ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2011, ജൂൺ 13, തിങ്കളാഴ്‌ച 10 comments
Bookmark and Share

സമയം രാത്രി എട്ട് മണിയായിക്കാണും..
അന്നത്തെ ജോലിയും ചുറ്റിക്കറങ്ങലുമെല്ലാം കഴിഞ്ഞ് ഞാൻ കൂട്ടുകാരുമൊന്നിച്ച് റോഡ് സൈഡിലുള്ള ഒരു അരമതിലിൽ വെടി വട്ടം പറഞ്ഞ് ഇരിക്കുകയായിരുന്നു..
ഇടക്ക് എന്റെ ഫോൺ റിങ്ങ് ചെയ്തു.

"ഹലോ.."

"എടാ കമ്പറെ.. "
നല്ല പരിചയമുള്ള ശബ്ദം..

"ഹലോ..ആരാ.."

"ഡാ..നിനക്കെന്നെ അറിയില്ലല്ലേ......#$%$#@."
അത് കേട്ടപ്പോ..ആളെ പിടി കിട്ടി..

"അയ്യോ..സോറി, ആദ്യം ആളെ മനസ്സിലായില്ല, പിന്നെ, എന്തൊക്കെ സുഖമല്ലേ.."

"ഓ സുഖം.. നിന്റെ വീട്ടിലേക്ക് ഏത് വഴിയാടാ വരേണ്ടത്.."

"ങേ..എന്റെ വീട്ടിലേക്കോ.."  ഒരു നിമിഷം ഞാനൊന്ന് പരുങ്ങി.

"അതേടാ..ഞങ്ങളിപ്പോ മലപ്പുറം ടൌണിലുണ്ട്, ഇവിടുന്ന് ഏത് വഴിയാ വരേണ്ടത്.."

"ഞങ്ങളോ.അതാരാ ..വേറെ."

"അതൊക്കെയുണ്ട്, വന്നിട്ട് കാണാം..നീ വഴി പറഞ്ഞ് താടാ..".

അവിടുന്ന് നേരെ പരപ്പനങ്ങാടി റൂട്ടിൽ ഒരു മൂന്ന് കിലോമീറ്റർ വന്നാൽ ഹാജിയാർ പള്ളി എന്ന ചിന്ന അങ്ങാടി കിട്ടും, അവിടുന്ന്...... ഞാൻ വഴി പറഞ്ഞ് കൊടുത്തു.,ഞാനൊരു ബ്ലോഗിൽ എന്തൊക്കെയോ കുത്തിക്കുറിക്കുന്നു എന്ന ഒരേ ഒരു കാരണം കൊണ്ട് മാത്രം എന്നെ കാണാൻ ആൾക്കാർ വരികയോ..ഞാൻ ആകാംക്ഷാഭരിതനായി..
കുറച്ച് സമയം കൂടി പ്ലക്കേന്ന് കൊഴിഞ്ഞ് വീണു.
വീണ്ടും കോൾ..

"കമ്പറേ  ഞങ്ങൾ ഹാജിയാർ പള്ളിയിൽ എത്തി..ഇനി എങ്ങനെയാ...വരേണ്ടത്.."

"ഒക്കെ..അവിടുന്ന് നേരെ മുകളിലോട്ടുള്ള റോഡിലൂടെ ഒരു കിലോമീറ്റർ ദൂരം കൂടി വാ.. റോഡ് സൈഡിൽ ഞാൻ നിൽ‌പ്പുണ്ട്.."

"ഓക്കെ.."
ഏതാനും മിനുട്ടുകൾ.
ഒരു വെളുത്ത മാരുതികാർ പതിയെ പതിയെ വന്ന് നിന്നു. അതിൽ നിന്നും ചുറുചുറുക്കോടെ ഒരാൾ ചാടിയിറങ്ങി, അതാരായിരുന്നു എന്നല്ലേ..മറ്റാരുമല്ല, സാക്ഷാൻ കൊട്ടോട്ടിക്കാരൻ, കൂടെ വന്നയാളെ ഞാൻ എത്തി നോക്കി, ഒറ്റ നോട്ടത്തിലേ എനിക്ക് ആളെ പിടി കിട്ടി, നൈർമല്ല്യം തുളുമ്പുന്ന ഒരു ചിരിയും ഫിറ്റ് ചെയ്ത് ഒരു യുവകോമളൻ, കൂതറയെന്നാണു പേരെങ്കിലും കൂതറത്തരം ഒട്ടും തോന്നിക്കാത്ത ഒരു പാവം..സാക്ഷാൽ കൂതറ ഹാഷിം..

"ഞങ്ങളു നിന്റെ കല്ല്യാണത്തിനു വരണം എന്ന് വിചാരിച്ചതായിരുന്നു, പിന്നെ തോന്നി വേണ്ടാന്ന്, കാരണം അന്ന് വന്നാൽ മര്യാദക്ക് നിന്നെയൊന്ന് കാണാനോ സംസാരിക്കാനോ ഒന്നും കഴിഞ്ഞെന്ന് വരില്ല, അതാ..ഇന്ന് വന്നത്."
ഏതായാലും പെരുത്ത് സന്തോഷമായി,..
അങ്ങനെ ഒത്തിരി നേരം ചില കുശലം പറച്ചിലുകൾ..പിന്നെ നേരെ വീട്ടിലേക്ക്.
പോകുന്ന വഴിക്ക്  ബ്ലോഗർ നൌഷാദ് ജി, ഡി യുടെ വീട്ടിലും കയറി..,നൌഷാദ് അവന്റെ ക്യാമറ കൊണ്ട് വന്ന് ഒന്ന് രണ്ട് ഫോട്ടോയെടുക്കാൻ തുനിഞ്ഞപ്പോഴേക്കും ഹാഷിം പുറത്തിറങ്ങി,
അവനു ക്യാമറ കണ്ടാ അലർജിയാ..നിങ്ങളു ഫോട്ടോ എടുത്തോളീ, കൊട്ടോട്ടിക്കാരൻ പോസ് ചെയ്ത് ഇരുന്നു, ഒപ്പം ഞാനും..ശേഷം എന്റെ വീട്ടിലേക്ക്.
ചായയും പലഹാരവും കഴിക്കുമ്പോഴും വീട്ടുകാരെ പരിചയപ്പെടുമ്പോഴുമൊക്കെ പരസ്പരം മുനവെച്ചുള്ള സംസാരവും കുസ്രതിത്തരങ്ങളും ഒക്കെയാ‍യി ശരിക്കും ജ്യേഷ്ഠാനുജന്മാരെന്നാണു കാണുന്ന ആർക്കും തോന്നുക, ഞാനും അവരോടൊപ്പം കൂടി, ഒടുക്കം സമയം വൈകി, പിന്നീടൊരിക്കൽ കാണാം എന്ന് പറഞ്ഞ് പിരിയാൻ തുടങ്ങിയപ്പോഴാ സങ്കടമായത്.,
ആദ്യമായി രണ്ട് ബ്ലോഗർമാർ എന്നെ കാണാൻ വന്നതല്ലേ.. ഞാൻ വിടുമോ
ഞാനും  കൂടെ വണ്ടിയിൽ കയറി..

"നീ എങ്ങോട്ടാ.”.കൊട്ടോട്ടി.

"ഞാനും ഉണ്ട്, നിങ്ങളു വണ്ടി വിട്.ഇവിടെ വരെ വന്നിട്ട് നിങ്ങളെ രണ്ട് പേരെയും അങ്ങനെ വെറുംവയറുമായി പറഞ്ഞ് വിടുന്നതെങ്ങനെ.."

"അയ്യോ..അതൊന്നും വേണ്ട കമ്പറെ..ചായ കുടിച്ചല്ലോ..അത് തന്നെ ധാ‍രാളം."

"ഒന്ന് മിണ്ടരുത്, ചുപ്പ് രഹോ..നിങ്ങളു വണ്ടി വിട്, മലപ്പുറം ടൌണിലോട്ട് പോട്ടെ. ഏതെങ്കിലുമൊക്കെ ഹോട്ടലിനു മുന്നിൽ നിർത്തിയാ മതി.."

"എന്നാ പിന്നെ അങ്ങനെയായ്ക്കോട്ടല്ലെ ഹാഷിമേ.".എന്ന് കൊട്ടോട്ടി

"അല്ല പിന്നെ," എന്ന് ഹാഷിമും.
മലപ്പുറം ഹോട്ടൽ ഡലീഷ്യയിലെ അരണ്ട വെളിച്ചത്തിലിരുന്ന് അൽഫാം ചിക്കനും കുഞ്ചിക്കോഴി ഫ്രൈയും കടിച്ച് വലിക്കുമ്പോഴും ആ തമാശകളും കുസ്രതി നിറഞ്ഞ സംസാരങ്ങളുമൊന്നും അവസാനിച്ചിരുന്നില്ല,

"ഇന്ന് ഞാൻ വീട്ടിലോട്ട് പോകുന്നില്ല, ഇന്ന് കൊട്ടോട്ടിയുടെ കൂടെയാ കിടപ്പ് " എന്ന് ഹാഷിം..

"ഇവനെയൊക്കെ വിശ്വസിച്ച് കൂടെ കിടത്താൻ പറ്റുമോടാ കമ്പറെ.".എന്ന് കൊട്ടോട്ടിയുടെ ഉരുളക്കുപ്പേരി..
ശരിക്കും എനിക്ക് അതിശയമായിരുന്നു.
കേവലം ബ്ലോഗെഴുത്തിലൂടെ മാത്രം വ്യത്യസ്ത പ്രദേശക്കാരും ചിന്താഗതിക്കാരുമായ രണ്ട് വ്യക്തികൾ തമ്മിൽ ഇത്രയധികം ആഴത്തിലുള്ള ഒരു സുഹ്രദ് ബന്ധം സാദ്ധ്യമാകുമോ.അവരുടെ കൂടെ ഞാനും  കൂടി., ഇന്നും എന്റെ മനസ്സിൽ ആ സുദിനം  മായാതെ കിടക്കുന്നു..
പക്ഷേ ഇപ്പോൾ ... തികഞ്ഞ വേദനയോടെ തന്നെ  പറയട്ടെ..
ജ്യേഷ്ഠാനുജന്മാരെപ്പോലെ പരസ്പരം ശാസിച്ചും സ്നേഹിച്ചും കഴിഞ്ഞ് പോന്ന ആ  നല്ല സുഹ്രത്തുക്കൾ ഇന്ന് രണ്ട് ധ്രുവങ്ങളിലെന്ന പോലെ അകന്നിരിക്കുന്നു,
കേവലം നിസ്സാരമായ ഒരു പ്രശ്നത്തിന്റെ പേരിൽ പരസ്പരം ഇത് വരെ കഴിഞ്ഞ് പോന്നതെല്ലാം മറന്ന് വിഴുപ്പലക്കലുകളും കുറ്റപ്പെടുത്തലുകളുമായി അവർ പരസ്പരം ചെളിവാരിയെറിയുന്നു, ഇപ്പോഴിതാ കൊട്ടോട്ടിക്കാരൻ ബ്ലോഗെഴുത്ത് നിർത്തുന്നു എന്ന് പോസ്റ്റിട്ടിരിക്കുന്നു..
ഗൂഗിൾ ബസ്സിൽ തുടങ്ങിയ ഒരു കമന്റിൽ നിന്നാണു ഈ പ്രശ്നങ്ങളുടെയെല്ലാം തുടക്കം എന്നാണു എനിക്ക് മനസ്സിലായത്, പിന്നീടത് ബ്ലോഗിലേക്കും അവിടുന്നും കടന്ന് വ്യക്തിപരമായ ജീവിതത്തിലേക്കും ഒക്കെ എത്തി എന്നത് ഖേദകരം തന്നെ..,
പ്രശ്നങ്ങളുടെ തുടക്കം തന്നെ ഞാൻ രണ്ട് പേരുമായും ഫോണിൽ സംസാരിച്ചിരുന്നതാണു, രണ്ട് പേർ പറയുന്നതിലും ന്യായമുണ്ട് എന്നാണു എനിക്ക് മനസ്സിലായത്, അത് രണ്ട് പേർക്കുമറിയാം , എന്നാൽ പരസ്പരം രണ്ട് പേരുംതമ്മിൽ സംസാരിച്ച് ഒരു നീക്കു പോക്കിൽ എത്തിയില്ല.., അങ്ങനെ അങ്ങനെ പ്രശ്നം വഷളായി..,ഇന്നിപ്പോൾ ഒരാൾ ഞാൻ ബ്ലോഗെഴുത്ത് നിർത്തുന്നു എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു..
ഒരാൾ ബ്ലോഗെഴുതണോ അതോ നിർത്തണൊ എന്നൊക്കെ അവരവരുടെ വ്യക്തിപരമായ കാര്യം,
എന്നാൽ തുഞ്ചൻ പറമ്പ് മീറ്റ് സംഘടിപ്പിക്കാൻ വേണ്ടി അഹോരാത്രം ഓടിനടന്ന് പ്രവർത്തിച്ച കൊട്ടോട്ടിക്കാരനെയും  അതിനു എല്ലാ പിന്തുണയും അർപ്പിച്ച് കൂടെതന്നെയുണ്ടായിരുന്ന ഹാഷിമിനെയും ഈ ബൂലോകത്തിനു ഇനിയും ആവശ്യമുണ്ട്,  അത് കൊണ്ട് തന്നെ അവർ തമ്മിൽ ഉള്ള ഈ പ്രശ്നം നല്ല രീതിയിൽ അവസാനിപ്പിക്കേണ്ടത് ബൂലോകരുടെ കൂടി ആവശ്യകതയാണു എന്നാണു ഞാൻ മനസ്സിലാക്കുന്നത്..

ഹാഷിമിനോട്:
താങ്കളുടെ പേരിൽ വ്യാജപ്രൊഫൈലും ബ്ലോഗും ഉണ്ടാക്കി അപകീർത്തിപ്പെടുത്താൻ ശ്രമിച്ച അനോണിയെ കണ്ട് പിടിക്കാനുള്ള  അവകാശം താങ്കൾക്കുണ്ട്, അത് കണ്ട് പിടിക്കുക തന്നെ വേണം, എന്നാൽ ഈ പ്രശ്നങ്ങളുമായി വന്ന ഒരു വിഷയം ആയത് കൊണ്ട് തന്നെ ഈ വിഷയത്തിൽ സംഭവിച്ച് പോയതെല്ലാം മറന്ന് നിങ്ങളുടെ സൌഹ്രദ ബന്ധം പഴയ പോലെ തന്നെ തുടരാൻ ഉപകരിക്കുമെങ്കിൽ താങ്കൾക്ക് ഇവ്വിഷയകരമായുള്ള എല്ലാ കാര്യങ്ങളിൽ നിന്നും പിന്മാറിക്കൂടെ., നിങ്ങളുടെ ആ പഴയ സുഹ്രദ് ബന്ധം ഇനിയും തുടർന്ന് കൂടെ...
( ഞാൻ ഇങ്ങനെ എഴുതി എന്ന് കരുതി ഞാൻ അനോണിയെ ന്യായീകരിക്കുന്നു എന്നല്ല, ഈ പ്രശ്നം ഒന്ന് നല്ല രീതിയിൽ അവസാനിച്ച് കിട്ടാൻ വേണ്ടി എഴുതിയതാ.)

കൊട്ടോട്ടിയോട്:
താങ്കൾക്ക് ഒരു മുഖ്യധാരാ മാധ്യമത്തിൽ  ഭാഗഭാക്കാകാനുള്ള ഒരു സുവർണ്ണാവസരം ഈ വിഷയവുമായി ബന്ധപ്പെട്ട് നഷടമായി എന്നതിൽ ഖേദമുണ്ട്, അത് കൊണ്ട് മാത്രം ലോകം അവസാനിക്കുന്നില്ലല്ലോ.,ഒരു അവസരം നഷ്ടമായെന്ന് കരുതി താങ്കളുടെ കഴിവ് വേരറ്റ് പോകുന്നില്ലല്ലോ..ഒരു പക്ഷേ ഇതിനേക്കാ‍ൾ വലിയ അവസരങ്ങൾ താങ്കളെ കാത്തിരിക്കുന്നുണ്ടാവാം.., അതിനാൽ  താങ്കൾ എഴുത്ത് നിർത്തുന്നു എന്ന് പറയുന്നത് തികച്ചും ആത്മഹത്യാ പരമല്ലേ.., എഴുത്ത് തുടരണം, അവസരങ്ങൾ ഇനിയും വരും..നമ്മളിൽ കഴിവുണ്ടെങ്കിൽ ലോകം നമ്മെ അറിയുകയും ആദരിക്കുകയും തന്നെചെയ്യും..പ്രതീക്ഷ കൈവിടാതെ എഴുത്ത് തുടരൂ...ഒപ്പം പഴയതെല്ലാം മറന്ന് നിങ്ങളൂടെ ആ പഴയ സൌഹ്രദ ബന്ധവും തുടരൂ..

എന്നെക്കാൾ വിവരവും വിവേകവും ഉള്ള നിങ്ങളോട് രണ്ട് പേരോടും ഇതൊന്നും ഞാൻ പറഞ്ഞ് തരേണ്ട ആവശ്യമില്ല എന്നറിയാം..എന്നിരുന്നാലും ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ എനിക്ക് സമാധാനം കിട്ടില്ല..അതാ..

പ്രിയ  സുഹ്രത്തുക്കളെ.,  കഴിഞ്ഞ് പോയതെല്ലാം മറന്ന്  നിങ്ങളുടെ വഴക്കും പിണക്കവും മാറ്റി നിങ്ങൾ വീണ്ടും ആ പഴയ സുഹ്രത്തുക്കൾ തന്നെയായി കാണാൻ വേണ്ടി പ്രാർത്ഥിക്കുന്നു....
 
കൂതറ  ഹാഷിം Vs കൊട്ടോട്ടിക്കാരൻ     എന്നത് കൂതറ ഹാഷിം & കൊട്ടോട്ടിക്കാരൻ എന്നാക്കാൻ ഇനിയും വൈകരുതെന്ന അപേക്ഷയോടെ..
Related Posts with Thumbnails

Related Posts with Thumbnails