ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2011, ഏപ്രിൽ 24, ഞായറാഴ്‌ച 20 comments
Bookmark and Share

          
     
പടിഞ്ഞാറിലേക്ക് സൂര്യൻ ചാഞ്ഞ് കൊണ്ടിരിക്കുകയാണു.., എത്രയും പെട്ടെന്ന് പള്ളിയിലെത്തണം.., ആദ്യമേ ചെന്ന് സ്ഥലം പിടിച്ചില്ലെങ്കിൽ പിന്നെ പുകിലാ.., ബംഗാളികളോട്  ഇത്തിരി സ്ഥലം ഇരിക്കാൻ ചോദിക്കുക എന്ന് പറഞ്ഞാൽ  അവരുടെ ദേഹത്ത് നിന്ന് ഒരു കിലോ ഇറച്ചിയെടുക്കട്ടേ എന്ന് ചോദിക്കുന്ന പോലെയാണു., അവരുമായി കശപിശ ഉറപ്പ്., ഞാൻ ആക്സിലേറ്ററിലേക്ക് കാലമർത്തി.., ഇനി വേഗതെയെടുക്കാൻ എന്നെക്കൊണ്ട് പറ്റില്ല എന്ന് പറയുന്നപോലെ വണ്ടിയൊന്ന് മുരണ്ടു.., പിന്നെ ശക്തിയെടുത്ത് കുതിച്ചു..,

സൌദിയിലെ അൽഖസീം ജില്ലയിലെ ബുറൈദയിൽ നിന്നും ബുകൈരിയയിലേക്കുള്ള റോഡിലൂടെ പറക്കുകയാണു എന്റെ വാഹനം..,ബുറൈദയിൽ ഒരാളെ കൊണ്ട് വിട്ട് തിരിച്ച്  വരികയാണു ഞാൻ.., റംസാനിലെ സന്ധ്യകൾ പൊതുവെ നല്ല തിരക്കായിരിക്കും സൌദിയിലെ റോഡുകളിൽ, നോമ്പ് തുറക്കുവാനുള്ള വിഭവങ്ങൾ വാങ്ങുവാനായി എല്ലാ വാഹങ്ങളും നിരത്തിൽ  പേ പിടിച്ച നായ്ക്കളെപ്പോലെ പരക്കം പാഞ്ഞ് കൊണ്ടിരിക്കും., ചുറ്റ് പാടും അലയൊലികൾ ഉയർത്തി ബാങ്കിന്റെ വിളിയാളം ഉയരുന്നത് വരെ അത് തുടരും.. ബുറൈദയിൽ ട്രാഫിക് ജാമുകളിൽ കുടുങ്ങിയത് കൊണ്ടാണു ഇത്ര വൈകിയത്.., ഇനി ബാങ്ക് വിളിക്കാൻ അഞ്ച് മിനുട്ട് കൂടി മാത്രമേ ബാക്കിയുള്ളൂ..,റൂമിലേക്കെത്തില്ല,  വഴിയിൽ ഒരിടത്ത് നോമ്പുതുറക്ക് സൌകര്യമുള്ള ഒരു പള്ളി കണ്ട് വച്ചിട്ടുണ്ട്, അവിടേക്കെങ്കിലും എത്തണം എന്ന വാശിയിലാണു ഞാൻ..,

പെട്ടെന്ന് എന്റെ മൊബൈൽ ഫോൺ ശബ്ദിച്ചു.., നേരത്തെ ഒരു ഇസ്തിറാഹ (വിശ്രമ കേന്ദ്രം ) യിൽ വെച്ച് പരിചയപ്പെട്ട തമിഴ്നാട് മധുര സ്വദേശി ഇസ്മയിലാണു വിളിക്കുന്നത്.., അവന്റെ റൂം ഈ പരിസരത്തെവിടെയോ ഉള്ള ഒരു മസ് റ ( തോട്ടം ) ക്കുള്ളിലാണെന്നാ അന്ന് പറഞ്ഞത്.,
ഞാൻ ഫോൺ അറ്റൻഡ് ചെയ്തു..,

ഹലോ..

ഇസ്മയിൽ പാതി മലയാളവും തമിഴും മിക്സ് ചെയ്ത് എന്തെല്ലാമോ പറഞ്ഞു.., എനിക്ക് മനസ്സിലായത് ഇതാണു., ഇന്ന് ഞാനവന്റെ റൂമിലേക്ക് നോമ്പ് തുറക്കാ‍നായി ചെല്ലണം.., അടുത്തെങ്ങാണ്ടോ ആണു അവന്റെ റൂം.., ആഹാ... മരുമോൻ ഇച്ഛിച്ചതും അമ്മാവൻ കൽ‌പ്പിച്ചതും ഫ്രീ വിസ, എന്ന് പറഞ്ഞ പോലെയായി ,
എന്നാ പിന്നെ ഇന്ന് അവന്റെ കൂടെ നോമ്പ് തുറക്കാം എന്ന് തീരുമാനിക്കാൻ അധികം ആലോചിക്കണോ...., അവനോട് വഴിയൊക്കെ വിശദമായി ചോദിച്ച് മനസ്സിലാക്കി..(എവടെ, എന്റെ മണ്ടയിലുണ്ടോ ..കയറുന്നു..) ,മെയിൻ റോഡിൽ നിന്നും ഒരു പാട് ഉള്ളിലാണു അവന്റെ റൂം..

ഊട് വഴികളിലേക്ക് കയറി ഞാനെന്റെ രഥം പായിച്ചു.., ഒരു വശം നിറയെ ഈന്തപ്പനത്തോട്ടങ്ങളും മറുവശം കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന മണൽ പ്പരപ്പുമാണു...ഇടക്കിടക്ക് വഴിപിരിഞ്ഞ് പോകുന്ന ഏതൊക്കെയോ റോഡുകളിലൂടെ കുറച്ച് ദൂരം ഓടിക്കാണും..ദേ ..ഞാൻ പോകുന്ന റോഡ് തൊട്ട് മുന്നിൽ ഫുൾ സ്റ്റോപ്പായിരിക്കുന്നു..,.., ശ്ശോ...പുലിവാലായി, ഞാൻ വഴി പിഴച്ചവനായിരിക്കുന്നു.,നേരം ഇരുട്ടിത്തുടങ്ങി, ബാങ്ക് വിളിക്കാൻ ഇനി നിമിഷങ്ങൾ മാത്രം.., ഞാൻ ധ്രതിയിൽ  തിരിച്ചെടുക്കവേ  റോഡിൽ നിന്നും കുഴഞ്ഞ് കിടക്കുന്ന മണൽ‌പ്പരപ്പിലേക്ക് വണ്ടി  ഇറങ്ങിപ്പോയി, ആക്സിലേറ്ററിൽ കാലമർത്തേണ്ട താമസം... ദേ കെടക്കണു..മുണ്ടീം മക്കളൂം... വണ്ടിയുടെ ചക്രങ്ങൾ ഒരു സീൽക്കാരത്തോടേ മണലിൽ പൂണ്ടു..,എന്റെ ദൈവമേ...ഞാനാകെ  വിയർത്തു, ഹ്യൂണ്ടായിയുടെ എച്ച് വൺ സീരീസിലുള്ള മിനി വാനാണു..,  ഫോർ വീൽ ഡ്രൈവ് ഇല്ലാ‍ത്ത മോഡലാണൂ..ഉണ്ടായിട്ടും വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല.ഞാനല്ലേ സാരഥി,.,

അറിയാവുന്ന സകല അടവുകളും  (ഏതൊക്കെയാണെന്ന് ചോദിക്കരുത്) ഞാൻ പയറ്റി നോക്കി, വണ്ടി മണലിൽ നിന്ന് കരകയറുന്നില്ലെന്ന് മാത്രമല്ല, ബാക്കിയുള്ള ചക്രങ്ങൾ കൂടി മണലിൽ ആഴ്ന്നു..,ആ‍ഹാ..ഇപ്പം നിനക്ക ത്രപ്തിയായില്ലേ., ഞാൻ എന്നെതന്നെ ചീത്ത വിളിച്ചു,  എന്ത് ചെയ്യണമെന്നറിയാതെ ഞാൻ പുറത്തിറങ്ങി, ചുറ്റ് പാടും ഇരുട്ടിനു കനം വെച്ച് തുടങ്ങി, ഒപ്പം ഭീതിപ്പെടുത്തുന്ന നിശബ്ദതയും.. വേൾഡ് കപ്പ് തോറ്റ സംഗക്കാരെയെപ്പോലെ ഞാൻ നിന്നു.., ഇനി എന്നാ ചെയ്യും...സഹായത്തിനു ആരെയെങ്കിലും കിട്ടുമോന്ന് എന്റെ കണ്ണുകൾ ചുറ്റിലും പരതി, എവടെ, ഈ പട്ടിക്കാട്ടിൽ ... അതും ഈ  മോന്തി നേരത്ത്  ആരു വരാൻ,  പെട്ടെന്ന് ഫോൺ വീണ്ടും ശബ്ദിച്ചു, ഇസ്മായീലാണു...അവനോട് എന്ത് പറയണമെന്നറിയാതെ ഏതാനും നിമിഷം ഞാൻ ചിന്താനിമഗ്ന....ഹൌ.., അങ്ങനെയെന്തോ ഇല്ലേ, ആ .....അങ്ങനെ ഞാൻ നിന്നു,
 ഞാൻ ഇവിടെ കുടുങ്ങിക്കിടക്കുയാണെന്ന് പറഞ്ഞ്  എന്തിനു ഞാൻ അവനെക്കൂടി വിഷമിപ്പിക്കണം..
 സോ..
ഞാൻ പറഞ്ഞു, ഇക്കാ എനിക്ക് ഇന്ന് വേറെ ഒരു ചെറിയ പരിപാടിയുണ്ട്, അതിനാൽ ഞാൻ ഇന്ന് വരുന്നില്ല, നിങ്ങൾ എന്നെ കാത്തിരിക്കേണ്ട,

അത് മുഴുമിപ്പിക്കേണ്ട താമസം അകലെ എവിടെയൊക്കെയോ  ബാങ്കിന്റെ അലയൊലികൾ മുഴങ്ങി, ഒരു ബോട്ടിൽ വെള്ളമെങ്കിലും കിട്ടിയിരുന്നെങ്കിൽൽ........ഒന്ന് നോമ്പ് തുറക്കാമായിരുന്നൂ‍ൂ‍ൂ‍ൂ‍ൂ........ഞാൻ നിരാശയോടെ വണ്ടിയും ചാരി നിന്നു..,
കുറച്ച് സമയം പിന്നിട്ട് കാണും... ഇരുട്ടിന്റെ മൂട് പടം  വകഞ്ഞ് മാറ്റി കുറച്ചകലേക്കൂടി രണ്ട് പ്രകാശ ഗോളങ്ങൾ അടുത്ത് വരുന്നു, ഏതോ ഒരു വാഹനമാണു, ഞാൻ പ്രതീക്ഷയോടെ നോക്കി, എന്റെ പ്രതീക്ഷയും പ്രാർത്ഥനയും തെറ്റിയില്ല, കുറച്ച് മുന്നോട്ട് പോയ വാഹനം അവിടെ നിന്നു, ഏതാനും നിമിഷം, പിന്നെ അത് തിരിച്ച് ഞാൻ നിൽക്കുന്ന റോഡിലേക്ക് കയറി എന്റെ അടുത്തേക്ക് വന്നു.,
സുമുഖനായ ഒരു അറബിയുവാവ് അതിൽ നിന്നും പുറത്തേക്കിറങ്ങി..

അസ്സലാമു അലൈക്കും..
വ അലൈക്കും അസ്സലാം..
ലേഷ് മുഷ്കിൽ ഹബീബ്ബി..ലേഷ് വഖിഫ് ഹിനാ...
നീയെന്താ ഇവിടെ നിർത്തിയിരിക്കുന്നതെന്ന്..

ഞാൻ അവനോട് ഉണ്ടായ കാര്യമെല്ലാം പറഞ്ഞു,.
എന്തോ..എന്തരോ...എന്റെ വാക്കുകൾ  അവന്റെ മനസ്സിൽ തട്ടിക്കാണണം..
അവൻ വണ്ടിയിൽ കയറി കുറച്ച് ഈത്തപ്പഴങ്ങളും വെള്ളവും ഒരു ബോട്ടിൽ ജ്യൂസും കൊണ്ട് എന്റെ അടുത്ത് വന്നു,
അവ്വൽ ഇൻ ത സവ്വി ഫുത്തൂർ സ്വയ..
എന്നോട് നോമ്പ് തുറന്നോളാൻ...സത്യം പറഞ്ഞാൽ എന്റെ കണ്ണ് നിറഞ്ഞ് പോയി..
ഞാനിത്രേം പ്രതീക്ഷിച്ചില്ല, വണ്ടി ഒന്ന് തള്ളിത്തരുമായിരിക്കും എന്നേ ഞാൻ നിരീച്ചുള്ളൂ

അത് വാങ്ങിക്കഴിക്കുമ്പോൾ  എന്റെ മനസ്സിൽ ചില തിരുത്തലുകൾ നടക്കുകയായിരുന്നു,ഞാനറിഞ്ഞതും അനുഭവിച്ചതുമായ  അറബികൾ  സഹജീവി സ്നേഹവും സഹാനുഭൂതിയും ദീനാനുകമ്പയും ഒന്നും തൊട്ട് തീണ്ടിയിട്ടില്ലാത്ത  ഒരു വിഭാഗമായിരുന്നു.., സ്വന്തം കാര്യം സിന്ദാബാദ്  എന്ന മട്ടിൽ വീടിനോടോ നാടിനോടോ സമൂഹത്തോടോ യാതൊരു ഉത്തരവാദിത്വബോധവുമില്ലാതെ ഏത് നേരവും തിന്ന് കുടിച്ച് ,ഉറങ്ങി, കറങ്ങി നടക്കുന്ന ബ്രോയിലർ മാംസപിണ്ടങ്ങളെ കണ്ട് ശീലിച്ച എനിക്ക് ഈ വ്യക്തി  ഒരു അത്ഭുതമായി മാറാതിരിക്കുന്നതെങ്ങനെ..

പിന്നീട് ഞാനും ആ അറബിപ്പയ്യനും കൂടി മരുഭൂമിയിലൂടേ തപ്പിനടന്ന് കുറച്ച്  മരക്കഷ്ണങ്ങൾ സംഘടിപ്പിച്ചു, ചക്രത്തിനടിയിലെ മണലെല്ലാം കഴിയാവുന്നത്ര നീക്കി, എന്നിട്ട് ആ വിറക് കഷ്ണങ്ങൾ അവക്കടിയിൽ വെച്ചു,ആയാസപ്പെട്ട് മണൽ നീക്കുന്ന ആ യുവാവിനെ കണ്ടപ്പോൾ ഞാൻ ശരിക്കും വിസ്മയിച്ച് പോയി..

പിന്നെ അവന്റെ വണ്ടി അടുത്ത് കൊണ്ട് വന്ന് അതിന്റ് പുറകിൽ കയർ കെട്ടി അതെന്റെ വണ്ടിയുമായി കൂട്ടിക്കെട്ടി ആ കുഴഞ്ഞ് കിടക്കുന്ന മണലിൽ  നിന്നും എന്റെ വണ്ടിയെ മോചിപ്പിച്ചെടുത്തു..

സന്തോഷത്തോടേയും ആശ്വാസത്തോടെയും ഞാൻ പുറത്തിറങ്ങി,

അവന്റെ അടുത്തേക്ക് ചെന്നു..

ഓക്കെ ഹബീബ്ബി, ഷുക്ക് റൻ, അൽഫ് അൽഫ് ഷുക്ക് റൻ, ജസ്സാക്കള്ളാ ഖൈർ
( സുഹ്രത്തെ.. നന്ദി, ആയിരമായിരം നന്ദി, ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.)

ആ കൈകൾ കൂട്ടിപ്പിടിച്ച് കൊണ്ട് നിറകണ്ണുകളോടേ ഞാൻ പറഞ്ഞു..

അൽഹീൻ കൈഫ്, ക്വൈസ്....( ഇപ്പോ എങ്ങനെ ഓക്കെയല്ലേ..)
ഉം..ഞാൻ തലയാട്ടി
യാ അള്ളാ മ അസ്സലാമ..
വ അലൈക്കും സലാം..
നിറഞ്ഞ ഒരു  പുഞ്ചിരി സമ്മാനിച്ച്  അവൻ വണ്ടിയോടിച്ച് പോയി..

അവൻ പോയ വഴിയേ ഞാൻ നിർന്നിമേഷനായി നോക്കി നിന്നുഅധികം പരിചയമില്ലാത്ത  ഒരു നാട്ടിൽ വിജനമായ പ്രദേശത്ത് ആരോരും സഹായത്തിനില്ലാതെ എന്തെങ്കിലും വിഷമതകളിൽ ഒറ്റപ്പെട്ട് കിടക്കുമ്പോൾ നമ്മുടെ മുന്നിലേക്ക് പ്രത്യക്ഷപ്പെട്ട്  നമ്മളാവശ്യപ്പെടാതെ തന്നെ നമുക്ക് സഹായങ്ങൾ അർപ്പിക്കുന്ന ഇത്തരക്കാരെ ദൈവ ദൂതൻ എന്നല്ലാതെ  പിന്നെ എന്ത് വിളിക്കാൻ...
Related Posts with Thumbnails

On 2011, ഏപ്രിൽ 9, ശനിയാഴ്‌ച 21 comments
Bookmark and Share


 അയാൾ ഒരു സ്ത്രീ ലമ്പടനായിരുന്നു., അയാളുടെ ചെയ്തികൾ അറിയാമായിരുന്നിട്ടും അയാളുടെ  ഭാര്യ അതെല്ലാം സഹിച്ച് തന്റെ വിധിയിൽ പരിതപിച്ച് കഴിഞ്ഞ് കൂടി.., ഒരു നാൾ അയാൾ വീട്ടിലേക്ക് കടന്ന് വരുന്ന നേരം ടി, വി യുടെ കേബിൾ കണക്ഷൻ ശരിയാക്കാൻ വന്ന അപ്പുറത്തെ വീട്ടിലെ പയ്യനെയും അവളെയും ഒന്നിച്ച് കണ്ടു എന്ന കാരണം പറഞ്ഞ് അയാൾ അവളെ മൊഴി ചൊല്ലി അവളുടെ  വീട്ടിൽ കൊണ്ട് ചെന്നാക്കി..

Related Posts with Thumbnails

Related Posts with Thumbnails