ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2010, ഏപ്രിൽ 27, ചൊവ്വാഴ്ച 20 comments
Bookmark and Share “ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ..
താഴമ്പൂവോ താമരപ്പൂവോ തേനോ......... ......”
വണ്ടിയുടെ കുടു കുടു ശബ്ദത്തേക്കാൾ ഉയരത്തിൽ പാട്ട് കേൾക്കണം എന്ന വാശിയിൽ എന്റെ കൈകൾ സ്റ്റീരിയോയുടെ വോളിയം കണ്ട്രോളിൽ തെരുപ്പിടിച്ചു.., ഇനിയും തിരിച്ചാൽ അത് പൊട്ടിപ്പോകും എന്നറിയാമായിരുന്നിട്ടും വഴി വക്കിൽ കൂട്ടം കൂടി നിൽക്കുന്ന പയ്യൻസിനെ കാണുമ്പോൾ അല്ലെങ്കിൽ സ്കൂൾ വിട്ട് പോകുന്ന വായാടിപ്പെൺകുട്ടികളെ ക്കാണുമ്പോൾ എന്റെ കൈകൾ അടങ്ങി നിൽക്കുന്നില്ല..,(ഈ കൈയ്യിന്റെ ഒരു കാര്യം )
വളവുകളിൽ വെട്ടിത്തിരിഞ്ഞ് സ്പീഡ് ബ്രേക്കറുകൾക്ക് മേലെ പറന്ന് ഗട്ടറുകൾക്ക് മേലെ ലോങ്ങ് ജമ്പ് ചെയ്ത് കുതിച്ചും കിതച്ചും എന്റെ ഓട്ടോ അങ്ങനെ പറപറക്കുകയാണ`.., ഒപ്പം സമയവും..,
കടന്ന് പോകുന്ന വഴികളിലെല്ലാം സംഗീതം വാരിവിതറി ജാസിഗിഫ്റ്റ് വീണ്ടും വീണ്ടും പാടിക്കൊണ്ടേയിരുന്നു.,
മലപ്പുറം കോട്ടപ്പടി ടൌൺ..,
ഓട്ടോക്കാർ അപൂർവ്വമായി മാത്രം യൂസ് ചെയ്യാറുള്ള ഒരു വസ്തു..,ഏതാ..സിഗ്നൽ ഇൻഡിക്കേറ്റർ.,അതു തന്നെ, ലതുണ്ടായിരുന്നിട്ടും അതുപയോഗിക്കാതെ പുറകെ വരുന്ന മാരുതിക്കാറിനു കുറുകെ പൂച്ച ചാടുന്ന പോലെ ചാടി യു ടേൺ തിരിഞ്ഞു..,( മനുഷ്യൻ എപ്പോഴാ മരിക്കുക, ഓട്ടോ എപ്പോഴാ‍ യു ടേൺ തിരിക്കുക, രണ്ടും നമുക്ക്  പ്രവചിക്കാൻ സാധ്യമല്ല. ) ഭീകരമായ ശബ്ദത്തിൽ സഡൻ ബ്രേക്കിട്ട് എന്റെയും ഓട്ടോയുടെയും ആരോഗ്യത്തിനു ഭംഗം വരുത്താതെ കാത്ത കാർഡ്രൈവറോട്  “ എവിടെ നോക്കിയാടാ വണ്ടിയോടിക്കുന്നത്.. തനിക്കൊന്നും കണ്ണ് കണ്ട് കൂടേ.. .“.എന്ന് തുടങ്ങി അവസാനം അവന്റെ  തന്തക്കും വിളിച്ച് നന്ദി പ്രകടിപ്പിച്ചു..,
ത്രിശ്ശൂർ പൂരത്തിനു ആനകളെ നിർത്തിയ കണക്ക് സ്റ്റാന്റിൽ ഓട്ടോകൾ നിരന്ന് കിടക്കുകയാണു..,അതിനിടയിലേക്ക് ഞാനും എന്റെ ഓട്ടോ കുത്തിത്തിരുകി..,ഇന്ന് നല്ല ഓട്ടമായിരുന്നു..,പതിവിൽ ക്കൂടുതൽ കാശ് കൈയ്യിൽ വന്നത് കൊണ്ടാകണം നല്ല സന്തോഷത്തിലുമാണു..,എന്റെ സന്തോഷത്തിൽ പങ്ക് ചേർന്ന് വഴിനീളെ എന്നെ പാട്ട് പാടി സുഖിപ്പിച്ച ജാസിഗിഫ്റ്റ് ഇതിനിടക്കെപ്പോഴോ  പാട്ട് നിർത്തിപ്പോയിരുന്നു..,സ്റ്റീരിയോക്കിട്ട് രണ്ട് തട്ട് കൊടുത്തു..,ഇല്ല , ഇവൻ ഉണരുന്ന ലക്ഷണമില്ല .ഇവനീയിടയായിട്ടിങ്ങനെയാ...,ഇനി സാരംഗ് ഇലക്ട്രോണിക്സിലെ ഡോക്ടർ വിളിച്ചെങ്കിലേ ഉണരൂ..,ഇവനെന്റെ ഗാന്ധിത്തലകൾ തിന്ന് തീർക്കും.., എത്രെയും പെട്ടെന്ന് ഇവനെ വിറ്റ് പുതിയ ഒരെണ്ണം സ്വന്തമാക്കണം..,എന്ന ബുദ്ധി തലയിൽ വരാൻ  ഡാഷ്ബോർഡ് തുറന്ന് ഇത്തിരി ഹാൻസ് എടുത്ത് കൈവെള്ളയിലിട്ട് തിരുമ്മി കീഴ്ചുണ്ടിനടിയിൽ വെക്കേണ്ടി വന്നു..,
“അളിയാ..ഇന്ന് കണ്ടേയില്ലല്ലോ..ഇന്ന് നല്ല ഓട്ടമാല്ലേ..,“
പുറത്തിറങ്ങിയതേയുള്ളൂ..,മുന്നിലെ ഓട്ടോക്ക് താങ്ങ് കൊടുത്ത കണക്കെയെന്നവണ്ണം നിൽക്കുന്ന ഉണ്ണി ആദ്യത്തെ കമന്റിട്ടു..,(അതിനു മോഡറേഷൻ ഇല്ലല്ലോ..) അവന്റെ കൂടെ സ്റ്റാൻഡിൽ ഓട്ടമൊന്നുമില്ലാതെ ഈച്ചയെയും ആട്ടി ഇരിക്കാൻ കാണാത്തത് കൊണ്ട് ചോദിക്കുകയാണു പഹയൻ..,
“അതേടാ..ഇന്ന് നല്ല കൊയ്ത്തായിരുന്നു..,എണ്ണൂറ് രൂപാക്ക് ഓടി..“,ഞാൻ വെച്ച് കാച്ചി.., കൂട്ടിയാലും ഗുണിച്ചാലും അതിന്റെ പകുതി മാത്രമേ  പോക്കറ്റിൽ കിടപ്പൂള്ളൂ എന്ന് എനിക്കല്ലേ അറിയൂ.., വെളുക്കെ ചിരിച്ചിരുന്ന ഉണ്ണിയുടെ തേങ്ങാപ്പൂൾ പോലൊത്ത  ചിരി കാക്കകൊത്തിക്കൊണ്ടു പോയോ , പവർകട്ടായ പോലെ മുഖം ഇരുണ്ടുവോ  .., ആ  എന്തെങ്കിലുമാവട്ടെ..
ഒരുത്തനു ഒരു ദിവസം ഇത്തിരി ഓട്ടം തടഞ്ഞാൽ ഇവെന്മാർക്കെന്താ .....,അസൂയയാ..നല്ല മുഴുത്ത അസൂയ ..,അവനെ വെറുതെ വിട്ട് ഞാൻ തിരിച്ച് വണ്ടിയിലേക്ക് കയറി.. നേരം എട്ട് മണിയായി..,സാധാരണ രാത്രി ഇത്ര വൈകുവാൻ നിൽക്കാറില്ല., ഇന്ന് നല്ല ഓട്ടമായത് കൊണ്ട് സമയം പോയത് അറിഞ്ഞില്ല.., തൽക്കാലം ഇന്നത്തേക്ക് മതിയാക്കാം..,എന്ന് കരുതിയതേയുള്ളൂ.., ദേ വരുന്നു അടുത്ത ട്രിപ്പ്..,“ഒന്ന് പൊന്മള വരെ പോകണം.“.,
“ഓക്കെ.,അതിനെന്താ,.“. കലാശക്കൊട്ടായി ഈ ട്രിപ്പ് കൂടി എടുത്തിട്ട് നിർത്താം എന്ന് കരുതി ഞാൻ സന്തോഷത്തോടെ മറുപടി പറഞ്ഞു..,ഇന്ന് കണി കണ്ട ആളെത്തന്നെ എന്നും കണികാണണേ എന്ന്  അറിയാവുന്ന ദൈവങ്ങളോട് പ്രത്യേകം പ്രാർത്ഥിച്ചു..,
ടൌണിൽ നിന്നും എട്ടോ പത്തോ കിലോമീറ്റർ മാത്രമേയുള്ളൂ പൊന്മളയിലേക്ക്..ശരം വിട്ട പോലെ പൊന്മളയിലേക്ക് ,അങ്ങനെ അവിടെയെത്തി യാത്രക്കാരെ ഇറക്കി സന്തോഷത്തോടെ ഒരു മൂളിപ്പാട്ടും പാടി തിരിച്ച് വരികയാണു ഞാൻ.., ഊട് വഴികളിലൂടെ ചീറിപ്പാഞ്ഞ് വരുന്ന നേരം ഇരുൾ പരന്ന് കിടക്കുന്ന ഒരു വളവിൽ നിന്നും ഒരു രൂപം എന്റെ വണ്ടിക്ക് കൈ കാണിച്ചു..,ഞാൻ റിവേഴ്സെടുത്തു അടുത്ത് ചെന്നു..,
 ഏകദേശം  ഒരു ഇരുപത് വയസ്സ് തോ‍ന്നിക്കുന്ന സ്ത്രീ രൂപം
ഞാൻ എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പേ അവർ പറഞ്ഞ് തുടങ്ങി..,“എന്നെ ഒന്ന് പൂവ്വാട് വരെ കൊണ്ട് വിടാമോ.., എന്റെ കയ്യിലാണെങ്കിൽ പൈസയൊന്നുമില്ല.., അവിടെയെത്തിയിട്ട് ഞാൻ  എടുത്ത് തരാം..,“ അവർ ദയനീയ ഭാവത്തിൽ മുഴുമിപ്പിച്ചു.., ..,ഞാൻ അവരെയൊന്ന് സൂക്ഷിച്ച് നോക്കി..,.(തെറ്റിദ്ധരിക്കരുത് ഞാനാ‍ ടൈപ്പല്ല)  രാത്രി അസമയത്ത് സ്വന്തം വീട്ടിലെത്തിച്ചേരാൻ നിർവ്വാഹമില്ലാതെ വിഷമിച്ച് നിൽക്കുന്ന ഒരു പാവം സ്ത്രീ..
എന്നിലെവിടെയോ സഹതാപത്തിന്റെയോ അനുതാപത്തിന്റെയോ  ഏതോ ഒരു വിത്ത് മുളച്ചു.
“ഓക്കെ കയറിക്കോളൂ“ ...ഞാൻ അവരെ ക്കൊണ്ട് വിടാമെന്നേറ്റു.., ഇരുളും വെളിച്ചവും മാറി മാറി വീണു കിടക്കുന്ന വഴികളിലൂടെ കുറെ ദൂരം ഓടി..,
“ഇവിടെ നിർത്തിക്കോളൂ“ .. റോഡ് സൈഡിൽ തന്നെയുള്ള സാമാന്യം ഭേദപ്പെട്ട ഒരു വീടിനു മുന്നിലെത്തിയപ്പോൾ ആ സ്ത്രീ പറഞ്ഞു..,
ഞാനവിടെ നിർത്തി.,“ഒരു മിനിട്ട് ഞാനിപ്പോൾ വരാം.“.,എന്ന് പറഞ്ഞ് അവർ പുറത്തിറങ്ങി.. പാവം പൈസ എടുത്ത് കൊണ്ട് വരാനായിരിക്കും..,ഞാൻ അവർ പോയ വഴിയെ നോക്കി നിന്നു.. അവർ മുറ്റത്തേക്ക് കയറി..,വാതിലിനടുത്തെത്തി..,കോളിംഗ് ബെല്ല് അമർത്തി..,ഏതാനും നീമിഷങ്ങൾ കഴിഞ്ഞ് ഒരു മദ്ധ്യവയസ്കൻ വാതിൽക്കൽ അവതരിച്ചു..,
“ഉം ആരാ....എന്താ നിനക്കിവിടെ കാര്യം..“, ഗാംഭീര്യമുള്ള സ്വരം
“നിങ്ങളുടെ മോൻ എവിടെ..ഞാൻ അവനെ കാണാൻ വന്നതാ“  ..യാതൊരു കൂസലുമില്ലാതെ യുവതിയും.
“ഉം എന്തിനാ എന്റെ മോനെ ക്കാണുന്നത്..“..,ഗ്രഹനാഥന്റെ ശബ്ദം ഉയർന്നു..,
“നിങ്ങളെ മോനെ വിളിക്ക് ..എന്നിട്ട് ചോദിക്ക് ..അപ്പോ മനസ്സിലാവും.“ .യുവതിയും വിട്ട് കൊടുത്തില്ല..,
ശബ്ദം കേട്ട് അകത്ത് നിന്ന് ഒന്ന് രണ്ട് മുഖങ്ങൾ പുറത്തേക്ക് വന്നു..
അതിലൊരു മുഖം കണ്ടപ്പോൾ യുവതിക്ക് കലി കയറി..
“എടുക്കെടാ..എന്റെ കാശ്..ഇന്ന് തരാം നാളെ തരാം എന്നൊക്കെ പറഞ്ഞ് ഇപ്പോൾ എന്നെ ക്കാണൂമ്പോൾ മുങ്ങി നടക്കുവാണല്ലേ.“.
“പെണ്ണേ അനാവശ്യം പറയരുത്.., ഞാൻ ഏത് വകയിലാ നിനക്ക് കാശ് തരാനുള്ളത്.“.,യുവാവ് അലറി..,
അപ്പുറത്തും ഇപ്പുറത്തുമുള്ള വീടുകളുടെ പല ഭാഗങ്ങളിൽ ഏന്തി വലിഞ്ഞ് നോക്കുന്ന തലകൾ പ്രത്യക്ഷപ്പെട്ടു.. പുരുഷ കേസരികൾ പുറത്തിറങ്ങി വട്ടം കൂടി കുശുകുശുക്കാൻ തുടങ്ങി..,
“പ്ഫ ..നിനക്കറിയില്ല അല്ലേ..മാനേ തേനേന്ന് വിളിച്ച് ഒരു രാത്രി മുഴുവൻ കൊണ്ട് നടന്നതും അനക്ക്  ഞാൻ കിടന്ന് തന്നതും ഒന്നും അനക്കറീല്ലല്ലേ“ ..യുവതിയുടെ ശബ്ദം ഇത്തിരി ഉച്ചത്തിലായിപ്പോയോ..
റോഡിനപ്പുറത്ത് ഒരു മുറിയൻ പോസ്റ്റ് ഉയരത്തിൽ വെച്ച് അതിന്മേൽ ഇരുന്ന്  നാട്ട് വിശേഷം ഇഴകീറിപ്പരിശോധിച്ച് ചർച്ച ചെയ്യുന്ന  ചെറുപ്പക്കാർ ഒച്ച കേട്ട ഭാഗത്തേക്ക് നീങ്ങി വന്നു..,( ദേ ഡാ..ഒരു പുതിയ കോള`..)
അപ്പോ അതാണു കാര്യം..യുവതിയെ യെവൻ ഏതാണ്ടോ കാര്യത്തിനു ഉപയോഗിച്ചു കാശ് കൊടുക്കാതെ മുങ്ങിയതാ..,ഇപ്പോൾ കൈയ്യോടെ കാശ് മേടിക്കാൻ വന്നതാ..
“ഞാൻ അന്നെ അങ്ങനെ ചെയ്തതിനു നിന്റെ അടുത്ത് തെളിവുണ്ടോ  “..യുവാവ് ലോ പോയിന്റെടുത്തിട്ടു..
യുവതിക്ക് ഉത്തരം മുട്ടിയോ..
“ അന്റെ മാതിരി. കണ്ണിൽക്കണ്ട തേവിടിശ്ശികൾക്ക് കയറിയിറങ്ങാനുള്ളതല്ല ഈ വീട്.“.
പുറകിൽ നിന്നിരുന്ന ഗ്രഹനാഥൻ മുന്നോട്ട് വന്നു..
“  അത് പിന്നെ ഇങ്ങളെ മോൻ.....”..
യുവതി എന്തോ പറയാൻ ശ്രമിച്ചു..
“പ്ഠേ.“ ആരാ അവിടെ പടക്കം പൊട്ടിക്കുന്നത്.., ഇന്നെന്താ വിഷുവാണോ....യുവതി അലറിക്കൊണ്ട് മുഖം പൊത്തി..,പടക്കം പൊട്ടിയതല്ല, യുവതിക്കിട്ട് പൊട്ടിയതാണു..,
“അനക്ക് എന്തെങ്കിലും എടപാട് ഉണ്ടെങ്കിൽ അതിവിടെ വെച്ചല്ല തീർക്കലു .(നല്ല അഛൻ).
നിന്നെപ്പോലുള്ള തേവിടിശ്ശികൾക്ക് കയറിയിറങ്ങാനുള്ളതല്ല ഈ വീട് ,ഇവിടെ മാനം മര്യാദയായി ജീവിക്കുന്നോരാ...“  (കൊള്ളാം..)
ഇത്രയും ആയപ്പോൾ സംഗതി പന്തിയല്ലെന്ന് എനിക്ക് തോന്നി..,അവരായി അവരുടെ പാടായി .. വാടക കിട്ടിയില്ലെങ്കിലും വേണ്ടീല്ല.,മെല്ലെ ഇവിടുന്ന് സ്കൂട്ടാവാം എന്ന് കരുതി വണ്ടി സ്റ്റാർട്ട് ചെയ്തതേയുള്ളൂ..,
നേരത്തേ പോസ്റ്റിലിരുന്നതിലെ രണ്ട് കുരുത്തം കെട്ടവന്മാർ വണ്ടിയുടെ മുന്നിലേക്ക് ചാടി..,
“നിക്കവടെ,..എവിടെ പോണൂ..“
“അവനെ വിടരുത്..,ഇത് മാതിരിയുള്ള സാധനങ്ങളെ കൊണ്ട് നടക്കുന്ന അവന്മാർക്കിട്ടാ പൊട്ടിക്കേണ്ടത്..“ ,മുറ്റത്ത് നിന്ന ഗ്രഹനാഥൻ ഒച്ചയെടുത്തു..,
എന്റെമ്മോ..ഇത് എന്നെ ഉദ്ദേശിച്ചാണല്ലോ..എന്നെ മാത്രം ഉദ്ദേശിച്ച്
ആളുകൾ എന്റെ ചുറ്റും കൂടി..,ഒരു വിചിത്ര ജീവിയെ കാണുന്ന പോലെ പലരും എന്നെ തുറിച്ച് നോക്കുന്നു.,“ എടാ...പു............നിനക്കൊന്നും വേറേ പണിയൊന്നുമില്ലേ..,ഇമ്മാതിരി പെണ്ണുങ്ങളുമായി കറങ്ങാൻ  നിനക്കൊന്നും.................................ഇല്ലേ, ...................,..........മോനേ.. , (വിട്ട് പോയ ഭാഗം നിങ്ങൾതന്നെ പൂരിപ്പിച്ചെടുക്കുക..)
ഞാനാകെ വിയർത്തു..,എന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച മാന്യനോട് ഞാൻ നടന്ന സംഭവങ്ങളെല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു..,എവെടെ...ആരു വിശ്വസിക്കാൻ..,
“അത് നിന്റെ അടവല്ലേ.....മോനേ..,ഇതു പോലെ ഒരു പാട് ആൾക്കാരെ നമ്മൾ കണ്ടിട്ടുള്ളതാ“..അത് ശരി നിങ്ങൾക്കിത് സ്ഥിരം പരിപാടിയാണല്ലേ ..എനിക്കിത് ആദ്യമായിട്ടാ എന്ന് പറഞ്ഞാലോ അല്ലെങ്കിൽ വേണ്ട.., ഇത്തരം സന്ദർഭങ്ങളിൽ തമാശ ഈസ് ഇഞ്ചൂറിയസ് ടു ഹെൽത്ത്.
അവർ ചിരിക്കുന്നു.., എന്ത് ചെയ്യാം..,ചിലർ മുഷ്ടി ചുരുട്ടാൻ തുടങ്ങിക്കഴിഞ്ഞു..,അവർക്കെന്റെ ഇത്തിരിപ്പോന്ന ശരീരത്തിൽ കലാപരിപാടി നടത്തണം..,ചിലർ എന്നെ പ്രകോപിപ്പിക്കാനെന്നവണ്ണം ഓരോന്ന് പറഞ്ഞ് എന്റെ മുഖത്ത് തോണ്ടുന്നുണ്ട്..,എനിക്കാകെ കലികയറുന്നു..എന്ത് ചെയ്യാം.., ഇത്രേം ആൾക്കാരോട് പൊരുതുക എന്നതും രാജധാനി എക്സ്പ്രസ്സിനു  തല വെക്കുക എന്നതും സമം., പീസ് പീസ് ആയിപ്പോകും .., അതിനാൽ അവന്മാർ ചെയ്യുന്നത് ചെയ്യട്ടെ  നമുക്ക് തൽക്കാലം സഹകരിച്ചു കൊടുക്കാം..,
“നിങ്ങൾ എന്നെ എന്തു വേണമെങ്കിലും ചെയ്തോളൂ..,പക്ഷേ ഞാനും അവളും തമ്മിൽ ഒരു ബന്ധവുമില്ല.., എനിക്ക് ആ സ്ത്രീയെ അറിയുക പോലുമില്ല“.., ഞാൻ താണു കേണു പറഞ്ഞു..,(അടവ് നമ്പർ :പത്തൊൻപത് )
  എന്റെ നിസ്സഹായാവസ്ഥ കണ്ട് അവരുടെ മനസ്സലിഞ്ഞുവോ എന്തോ.., അവരെന്നെ ഉപദ്രവിച്ചില്ല..,.“ ഇക്കാ ഞമ്മൾ ഇവനെ എന്താ ചെയ്യേണ്ടത്.‘., കൂട്ടത്തിലൊരുത്തൻ ഗ്രഹനാഥനോട്.., എന്റെ ഷർട്ട് അവനു നന്നായി പിടിച്ചെന്ന് തോന്നുന്നു.., എന്റെ കോളറിൽ നിന്ന് വിടുന്നില്ല..,
ഗ്രഹനാ‍ഥൻ എന്റെ അടുത്ത് വന്നു..,
“നിന്നെ ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ..നീ എവിടത്തുകാരനാ.“.
ഒരു വക്കീലിനെ പ്പോലെ  അദ്ധേഹം വിചാരണ തുടങ്ങി..,നടന്ന സംഭവങ്ങളെല്ലാം ഒരിക്കൽ കൂടി ഞാൻ അവതരിപ്പിച്ചു.., എന്തോ അദ്ധേഹത്തിനു അത് വിശ്വാസമായി എന്ന് തോന്നുന്നു..,
“ഉം എന്നാ പൊയ്ക്കോ..മേലിൽ ഇമ്മാതിരി പെണ്ണുങ്ങളുമായി നടക്കരുത്.., നടന്നാൽ എപ്പോൾ തല്ല് കിട്ടി എന്ന് ചോദിച്ചാൽ മതി..,“
“അവനെ വിട്ടേക്ക് “ അയാൾ എന്റെ ചുറ്റും നിന്ന യുവാക്കളോട് ഉത്തരവിട്ടു..,
“വിടല്ലേ..അവനെ അങ്ങനെ വിട്ടാൽ പറ്റില്ല“..,വേറൊരുത്തന്റെ കമന്റ്..,
“അവന്റെ പേരും അഡ്രസ്സും വണ്ടി നമ്പറും ഒക്കെ എഴുതി വെച്ചിട്ട് വിട്ടാൽ മതി.., പിന്നീട് എന്തെങ്കിലും പ്രശ്നമുണ്ടായാലോ“  ദുഷ്ടൻ, കാലമാടൻ..,അവന്റെയൊരു മുടിഞ്ഞ ബുദ്ധി..,
ഒരുത്തൻ പോയി പേനയും പേപ്പറുമായി വന്നു..,ഞാൻ തത്ത പറയുന്ന പോലെ ഓരോന്നായി ഉത്തരം പറഞ്ഞു,
ഏതൊക്കെയോ ആളുകളുടെ പേരും വിലാസവും എന്റേതാണെന്ന് കരുതി അവർ കുറിച്ചെടുത്തു         ( ഞ്യാനാരാ മ്യോൻ).,അങ്ങനെ ഒടുക്കം ഞാൻ മോചിതനായി..,ഒരിക്കൽ കൂടി ഞാനാ മുറ്റത്തേക്ക് നോക്കി..,യൂവതിയെ ക്കാണുന്നില്ല..,
ആളുകൾ എന്നെ വിചാരണ ചെയ്യുന്ന തക്കത്തിൽ അവൾ മെല്ലെ തടി സലാമത്താക്കിയിരിക്കുന്നു.
( ഒരു സത്രീയല്ലേ..തൊട്ടാൽ വകൂപ്പ് മാറിപ്പോയാലോ എന്ന് കരുതി എല്ലാവരും എന്റെ നേർക്ക് തിരിഞ്ഞതാണ`..).
കള്ളി, തേവിടിശ്ശി.., എന്നെ ഈ കാല മാടന്മാരുടെ വായിലേക്കിട്ട് കൊടുത്ത് അവൾ ..........നീയൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ലെടീ.., മനസ്സിൽ ഒരായിരം തെറികളും ശാപവാക്കുകളും ചൊരിഞ്ഞ് വായു വേഗത്തിൽ ഞാൻ അവിടെ നിന്നും വണ്ടിയുമായി പറന്നു..,
ഛേ..ആകെ നാറി., ഓട്ടം പോയതിനു വാടക കിട്ടിയതുമില്ല, മാനം പോകുകയും ചെയ്തു..,
മേലാൽ രാത്രി ഒറ്റക്ക് നിൽക്കുന്ന ഒരു പെണ്ണിനെയും വണ്ടിയിൽ കയറ്റില്ല എന്ന് ഞാൻ ഉടനെ തന്നെ ദ്രഡപ്രതിജ്ഞയെടുത്തു.., ദേഷ്യം തീർക്കാൻ ഡാഷ് ബോർഡിൽ അമർത്തിയൊന്നിടിച്ചു.. ഒരു കര കര ശബ്ദം.  എന്തായിത്..    പിന്നെ മധുരമായ സംഗീതം ... ദേ ലവൻ നമ്മുടെ  സ്റ്റീരിയോ ഉറക്കമുണർന്നിരിക്കുന്നു., ഹമ്പടാ.....കഥയേതുമറിയാതെ  ജാസി ഗിഫ്റ്റ് വീണ്ടും പാടാൻ തുടങ്ങി..
ലജ്ജാവതിയേ...നിന്റെ കള്ളക്കടക്കണ്ണിൽ..
താഴമ്പൂവോ താമരപ്പൂവോ..തേനോ...
Related Posts with Thumbnails

On 2010, ഏപ്രിൽ 9, വെള്ളിയാഴ്‌ച 20 comments
Bookmark and Share


 കുസ്രതികളും മണ്ടത്തരങ്ങളും ഒക്കെ ക്കാണിച്ച് കുട്ടിട്രൌസറുമിട്ട് വിദ്യ അഭ്യസിക്കാൻ പോയ ആ പഴയ കാലം.., ഓർമ്മകളുടെ ഇതളുകൾ മറിച്ച് നോക്കുമ്പോൾ കണ്ണിൽ നനവ് പടർത്തുന്ന ചില ചിത്രങ്ങൾ..,നഷ്ടപ്പെടലിന്റെ നൊമ്പരങ്ങൾ..,ഹാവൂ...എത്രപെട്ടെന്നാണു ആ വസന്തകാലം ഇനിയൊരിക്കലും തിരിച്ച് വരാത്ത അകലത്തിലേക്ക് നമ്മെ ഇട്ടേച്ച് പോയത്..,ആ കാലം എന്നിൽ ബാക്കി വെച്ച ഓർമ്മകളിൽ നിന്ന് ഒരു ചെറിയ ചീന്ത്  വായനക്കാരുമായി ഇവിടെ പങ്ക് വെക്കുന്നു..,
                              
                     മലപ്പുറം ജില്ലയിലെ ഹാജിയാർ പള്ളി , മുതുവത്തുമ്മൽ എ,എൽ,പി സ്ക്കൂൾ..., എന്റെ പ്രാഥമിക വിദ്യാഭ്യാസ കളരി..,അന്നും ഇന്നും എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരായിരുന്ന ഒത്തിരി അദ്ധ്യാപകർ ഉണ്ടായിരുന്നു ഈ സ്കൂളിൽ..,വിടർന്ന് നിൽക്കുന്ന മുല്ലപ്പൂക്കൾക്ക് നടുവിലെ റോസാപ്പൂക്കൾ പോലേ  ഒരുപാട് മുഖങ്ങൾ...  .,എന്നിൽ വിദ്യയുടെ  തിരിനാളം കൊളുത്തിയ ഞാനേറെ ഇഷ്ടപ്പെടുന്ന എന്റെ പ്രിയ അദ്ധ്യാപകർ..,അവിടെ എന്നെ അറിവിന്റെ  ലോകത്തേക്ക് കൈപിടിച്ചുയർത്താൻ തൊണ്ടയിലെ നീരു വറ്റിച്ച എല്ലാ ഗുരുക്കന്മാർക്കും നല്ലത് വരുത്തണേ എന്ന് പ്രാർത്ഥിച്ച് കൊണ്ട്......
                 
                          ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുന്ന കാലം..,ആയിടക്ക`  കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന യുറീക്ക വിഞ്ജാന പരീക്ഷ മലപ്പുറം മുണ്ട് പറമ്പിലുള്ള ഗവണ്മെന്റ് കോളേജിൽ വെച്ച് നടക്കുകയുണ്ടായി..,വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾക്കൊപ്പം പരീക്ഷ എഴുതാൻ ഞങ്ങളുടെ സ്കൂളിൽ നിന്നും മിടുക്കന്മാരും മിടുക്കികളുമായ ഒത്തിരി കുട്ടികളും പോയി..,എങ്ങനെയൊക്കെയോ ആ കൂട്ടത്തിൽ ഈയുള്ളവനും ഉൾപ്പെട്ടു..,  പരീക്ഷയുടെ അന്ന് അതിരാവിലെ തന്നെ കുളിച്ചൊരുങ്ങി സ്കൂളിലെത്താനായിരുന്നു അറിയിപ്പ്..,ചിലപ്പോൾ വൈകുന്നേരം വരെ പരീക്ഷ ഉണ്ടാകാം എന്നുള്ളത് കൊണ്ട് ഉച്ച ക്കുള്ള ഭക്ഷണം കയ്യിൽ കരുതണം എന്ന് പ്രത്യേകം പറഞ്ഞിരുന്നു..,
                     
                            അങ്ങനെ ആ ദിവസം വന്നെത്തി.., ആഹ്ലാദത്തോടെ കുളിച്ചൊരുങ്ങി റെഡിയായി..,അതിരാവിലെ തന്നെ ആയത് കൊണ്ടാവാം   കൊണ്ട് പോകാനുള്ള ഭക്ഷണം വീട്ടിൽ ഉണ്ടാക്കി വരുന്നതേയുള്ളൂ..,അത് തയ്യാറാകുന്നത്  വരെ കാത്തിരിക്കാനും സമയമില്ല..,അവസാനം എന്റെ സ്നേഹനിധിയായ ഉമ്മ ഒരു പോംവഴി കണ്ടെത്തി..കുറച്ച് പൈസ എന്റെ കയ്യിൽ തന്നു.,ഏതായാലും ടൌണിലോട്ടല്ലേ പോകുന്നത്..,ഉച്ചക്ക് ഏതെങ്കിലുമൊരു ഹോട്ടലിൽ നിന്നു ഭക്ഷണം വാങ്ങിക്കഴിച്ചാൽ മതിയല്ലോ..സംഗതി കൊള്ളാമെന്നെനിക്കും തോന്നി..,
                         
                           അങ്ങനെ ഞങ്ങൾ മുണ്ട് പറമ്പ് കോളേജിലെത്തി.,രണ്ടോ മൂന്നോ നിലകളിലായി ഉയർന്നു നിൽക്കുന്ന ഒരു  കൂറ്റൻ കെട്ടിടം,,ഞാനാദ്യമായാണു ഇത്രയും വലിയ കെട്ടിടം കാണുന്നത് തന്നെ..,നീണ്ട് കിടക്കുന്ന ഇടനാഴികളും വിശാലമായ ക്ലാസ്സ് മുറികളും എന്നിൽ അത്ഭുതം നിറച്ചു..,അവിടത്തെ ചേച്ചിമാരും ചേട്ടന്മാരും ഞങ്ങളെ സന്തോഷത്തോടെ സ്വീകരിച്ചു..,പലരും പല വിശേഷങ്ങളും ചോദിച്ച് അടുത്ത് കൂടി..,ഏറേത്താമസിയാതെ പരീക്ഷ തുടങ്ങി..വളരെ രസകരവും വിഞ്ജാനപ്രദവുമായിരുന്ന അനുഭവമായിരുന്നു അത്.,ഞങ്ങളെല്ലാവരും ആവേശത്തോടേ അതിൽ പങ്ക് കൊണ്ടു...,അങ്ങനെ നേരം ഉച്ചയോടടുത്തു..,ചെറിയ ഇടവേളക്ക് ശേഷം വീണ്ടും പരീക്ഷയുണ്ട്..,
                         
                            എല്ല്ലാവരും പുറത്തിറങ്ങി കൈ കഴുകി വന്ന് ഭക്ഷണം കഴിക്കാനുള്ള തയ്യാറെടുപ്പിലാണ`....,എന്ത് ചെയ്യണമെന്നറിയാതെ ഞാൻ  വരാന്തയിലേക്കിറങ്ങി..,എല്ലാവരും ഭക്ഷണം കൊണ്ട് വന്നിട്ടുണ്ട്..ഞാൻ മാത്രം......ഒരു ഹോട്ടൽ അന്വേഷിച്ച് കണ്ട് പിടിക്കാൻ ഒരാളെയെങ്കിലും കൂട്ടിനു കിട്ടിയെങ്കിൽ..,കോളെജിനു ചുറ്റും വിശാലമായ മൈതാനമാണു..അവിടെ  ഉച്ച വെയിൽ നിന്നു തിളക്കുന്നു..,അതും കടന്ന് റോഡിലേക്ക് പോയാൽ ഹോട്ടൽ കാണാതിരിക്കില്ല..,പക്ഷേ ഒറ്റക്ക് പോകാൻ പേടി..,വല്ല കൊള്ളക്കാരും വന്ന് തട്ടിക്കൊണ്ട് പോയാലോ..(  അന്ന് ഞങ്ങൾ കുട്ടികൾ ക്കിടയിൽ വെളുത്ത കാറുകളിൽ കയറി വരുന്നവർ  കൊള്ളക്കാരാണെന്നും അവർ കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ നടക്കുന്നവരാണെന്നും ഉള്ള സംസാരമുണ്ടായിരുന്നു....)  എന്ത് ചെയ്യണമെന്നറിയാതെ ഞാൻ വരാന്തയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു..,പരീക്ഷക്ക് പോകുന്ന ഉത്സാഹത്തിൽ രാവിലെ വീട്ടിൽ നിന്നും അത്രകാര്യമായൊന്നും കഴിച്ചിട്ടുമില്ല..അതിനാൽ നല്ല വിശപ്പുമുണ്ട്..,  വരാന്തയിലെ ഒരു തൂണിനു ഓരം പറ്റി ഞാൻ നിന്നു..,വിശപ്പും സങ്കടവും ഒക്കെയായി ഞാൻ ഇപ്പോ കരയും എന്ന അവസ്ഥയിലായി..അതോ കരഞ്ഞോ...ആ  എനിക്കോർമ്മയില്ല..,
                         
                         കുറെ നേരം അങ്ങനെ നിന്നു കാണും..,പെട്ടെന്ന് എന്റെ തോളിൽ ഒരു മാർദ്ദവവുള്ള കൈ സ്പർശിച്ചു..,ഞാൻ തിരിഞ്ഞ് നോക്കി..  ഗീത ടീച്ചർ..,
“എന്താ മോനേ ഭക്ഷണം കഴിച്ചില്ലേ..“ സ്നേഹ സമ്രണമായ വാക്കുകൾ..
ഞാൻ നിറഞ്ഞ കണ്ണുകളോടേ  ഒറ്റ ശ്വാസത്തിൽ കാര്യമങ്ങ് പറഞ്ഞ് തീർത്തു..,അവസാനം ഞാനൊന്ന് വിങ്ങിപ്പൊട്ടിയോ..
“സാരമില്ലാട്ടോ.“   .ടീച്ചർ എന്നെ സമാശ്വസിപ്പിച്ചു..
“ദേ ഇവിടെ നിൽക്ക് ഞാനിപ്പൊ വരാം കേട്ടോ     .“..
എന്നും പറഞ്ഞ് ടിച്ചർ വേഗത്തിൽ നടന്ന് പോയി..,
ഞാൻ ടീച്ചർ പോയ വഴിയേ നോക്കി നിന്നു..,അധികം വൈകിയില്ല ..,കയ്യിൽ ഒരു ചോറ്റുപാത്രവുമായി ടീച്ചർ എന്റെ മുന്നിലേക്കവതരിച്ചു..,
സജലങ്ങലായ കണ്ണുകളോടെ ഞാൻ ടീച്ചറെ നോക്കി..
“അയ്യേ.....എന്തായിത് ...നല്ല കുട്ടികളിങ്ങനെ കരയാൻ പാടുണ്ടോ..ഇന്നാ ഇത് പിടിക്ക് ..വേഗം പോയി കൈ കഴുകി വന്ന് ഇത് കഴിച്ചേക്ക്..“,
ടീച്ചറുടെ വാക്കുകൾ എന്റെ കാതിൽ തേന്മഴയായി പെയ്തു..,
ഉത്സാഹത്തോടേ കണ്ണുകൾ തുടച്ച് ഞാൻ കൈ കഴുകാനോടി,..,മറ്റുള്ളവർക്കിടയിൽ ചെന്നിരുന്ന് ഞാൻ സന്തോഷത്തോടെ ഭക്ഷണം കഴിക്കാനാരംഭിച്ചു..,ഇടക്ക് എന്തിനെന്നറിയാതെ കണ്ണുകൾ നിറയുന്നു..,നല്ല രുചികരമായ ഭക്ഷണം..അന്ന് വരെ ഞാൻ അത്ര രുചികരമായ ഭക്ഷണം കഴിച്ചിട്ടില്ല.., ഇടക്കെപ്പോഴൊ എന്റെ കണ്ണുകൾ വാതിലിനടുത്തേക്ക് നീണ്ടു..എന്നെത്തന്നെ നോക്കിക്കൊണ്ട് ടീച്ചർ അവിടെ നിൽക്കുന്നുണ്ട്..,ആ കണ്ണുകൾ നിറഞ്ഞിരുന്നുവോ..,ഉണ്ടെങ്കിൽ എന്തിനു വേണ്ടി.... പിന്നീടൊരിക്കൽ കൂടി നോക്കി..,ടീച്ചർ അവിടെ നിന്നും പോയ്ക്കഴിഞ്ഞിരുന്നു..,
                
                    വയറുനിറഞ്ഞു..,പാത്രം കഴുകുന്ന വേളയിൽ മറ്റ് കുട്ടികൾ പറഞ്ഞപ്പോഴാണു ഞാനത് ശ്രദ്ധിച്ചത്..,ടീച്ചർക്ക് കഴിക്കാൻ കൊണ്ട് വന്ന ഭക്ഷണമാണു ടീച്ചർ എനിക്ക് തന്നത്..,പാവം ടീച്ചർ ഭക്ഷണം കഴിച്ച് കാണുമൊ..എന്തോ..,പാത്രം തിരിച്ച് കൊടുക്കുന്ന വേളയിൽ മടിച്ച് മടിച്ചാണെങ്കിലും ഞാനത് ചോദിച്ചു..,
“അതിനെന്താ മോനൂ..എനിക്കിവിടെ നിന്നും ഭക്ഷണം കിട്ടിയിരുന്നു..“
, അതും പറഞ്ഞ് ടീച്ചർ മനോഹരമായി ചിരിച്ചു..,
എനിക്കതെന്തോ വിശ്വാസം വരുന്നില്ല..,ഇവിടെ നിന്നും ഭക്ഷണം കിട്ടുമെന്നുണ്ടെങ്കിൽ ഒരു ടീച്ചേഴ്സും ഭക്ഷണം കൊണ്ട് വരില്ലല്ലോ.., എനിക്കറിയാം ടീച്ചർ ഒന്നും കഴിച്ചിട്ടുണ്ടാവില്ല.., എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു..,പാവം ടീച്ചർ ഉള്ള ഭക്ഷണം എനിക്ക് തന്ന് പട്ടിണി കിടക്കുന്നു..,ഈ സ്നേഹത്തിനു എന്ത് നൽകിയാലാണു പകരമാവുക..,
ഭാഗ്യമെന്ന് പറയട്ടെ..അന്ന് അവിടെ നടന്ന പരീക്ഷയിൽ ഈയുള്ളവനു നാലാം റാങ്ക് കിട്ടി.., തീർച്ചയായും ആ റാങ്ക് കിട്ടിയപ്പോൾ എന്നോടൊപ്പം എന്റെ പ്രിയ ഗീത ടീച്ചറും ഉള്ളം തുറന്ന് സന്തോഷിച്ചിരിക്കണം..


പിൽക്കാലത്ത്  വിവിധങ്ങളായ ഭക്ഷണങ്ങൾ കഴിക്കാൻ ഭാഗ്യം സിദ്ധിച്ചിട്ടും അന്നത്തെ ആ ഭക്ഷണത്തിന്റെ സ്വാദ് അനുഭവപ്പെടാത്തത്  പോലെ...കണ്ണുനീരിൽ കുതിർന്ന ആ രുചി ഇന്നും നാവിൽ ഓർത്തെടുക്കാൻ സാധിക്കുന്നു..,ആ .ഗീത ടീച്ചർ ഇന്നെവിടെയാണാവോ..എവിടെയായാലും ആ മുഖം  എന്നും എന്റെ മനസ്സിൽ ഉണ്ടാകും., അവർക്ക് ദൈവം നന്മ വരുത്തട്ടേ...,എന്റെ പ്രാർത്ഥനകളിൽ ഞാൻ എപ്പോഴും ഉരുവിടുന്ന ഒരു വാക്കുണ്ട്..
        “, ദൈവമേ..എന്നെ സ്നേഹിച്ചവരെ ഒരിക്കലും നീ കഷ്ടപ്പെടുത്തല്ലേ.“.
Related Posts with Thumbnails

Related Posts with Thumbnails