ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2014, നവംബർ 2, ഞായറാഴ്‌ച 0 comments
Bookmark and Share


ഹിന്ദുവാകട്ടെ, മുസ്ലിമാകട്ടെ, ക്രുസ്തു മതമാകട്ടെ...ആർക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാം...
ഒരു മതവും വേണ്ടെങ്കിൽ അങ്ങനെയും ആവാം..
ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം...
ഇഷ്ടമുള്ളവരെ പ്രണയിക്കാം...
ഇഷ്ടമുള്ളത് എഴുതാം.. വായിക്കാം...
ഇതൊക്കെ ഇന്ത്യൻ ഭരണഘടന അനുവദിച്ച് കൊടുത്തിരിക്കുന്നതിനാൽ അതില്‍ ഇടപെടുന്നതിന് ഭരണകൂടത്തിന് പലവിധ പരിമിതികളുണ്ട്..എന്ന് പറയാതെ വയ്യ
അതിനാലാണു അത്തരം കാര്യങ്ങള്‍ നിയന്ത്രിക്കാനും ശരിയാക്കിയെടുക്കാനും ഉള്ള അധികാരം അത് ശ്രീരാമസേന, ഹനുമാന്‍സേന, തുടങ്ങിയ തെരുവുസംഘങ്ങള്‍ക്ക് പുറംകരാര്‍ കൊടുത്തിരിക്കുന്നത്..എന്ന് തോന്നുന്നു..
അവര്‍ അവരുടെ കാഴ്ചപ്പാടിലുള്ള ശരികൾ നടപ്പിലാക്കാൻ തെരുവിൽ അഴിഞ്ഞാടുന്നു...
ആ ശരികൾ അവർക്ക് ശരിയും മറ്റുള്ള മഹാഭൂരിഭക്ഷത്തിനു സ്വൈര്യക്കേടും ആയി മാറുന്നു എന്ന് മാത്രം...
നരേന്ദ്ര മോഡി ഇന്ത്യ ഭരിക്കുന്നെങ്കില്‍, ഇത്തരം സേനകള്‍’തെരുവ് ഭരിക്കുന്നു. അതല്ലേ ശരി,
മോഡിയുടെ മുദ്രാവാക്യം, മിനിമം ഗവര്‍മെണ്ട് മാക്‌സിമം ഗവേണന്‍സ് എന്നിങ്ങനെയൊക്കെയാണല്ലോ..
അക്ഷരാർത്ഥത്തിൽ അത് തന്നെയാണു നടക്കുന്നതും...
മോഡി കേന്ദ്രത്തില്‍ മിനിമം ഗവണ്‍മെന്റ് മാത്രം ഉറപ്പാക്കുമ്പോള്‍, സേനകള്‍ തെരുവില്‍ മാക്‌സിമം ഗവേണന്‍സ് നടപ്പാക്കുന്നു!
നമോ വാകം
Related Posts with Thumbnails

On 2014, മാർച്ച് 12, ബുധനാഴ്‌ച 1 comments
Bookmark and Share
എസ്.എൽ.സി പരീക്ഷയിൽ 93 % മാർക്കോടെ ഉന്നത വിജയം.
പ്ലസ് ടു പരീക്ഷയിൽ 80 % മാർക്കോടെ വിജയം, 
ബി.എ. ഇംഗ്ലീഷ് ലിറ്ററേച്ചർ ഒന്നാം വർഷ വിദ്യാർത്ഥി, 
ആരെയും വിസ്‌മയിപ്പിക്കുന്ന ചിത്രകാരൻ,
മികച്ച ഗായകൻ, പ്രാസംഗികൻ, ഒട്ടനവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും നേടിയ ജേതാവ്,
കേരളത്തിലങ്ങോളമിങ്ങോളം ഒട്ടനവധി പഠന ക്ലാസ്സുകൾ നയിച്ച അദ്ധ്യാപകൻ,
ഡൽഹി ഐ.ഐ.ടിയിലെ വിദ്യാർത്ഥികൾക്കായി ക്ലാസ് നയിക്കാൻ ഡൽഹിയിലേക്ക് പറക്കാൻ തയ്യാറെടുക്കുന്ന വി.ഐ.പി , കേരളത്തിലെ ഒട്ടുമിക്ക മന്ത്രിമാരും സിനിമാ താരങ്ങളും ഒക്കെ അറിയുന്ന അവരോടൊന്നിച്ച് വേദി പങ്കിടാൻ അവസരം കിട്ടിയ സൂപ്പർ ഹീറോ....ഇപ്പോഴിതാ ജയ് ഹിന്ദ് ടി.വി യിലെ യുവതാരം റിയാലിറ്റിഷോയിൽ വിന്നറായിരിക്കുന്നു....


പറഞ്ഞ് വരുന്നത് ആരെപ്പറ്റിയാണെന്നല്ലേ....അത് മറ്റാരുമല്ല, ശിഹാബുദ്ധീൻ പൂക്കോട്ടൂർ എന്ന ഇരുപതുകാരനാണു ആ സൂപ്പർ ഹീറോ.. പേരു കേട്ടിട്ട് അത്ര പരിചയം തോന്നുന്നില്ല ..അല്ലേ, എന്നാൽ നാം അറിയേണ്ടിയിരിക്കുന്നു ശിഹാബെന്ന ആ വ്യക്തിയെക്കുറിച്ച് ,അറിഞ്ഞ് കഴിഞ്ഞാൽ ആ വ്യക്തിയെ ഗൗനിക്കാതെ നമുക്ക് കടന്ന് പോകാൻ കഴിയില്ല, തീർച്ച.
ജന്മം കൊണ്ട് തന്നെ നാട്ടുകാരെ വിസ്‌മയിപ്പിച്ച ശിഹാബ് ഇന്ന് ഒട്ടനവധി നേട്ടങ്ങളും പുരസ്കാരങ്ങളും കരസ്ഥമാക്കിക്കൊണ്ട് ലോകത്തിനു മുന്നിൽ വിസ്‌മയങ്ങളുടെ പറുദീസ തന്നെ തുറന്നിടുകയാണു..പിറന്ന് വീണപ്പോൾ ശിഹാബുദ്ധീൻ കരഞ്ഞില്ല, തന്നെ കാത്തിരിക്കുന്ന ഭീതിജനകമായ ഭാവിയെ നേരിടാൻ ശീലിക്കുകയായിരുന്നു ആ കുട്ടി, കയ്യോ കാലോ ഇല്ലാത്ത തലയും ഉടലും മാത്രമായ ഒരു രൂപമായിരുന്നു അവൻ, ഒരിക്കലും എണീറ്റ് നടക്കില്ലെന്ന് എല്ലാവരും കരുതി.എന്നാൽ തന്റെ കാലിന്റെ ഭാഗത്ത് വിരൽ പോലെ വളർന്ന് വന്ന ഭാഗം നിലത്തൂന്നി നിവർന്ന് നിൽക്കാൻ അവൻ പഠിച്ചു.പിന്നെ പിന്നെ മെല്ലെ നിരങ്ങി നടക്കാനും..ഇരു കൈകളൂടേയും ഭാഗത്ത് തൂങ്ങി നിൽക്കുന്ന മുറിക്കൈകൾ ആവുന്നത്ര ചേർത്ത് പിടിച്ച് അതിൽ പെൻസിൽ തിരുകി എഴുതാൻ പഠിച്ചു, ഇന്നവൻ ഒരു മികച്ച ചിത്രകാരനാണു, കഥാകാരനാണു,ആയിരക്കണക്കായ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾക്ക് മാർഗദർശകനാണു. സുപ്പർ ഹീറോയാണു..ആ ഹീറോയെ നേരിൽകാണാനാണു ഞാൻ പൂക്കോട്ടൂർ പള്ളിപ്പടിയിലുള്ള ശിഹാബുദ്ധീന്റെ വീട്ടിലെത്തിയത്, മീൻ വില്പനക്കാരനായ ചെറുപറമ്പൻ അബൂബക്കറിന്റെയും മെഹജാബീവിയുടെയും ഏഴ് മക്കളിൽ അഞ്ചാമത്തെയാളാണു ശിഹാബുദ്ധീൻ..ഞാൻ ചെല്ലുമ്പോൾ ശിഹാബുദ്ധീൻ വീട്ടിലുണ്ടായിരുന്നില്ല, കോളേജിൽ നിന്നും എത്തിയിട്ടില്ല, ഏതാനും മിനുട്ടുകൾ കഴിഞ്ഞപ്പോൾ ജിദ്ദ കെ.എം.സി.സി യുടെ പേരു എഴുതിയ ഒരു ഓട്ടോ വന്നു, ഉപ്പയാണു സാരഥി, പിന്നെ അനിയന്റെ തോളത്ത് കയറി  വീടിന്റെ അകത്തേക്ക്...കാര്യം പറഞ്ഞപ്പോൾ നിറഞ്ഞ പുഞ്ചിരി..,പിന്നെ മുറിയിലേക്ക് ആനയിച്ചു, മുറിയിലെ അലമാരയും ചുവരും  നിറയെ ട്രോഫികളും സർട്ടിഫിക്കറ്റുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു, എന്നോട് ഇരിക്കാൻ പറഞ്ഞു,  കട്ടിലിനരികിൽ വന്ന് നിന്നു, ഞാൻ കട്ടിലിലേക്ക് എടുത്ത് വെച്ചു, കേവലം ഒരു അഞ്ച് വയസ്സുകാരന്റെ ഭാരം പോലുമില്ല,പതിഞ്ഞ സ്വരത്തിൽ പുഞ്ചിരിയോടെ  സംസാരം ആരംഭിച്ചു.അതിനിടയിൽ  അടുക്കി വെച്ചിരിക്കുന്ന പുസ്തകങ്ങൾ പരതുന്നു, ലാപ്ടോപ്പിൽ നിന്നും ചിത്രങ്ങൾ തപ്പിയെടുത്ത് തരുന്നു,മൊബൈലിൽ കോൾ ചെയ്യുന്നു,  ഇതെല്ലാം കണ്ട് വിസ്‌മയത്തോടെ ഞാനും..

ശിഹാബുദ്ധീനുമായി പങ്കിട്ട സംഭാഷണത്തിൽ നിന്ന്.

ചോദ്യം: നിങ്ങൾ ഒരു ചിത്രകാരനാണു, പ്രാസംഗികനാണു, ആയിരക്കണക്കായ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ്സെടുക്കുന്ന അദ്ധ്യാപകനാണു,ശാരീരികമായി ഇത്രയും അസൗകര്യങ്ങൾ ഉണ്ടായിട്ടും ഇത് പോലെയൊക്കെ ചെയ്യാനും ആയിത്തീരാനും ഉള്ള പ്രചോദനം എന്തായിരുന്നു..?

#; എന്നെ സംബന്ധിച്ചിടത്തോളം ഒരു കാര്യം ചെയ്യണം എന്ന് മനസ്സിൽ തോന്നിയാൽ ഞാൻ ഉടനെ അത് ചെയ്യാൻ ശ്രമിക്കും.അതിനു വേണ്ടി എത്ര റിസ്‌കെടുക്കാനും ഞാൻ തയ്യാറാകും..അങ്ങനെ അങ്ങനെ ഓരോന്ന് ചെയ്യുമ്പോൾ അത് വിജയിക്കുന്നു.ഇപ്പോൾ തന്നെ ജയ് ഹിന്ദ്  ടി.വിയിലെ പ്രോഗ്രാമിനു ജീവിതത്തിൽ ഇന്നേവരെ ഡാൻസ് ചെയ്യാത്ത ഞാൻ ഡാൻസ് ചെയ്തു.അതും റോപ്പ് ഒക്കെ ഉപയോഗിച്ച്, ..ഇപ്പോൾ അതാലോചിക്കുമ്പോൾ  എനിക്ക് തന്നെ അത്ഭുതം തോന്നുന്നു, ഇതൊക്കെ ഞാൻ എങ്ങനെ ചെയ്യുന്നുവെന്ന്, കുട്ടിക്കാലത്ത് സമപ്രായക്കാരുടെ കൂടെ  ക്രിക്കറ്റ് കളിക്കാനും നീന്താനും ഒക്കെ എനിക്ക് സാധ്യമായത് അങ്ങനെയൊക്കെയാവാം...കുറെയൊക്കെ നേട്ടങ്ങൾ എന്റെ ഭാഗ്യമാണു എന്നാണു ഞാൻ കരുതുന്നത്, അതോടൊപ്പം എന്റെ പരിശ്രമങ്ങളും ഉണ്ടായിരിക്കാം..

ചോദ്യം: എന്നാലും ഇൻസ്പിരേഷൻ എന്ന നിലയിൽ ഏതെങ്കിലും വ്യക്തിയോ സംഭവമോ ഒക്കെ സ്വാധീനിച്ചിട്ടുണ്ടോ..?

#; തീർച്ചയായും, എന്റെ മാതാപിതാക്കൾ, അധ്യാപകർ,സുഹ്രത്തുക്കൾ എന്നിങ്ങനെ ഒരോരുത്തരും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ എന്നെ സ്വാധീനിച്ചിട്ടുണ്ട്, പിന്നെ പ്രത്യേകിച്ച് ഏതെങ്കിലും വ്യക്തിയെ ചോദിക്കുകയാണെങ്കിൽ  നിക്ക് വ്യുജിസിക്ക് എന്ന ആസ്ട്രേലിയക്കാരനെ ഞാൻ പറയും, അദ്ദേഹവും എന്നെപ്പോലെ ജന്മനാ രണ്ട് കാലും കയ്യുമില്ല, പോരാത്തതിനു അദ്ദേഹം ഒരു ഇന്റർ നാഷണൽ മോട്ടിവേഷൻ ട്രയിനറുമാണു, എനിക്കും അദ്ദേഹത്തെ പോലെ ആകണമെന്നുണ്ട്.

ചോദ്യം; ഒരു പാട് അംഗീകാരങ്ങളും പുരസ്കാരങ്ങളും നേടിയതായി അറിഞ്ഞു, ഏതൊക്കെയാണെന്ന് പറയാമോ..?

#;   സൗദി അറേബ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ.എം.സി.സിയുടെ 2011 ലെ മാൻ ഓഫ് ദ ഇയർ പുരസ്കാ രംകിട്ടിയിരുന്നു,പിന്നെയും കുറേ കിട്ടിയിട്ടുണ്ട്, ക്രത്യമായി ഓർമയില്ല,ഏകദേശം അൻപതോളം വിവിധ അവാർഡുകൾ കിട്ടിയിട്ടുണ്ട്, മലയാളം ഫിലിം ഇൻഡസ്ട്രിയിലെ ഒരു പാട് പേരുമായി ചേർന്ന് പല പരിപാടികളും നടത്താൻ സാധിച്ചു, താജുദ്ധീൻ വടകര, രഹന എന്നിവരുടെ കൂടെ സ്റ്റേജ് പ്രോഗ്രാമുകൾ ചെയ്തിട്ടുണ്ട്, അതിലെല്ലാമുപരി കേരളത്തിലെ ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമുണ്ടാക്കാനും സാധിച്ചിട്ടുണ്ട്,  അവാർഡിനേക്കാളേറെ അതൊക്കെയാണു ഞാൻ ഏറെ വിലകൽപ്പിക്കുന്നതും..


ചോദ്യം: പഠന ക്ലാസ്സുകൾക്ക് നേത്രത്വം കൊടുക്കാറുണ്ടെന്നു പറഞ്ഞല്ലോ..ഒന്ന് വിശദമാക്കാമോ..?

#: ശരിയാണു, ഒരു പാട് പഠന ക്ലാസ്സുകൾ നടത്തിയിട്ടുണ്ട്, ക്ലാസ്സുകളിൽ പുതുതായി ഞാൻ ഒന്നും അവതരിപ്പിക്കുന്നില്ല, എന്റെ തന്നെ ജീവിത അനുഭവങ്ങളാണു ഞാൻ അവർക്ക് മുന്നിൽ തുറന്നിടുന്നത്, അവരത് ശ്രദ്ധയോടെ ഉൾക്കൊള്ളുന്നു,പാഠമാക്കുന്നു,  അത് ഏറെ സന്തോഷകരമാണു..പത്താം ക്ലാസ്സ് മുതൽ പി.ജി വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഞാൻ ക്ലാസെടുത്തിട്ടുണ്ട്, അടുത്ത മാസം ഡൽഹി ഐ.ഐ.ടിയിൽ പഠനക്ലാസ്സ് എടുക്കാൻ ക്ഷണിച്ചിട്ടുണ്ട്, ഇന്ത്യയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന കേന്ദ്രമാണത്, പോകണമെന്നുണ്ട്, പക്ഷേ ഭാഷ ഒരു പ്രശ്നം തന്നെയാണു, എന്തായാലും എത്ര ട്രാൻസലേറ്റർമാരെ വേണെമെങ്കിലും ഏർപ്പാടാക്കാം എന്ന് അവർ അറിയിച്ചിട്ടുണ്ട്. ഒരു മികച്ച ട്രയ്‌നർ ആകണം എന്ന് ആഗ്രഹമുണ്ട്, പക്ഷേ ഇപ്പോൾ കോളേജിലെ ഒരു പാട് അറ്റഡൻസ് പൊകുമെന്നതിനാൽ ക്ലാസ്സുകൾ കുറച്ച് പരിമിതപ്പെടുത്തിയിട്ടുണ്ട്,

ചോദ്യം:റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നു എന്ന് കേട്ടല്ലോ... അതിന്റെ വിശേഷങ്ങൾ..?

#;  ജീവൻ ടി.വിയിലെ യുവതാരം റിയാലിറ്റി ഷോ ആണത്, ഞാൻ ഫൈനൽ റൗണ്ടി ൽ എത്തിയിട്ടുണ്ട്, അന്തിമ വിജയത്തിനായി നിങ്ങൾ പ്രാർത്ഥിക്കണം..( ഈ സംഭാഷണം നടക്കുമ്പോൾ ആ  ഫൈനൽ മത്സരം കഴിഞ്ഞിരുന്നില്ല, ഫൈനലിൽ വിന്നറായത് ശിഹാബ് തന്നെയായിരുന്നു..)ചോദ്യം: പഠനം ഒക്കെ എങ്ങനെ പോകുന്നു, ശാരീരികമായി ഈ അവസ്ഥയിൽ പഠനം നിർവഹിക്കുക എന്നത് ഒരു വെല്ലുവിളിയായിരുന്നില്ലേ..?

#: ഒന്നു മുതൽ ഏഴ് വരെ ഞാൻ സ്കൂളിൽ പോയിരുന്നില്ല, വീട്ടിലിരുന്ന് അനിയന്മാരുടെയും ചേട്ടന്മാരുടെയും ഒക്കെ പുസ്തകങ്ങളെടുത്ത് മറിച്ച് നോക്കും, അങ്ങനെയാണു എനിക്ക് പഠിക്കണം എന്ന മോഹം ഉദിക്കുന്നത്...അങ്ങനെ എട്ടാം ക്ലാസ്സിലാണു ഞാൻ സ്കൂളിൽ ചേരുന്നത്, ഉപ്പ രാവിലെ സ്കൂട്ടറിലിരുത്തിയോ ഓട്ടോ പിടിച്ചോ സ്കൂളിൽ കൊണ്ട് ചെന്നാക്കും, ഉച്ചക്ക് ഉമ്മാ ചോറുമായി വരും..അങ്ങനെ അങ്ങനെ പഠനം തുടർന്നു, ആദ്യമൊക്കെ സഹപാഠികൾക്ക് എന്റെ ഈ അവസ്ഥ കണ്ട് സഹതാപത്തിൽ നിന്നുള്ള ഒരു അകൽച്ചയായിരുന്നു, പിന്നെ പിന്നെ അവർ നല്ല കൂട്ടുകാരായി, എന്റെ എല്ലാ കാര്യങ്ങൾക്കും അവർ നന്നായി സഹായിച്ചിരുന്നു..പത്താം ക്ലാസ്സ് പരീക്ഷക്ക് എഴുതാനുള്ള എന്റെ ബുദ്ധിമുട്ട് കണ്ടിട്ട് ഒരു സഹായിയെ വെക്കാം എന്ന് അദ്ധ്യാപകർ പറഞ്ഞതാണു, എന്തോ എനിക്കതിനു തോന്നിയില്ല, നമ്മൾ പഠിച്ചെടുത്തത് നമ്മൾ തന്നെ എഴുതണ്ടേ...വാശിയോടെ ഞാൻ മുറിക്കൈകൾ ചേർത്ത് പിടിച്ച് എഴുതി, നല്ല മാർക്കോടെ വിജയിക്കാനും കഴിഞ്ഞു, പ്ലസ് ടു വിനു സയൻസായിരുന്നു വിഷയം, ഡിഗ്രിക്കും അതേ വിഷയങ്ങൾ തന്നെ പഠിക്കാനായിരുന്നു താല്പര്യം..പക്ഷേ എന്റെ ഈ ശാരീരിക അവസ്ഥ കാരണം ഒരു കോളേജീലും അഡ്‌മിഷൻ കിട്ടിയില്ല, അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഒരു പാട് ലാബ് പ്രവർത്തനങ്ങൾ ഒക്കെയുണ്ടാവുമല്ലോ..അതൊക്കെ ഞാൻ എങ്ങനെ ചെയ്യും എന്ന് അവർക്ക് സംശയമുണ്ടായിട്ടുണ്ടാവാം..ഏതായാലും ഇപ്പോൾ അത്താണിക്കൽ എം.ഐ.സി കോളേജിൽ ബി.എ. ഇംഗ്ലീഷ് സാഹിത്യം പഠിക്കുകയാണു.

ചോദ്യം: ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ നിമിഷം..?

#: അങ്ങനെ ചോദിച്ചാൽ....ഒരു പാട് നല്ല മുഹൂർത്തങ്ങൾ ഉണ്ടായിട്ടുണ്ട്, ക്രിക്കറ്റ് എനിക്ക് ഒരു പാട് ഇഷ്ടമാണു, അതേ പോലെ തന്നെ ക്രിക്കറ്റ് താരങ്ങളെയും..ശ്രീശാന്ത് എന്റ ഇഷ്ടതാരമാണു.,ഒരു ദിവസം വൈകുന്നേരം എന്നെ ത്തേടി ഒരു ഫോൺ കോൾ വന്നു.." എടാ ശിഹാബേ ..ഇത് ഞാനാ ശ്രീശാന്ത് " ടി.വി.യിലൂടെ അല്പം മുമ്പ് കണ്ട ശ്രീശാന്ത്  എന്നെ വിളിക്കുന്നു എന്ന സത്യം എനിക്ക് വിശ്വസിക്കാനായില്ല, സ്വപ്നവും സത്യവും കൂടിക്കലർന്നുള്ള നിമിഷം, എന്നെക്കുറിച്ചുള്ള ന്യുസ് പേപ്പർ വാർത്ത കണ്ടിട്ടാണത്രേ വിളിച്ചത്, " നാളെ കേരളം നിന്നിലൂടെ അറിയപ്പെടും " എന്ന് പറഞ്ഞാണു ഫോൺ വെച്ചത്, അത് മറക്കാനാവാത്ത ഒരു അനുഭമാണു..അതേ പോലെ ഇപ്പോൾ ഡൽഹി ഐ.ഐ.ടിയിൽ ക്ലാസെടുക്കാൻ വിളിച്ചപ്പോൾ ഏറെ സന്തോഷം തോന്നുന്നുണ്ട്..

ചോദ്യം: ജീവിതത്തിൽ ദുഖം തോന്നിയ ,വേദനിപ്പിച്ച അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ..?

#: ദു;ഖം , അത് എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാവും, അതേ പോലെ എനിക്കും ഉണ്ടായിട്ടുണ്ടാവും.വേദനിപ്പിച്ച സന്ദർഭങ്ങൾ ഉണ്ടാവും...പക്ഷേ അതൊന്നും ഞാൻ മനസ്സിൽ കൊണ്ട് നടക്കാറില്ല., അത് കൊണ്ട് തന്നെ എനിക്ക് പ്രത്യേകിച്ച് എടുത്ത് പറയാൻ തക്ക ഒന്നുമില്ല, നമുക്ക് സന്തോഷം പകരുന്നതായ കാര്യങ്ങൾ മാത്രം ഓർത്തിരിക്കുക, അതാണു എന്റെ ശൈലി, അല്ലാതെ ദ:ഖിച്ചിരുന്നത് കൊണ്ട്  മാത്രം ഒരിക്കലും ദു:ഖം മാറില്ലല്ലോ...

ശരിക്കും പറഞ്ഞാൽ ശിഹാബ് ഒരു പ്രതിഭാസമാണു, ഒരു വിസ്‌മയമാണു, ഫേസ്ബുക്കിൽ ശിഹാബിന്റെ പ്രൊഫൈൽ നാമം ശിഹാബുദ്ധീൻ കണ്ണൻ എന്നാണു, എന്താണു അങ്ങനെ ഒരു പേരു വെക്കാൻ കാരണം എന്നു കൂടി ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഇതാണു, ചെറുപ്പത്തിൽ സ്കൂളിൽ പഠിക്കുമ്പോൾ കൂട്ടുകാർ വിളിച്ച പേരാണു കണ്ണൻ എന്ന് , വലുതായപ്പോഴും അത് മാറ്റാനെനിക്ക് തോന്നിയില്ല, അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു, അതല്ലെങ്കിൽ മതസൗഹാർദത്തിന്റെ ഒരു  രൂപമായി എന്റെ ഈ ശരീരം നിലനിന്നോട്ടേ ..അല്ലേ.

ഈ വാക്കുകൾക്ക് മുന്നിൽ നമിക്കാതെ വയ്യ, ഈ മനുഷ്യന്റെ നിശ്ചയദാർഡ്യങ്ങൾക്ക് മുന്നിലും നേട്ടങ്ങൾക്ക് മുന്നിലും തലകുനിക്കാതെ വയ്യ, രണ്ട് കയ്യും രണ്ട് കാലും പരിപൂർണ്ണ ആരോഗ്യവും ഉണ്ടായിട്ടും ശിഹാബുദ്ധീനെപ്പോലെയുള്ള ഒരാളുടെ ഏഴയലത്ത് പോലും എത്താൻ കഴിയാതെ പോകുന്ന മനസ്സുകളേ...ഒരു നിമിഷം ശ്രദ്ധിക്കുവിൻ, ..ഇല്ലായ്മകളിലും വല്ലായ്മകളിലും പരിതപിച്ച്  കഴിഞ്ഞ് കൂടാതെ പരാജയങ്ങളിൽ വേദനിച്ച് പിന്മാറാതെ അവയെ അതിജയിക്കാൻ നാം മനസ്സ് വെച്ചാൽ സാധ്യമാകുക തന്നെ ചെയ്യും.തീർച്ച...സഹതാപത്തിന്റെ അശ്രുകണങ്ങളെ തുടച്ച് നീക്കുക, പരാജയങ്ങളെ പോരായ്‌മകളെ പാഠമാക്കി വിജയങ്ങളുടെ ഔന്നത്ത്യങ്ങളിലേക്ക് കുതിക്കാൻ ഈ അനുഭവ സാക്ഷ്യങ്ങൾ നിങ്ങൾക്ക് കരുത്തേകട്ടെ..

ശിഹാബ് വരച്ച ചിത്രങ്ങളിൽ ചിലത്
ശിഹാബിനെക്കൂറിച്ചുള്ള പത്രക്കട്ടിംഗുകളിൽ ചിലത്


Related Posts with Thumbnails

On 2014, ഫെബ്രുവരി 12, ബുധനാഴ്‌ച 0 comments
Bookmark and Share
കേരളത്തിലെ ആറുലക്ഷത്തോളം വരുന്ന സ്കൂൾ വിദ്യാർത്ഥിനികൾക്ക് റുബല്ല കുത്തിവെപ്പ് നൽകുന്നതിനുള്ള പ്രാരംഭനടപടികൾ പുരോഗമിച്ച് വരുന്നു, മലപ്പുറം ജില്ലയിൽ മുപ്പത്തി മൂവായിരത്തോളം വിദ്യാർത്ഥിനികൾക്കായിരിക്കും  കുത്തിവെപ്പ് നൽകുക.മലപ്പുറത്ത് പല സ്കൂളുകളും ബോധവത്കരണ ക്ലാസ്സുകൾ ആരംഭിച്ചിട്ടുണ്ട്..പക്ഷേ ഈ റുബല്ല എന്ന വാക്ക് തന്നെ ഒരു ശരാശാരി മലയാളി ആദ്യമായിട്ടായിരിക്കും കേൾക്കുന്നത്..ഒന്ന് പരിചയപ്പെടാം....

എന്താണു റുബല്ല..?

കുട്ടിക്കാലത്തോ മുതിര്‍ന്ന ശേഷമോ അപൂര്‍വ്വമായി കണ്ടുവരുന്ന, സാധാരണയായി മാരകമല്ലാത്തതും തനിയെ മാറുന്നതുമായ വൈറല്‍ രോഗമാണ് റുബെല്ല ,കണ്ടിജന്‍റല്‍ റുബെല്ല സിന്‍ഡ്രോം എന്നാണു പൂർണ്ണ രൂപം.ഇത് എങ്ങനെ പകരുന്നു..?

ടോഗാ വൈറസ് ഗ്രൂപ്പില്‍ പെടുന്ന റുബെല്ല വൈറസാണ് രോഗകാരി.രോഗ ലക്ഷണം..?

തൊലിപ്പുറത്ത് മണല്‍ വാരിയിട്ടതുപോലെ തിണര്‍പ്പ്, ചെറിയ പനി, സന്ധിവേദന, കഴുത്തിനുപുറത്ത് കഴലവീക്കം, കണ്ണിനു ചുമപ്പ് എന്നിവയാണ് രോഗ ലക്ഷണം. ഈ രോഗം വന്നാൽ...?

 ഗര്‍ഭാവസ്ഥയില്‍ മാതാവിന് റുബെല്ല രോഗം ബാധിച്ചാല്‍ ജനിക്കുന്ന കുഞ്ഞിന് ശാരീരിക വൈകല്യങ്ങള്‍ ഉണ്ടാകുമെന്നാണ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നത്. അതും ആദ്യമൂന്ന് മാസത്തിനുള്ളിൽ വന്നാൽ മാത്രം..അംഗവൈകല്യം, ബുദ്ധിമാന്ദ്യം, ഹൃദ്രോഗം, കാഴ്ച- കേള്‍വി പ്രശ്നങ്ങള്‍, ആന്തരികാവയവങ്ങള്‍ക്ക് തകരാറുകള്‍ തുടങ്ങിയവയാണു കുഞ്ഞുങ്ങളെ ബാധിക്കാൻ സാധ്യതയുള്ളത്...

 ജീവിതത്തില്‍ ഒരിക്കല്‍ ഒരാൾക്ക് റുബെല്ല ബാധിച്ച് കഴിഞ്ഞാൽ  ശരീരം സ്വാഭാവിക പ്രതിരോധ ശേഷി ആര്‍ജിയ്ക്കും.പിന്നീടൊരിക്കലും ആ വ്യക്തിക്ക് ആ രോഗം ഉണ്ടാകില്ല.സംസ്ഥാന ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ച വസ്തുതകൾ..?

 ഇതൊരു അപൂർവ രോഗമാണു..
ഗര്‍ഭിണിയാവാന്‍ തീരുമാനിക്കുമ്പോള്‍ ആവശ്യമെങ്കില്‍ രോഗബാധയെകുറിച്ച് ബോധ്യപ്പെടുത്തിയതിന് ശേഷം മാത്രം  ഈ പ്രതിരോധ കുത്തിവെപ്പ് നടത്തിയാൽ മതി..എന്നാല്‍ ഗര്‍ഭിണികള്‍ക്ക്‌ റുബെല്ല ബാധിച്ച കേസുകള്‍ സംസ്ഥാനത്ത്​ അടുത്ത കാലങ്ങളിലൊന്നും  ഇത് വരെ റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്ന്​ ആരോഗ്യവകുപ്പ്​ സ്ഥിരീകരിക്കുന്നു..സർക്കാർ ഇപ്പോൾ പറയുന്നത്..?

സർക്കാർ,എയ്‌ഡഡ് സ്കൂളുകളിലെ എട്ടു മുതല്‍ പന്ത്രണ്ടാം ക്ലാസ്​ വരെയുള്ള പെണ്‍കുട്ടികള്‍ക്ക്‌ റുബെല്ല വാക്സിനേഷന്‍ നല്‍കണം.​

രക്ഷിതാക്കളിൽ നിന്നും സാക്ഷ്യപത്രം ഒപ്പിട്ട് വാങ്ങിയതിനു ശേഷമാകും കുത്തിവെപ്പ് നൽകുക..

 18 മാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് എം.എം.ആര്‍ വാക്‌സിന്‍ നല്‍കുന്നതിനൊപ്പം അടുത്ത 12 വര്‍ഷത്തേക്ക്  പെണ്‍കുട്ടികള്‍ക്ക് റുബെല്ല വാക്സിന്‍ നൽകും..
മുംബൈ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിന്നാണു വിതരണത്തിനായി  വാക്സിന്‍  എത്തിച്ചിട്ടുള്ളത്.


ചില സംശയങ്ങൾ.. ചോദ്യങ്ങൾ...?

1: വേണ്ടത്ര ബോധവത്കരണം നടത്താതെ ധ്രതി പിടിച്ച് വാക്സിന്‍ വിതരണം ആരംഭിച്ചതിനു പിന്നിൽ എന്തെങ്കിലും ഗൂഡ ലക്ഷ്യങ്ങളുള്ളതായി സംശയിക്കുന്നു.

2: ഈ നീക്കത്തിനു പിന്നിൽ മുംബൈയിലെ കോർപ്പറേറ്റ് മരുന്നു കമ്പനിക്ക് ഒത്താശ ചെയ്ത് കൊടുക്കലാണോ..?..

3:ലാഭക്കൊതിയന്‍മാരായ ഔഷധ കമ്പനികള്‍ വികസ്വര രാജ്യങ്ങളിലെ ജനങ്ങളെ മരുന്നുപരീക്ഷണത്തിനായി ഉപയോഗിക്കുന്ന പ്രവണതയുണ്ട്, ഇതും ആ ലിസ്റ്റിൽ പെടുമോ..?

4:ഈ വിഷയത്തിൽ പത്ര മാധ്യമങ്ങളും ചാനലുകളും ഒഴുക്കൻ മട്ടിലുള്ള വാർത്തകൾ നൽകി, രാഷ്ട്രീയപാർട്ടികളാകട്ടെ നിഗൂഡമായ  മൗനം പാലിക്കുന്നു....?

5:സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കുന്നത് എന്ന് പറയുന്നു..അതെന്താ ഈ സ്കൂളുകളിൽ  പഠിക്കുന്ന കുട്ടികൾക്ക് മാത്രമേ രോഗം വരൂ.എന്നുണ്ടോ.?

 6:ഗർഭിണികൾക്ക് നൽകേണ്ട കുത്തിവെപ്പ് എന്തിനാണു സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കുന്നത്..?

7:ചെറുപ്പത്തില്‍ എം.എം.ആര്‍ എടുത്തവരിലും ഒരിക്കല്‍ റുബല്ല ബാധിച്ചവരിലും റുബല്ലക്കെതിരെ പ്രതിരോധ ശക്തി ആര്‍ജ്ജിച്ചിട്ടുണ്ടാവുമെന്നതിനാല്‍ വീണ്ടും കുത്തിവെപ്പെടുക്കണമെന്ന് പറയുന്നതിനു എന്താണടിസ്ഥാനം..?

8:മനുഷ്യ ശരീരം റുബല്ല വാക്സിനോട് ഏതെല്ലാം തരത്തില്‍ പ്രതികരിക്കുന്നെന്നും മുമ്പ് റുബല്ലാ വാക്സിനേഷന്‍ നടപ്പാക്കിയ രാജ്യങ്ങളില്‍ എന്തെങ്കിലും  പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നും അവിടങ്ങളില്‍ ഇപ്പോഴും ഈ വാക്സിന്‍ തന്നെയാണ് ഉപയോഗിക്കുന്നതെന്നുമൊക്കെ വിശദമായ പഠനം നടത്തിയിട്ടുണ്ടോ..?

9:ഈ വാക്സിൻ അത്രക്ക് അത്യാവശ്യമായ ഒന്നാണെങ്കിൽ ആശങ്കാകുലരായ ജനങ്ങളെ അത് ബോധ്യപ്പെടുത്തേണ്ട ബാധ്യത സര്‍ക്കാരിനും ആരോഗ്യ വകുപ്പിനുമില്ലേ..?

 10: സർക്കാർ സൗജന്യമായാണു വിതരണം ചെയ്യുന്നതെങ്കിലും മുംബൈ കമ്പനി അത് ഓസിക്ക് തരില്ലെന്ന് എല്ലാവർക്കും അറിയാം..അപ്പോൾ എത്ര കോടി ഇതിനായി ചിലവഴിച്ചു, ..?

ചോദ്യങ്ങൾ ഇനിയും ബാക്കി, തൽക്കാലം ഞാനിത്രയും കൊണ്ട് നിർത്തി, ഇനി നിങ്ങൾ വായനക്കാർക്ക് വിട്ട് തരുന്നു, ചോദിക്കുക, ഉത്തരം കിട്ടുന്നത് വരെ ചോദിച്ച് കൊണ്ടേയിരിക്കുക,നമ്മുടെ മക്കളെ മരുന്ന് പരീക്ഷണത്തിനായുള്ള ഗിനിപ്പന്നികൾ ആക്കി മാറ്റുന്നുണ്ടോ എന്ന് തിരിച്ചറിയാനെങ്കിലും നമുക്ക് ഉത്തരങ്ങൾ കിട്ടിയേ പറ്റൂ...

Related Posts with Thumbnails

On 2014, ജനുവരി 26, ഞായറാഴ്‌ച 0 comments
Bookmark and Share
ഇന്ന് കണ്ട മനോഹരമായ ഒരു കാഴ്ച..പാണക്കാട് മറ്റത്തൂർ ഗ്രൗണ്ടിൽ കുമ്മായം കൊണ്ട് വരച്ച ഒരു ഇന്ത്യയുടെ ഭൂപടവും അതിനു ഒത്തനടുക്കായി സ്ഥാപിച്ച ദേശീയ പതാക പാറിക്കളിക്കുന്ന കൊടിമരവും..
ആരാണു ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്നറിയില്ല, ആരായാലും ഒരായിരം അഭിനന്ദനങ്ങൾ,

സമൂഹത്തിൽ നഷ്ടപ്പെടാത്ത നന്മയും അടിയറവ് വെക്കാത്ത ദേശിയ ബോധവും പണയം വെക്കാത്ത ചിന്താഗതികളും ഉള്ള നല്ലൊരു വിഭാഗം ഇപ്പോഴും ഉണ്ട്, മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരിൽ ഇന്ത്യയെ വെട്ടിമുറിക്കാൻ മുതിരുന്ന രാഷ്ട്രീയ -ഉദ്യോഗസ്ഥ നപുംസകങ്ങൾക്ക് തിരിച്ചടി കൊടുക്കുവാൻ ശാന്തിയും സമാധാനവും ഐശ്വര്യവും കളിയാടുന്ന ഒരു സുന്ദരഭാരതത്തിനായി പോരാട്ടാം നയിക്കാൻ മുന്നിട്ടിറങ്ങുന്ന ആർക്കും പോരാളികളില്ലാതെ പിന്തുണയില്ലാതെ പടക്കളത്തിൽ നിന്നും പിൻവാങ്ങേണ്ടി വരില്ല,...തീർച്ച.

“യഥാ രാജാ തഥാ പ്രജാ” എന്നൊരു ചൊല്ലുണ്ട്‌. രാജാവ്‌ നന്നായെങ്കില്‍ പ്രജകളും നല്ലവരായിരിക്കുമെന്നാണ്‌ അര്‍ത്ഥം. അച്ഛന്‍ സ്വന്തം മക്കളെയെന്നപോലെ രാജാവ്‌ പ്രജകളെ രക്ഷിച്ചു എന്നു പുരാണകഥകളിൽ നാം വായിച്ചിട്ടുണ്ട്,. .പക്ഷെ,ഇന്നത്തെ സ്ഥിതിയോ...? ഇന്ന് ഒരുപാടു രാജാക്കന്മാരുണ്ട്‌. ....മന്ത്രിമാരും നേതാക്കളുമായി കിരീടം വെക്കാത്ത രാജാക്കന്മാർ , അവരെ രാജാക്കന്മാരായി വാഴാന്‍ വിടുന്നതോ പാവം പ്രജകളും...

ഈ ചൊല്ല് നമുക്ക് ഒന്ന് തല തിരിച്ചിടാം.. "യഥാ പ്രജാ തഥാ രാജ " പ്രജകള്‍ നന്നായാലേ രാജാക്കന്മാര്‍ നന്നാകൂ എന്നതാണ്‌ പുതിയതായി നാം കാണുന്ന ജനാധിപത്യ സൂചന.അതിന്റെ അനുരണനങ്ങൾ അങ്ങിങ്ങായി നാം കാണുന്നു... അതൊരു വലിയ സൂചനയാണ്‌. ജനങ്ങള്‍ പരമാവധി നന്മയുള്ളവരായി ജാഗ്രതയുള്ളവരായി പ്രതികരണ ശേഷിയുള്ളവരായി രാജാക്കന്മാരായ നേതാക്കളെ നിയന്ത്രിക്കാനും തിരുത്താനും കരുത്തുള്ളവരായിത്തീരുന്ന മഹത്തായ ഒരു പുലരിയിലേക്കുള്ള ഒരു സൂചന... അത്തരത്തില്‍ ജാഗ്രതയുള്ളവരായിരിക്കാന്‍ വേണ്ടി.. അന്തസ്സിന്‌ വേണ്ടി; ആത്മാഭിമാനത്തിനുവേണ്ടി, രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കുവേണ്ടി! നല്ലൊരു ഭാരതം കെട്ടിപ്പടുക്കുന്നതിനു വേണ്ടി...നമുക്കൊന്നായ് തോളോട് തോൾ ചേർന്ന് നിൽക്കാം...ഭാരത് മാതാ കീ ജെയ്,


ഏവർക്കും ഹ്രദയം നിറഞ്ഞ റിപ്പബ്ലിക് ദിനാശംസകൾ
Related Posts with Thumbnails

On 2014, ജനുവരി 15, ബുധനാഴ്‌ച 0 comments
Bookmark and Shareഫ്രീക്ക്..., സ്‌കിന്നി,... യോയോ..., ബ്രോ.....,ഡ്യൂഡ്.......ബഡ്ഡി....പുതിയ തലമുറ ഉപയോഗിക്കുന്ന ചില വാക്കുകളാണിവ,കേൾക്കുമ്പോൾ തോന്നും ഇതൊക്കെ വലിയ എന്തോ സംഗതി ആണെന്ന്.. നേരാംവണ്ണം വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത നാട്ടുമ്പുറത്തെ കാക്കമാരും താത്തമാരരും ആണെങ്കിൽ പറയേം വേണ്ട...

 ഒരു വികല നിരീക്ഷണം..

ചാമക്കയംകടവ്,
അകലെ സൂര്യൻ ചെഞ്ചായം വാരി വിതറി പടിഞ്ഞാറോട്ട് ഊളിയിടാൻ  പോകുന്നു..താഴെ പുഴക്കരയിൽ കുറച്ച് പയ്യന്മാർ, ശ്വാസം പരമാവധി വലിച്ച് മസിൽ പിടിച്ച് ഫോട്ടോക്ക് പോസ് ചെയ്യുന്നു, റ,ഴ, ന,പ .എന്നിങ്ങനെയുള്ള പല പല ഷേപ്പുകളിലായി  അവരങ്ങനെ മാറി മാറി ., ആകെയുള്ള  എല്ലൊക്കെ അവിടെ വീണു വഴിയാത്രക്കാരുടെ കാലിൽ കുത്തുമല്ലോ പടച്ചോനേ..കാഴ്ച കണ്ട് കൊണ്ടിരുന്ന ഒരു രസികന്റെ കമന്റ് , അളിയാ കിട്ടീലേ......നോക്കട്ടെ, ..ഫോട്ടോയെടുക്കലും പ്രൂഫ് നോക്കലും ഫേസ്ബുക്ക് ,വാട്ട്സ് അപ്പ് വഴി ഷെയർ ചെയ്യലും മിനിട്ടുകൾക്കുള്ളിൽ കഴിഞ്ഞു..ഉടനെ തന്നെ ആയിരം ലൈക്കും  ..നൈസ് ബ്രോ.......സൂപ്പർ മച്ചാ......അളിയാ കലക്കി.............. എന്നിങ്ങനെയുള്ള ചില ലൊല്ല് കമന്റുകളും.......അവർ ഹാപ്പി......എന്തരടെയ്...ഇതാണ്ടാ ന്യൂ ജനറേഷൻ.. എന്തായാലും  ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ ഒന്ന് വേണം.മൊട്ടേന്ന് വിരിയാത്ത ഒരു പയ്യന്റെ ആത്മഗതം....എന്താണു ആൻഡ്രോയിഡെന്നോ ?..ഒന്ന് പോടാപ്പാ.....അതൊക്കെ അറിയണതെന്തിനാ .അപ്പം തിന്നാ പോരേ......അവന്റെ കൂടെയുള്ള പീക്കിരി  ചൂടായോ,..ആ.... അതേയ്..അതൊരു  N73, N95 എന്നൊക്കെ പറയണ പോലെ മോഡൽ നെയിമല്ലേ.?. ബ്രോ...ഞാൻ വാലുമടക്കി.പോട്ടെ..അത് കൊണ്ടുള്ള ഉപയോഗം..അതെങ്കിലും ചോദിക്കാലോ.?....എന്ത് ഉപയോഗം, ഫോട്ടോയെടുക്കാം..ഫേസ്ബുക്കിൽ കയറാം...വീഡിയോ കാണാം..അല്ലാതെന്താ..അതൊന്നുമില്ലെങ്കിലും അതൊരു സ്റ്റൈലല്ലെ മച്ചാ. തന്നെ..തന്നെ,.സ്റ്റൈൽ നമ്പർ 1

കിളിയമണ്ണിൽ ഓഡിറ്റോറിയം

 കല്ല്യാണ മഹാമഹം..കളർ ഫുള്ളായ യൂത്തന്മാരും യൂത്തികളും ഇടിച്ച് കയറിക്കൊണ്ടിരിക്കുന്നു.. തിക്കിത്തിരക്കി ഹാളിനകത്ത് കടന്ന് ഒരു വല്ല്യമ്മ പേടിച്ചരണ്ട് നിൽക്കുന്ന പോലെ..എന്താ വല്ല്യമ്മേ ?..അതെന്താ....അവിടെ മോനെ...?  എവടെ ഞാൻ നൊക്കട്ടെ., അവിടെ കുറെ ആൾക്കാരല്ലെ വല്ല്യമ്മെ.. അവരൊക്കെ കല്ല്യാണത്തിനു വന്നതല്ലേ.... ഹൗ എന്തൊരു കോലമാ....ഇമ്മാതീരി കാട്ട് ജാതിക്കാരെയൊക്കെ ആരാ കല്ല്യാണത്തിനു വിളിച്ചേ..ശിവ...ശിവ..കലികാലം , വല്ല്യമ്മ പിറു പിറുത്തു..
അല്ല വല്ല്യമ്മയെ കുറ്റം പറയണതെങ്ങനെയാ.?, തലയിൽ കടന്നൽ കൂട് , കുരുവിക്കൂട്.. മുള്ളൻ പന്നിയുടെ മുള്ള് ...എന്നിങ്ങനെയല്ലേ ഡിസൈൻ, താടിയിലാണെങ്കിലോ അഴലിൽ  അണ്ടർ വെയർ ഉണക്കാനിട്ട പോലെയുള്ള ചില പണികളും,ചിലത് കണ്ടാൽ മുട്ടനാടിനെ ഓർമ വരും. ബ്ബേ....സുറുമയിട്ടും കണ്മഷിയിട്ടുമൊക്കെ കറുപ്പിച്ച കൺതടങ്ങളും ഒക്കെ ഉള്ള ഇവറ്റകളെ കണ്ടാൽ എങ്ങനെ പേടിക്കാണ്ടിരിക്കും..ഇവന്മാരുടെ ഒരു കാര്യമേ...ഇങ്ങനെയുള്ള ഹെയർ സ്റ്റൈൽ കൊണ്ടൊരു ഗുണമുണ്ട്, വല്ലതും തലച്ചുമടായി എടുക്കണമെങ്കിൽ "തെരിക"എന്ന സാധനം  വേണ്ടല്ലോ..ഈ ഹെയർ സ്റ്റൈൽ വളരെ സിമ്പിളായി ഉണ്ടാക്കിയെടുക്കാം.നിങ്ങൾക്കും വേണമെങ്കിൽ ട്രൈ ചെയ്യാം.. ആറോ ഏഴോ മാസം മുടിയും താടിയും വെട്ടതെ നടക്കുക..അങ്ങനെ അങ്ങനെ ഒടുക്കം ഒരു ഒരുമാതിരി രൂപം ആകും..സ്വാഭാവികമായും വീട്ടുകാർ ആ കോലം കണ്ട് ചീത്ത പറയാൻ ആരംഭിച്ചിരിക്കും.അപ്പോൾ മര്യാദക്ക് മുടി വെട്ടാൻ അറിയാത്ത ന്യൂ ജനറേഷൻ ബാർബർമാർ ഉള്ള ഏതെങ്കിലും ബാർബർഷാപ്പിൽ ചെന്ന് തല താഴ്ത്തി ഇരുന്ന് കൊടുത്താൽ മതി, അവർ വെട്ടിയും കുത്തിയും വലിച്ചും ചുരുട്ടിയും ഒക്കെ  ഒരു പരുവമാക്കും..അപ്പോ അത് ഒരു ഒന്നൊന്നര സ്റ്റൈൽ ആകും..അത്രേ ഉള്ളൂ..സ്റ്റൈൽ നമ്പർ 2

നമ്മൾ ..എപ്പോഴും അപ്‌ഡേറ്റ് ആകണം.....മലപ്പുറം ആനന്ദ് തീയേറ്ററിൽ ടിക്കറ്റ് കൗണ്ടറിനടുത്ത് നിന്ന് രണ്ട് കുശ്‌മാണ്ടികൾ പുതിയതായി ഫീൽഡിലേക്ക് കടന്ന് വരുന്ന ഒരുത്തനിട്ട് ഉപദേശിക്കുന്നു..നല്ല കഥയായിപ്പോയി..ഏയ് അങ്ങനെ പറയരുത്..അതാണു ന്യൂ ജനറേഷൻ മുദ്രാവാക്യം..അത് ഫേസ് ബുക്കിലായാലും ലൈഫിലായാലും..പുതിയ പുതിയ സിനിമകൾ കാണണം, കഥയും തിരക്കഥയുമൊന്നും മൈൻഡ് ചെയ്യേണ്ട,  യുവ നായകന്മാരുടേതാകണം എന്ന് മാത്രമേയുള്ളൂ.. നായകന്റെ ഷർട്ട് , പാന്റ്, മറ്റ് ഉടയാടകൾ, അവയുടെ നിറം, നീളം, വീതി, എന്തിനധികം തയ്യലിന്റെ ജ്യോമെട്രി വരെ നോക്കണം..എന്നിട്ട് അതും തപ്പി  തുണിക്കടകൾ അരിച്ച് പെറുക്കണം..എന്നിട്ട് കെട്ട് പഴക്കം ചെന്ന കടക്കാർ ആദായ വില്പന എന്ന ബോർഡും തൂക്കി വിൽക്കുന്നവന്മാർക്ക് അൻപതിനും നൂറിനും കൊടുക്കാൻ വെച്ച ഓൾഡ് പീസുകൾ അഞ്ഞൂറും ആയിരവും കൊടുത്ത് വാങ്ങിയാൽ ഡ്രസ്സ് കോഡ് അപ്‌ഡേറ്റായി..അണ്ടർ വെയർ പുറത്ത് കാണുന്ന രീതിയിൽ പാന്റും  ഫക്ക് മി, സെക്സി ബൊയ്, ക്യാച്ച് മി....എന്നിങ്ങനെ തുടങ്ങി തെറിയും തന്തക്ക് വിളിയുമൊക്കെ ഇംഗ്ലിഷിലോ മറ്റേതെങ്കിലും ഭാഷയിലോ ഡിസൈൻ ചെയ്ത് എഴുതിയ ടീ ഷർട്ടും എൽ.കെ.ജി പിള്ളാ ർ ഇടുന്ന ഷൂവും ആയാൽ സംഗതി ഓക്കെയായി .എന്തേ നോക്കുന്നോ....സ്റ്റൈൽ നമ്പർ 3

വലിയങ്ങാടി ന്യൂ ബൈപാസ്സ്, ഏതാണ്ട് ഉച്ച ...ഉച്ചര... ഉച്ചേമുക്കാൽ സമയം..റോഡിൽ അധികം വാഹനങ്ങളില്ല,അവിടെയാണു അഭ്യാസങ്ങൾ.
യൂത്ത് പറപറക്കുകയാണു, ഹണ്ട്രട് സി.സി ബൈക്കും അതിലൊരു പൂജാബട്ടും വേണം ...എന്ന പാട്ട് മൂളിനടന്നിരുന്ന ഒരു കാലത്തെ വില്ലാദി വീരന്മാരും വീരശൂര പരാക്രമികളും ഒക്കെ അന്തം വിട്ട് കുന്തവും വിഴുങ്ങി ഇരിക്കുകയാണു..ഇവിടെ സി.സി യൊന്നും ചോദിക്കല്ലേ..കണ്ണ് തള്ളിപ്പോകും,....നമ്പർ പ്ലേറ്റ്, ഇൻഡിക്കേറ്റർ, മഡ്ഗാഡ് ,സൈലൻസർ..എന്നിങ്ങനെയുള്ള കുണ്ടാമണ്ടികൾ ഊരിമാറ്റിയ  മുന്തിയ ഇനം ബൈക്ക് ഏതുമാകാം..ഫ്രണ്ട് പൊക്കണം, ബാക്ക് പൊക്കണം, ഒറ്റക്കാൽ നിലത്ത് കുത്തിത്തിരിയണം..ഇമ്മാതിരി കഴിവുകളൊക്കെയുള്ളവനാണിവിടെ സ്റ്റാർ..മിനിമം നാലുപേരെങ്കിലും ബൈക്കിൽ യാത്ര ചെയ്യണം..ഹെൽമെറ്റ് എന്ന സാധനം കൈ കോണ്ട് തൊടുക പോലുമരുത്, അശ്രീകരം...റോഡ് നിയമങ്ങൾ തെറ്റിക്കാനുള്ളതാണു, സിഗ്‌നലിൽ ചുവപ്പ് കത്തിയാൽ പോകാം...റോഡിൽ വെട്ടിയും തിരിഞ്ഞും പാമ്പ് പോകുന്ന പോലെ പോകണം, മാന്യമായി വണ്ടിയോടിക്കുന്ന തൊലിയന്മാരെ മുന്നിൽ വട്ടം കറങ്ങണം..അവരുടെ കണ്ണ് തള്ളുന്നതും നെഞ്ച് പട പടക്കുന്നതും കണ്ട് പൊട്ടിച്ചിരിക്കണം, നെഞ്ഞത്തും തലയിലും കൈവച്ച് കണ്ണും തള്ളിയിരിക്കുന്ന വഴിപോക്കരെ നോക്കി അവജ്ഞ കലർന്ന ചിരി ചിരിക്കണം.സ്കൂൾ വിടുന്ന സമയങ്ങളിൽ നിർബന്ധമായും ആ പരിസരങ്ങളിൽ വറ്റുള്ള കൈ കൊണ്ട് കോഴിയെ ആട്ടിയെപോലെ പോയും വന്നുമിരിക്കണം....സ്റ്റൈൽ നമ്പർ 4


ഇതൊക്കെ കേട്ട് നിങ്ങൾക്കും വണ്ടറടിച്ചോ..താഴെ പറയുന്ന ഉപദേശങ്ങൾ യഥാവിധി അനുസരിച്ചാൽ നിങ്ങൾക്കും ഒരു ന്യൂ ജനറേഷൻ ഫ്രീക്കൻ/ ഫ്രീക്കി ആകാം...


1:എപ്പോഴും വായിട്ടലച്ച് ചിലച്ച് കൊണ്ടേയിരിക്കണം.,
2: മൂപ്പിളമ എന്ന സാധനം ഒരിക്കലും ഉണ്ടാകരുത്..അത് സ്വന്തം കുടുംബത്തിൽ പെട്ടവരാണെങ്കിൽ പോലും..ങേ..ഹെ
3: സാദാ മുണ്ടും ഷർട്ടും ഉടുത്ത് നടക്കുന്ന മാന്യന്മാരെ പരമാവധി പുച്ഛിക്കണം..മുഖത്ത് നോക്കാതെയും  അവർ കേൾക്കാതെയുമായാൽ ആരോഗ്യത്തിനു നല്ലത്
4:കുളിക്കുക, ഇസ്‌തിരിയിടുക..എന്നിങ്ങനെയുള്ള ആചാരങ്ങൾ പരമാവധി ഒഴിവാക്കുക.
5;പ്രത്യേകിച്ച് ഒരു പണിക്കും പോകരുത്, ഇനി പോയേ പറ്റൂ എന്നാണെങ്കിൽ മാസത്തിൽ നാലു തവണയെങ്കിലും ജോലി മാറാൻ ശ്രദ്ധിക്കണം..
6:ഭക്തി ആവാം..ബട്ട് നിസ്‌കരിക്കാൻ പള്ളിയിൽ കയറുമ്പോൾ ഏറ്റവും പുറകിൽ ചുമരും ചാരി നിൽക്കാൻ ശ്രദ്ധിക്കുക, അല്ലെങ്കിൽ പുറകിൽ ആരും ഇല്ല എന്ന് ഉറപ്പ് വരുത്തുകയെങ്കിലും ചെയ്യണം..അല്ലെങ്കിൽ കുനിയുമ്പോൾ കന്യാകുമാരിയുടെ പോട്ടം നെറ്റിൽ കയറും..
7:ഏത് നേരവും മൊബൈലിൽ ഞെക്കിയും തോണ്ടിയും കളിച്ച് കൊണ്ടേയിരിക്കണം..ഇനി അഥവാ ഒന്നും അറിയില്ലെങ്കിൽ ചുമ്മാ ഗെയിമെങ്കിലും കളിച്ച് കൊണ്ടിരിക്കണം...തൊട്ടപ്പുറത്തിരിക്കുന്നവനോട് എന്തെങ്കിലും പറയണമെങ്കിൽ അത് എസ്.എം.എസിലൂടെ മാത്രമാവണം..
8:സന്നദ്ധസേവനം, സാമൂഹ്യപ്രവർത്തനം ..എന്നിങ്ങനെയുള്ളവ പാടെ വർജ്ജിക്കണം.അത്തരം സൂക്കേടുള്ളവന്മാരെ കണ്ടാൽ വഴി മാറി നടക്കണം..
9: .എന്ത് ചെയ്യുകയാണെങ്കിലും എനിക്കെന്ത് കിട്ടും എന്ന് അന്വേഷിക്കണം..ലാഭം ഒന്നുമില്ലാത്ത ഒരു പണിക്കും പോകരുത്, എന്തിനധികം സ്വന്തം പെറ്റുമ്മ "ഒന്ന് കടയിൽ പോയി സാധനം വാങ്ങി വാടാ..." എന്ന് പറഞ്ഞാൽ പോലും
10: ലഹരി, അത് കൂടപ്പിറപ്പാണു, സിഗരറ്റിൽ നിന്നും തുടങ്ങാം..പിന്നെ സൗകര്യം പോലെ ബീയർ,നാടൻ,വിദേശി,എന്നിങ്ങനെ കഠിനാധ്വാനത്തിലൂടെ ഒട്ടനവധി ഉയർന്ന തസ്തികകളിലേക്കെത്താവുന്നതേയുള്ളൂ...

 ഇതൊക്കെയാണു ന്യൂ ജനറേഷൻ ട്രെൻഡ് എന്ന് പറയുന്നത്, മാന്യന്മാർ ഇതിനെ പിരാന്ത് എന്നും പറയും ..

മുൻകൂർ ജാമ്യം: ഇതൊന്നും ബാധകമല്ലാത്ത നല്ലവരായ പിള്ളാരും ഉണ്ട് ,അവർ തൽക്കാലം ക്ഷമി.
Related Posts with Thumbnails

Related Posts with Thumbnails