ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2011, ജൂൺ 13, തിങ്കളാഴ്‌ച 10 comments
Bookmark and Share

സമയം രാത്രി എട്ട് മണിയായിക്കാണും..
അന്നത്തെ ജോലിയും ചുറ്റിക്കറങ്ങലുമെല്ലാം കഴിഞ്ഞ് ഞാൻ കൂട്ടുകാരുമൊന്നിച്ച് റോഡ് സൈഡിലുള്ള ഒരു അരമതിലിൽ വെടി വട്ടം പറഞ്ഞ് ഇരിക്കുകയായിരുന്നു..
ഇടക്ക് എന്റെ ഫോൺ റിങ്ങ് ചെയ്തു.

"ഹലോ.."

"എടാ കമ്പറെ.. "
നല്ല പരിചയമുള്ള ശബ്ദം..

"ഹലോ..ആരാ.."

"ഡാ..നിനക്കെന്നെ അറിയില്ലല്ലേ......#$%$#@."
അത് കേട്ടപ്പോ..ആളെ പിടി കിട്ടി..

"അയ്യോ..സോറി, ആദ്യം ആളെ മനസ്സിലായില്ല, പിന്നെ, എന്തൊക്കെ സുഖമല്ലേ.."

"ഓ സുഖം.. നിന്റെ വീട്ടിലേക്ക് ഏത് വഴിയാടാ വരേണ്ടത്.."

"ങേ..എന്റെ വീട്ടിലേക്കോ.."  ഒരു നിമിഷം ഞാനൊന്ന് പരുങ്ങി.

"അതേടാ..ഞങ്ങളിപ്പോ മലപ്പുറം ടൌണിലുണ്ട്, ഇവിടുന്ന് ഏത് വഴിയാ വരേണ്ടത്.."

"ഞങ്ങളോ.അതാരാ ..വേറെ."

"അതൊക്കെയുണ്ട്, വന്നിട്ട് കാണാം..നീ വഴി പറഞ്ഞ് താടാ..".

അവിടുന്ന് നേരെ പരപ്പനങ്ങാടി റൂട്ടിൽ ഒരു മൂന്ന് കിലോമീറ്റർ വന്നാൽ ഹാജിയാർ പള്ളി എന്ന ചിന്ന അങ്ങാടി കിട്ടും, അവിടുന്ന്...... ഞാൻ വഴി പറഞ്ഞ് കൊടുത്തു.,ഞാനൊരു ബ്ലോഗിൽ എന്തൊക്കെയോ കുത്തിക്കുറിക്കുന്നു എന്ന ഒരേ ഒരു കാരണം കൊണ്ട് മാത്രം എന്നെ കാണാൻ ആൾക്കാർ വരികയോ..ഞാൻ ആകാംക്ഷാഭരിതനായി..
കുറച്ച് സമയം കൂടി പ്ലക്കേന്ന് കൊഴിഞ്ഞ് വീണു.
വീണ്ടും കോൾ..

"കമ്പറേ  ഞങ്ങൾ ഹാജിയാർ പള്ളിയിൽ എത്തി..ഇനി എങ്ങനെയാ...വരേണ്ടത്.."

"ഒക്കെ..അവിടുന്ന് നേരെ മുകളിലോട്ടുള്ള റോഡിലൂടെ ഒരു കിലോമീറ്റർ ദൂരം കൂടി വാ.. റോഡ് സൈഡിൽ ഞാൻ നിൽ‌പ്പുണ്ട്.."

"ഓക്കെ.."
ഏതാനും മിനുട്ടുകൾ.
ഒരു വെളുത്ത മാരുതികാർ പതിയെ പതിയെ വന്ന് നിന്നു. അതിൽ നിന്നും ചുറുചുറുക്കോടെ ഒരാൾ ചാടിയിറങ്ങി, അതാരായിരുന്നു എന്നല്ലേ..മറ്റാരുമല്ല, സാക്ഷാൻ കൊട്ടോട്ടിക്കാരൻ, കൂടെ വന്നയാളെ ഞാൻ എത്തി നോക്കി, ഒറ്റ നോട്ടത്തിലേ എനിക്ക് ആളെ പിടി കിട്ടി, നൈർമല്ല്യം തുളുമ്പുന്ന ഒരു ചിരിയും ഫിറ്റ് ചെയ്ത് ഒരു യുവകോമളൻ, കൂതറയെന്നാണു പേരെങ്കിലും കൂതറത്തരം ഒട്ടും തോന്നിക്കാത്ത ഒരു പാവം..സാക്ഷാൽ കൂതറ ഹാഷിം..

"ഞങ്ങളു നിന്റെ കല്ല്യാണത്തിനു വരണം എന്ന് വിചാരിച്ചതായിരുന്നു, പിന്നെ തോന്നി വേണ്ടാന്ന്, കാരണം അന്ന് വന്നാൽ മര്യാദക്ക് നിന്നെയൊന്ന് കാണാനോ സംസാരിക്കാനോ ഒന്നും കഴിഞ്ഞെന്ന് വരില്ല, അതാ..ഇന്ന് വന്നത്."
ഏതായാലും പെരുത്ത് സന്തോഷമായി,..
അങ്ങനെ ഒത്തിരി നേരം ചില കുശലം പറച്ചിലുകൾ..പിന്നെ നേരെ വീട്ടിലേക്ക്.
പോകുന്ന വഴിക്ക്  ബ്ലോഗർ നൌഷാദ് ജി, ഡി യുടെ വീട്ടിലും കയറി..,നൌഷാദ് അവന്റെ ക്യാമറ കൊണ്ട് വന്ന് ഒന്ന് രണ്ട് ഫോട്ടോയെടുക്കാൻ തുനിഞ്ഞപ്പോഴേക്കും ഹാഷിം പുറത്തിറങ്ങി,
അവനു ക്യാമറ കണ്ടാ അലർജിയാ..നിങ്ങളു ഫോട്ടോ എടുത്തോളീ, കൊട്ടോട്ടിക്കാരൻ പോസ് ചെയ്ത് ഇരുന്നു, ഒപ്പം ഞാനും..ശേഷം എന്റെ വീട്ടിലേക്ക്.
ചായയും പലഹാരവും കഴിക്കുമ്പോഴും വീട്ടുകാരെ പരിചയപ്പെടുമ്പോഴുമൊക്കെ പരസ്പരം മുനവെച്ചുള്ള സംസാരവും കുസ്രതിത്തരങ്ങളും ഒക്കെയാ‍യി ശരിക്കും ജ്യേഷ്ഠാനുജന്മാരെന്നാണു കാണുന്ന ആർക്കും തോന്നുക, ഞാനും അവരോടൊപ്പം കൂടി, ഒടുക്കം സമയം വൈകി, പിന്നീടൊരിക്കൽ കാണാം എന്ന് പറഞ്ഞ് പിരിയാൻ തുടങ്ങിയപ്പോഴാ സങ്കടമായത്.,
ആദ്യമായി രണ്ട് ബ്ലോഗർമാർ എന്നെ കാണാൻ വന്നതല്ലേ.. ഞാൻ വിടുമോ
ഞാനും  കൂടെ വണ്ടിയിൽ കയറി..

"നീ എങ്ങോട്ടാ.”.കൊട്ടോട്ടി.

"ഞാനും ഉണ്ട്, നിങ്ങളു വണ്ടി വിട്.ഇവിടെ വരെ വന്നിട്ട് നിങ്ങളെ രണ്ട് പേരെയും അങ്ങനെ വെറുംവയറുമായി പറഞ്ഞ് വിടുന്നതെങ്ങനെ.."

"അയ്യോ..അതൊന്നും വേണ്ട കമ്പറെ..ചായ കുടിച്ചല്ലോ..അത് തന്നെ ധാ‍രാളം."

"ഒന്ന് മിണ്ടരുത്, ചുപ്പ് രഹോ..നിങ്ങളു വണ്ടി വിട്, മലപ്പുറം ടൌണിലോട്ട് പോട്ടെ. ഏതെങ്കിലുമൊക്കെ ഹോട്ടലിനു മുന്നിൽ നിർത്തിയാ മതി.."

"എന്നാ പിന്നെ അങ്ങനെയായ്ക്കോട്ടല്ലെ ഹാഷിമേ.".എന്ന് കൊട്ടോട്ടി

"അല്ല പിന്നെ," എന്ന് ഹാഷിമും.
മലപ്പുറം ഹോട്ടൽ ഡലീഷ്യയിലെ അരണ്ട വെളിച്ചത്തിലിരുന്ന് അൽഫാം ചിക്കനും കുഞ്ചിക്കോഴി ഫ്രൈയും കടിച്ച് വലിക്കുമ്പോഴും ആ തമാശകളും കുസ്രതി നിറഞ്ഞ സംസാരങ്ങളുമൊന്നും അവസാനിച്ചിരുന്നില്ല,

"ഇന്ന് ഞാൻ വീട്ടിലോട്ട് പോകുന്നില്ല, ഇന്ന് കൊട്ടോട്ടിയുടെ കൂടെയാ കിടപ്പ് " എന്ന് ഹാഷിം..

"ഇവനെയൊക്കെ വിശ്വസിച്ച് കൂടെ കിടത്താൻ പറ്റുമോടാ കമ്പറെ.".എന്ന് കൊട്ടോട്ടിയുടെ ഉരുളക്കുപ്പേരി..
ശരിക്കും എനിക്ക് അതിശയമായിരുന്നു.
കേവലം ബ്ലോഗെഴുത്തിലൂടെ മാത്രം വ്യത്യസ്ത പ്രദേശക്കാരും ചിന്താഗതിക്കാരുമായ രണ്ട് വ്യക്തികൾ തമ്മിൽ ഇത്രയധികം ആഴത്തിലുള്ള ഒരു സുഹ്രദ് ബന്ധം സാദ്ധ്യമാകുമോ.അവരുടെ കൂടെ ഞാനും  കൂടി., ഇന്നും എന്റെ മനസ്സിൽ ആ സുദിനം  മായാതെ കിടക്കുന്നു..
പക്ഷേ ഇപ്പോൾ ... തികഞ്ഞ വേദനയോടെ തന്നെ  പറയട്ടെ..
ജ്യേഷ്ഠാനുജന്മാരെപ്പോലെ പരസ്പരം ശാസിച്ചും സ്നേഹിച്ചും കഴിഞ്ഞ് പോന്ന ആ  നല്ല സുഹ്രത്തുക്കൾ ഇന്ന് രണ്ട് ധ്രുവങ്ങളിലെന്ന പോലെ അകന്നിരിക്കുന്നു,
കേവലം നിസ്സാരമായ ഒരു പ്രശ്നത്തിന്റെ പേരിൽ പരസ്പരം ഇത് വരെ കഴിഞ്ഞ് പോന്നതെല്ലാം മറന്ന് വിഴുപ്പലക്കലുകളും കുറ്റപ്പെടുത്തലുകളുമായി അവർ പരസ്പരം ചെളിവാരിയെറിയുന്നു, ഇപ്പോഴിതാ കൊട്ടോട്ടിക്കാരൻ ബ്ലോഗെഴുത്ത് നിർത്തുന്നു എന്ന് പോസ്റ്റിട്ടിരിക്കുന്നു..
ഗൂഗിൾ ബസ്സിൽ തുടങ്ങിയ ഒരു കമന്റിൽ നിന്നാണു ഈ പ്രശ്നങ്ങളുടെയെല്ലാം തുടക്കം എന്നാണു എനിക്ക് മനസ്സിലായത്, പിന്നീടത് ബ്ലോഗിലേക്കും അവിടുന്നും കടന്ന് വ്യക്തിപരമായ ജീവിതത്തിലേക്കും ഒക്കെ എത്തി എന്നത് ഖേദകരം തന്നെ..,
പ്രശ്നങ്ങളുടെ തുടക്കം തന്നെ ഞാൻ രണ്ട് പേരുമായും ഫോണിൽ സംസാരിച്ചിരുന്നതാണു, രണ്ട് പേർ പറയുന്നതിലും ന്യായമുണ്ട് എന്നാണു എനിക്ക് മനസ്സിലായത്, അത് രണ്ട് പേർക്കുമറിയാം , എന്നാൽ പരസ്പരം രണ്ട് പേരുംതമ്മിൽ സംസാരിച്ച് ഒരു നീക്കു പോക്കിൽ എത്തിയില്ല.., അങ്ങനെ അങ്ങനെ പ്രശ്നം വഷളായി..,ഇന്നിപ്പോൾ ഒരാൾ ഞാൻ ബ്ലോഗെഴുത്ത് നിർത്തുന്നു എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു..
ഒരാൾ ബ്ലോഗെഴുതണോ അതോ നിർത്തണൊ എന്നൊക്കെ അവരവരുടെ വ്യക്തിപരമായ കാര്യം,
എന്നാൽ തുഞ്ചൻ പറമ്പ് മീറ്റ് സംഘടിപ്പിക്കാൻ വേണ്ടി അഹോരാത്രം ഓടിനടന്ന് പ്രവർത്തിച്ച കൊട്ടോട്ടിക്കാരനെയും  അതിനു എല്ലാ പിന്തുണയും അർപ്പിച്ച് കൂടെതന്നെയുണ്ടായിരുന്ന ഹാഷിമിനെയും ഈ ബൂലോകത്തിനു ഇനിയും ആവശ്യമുണ്ട്,  അത് കൊണ്ട് തന്നെ അവർ തമ്മിൽ ഉള്ള ഈ പ്രശ്നം നല്ല രീതിയിൽ അവസാനിപ്പിക്കേണ്ടത് ബൂലോകരുടെ കൂടി ആവശ്യകതയാണു എന്നാണു ഞാൻ മനസ്സിലാക്കുന്നത്..

ഹാഷിമിനോട്:
താങ്കളുടെ പേരിൽ വ്യാജപ്രൊഫൈലും ബ്ലോഗും ഉണ്ടാക്കി അപകീർത്തിപ്പെടുത്താൻ ശ്രമിച്ച അനോണിയെ കണ്ട് പിടിക്കാനുള്ള  അവകാശം താങ്കൾക്കുണ്ട്, അത് കണ്ട് പിടിക്കുക തന്നെ വേണം, എന്നാൽ ഈ പ്രശ്നങ്ങളുമായി വന്ന ഒരു വിഷയം ആയത് കൊണ്ട് തന്നെ ഈ വിഷയത്തിൽ സംഭവിച്ച് പോയതെല്ലാം മറന്ന് നിങ്ങളുടെ സൌഹ്രദ ബന്ധം പഴയ പോലെ തന്നെ തുടരാൻ ഉപകരിക്കുമെങ്കിൽ താങ്കൾക്ക് ഇവ്വിഷയകരമായുള്ള എല്ലാ കാര്യങ്ങളിൽ നിന്നും പിന്മാറിക്കൂടെ., നിങ്ങളുടെ ആ പഴയ സുഹ്രദ് ബന്ധം ഇനിയും തുടർന്ന് കൂടെ...
( ഞാൻ ഇങ്ങനെ എഴുതി എന്ന് കരുതി ഞാൻ അനോണിയെ ന്യായീകരിക്കുന്നു എന്നല്ല, ഈ പ്രശ്നം ഒന്ന് നല്ല രീതിയിൽ അവസാനിച്ച് കിട്ടാൻ വേണ്ടി എഴുതിയതാ.)

കൊട്ടോട്ടിയോട്:
താങ്കൾക്ക് ഒരു മുഖ്യധാരാ മാധ്യമത്തിൽ  ഭാഗഭാക്കാകാനുള്ള ഒരു സുവർണ്ണാവസരം ഈ വിഷയവുമായി ബന്ധപ്പെട്ട് നഷടമായി എന്നതിൽ ഖേദമുണ്ട്, അത് കൊണ്ട് മാത്രം ലോകം അവസാനിക്കുന്നില്ലല്ലോ.,ഒരു അവസരം നഷ്ടമായെന്ന് കരുതി താങ്കളുടെ കഴിവ് വേരറ്റ് പോകുന്നില്ലല്ലോ..ഒരു പക്ഷേ ഇതിനേക്കാ‍ൾ വലിയ അവസരങ്ങൾ താങ്കളെ കാത്തിരിക്കുന്നുണ്ടാവാം.., അതിനാൽ  താങ്കൾ എഴുത്ത് നിർത്തുന്നു എന്ന് പറയുന്നത് തികച്ചും ആത്മഹത്യാ പരമല്ലേ.., എഴുത്ത് തുടരണം, അവസരങ്ങൾ ഇനിയും വരും..നമ്മളിൽ കഴിവുണ്ടെങ്കിൽ ലോകം നമ്മെ അറിയുകയും ആദരിക്കുകയും തന്നെചെയ്യും..പ്രതീക്ഷ കൈവിടാതെ എഴുത്ത് തുടരൂ...ഒപ്പം പഴയതെല്ലാം മറന്ന് നിങ്ങളൂടെ ആ പഴയ സൌഹ്രദ ബന്ധവും തുടരൂ..

എന്നെക്കാൾ വിവരവും വിവേകവും ഉള്ള നിങ്ങളോട് രണ്ട് പേരോടും ഇതൊന്നും ഞാൻ പറഞ്ഞ് തരേണ്ട ആവശ്യമില്ല എന്നറിയാം..എന്നിരുന്നാലും ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ എനിക്ക് സമാധാനം കിട്ടില്ല..അതാ..

പ്രിയ  സുഹ്രത്തുക്കളെ.,  കഴിഞ്ഞ് പോയതെല്ലാം മറന്ന്  നിങ്ങളുടെ വഴക്കും പിണക്കവും മാറ്റി നിങ്ങൾ വീണ്ടും ആ പഴയ സുഹ്രത്തുക്കൾ തന്നെയായി കാണാൻ വേണ്ടി പ്രാർത്ഥിക്കുന്നു....
 
കൂതറ  ഹാഷിം Vs കൊട്ടോട്ടിക്കാരൻ     എന്നത് കൂതറ ഹാഷിം & കൊട്ടോട്ടിക്കാരൻ എന്നാക്കാൻ ഇനിയും വൈകരുതെന്ന അപേക്ഷയോടെ..
Related Posts with Thumbnails

On 2011, മേയ് 5, വ്യാഴാഴ്‌ച 19 comments
Bookmark and Share


ഈയിടെയായി നാട്ടിൽ കള്ളന്മാരുടെ ഭയങ്കര ശല്യം. , സ്വർണ്ണാഭരണങ്ങൾ മിക്കവാറും ഏതെങ്കിലും ബാങ്കിന്റെ ലോക്കറിലോ ബ്ലേഡ് പലിശക്കാരുടെ  കയ്യിലോ പണയ വസ്തു ആയിരിക്കും.,അല്ല്ലാതെ ബാക്കിയായവ  പെണ്ണുങ്ങളുടെ കയ്യിലോ കഴുത്തിലോ കാണും..,അതെടുക്കുക എന്നത് കള്ളന്മാരെ സംബന്ധിച്ച് ഒരു അഗ്നിപരീക്ഷണം തന്നെയാണു.,ചില പെണ്ണുങ്ങൾ ഉറങ്ങുമ്പോൾ  തൊട്ടപ്പുറത്ത് കിടക്കുന്ന കെട്ടിയോനെ പൊക്കിക്കൊണ്ട് പോയാൽ പോലും അറിഞ്ഞ് കൊള്ളണമെന്നില്ല, എന്നിട്ടും കള്ളന്മാരിൽ ചിലർക്ക് അബദ്ധം പറ്റുന്നു , ചിലയവളുമാരുടെ കിടപ്പ് കണ്ട് കണ്ട്രോൾ ഗിയറ് പൊട്ടി  തൊടാനും തലോടാനും ഒക്കെ നിന്നാൽ പിന്നെങ്ങനാ...അല്ലാ തൊടാതിരിക്കുന്നതെങ്ങനാ.... അജന്ത , എല്ലോറ ഗുഹകളിലെ ശില്പചാതുരിയോടെയല്ലേ ചിലയവളുമാരുടെ കിടപ്പ് ..എന്തിനു വെറുതെ പുലിവാലു പിടിക്കണം എന്നതിനാലാവാം   ചെറുപ്പക്കാരായ കള്ളന്മാർ  അമ്മാതിരി പരിപാടികളൊക്കെ വിട്ട്  കണ്ണിൽ കാണുന്ന സകലതും ഐ മീൻ  ചട്ടി , വട്ടി, കുട്ട ,ചൂൽ എന്നീ റോയൽ വീട്ടുപകരണങ്ങളും മിക്സി, ഫ്രിഡ്ജ്, അലമാരി..എന്ന് തുടങ്ങി കൂട്ടിൽ കിടക്കുന്ന ആട്ടിൻ കുട്ടിയും ആട്ടിൻ കാഷ്ടവും  എന്തിനധികം അടുക്കളയിലിരിക്കുന്ന കറിപ്പൊടികളും ഉണ്ടാക്കി  വെച്ച മീൻ കറി വരെയും  അടിച്ച് മാറ്റുന്ന വിരുതന്മാരുണ്ട്...എന്നാലേ ഇവിടെ അവതരിച്ചിരിക്കുന്നത്  ആ സൈസ് കള്ളനൊന്നുമല്ല.., ഇത് ഒരു ന്യൂ ജനറേഷൻ  കള്ളൻ..

കാണാൻ കൊള്ളാവുന്ന പെമ്പിള്ളാരും ചേച്ചിമാരും ഒക്കെ ഉള്ള വീടാണു പുള്ളിക്കാരന്റെ പ്രവർത്തന മേഖല., ആളറിയാതെ തക്കം പാർത്ത് ചെന്ന്  സൺ ഷേഡിലെ വിടവ് , ജനലിലെ പഴുത്, കുളിമുറിയുടെ എയർ ഹോൾ എന്നിങ്ങനെയുള്ള തന്ത്രപധാ‍നമായ പ്രദേശങ്ങളിൽ അതിവിദഗ്ദമായി നുഴഞ്ഞ് കയറി  അലക്കുകയോ , കുളിക്കുകയോ, കുട്ടിക്ക് അമ്മിഞ്ഞ കൊടുക്കുകയോ ഒക്കെ ചെയ്യുന്ന തരുണീമണികളുടെ ചെറിയ ചെറിയ അഡൾട്ട്സ് ഒൺലി കട്ട് പീസുകൾ നഗ്നനേത്രങ്ങൾ കൊണ്ട് കട്ടെടുക്കലാണു ഇവന്റെ പണി..,അതാണു നുണയൻ കള്ളൻ...

ഇങ്ങനെയൊരു കള്ളന്റെ ശല്ല്യം നാട്ടിൽ പതിവായിരിക്കുന്നു.., ഇടക്ക് ഒന്ന് രണ്ട് പ്രാവശ്യം അഭിയുടെ വീട്ടിലും ഇവന്റെ ശല്ല്യമുണ്ടാ‍യി.. , രാത്രി അസമയത്ത് തങ്ങളുടെ  എല്ലാ പ്രവർത്തനങ്ങൾക്കും സി,ഐ,ഐ ചാരക്കണ്ണു പോലൊരു കണ്ണ് പിന്തുടരുന്നില്ലേ എന്ന് അഭിയുടെ ഒൻപതിലും പത്തിലും ശരീരപ്രക്രതി വെച്ച് നോക്കിയാൽ  എം, എക്കും പഠിക്കുന്ന  സഹോദരിമാർ പരാതി പറയുന്നു...കള്ളനെയും കുറ്റം പറയാൻ പറ്റില്ല, ആരായാലും ഒന്ന് നോക്കിപ്പോവും..പറമ്പിലൂടെ ആരൊക്കെയോ മിന്നായം പോലെ ഓടുന്നതും മറയുന്നതും ഒക്കെ ചെയ്യുന്നുണ്ടെന്ന് അയൽ വാസികൾക്കും പരാതി...ആ ഹാ...അങ്ങനെയെങ്കിൽ അവനെ വെറുതേ വിടാൻ പറ്റില്ലല്ലോ..., ഇനി അവനെങ്ങാനും മൊബൈൽ ക്യാമറ, ബ്ലൂ ടൂത്ത്  , യു ട്യൂബ്..എന്നിങ്ങനെയുള്ള വെടക്ക് മേഖലകളിൽ ബിരുദമെടുത്തവനാണെങ്കിലോ....മാനം കപ്പലു കയറി ദുബായിക്ക് പോയത്  തന്നെ , തീക്കട്ടയിലും ഉറുമ്പരിക്കുകയോ..അഭി സുഹ്രത്തായ ജാസിയോട് കാര്യം പറഞ്ഞു.., ( ആരാ ജാസിയെന്നോ..ദാ ഇവിടെ നോക്കൂ..അപ്പോ പിടികിട്ടും)

ഹോർലിക്സും കോമ്പ്ലാനും ഒന്നും കുടിക്കുന്നില്ലെങ്കിലും മറ്റുള്ളവരേക്കാൾ മൂന്നിരട്ടി വളർച്ചയും  ടോള്ളർ ,സ്ട്രോങ്ങർ, ഷാർപ്പർ എന്നിങ്ങനെയൊക്കെയാണ്  ജാസി .. പഴങ്കഞ്ഞി ഈസ് സീക്രട്ട് ഓഫ് മൈ  എനർജി...ഇങ്ങനെ സ്വയം സർട്ടിഫൈ ചെയ്ത് നടക്കുന്ന ജാസി ആ ദൌത്യം സന്തോഷപൂർവ്വം സ്വീകരിച്ചു.., അതിനു സ്പെഷ്യൽ കാരണമുണ്ട്,  ലൈൻ കണക്റ്റ്  ചെയ്ത് ചാർജ് ചെയ്യാൻ  അങ്ങേലെ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന രമേശിനു ചോക്കോബാർ വാങ്ങിക്കൊടുത്ത് എഴുതിച്ച തന്റെ ജീവിതത്തിലെ ആദ്യത്തെ പ്രണയ ലേഖനം നിഷ്കരുണം പിച്ചിച്ചീന്തി   പുച്ഛത്തോടേ  മുഖത്ത് നോക്കി നിലത്തമർത്തിച്ചവിട്ടി അരയും കുലുക്കി നടന്ന് പോയ അഭിയുടെ മൂത്ത പെങ്ങളുടെ മുന്നിൽ ഷൈൻ ചെയ്യാൻ ഇതിലും നല്ലൊരു അവസരമുണ്ടോ...ഒപ്പം പുച്ഛം, പരിഹാസം, എന്നിങ്ങനെയുള്ള ലൊടുക്ക് വാക്കുകൾ തനിക്കെതിരെ പ്രയോഗിക്കാൻ വേണ്ടി മാത്രം കണ്ട് പിടിച്ചതാണെന്നുള്ള മട്ടിൽ എന്ത് നല്ല  കാര്യം ചെയ്താലും പ്രതിപക്ഷനേതാവിനെപ്പോലെ തനിക്കിട്ട് ആപ്പ് വെക്കുന്ന വീട്ട്കാർക്കും നാട്ട്കാർക്കും  ഇടയിൽ വ്യക്തിത്വം ഒന്ന് മെച്ചപ്പെടുത്തിയെടുക്കുകയും ചെയ്യാം...ജാസി ഉഷാറായി..അങ്ങനെ അവർ രണ്ട് പേരും പ്ലാനിംഗുകളും ചർച്ചകളും അതീവ ഗൌരവമായി തന്നെ നടത്തി, ഒടുവിൽ  തീരുമാനം പാസാക്കി..

അന്ന് രാത്രി രണ്ട് പേരും അതീവ രഹസ്യമായി പറമ്പിലൊരിടത്തുള്ള വാഴക്കൂട്ടത്തിൽ മറഞ്ഞിരുന്നു..കള്ളൻ വരുമ്പോൾ കയ്യോടെ പിടിക്കാമല്ലോ....ഹയ്യട, ഹയ്യ, നല്ല ബുത്തി..സോറി ബുദ്ധി...
സമയമങ്ങനെ ഇഴഞ്ഞ് നീങ്ങി.. ദേ കഴിക്കാനുള്ള ഡിന്നർ ചൂടോടെ ഇതാ കയ്യെത്തും ദൂരത്ത് വന്ന് ഇരിക്കുന്നു എന്ന് മൂളിപ്പാട്ടും പാടി കല്ല്യാണത്തിനു വരുന്ന കണക്ക് ഒറ്റക്കും തെറ്റക്കുമായി  നൂറ് കണക്കിനു കൊതുകുകൾ വന്നു എന്നല്ലാതെ വേറെ ആരും അത് വഴി വന്നില്ല..,

"ച്ഛേ...കള്ളനുമില്ല , കൊള്ളക്കാരനുമില്ല,നമ്മളിവിടെ ഒളിച്ച് നിൽക്കുന്ന കാര്യം അവനറിഞ്ഞ് കാണുമോ..? നീ ആരോടെങ്കിലും പറഞ്ഞോടേയ്..."

മനം മടുത്ത് ജാസി അഭിയോട് ചോദിച്ചു.

"ഏയ്..ഞാനാരോടും പറഞ്ഞില്ല, അമ്മയാണെ സത്യം..വീട്ടിൽ പോലും ഞാൻ മിണ്ടിയിട്ടില്ല."

"ആ........ഇത്തിരി നേരം കൂടി നോക്കാം..".

ഒന്ന് രണ്ട് മണിക്കൂറുകൾ പ്ലക്കേന്ന്  കൊഴിഞ്ഞ് വീണു..

പെട്ടെന്ന് അഭിക്കൊരു മൂത്ര ശങ്ക..

"ജാസി..എനിക്ക് ഒന്നിനു പോകണം"...അവൻ പറഞ്ഞു..

"എടേ....അവിടെ എവിടെയെങ്കിലും ഒഴിയെടേ.."

കഴുകൻ കണ്ണുകളുമായി പരിസരനിരിക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന ജാസി പറഞ്ഞു..

"അതല്ല..ജാസി ഒന്ന് ചിലപ്പോ രണ്ടാകാൻ ചാൻസുണ്ട്, എനിക്ക് കക്കൂസിൽ പോണം..."

വയറുഴിഞ്ഞ് ഞെളി പിരി കൊണ്ട് അഭി പറഞ്ഞു..

"ഹൌ..നിന്നെക്കൊണ്ട് ഞാൻ തോറ്റു..എന്നാ വേഗം പോയി വാ...അധികം ഒച്ചയനക്കമൊന്നും ഉണ്ടാക്കരുത്, "

"അത് പിന്നേ..... "   അഭി നിന്ന് പരുങ്ങി..

"എന്താടാ...പോകുന്നില്ലേ.".

"ജാസി നീയും  കൂടി വാ ..ഒരു കമ്പനിക്ക്..."

"അയ്യേ..വ്രത്തികെട്ടവൻ ഇമ്മാതിരി കാര്യത്തിനാണോ കമ്പനി "

"ശ്ശോ...അതല്ല, എനിക്ക് ഒറ്റക്ക് പോകാൻ പേടിയാ..നീയാ കക്കൂസിന്റെ അടുത്ത് വരെ എന്നെ ഒന്ന് കൊണ്ടാക്കിത്താ."...

"ഹ..ഹ..ഹ ഇത് നല്ല കൂത്ത്, നീയാണൊ കള്ളനെ പിടിക്കാനിറങ്ങിയിരിക്കുന്നത്.കൊള്ളാം,ഹ.ഹ..ഹ"        ജാസി നിന്ന് ചിരിച്ചു.

അങ്ങനെ ഒടുക്കം ജാസി അവനെ കക്കൂസിനടുത്ത് കൊണ്ട് ചെന്നാക്കി , അഭി അകത്ത് കയറി കാര്യപരിപാടികൾ തുടങ്ങി..

ഏതാനും നിമിഷങ്ങൾ....പൊടുന്നനെ ജാസി കണ്ടു, ഇരുട്ടിൽ അവിടവിടെയായി കാല്പെരുമാറ്റം..ആരൊക്കെയൊ പിറു പിറുക്കുന്നു..എന്താണു സംഭവിക്കുന്നതെന്ന് ആലോചിക്കാൻ സമയം കിട്ടിയില്ല അതിനു മുമ്പേ ഇരുട്ടിൽ നിന്നും അതിശക്തമായൊരു അടി ജാസിയുടെ മുതുകിൽ വീണു..,, (((((പ്ടക്)))))...ഷുഐബ് അക്തറിന്റെ നല്ലൊരു   ബൌൺസർ  ഡിഫൻഡ് ചെയ്തിട്ട മട്ടിൽ ജാസി നിലത്ത് വീണു..  കണ്ണ് മിഴിച്ച്  മുകളിലേക്ക് നോക്കിയ ജാസി കണ്ടു.. അരണ്ട വെളിച്ചത്തിൽ മൂന്ന് നാലു രൂപങ്ങൾ..,അത്രയേ കണ്ടുള്ളൂ...പിന്നെ അടിയെടാ അവനേ...എന്നുള്ള ആക്രോശവും പെരുമഴ പോലെ അടിയുമായിരുന്നു..  ബഹളം കേട്ട് വീട്ട് കാരും കക്കൂസിനകത്ത്  നിന്ന് അഭിയും പുറത്ത് വന്നു..

"     എന്താ...എന്താ..    "

" എടാ..അഭീ..നിന്റെ വീട്ടിലു കക്കാൻ വന്ന നുണയൻ കള്ളനെ ഞങ്ങളു പിടിച്ചെടാ...ഇവനീ കക്കൂസിനടുത്ത് പതുങ്ങി നിക്കുവാരുന്നു.."     കൂട്ടത്തിലൊരുത്തൻ വിളിച്ച് പറഞ്ഞു..

"ഞങ്ങളു ഇന്നലേ മുതൽ ഇവനെയും കാത്ത് ഇവിടെ കാവലിരിക്കുവാരുന്നു.".

മറ്റൊരുത്തന്റെ കമന്റ്...

ഒന്നും മനസ്സിലാകാതെ അഭി മിഴിച്ച് നിന്നു..   "   എടാ..ഇങ്ങ് കൊണ്ട് വാ... ഞങ്ങളവന്റെ മുഖമൊന്ന് കാണട്ടെ.."     അഭിയുടെ അമ്മയും പെങ്ങന്മാരും  വിളിച്ച് പറഞ്ഞു..

ഇരുട്ടിൽ അടി കൊണ്ട് ചേരട്ട പോലെ ചുരുണ്ട് കിടക്കുന്ന കള്ളനെ എല്ലാവരും കൂടി വെളിച്ചത്തിലേക്ക് കൊണ്ട് വന്നു..

((((((((എടാ..ജാസീ.))))))))).......((((((((അമ്പടാ.))))))))))..

എല്ലാവരുടെയും വാ നൂറ്റി എൻപത് ഡിഗ്രി ഓപ്പണായിപ്പോയി...


പട്ടിക്കേറ് കിട്ടിയ കണക്ക് ജാസി നിന്ന് മോങ്ങി..

എന്ത് ചെയ്യണമെന്നറിയാതെ അഭി മിഴിച്ച് നിന്നു..

വീട്ട് കാരുടെ നിർദ്ദേശ പ്രകാരം അന്നേ ദിവസം മറ്റൊരു ടീം കള്ളനെ പിടിക്കാൻ നിന്ന കാര്യം അറിയാതെ പോയാൽ ഇതല്ല ഇതിലപ്പുറവും സംഭവിക്കും...

ഹീറോ ആകാൻ പോയ ജാസിയുടെ കാര്യം പിന്നെ എന്തായി.....സീ‍ീ‍ീ‍ീ‍ീറോRelated Posts with Thumbnails

On 2011, ഏപ്രിൽ 24, ഞായറാഴ്‌ച 20 comments
Bookmark and Share

          
     
പടിഞ്ഞാറിലേക്ക് സൂര്യൻ ചാഞ്ഞ് കൊണ്ടിരിക്കുകയാണു.., എത്രയും പെട്ടെന്ന് പള്ളിയിലെത്തണം.., ആദ്യമേ ചെന്ന് സ്ഥലം പിടിച്ചില്ലെങ്കിൽ പിന്നെ പുകിലാ.., ബംഗാളികളോട്  ഇത്തിരി സ്ഥലം ഇരിക്കാൻ ചോദിക്കുക എന്ന് പറഞ്ഞാൽ  അവരുടെ ദേഹത്ത് നിന്ന് ഒരു കിലോ ഇറച്ചിയെടുക്കട്ടേ എന്ന് ചോദിക്കുന്ന പോലെയാണു., അവരുമായി കശപിശ ഉറപ്പ്., ഞാൻ ആക്സിലേറ്ററിലേക്ക് കാലമർത്തി.., ഇനി വേഗതെയെടുക്കാൻ എന്നെക്കൊണ്ട് പറ്റില്ല എന്ന് പറയുന്നപോലെ വണ്ടിയൊന്ന് മുരണ്ടു.., പിന്നെ ശക്തിയെടുത്ത് കുതിച്ചു..,

സൌദിയിലെ അൽഖസീം ജില്ലയിലെ ബുറൈദയിൽ നിന്നും ബുകൈരിയയിലേക്കുള്ള റോഡിലൂടെ പറക്കുകയാണു എന്റെ വാഹനം..,ബുറൈദയിൽ ഒരാളെ കൊണ്ട് വിട്ട് തിരിച്ച്  വരികയാണു ഞാൻ.., റംസാനിലെ സന്ധ്യകൾ പൊതുവെ നല്ല തിരക്കായിരിക്കും സൌദിയിലെ റോഡുകളിൽ, നോമ്പ് തുറക്കുവാനുള്ള വിഭവങ്ങൾ വാങ്ങുവാനായി എല്ലാ വാഹങ്ങളും നിരത്തിൽ  പേ പിടിച്ച നായ്ക്കളെപ്പോലെ പരക്കം പാഞ്ഞ് കൊണ്ടിരിക്കും., ചുറ്റ് പാടും അലയൊലികൾ ഉയർത്തി ബാങ്കിന്റെ വിളിയാളം ഉയരുന്നത് വരെ അത് തുടരും.. ബുറൈദയിൽ ട്രാഫിക് ജാമുകളിൽ കുടുങ്ങിയത് കൊണ്ടാണു ഇത്ര വൈകിയത്.., ഇനി ബാങ്ക് വിളിക്കാൻ അഞ്ച് മിനുട്ട് കൂടി മാത്രമേ ബാക്കിയുള്ളൂ..,റൂമിലേക്കെത്തില്ല,  വഴിയിൽ ഒരിടത്ത് നോമ്പുതുറക്ക് സൌകര്യമുള്ള ഒരു പള്ളി കണ്ട് വച്ചിട്ടുണ്ട്, അവിടേക്കെങ്കിലും എത്തണം എന്ന വാശിയിലാണു ഞാൻ..,

പെട്ടെന്ന് എന്റെ മൊബൈൽ ഫോൺ ശബ്ദിച്ചു.., നേരത്തെ ഒരു ഇസ്തിറാഹ (വിശ്രമ കേന്ദ്രം ) യിൽ വെച്ച് പരിചയപ്പെട്ട തമിഴ്നാട് മധുര സ്വദേശി ഇസ്മയിലാണു വിളിക്കുന്നത്.., അവന്റെ റൂം ഈ പരിസരത്തെവിടെയോ ഉള്ള ഒരു മസ് റ ( തോട്ടം ) ക്കുള്ളിലാണെന്നാ അന്ന് പറഞ്ഞത്.,
ഞാൻ ഫോൺ അറ്റൻഡ് ചെയ്തു..,

ഹലോ..

ഇസ്മയിൽ പാതി മലയാളവും തമിഴും മിക്സ് ചെയ്ത് എന്തെല്ലാമോ പറഞ്ഞു.., എനിക്ക് മനസ്സിലായത് ഇതാണു., ഇന്ന് ഞാനവന്റെ റൂമിലേക്ക് നോമ്പ് തുറക്കാ‍നായി ചെല്ലണം.., അടുത്തെങ്ങാണ്ടോ ആണു അവന്റെ റൂം.., ആഹാ... മരുമോൻ ഇച്ഛിച്ചതും അമ്മാവൻ കൽ‌പ്പിച്ചതും ഫ്രീ വിസ, എന്ന് പറഞ്ഞ പോലെയായി ,
എന്നാ പിന്നെ ഇന്ന് അവന്റെ കൂടെ നോമ്പ് തുറക്കാം എന്ന് തീരുമാനിക്കാൻ അധികം ആലോചിക്കണോ...., അവനോട് വഴിയൊക്കെ വിശദമായി ചോദിച്ച് മനസ്സിലാക്കി..(എവടെ, എന്റെ മണ്ടയിലുണ്ടോ ..കയറുന്നു..) ,മെയിൻ റോഡിൽ നിന്നും ഒരു പാട് ഉള്ളിലാണു അവന്റെ റൂം..

ഊട് വഴികളിലേക്ക് കയറി ഞാനെന്റെ രഥം പായിച്ചു.., ഒരു വശം നിറയെ ഈന്തപ്പനത്തോട്ടങ്ങളും മറുവശം കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന മണൽ പ്പരപ്പുമാണു...ഇടക്കിടക്ക് വഴിപിരിഞ്ഞ് പോകുന്ന ഏതൊക്കെയോ റോഡുകളിലൂടെ കുറച്ച് ദൂരം ഓടിക്കാണും..ദേ ..ഞാൻ പോകുന്ന റോഡ് തൊട്ട് മുന്നിൽ ഫുൾ സ്റ്റോപ്പായിരിക്കുന്നു..,.., ശ്ശോ...പുലിവാലായി, ഞാൻ വഴി പിഴച്ചവനായിരിക്കുന്നു.,നേരം ഇരുട്ടിത്തുടങ്ങി, ബാങ്ക് വിളിക്കാൻ ഇനി നിമിഷങ്ങൾ മാത്രം.., ഞാൻ ധ്രതിയിൽ  തിരിച്ചെടുക്കവേ  റോഡിൽ നിന്നും കുഴഞ്ഞ് കിടക്കുന്ന മണൽ‌പ്പരപ്പിലേക്ക് വണ്ടി  ഇറങ്ങിപ്പോയി, ആക്സിലേറ്ററിൽ കാലമർത്തേണ്ട താമസം... ദേ കെടക്കണു..മുണ്ടീം മക്കളൂം... വണ്ടിയുടെ ചക്രങ്ങൾ ഒരു സീൽക്കാരത്തോടേ മണലിൽ പൂണ്ടു..,എന്റെ ദൈവമേ...ഞാനാകെ  വിയർത്തു, ഹ്യൂണ്ടായിയുടെ എച്ച് വൺ സീരീസിലുള്ള മിനി വാനാണു..,  ഫോർ വീൽ ഡ്രൈവ് ഇല്ലാ‍ത്ത മോഡലാണൂ..ഉണ്ടായിട്ടും വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല.ഞാനല്ലേ സാരഥി,.,

അറിയാവുന്ന സകല അടവുകളും  (ഏതൊക്കെയാണെന്ന് ചോദിക്കരുത്) ഞാൻ പയറ്റി നോക്കി, വണ്ടി മണലിൽ നിന്ന് കരകയറുന്നില്ലെന്ന് മാത്രമല്ല, ബാക്കിയുള്ള ചക്രങ്ങൾ കൂടി മണലിൽ ആഴ്ന്നു..,ആ‍ഹാ..ഇപ്പം നിനക്ക ത്രപ്തിയായില്ലേ., ഞാൻ എന്നെതന്നെ ചീത്ത വിളിച്ചു,  എന്ത് ചെയ്യണമെന്നറിയാതെ ഞാൻ പുറത്തിറങ്ങി, ചുറ്റ് പാടും ഇരുട്ടിനു കനം വെച്ച് തുടങ്ങി, ഒപ്പം ഭീതിപ്പെടുത്തുന്ന നിശബ്ദതയും.. വേൾഡ് കപ്പ് തോറ്റ സംഗക്കാരെയെപ്പോലെ ഞാൻ നിന്നു.., ഇനി എന്നാ ചെയ്യും...സഹായത്തിനു ആരെയെങ്കിലും കിട്ടുമോന്ന് എന്റെ കണ്ണുകൾ ചുറ്റിലും പരതി, എവടെ, ഈ പട്ടിക്കാട്ടിൽ ... അതും ഈ  മോന്തി നേരത്ത്  ആരു വരാൻ,  പെട്ടെന്ന് ഫോൺ വീണ്ടും ശബ്ദിച്ചു, ഇസ്മായീലാണു...അവനോട് എന്ത് പറയണമെന്നറിയാതെ ഏതാനും നിമിഷം ഞാൻ ചിന്താനിമഗ്ന....ഹൌ.., അങ്ങനെയെന്തോ ഇല്ലേ, ആ .....അങ്ങനെ ഞാൻ നിന്നു,
 ഞാൻ ഇവിടെ കുടുങ്ങിക്കിടക്കുയാണെന്ന് പറഞ്ഞ്  എന്തിനു ഞാൻ അവനെക്കൂടി വിഷമിപ്പിക്കണം..
 സോ..
ഞാൻ പറഞ്ഞു, ഇക്കാ എനിക്ക് ഇന്ന് വേറെ ഒരു ചെറിയ പരിപാടിയുണ്ട്, അതിനാൽ ഞാൻ ഇന്ന് വരുന്നില്ല, നിങ്ങൾ എന്നെ കാത്തിരിക്കേണ്ട,

അത് മുഴുമിപ്പിക്കേണ്ട താമസം അകലെ എവിടെയൊക്കെയോ  ബാങ്കിന്റെ അലയൊലികൾ മുഴങ്ങി, ഒരു ബോട്ടിൽ വെള്ളമെങ്കിലും കിട്ടിയിരുന്നെങ്കിൽൽ........ഒന്ന് നോമ്പ് തുറക്കാമായിരുന്നൂ‍ൂ‍ൂ‍ൂ‍ൂ........ഞാൻ നിരാശയോടെ വണ്ടിയും ചാരി നിന്നു..,
കുറച്ച് സമയം പിന്നിട്ട് കാണും... ഇരുട്ടിന്റെ മൂട് പടം  വകഞ്ഞ് മാറ്റി കുറച്ചകലേക്കൂടി രണ്ട് പ്രകാശ ഗോളങ്ങൾ അടുത്ത് വരുന്നു, ഏതോ ഒരു വാഹനമാണു, ഞാൻ പ്രതീക്ഷയോടെ നോക്കി, എന്റെ പ്രതീക്ഷയും പ്രാർത്ഥനയും തെറ്റിയില്ല, കുറച്ച് മുന്നോട്ട് പോയ വാഹനം അവിടെ നിന്നു, ഏതാനും നിമിഷം, പിന്നെ അത് തിരിച്ച് ഞാൻ നിൽക്കുന്ന റോഡിലേക്ക് കയറി എന്റെ അടുത്തേക്ക് വന്നു.,
സുമുഖനായ ഒരു അറബിയുവാവ് അതിൽ നിന്നും പുറത്തേക്കിറങ്ങി..

അസ്സലാമു അലൈക്കും..
വ അലൈക്കും അസ്സലാം..
ലേഷ് മുഷ്കിൽ ഹബീബ്ബി..ലേഷ് വഖിഫ് ഹിനാ...
നീയെന്താ ഇവിടെ നിർത്തിയിരിക്കുന്നതെന്ന്..

ഞാൻ അവനോട് ഉണ്ടായ കാര്യമെല്ലാം പറഞ്ഞു,.
എന്തോ..എന്തരോ...എന്റെ വാക്കുകൾ  അവന്റെ മനസ്സിൽ തട്ടിക്കാണണം..
അവൻ വണ്ടിയിൽ കയറി കുറച്ച് ഈത്തപ്പഴങ്ങളും വെള്ളവും ഒരു ബോട്ടിൽ ജ്യൂസും കൊണ്ട് എന്റെ അടുത്ത് വന്നു,
അവ്വൽ ഇൻ ത സവ്വി ഫുത്തൂർ സ്വയ..
എന്നോട് നോമ്പ് തുറന്നോളാൻ...സത്യം പറഞ്ഞാൽ എന്റെ കണ്ണ് നിറഞ്ഞ് പോയി..
ഞാനിത്രേം പ്രതീക്ഷിച്ചില്ല, വണ്ടി ഒന്ന് തള്ളിത്തരുമായിരിക്കും എന്നേ ഞാൻ നിരീച്ചുള്ളൂ

അത് വാങ്ങിക്കഴിക്കുമ്പോൾ  എന്റെ മനസ്സിൽ ചില തിരുത്തലുകൾ നടക്കുകയായിരുന്നു,ഞാനറിഞ്ഞതും അനുഭവിച്ചതുമായ  അറബികൾ  സഹജീവി സ്നേഹവും സഹാനുഭൂതിയും ദീനാനുകമ്പയും ഒന്നും തൊട്ട് തീണ്ടിയിട്ടില്ലാത്ത  ഒരു വിഭാഗമായിരുന്നു.., സ്വന്തം കാര്യം സിന്ദാബാദ്  എന്ന മട്ടിൽ വീടിനോടോ നാടിനോടോ സമൂഹത്തോടോ യാതൊരു ഉത്തരവാദിത്വബോധവുമില്ലാതെ ഏത് നേരവും തിന്ന് കുടിച്ച് ,ഉറങ്ങി, കറങ്ങി നടക്കുന്ന ബ്രോയിലർ മാംസപിണ്ടങ്ങളെ കണ്ട് ശീലിച്ച എനിക്ക് ഈ വ്യക്തി  ഒരു അത്ഭുതമായി മാറാതിരിക്കുന്നതെങ്ങനെ..

പിന്നീട് ഞാനും ആ അറബിപ്പയ്യനും കൂടി മരുഭൂമിയിലൂടേ തപ്പിനടന്ന് കുറച്ച്  മരക്കഷ്ണങ്ങൾ സംഘടിപ്പിച്ചു, ചക്രത്തിനടിയിലെ മണലെല്ലാം കഴിയാവുന്നത്ര നീക്കി, എന്നിട്ട് ആ വിറക് കഷ്ണങ്ങൾ അവക്കടിയിൽ വെച്ചു,ആയാസപ്പെട്ട് മണൽ നീക്കുന്ന ആ യുവാവിനെ കണ്ടപ്പോൾ ഞാൻ ശരിക്കും വിസ്മയിച്ച് പോയി..

പിന്നെ അവന്റെ വണ്ടി അടുത്ത് കൊണ്ട് വന്ന് അതിന്റ് പുറകിൽ കയർ കെട്ടി അതെന്റെ വണ്ടിയുമായി കൂട്ടിക്കെട്ടി ആ കുഴഞ്ഞ് കിടക്കുന്ന മണലിൽ  നിന്നും എന്റെ വണ്ടിയെ മോചിപ്പിച്ചെടുത്തു..

സന്തോഷത്തോടേയും ആശ്വാസത്തോടെയും ഞാൻ പുറത്തിറങ്ങി,

അവന്റെ അടുത്തേക്ക് ചെന്നു..

ഓക്കെ ഹബീബ്ബി, ഷുക്ക് റൻ, അൽഫ് അൽഫ് ഷുക്ക് റൻ, ജസ്സാക്കള്ളാ ഖൈർ
( സുഹ്രത്തെ.. നന്ദി, ആയിരമായിരം നന്ദി, ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.)

ആ കൈകൾ കൂട്ടിപ്പിടിച്ച് കൊണ്ട് നിറകണ്ണുകളോടേ ഞാൻ പറഞ്ഞു..

അൽഹീൻ കൈഫ്, ക്വൈസ്....( ഇപ്പോ എങ്ങനെ ഓക്കെയല്ലേ..)
ഉം..ഞാൻ തലയാട്ടി
യാ അള്ളാ മ അസ്സലാമ..
വ അലൈക്കും സലാം..
നിറഞ്ഞ ഒരു  പുഞ്ചിരി സമ്മാനിച്ച്  അവൻ വണ്ടിയോടിച്ച് പോയി..

അവൻ പോയ വഴിയേ ഞാൻ നിർന്നിമേഷനായി നോക്കി നിന്നുഅധികം പരിചയമില്ലാത്ത  ഒരു നാട്ടിൽ വിജനമായ പ്രദേശത്ത് ആരോരും സഹായത്തിനില്ലാതെ എന്തെങ്കിലും വിഷമതകളിൽ ഒറ്റപ്പെട്ട് കിടക്കുമ്പോൾ നമ്മുടെ മുന്നിലേക്ക് പ്രത്യക്ഷപ്പെട്ട്  നമ്മളാവശ്യപ്പെടാതെ തന്നെ നമുക്ക് സഹായങ്ങൾ അർപ്പിക്കുന്ന ഇത്തരക്കാരെ ദൈവ ദൂതൻ എന്നല്ലാതെ  പിന്നെ എന്ത് വിളിക്കാൻ...
Related Posts with Thumbnails

On 2011, ഏപ്രിൽ 9, ശനിയാഴ്‌ച 21 comments
Bookmark and Share


 അയാൾ ഒരു സ്ത്രീ ലമ്പടനായിരുന്നു., അയാളുടെ ചെയ്തികൾ അറിയാമായിരുന്നിട്ടും അയാളുടെ  ഭാര്യ അതെല്ലാം സഹിച്ച് തന്റെ വിധിയിൽ പരിതപിച്ച് കഴിഞ്ഞ് കൂടി.., ഒരു നാൾ അയാൾ വീട്ടിലേക്ക് കടന്ന് വരുന്ന നേരം ടി, വി യുടെ കേബിൾ കണക്ഷൻ ശരിയാക്കാൻ വന്ന അപ്പുറത്തെ വീട്ടിലെ പയ്യനെയും അവളെയും ഒന്നിച്ച് കണ്ടു എന്ന കാരണം പറഞ്ഞ് അയാൾ അവളെ മൊഴി ചൊല്ലി അവളുടെ  വീട്ടിൽ കൊണ്ട് ചെന്നാക്കി..

Related Posts with Thumbnails

On 2011, മാർച്ച് 24, വ്യാഴാഴ്‌ച 19 comments
Bookmark and Share


അയാൾ ഞെട്ടിയുണർന്നു..,പുറത്തെവിടെയോ തെരുവുനായ്ക്കൾ കടിപിടി കൂടുന്നു.., അയാൾ ചുറ്റും നോക്കി, നേരം പുലർന്നിട്ടില്ല, എല്ലാവരും നല്ല ഉറക്കത്തിലാണു.., പല ജാതി മരുന്നുകളുടെ സമ്മിശ്രഗന്ധം മച്ചിൽ ആർക്കോ വേണ്ടി കറങ്ങുന്ന ഫാനിന്റെ കട..കട ശബ്ദത്തിനൊപ്പം കറങ്ങി നടക്കുന്നു.,അകലെ മുനിഞ്ഞ് കത്തുന്ന ഒരു ട്യൂബ് ലൈറ്റിന്റെ വെളിച്ചം ഇടനാഴിയിൽ വ്യത്യസ്ത രൂപങ്ങളായി വീണു ചിതറിക്കിടക്കുന്നു..
അയാൾ പതിയെ എണീറ്റിരിക്കാൻ നോക്കി..ഇല്ല ..ആവുന്നില്ല,
കൈകാലുകളിൽ എന്തോ വലിയ ഭാരം കയറ്റി വെച്ചിരിക്കുന്നത് പോലെ, ശരീരമാസകലം ഭയങ്കരവേദനയും..നിരാശയോടെ അയാൾ ആ ശ്രമം ഉപേക്ഷിച്ചു..,
എന്താണു സംഭവിച്ചത്, അയാൾ ഓർത്തെടുക്കാൻ ശ്രമിച്ചു..
ഉമ്മാനോട് വഴക്കിട്ട്  വീട്ടീന്നിറങ്ങിപ്പോയത് ഓർമയുണ്ട്, പിന്നെ കുറച്ച് ദിവസം അവിടെയും ഇവിടെയുമായി കൂട്ടുകാരോടൊത്ത്  കറക്കം... രാത്രി ബൈക്കിൽ വരുമ്പോൾ എതിരെ വന്ന രണ്ട് ഹെഡ് ലൈറ്റുകൾകണ്ടത് ഓർമ്മയുണ്ട്.......പിന്നെ കാണുന്നത് പായലു പിടിച്ച മച്ചിൽ കറങ്ങുന്ന പൊടിപിടിച്ച ഫാനും മങ്ങിയ   ട്യൂബ് ലൈറ്റും എത്തിനോക്കി പിറു പിറുക്കുന്ന  ഏതൊക്കെയോ  മുഖങ്ങളുമാണ്..,മനം മടുപ്പിക്കുന്ന ഗന്ധങ്ങൾ മൂക്കിലടിച്ചപ്പോൾ മനസ്സിലായി ഇതൊരാശുപത്രിയാണെന്നും താനൊരു അപകടത്തില്പെട്ടെന്നും..

എന്തിനാണു ഉമ്മാനോട് വഴക്കിട്ടത്....
എന്താണു ഉമ്മാ ചെയ്ത തെറ്റ്, ജോലി ചെയ്ത് കിട്ടുന്ന കാശ് മുഴുവൻ ധൂർത്തടിച്ച് കളയാതെ വീട്ട് ചിലവിലേക്ക് തന്നൂടേന്ന് ചോദിച്ചതിനാണോ ഞാൻ ഉമ്മാനോട് പിണങ്ങിയത്.. ഒരു പാട് ചീത്ത പറഞ്ഞ് ഇറങ്ങിപ്പോയത്..എന്നിട്ടിപ്പോ രണ്ടാഴ്ച കഴിഞ്ഞു... ,വേണ്ടായിരുന്നു, ഒന്നുമില്ലെങ്കിലും  ബാപ്പ ഇട്ടേച്ച് പോയിട്ടും  ഇത്രയും കാലം എന്നെ യാതൊരു കുറവുമില്ലാതെ നോക്കി വളർത്തിയതല്ലേ...എന്നിട്ടും ഞാൻ.....എന്റെ ഉമ്മാ ..എന്ത് വലിയ പാതകമാണു ഞാൻ ചെയ്തത്,  മാപ്പ് ഇല്ലാത്ത തെറ്റാണു ഞാൻ ചെയ്തത്.. .

അയാളിൽ ചിന്തകൾ കൂട് കെട്ടാൻ തുടങ്ങി.

ചെറുതായൊന്ന് പനിച്ച് കിടക്കുമ്പോൾ തന്നെ ഉമ്മാക്ക് വേവലാതിയാണ്.,പിന്നെ ഉറക്കമിളച്ച് കൂട്ടിരിക്കലായി, മരുന്നും മന്ത്രവുമൊക്കെയായി ഏത് നേരവും കട്ടിലിനരികെതന്നെ കാണും.,ചെറു ചൂടുള്ള പൊടിയരിക്കഞ്ഞി ഉമ്മ കോരിക്കുടിപ്പിക്കും, കൂട്ടിനു അച്ചാറും ചുട്ട പപ്പടവും ചേർന്നാൽ പിന്നെ അതിന്റെ സ്വാദ് ഒന്ന് വേറെ തന്നെ..,ആ കഞ്ഞി കിട്ടാൻ വേണ്ടി പലപ്പോഴും അസുഖം വന്ന പോലെ ഭാവിച്ച്  കിടന്നിട്ടുണ്ട്, അതറിയാമെങ്കിലും അറിയാത്ത മട്ടിൽ ഉമ്മാ അടുത്തിരുന്ന് കഞ്ഞി കോരിക്കുടിപ്പിക്കും..അയാൾ നെടുവീർപ്പിട്ടു.
ആ സ്നേഹത്തിനു പകരമായി എനിക്ക്  എന്തെങ്കിലും  തിരിച്ച്   നൽകാൻ കഴിഞ്ഞിട്ടുണ്ടോ...

 അയാളുടെ മുഖത്ത് കുറ്റബോധം നിഴലിച്ചു, കണ്ണുകൾ സജലങ്ങളായി..,ഉമ്മാ അടുത്തുണ്ടായിരുന്നെങ്കിൽ ..ആ കൈകൾ നെറ്റിയിൽ ഒന്ന് തലോടിയിരുന്നെങ്കിൽ.... ഉമ്മാന്റെ കൈ കൊണ്ട് ആ പൊടിയരിക്കഞ്ഞി കോരിത്തന്നിരുന്നുവെങ്കിൽ.......എന്റെ ഈ വേദനക്ക് എന്ത് മാത്രം ആശ്വാസം കിട്ടുമായിരുന്നു...അയാൾ വെറുതെ ആശിച്ചു, ഇല്ല , വരില്ല, ഞാൻ അത്രമാത്രം വേദനിപ്പിച്ചിട്ടുണ്ട്, പിന്നെ എങ്ങനെ വരാനാ...അയാളിൽ  നിരാശ നിറഞ്ഞു, ,അയാൾ  ഓരോന്നാലോചിച്ച് കിടന്നു.
ഇടക്കെപ്പോഴോ അയാൾ നിദ്രയുടെ കയങ്ങളിലേക്ക് വഴുതി വീണു..,
എന്തോ ശബ്ദം കേട്ടാണു അയാൾ ഞെട്ടിയുണർന്നത്, നേരം നന്നെ വെളുത്തിരിക്കുന്നു, എവിടെ നിന്നോ അയാൾക്ക് പരിചിതമുള്ള ആ ഗന്ധം അയാളുടെ  നാസാരന്ധ്രങ്ങളിൽ വന്നണഞ്ഞു. അയാൾ ആകാംക്ഷയോടെ കണ്ണുകൾ വിടർത്തി..
  തന്റെ പുറക് വശത്തൊരു കാല്പെരുമാറ്റം..അയാ‍ൾ ആയാസപ്പെട്ട് തിരിഞ്ഞ് നോക്കി.,താഴെ  വെച്ച സ്റ്റീൽ പാത്രത്തിൽ തവി ഇളക്കികൊണ്ട് ഒരു രൂപം ...
പിന്നെ ആ രൂപം  കഞ്ഞി നിറച്ച പാത്രവുമായി മുന്നിലേക്ക് വന്ന് നിറഞ്ഞ കണ്ണുകൾ തുടച്ച് ചാരത്തായി ഇരുന്നു.. ..,അയാൾ ആ മുഖത്തേക്ക് നോക്കി..
അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി  ..താൻ ഇത്രമാത്രം വേദനിപ്പിച്ചിട്ടും യാതൊരു പരിഭവവുമില്ലാതെ ഇതാ.....എന്റെ ഉമ്മാ...
ഉമ്മാ......എന്റെ ഉമ്മാ‍.....അയാൾ ഉറക്കെ വിളിച്ചു, ..ആ വാക്കുകൾ  തൊണ്ടയിലെവിടെയോ കുരുങ്ങി..ആ ശോഷിച്ച കൈകൾ അണച്ച് പിടിച്ച് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അയാൾ കരഞ്ഞു.

Related Posts with Thumbnails

On 2011, മാർച്ച് 11, വെള്ളിയാഴ്‌ച 28 comments
Bookmark and Share
കറുത്ത കരിമ്പടം വിരിച്ച കണക്കെ റബ്ബറൈസ്ഡ് റോഡ് അങ്ങിനെ നീണ്ട് നിവർന്ന് കിടക്കുകയാണു, ഒരു ലോങ്ങ് ട്രിപ്പ് കൊണ്ട് വിട്ട് നാട്ടിലെങ്ങുമില്ലാത്ത രീതിയിൽ അറുത്ത് കാശും മേടിച്ച് ഞാനെന്റെ ഓട്ടോയിൽ തിരികെ വരികയാണ്., ഒരു ദിവസം മുഴുവൻ പരക്കം പാഞ്ഞാൽ  കിട്ടുന്ന തുക ഒരൊറ്റ ട്രിപ്പിൽ കിട്ടിയ സന്തോഷം ഉണ്ടെന്ന് വെച്ചോളൂ.., കൂട്ടിനു സ്റ്റീരിയോയിലെ തട്ട് പൊളിപ്പൻ പാട്ടുമുണ്ട്., അതിനനുസരിച്ച് താളം പിടിച്ചും തുള്ളിക്കളിച്ചും ആടിക്കുഴഞ്ഞ്  മലപ്പുറം കോട്ടപ്പടി ടൌൺ ലക്ഷ്യമാക്കി എന്റെ ഓട്ടോ അങ്ങനെ പറപറന്ന് വരികയാണ്..,

ഇടക്ക് ഒന്ന് രണ്ട് പേർ കൈ കാണിച്ചു,."ഓ.. പിന്നെ യാരിക്ക് വേണം.." പിണറായിയെ കണ്ട അച്ചുമാമനെപ്പോലെ  ഞാൻ മുഖം തിരിച്ചു.,അത് പിന്നെ അങ്ങിനെയാണ്., ഓട്ടമില്ലാത്ത ദിവസമാണെങ്കിൽ പോകുന്ന പോക്കിൽ റോഡരികിൽ നിന്ന് ആരെങ്കിലും “ ശൂ‍ൂഷ്  “ എന്ന് മൂക്ക് ചീറ്റിയാൽ “സ്ര്ര്ര്ര്..” ന്ന്  ഭീകര സ്വരത്തിൽ അലറിവിളിപ്പിച്ച് ബ്രേക്ക് ചവിട്ടി നിർത്തുന്നവർ കയ്യിൽ കുറച്ച് കാശ് തടഞ്ഞാൽ പിന്നെ ഓട്ടോയുടെ മൊത്തം വില വാടകയായി തരാ‍ന്ന് പറഞ്ഞാലും ..ങേ..ഹെ, എവിടെ വരാൻ..,

അങ്ങിനെ കുറച്ച് ദൂരം പിന്നിട്ട് കാണും..,
ഒരു സുന്ദരിയായ തരുണീമണി റോഡരികിൽ കയ്യും കാണിച്ച് നിൽക്കുന്നു.. സന്ധ്യക്കെന്തിനു സിന്ദൂരം ,ചന്ദ്രികക്കെന്തിനു വൈഡൂര്യം എന്ന കണക്കിലൊരു സുന്ദരി ഒറ്റക്ക് യാത്ര ചെയ്യാൻ ഓട്ടോക്ക്  കൈ കാണിച്ചാൽ ഏതൊരു  ചെറുപ്പക്കാരന്റെയും കാലുകൾ അറിയാതെ ബ്രേക്കിലമർന്ന് പോകും.., ഞാനായിട്ടെന്തിനാ ആ പതിവു തെറ്റിക്കുന്നത്,   "സ്ര്ര്ര്ര്."    ഞാനും വണ്ടി നിർത്തി..,

"എങ്ങോട്ടാ..?"  .ചോദ്യം എന്റെ വഹ.

"കോട്ടപ്പടി ടൌൺ വരെ."   .കിളി നാദം മൊഴിഞ്ഞു.,

"ഓക്കെ എന്നാൽ കയറിക്കോളൂ.".
എന്റെ കൈകൾ (  അല്ലാതെ ഞാനല്ലാട്ടോ..) തന്ത്ര പരമായി സൈഡ് വ്യൂ മിറർ അവളുടെ മുഖം ഫോക്കസ് ചെയ്യുന്ന രീതിയിൽ അഡ്ജസ്റ്റ് ചെയ്തു..,അവൾ പാട്ടിൽ ലയിച്ച് പുറത്തെ കാഴ്ചകൾ കണ്ടങ്ങനെ യിരുപ്പാണ്..,
എന്തോ...., എന്തെരോ..കൂട്ടിയും ഗുണിച്ചും ഹരിച്ചും നോക്കിയപ്പോൾ  എനിക്ക് മൊത്തത്തിൽ ആളെയങ്ങു ഇഷ്ടമായി..,മഞ്ജുവാര്യരെക്കാളും നവ്യാനായരെക്കാളും സുന്ദരിയാണോ.....ഈ മീരാ ജാസ്മിൻ എന്ന മട്ടിലൊരു സുന്ദരി.,എത്രെയോ നാളായി ഞാൻ കാണാൻ കൊതിച്ച് സ്വന്തമാക്കാൻ കൊതിച്ച് കൊണ്ട് നടന്ന ഒരുവൾ ഉണ്ടല്ലോ...( സ്വപ്നത്തിൽ..)..അതിവൾ തന്നെയാണു എന്ന് എനിക്ക് തോന്നി.,പല ജാതി സംഭവങ്ങൾ അനുഭവിക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ടെങ്കിലും ഇന്നേ വരെ പ്യാർ, ഇഷ്ക്, മൊഹബ്ബത്ത് എന്നീ സാധനങ്ങളൊന്നും രുചിച്ച് നോക്കാൻ  ഒരു അവസരവും കിട്ടിയിട്ടില്ല, അതെങ്ങനെ..,  സോഡാക്കുപ്പിന്മേൽ ചെറുനാരങ്ങ കയറ്റി വെച്ച പോലെയുള്ള തലയും ചെമ്പത്തെങ്ങിൻ മേൽ സ്പീക്കർ കെട്ടിയ പോലെയുള്ള ചെവികളും പന്തം കണ്ട പെരുച്ചാഴിയെപ്പോലുള്ള ഹെഡ്ലൈറ്റുകളും  ഒക്കെയുള്ള അവിഞ്ഞ മോന്തായം കണ്ടാൽ ഒരു പെണ്ണും തിരിഞ്ഞും മറിഞ്ഞും ഒന്നും നോക്കില്ല, പിന്നെങ്ങനാ....

പരിശ്രമിച്ചാൽ വിജയിക്കും, ഓരോന്നിനും ഓരോ സമയമുണ്ട്, ഓരോ സങ്കടങ്ങൾക്കും ഓരോ സന്തോഷമുണ്ട്, ഉപ്പ് തിന്നാൽ വെള്ളം കുടിക്കും, ഭക്ഷണം കഴിച്ചാൽ  വിശപ്പ് മാറും..എന്നിങ്ങനെയൊക്കെ ഇന്നലെ  പത്ത് രൂപാ കൊടുത്ത് കൈ നോട്ടക്കാരന്റെയടുത്ത് നിന്ന് ഭാവി പ്രവചിപ്പിച്ചതാണ്., അത് കൊണ്ട് ഒന്നു ശ്രമിച്ച് നോക്കുക തന്നെ....ഞാൻ ഒന്ന് മുട്ടി നോക്കാൻ തീരുമാനിച്ചു..,പോയാൽ ഒരു കല്ല്, അല്ല വാക്ക്, കിട്ടിയാലൊരു മാങ്ങ, സോറി പ്രേമം..ഹയ്യട, ഹയ്യാ‍ാ..
അങ്ങനെ ഞാൻ ധൈര്യം സംഭരിച്ച് ആദ്യത്തെ ബാൾ എറിഞ്ഞു.,
"എന്താ പേറ്..അല്ല പേര്.."
"എന്താ..? "   ന്യൂ ബാൾ ആയത് കൊണ്ടാവണം അവൾ ഡിഫൻസ് ചെയ്തു..,
"പേരെന്താന്നു.." ഞാൻ ക്വസ്റ്റൻ ഒന്ന് തല തിരിച്ചിട്ടു..
"ഓ...എന്റെ പേരു സുലൈഖ.," ( സാങ്കല്പികമാണേ...)
"ഓഹോ...എന്ത് ചെയ്യുന്നു, പഠിക്കുകയാണോ...?" അടുത്തത്
"എന്റെ പഠിത്തമൊക്കെ കഴിഞ്ഞതാ...''
എന്റെ നുഴഞ്ഞ് കയറ്റത്തിന്റെ  റൂട്ട് എവിടേക്കാണെന്ന് അവൾക്ക് മനസ്സിലായിക്കാണണം..
അവൾ മനോഹരമായി ചിരിച്ചു..,ഹെന്റമ്മോ...ആ ചിരിയുടെ മാസ്മരിക ശക്തി കൊണ്ട് അവൾ  അവിടെ   ഒരു വൻ ചുഴി രൂപപ്പെടുത്തി., ആ ചുഴിയിൽ എന്നെ വലിച്ചിട്ട്  താഴ്ത്തിക്കളഞ്ഞു..ചുരുക്കിപ്പറഞ്ഞാൽ ഞാൻ വീണു പോയീന്ന്..

അങ്ങനെ അങ്ങനെ ഞങ്ങൾ ഓരോന്നോരോന്ന് സംസാരിച്ച് കൊണ്ടിരുന്നു.,ചോദ്യങ്ങളും ഉത്തരങ്ങളും ഞങ്ങളുടെ മനസ്സുകൾ തമ്മിലുള്ള ഗ്യാപ്പ് ഫില്ല് ചെയ്ത്കൊണ്ടിരുന്നു..,സമയം പോയതറിഞ്ഞില്ല, ദൂരവും..,

കോട്ടപ്പടി ടൌണിൽ തിരക്ക് കുറഞ്ഞ ഒരു ഭാഗത്ത് ഞാൻ ഓട്ടോ നിർത്തി..,പരസ്പരം ഒന്നും ഉരിയാടാതെ ഏതാനും സെക്കൻഡുകൾ ഞങ്ങളെ കളിയാക്കി കടന്ന് പോയി..,പെട്ടെന്ന് പിരിയാൻ മടിച്ചത് കൊണ്ടോ എന്തോ അവളും മൂകമായി ഇരുന്നതേയുള്ളൂ..,
"വിരോധമില്ലെങ്കിൽ നമുക്ക് ഓരോ ഐസ്ക്രീമോ ജ്യൂസോ കഴിച്ചാലോ."..എങ്ങനെയോ ഈ വാക്കുകൾ എന്റെ വായിൽ നിന്നും പുറത്ത് ചാടി അവളുടെ കർണ്ണ പുടത്തിൽ കയറി മുട്ടി വിളിച്ചു..,
"ഓ..എന്ത് വിരോധം.., ഞാനെപ്പെഴോ റെഡി., അവൾ ഉഷാറായി..," ഒരു പക്ഷേ ഞാനത് ചോദിച്ചിരുന്നെങ്കിൽ എന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നോ അവൾ.., ആ, എന്തെങ്കിലുമാകട്ടെ.,

ഞാൻ ഓട്ടോ സ്റ്റാർട്ട് ചെയ്തു.,ടൌണിൽ നിന്നും കുറച്ച് മാറി ഒരു കൂൾബാറുണ്ട്, അവിടെയാകുമ്പോൾ കണ്ണിൽ കണ്ട വായി നോക്കികളുടെ ശല്യമില്ലാതെ സ്വസ്ഥമായി മിണ്ടിയും പറഞ്ഞും ഇരിക്കാം..ഞാൻ അങ്ങോട്ട് വണ്ടി വിട്ടു.,

എന്റെ പ്രതീക്ഷ ഈസ് വെരി റോങ്ങ്., കൂൾബാറിന്റെ അടുത്ത് ഒരു ബൈക്കും അതിനു ചുറ്റും നാ‍ലഞ്ച് കുരുത്തം കെട്ടവന്മാരും.., കൂട്ടത്തിലൊരുത്തനു എന്നെ അറിയാം..അതവനറിയാമെന്ന് എനിക്കുമറിയാം..,എന്നാ ചെയ്യും,

ഐഡിയാ.!!.ഞാനവളോട് പറഞ്ഞു., “നീയിവിടെ ഇറങ്ങി കൂൾ ബാറിനകത്തേക്ക് കയറിക്കോ..ഞാൻ കുറച്ചപ്പുറത്ത് വണ്ടി കൊണ്ട് നിർത്തിയിട്ട് പതിയെ വരാം..".

"ഓക്കെ..", അവൾ  സമ്മതിച്ചു.,അവൾ അവിടെ ഇറങ്ങി..
ഞാൻ കുറച്ചപ്പുറത്ത് വണ്ടി നിർത്തി പുറത്തിറങ്ങി..,

"എന്താടീ...എവിടെ പോകുന്നു.,?"

കൂട്ടം കൂടി നിന്നവരിൽ ഒരുത്തൻ അവളെ തടഞ്ഞ് നിർത്തുന്നു..,

"ഞാനെവിടെ വേണെങ്കിലും പോകും , അനക്കെന്താടാ.".. എന്ന് അവളും..,

ആഹാ...പീഡിപ്പിക്കാൻ വരുന്ന വില്ലന്മാരിൽ നിന്നും നായികയെ രക്ഷിക്കാൻ നായകൻ സാഹസികമായി ചാടി വീഴുന്ന പല പല സിനിമാ രംഗങ്ങളും എന്റെ മനസ്സിൽ മിന്നി മറഞ്ഞു.,ഇത് തന്നെ അവസരം., അവളുടെ മനസ്സിനെ ഒന്ന് ഇമ്പ്രസ്സ് ചെയ്യാൻ ഇതിലും പറ്റിയ ചാൻസ് വേറെയില്ല, ഞാൻ തയ്യാറെടുത്തു...,

"അടങ്ങ് മോനേ...അടങ്ങ് .,കാര്യമറിയാതെ എടുത്ത് ചാടിയാൽ ഇമ്പ്രസ്സ് ഉണ്ടാകുകയുമില്ല, അവന്മാരുടെ കയ്യിൽ പെട്ട് കമ്പ്രസ്സ് ആയിപ്പോവുകയും ചെയ്യും..അത് കൊണ്ട് കുറച്ച് നേരം ഒന്ന് ക്ഷമി.".,
എന്റെ ഉള്ളിൽ നിന്നാരോ എന്നെ തടഞ്ഞു..,ഞാൻ ഓട്ടോയുടെ മറവിലേക്ക് മാറി നിന്നു അവിടം വീക്ഷിച്ചു.., വേണ്ടി വന്നാൽ ഇടപെടാനും റെഡിയായിരുന്നു..,

''ഏതാടാ ഇവളു...    ''    കൂട്ടത്തിലൊരുത്തൻ..

''എടാ..ഇവളെ അനക്കറിയില്ലേ..,ഇവളു മറ്റേ കക്ഷിയാ...നാട്ടിലെ ചെറുപ്പക്കാരെയൊക്കെ ചിരിച്ച് കാണിച്ച് മയക്കിയെടുത്ത് നശിപ്പിക്കാൻ നടക്കുന്നവള്, അശ്രീകരം.''

എന്റെ മനസ്സിലെവിടെയോ ഞാൻ ഭദ്രമായി സൂക്ഷിച്ച് വെച്ചിരുന്ന ഒരു പളുങ്കു പാത്രം വീണു പൊട്ടിച്ചിതറി.., ഞാൻ തരിച്ച് നിന്നു, അപ്പോ...ഇത് വരെ  കൊണ്ട് നടന്നത്.,.... അയ്യേ, ആരെങ്കിലും അറിഞ്ഞാൽ...എന്റെ ഇമേജ്, പ്രൊഫൈലു,സ്റ്റാറ്റസ്, എല്ലാം ഡിലീറ്റായിപ്പോകുമല്ലോ....ഞാൻ നിന്ന് വിയർത്തു..,

''അതേടാ..ഞാനെന്റെ ഇഷ്ടം പോലെ നടക്കും., അതൊക്കെ ചോദിക്കാൻ അനക്കാരാ ..അധികാരം തന്നത്..,'' അവളുടെ ശബ്ദം ഉയർന്നു..,

ഇടക്കിടക്ക് അവൾ എന്റെ ഓട്ടോയുടെ നേർക്ക് നോക്കുന്നുണ്ട്., ദൈവമേ, എന്റെ ഉള്ള് കായാൻ തുടങ്ങി.., ഞാൻ ഒട്ടോയുടെ ഓരം പറ്റി മറഞ്ഞ് നിന്നു..

''എന്നാലേ അന്റെ പരിപാടിയൊന്നും ഇവടെ നടക്കൂലാ...മോളു വണ്ടി വിട്ടോ..ഇത് ഏരിയ വേറേ ആണ്, തടികേടാകും.''.( അതൊരു സിനിമാ ഡയലോഗല്ലേ..)
വേറെ ഒരുത്തന്റെ ശബ്ദം അതിനേക്കാൾ ഉയർന്നു..

''നീ എന്നെ എന്തോ ചെയ്യും..ഒന്ന് കാണിച്ച് താടാ,,..അന്നേക്കാളും വല്ല്യവന്മാരെ കണ്ടതാടാ ഞാൻ''.., അവൾ അവന്റെ അടുത്തേക്ക് ചെന്ന് വീമ്പിളക്കി..അലറി..,

''പ്ഠേ....'' പടക്കം പൊട്ടി അല്ല  അടി പൊട്ടി.

അതോടെ അപ്പുറത്തും ഇപ്പുറത്തും കാഴ്ചക്കാരായി നിന്ന തലകൾ അടുത്ത് കൂടി..

''അന്നോട് പോകാനാ പറഞ്ഞത്., അന്റെ പരിപാടി ഇബടെ നടക്കൂലാ...ഇഞ്ഞീം ഇജ്ജ് ഇബടെ നിന്നാൽ ഇതല്ല ഇതിലപ്പുറവും കിട്ടും..''
കൂട്ടത്തിലൊരു കാരണവർ അവൾക്ക് താക്കീത് നൽകി..,

''പ്ഫ..നായിന്റെ മക്കളേ..ഇങ്ങളു ബല്ല്യ സദാചാര വാദികളു വന്നേക്കുന്നു.,ആളും മൻഷ്യനും ഇല്ലാത്ത നേരത്ത് ഒറ്റക്ക് ഞാൻ ഇങ്ങളെയൊക്കെ അടുത്ത് വന്നാൽ മനസ്സിലാകും ഇങ്ങളെ സദാചാരത്തിന്റെ വെല..,ഒന്ന് പോയിനെടാ... തക്കം കിട്ടുമ്പോ എന്നെ പ്പോലുള്ള പാവപ്പെട്ട പെങ്കുട്ട്യോളുടെ മടിക്കുത്തഴിച്ച് ജീവിതം തകർത്തിട്ട്  നടക്കുന്നോരു  ബല്ല്യ മാന്യന്മാരു..,ഒടുക്കം ജീവിക്കാൻ വേറെ വഴിയില്ലാത്തോണ്ട് ഈ പണിക്കിറങ്ങുന്ന ഞങ്ങളു മോശക്കാരും..പോയിനെടാ..പട്ടികളേ.,ഈ കൂട്ടത്തിലുള്ള പല ആൾക്കാരുടെയും കഥകൾ എനിക്കറിയാം..എന്നേക്കൊണ്ടത് പറയിപ്പിക്കണോ...''
  അവൾ അലറി.

ആൾക്കൂട്ടത്തിന്റെ മുഖം മ്ലാനമായി.,പലരും പിന്നോട്ട് വലിയാൻ ശ്രമിക്കുന്ന പോലെ..,
 അവൾ നിർത്താനുള്ള ഭാവമില്ല..,

''കാണാൻ മൊഞ്ചുള്ള ഏതെങ്കിലുമൊരു പെണ്ണ് ഈ റോഡിന്മേൽക്കൂടി നടന്ന് പോയാൽ ഒരു സെക്കൻഡെങ്കിലും ആർത്തിയോടേ നോക്കാത്ത ഏതെങ്കിലുമൊരുത്തൻ ഈ കൂട്ടത്തിലുണ്ടോ..ഉണ്ടെങ്കിൽ അയാൾക്ക് വന്നെന്നെ തല്ലാം..ഉണ്ടോന്ന്...എന്തെടാ..ഉണ്ടോന്ന്.,''

പലരുടേയും ആവേശം ചോർന്ന് പോയ പോലെ.., ഇനി ഇവിടെ നിന്നാൽ ശരിയാവില്ല, മെല്ലെ സ്കൂട്ടാവാം..ഞാൻ പതുങ്ങി വണ്ടിക്കകത്തേക്ക് കയറി., ധ്രതിയിൽ വണ്ടി സ്റ്റാർട്ട് ചെയ്ത് പറപ്പിച്ച് വിട്ടു.. പരുന്തിന്റെ വായിൽ നിന്ന് രക്ഷപ്പെട്ട കോഴിക്കുഞ്ഞിനെ പ്പോലെ   കുതിച്ചും  കിതച്ചും വെട്ടിത്തിരിഞ്ഞും പരക്കം പാഞ്ഞും ഞാനും എന്റെ ഓട്ടോയും പറന്നകന്നു..,

ഹാവൂ...ആശ്വാസത്തോടെ ഞാൻ ദീർഘനിശ്വാസം വിട്ടു..,
 വലിയ ഒരു വിപത്തിൽ നിന്നു തന്നെയാണു രക്ഷപ്പെട്ടത്,

''കാണാൻ മൊഞ്ചുള്ള ഏതെങ്കിലുമൊരു പെണ്ണ് ഈ റോഡിന്മേൽക്കൂടി നടന്ന് പോയാൽ ഒരു സെക്കൻഡെങ്കിലും ആർത്തിയോടേ നോക്കാത്ത ഏതെങ്കിലുമൊരുത്തൻ ഈ കൂട്ടത്തിലുണ്ടോ..ഉണ്ടെങ്കിൽ അയാൾക്ക് വന്നെന്നെ തല്ലാം..ഉണ്ടോന്ന്...എന്തെടാ..ഉണ്ടോന്ന്.,''

അവളുടെ വാക്കുകൾ ചുറ്റും കിടന്ന് അലയടിക്കുന്ന പോലെ.

 അത് ശരിയാണ്..കുറ്റം ചെയ്യാത്തവർ കല്ലെറിയട്ടെ, അങ്ങനെയെങ്കിൽ ആരാണു കുറ്റം ചെയ്യാത്തവരായി ബാക്കിയുള്ളത്.....ഞാൻ എന്നോട് തന്നെ ചോദിച്ചു.Related Posts with Thumbnails

On 2011, ഫെബ്രുവരി 9, ബുധനാഴ്‌ച 29 comments
Bookmark and Share

പ്രിയ സുഹ്രത്തുക്കളെ.
എല്ലാവർക്കും ക്ഷേമമെന്ന് കരുതുന്നു., ചില സാങ്കേതിക കാരണങ്ങളാൽ കുറച്ച് കാലം ഇത് വഴിയൊന്നും വരാൻ കഴിഞ്ഞില്ല, അതിനിടക്ക് ഈ ബ്ലോഗിന്റെ ഒന്നാം വാർഷികവും കഴിഞ്ഞ് പോയി,അതിനാൽ ഇനി ഒരു വാർഷിക പോസ്റ്റിനു പ്രസക്തിയുമില്ല, എനിക്ക് ഒരു പാട് മാർഗനിർദേശങ്ങളും ഉപദേശങ്ങളും ഒക്കെ തന്ന് എന്നെ സർവ്വ സമയവും പിന്തുണച്ച ഒത്തിരി നല്ല ബ്ലോഗ്ഗേർസ് ഉണ്ട്, പലരെയും ഞാനെന്റെ ഗുരു സ്ഥാനത്താണു കാണുന്നത്,ആരെയും ഞാൻ പേരെടുത്ത് പറയുന്നില്ല, അങ്ങിനെയാണെങ്കിൽ  ഈ പോസ്റ്റ് ഇനിയും നീട്ടേണ്ടി വരും,  എനിക്ക് എല്ലാഴ്പ്പോഴും പിന്തുണ തന്ന് ഈ ബ്ലോഗിന്റെ വളർച്ചക്ക് ആത്മാർത്ഥമായി സഹകരിച്ച എല്ലാ സുഹ്രത്തുക്കൾക്കും ഗുരുനാഥന്മാർക്കും അഭ്യുദയകാംക്ഷികൾക്കും ഒക്കെ ഹ്രദയത്തിന്റെ ആഴങ്ങളിൽ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു,തുടർന്നും നിങ്ങളുടെയൊക്കെ സഹകരണം ഈ എളിയവനു ഉണ്ടാകും എന്ന പ്രതീക്ഷയോടേ..
നിങ്ങളുടെ സ്വന്തം സുഹ്രത്ത്:
കമ്പർ

*************************************************************************************
                                      ഒരു ചെറിയ അനുഭവ കഥ ഞാനിവിടെ കുറിക്കുന്നു
(അ) ശുഭയാത്ര                    വിരസമായ ഒരു ദീർഘയാത്രക്കു ശേഷം മദീന എക്സ്പ്രസ്സ്‌ ഹൈവേയിലൂടെ മക്കയിലെ താമസസ്ഥലത്തേക്കു മടങ്ങുകയാണു ഞാൻ..ഇവിടെയൊക്കെ മണിക്കൂറിൽ 90 കിലോമീറ്റർ എന്ന സ്പീഡ്‌ ലിമിറ്റ്‌ ഉണ്ടെങ്കിലും പല ഡ്രൈവർമാരും അതു പാലിക്കാറില്ല...അത്തരക്കാരെ പിടികൂടാൻ റഡാറും മറ്റ്‌ സംവിധാനങ്ങളുമായി പോലീസും വല വിരിച്ച് കാത്ത് നിൽക്കുന്നുണ്ടാകും..  പോരാത്തതിനു റോന്ത് ചുറ്റുന്ന ടീം വേറെയും.
         അങ്ങിനെയൊക്കെയാണെങ്കിലും  അവരെയും  അവരുടെ റഡാർ കണ്ണുകളേയും തന്ത്രപരമായി കബളിപ്പിച്ചു പലരും നിരത്തിൽ " ഷൂമാക്കർ" മാരാകാറുണ്ട്‌.. കൂടുതലും സ്വദേശികളായ കച്ചറപ്പിള്ളേർ, വീട്ടിലെ ശല്യമൊഴിവാക്കാൻ കയ്യിൽ  ഒരു എ.ടി.എം കാർഡും ഒരു വണ്ടിയുടെ താക്കോലും കൊടുത്ത് തന്തയും തള്ളയും പറഞ്ഞ് വിടുന്ന  അലവലാതികൾ , വീടിനെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ സമൂഹത്തെക്കുറിച്ചോ യാതൊരു ഉത്തർവാദിത്വബോധവുമില്ലാത്ത കുറേ മാംസ പിണ്ഡങ്ങൾ, അവർക്ക് കൂറെ തിന്നണം, പിന്നെ കുറെ ഉറങ്ങണം, പിന്നെ വണ്ടിയുമായി കറങ്ങണം..അത് മാത്രമാണു ജീവിതം.,( എല്ലാവരും അങ്ങനെയല്ലാട്ടോ..)
                ഇപ്പോൾ " ഷൂമാക്കർ" മാർക്കു പണി കൊടുക്കാൻ മഫ്ടിയിൽ പ്രൈവറ്റ്‌ വാഹനങ്ങളിലും പോലീസ്‌ നിരത്തിലുണ്ട്‌.. ഇവർ ഇത്തരക്കാരെ  ഓടിച്ചിട്ട്‌ പിടിക്കുന്നതു കാണുമ്പോൾ ഡിസ്കവറി ചാനലിൽ കണ്ട ചീറ്റപ്പുലി മാൻപേടക്കൂട്ടത്തിലെ ഏതെങ്കിലുമൊന്നിനെ ഓടിച്ചിട്ട്‌ വേട്ടയാടിപ്പിടിക്കുന്ന രംഗമാണു മനസ്സിൽ തെളിയുക ..
ഇതൊക്കെ മനസ്സിലുണ്ടെങ്കിലും സാമാന്യം നല്ല വേഗത്തിലാണ്  ഈയുള്ളവനും പറന്ന് വരുന്നത്‌,
പെട്ടെന്നു പുറകിൽ നീല നിറമുള്ള ഒരു ടൊയോട്ട കാമ്രി കാർ വന്നു ലൈറ്റ്‌ തെളിയിച്ച്‌ നിർത്താതെ ഹോൺ മുഴക്കി...എന്റെ ദൈവമേ...ഇതവൻ തന്നെ.മഫ്ടിപ്പോലീസ് ,..പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും നിയമം തെറ്റിച്ചിട്ടുണ്ട്‌ എങ്കിലും ഇതു വരെ പിടിക്കപ്പെട്ടിട്ടില്ലായിരുന്നു... ദേ ഇപ്പോൾ അതും ആയി... ഞാൻ മനസ്സിലുറപ്പിച്ചു..
               നിർത്തണോ വേണ്ടയോ...." ഇവൻ മാരുടെ കയ്യിൽ തോക്കുണ്ട്‌, നിർത്തിയില്ലേൽ ഇവന്മാർ വെടി വെക്കും.. അതിനു നമ്മുടെ നാട്ടിലെ പ്പോലെ എസ്‌, പിയോ  മുകളിലോട്ടുള്ളവരുടെയോ ഓർഡറൊന്നും ഇവർക്കു കാത്തിരിക്കേണ്ട "   ഒരു സുഹ്രത്ത്‌ പറഞ്ഞ വാക്കുകൾ തലച്ചോറിൽ മിന്നി.... തൽക്കാലം വെടി കൊള്ളാനുള്ള ആരോഗ്യം ഇല്ലാത്തത്‌ കൊണ്ട്‌ ഞാൻ നിർത്താൻ വേണ്ടി സിഗ്നലിട്ട്‌ ട്രാക്കു മാറ്റി... അവൻ എന്റെ വണ്ടിയുടെ സൈഡിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ വെട്ടിച്ച് കയറി  സമാന്തരമായി വന്ന് ഗ്ലാസ്സ്‌ താഴ്ത്തി എന്തൊക്കെയോ വിളിച്ചു പറഞ്ഞു...ഏതോ കുരുത്തം കെട്ട അറബിപ്പയ്യൻ " ഷൂമാക്കർ" കളിക്കുകയാണ`.. ഞാൻ ഗ്ലാസ്സ്‌ പൊക്കിവെച്ചതു കാരണം എനിക്കൊന്നും കേൾക്കാൻ കഴിഞ്ഞില്ല... എന്തായാലും എന്റെ അപ്പൻ , അപ്പൂപ്പൻ മുതൽ മുകളിലോട്ടുള്ളവരെ തെറി വിളിച്ചതാണ` എന്നു അവന്റെ മുഖത്ത്‌ വിരിഞ്ഞ ഭാവങ്ങളിൽ നിന്നു ഞാൻ മനസ്സിലാക്കി... ഞാൻ ഒന്നും പറഞ്ഞില്ല. പറഞ്ഞിട്ടും വലിയ പ്രയോജനം ഒന്നും ഇല്ല. പോലീസാണെന്നു കരുതി പേടിച്ച ഞാൻ ഒരു ദീർഘനിശ്വാസം വിട്ടു. ഹാവൂ...
                  നമ്മുടെ ഷൂമാക്കർ പാമ്പ് പോകുന്നതു പോലെ വളഞ്ഞും പുളഞ്ഞും പാഞ്ഞു പോയി.
ഏതാണ്ട്‌ ഇരുപതു കിലോമീറ്റർ പിന്നിട്ടു കാണും...റോഡിൽ ട്രാഫിക്ക്‌ ജാം. ചീറ്റപ്പുലികൾപോലെ ഓടിവന്ന വാഹനങ്ങൾ ആമകളെപ്പോലെ നിരങ്ങി നീങ്ങാൻ തുടങ്ങി..ഇതിവിടെ പതിവു കാഴ്ചയാണ് .. മനസ്സു പറക്കുന്നതിലും വേഗത്തിൽ വാഹനം പറക്കണമെന്നു വിചാരിച്ച ഏതെങ്കിലും "ഷൂമാക്കർ" തട്ടിത്തടഞ്ഞു വീണിട്ടുണ്ടാവും....സംഭവം അതു തന്നെ.. നിരങ്ങി നീങ്ങി വന്നു നോക്കുമ്പോൾ ...ദേ.. ഒരു വണ്ടി ടയർ മുകളിലായി കിടക്കുന്നു...പാവം. നല്ല വേഗതയിൽ വാഹനം വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട്‌ ഡിവൈഡറിൽ തട്ടി മറിഞ്ഞതായിരിക്കണം...ഒന്നു കൂടൊന്നു നോക്കിയപ്പോൾ ഞാൻ ഞെട്ടിപ്പോയി..അതേ നീല വണ്ടി..നീല നിറമുള്ള കാമ്രികാർ .എന്റെ ദൈവമേ....എന്റെ സകല നാഡികളും തളർന്നുപോയ പോലെ.., ഇതെന്റെ പുറകിൽ വന്നു ഹോണടിച്ചു പേടിപ്പിച്ച...! അതേ.. ...ഞാൻ ഒന്ന് കൂടി എത്തിനോക്കി ,എന്റെ ഹ്രദയം പിടഞ്ഞ് പോയി.,.മിനുട്ടുകളായില്ല.... എന്റെ മുന്നിലൂടെ കളിച്ചു ചിരിച്ചു പോയ ആ സുമുഖനായ ചെറുപ്പക്കാരൻ ഇതാ തൊട്ടു മുന്നിൽ ചോരയിൽ കുളിച്ചു കിടക്കുന്നു... എനിക്കെന്തോ വല്ലാത്ത അവസ്ഥയായി..തല പെരുക്കുന്നതു പോലേ.... കുറച്ചു മുന്നോട്ട്‌ പോയി ഞാൻ വണ്ടി സൈഡിലൊതുക്കി നിർത്തി.. ഈയവസ്ഥയിൽ വണ്ടിയോടിച്ചാൽ ശരിയാവുമെന്ന് തോന്നുന്നില്ല..മനസ്സിൽ നിന്നു ആ ചെറുപ്പക്കാരന്റെ  മുഖം മായുന്നില്ല..ഞാൻ സ്റ്റിയറിംഗിലേക്കു തലചായ്ച്ചു കിടന്നു...ദൈവം അവന്റെ ആത്മാവിനു ശാന്തി കൊടുക്കട്ടെ.,
എല്ലാ മനുഷ്യരും അവസാനം പോകേണ്ട ഒരിടത്തേക്കു അവനും പോയി..പക്ഷേ അതു അവൻ വിചാരിച്ചതിനേക്കാൾ വേഗത്തിലായിപ്പോയോ...?
അങ്ങനെ ഒരു മനുഷ്യന്റെ കൂടെ ജീവിത യാത്ര  (അ)ശുഭപര്യവസാനമായി...
Related Posts with Thumbnails

Related Posts with Thumbnails