ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2011, മാർച്ച് 11, വെള്ളിയാഴ്‌ച 28 comments
Bookmark and Share
കറുത്ത കരിമ്പടം വിരിച്ച കണക്കെ റബ്ബറൈസ്ഡ് റോഡ് അങ്ങിനെ നീണ്ട് നിവർന്ന് കിടക്കുകയാണു, ഒരു ലോങ്ങ് ട്രിപ്പ് കൊണ്ട് വിട്ട് നാട്ടിലെങ്ങുമില്ലാത്ത രീതിയിൽ അറുത്ത് കാശും മേടിച്ച് ഞാനെന്റെ ഓട്ടോയിൽ തിരികെ വരികയാണ്., ഒരു ദിവസം മുഴുവൻ പരക്കം പാഞ്ഞാൽ  കിട്ടുന്ന തുക ഒരൊറ്റ ട്രിപ്പിൽ കിട്ടിയ സന്തോഷം ഉണ്ടെന്ന് വെച്ചോളൂ.., കൂട്ടിനു സ്റ്റീരിയോയിലെ തട്ട് പൊളിപ്പൻ പാട്ടുമുണ്ട്., അതിനനുസരിച്ച് താളം പിടിച്ചും തുള്ളിക്കളിച്ചും ആടിക്കുഴഞ്ഞ്  മലപ്പുറം കോട്ടപ്പടി ടൌൺ ലക്ഷ്യമാക്കി എന്റെ ഓട്ടോ അങ്ങനെ പറപറന്ന് വരികയാണ്..,

ഇടക്ക് ഒന്ന് രണ്ട് പേർ കൈ കാണിച്ചു,."ഓ.. പിന്നെ യാരിക്ക് വേണം.." പിണറായിയെ കണ്ട അച്ചുമാമനെപ്പോലെ  ഞാൻ മുഖം തിരിച്ചു.,അത് പിന്നെ അങ്ങിനെയാണ്., ഓട്ടമില്ലാത്ത ദിവസമാണെങ്കിൽ പോകുന്ന പോക്കിൽ റോഡരികിൽ നിന്ന് ആരെങ്കിലും “ ശൂ‍ൂഷ്  “ എന്ന് മൂക്ക് ചീറ്റിയാൽ “സ്ര്ര്ര്ര്..” ന്ന്  ഭീകര സ്വരത്തിൽ അലറിവിളിപ്പിച്ച് ബ്രേക്ക് ചവിട്ടി നിർത്തുന്നവർ കയ്യിൽ കുറച്ച് കാശ് തടഞ്ഞാൽ പിന്നെ ഓട്ടോയുടെ മൊത്തം വില വാടകയായി തരാ‍ന്ന് പറഞ്ഞാലും ..ങേ..ഹെ, എവിടെ വരാൻ..,

അങ്ങിനെ കുറച്ച് ദൂരം പിന്നിട്ട് കാണും..,
ഒരു സുന്ദരിയായ തരുണീമണി റോഡരികിൽ കയ്യും കാണിച്ച് നിൽക്കുന്നു.. സന്ധ്യക്കെന്തിനു സിന്ദൂരം ,ചന്ദ്രികക്കെന്തിനു വൈഡൂര്യം എന്ന കണക്കിലൊരു സുന്ദരി ഒറ്റക്ക് യാത്ര ചെയ്യാൻ ഓട്ടോക്ക്  കൈ കാണിച്ചാൽ ഏതൊരു  ചെറുപ്പക്കാരന്റെയും കാലുകൾ അറിയാതെ ബ്രേക്കിലമർന്ന് പോകും.., ഞാനായിട്ടെന്തിനാ ആ പതിവു തെറ്റിക്കുന്നത്,   "സ്ര്ര്ര്ര്."    ഞാനും വണ്ടി നിർത്തി..,

"എങ്ങോട്ടാ..?"  .ചോദ്യം എന്റെ വഹ.

"കോട്ടപ്പടി ടൌൺ വരെ."   .കിളി നാദം മൊഴിഞ്ഞു.,

"ഓക്കെ എന്നാൽ കയറിക്കോളൂ.".
എന്റെ കൈകൾ (  അല്ലാതെ ഞാനല്ലാട്ടോ..) തന്ത്ര പരമായി സൈഡ് വ്യൂ മിറർ അവളുടെ മുഖം ഫോക്കസ് ചെയ്യുന്ന രീതിയിൽ അഡ്ജസ്റ്റ് ചെയ്തു..,അവൾ പാട്ടിൽ ലയിച്ച് പുറത്തെ കാഴ്ചകൾ കണ്ടങ്ങനെ യിരുപ്പാണ്..,
എന്തോ...., എന്തെരോ..കൂട്ടിയും ഗുണിച്ചും ഹരിച്ചും നോക്കിയപ്പോൾ  എനിക്ക് മൊത്തത്തിൽ ആളെയങ്ങു ഇഷ്ടമായി..,മഞ്ജുവാര്യരെക്കാളും നവ്യാനായരെക്കാളും സുന്ദരിയാണോ.....ഈ മീരാ ജാസ്മിൻ എന്ന മട്ടിലൊരു സുന്ദരി.,എത്രെയോ നാളായി ഞാൻ കാണാൻ കൊതിച്ച് സ്വന്തമാക്കാൻ കൊതിച്ച് കൊണ്ട് നടന്ന ഒരുവൾ ഉണ്ടല്ലോ...( സ്വപ്നത്തിൽ..)..അതിവൾ തന്നെയാണു എന്ന് എനിക്ക് തോന്നി.,പല ജാതി സംഭവങ്ങൾ അനുഭവിക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ടെങ്കിലും ഇന്നേ വരെ പ്യാർ, ഇഷ്ക്, മൊഹബ്ബത്ത് എന്നീ സാധനങ്ങളൊന്നും രുചിച്ച് നോക്കാൻ  ഒരു അവസരവും കിട്ടിയിട്ടില്ല, അതെങ്ങനെ..,  സോഡാക്കുപ്പിന്മേൽ ചെറുനാരങ്ങ കയറ്റി വെച്ച പോലെയുള്ള തലയും ചെമ്പത്തെങ്ങിൻ മേൽ സ്പീക്കർ കെട്ടിയ പോലെയുള്ള ചെവികളും പന്തം കണ്ട പെരുച്ചാഴിയെപ്പോലുള്ള ഹെഡ്ലൈറ്റുകളും  ഒക്കെയുള്ള അവിഞ്ഞ മോന്തായം കണ്ടാൽ ഒരു പെണ്ണും തിരിഞ്ഞും മറിഞ്ഞും ഒന്നും നോക്കില്ല, പിന്നെങ്ങനാ....

പരിശ്രമിച്ചാൽ വിജയിക്കും, ഓരോന്നിനും ഓരോ സമയമുണ്ട്, ഓരോ സങ്കടങ്ങൾക്കും ഓരോ സന്തോഷമുണ്ട്, ഉപ്പ് തിന്നാൽ വെള്ളം കുടിക്കും, ഭക്ഷണം കഴിച്ചാൽ  വിശപ്പ് മാറും..എന്നിങ്ങനെയൊക്കെ ഇന്നലെ  പത്ത് രൂപാ കൊടുത്ത് കൈ നോട്ടക്കാരന്റെയടുത്ത് നിന്ന് ഭാവി പ്രവചിപ്പിച്ചതാണ്., അത് കൊണ്ട് ഒന്നു ശ്രമിച്ച് നോക്കുക തന്നെ....ഞാൻ ഒന്ന് മുട്ടി നോക്കാൻ തീരുമാനിച്ചു..,പോയാൽ ഒരു കല്ല്, അല്ല വാക്ക്, കിട്ടിയാലൊരു മാങ്ങ, സോറി പ്രേമം..ഹയ്യട, ഹയ്യാ‍ാ..
അങ്ങനെ ഞാൻ ധൈര്യം സംഭരിച്ച് ആദ്യത്തെ ബാൾ എറിഞ്ഞു.,
"എന്താ പേറ്..അല്ല പേര്.."
"എന്താ..? "   ന്യൂ ബാൾ ആയത് കൊണ്ടാവണം അവൾ ഡിഫൻസ് ചെയ്തു..,
"പേരെന്താന്നു.." ഞാൻ ക്വസ്റ്റൻ ഒന്ന് തല തിരിച്ചിട്ടു..
"ഓ...എന്റെ പേരു സുലൈഖ.," ( സാങ്കല്പികമാണേ...)
"ഓഹോ...എന്ത് ചെയ്യുന്നു, പഠിക്കുകയാണോ...?" അടുത്തത്
"എന്റെ പഠിത്തമൊക്കെ കഴിഞ്ഞതാ...''
എന്റെ നുഴഞ്ഞ് കയറ്റത്തിന്റെ  റൂട്ട് എവിടേക്കാണെന്ന് അവൾക്ക് മനസ്സിലായിക്കാണണം..
അവൾ മനോഹരമായി ചിരിച്ചു..,ഹെന്റമ്മോ...ആ ചിരിയുടെ മാസ്മരിക ശക്തി കൊണ്ട് അവൾ  അവിടെ   ഒരു വൻ ചുഴി രൂപപ്പെടുത്തി., ആ ചുഴിയിൽ എന്നെ വലിച്ചിട്ട്  താഴ്ത്തിക്കളഞ്ഞു..ചുരുക്കിപ്പറഞ്ഞാൽ ഞാൻ വീണു പോയീന്ന്..

അങ്ങനെ അങ്ങനെ ഞങ്ങൾ ഓരോന്നോരോന്ന് സംസാരിച്ച് കൊണ്ടിരുന്നു.,ചോദ്യങ്ങളും ഉത്തരങ്ങളും ഞങ്ങളുടെ മനസ്സുകൾ തമ്മിലുള്ള ഗ്യാപ്പ് ഫില്ല് ചെയ്ത്കൊണ്ടിരുന്നു..,സമയം പോയതറിഞ്ഞില്ല, ദൂരവും..,

കോട്ടപ്പടി ടൌണിൽ തിരക്ക് കുറഞ്ഞ ഒരു ഭാഗത്ത് ഞാൻ ഓട്ടോ നിർത്തി..,പരസ്പരം ഒന്നും ഉരിയാടാതെ ഏതാനും സെക്കൻഡുകൾ ഞങ്ങളെ കളിയാക്കി കടന്ന് പോയി..,പെട്ടെന്ന് പിരിയാൻ മടിച്ചത് കൊണ്ടോ എന്തോ അവളും മൂകമായി ഇരുന്നതേയുള്ളൂ..,
"വിരോധമില്ലെങ്കിൽ നമുക്ക് ഓരോ ഐസ്ക്രീമോ ജ്യൂസോ കഴിച്ചാലോ."..എങ്ങനെയോ ഈ വാക്കുകൾ എന്റെ വായിൽ നിന്നും പുറത്ത് ചാടി അവളുടെ കർണ്ണ പുടത്തിൽ കയറി മുട്ടി വിളിച്ചു..,
"ഓ..എന്ത് വിരോധം.., ഞാനെപ്പെഴോ റെഡി., അവൾ ഉഷാറായി..," ഒരു പക്ഷേ ഞാനത് ചോദിച്ചിരുന്നെങ്കിൽ എന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നോ അവൾ.., ആ, എന്തെങ്കിലുമാകട്ടെ.,

ഞാൻ ഓട്ടോ സ്റ്റാർട്ട് ചെയ്തു.,ടൌണിൽ നിന്നും കുറച്ച് മാറി ഒരു കൂൾബാറുണ്ട്, അവിടെയാകുമ്പോൾ കണ്ണിൽ കണ്ട വായി നോക്കികളുടെ ശല്യമില്ലാതെ സ്വസ്ഥമായി മിണ്ടിയും പറഞ്ഞും ഇരിക്കാം..ഞാൻ അങ്ങോട്ട് വണ്ടി വിട്ടു.,

എന്റെ പ്രതീക്ഷ ഈസ് വെരി റോങ്ങ്., കൂൾബാറിന്റെ അടുത്ത് ഒരു ബൈക്കും അതിനു ചുറ്റും നാ‍ലഞ്ച് കുരുത്തം കെട്ടവന്മാരും.., കൂട്ടത്തിലൊരുത്തനു എന്നെ അറിയാം..അതവനറിയാമെന്ന് എനിക്കുമറിയാം..,എന്നാ ചെയ്യും,

ഐഡിയാ.!!.ഞാനവളോട് പറഞ്ഞു., “നീയിവിടെ ഇറങ്ങി കൂൾ ബാറിനകത്തേക്ക് കയറിക്കോ..ഞാൻ കുറച്ചപ്പുറത്ത് വണ്ടി കൊണ്ട് നിർത്തിയിട്ട് പതിയെ വരാം..".

"ഓക്കെ..", അവൾ  സമ്മതിച്ചു.,അവൾ അവിടെ ഇറങ്ങി..
ഞാൻ കുറച്ചപ്പുറത്ത് വണ്ടി നിർത്തി പുറത്തിറങ്ങി..,

"എന്താടീ...എവിടെ പോകുന്നു.,?"

കൂട്ടം കൂടി നിന്നവരിൽ ഒരുത്തൻ അവളെ തടഞ്ഞ് നിർത്തുന്നു..,

"ഞാനെവിടെ വേണെങ്കിലും പോകും , അനക്കെന്താടാ.".. എന്ന് അവളും..,

ആഹാ...പീഡിപ്പിക്കാൻ വരുന്ന വില്ലന്മാരിൽ നിന്നും നായികയെ രക്ഷിക്കാൻ നായകൻ സാഹസികമായി ചാടി വീഴുന്ന പല പല സിനിമാ രംഗങ്ങളും എന്റെ മനസ്സിൽ മിന്നി മറഞ്ഞു.,ഇത് തന്നെ അവസരം., അവളുടെ മനസ്സിനെ ഒന്ന് ഇമ്പ്രസ്സ് ചെയ്യാൻ ഇതിലും പറ്റിയ ചാൻസ് വേറെയില്ല, ഞാൻ തയ്യാറെടുത്തു...,

"അടങ്ങ് മോനേ...അടങ്ങ് .,കാര്യമറിയാതെ എടുത്ത് ചാടിയാൽ ഇമ്പ്രസ്സ് ഉണ്ടാകുകയുമില്ല, അവന്മാരുടെ കയ്യിൽ പെട്ട് കമ്പ്രസ്സ് ആയിപ്പോവുകയും ചെയ്യും..അത് കൊണ്ട് കുറച്ച് നേരം ഒന്ന് ക്ഷമി.".,
എന്റെ ഉള്ളിൽ നിന്നാരോ എന്നെ തടഞ്ഞു..,ഞാൻ ഓട്ടോയുടെ മറവിലേക്ക് മാറി നിന്നു അവിടം വീക്ഷിച്ചു.., വേണ്ടി വന്നാൽ ഇടപെടാനും റെഡിയായിരുന്നു..,

''ഏതാടാ ഇവളു...    ''    കൂട്ടത്തിലൊരുത്തൻ..

''എടാ..ഇവളെ അനക്കറിയില്ലേ..,ഇവളു മറ്റേ കക്ഷിയാ...നാട്ടിലെ ചെറുപ്പക്കാരെയൊക്കെ ചിരിച്ച് കാണിച്ച് മയക്കിയെടുത്ത് നശിപ്പിക്കാൻ നടക്കുന്നവള്, അശ്രീകരം.''

എന്റെ മനസ്സിലെവിടെയോ ഞാൻ ഭദ്രമായി സൂക്ഷിച്ച് വെച്ചിരുന്ന ഒരു പളുങ്കു പാത്രം വീണു പൊട്ടിച്ചിതറി.., ഞാൻ തരിച്ച് നിന്നു, അപ്പോ...ഇത് വരെ  കൊണ്ട് നടന്നത്.,.... അയ്യേ, ആരെങ്കിലും അറിഞ്ഞാൽ...എന്റെ ഇമേജ്, പ്രൊഫൈലു,സ്റ്റാറ്റസ്, എല്ലാം ഡിലീറ്റായിപ്പോകുമല്ലോ....ഞാൻ നിന്ന് വിയർത്തു..,

''അതേടാ..ഞാനെന്റെ ഇഷ്ടം പോലെ നടക്കും., അതൊക്കെ ചോദിക്കാൻ അനക്കാരാ ..അധികാരം തന്നത്..,'' അവളുടെ ശബ്ദം ഉയർന്നു..,

ഇടക്കിടക്ക് അവൾ എന്റെ ഓട്ടോയുടെ നേർക്ക് നോക്കുന്നുണ്ട്., ദൈവമേ, എന്റെ ഉള്ള് കായാൻ തുടങ്ങി.., ഞാൻ ഒട്ടോയുടെ ഓരം പറ്റി മറഞ്ഞ് നിന്നു..

''എന്നാലേ അന്റെ പരിപാടിയൊന്നും ഇവടെ നടക്കൂലാ...മോളു വണ്ടി വിട്ടോ..ഇത് ഏരിയ വേറേ ആണ്, തടികേടാകും.''.( അതൊരു സിനിമാ ഡയലോഗല്ലേ..)
വേറെ ഒരുത്തന്റെ ശബ്ദം അതിനേക്കാൾ ഉയർന്നു..

''നീ എന്നെ എന്തോ ചെയ്യും..ഒന്ന് കാണിച്ച് താടാ,,..അന്നേക്കാളും വല്ല്യവന്മാരെ കണ്ടതാടാ ഞാൻ''.., അവൾ അവന്റെ അടുത്തേക്ക് ചെന്ന് വീമ്പിളക്കി..അലറി..,

''പ്ഠേ....'' പടക്കം പൊട്ടി അല്ല  അടി പൊട്ടി.

അതോടെ അപ്പുറത്തും ഇപ്പുറത്തും കാഴ്ചക്കാരായി നിന്ന തലകൾ അടുത്ത് കൂടി..

''അന്നോട് പോകാനാ പറഞ്ഞത്., അന്റെ പരിപാടി ഇബടെ നടക്കൂലാ...ഇഞ്ഞീം ഇജ്ജ് ഇബടെ നിന്നാൽ ഇതല്ല ഇതിലപ്പുറവും കിട്ടും..''
കൂട്ടത്തിലൊരു കാരണവർ അവൾക്ക് താക്കീത് നൽകി..,

''പ്ഫ..നായിന്റെ മക്കളേ..ഇങ്ങളു ബല്ല്യ സദാചാര വാദികളു വന്നേക്കുന്നു.,ആളും മൻഷ്യനും ഇല്ലാത്ത നേരത്ത് ഒറ്റക്ക് ഞാൻ ഇങ്ങളെയൊക്കെ അടുത്ത് വന്നാൽ മനസ്സിലാകും ഇങ്ങളെ സദാചാരത്തിന്റെ വെല..,ഒന്ന് പോയിനെടാ... തക്കം കിട്ടുമ്പോ എന്നെ പ്പോലുള്ള പാവപ്പെട്ട പെങ്കുട്ട്യോളുടെ മടിക്കുത്തഴിച്ച് ജീവിതം തകർത്തിട്ട്  നടക്കുന്നോരു  ബല്ല്യ മാന്യന്മാരു..,ഒടുക്കം ജീവിക്കാൻ വേറെ വഴിയില്ലാത്തോണ്ട് ഈ പണിക്കിറങ്ങുന്ന ഞങ്ങളു മോശക്കാരും..പോയിനെടാ..പട്ടികളേ.,ഈ കൂട്ടത്തിലുള്ള പല ആൾക്കാരുടെയും കഥകൾ എനിക്കറിയാം..എന്നേക്കൊണ്ടത് പറയിപ്പിക്കണോ...''
  അവൾ അലറി.

ആൾക്കൂട്ടത്തിന്റെ മുഖം മ്ലാനമായി.,പലരും പിന്നോട്ട് വലിയാൻ ശ്രമിക്കുന്ന പോലെ..,
 അവൾ നിർത്താനുള്ള ഭാവമില്ല..,

''കാണാൻ മൊഞ്ചുള്ള ഏതെങ്കിലുമൊരു പെണ്ണ് ഈ റോഡിന്മേൽക്കൂടി നടന്ന് പോയാൽ ഒരു സെക്കൻഡെങ്കിലും ആർത്തിയോടേ നോക്കാത്ത ഏതെങ്കിലുമൊരുത്തൻ ഈ കൂട്ടത്തിലുണ്ടോ..ഉണ്ടെങ്കിൽ അയാൾക്ക് വന്നെന്നെ തല്ലാം..ഉണ്ടോന്ന്...എന്തെടാ..ഉണ്ടോന്ന്.,''

പലരുടേയും ആവേശം ചോർന്ന് പോയ പോലെ.., ഇനി ഇവിടെ നിന്നാൽ ശരിയാവില്ല, മെല്ലെ സ്കൂട്ടാവാം..ഞാൻ പതുങ്ങി വണ്ടിക്കകത്തേക്ക് കയറി., ധ്രതിയിൽ വണ്ടി സ്റ്റാർട്ട് ചെയ്ത് പറപ്പിച്ച് വിട്ടു.. പരുന്തിന്റെ വായിൽ നിന്ന് രക്ഷപ്പെട്ട കോഴിക്കുഞ്ഞിനെ പ്പോലെ   കുതിച്ചും  കിതച്ചും വെട്ടിത്തിരിഞ്ഞും പരക്കം പാഞ്ഞും ഞാനും എന്റെ ഓട്ടോയും പറന്നകന്നു..,

ഹാവൂ...ആശ്വാസത്തോടെ ഞാൻ ദീർഘനിശ്വാസം വിട്ടു..,
 വലിയ ഒരു വിപത്തിൽ നിന്നു തന്നെയാണു രക്ഷപ്പെട്ടത്,

''കാണാൻ മൊഞ്ചുള്ള ഏതെങ്കിലുമൊരു പെണ്ണ് ഈ റോഡിന്മേൽക്കൂടി നടന്ന് പോയാൽ ഒരു സെക്കൻഡെങ്കിലും ആർത്തിയോടേ നോക്കാത്ത ഏതെങ്കിലുമൊരുത്തൻ ഈ കൂട്ടത്തിലുണ്ടോ..ഉണ്ടെങ്കിൽ അയാൾക്ക് വന്നെന്നെ തല്ലാം..ഉണ്ടോന്ന്...എന്തെടാ..ഉണ്ടോന്ന്.,''

അവളുടെ വാക്കുകൾ ചുറ്റും കിടന്ന് അലയടിക്കുന്ന പോലെ.

 അത് ശരിയാണ്..കുറ്റം ചെയ്യാത്തവർ കല്ലെറിയട്ടെ, അങ്ങനെയെങ്കിൽ ആരാണു കുറ്റം ചെയ്യാത്തവരായി ബാക്കിയുള്ളത്.....ഞാൻ എന്നോട് തന്നെ ചോദിച്ചു.Related Posts with Thumbnails

28 comments:

ചെകുത്താന്‍ പറഞ്ഞു...

ആരാണു കുറ്റം ചെയ്യാത്തവരായി ബാക്കിയുള്ളത്.

അലി പറഞ്ഞു...

അങ്ങിനെ ഒരു ഐസ്ക്രീം പീഢനക്കേസിൽ നിന്നും രക്ഷപെട്ടു അല്ലെ... ഇനിയേതെങ്കിലും റ‍ഊഫ് വീണ്ടും കുത്തിപൊക്കുമെന്ന് കരുതാം.

പട്ടേപ്പാടം റാംജി പറഞ്ഞു...

ഇമേജും പ്രൊഫൈലും ഡിലീറ്റാവാതെ രക്ഷപ്പെട്ടല്ലൊ

സാബിബാവ പറഞ്ഞു...

ഹഹ പാവം ഒരു ഐസ്ക്രീം മിസ്സായി ഇനി മേലാല്‍ വണ്ടിയില്‍ കേറുന്ന പെമ്പിള്ളാരെ കള്ളാ നോട്ടം നോക്കണ്ടാ..
പോസ്റ്റ്‌ ചിരിപ്പിച്ചു

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

ചില സംഗതികള്‍ ശരിയാവാതെ വന്ന പോലെ , അവസാനത്തെ പെണ്ണിന്റെ ഡയലോഗുകള്‍ ഇത്തിരി ശരിയാവാനുണ്ടെന്നു തോന്നുന്നു. ഏതായാലും മൊത്തത്തില്‍ തരക്കേടില്ല . എന്റെ വക ഒരു 26 മാര്‍ക്ക് ഔട്ട് ഓഫ് 30.അടുത്ത റൌണ്ടില്‍ കൂടുതല്‍ നന്നായി വരണം , ആള്‍ ദ് ബെസ്റ്റ്!

Sapna Anu B.George പറഞ്ഞു...

ഈ കഥ സത്യമാണെങ്കില്‍ ................ഈ സുലേഖാ’ കീ ജെയ്’ എന്താ ചോദിച്ചതിനു കുഴപ്പം!!!................'കാണാൻ മൊഞ്ചുള്ള ഏതെങ്കിലുമൊരു പെണ്ണ് ഈ റോഡിന്മേൽക്കൂടി നടന്ന് പോയാൽ ഒരു സെക്കൻഡെങ്കിലും ആർത്തിയോടേ നോക്കാത്ത ഏതെങ്കിലുമൊരുത്തൻ ഈ കൂട്ടത്തിലുണ്ടോ..ഉണ്ടെങ്കിൽ അയാൾക്ക് വന്നെന്നെ തല്ലാം..ഉണ്ടോന്ന്... എന്തെടാ..ഉണ്ടോന്ന്.,''............................കുറ്റം പറയാനും, എടുത്തു ചാടി സമാജത്തെയും, നാടിനെയും രക്ഷിക്കാനും എല്ലാവരും ഉണ്ട്. അവര്‍ എങ്ങിന്റെ ,ആര്‍ക്ക്, എവിടെവെച്ച്, എന്തിന് ? എന്നൊന്നും ചോദിക്കാനും അറിയാനും ആരും ഇല്ല്.കമ്പർ ആർ,എം ജി......എല്ലാവരും കല്ലെറിയുന്ന ഒരു വസ്തുവിനെക്കുറിച്ചെഴുതിയ ഈ കഥ നന്നായിട്ടുണ്ട്. ഇടവേളക്കു ശേഷം......സുസ്വാഗതം

Naseef U Areacode പറഞ്ഞു...

കൊള്ളാം.. രസകരമായി... ഇപ്പൊ ഇടക്കിടക്കേ കാണുന്നുള്ളല്ലോ... എന്തു പറ്റി?
ഏതായലും വരുമ്പോ നല്ല ഒരു കഥയുമായി വരുന്നുണ്ട്.. ആശംസകള്‍

Naushu പറഞ്ഞു...

കൊള്ളാം... നല്ല പോസ്റ്റ്‌ ...

രമേശ്‌ അരൂര്‍ പറഞ്ഞു...

ചുളുവില്‍ ഒരു സദാചാര ക്കഥ ചിക്കി പുറത്തിട്ടു അല്ലെ ? കൊള്ളാം നന്നായി പറഞ്ഞു .:൦

Unknown പറഞ്ഞു...

സമൂഹത്തിന്റെ പൊള്ളയായ ചില നാട്യങ്ങളെ ഒന്ന് കൊട്ടിയല്ലേ?! രസകരമായ്‌ കഥ പറഞ്ഞു.

ആസാദ്‌ പറഞ്ഞു...

ഈ ഒറ്റക്കല്ല് കൊണ്ടീ സമൂഹത്തെ ഇങ്ങിനെ എരിയെണ്ടതുണ്ടായിരുന്നോ?

Anees പറഞ്ഞു...

ഏതായലും ഒരു ഐസ്‌ ക്രീം പ്രഷ്ണതിൽ നിനും രക്ഷപെട്ടലോ..അവന്റെ ഭഗ്യം.

"പിന്നെ കണാൻ കൊല്ലവുന്ന മൊഞ്ഞുൽള്ള്‌ പെന്നു...".എന്നെ നോകണം യെനുവെചു നമുടെ കന്റ്രൊൽ തെറ്റികുന്നവരും ഉണ്ട്‌.

സൂക്ഷിചാ‍ാൽ ദു:ക്ഖികേണ്ട അലേ കംബരെ

ശ്രീക്കുട്ടന്‍ പറഞ്ഞു...

സംഭവം മനോഹരമായി സ്കൂട്ടായെന്നൊക്കെപ്പറഞ്ഞെങ്കിലും ഇനി ലിസ്റ്റ്(പീഡന) പ്രസിദ്ധീകരിക്കുമ്പം ആ പേരും ഫോട്ടോയും ഉണ്ടാകരുതേ എന്റെ ഐസ്ക്രീം ഭഗോതീ......

Anil cheleri kumaran പറഞ്ഞു...

ആരെങ്കിലും അറിഞ്ഞാൽ...എന്റെ ഇമേജ്, പ്രൊഫൈലു,സ്റ്റാറ്റസ്, എല്ലാം ഡിലീറ്റായിപ്പോകുമല്ലോ..

ഹഹഹ.. നന്നായിട്ടുണ്ട്.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

aashamsakal.......

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

"കാണാൻ മൊഞ്ചുള്ള ഏതെങ്കിലുമൊരു പയ്യന്‍ ഈ റോഡിന്മേൽക്കൂടി നടന്ന് പോയാൽ ഒരു സെക്കൻഡെങ്കിലും ആർത്തിയോടേ നോക്കാത്ത ഏതെങ്കിലുമൊരുത്തി ഈ കൂട്ടത്തിലുണ്ടോ?" എന്ന്, പെണ്കൂട്ടത്തിനിടയില്‍ ഒറ്റയ്ക്ക് പെട്ടുപോയ ഏതെന്കിലും ഒരു പാവം സുന്ദരകില്ലാഡിക്കും ചോദിക്കാവുന്നതാണ്.

ഷമീര്‍ തളിക്കുളം പറഞ്ഞു...

ഹ ഹ ഹ....!
ഈ ഓട്ടോക്കാരന്‍ പയ്യനെക്കൊണ്ട് തോറ്റു...! ഇങ്ങിനെ വിളിച്ചുപരയല്ലേ എന്റെ ഇഷ്ട്ടാ...,

നന്നായിരിക്കുന്നു, അഭിനന്ദനങ്ങള്‍...

kambarRm പറഞ്ഞു...

ചെകുത്താൻ....അതേന്നേ..
.............................
അലിക്കാ..
അതൊരു ഒന്നൊന്നര രക്ഷപ്പെടലായിരുന്നു..ഹൌ
.............................
പട്ടേപാടം റാംജി.
:)
.............................
സാബി ബാവ..
ഇല്ല, അതോട് കൂടി അമ്മാ‍തിരി പരിപാടി നിർത്തിയില്ലേ..
.............................
മുഹമ്മദ് കുട്ടിക്കാ..
ഇത്രെയെങ്കിലും ശരിയാക്കിട്ടാനുള്ള പാട് എനിക്കേ അറിയൂ..ഏതായാലും 26 മാർക്ക് കിട്ടിയല്ലോ..
ബാക്കി ഞാൻ അടുത്ത റൌണ്ടിൽ മേടിച്ചോളാം..
..............................
സപ്ന അനു ബി ജോർജ്ജ്..
നന്ദി, ഇവിടെ വന്നതിനും നല്ല വാക്കുകൾ പറഞ്ഞതിനും..
..............................
നസീഫ്..
ഇപ്പോ പഴയ പോലെ ടൈം കിട്ടുന്നില്ല, പിന്നെ മൂഡും ശരിയാവുന്നില്ല, അതാ ഇടക്കിടക്ക് മുങ്ങുന്നത്..
എല്ലാത്തിനും നന്ദി..
..............................
നൌഷു.
:)
..............................
രമേശ് അരൂർ.
ചുമ്മാ ഒന്ന് കിടക്കട്ടന്നേയ്..
..............................
തെച്ചിക്കോടൻ..
അങ്ങനെ തോന്നിയോ..എന്നാൽ എന്റെ കർമ്മം സഫലമായി..നന്ദി
..............................
ആസാദ്.
അത് കൊണ്ടൊന്നും സമൂഹം നേരെയാകുമെന്ന് തോന്നുന്നില്ല, എന്നാലും ഒന്ന് ശ്രമിക്കാമല്ലോ..
..............................
മിറാക്കിൾ..
താങ്കൾ പറഞ്ഞതിലും ശരിയില്ലാതില്ല.
..............................
ശ്രീക്കുട്ടൻ..
ഞാനും പ്രാർത്ഥിക്കുന്നുണ്ട്, കാത്തോളണേ....
..............................
കുമാരൻ ജി..
അഭിപ്രായങ്ങൾക്ക് നന്ദി..
..............................
ജയരാജ്
നന്ദി.
..............................
തണൽ
അത് ശരിയാ...ഒരു നാണയത്തിനു രണ്ട് വശം ഇല്ലാതെ പോകുമോ...നന്ദി പ്രോത്സാഹനങ്ങൾക്ക്..
...............................
ഷമീർ തളിക്കുളം.
ഹ...ഹ.ഹ
ഇതൊക്കെ ഒരു രസമല്ലേ..

ഇത് വഴി വന്ന് ഈ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ എല്ലാവർക്കും അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.

കൂതറHashimܓ പറഞ്ഞു...

:)
എഴുത്ത് ഇഷ്ട്ടായി.

സൌന്ദര്യമുള്ള എന്തിനെയും ഞാന്‍. നോക്കും അത് പുല്ലാവാം, പുല്‍ചാടിയാവം, പെണ്ണാവാം. മനസ്സിന് കിട്ടുന്ന സന്തോഷം മാത്രമത്. അതില്‍ ഇത്തിരി കൂടി ആവേഷം കാണിക്കുന്നതല്ലേ തെറ്റാകുന്നുള്ളൂ.
അതെ, ആക്രാന്തം മാത്രാ തെറ്റാകുന്നെ. നിര്‍ദോഷ സൌന്ദര്യയാസ്വാദനം തെറ്റല്ലാ.

കുറുമ്പടീ.... ആണിനെന്തും ആവാം, പെണ്ണിനാവാന്‍ പാടില്ലെന്നത് മേധാവിത്വ മനോഭാവം.
ബ്ലോഗില്‍ തകര്‍ക്കുന്ന പലര്‍ക്കും വീട്ടുകാരി അതുപോലെ ചെയ്യുന്നത് ഒട്ടും ഇഷ്ജ്ട്ടപ്പെടാറില്ലാ.. അതും ചീപ്പ് മേദാവിത്വം+അപകര്‍ഷദാ ബോധം.

പാവപ്പെട്ടവൻ പറഞ്ഞു...

ഹേ ..നിങ്ങൾക്ക് ധൈര്യമില്ല കമ്പർ .
സുന്ദരിയായ ഒരു പെണ്ണുമൊത്തു ഐസ്ക്രീം കഴിക്കാനുള്ള നിങ്ങളുടെ തീരുമാനം എന്തുകൊണ്ട് മാറ്റി..? അപ്പോൾ നിങ്ങളുടെ മനസിൽ ചില ദുരാഗ്രഹമുണ്ടായിരുന്നു അല്ലേ..? അവൾ പറഞ്ഞതാണ് ശരി..! ഇരുട്ടിന്റെ മറവിൽ അവളെ പിഴപ്പിച്ചവർ മാന്യതയുടെ മുഖം മൂടിയണീയുന്നു .നിങ്ങൾ അവളുടെ കൂടെകഴിയണ്ട .പക്ഷെ നിങ്ങൾ അവളെ കൂട്ടികൊണ്ടു വന്നിട്ടു മുങ്ങിയതു തീരയും ശരിയായില്ല .

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

അപ്പോള്‍ ഐസ് ക്രീം കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല ,അല്ലേ?

kambarRm പറഞ്ഞു...

കൂതറ ഹാഷിം..
സൌന്ദര്യാസ്വാദനം അതിരു കടക്കുമ്പോൾ തന്നെയാണു തെറ്റാകുന്നത്.

മറ്റാരെങ്കിലും തക്കം കിട്ടിയപ്പോൾ ഏതെങ്കിലും പെങ്കുട്ട്യോളുടെ മടിക്കുത്തഴിച്ച് ജീവിതം തകർത്തിട്ട് ഒടുക്കം ജീവിക്കാൻ വേറെ വഴിയില്ലാത്തോണ്ട് ആ പെങ്കുട്ടികൾ ഈ പണിക്കിറങ്ങുന്നുവെങ്കിൽ ഇത്തരക്കാരെ ശിക്ഷിക്കാൻ അർഹതയുണ്ടോ..അതാണെന്റെ ചോദ്യം.

രക്ഷിക്കാൻ കഴിയാത്തവർക്ക് ശിക്ഷിക്കാൻ അധികാരമുണ്ടോ..
....................................

പാവപ്പെട്ടവൻ...
തനിക്കുണ്ടെന്ന് എല്ലാവരും ഊറ്റം കൊള്ളുന്ന മാനം, സ്ഥാനമാനങ്ങൾ , നിലയും വിലയും..എന്നിങ്ങനെയുള്ള മുഖം മൂടികൾ നഷ്ടപ്പെടുമെന്ന് കണ്ടാൽ പലപ്പോഴും ശരിയുടെ ഭാഗത്ത് നിൽക്കാൻ വിമ്മിഷ്ടപ്പെടുന്ന ഒരു സമൂഹത്തിൽ ജീവിക്കുന്ന എനിക്കും അങ്ങനെയേ ചിന്തിക്കാൻ തോന്നിയുള്ളൂ...
സമൂഹം ചിലരെ തെറ്റുകാരായി വിധിക്കുന്നത് കാര്യകാരണങ്ങൾ നോക്കിയാവണമെന്നില്ല, അവരവരുടെ നിലനില്പിനും സൽ‌പ്പേരിനും സുഖജീവിതത്തിനും കോട്ടം വരുത്താതെ എങ്ങെനെ മറ്റൊരാളിൽ പഴിചാരാൻ കഴിയും .കുറ്റം ആരോപിക്കാൻ കഴിയും..എന്നതിനനുസരിച്ചിരിക്കും സമൂഹത്തിന്റെ മനസ്സിലെ തെറ്റും ശരിയും...
അങ്ങനെയാണല്ലോ ഒരു നേരത്തെ വിശപ്പടക്കാൻ വേറെ ഒരു നിവ്രത്തിയുമില്ലാത്തതിനാൽ ഹോട്ടലിലെ ചില്ലലമാരയിൽ നിന്നും പലഹാരം എടുക്കുന്നവൻ കള്ളനെന്ന് മുദ്രകുത്തപ്പെടുന്നതും...സർക്കാർ ഖജനാവിൽ നിന്നും കോടികൾ വിഴുങ്ങി അഴിമതി നടത്തി രാഷ്ട്രസേവനം നടത്തുന്നവർ മാന്യദേഹികളാകുന്നതും..
........................................
മുഹമ്മദ് കുട്ടിക്കാ...
ഈ ഐസ്ക്രീം എവിടെഉം വില്ലനാണല്ലേ...ഹി..ഹി..ഹി

അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ എല്ലാവർക്കും നന്ദി.

കിരണ്‍ പറഞ്ഞു...

ആശംസകള്‍..

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

അല്ലെങ്കിലും ഇപ്പോള്‍ കിട്ടുന്നത് ഐസ് ക്രീമല്ല, ഫ്രോസണ്‍ ഡെസേര്‍ട്ടാണെന്നാണല്ലോ റേഡിയോ പരസ്യത്തിലെ കുട്ടി പറഞ്ഞത്!

പാവപ്പെട്ടവൻ പറഞ്ഞു...

ആദ്യം നിങ്ങൾ നിങ്ങൾക്കു വേണ്ടീ ജീവിക്കുക .നിങ്ങൾ സമൂഹത്തിന്റെ നിലപാടിലല്ല നിങ്ങളുടെ നിലപാടിൽ ഉറച്ചു നിൽക്കണം. നിങ്ങൾ തെറ്റിന്റെ ഭാഗത്തെ ന്യായികരിച്ചു ശരിയാക്കുന്ന ആളാകരുതു .നിങ്ങളൂടെ മനസിൽ കളങ്കമില്ലങ്കിൽ നിലപാടുകളും ശരിയാകും .എപ്പോഴും ഇത്തരം ഒളിച്ചോട്ടങ്ങളാണ് അധികഭാഗവും ആവർത്തിക്കുന്നതു .അതാണു നമ്മുടെ സമൂഹത്തിനെ ബാധിച്ച വലിയ രോഗവും .പ്രതികരണശേഷിയല്ല അസ്ഥിത്വംനഷ്ടപ്പെട്ട ഒരു ജനസാമന്യം . ആ അസ്ഥിത്വബോധം നമുക്കുണ്ടായിരുന്നെങ്കിൽ ഇവിടെ പറഞ്ഞ പെണ്ണു അങ്ങനെ ആകില്ലായിരുന്നു..

kambarRm പറഞ്ഞു...

കിരൺ..
നന്ദി
...........................
മുഹമ്മദ് കുട്ടിക്കാ..
ഫ്രോസൻ ഡെസേർട്ടോ...അതെന്താ സാധനം.
...........................
പാവപ്പെട്ടവൻ..
താങ്കൾ പറഞ്ഞത് തന്നെയാണു ശരി..
ആദ്യം ഒന്ന്, നമ്മൾ പരമാവധി നന്നാവാൻ ശ്രമിക്കുക, എന്നിട്ട് ശരിയുടെ ഭാഗത്ത് ശക്തമായി നിലനിൽക്കാനുള്ള ആർജ്ജവം ഉണ്ടാക്കിയേടുക്കുക..ഇങ്ങനെ പ്രതികരണ ശേഷി നഷ്ടപ്പെടാത്ത അസ്ഥിത്വം ഉള്ള ഒരു ജനവിഭാഗം എന്ന് രൂപപ്പെടുന്നുവോ അന്ന് സമൂഹം ഇത്തരം രോഗങ്ങളിൽ നിന്നും വിമുക്തി നേടൂം..അതിനു ഒരു പക്ഷേ ഒന്നോ രണ്ടോ ആളുകൾ വിചാരിച്ചാൽ സാധിച്ച് കൊള്ളണമെന്നില്ല, അപ്പോൾ പിന്നെ പിന്തിരിയാനുള്ള മനോഭാവം ആ വ്യക്തിയിൽ ഉരുത്തിരിഞ്ഞാൽ എങ്ങനെ അയാളെ കുറ്റപ്പെടുത്താനാവും..അതൊരു ഒളിച്ചോട്ടമാണെന്ന് വിശേഷിപ്പിക്കാൻ കഴിയുമോ..?
ഭൂരിപക്ഷത്തിന്റെ തീരുമാനമനുസരിച്ച് അയാൾ തന്റെ മനസ്സിലെ ശരിയെ ബലികഴിക്കുമ്പോൾ തന്നെ എന്നെങ്കിലുമൊരിക്കൽ ഈ ശരികൾ സമൂഹത്തിനു ബോധ്യപ്പെടുന്ന ഒരു കാലം വരും.എന്നൊരു ശുഭാപ്തിവിശ്വാസം അയാളിൽ ഉണ്ടായിരുന്നെങ്കിലോ...
“കാകകോലാഹലത്തിങ്കൽ കുയിൽ നാദം വിളങ്ങുമോ..” എന്നല്ലേ പ്രമാണം

സമൂഹത്തിൽ നടമാടുന്ന ഇത്തരം പൊള്ളയായ യാഥാർത്ഥ്യങ്ങളെ ഒന്ന് വിമർശന ബുദ്ധിയോടേ ചൊറിയാൻ മാത്രമാണു ഞാൻ ഈ കുറിപ്പ് ഇവിടെ കുറിച്ചത്..,

നമ്മെളെല്ലാവരും ഒത്ത് ചേർന്ന് ശ്രമിച്ചാൽ ഇതൊക്കെ മാറ്റിയെടുക്കാവുന്നതേയുള്ളൂ...

വിണ്ടും വന്ന് അഭിപ്രായം പറഞ്ഞതിൽ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു..

Jithu പറഞ്ഞു...

നന്നായിരിക്കുന്നു..
:D

rafeeQ നടുവട്ടം പറഞ്ഞു...

വായിച്ചു, കോട്ടപ്പടി കഥ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

എന്തെങ്കിലും പറഞ്ഞിട്ട്‌ പോകൂന്നേ...

Related Posts with Thumbnails