തിനു ശേഷം ക്യാമ്പിൽ ചില പരിഷ്കാരങ്ങൾ നിലവിൽ വന്നു .,

ഇപ്പോൾ ആടിനെ അങ്ങാടിയിലേക്ക്‌ വിട്ട പോലെ രാത്രി മുഴുവൻ ആർക്കും അലഞ്ഞു തിരിഞ്ഞു നടക്കേണ്ട..,..സ്വന്തമായി ടി,വി,കാണാൻ സൗകര്യം ഒരുക്കിക്കൊടുത്തിട്ടും അവിടേയിരിക്കാതെ വെറുതെ വഴക്കടിക്കാൻ മിസ്‌രികളുടേ ടി,വി റൂമിൽ പോയി ഇരിക്കുന്നത്‌ നിർത്തി..,..,പാകിസ്താനികളുമായി ആവശ്യത്തിനും അനാവശ്യത്തിനുമുള്ള അടിപിടികൾ നിർത്തി..,രാത്രിയായാൽ എവിടുന്നോ സംഘടിപ്പിക്കുന്ന മറ്റവൻ രണ്ട്‌ പേഗ്ഗും മണപ്പിച്ച്‌ കാണിക്കുന്ന തോന്ന്യാസങ്ങൾ, തെറിപ്പാട്ടു ഗാനമേളകൾ, ഉടുതുണിയഴിച്ച്‌ കൊണ്ടുള്ള ഫാഷൻ പരേഡുകൾ.എന്നിങ്ങനെയുള്ളതെല്ലാം പൊടുന്നനെ അപ്രത്യക്ഷമായി..
എന്നല്ല രാത്രി ഏഴു മണി കഴിഞ്ഞാൽ പുറത്തിറങ്ങുന്നത്‌ പോലും നിർത്തി..,,എസ്കോർട്ടായി രണ്ടോ മൂന്നോ പേർ ഉണ്ടെങ്കിലേ മൂത്രമൊഴിക്കാൻ പോലും പോകൂ എന്ന നിലയിലായി ചിലർ..,..,

ആഹാ..എന്തൊരു ശാന്തത..,

പ്രേതമായാലും മനുഷ്യനായാലും പേടിപ്പിച്ച്‌ നിർത്തിയാലേ ജനങ്ങൾക്കിടയിൽ അച്ചടക്കവും ശാന്തത യും വരുമെന്നാണോ..?എങ്ങനെയാണു ഹിറ്റ്ലറും മുസ്സോളിനിയുമൊക്കെ ജനങ്ങളെ മെരുക്കിയെടുത്തതെന്ന്‌ ഇപ്പോൾ എനിക്ക്‌ ശരിക്കും മനസ്സിലായി..,

അങ്ങനെ അങ്ങനെ ദിവസങ്ങൾ കടന്ന്‌ പോയി..,നൗഷാദ്‌ കമ്പനിയെ സോപ്പിട്ടോ കാലുപിടിച്ചോ എങ്ങനെയൊക്കെയോ നാട്ടിലേക്ക്‌ മടങ്ങി..പുതിയ സംഭവവികാസങ്ങളൊന്നും റിപ്പോർട്ട്‌ ചെയ്യാത്തതിനാൽ ആളുകൾ പ്രേതത്തെ മറന്നു തുടങ്ങി..,

എല്ലാവരും പ്രേതഭയത്തിൽ നിന്നും പതിയെ മോചിതരായിത്തുടങ്ങി.., എന്നാലും ഉള്ളിലെവിടെയോ ഒരു ഭീതി ഇല്ലാതില്ല..,

ആകെക്കൂടി മനം മടുത്ത ദിവസങ്ങൾ.., ജോലിസ്ഥലത്ത്‌ ഞങ്ങളുടെ അഴിമതികൾ നടക്കാത്തതിലുള്ള വിഷമം..റൂമിലെത്തിയാലോ പ്രേതത്തെക്കുറിച്ചുള്ള ഭീതിയും..,ഞങ്ങളുടെ കുംഭകോണിക്കലുകൾ മുദീറിനു ഒറ്റിക്കൊടുത്ത മിസ്‌രിക്കിട്ട്‌ ഒരു പണികൊടുക്കണം..എങ്ങനെ..? ഒരു പിടിയും കിട്ടുന്നില്ല.... അവർ ഞങ്ങളുടെ മേലധികാരികളും കമ്പനി മുദീറിന്റെ ഇഷ്ട ദാസന്മാരുമാണ`....,സൂക്ഷിച്ച്‌ കൈകാര്യം ചെയ്തില്ലേൽ വേലിയിരിക്കുന്ന പാമ്പിനെ തോളത്ത്‌ കയറ്റി വെച്ച പോലാവും..

ഞങ്ങൾ മൂന്നോ നാലോ പേർ കുത്തിയിരുന്ന്‌ ചിന്തിച്ചു.., അങ്ങനെയിരിക്കേ ഒരു ദിവസം ഒരു ഐഡിയ കിട്ടി...., ഞങ്ങൾ ഈ വിഷയം കൂലങ്കഷമായി ചർച്ച ചെയ്തു..,നല്ല ഐഡിയ..,ഇലക്ക്‌ ഇത്തിരി കേട്‌ പറ്റിയാലും മുള്ളിനു തൽക്കാലം കേടൊന്നും പറ്റില്ല.. കൂട്ടത്തിൽ നല്ല കായിക ശക്തിയുള്ള ഒരാളെ ഞങ്ങൾ കൃത്യം നടപ്പാക്കാൻ ചുമതലപ്പെടുത്തി.., (ഈ ഓപ്പറേഷനിലെ കലാകാരന്മാർ ആരായിരുന്നു എന്നത്‌ സസ്പെൻസ്‌..)

അങ്ങനെ പിറ്റേന്നും നേരം വെളുത്തു..,..,

അതിരാവിലെ തന്നെ ഒരു നരച്ച ടീ ഷർട്ടും ബർമുഡയും ധരിച്ച്‌ കൊണ്ട്‌ വായിൽ ബ്രഷും കടിച്ച്‌ പിടിച്ച്‌ പാതിയുറങ്ങിക്കൊണ്ട്‌ മിസ്‌രിയണ്ണൻ ദേ നടന്ന്‌ വരുന്നു.., നിരനിരയായി കിടക്കുന്ന ഏകദേശം നാൽപതോളം വരുന്ന ബാത്ത്‌ റൂമുകളുടെ കവാടത്തിൽ തന്നെയുള്ള വാഷ്ബേസിനിൽ നിന്നും വെള്ളമെടുത്ത്‌ നോക്കെത്താ ദൂരത്ത്‌ പരന്ന്‌ കിടക്കുന്ന മരുഭൂമിയിലേക്ക്‌ കണ്ണും നട്ട്‌ ആളങ്ങനെ സുഖമായി പല്ല്‌ തേച്ച്‌ കൊണ്ടിരിക്കുകയാണ`.., മറ്റൊരു വാതിലിലൂടെ കടന്ന്‌ വന്ന നമ്മുടെ കക്ഷി ഒച്ചയുണ്ടാക്കാതെ അങ്ങേരുടെ പുറകിലെത്തി..,

ആളങ്ങനെ ചെറിയൊരു മൂളിപ്പാട്ടും പാടി പല്ല്‌ തേച്ച്‌ കൊണ്ടിരിക്കുകയാണ` ആ പരിസരത്തെങ്ങും വേറെയാരുമില്ല..,

ഒരു നിമിഷം.., ഒന്ന്‌, രണ്ട്‌,മൂന്ന്‌, ഠാ‍ആ‍ആഷ്‌........!! സർവ്വശക്തിയുമെടുത്ത്‌ മിസ്‌രി യുടെ നടുവിനു തന്നെ കൊടുത്തു ഒറ്റ ച്ച വിട്ട്‌..,

ശൂ....ഒരു മരത്തവള പാറുന്ന കണക്കെ തൊട്ട്‌ മുമ്പിലുള്ള വേലിയിലേക്ക്‌ പറന്ന്‌  പ്‌ത്തോം..... ന്ന്‌ പുറകിലേക്ക്‌ മലർന്നടിച്ച്‌ വീണൂ........

ദേ കെടക്കണു ഒറ്റുകാരൻ ജൂതാസ്‌ മണലിൽകുഴഞ്ഞ്‌ നാശകൊശമായി...,നമ്മുടെ കക്ഷി പുറകിലെ വാതിലിലൂടെ എപ്പഴേ റൂമിലെത്തിച്ചേർന്നു..,

ഹാഹൂഹൗ.......വാട്ടീസ്‌ ദിസ്‌.., ഒരു നിമിഷത്തെ മന്ദതക്ക്‌ ശേഷം മിസ്‌രി ചാടിയെണീറ്റു..,ഹൗ എമ്മാതിരി ചവിട്ടാ...നട്ടെല്ല്‌ വളഞ്ഞോ ആവോ..? ചുറ്റുപാടും നോക്കി..,ആരുമില്ല.കൈയ്യിലെ മണൽ തട്ടിക്കളഞ്ഞ്‌ ബാത്ത്‌ റൂമിനകത്ത്‌ കേറി നോക്കി..ആരുമില്ല..പുറത്തിറങ്ങി വെപ്രാളത്തോടെ അങ്ങോട്ടും ഇങ്ങോട്ടും തലവെട്ടിച്ച്‌ നോക്കി...ആരുമില്ല...ഒരു നിമിഷം..എന്തോ ആലോചിച്ച്‌ നിന്നു..പിന്നെ ഒരൊറ്റ ഓട്ടമായിരുന്നു റൂമിലേക്ക്‌..,..എന്റെ പൊന്നൂ..എന്നാ ഓട്ടമായിരുന്നു..,,ഒളിമ്പിക്സിലായിരുന്നെങ്കിൽ ആ ഓട്ടത്തിനു സ്വണ്ണ മെഡൽ ഉറപ്പ്‌..

റൂമിലെത്തിയ ഞങ്ങൾ തല തല്ലി ച്ചിരിച്ചു..എങ്ങനെ ചിരിക്കാതിരിക്കും,, ഇവിടെ നടന്ന സംഭവങ്ങളൊന്നുമറിയാതെ ഉറങ്ങുകയായിരുന്ന ചിലർ ഞങ്ങളുടെ ചിരികേട്ട്‌ ഞെട്ടിയുണർന്ന്‌ ചെറു നാരങ്ങാ വലിപ്പത്തിൽ കണ്ണു പുറത്തേക്ക്‌ തള്ളിപ്പിടിച്ച്‌ മിഴിച്ചിരുന്നു..,ഇവന്മാർക്കെന്താ വട്ടായോ...

പതിവിൽ കൂടുതൽ സന്തോഷത്തോടെ ജോലിയിലേക്ക്‌.. നമ്മ മിസ്‌രിയണ്ണൻ ജോലിക്ക്‌ വന്നിട്ടില്ല..എന്തു പറ്റി., മറ്റുള്ള മിസ്‌രികളോട്‌ ചോദിച്ചപ്പോൾ അവർ പറഞ്ഞതോ......,
ജിന്നിന്റെ (പ്രേതം) ശല്യം വീണ്ടുമുണ്ടായെന്നും..,ഇന്ന്‌ ഞങ്ങളിലൊരുവനെ ജിന്ന്‌ ആക്രമിച്ചെന്നും..,അവനിപ്പോൾ സുഖമില്ലാതെ കിടപ്പിലാണെന്നും ഒക്കെ അവർ ഭീതിയോടെ വിശദീകരിച്ചു..,..എല്ലാരും സൂക്ഷിച്ച്‌ കൊള്ളുക..,ഒറ്റക്ക്‌ ആരും പുറത്തിറങ്ങരുത്‌ എന്നിങ്ങനെയുള്ള ഉപദേശങ്ങളും അവർ വാരിച്ചൊരിഞ്ഞു..

വീണ്ടും പ്രേതശല്യമോ... കഥയറിയാതെ ആട്ടം കാണുന്ന പലരും പേടിച്ചരണ്ടു..പ്രേതം വിടാതെ പിന്തുടരുകയാണല്ലോ..ദൈവമേ..ചിലർ കുരിശു വരച്ചു..,ചിലർ അമ്പലത്തിലേക്ക്‌ വഴിപാട്‌ നേർന്നു,മറ്റു ചിലർ പുണ്യാത്മാക്കളുടെ ജാറം മൂടാൻ നേർച്ചയാക്കി..,

ചുരുക്കം പറഞ്ഞാൽ വീണ്ടും ക്യാമ്പിൽ ശ്മശാന മൂകത പരന്നു.., ഞങ്ങളാവട്ടെ ചിരിക്കാനും വയ്യ..കരയാനും വയ്യ എന്ന അവസ്ഥയിലും.. സംഗതിയുടെ കിടപ്പു വശം ഞങ്ങൾ എട്ടോ പത്തോ പേർക്ക്‌ മാത്രമല്ലേ അറിയൂ..അതു മറ്റാരോടെങ്കിലും പങ്കുവെച്ചാൽ ഒരു പക്ഷേ ക്യാമ്പ്‌ മുഴുവൻ ലീക്കാവും. .ഉറപ്പ്‌..പിന്നത്തെ കാര്യം പറയണൊ..എല്ലാം ചളകൊളമാകും..,അതിനാൽ ഞങ്ങൾ രഹസ്യമായി യോഗം കൂടി ആരോടും പറയില്ലെന്ന്‌ ദ്രഡപ്രതിജ്ഞയെടുത്തു...

അതിനു ശേഷം നമ്മുടെ മിസ്‌രിയണ്ണൻ ബാത്ത്‌ റൂമിലോട്ട്‌ വരുന്നത്‌ കണ്ടവരില്ല..അതോ അത്തരം കാര്യങ്ങളൊക്കെ വേണ്ടെന്നു വെച്ചോ.....


ഇനി അഥവാ ആദ്യം പ്രത്യക്ഷപ്പെട്ട പ്രേതവും ഇതു പോലെ മറ്റാരുടെയെങ്കിലും
സ്രഷ്ടിയായിരുന്നോ...ആവോ....ആർക്കറിയാം..

എന്റെ അബൂദാബി വാസക്കാലത്തെ സുന്ദരനിമിഷങ്ങളുടെ ചില ചിത്രങ്ങൾ പരസ്യത്തിനിടയിലെ സീരിയൽ പോലെ ഇടക്കൊക്കെ പ്രതീക്ഷിക്കാം..
Related Posts with Thumbnails

Related Posts with Thumbnails