ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2011, ഫെബ്രുവരി 9, ബുധനാഴ്‌ച 29 comments
Bookmark and Share

പ്രിയ സുഹ്രത്തുക്കളെ.
എല്ലാവർക്കും ക്ഷേമമെന്ന് കരുതുന്നു., ചില സാങ്കേതിക കാരണങ്ങളാൽ കുറച്ച് കാലം ഇത് വഴിയൊന്നും വരാൻ കഴിഞ്ഞില്ല, അതിനിടക്ക് ഈ ബ്ലോഗിന്റെ ഒന്നാം വാർഷികവും കഴിഞ്ഞ് പോയി,അതിനാൽ ഇനി ഒരു വാർഷിക പോസ്റ്റിനു പ്രസക്തിയുമില്ല, എനിക്ക് ഒരു പാട് മാർഗനിർദേശങ്ങളും ഉപദേശങ്ങളും ഒക്കെ തന്ന് എന്നെ സർവ്വ സമയവും പിന്തുണച്ച ഒത്തിരി നല്ല ബ്ലോഗ്ഗേർസ് ഉണ്ട്, പലരെയും ഞാനെന്റെ ഗുരു സ്ഥാനത്താണു കാണുന്നത്,ആരെയും ഞാൻ പേരെടുത്ത് പറയുന്നില്ല, അങ്ങിനെയാണെങ്കിൽ  ഈ പോസ്റ്റ് ഇനിയും നീട്ടേണ്ടി വരും,  എനിക്ക് എല്ലാഴ്പ്പോഴും പിന്തുണ തന്ന് ഈ ബ്ലോഗിന്റെ വളർച്ചക്ക് ആത്മാർത്ഥമായി സഹകരിച്ച എല്ലാ സുഹ്രത്തുക്കൾക്കും ഗുരുനാഥന്മാർക്കും അഭ്യുദയകാംക്ഷികൾക്കും ഒക്കെ ഹ്രദയത്തിന്റെ ആഴങ്ങളിൽ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു,തുടർന്നും നിങ്ങളുടെയൊക്കെ സഹകരണം ഈ എളിയവനു ഉണ്ടാകും എന്ന പ്രതീക്ഷയോടേ..
നിങ്ങളുടെ സ്വന്തം സുഹ്രത്ത്:
കമ്പർ

*************************************************************************************
                                      ഒരു ചെറിയ അനുഭവ കഥ ഞാനിവിടെ കുറിക്കുന്നു
(അ) ശുഭയാത്ര                    വിരസമായ ഒരു ദീർഘയാത്രക്കു ശേഷം മദീന എക്സ്പ്രസ്സ്‌ ഹൈവേയിലൂടെ മക്കയിലെ താമസസ്ഥലത്തേക്കു മടങ്ങുകയാണു ഞാൻ..ഇവിടെയൊക്കെ മണിക്കൂറിൽ 90 കിലോമീറ്റർ എന്ന സ്പീഡ്‌ ലിമിറ്റ്‌ ഉണ്ടെങ്കിലും പല ഡ്രൈവർമാരും അതു പാലിക്കാറില്ല...അത്തരക്കാരെ പിടികൂടാൻ റഡാറും മറ്റ്‌ സംവിധാനങ്ങളുമായി പോലീസും വല വിരിച്ച് കാത്ത് നിൽക്കുന്നുണ്ടാകും..  പോരാത്തതിനു റോന്ത് ചുറ്റുന്ന ടീം വേറെയും.
         അങ്ങിനെയൊക്കെയാണെങ്കിലും  അവരെയും  അവരുടെ റഡാർ കണ്ണുകളേയും തന്ത്രപരമായി കബളിപ്പിച്ചു പലരും നിരത്തിൽ " ഷൂമാക്കർ" മാരാകാറുണ്ട്‌.. കൂടുതലും സ്വദേശികളായ കച്ചറപ്പിള്ളേർ, വീട്ടിലെ ശല്യമൊഴിവാക്കാൻ കയ്യിൽ  ഒരു എ.ടി.എം കാർഡും ഒരു വണ്ടിയുടെ താക്കോലും കൊടുത്ത് തന്തയും തള്ളയും പറഞ്ഞ് വിടുന്ന  അലവലാതികൾ , വീടിനെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ സമൂഹത്തെക്കുറിച്ചോ യാതൊരു ഉത്തർവാദിത്വബോധവുമില്ലാത്ത കുറേ മാംസ പിണ്ഡങ്ങൾ, അവർക്ക് കൂറെ തിന്നണം, പിന്നെ കുറെ ഉറങ്ങണം, പിന്നെ വണ്ടിയുമായി കറങ്ങണം..അത് മാത്രമാണു ജീവിതം.,( എല്ലാവരും അങ്ങനെയല്ലാട്ടോ..)
                ഇപ്പോൾ " ഷൂമാക്കർ" മാർക്കു പണി കൊടുക്കാൻ മഫ്ടിയിൽ പ്രൈവറ്റ്‌ വാഹനങ്ങളിലും പോലീസ്‌ നിരത്തിലുണ്ട്‌.. ഇവർ ഇത്തരക്കാരെ  ഓടിച്ചിട്ട്‌ പിടിക്കുന്നതു കാണുമ്പോൾ ഡിസ്കവറി ചാനലിൽ കണ്ട ചീറ്റപ്പുലി മാൻപേടക്കൂട്ടത്തിലെ ഏതെങ്കിലുമൊന്നിനെ ഓടിച്ചിട്ട്‌ വേട്ടയാടിപ്പിടിക്കുന്ന രംഗമാണു മനസ്സിൽ തെളിയുക ..
ഇതൊക്കെ മനസ്സിലുണ്ടെങ്കിലും സാമാന്യം നല്ല വേഗത്തിലാണ്  ഈയുള്ളവനും പറന്ന് വരുന്നത്‌,
പെട്ടെന്നു പുറകിൽ നീല നിറമുള്ള ഒരു ടൊയോട്ട കാമ്രി കാർ വന്നു ലൈറ്റ്‌ തെളിയിച്ച്‌ നിർത്താതെ ഹോൺ മുഴക്കി...എന്റെ ദൈവമേ...ഇതവൻ തന്നെ.മഫ്ടിപ്പോലീസ് ,..പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും നിയമം തെറ്റിച്ചിട്ടുണ്ട്‌ എങ്കിലും ഇതു വരെ പിടിക്കപ്പെട്ടിട്ടില്ലായിരുന്നു... ദേ ഇപ്പോൾ അതും ആയി... ഞാൻ മനസ്സിലുറപ്പിച്ചു..
               നിർത്തണോ വേണ്ടയോ...." ഇവൻ മാരുടെ കയ്യിൽ തോക്കുണ്ട്‌, നിർത്തിയില്ലേൽ ഇവന്മാർ വെടി വെക്കും.. അതിനു നമ്മുടെ നാട്ടിലെ പ്പോലെ എസ്‌, പിയോ  മുകളിലോട്ടുള്ളവരുടെയോ ഓർഡറൊന്നും ഇവർക്കു കാത്തിരിക്കേണ്ട "   ഒരു സുഹ്രത്ത്‌ പറഞ്ഞ വാക്കുകൾ തലച്ചോറിൽ മിന്നി.... തൽക്കാലം വെടി കൊള്ളാനുള്ള ആരോഗ്യം ഇല്ലാത്തത്‌ കൊണ്ട്‌ ഞാൻ നിർത്താൻ വേണ്ടി സിഗ്നലിട്ട്‌ ട്രാക്കു മാറ്റി... അവൻ എന്റെ വണ്ടിയുടെ സൈഡിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ വെട്ടിച്ച് കയറി  സമാന്തരമായി വന്ന് ഗ്ലാസ്സ്‌ താഴ്ത്തി എന്തൊക്കെയോ വിളിച്ചു പറഞ്ഞു...ഏതോ കുരുത്തം കെട്ട അറബിപ്പയ്യൻ " ഷൂമാക്കർ" കളിക്കുകയാണ`.. ഞാൻ ഗ്ലാസ്സ്‌ പൊക്കിവെച്ചതു കാരണം എനിക്കൊന്നും കേൾക്കാൻ കഴിഞ്ഞില്ല... എന്തായാലും എന്റെ അപ്പൻ , അപ്പൂപ്പൻ മുതൽ മുകളിലോട്ടുള്ളവരെ തെറി വിളിച്ചതാണ` എന്നു അവന്റെ മുഖത്ത്‌ വിരിഞ്ഞ ഭാവങ്ങളിൽ നിന്നു ഞാൻ മനസ്സിലാക്കി... ഞാൻ ഒന്നും പറഞ്ഞില്ല. പറഞ്ഞിട്ടും വലിയ പ്രയോജനം ഒന്നും ഇല്ല. പോലീസാണെന്നു കരുതി പേടിച്ച ഞാൻ ഒരു ദീർഘനിശ്വാസം വിട്ടു. ഹാവൂ...
                  നമ്മുടെ ഷൂമാക്കർ പാമ്പ് പോകുന്നതു പോലെ വളഞ്ഞും പുളഞ്ഞും പാഞ്ഞു പോയി.
ഏതാണ്ട്‌ ഇരുപതു കിലോമീറ്റർ പിന്നിട്ടു കാണും...റോഡിൽ ട്രാഫിക്ക്‌ ജാം. ചീറ്റപ്പുലികൾപോലെ ഓടിവന്ന വാഹനങ്ങൾ ആമകളെപ്പോലെ നിരങ്ങി നീങ്ങാൻ തുടങ്ങി..ഇതിവിടെ പതിവു കാഴ്ചയാണ് .. മനസ്സു പറക്കുന്നതിലും വേഗത്തിൽ വാഹനം പറക്കണമെന്നു വിചാരിച്ച ഏതെങ്കിലും "ഷൂമാക്കർ" തട്ടിത്തടഞ്ഞു വീണിട്ടുണ്ടാവും....സംഭവം അതു തന്നെ.. നിരങ്ങി നീങ്ങി വന്നു നോക്കുമ്പോൾ ...ദേ.. ഒരു വണ്ടി ടയർ മുകളിലായി കിടക്കുന്നു...പാവം. നല്ല വേഗതയിൽ വാഹനം വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട്‌ ഡിവൈഡറിൽ തട്ടി മറിഞ്ഞതായിരിക്കണം...ഒന്നു കൂടൊന്നു നോക്കിയപ്പോൾ ഞാൻ ഞെട്ടിപ്പോയി..അതേ നീല വണ്ടി..നീല നിറമുള്ള കാമ്രികാർ .എന്റെ ദൈവമേ....എന്റെ സകല നാഡികളും തളർന്നുപോയ പോലെ.., ഇതെന്റെ പുറകിൽ വന്നു ഹോണടിച്ചു പേടിപ്പിച്ച...! അതേ.. ...ഞാൻ ഒന്ന് കൂടി എത്തിനോക്കി ,എന്റെ ഹ്രദയം പിടഞ്ഞ് പോയി.,.മിനുട്ടുകളായില്ല.... എന്റെ മുന്നിലൂടെ കളിച്ചു ചിരിച്ചു പോയ ആ സുമുഖനായ ചെറുപ്പക്കാരൻ ഇതാ തൊട്ടു മുന്നിൽ ചോരയിൽ കുളിച്ചു കിടക്കുന്നു... എനിക്കെന്തോ വല്ലാത്ത അവസ്ഥയായി..തല പെരുക്കുന്നതു പോലേ.... കുറച്ചു മുന്നോട്ട്‌ പോയി ഞാൻ വണ്ടി സൈഡിലൊതുക്കി നിർത്തി.. ഈയവസ്ഥയിൽ വണ്ടിയോടിച്ചാൽ ശരിയാവുമെന്ന് തോന്നുന്നില്ല..മനസ്സിൽ നിന്നു ആ ചെറുപ്പക്കാരന്റെ  മുഖം മായുന്നില്ല..ഞാൻ സ്റ്റിയറിംഗിലേക്കു തലചായ്ച്ചു കിടന്നു...ദൈവം അവന്റെ ആത്മാവിനു ശാന്തി കൊടുക്കട്ടെ.,
എല്ലാ മനുഷ്യരും അവസാനം പോകേണ്ട ഒരിടത്തേക്കു അവനും പോയി..പക്ഷേ അതു അവൻ വിചാരിച്ചതിനേക്കാൾ വേഗത്തിലായിപ്പോയോ...?
അങ്ങനെ ഒരു മനുഷ്യന്റെ കൂടെ ജീവിത യാത്ര  (അ)ശുഭപര്യവസാനമായി...
Related Posts with Thumbnails

Related Posts with Thumbnails