ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2013, ജൂൺ 4, ചൊവ്വാഴ്ച 4 comments
Bookmark and Share


 
തെങ്ങും തേങ്ങയും മാവും മാങ്ങയും പ്ലാവും പ്ലാങ്ങയും അവിടവിടായി ഉള്ള... ജാതി-മത-വർണ്ണ-പ്രായ-വിദ്യാഭ്യാസ-വെളിവു-തലച്ചോറു ഭേദമില്ലാതെ ഒരു കൂട്ടം ആളുകൾ ഒരു ഫുട്ബാളും തട്ടി യുദ്ധത്തിനിറങ്ങുന്ന ഒരൊഴിഞ്ഞ പാടവും..ആണവക്കരാറിൽ തുടങ്ങി സിറിയയിലൂടെ വന്ന്.ഫലസ്തീനിലെ പൃശ്നങ്ങളിലിടപെട്ട് ചൈനയിലെത്തി..അമേരിക്ക. .ആഗോളവത്കരണം..എന്നിങ്ങനെയുള്ള വാക്കുകൾ ഇടക്കിടക്കുരുവിട്ട് .മൻ മോഹൻവഴി ആന്റണിയിലെത്തി ഉമ്മച്ചനിലേക്കും അച്ചുമാമ്മനിലേക്കും പിന്നെ മോഹൻലാൽ,മമ്മുട്ടി അവിടുന്നങ്ങോട്ട് അങ്ങാടിയിൽ കച്ചവടം ചെയ്യുന്ന മയ്മ്മദ് കാക്കയിലും ഗൾഫീന്ന് നിതാഖാത്തിൽപെട്ട് നാട്ടിലെത്തി തെണ്ടിത്തിരിഞ്ഞ് നടക്കുന്ന അന്ത്രൂന്റെ എളേ മരുമോനിലും  വരെ എത്തുന്ന മാരത്തോൺ ചർച്ചകൾ നടക്കുന്ന ഒരു ചായപ്പീടികയും.ആകാശത്തിന്റെ കീഴെയുള്ള സകലമാന വസ്തുക്കളും ലഭിക്കുന്ന ഒരു പലചരക്ക് കടയും ബാർബർഷാപ്പ്,സി.ഡി ഷാപ്പ്,കള്ള് ഷാപ്പ്, വർക്ക് ഷാപ്പ്,മരുന്ന് ഷാപ്പ്.തുടങ്ങിയ ഷാപ്പുകളും അവയുടെ ഉടമകളായ കുഞ്ഞാപ്പു,വല്ല്യാപ്പു,മൊയ്തുട്ട്യാപ്പു,ഇട്ട്യാപ്പു...തുടങ്ങിയ ആപ്പുകളും .ഉള്ള ഒരു സാദാ നാട്ടുമ്പുറം..അവിടെ നടന്ന ഒരു റിയൽ കഥയാണു ഞാൻ പറയാൻ പോകുന്നത്..

ആയിശുമ്മ,  മരം വെട്ടുകാരനായിരുന്ന ഭർത്താവ് അലി ഒരു ആക്സിഡന്റിൽ പെട്ട് മരിച്ചതിനു ശേഷം ഭർത്താവിന്റെ വ്രദ്ധരായ മാതാപിതാക്കളെയും തന്റെ രണ്ട് കുട്ടികളും അടങ്ങുന്ന ഒരു വലിയ കുടുംബത്തിന്റെ ഏക ആശ്രയം , സുമനസ്കരായ നാട്ട്കാരും നല്ലവരായ മറ്റ് ബന്ധുമിത്രാദികളും ആ കുടുംബത്തെ കഴിയാവുന്ന വിധം സഹായിച്ചു, എന്നാലും എല്ലാക്കാലവും മറ്റുള്ളവർക്ക് ഒരു ബാധ്യതയായി മാറേണ്ട എന്ന് കരുതിയാവണം ആയിശുമ്മ അടുത്തുള്ള വീടുകളിൽ എന്തെങ്കിലുമൊക്കെ പണിക്ക് പോകാൻ തുടങ്ങി,.. നാട്ടിൽ നടക്കുന്ന കല്ല്യാണവീടുകളിൽ ആയിശുമ്മ ഒരു നിത്യസാന്നിദ്ധ്യമായിരുന്നു, തന്നെക്കൊണ്ട് കഴിയാവുന്ന ജോലികളൊക്കെ യാതൊരു മടിയും കൂടാതെ അവർ ചെയ്യും., ആ വീട്ടുകാർ നൽകുന്നത് എന്താണെങ്കിലും അത് ഇരു കൈയ്യും നീട്ടി സന്തോഷത്തോടെ സ്വീകരിക്കും..അങ്ങനെ അങ്ങനെ അല്ലലും അലട്ടലുമൊക്കെയുണ്ടെങ്കിലും ആയിശുമ്മയും കുടുംബവും സന്തോഷത്തോടെ കഴിഞ്ഞ് പോന്നു..

ആയിടക്ക് നാട്ടിലെ പ്രമാണിയും ധനാഡ്യനുമായ മാനു ഹാജിയാരുടെ  വീട്ടിൽ ഒരു കല്ല്യാണം നടന്നു.,നാടൊട്ടുക്ക് ഒഴുകി വന്ന അതിഗംഭീര കല്ല്യാണം. പതിവ് പോലെ ആയിശുമ്മ ആ വീട്ടിലും പണിയെടുക്കാൻ പോയി കല്ല്യാണത്തിന്റെ അന്ന് ഏകദേശം വൈകുന്നേരത്തോടെ  ആ വീട്ടിൽ ഒരു സംഭവം നടന്നു, ആ വീട്ടിലെ ഒരു കൊച്ച് കുട്ടിയുടെ കഴുത്തിൽ കിടന്നിരുന്ന ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണമാല വാനിഷായി..,അറിഞ്ഞവരൊക്കെ ആദ്യം വാ പൊളിച്ചു, പിന്നെ മൂക്കത്ത് വിരൽ വെച്ചു..വീടും പരിസരവും  മുഴുവൻ അരിച്ചു പെറുക്കി, എന്നിട്ടും കിട്ടിയില്ല., അപ്പോൾ പിന്നെ ആരോ അടിച്ച് മാറ്റിയതായിരിക്കും എന്ന നിഗമനത്തിൽ എല്ലാവരും എത്തി.,എല്ലാവരും ഓരോന്ന് പിറുപിറുത്ത് പിരിഞ്ഞ് പോയി..,

അങ്ങനെയെങ്കിൽ ആ കള്ളനെ പിടിക്കണമല്ലോ.എന്ന വാശിയിൽ മാനുഹാജിയും കൂട്ടരും  ആരുടെയൊക്കെയോ നിർദ്ദേശ പ്രകാരം  അടുത്തൊരു പ്രദേശത്തുള്ള  പേരു കേട്ട ഒരു മുസ്ലിയാരെ സമീപിച്ചു.,ആൾ വലിയ പുലിയാണു,ഗണിച്ച് നോക്കി ആയുസ്സിന്റെ നീളം പറയും,തൊട്ട് നോക്കി അസുഖം മാറ്റും,തപ്പി നോക്കി ആളെ കണ്ടെത്തും...ഹൗ ഭയങ്കരം.. സംഭവം കേട്ട മുസ്ല്യാർ കുറെ നേരം കണ്ണടച്ചിരുന്നു. പിന്നെ ഒരു തുണ്ട് പേപ്പറെടുത്ത് തലങ്ങനെയും വിലങ്ങനെയുമൊക്കെ കള്ളികൾ വരച്ച് സുഡോക്കു കളിക്കാൻ തുടങ്ങി.. ഇടക്ക് എന്തൊക്കെയോ പിറുപിറുത്തു,, എന്നിട്ട് വീണ്ടും കണ്ണടച്ച് ധ്യാനിച്ചിരുന്നു.,
പിന്നീട് പറഞ്ഞു..,
ഉം..സംഗതി കട്ടോണ്ട് പോയത് തന്നെ, പക്ഷേ കള്ളൻ എവിടെയും പോയിട്ടില്ല, കട്ട മുതലും.., ഇവിടെ പരിസരത്തൊക്കെ തന്നെയുണ്ട്,
എല്ലാവരും മുഖത്തോട് മുഖം നോക്കി..
മുസ്ല്യാർ തുടർന്നു..
ഞാൻ കാണുന്നുണ്ട്, ഒരു സ്ത്രീയാണത് എടുത്തിരിക്കുന്നത്,  ഭർത്താവില്ലാത്ത ഒരു സത്രീയാണത്..മുസ്ല്യാർ പറഞ്ഞ് നിർത്തി..

പോരേ പൂരം, കേൾക്കേണ്ട താമസം മാനു ഹാജിയും ശിങ്കിടികളും  ആയിശുമ്മയുടെ വീട്ടിലേക്കോടി,കേട്ടറിഞ്ഞവർ മുഴുവൻ ഒപ്പം കൂടി.,ആയിശുമ്മയെ വീട്ടിൽ നിന്നിറക്കി ചോദ്യം ചെയ്തു, തെറിവാക്കുകൾ കൊണ്ട് അഭിഷേകം ചെയ്തു., ഞാൻ ഒന്നും അറിഞ്ഞിട്ടില്ലെന്ന് ആയിശുമ്മ താണു കേണു  അലമുറയിട്ട് കരഞ്ഞ് കൊണ്ട് പറഞ്ഞു., അതൊന്നും ആരും ചെവി കൊണ്ടില്ല.,
ഒരു സ്ത്രീയല്ലേ എന്ന് പരിഗണനയി കേസും കോടതിയുമൊന്നും വേണ്ടെന്ന് വെച്ചു,

ആ സ്വർണ്ണം നീയെടുത്തോ ഞങ്ങൾക്കിനിയത് വേണ്ട  ഇനി മേലാൽ ആ പരിസരത്ത് കണ്ട് പോകരുത്   എന്ന താക്കീതും നൽകി മാനുഹാജിയും കൂട്ടരും പിരിഞ്ഞ് പോയി..

അതോട് കൂടി ആയിശുമ്മയെ ആരും ജോലിക്ക് വിളിക്കാതെയായി, ആ കുടുംബത്തിനു നൽകിയിരുന്ന സഹായവും പലരും നിർത്തി, ബന്ധു മിത്രാദികളും അവരിൽ നിന്നകന്നു, അറിയാവുന്ന വിധം ആയിശുമ്മ മറ്റുള്ളവരെ സത്യം ബോധ്യപ്പെടുത്താൻ കിണഞ്ഞ് ശ്രമിച്ചു, പക്ഷേ ആരും അത് കേട്ടില്ല, അങ്ങനെ എല്ലാവരിൽ നിന്നും ആ കുടുംബം ഒറ്റപ്പെട്ടു..
പിന്നെയും ഒന്ന് രണ്ട് ആഴ്ചകൾ കഴിഞ്ഞ് പോയി..

,ഒരു ദിവസം അങ്ങാടിയിൽ ഒരു അടി പിടി നടന്നു.,,മദ്യലഹരിയിലായിരുന്ന രണ്ട് പേർ ഭയങ്കരമായ അടി പിടി, ഓടിക്കൂടിയവർ രണ്ട് പേരെയും പിടിച്ച് മാറ്റിയിരുന്നില്ലെങ്കിൽ അവിടെ കൊലപാതകം വരെ നടന്നേനെ..
അടിപിടി കൂടിയവരിൽ ഒരാൾ മാനുഹാജിയുടെ മകനായിരുന്നു, തന്റെ മകനെ തല്ലിയെന്ന് കേട്ടാൽ മാനുഹാജി വെറുതേ നിൽക്കുമോ..ശിങ്കിടികളുമായി തല്ലിയവനെ തപ്പിയിറങ്ങി, ആളെ പിടി കൂടുകയും ചെയ്തു, അപ്പോഴാണു സംഭവങ്ങൾ പുറത്താകുന്നത്.,
മാനുഹാജിയുടെ മകനാണു കല്ല്യാണ ദിവസം കുട്ടിയുടെ കഴുത്തിൽ കിടക്കുന്ന മാല അടിച്ച് മാറ്റിയത്..എന്നിട്ടത് വിൽക്കാൻ വേണ്ടി ഒരു സുഹ്രത്തിനെ ഏൽ‌പ്പിച്ചു, വിൽക്കുന്ന സാധനത്തിൽ നിന്നും ഒരു ഓഹരി  വേണം എന്ന് ചോദിച്ചതിനാണു അവർ തമ്മിൽ അടി പിടി കൂടിയത്.,ഇത് കേട്ടതും മാനുഹാജിയും ശിങ്കിടികളും ഞെട്ടിത്തരിച്ചു, നാട്ടിൽ നിലയും വിലയും ഉള്ള പ്രമാണിയാണു മാനു ഹാജി, അയാളുടെ മകൻ സ്വന്തം സഹോദരിയുടെ കുട്ടിയുടെ കഴുത്തിൽ കിടക്കുന്ന മാല മോഷ്ടിക്കുകയോ..അയ്യേ..നാട്ട് കാർ കേട്ടാൽ എന്ത് വിചാരിക്കും..
മാനു ഹജി സ്വകാര്യത്തിൽ അവനെ വിളിച്ചു, നീയിതാരോടും പറയാൻ നിൽക്കണ്ട,നടന്നത് നടന്നു. നിനക്ക് എത്രയാ വേണ്ടെതെന്ന് വെച്ചാൽ ഞാൻ തരാം...ഇനി അഥവാ  നീയിതാരോടെങ്കിലും പറഞ്ഞാൽ അന്ന് നിന്റെ മയ്യത്ത് നമ്മളെടുക്കും..
അങ്ങനെ ആ പ്രശ്നം അവിടെ തീർന്നു..എന്നാലും സംഭവം ഏതൊക്കെയോ വഴികളിലൂടെ ചോർന്ന് നാട്ടിൽ ലീക്കായി...അതോടേ മാനുഹാജിക്കു പുറത്തിറങ്ങാൻ പറ്റാതായി, ഉള്ള നിലയും വിലയും പോകുകയും ചെയ്തു...

അപ്പോഴും  മുസ്ല്യാരെ കാണാനും അനുഗ്രഹം വാങ്ങാനുമായി നിരവധി വാഹനങ്ങൾ ഊട് വഴിയിലൂടെ  ഓടിക്കൊണ്ടിരുന്നു..
ചേലിൽ തുണിയും കുപ്പായവുമിട്ട് അനിയത്തീടേ മോന്റെ കല്ല്യാണത്തിനു പോകുകയായിരുന്ന  ഒരു വല്ല്യുമ്മ ദേഹത്തേക്ക് ചളിതെറിപ്പിച്ച് പറന്ന് പോയ കാറിനെനോക്കി  പല്ല് നെരിച്ചു..പ്ഫ്...നായിന്റെ മക്കളു.. പോണ പോക്ക് കണ്ടീലേ..ഒരു അന്തം കുന്തം തിരിയാത്ത മോയ്‌ലാരെ കാണാൻ....അന്റെ ഒന്നും തലക്ക് വെളിവ് ഇഞ്ഞി എന്നാടാ ഉണ്ടാവുക...തീരെ പുത്തിയില്ലാത്ത വർഗ്ഗം..പ്ഫു...

ആരു..ഞാനോ...? എന്ന് ചോദിക്കുന്ന മട്ടിൽ തൊട്ടടുത്ത പറമ്പിൽ മേയുകയായിരുന്ന ഒരു പോത്ത് മുരണ്ട് തലയുയർത്തി നോക്കി...

Related Posts with Thumbnails

Related Posts with Thumbnails