ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2017, ജൂൺ 30, വെള്ളിയാഴ്‌ച 0 comments
Bookmark and Share

ന്നാലും ന്റെ "അൻവർ ജിറ്റോ"

ഇജ്ജൊരു ബല്ലാത്ത പഹയൻ തന്നെ...

നിന്നെക്കൊണ്ട് ഞാൻ കുടുങ്ങിയല്ലോ...

ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലും

എവിടെ നോക്കിയാലും മെസേജോട് മെസേജ്..

ദേ ദിങ്ങനെ..

"നിങ്ങളുടെ മെസഞ്ചര്‍ ലിസ്റ്റില്‍ ഉള്ള എല്ലാവരെയും അറിയിക്കുക. 'അന്‍വര്‍ ജിറ്റോ' എന്ന ഐഡിയില്‍ നിന്നും റിക്വസ്റ്റ് വന്നാല്‍ ആഡ് ചെയ്യരുത്. കാരണം അയാള്‍ ഒരു 'ഫേസ്ബൂക് ഹാക്കര്‍ ആണ്'. നിങ്ങളുടെ ഫ്രണ്ട്സ് ലിസ്റ്റില്‍ ഉള്ള ആര് അക്സ്പറ്റ് ചെയ്താലും നിങ്ങളും ഹാക്ക് ചെയ്യപ്പെടും. അതിനാല്‍ ഈ വിവരം സുഹൃത്തുക്കളെയും അറിയിക്കുക."

അൻവർ ജിറ്റോ ഫ്രണ്ട് റിക്വസ്റ്റ്  അയക്കും..അത് അക്സപ്റ്റ് ചെയ്താൽ നിങ്ങളുടെ ഫേസ്ബുക്ക് ഹാക്ക് ചെയ്യും..പിന്നെ നിങ്ങളുടെ കമ്പ്യൂട്ടർ ഹാക്ക് ചെയ്യും...എന്നിട്ട് നിങ്ങളുടെ കമ്പ്യൂട്ടറിൽ ഉള്ളതെല്ലാം മൂപ്പരു കൊണ്ട് പോകും..പിന്നെ നിങ്ങടെ വീടിന്റെ ആധാരം,റേഷൻ കാർഡ്, ..എന്നിത്യാദികളും നിങ്ങളെ തന്നെയും ഹാക്ക് ചെയ്ത് കൊണ്ട് പോകും...ന്തേയ്..

ബഡായി പൊട്ടിക്കണതിനുമില്ലേ ഒരതിരു..ഹൗ

മെസേജ് അയക്കുന്ന പ്രിയസുഹ്രുത്തുക്കളെ....ഈ അൻവർ ജിറ്റോയില്ലേ...വെറും ഫേക്കാണു.. ഇമ്മാതിരി മെസേജ് ഫോർവേർഡ് ചെയ്യുമ്പോൾ രണ്ട് മൂന്ന് വട്ടം ആലോചിക്കുക...

സൈബര്‍ ആക്രമണങ്ങള്‍ ഏറി വരുന്ന ഈ കാലഘട്ടത്തിൽ  സാധാരണക്കാര്‍ക്കിടയില്‍ ഭീതി പരത്താന്‍ മാത്രം ലക്ഷ്യമിട്ട് ഏതോ അലവലാതി ഉണ്ടാക്കി വിട്ട ഒരു ഭീഷണി സന്ദേശം മാത്രമാണിത്.

ഒരു തംസ്യം..

ഒരാളുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചതിന്റെ പേരില്‍ നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടും പിന്നെ കംപ്യൂട്ടറുമൊക്കെ ഹാക്ക് ചെയ്യപ്പെടുമോ?

വെറും ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചതിന്റെ പേരില്‍ ഒരിക്കലും ഫേസ്‍ബുക്ക് അക്കൗണ്ടോ പിന്നീട് കംപ്യൂട്ടറോ ഹാക്ക് ചെയ്യപ്പെടുകയില്ലെന്നാണൂ എന്റെ പക്ഷം...എന്നാൽ

അപരിചിതർ അയക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്താൽ ഒരു പക്ഷേ നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടേക്കാം......അതിനു അൻവർ ജിറ്റോ വരണമൊന്നുമില്ല...

ഇനി അഥവാ,,,അങ്ങനെയൊരു ഐഡി ഫേസ്ബുക്കിൽ ഉണ്ടെന്നും ഹാക്കിങ്ങ് ചെയ്യുന്നുണ്ടെന്നും വെക്കുക...ഇത് പോലെ ഷെയർ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതിലുമേറേ ആ ഐഡി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമുണ്ടാകും...ന്ന് വെച്ചാ ആ ഐഡിയെ ഫേസ് ബുക്ക് വേരോടെ പിഴുത് കളഞ്ഞിട്ടുണ്ടാകും..ന്ന്...

ഫേസ് ബുക്കിലൂള്ളവരെന്താ ഉണ്ണാക്കന്മാരാണെന്ന് കരുതിയോ...അൻവർ ജിറ്റോ...

അപ്പോ അൻവർ ജിറ്റോ...

വരാന്ന് പറഞ്ഞിട്ട് ചേട്ടൻ വരാതിരിക്കരുത്..

വരാതിരുന്നാലെ..

ചേട്ടന്റെ പരാതി തീരൂല്ലാാാ...

Related Posts with Thumbnails

On 2017, ജൂൺ 29, വ്യാഴാഴ്‌ച 0 comments
Bookmark and Share

ഇറയോന്റനുഗ്രഹം  തേടി ഞാൻ..
ഇരു കരം നീട്ടി ദുആ ഇരന്നു.
ഇഹപര വിജയം തേടി ഞാനെ..
ഇരവും പകലും ദുആ ഇരന്നു...

അറിയാം ഒരു നാളിൽ എരിഞ്ഞ് തീരും..
ആരോരുമില്ലാതെ മടങ്ങിപ്പോകും..
അസ്റാഈൽ വന്നെന്നെ മാടി വിളിക്കും
അത് കേൾക്കാതെവിടെ ഞാൻ ഓടിയൊളിക്കും..

അകലെ മിനാരങ്ങൾ സാക്ഷിയാകും..
അരികെ മീസാനുകൾ ബാക്കിയാകും...
അളക്കപ്പെടുന്നൊരു നാളു വരും..
അറിയാതതോർക്കുമ്പോളാധി വരും....

Related Posts with Thumbnails

On 2017, ജൂൺ 25, ഞായറാഴ്‌ച 0 comments
Bookmark and Share

ഇറ്റ് ഈസ് ദ ബിഗിനിങ്ങ് ഓഫ് ദ എൻഡ്...

അല്ലാതെന്താ പറയാ..

ഈ റമളാനിൽ എന്നും വൈകുന്നേരവും രാത്രിയും ഞാൻ ഹറമിന്റെ പരിസരങ്ങളിൽ ഉണ്ടാവാറുണ്ട്...റമളാൻ മാസത്തിൽ സാധാരണ ഉണ്ടാകാറുള്ള തിരക്കിൽ കവിഞ്ഞ് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാറില്ല...
എന്നാൽ കഴിഞ്ഞ ദിവസം ഹറമിന്റെ മൂന്ന് കിലോമീറ്റർ ഇപ്പുറത്തേ വാഹനങ്ങൾ തടയുകയും കർശനമായ പരിശോധനകൾ നടക്കുകയും ചെയ്യുന്നു..വഴി യാത്രക്കാരുടെ ബാഗുകളും കയ്യിലിരിക്കുന്ന കവറുകളും വരെ പരിശോധിക്കുന്നു...റോഡാണെങ്കിൽ തീർത്താൽ തീരാത്ത ബ്ലോക്കും...മിനിഞ്ഞാന്ന് അരമണിക്കൂർ കൊണ്ട് ഹറമിനടുത്തുള്ള മിസ്ഫലയിൽ പോയി വന്ന എനിക്ക് ഇന്നലെ അതിനായി മൂന്ന് മണിക്കൂർ എടുക്കേണ്ടി വന്നു...

ഏതെങ്കിലും വി ഐ പി ഹറമിൽ വന്നിട്ടുണ്ടാവും എന്നേ ഞാൻ കരുതിയുള്ളൂ...

തിരിച്ച് റൂമിൽ വന്നപ്പോഴാണു  ഞെട്ടിക്കുന്ന ആ വാർത്ത ഞാൻ കേട്ടത്...
മക്ക ഹറമിനെ ലക്ഷ്യമാക്കി ഒരു ചാവേറ് വന്നെന്നും ഹറമിനു രണ്ട് മൂന്ന് കിലോമീറ്റർ ഇപ്പുറത്ത് സുരക്ഷാ സേനയുടെ പിടിയിലാവുമെന്നുറപ്പായപ്പോൾ സ്വയം പൊട്ടിത്തെറിക്കുകയും ചെയ്തുവെന്നും....മക്കയിലെതന്നെ മറ്റൊരു പ്രദേശത്ത് നിന്നും പിടി കൂടിയ ഒരു തീവ്രവാദിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാവേർ ഒളിവിൽ താമസിച്ചിരുന്ന അജ്യാദിലെ ഒരു പഴയകെട്ടിടം പോലീസ് വളയുകയായിരുന്നു...
ആദ്യം പോലീസിനു നേരെ വെടിയുതിർത്ത് രക്ഷപ്പെടാൻ  ശ്രമിച്ചെങ്കിലും രക്ഷയില്ലെന്ന് കണ്ടപ്പോൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു..പൊട്ടിത്തെറിയിൽ കെട്ടിടം പൂർണ്ണമായും തകർന്നു..ഏതാനും പോലീസുകാർക്ക് പരിക്കേൽക്കുകയും‌ ചെയ്തു...
ഇത്രയുമാണു അറിയാൻ കഴിഞ്ഞത്..

സൗദി സുരക്ഷാ സേനയുടെ ഉചിതമായ ധീരമായ ഇടപെടൽ ഇല്ലായിരുന്നു എങ്കിൽ ഈ പെരുന്നാൾ ദിനം ലോകം കേൾക്കുന്നത് എന്തായിരിക്കും...?

ലോക മുസ്ലിംകൾക്ക് താങ്ങാൻ പറ്റാത്തത്ര വലിയൊരു ദുരന്തവാർത്തയായിരിക്കില്ലേ....അത്

പരിശുദ്ധ റംസാൻ മാസം അവസാനത്തെ പത്തിൽ ലക്ഷക്കണക്കിനു വിശ്വാസികൾ തന്റെ നാഥനിലേക്കടുക്കാൻ സദാ ആരാധനകളിൽ മുഴുകിയിരിക്കുന്ന    ലോകമുസ്ലിംകളുടെ പരിപാവനകേന്ദ്രമായ മക്കയിലെ മസ്ജിദുൽ ഹറാമിൽ ആക്രമണം നടത്താൻ പദ്ധതിയിടുക... ആയിരക്കണക്കിനു നിരപരാധികളെ കൊന്നൊടുക്കുക...എന്നിട്ട് എന്താണു നിങ്ങൾ നേടാൻ പോകുന്നത്..


ഹേ.....ഇസ്ലാമിന്റെ പേരു പറഞ്ഞ് നടക്കുന്ന തീവ്രവാദികളെ... വ്രുത്തികെട്ട ജന്തുക്കളെ....

ഏത് ഇസ്ലാമിനെ സ്ഥാപിക്കാനാണു നിങ്ങൾ ശ്രമിക്കുന്നത്...

ഏത് സ്വർഗ്ഗരാജ്യമാണു നിങ്ങൾ പ്രതീക്ഷിക്കുന്നത്...

അള്ളാഹുവും റസൂലും പഠിപ്പിക്കാത്ത ദുഷിച്ച ഈ മാർഗ്ഗം നിങ്ങൾക്കോതി തന്നത് ഏത് ചെകുത്താനാണു...


ഇറ്റ് ഈസ് ദ ബിഗിനിങ്ങ് ഓഫ് ദ എൻഡ്..


ഖുർആനിക വചനങ്ങൾ വളച്ചൊടിക്കുന്നു,

 പ്രവാചക വചനങ്ങൾക്ക്  ചെവികൊടുക്കുന്നില്ല,

അള്ളാഹുവിന്റെ ഭവനങ്ങൾക്ക് സംരക്ഷണമില്ല,

പണ്ഠിതന്മാരുടെ  വാക്കുകൾക്ക് വിലയില്ല...

മുസ്ലിമികൾ  തമ്മിലടിക്കുന്നു...


അതേ...ലോകാവസാനത്തിന്റെ ആരംഭം..അള്ളാഹുവിന്റെ പരിശുദ്ധഗേഹത്തിനു..... യഥാർത്ഥ ഇസ്ലാമിന്റെ അഹലുകാർക്ക്  അവൻ സംരക്ഷണം നൽകുമെന്ന കാര്യം തീർച്ചയാണു....അത് മാത്രമാണു പ്രതീക്ഷിക്കുന്നതും.....അതിനു വേണ്ടി മാത്രമാണു പ്രാർത്ഥിക്കുന്നതും...

ഈ പെരുന്നാൾ സുദിനത്തിൽ ഇത് മാത്രമാണു പറയാനുള്ളത്...ഏവർക്കും ഒരായിരം ഈദുൽ ഫിത്വർ ആശംസകൾ...Related Posts with Thumbnails

On 2017, ജൂൺ 23, വെള്ളിയാഴ്‌ച 0 comments
Bookmark and Share

രംഗം..: ഒന്ന്

മലപ്പുറം കുന്നുമ്മൽ ടൌൺ..
തിരക്ക് പിടിച്ച പെരിന്തൽമണ്ണ റൂട്ടിലൂടെ പൂരപ്പറമ്പിനിടയിലൂടെ ഐസ് വിൽ‌പ്പനക്കാരൻ പോകുന്ന പോലെ കുത്തിത്തിരുകിയും വെട്ടിച്ചെടുത്തും വളഞ്ഞ് പുളഞ്ഞും ഒക്കെ എന്റെ ഓട്ടോ ഓടിക്കുകയാണു ഞാൻ..പെട്ടെന്ന് എന്റെ ഓട്ടോക്കൊരു വയറിളക്കം.പിന്നെ ഒന്ന് രണ്ട് കുര..പിന്നെ ആൾ അറ്റാക്കായി ..അതും നടു റോഡിൽ..
ഞാനാകെ വിയർത്തു.., പുറകെ വരുന്ന വണ്ടികളൊക്കെയും പല പല ശബദത്തിൽ അമറാനും കുരക്കാനുമൊക്കെ തുടങ്ങി, ഞാൻ കിക്കർ വലിച്ചടിച്ചു..എന്ത് ചെയ്തിട്ടും ഓട്ടോ സ്റ്റാർട്ടാകുന്നില്ല., എന്ത് ചെയ്യാം.  ട്രാഫിക് ജാം..
കുറച്ചകലെ ഒരു പെട്ടിക്കടയും ചാരി നാരങ്ങാസോഡയും കുടിച്ച്കൊണ്ടിരിക്കുന്ന പോലീസുകാരൻ കണ്ണുരുട്ടി കാണിക്കുന്നു..ഞാൻ സകല അടവുകളും പയറ്റി.യുദ്ധക്കളത്തിൽ നിരായുധനായ പോരാളിയെപ്പോലെ ഞാൻ നിന്നു..പോലീസുകാരൻ എന്തൊക്കെയോ ആംഗ്യം കാണിക്കുന്നു..ബാക്കിവന്ന നാരങ്ങസോഡ ഈർഷ്യയോടെ നിലത്തേക്ക് തുപ്പി അയാൾ എന്റെ അടുത്തേക്ക് വന്നു..എടുത്ത് മാറ്റടോ തന്റെ കുന്ത്രാണ്ടം..അത് ..സാർ, വണ്ടി സ്റ്റാർട്ടാകുന്നില്ല..,   .....................അങ്ങട് തള്ളി മാറ്റടോ..രാവിലെ തന്നെ ഒരോരുത്തർ   ഓരോ ശകടവുമായി  ഇറങ്ങിക്കോളും....................(വിട്ട ഭാഗങ്ങൾ അഡൽട്ട് ഓൺലിയാണു..നിങ്ങൾക്ക് സൗകര്യപൂർവ്വം പൂരിപ്പിച്ചെടുക്കാം..)  ഹൗ വയറു നിറഞ്ഞു..ഞാൻ പുറത്തിറങ്ങി ആയാസപ്പെട്ട് വണ്ടി തള്ളിസൈഡിലേക്ക് മാറ്റി...അവിഞ്ഞ ചിരിയും ചിരിച്ച് അയാളും പുറകെ കാറിക്കൊണ്ടിരുന്ന വണ്ടികളും എന്നെ കടന്ന് പോയി...

രംഗം: രണ്ട്

സൗദി, മക്കയിലെ അസീസിയ്യ ടൗണിലെ മെയിൻ റോഡ്...ഏതാണ്ട് ഉച്ച, ഉച്ചര, ഉച്ചേ മുക്കാൽ സമയം..പുട്ടിനു തേങ്ങയിട്ടത് പോലെ ഇടക്കിടക്ക് ട്രാഫിക് സിഗ്നൽ, പച്ചകത്തുമ്പോൾ കെട്ട് പൊട്ടിച്ചൊഴുകി ചുവപ്പ് കത്തുമ്പോൾ മുറിഞ്ഞമരുന്ന വാഹനങ്ങളുടെ നീണ്ടനിര..ആ നിരയിൽ ടൊയോട്ട ഹായിസ് എന്ന മിനി വാൻ..അതിന്റെ സാരഥിയായി ഈ ഞ്യാനും..ചരിത്രം വീണ്ടും ആവർത്തിച്ചു...ഫസ്റ്റ് ഗിയറിൽ ക്ലച്ചിൽ നിന്ന് കാലെടുക്കുക, വെക്കുക..ഒച്ച് ഇഴയുന്ന പോലെയാ പോക്ക്..
ക്ലച്ചും ബ്രേക്കും തമ്മിലുള്ള അഭ്യാസത്തിനിടയിൽ ദേ കെടക്കണു..വണ്ടി ഓഫ്...ഇതൊക്കെ എത്ര കണ്ടതാ എന്ന മട്ടിൽ ചാവിയുടെ തലമണ്ട പിടിച്ച് വീണ്ടുമൊരു തിരിക്കൽ..ങേ..വണ്ടി സ്റ്റാർട്ടാകുന്നില്ല..ഗളിപ്പിക്കല്ലേ മോനേ..ഒന്നൂടൊന്ന് നോക്കി...ഇല്ലാ സ്റ്റാർട്ടാകുന്നില്ല..പിന്നെയും പിന്നെയും നോക്കി..നോ രക്ഷ..ബാറ്ററി ഡൗൺ..
പിറകിൽ വരി നിന്ന വാഹനങ്ങൾ അലറാൻ തുടങ്ങി..
പിന്നെ കുത്തിത്തിരുകി അപ്പുറത്തൂടെയും ഇപ്പുറത്തൂടെയുമൊക്കെയായി കടന്ന് പോയി...ഞാനാകെ വിയർത്തു..അല്പസമയം മാത്രം...ട്രാഫിക് പട്രോൾ വണ്ടി അകലേ നിന്നേ ഹോൺ അടിക്കുന്ന ശബ്ദം കേൾക്കാൻ തൂടങ്ങി, ഒപ്പം മൈക്കിലൂടെ വണ്ടി എടുത്ത് മാറ്റാനും പറയുന്നു...ഞാനെന്ത് ചെയ്യാൻ ...എന്തെങ്കിലും ചെയ്യണമെങ്കിൽ ഇതൊന്ന് സ്റ്റാർട്ടായിക്കിട്ടിയിട്ട് വേണ്ടേ...
ഞാൻ സൈക്കിളിൽ നിന്ന് വീണ ചിരി പോലൊരു ചിരിയും ഫിറ്റ് ചെയ്തങ്ങനെ ഇരുന്നു..

ഏതാനും മിനുട്ടുകൾ പ്ലക്കേ ന്ന് കൊഴിഞ്ഞ് വീണു..ട്രാഫിക് പോലീസിന്റെ കാർ എന്റെ വണ്ടിയുടെ പുറകിൽ വന്ന് നിന്നു..അതിൽ നിന്നിറങ്ങിയ സുമുഖനായ ഒരു പോലീസ് കാരൻ ( എന്നെപ്പോലെ.. ) എന്റെ അടുത്ത് വന്നു..

അസലാമു അലൈക്കും..എന്താ സുഖമല്ലേ...

ഓ..പിന്നേ, ഭയങ്കര സുഖം കൊണ്ട് ആറാട്ടല്ലേന്ന് ചോദിക്കാൻ തോന്നി...

എന്താ പ്രോബ്ലം...എന്നൊക്കെ ചോദിച്ചു..കാര്യം മനസ്സിലായ മൂപ്പർ ഇസ്തിറാക്ക് ഉണ്ടോന്ന് ചോദിച്ചു..തമ്പാക്കിന്റെ അറബി പേരാണെന്ന് തെറ്റിദ്ധരിക്കണ്ട..ഇതതല്ല.,

ഇസ്തിറാക്ക്..

ബാറ്ററി ഡൗണായ വണ്ടിക്ക് മറ്റൊരു വണ്ടിയുടേ ബാറ്ററിയിൽ നിന്നും കണക്ഷൻ കൊടുത്ത് സ്റ്റാർട്ടാക്കുന്ന ചുവപ്പും  കറുപ്പും കളറിലുള്ള വയർ ഇല്ലേ..അതന്നെ സാധനം..അത് പിന്നെ നമ്മളെ കയ്യിൽ ഉണ്ടല്ലോ..ഈ പാട്ട വണ്ടി വഴിയിൽ നിക്കുമെന്ന് എനിക്കാദ്യമേ അറിയാമായിരുന്നു..അത് കൊണ്ട് സ്റ്റോക്ക് ചെയ്തതാ..ഏതായാലും പുള്ളി അയാളുടെ വണ്ടി എന്റെ വണ്ടിയുടെ ഓരം ചേർത്ത് നിർത്തി അതിൽ നിന്നും കണക്ഷൻ എടുത്ത് എന്റെ വണ്ടി സ്റ്റാർട്ടാക്കിത്തന്നു...എന്നിട്ട് എന്നോട് പറഞ്ഞു..

യാ അള്ളാ..( പേടിക്കേണ്ട..പടച്ചോനെ വിളിച്ചതല്ല, അറബികളൂടെ ഒരു സ്റ്റൈലാ..).

നേരെ വിട്ടോ..വർക്ക് ഷാപ്പിലേക്ക്, ബാറ്ററി മാറ്റിക്കോ..ഇല്ലേൽ ഇനിയും വഴിയിൽ നിൽക്കും...

അതെനിക്കറിയാലോ..ഈ ജാമ്പവാന്റെ കാലത്തുള്ള ബാറ്ററി ഇനിയും മാറ്റിയില്ലെങ്കിൽ പണി പള്ളനെറച്ചും കിട്ടുംന്ന്...

ഉം..ശരി..ആയക്കോട്ടെ....ശുക്രൻ, മഅസലാമ...

എന്നൊക്കെ പറഞ്ഞ് ഞാനവിടുന്ന് വിട്ടു..

എങ്ങനെയുണ്ട്, നമ്മുടെ സ്നേഹിതന്മാരു പോലും ചിലപ്പോൾ ഇങ്ങനെ സഹായിക്കില്ല...അതാണു സൗദിയിലെ പോലീസ്..ഏത് റോഡായാലും രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ യാത്രികർക്ക് കൂട്ടായി രക്ഷകരായി സ്നേഹിതരായി സൗദി ട്രാഫിക്ക് പോലീസിന്റെ സേവനം നിങ്ങൾക്ക് പ്രതീക്ഷിക്കാം...

അല്ല ഞാനാലോചിക്കുവാ..

നമ്മുടെ നാട്ടിലും സൗദിയിലും പോലീസ് പോലീസ് തന്നെയല്ലേ .രണ്ടിടത്തും മനുഷ്യന്മാരു തന്നെയല്ലേ......പിന്നെന്താ ഇങ്ങനെ...

ആ...

Related Posts with Thumbnails

On 2017, ജൂൺ 20, ചൊവ്വാഴ്ച 0 comments
Bookmark and Share

ഇന്നൊരു ബഡായി പറയാം..

ബഡായി എന്ന് പറയാൻ പറ്റൂലാ..

ശരിക്കും നടന്നത് തന്നെ..

പുതുതായി നാട്ടിൽ നിന്ന് വന്ന ഒരു പയ്യൻ..പണി ഒരു ഫുന്ദുകിൽ, എന്ന് വെച്ചാ ലോഡ്ജിൽ...അവിടെ വേറെ ഒന്ന് രണ്ട് മലയാളികളും ഉണ്ട്...അങ്ങനെയിരിക്കെ ഒരു ദിവസം പുള്ളിക്കാരൻ ഒറ്റക്കായപ്പോ വേറൊരുത്തനു ഫോൺ ചെയ്യുന്നു...

"ഹലോ.".

"ഇജ്ജൊവെടെ.."

''ആ..ഞാനിവിടെ ബെഡ് റൂമിലുണ്ട്.."

"നമ്മുടെ ബെഡ് റൂമിലോ..ഞാൻ ബെഡ് റൂമീന്നാണല്ലോ വിളിക്കണത്.."

"അതല്ലട..പൊട്ടാ..ഞാൻ ബിൽഡിങ്ങിന്റെ ബെഡ് റൂമിലാ..."

"ങേ...ബിൽഡിങ്ങിനും ബെഡ് റൂമോ....."

"എട പൊട്ടാ ബെഡ് റൂം എന്ന് പറഞ്ഞാ അറബിയിൽ അതിനർത്ഥം അണ്ടർ ഗ്രൗണ്ട് എന്നാ..."

ഹ..ഹ...ഹ

ഇതിപ്പോ ഇവിടെ പറയാൻ കാര്യം..

കാര്യമുണ്ട്..ഇന്നും അതുപോലൊരു സംഭവമുണ്ടായി...

മക്കയിലെ അസീസിയ്യ..

ഇഖാമത്ത് കേട്ട് ഓടിപ്പിടിച്ച് പള്ളിയിലെത്തുമ്പോൾ പള്ളി ഹൗസ് ഫുൾ...വാതിൽക്കൽ കൂട്ടിയിട്ട ചെരിപ്പുകൾ വകഞ്ഞ് മാറ്റി അവിടെ നിൽക്കാനായി തുനിയുമ്പോഴാണു വേറെ ഒന്ന് രണ്ട് പേർ കൂടി വന്നത്...

കൂട്ടത്തിലുണ്ടായിരുന്ന ഒരു യമനി പറഞ്ഞു...

"വാ ..താഴെ ബെഡ് റൂമിൽ സ്ഥലമുണ്ടാകും.".( പറഞ്ഞത് അറബീലാട്ടോ..)...അയാൾ എല്ലാരെയും വിളിക്കുന്നുണ്ട്..

ആ..ഹാ..എന്നാ പിന്നെ അങ്ങോട്ട് പോകാം..ഞാൻ പോകാൻ തുനിയവേ..കൂട്ടത്തിൽ വന്ന ഒരു കാക്ക ( മലയാളിയാണു..നാട്ടീന്ന് ഉമ്രക്ക് വന്നതാണെന്ന് തോന്നുന്നു..) എന്നോട് ചോദിച്ചു...എന്താ അയാളു പറയണതെന്ന്...

"അത് ..പിന്നെ..ഇവിടെ സ്ഥലമില്ലെങ്കിൽ താഴെ ബെഡ് റൂമിൽ പോകാന്നാ പറയണത്..."

"ബെഡ് റൂമുക്കോ..ഏയ്..ഞാനില്ല..അവിടെ എങ്ങനെ നിസ്കരിക്കാ..."

"അതല്ല പൊന്നാര ഇക്കാ...ഈ പള്ളിന്റെ ബെഡ് റൂമിലേക്കാ അയാളു വിളിച്ചത്.."

ങേ..പള്ളിക്കും ബെഡ് റൂമോ... പള്ളിയും കെടന്നൊറങ്ങോ..

പിന്നല്ലാതെ..പള്ളി കെടന്നൊറങ്ങും..പള്ള നെറച്ചും ബിരിയാണിം തിന്നും..കെട്ട്യോളേം കുട്ട്യാളെം ഒപ്പം ടൂറും പോകും...ന്തേയ്....എന്ന് പറയാനാ തോന്നിയത്...തത്കാലം വിട്ടു...

കാരണം

അറിവില്ലായ്മ ഒരിക്കലും ഒരു തെറ്റല്ല...ഇങ്ങനെയൊക്കെയല്ലേ ഓരോന്ന് പഠിക്കുന്നത്...

--:നമോവാകം:--
Related Posts with Thumbnails

On 2017, ജൂൺ 19, തിങ്കളാഴ്‌ച 0 comments
Bookmark and Share


ഒരു ''ക്ലീഷേ"... പറയാം..

ഇന്നും കേട്ട്...ഒരാളുടെ ഫോൺ വിളി..

പ്രവാസികൾക്കറിയാം..

ഗൾഫിലേക്ക് പറന്ന് വരാൻ തയ്യാറെടുക്കുന്നതിനിടയിൽ ഒരിക്കലെങ്കിലും ഈ ഡയലോഗുകൾ നിങ്ങൾ കേട്ടിട്ടുണ്ടാവും...അതങ്ങനെയാണു..

പത്താം ക്ലാസ്സും ഗുസ്തീം ( രണ്ട് മൂന്ന് കൊല്ലം തെണ്ടിത്തിരിയലും ) കഴിഞ്ഞാൽ ഒരു ശരാശരി മലപ്പുറത്തുകാരന്റെ ഏറ്റവും വലിയ അഭിലാഷം...ന്താ....?

ഗൾപ്പീ പോണം..ഗൾപ്പേ

അതിനായി തനിക്ക് മുന്നേ അങ്ങോട്ട് കെട്ടിയെടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും ഒക്കെ ഫോൺ വിളികളായി..സഹായം തേടലായി...

അപ്പോൾ ആദ്യം അവർ പറയും....

'മോനേ..( കുഞ്ഞോനേ,,കുഞ്ഞാപ്പൂ,,,അങ്ങനെ ഏതുമാകാം..) ഇബടത്തെ കാര്യമൊക്കെ കഷ്ടാ..പഴേ ഗൾഫൊന്നല്ല..ഇപ്പോ...ഗൾഫിന്റെ കാലമൊക്കെ കഴിഞ്ഞു..എണ്ണ വിലയിടിഞ്ഞു..നിതാഖാത് വന്നു..ഇവിടെയുള്ള കമ്പനികളൊക്കെ വിദേശികളെ പിരിച്ച് വിട്ട് കൊണ്ടിരിക്കുകയാണു.ഇവിടേ ഇനി പിടിച്ച് നിക്കാൻ പാടാ...ഞങ്ങളും അധികം വൈകാതെ നാട്ടിലേക്ക് വരാനിരിക്കുകയാണു...നീ അവിടത്തന്നെ എന്തെങ്കിലും ജോലിയെടുത്ത് കൂടാൻ നോക്ക്...അതാ നിനക്ക് നല്ലത്... ഞാൻ നിന്നോടായത് കൊണ്ട് പറയുകയാ..."(ഹൗ..എന്തൊരു സ്നേഹം..)

ഈ ഡയലോഗിനു പ്രവാസം എന്ന് ആരംഭിച്ചുവോ അത്രത്തോളം പഴക്കമുണ്ട്..അതിന്നും തുടരുന്നു...

ആരെങ്കിലും ഇമ്മാതിരി ഡയലോഗ് കേട്ട് പേടിച്ചിരുപ്പുണ്ടെങ്കിൽ അവരോട്..

പുന്നാര പടപ്പുകളെ..ഇതല്ല..ഇതിലും വല്ല്യ മാന്ദ്യവും പ്രതിസന്ധിയും വന്നിട്ടും ഇവിടേക്ക് വരുന്ന ആൾക്കാരുടെ എണ്ണത്തിൽ ഒരു കുറവും വന്നിട്ടില്ല...അതൊട്ട് മാറാനും പോണില്ല...

സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസ് 2014 ൽ നടത്തിയ കേരള പ്രവാസി സർവ്വേ പ്രകാരം വിവിധ രാജ്യങ്ങളിലായി 24 ലക്ഷത്തിലും അധികം മലയാളികൾ പ്രവാസികളായി കഴിയുന്നു.

അത് കൂടിക്കൊണ്ടിരിക്കുകയാണു താനും...പിന്നല്ലേ!!

ഓഞ്ഞ ഡയലോഗ് കാച്ചുന്നവരോട് പോകാൻ പറ..ഹല്ല പിന്നെ!!


Related Posts with Thumbnails

On 2017, ജൂൺ 14, ബുധനാഴ്‌ച 0 comments
Bookmark and Share

മക്ക ഹറമിന്റെ പരിസരത്തുള്ള തയ്സീറിലെ ഇടുങ്ങിയ റോഡ്..
ജനങ്ങൾ സദാസമയവും റോഡിൽ പരന്നൊഴുകി നടന്ന് കൊണ്ടിരിക്കുന്നയിടം..ഒരു ഫോൺ കോൾ അറ്റൻഡ് ചെയ്യാൻ വേണ്ടി റോഡ് സൈഡിലൊരു പഴയ ബിൽഡിങ്ങ് ചാരി പാർക്ക് ചെയ്തിരിക്കുകയാണു എന്റെ വണ്ടിയും ഞാനും...
സാമാന്യം മദ്ധ്യവയസ്കനായ ഒരു ഈജിപ്ത്യൻ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നോക്കി അന്തം വിട്ട് നടന്ന് വന്ന് ക്രുത്യം എന്റെ വണ്ടിയിൽ "പ്ട്ക്കോ "
വന്ന് മുട്ടി...
പുള്ളിക്കാരന്റെ വിചാരം ഞാൻ അങ്ങോട്ട് ചെന്ന് മുട്ടിയതാന്നാ...പോരേ പൂരം...
ഗിർ ഗിറോട് ഗിർ ഗിർ...എന്ന് വെച്ചാ ..നല്ല ഉശിരൻ ചീത്ത വിളി.....
ആഹാ...കണ്ണും മൂക്കുമില്ലാതെ നടന്ന് വന്ന് മുട്ടിയിട്ട് കുറ്റം എനിക്കായോ...ഞാനും വിട്ട് കൊടുത്തില്ല...
ഗിർ ഗിറോട് ഗിർ ഗിർ...
അത് വഴി പോകുന്നവരൊക്കെ തുറിച്ച് നോക്കി കടന്ന് പോകുന്നു...
കുറെ പറഞ്ഞപ്പോ അയാൾക്ക് മടുത്ത് കാണും...എനിക്കേതായാലും മടുത്തു...
ഒടുക്കം രണ്ടാളും  കൈ കൊടുത്ത് സലാം പറഞ്ഞ് പിരിഞ്ഞു...
ഹൗ മനസ്സിനെന്തൊരാശ്വാസം..
അയാളും ഹാപ്പി..ഞാനും ഹാപ്പി...
Related Posts with Thumbnails

On 2017, ജൂൺ 12, തിങ്കളാഴ്‌ച 0 comments
Bookmark and Share

സീരിയസ്സായി ഒരു കാര്യം പറയാം..
ങെ....അപ്പോ ഇത്ര നാളു പറഞ്ഞതൊന്നും..!!
ഏയ്....അങ്ങനെയല്ല..
പിന്നെന്താപ്പോ പുതിയത്..
ചുമ്മാ..റമളാനൊക്കെയല്ലേ...എല്ലാരെയും ഒന്ന് ഉപദേശിച്ച് കളയാം..ന്ന് കരുതി
ഉം...ഉം...
പറയുന്നത് എല്ലാരും പറഞ്ഞ് പഴകിയ ആ പാട്ട് തന്നെ...
ലഹരിയെപ്പറ്റി..
ലഹരി പിടി മുറുക്കുകയാണു ..പല പേരിൽ, പല രൂപത്തിൽ...സിഗരറ്റ്, ഹാൻസ്, എന്നിങ്ങനെ തുടങ്ങി കഞ്ചാവ്, മദ്യം, മയക്ക് മരുന്ന് എന്നീ മേഖലകളിലൂടെ നമ്മുടെ നാട്ടിലെയും (തെറ്റിദ്ധരിക്കേണ്ട..പൊതുവായി പറഞ്ഞതാ...) കൗമാരവും യുവത്വവും സഞ്ചരിക്കുന്നു എന്ന വാർത്തകൾ നാം കാണുന്നു..കേൾക്കുന്നു.
"മക്കളുടെമേല്‍ എപ്പോഴുമൊരുകണ്ണ് വേണ "മെന്നത് പഴയചൊല്ലാണെന്നു പറഞ്ഞ് തള്ളേണ്ട.
സ്‌നേഹവും കരുതലും മാത്രം കൊടുത്താൽ പോരാ, കുട്ടികള്‍ പരിധിവിടുന്നതും രക്ഷിതാക്കളറിയണം.
അറിയുന്ന നിമിഷം രണ്ടെണ്ണം പൊട്ടിച്ച് നന്നാക്കാമെന്നത്  വെളുക്കാൻ തേച്ചത് പാണ്ടായി എന്നത് പോലെ വിപരീതഫലമുണ്ടാക്കിയേക്കാം..
ലഹരി ഉപയോഗിക്കുന്ന കുട്ടികള്‍ ശാസനയുടെ ഭാഷയേല്‍ക്കാത്തവരാണെന്ന് ആദ്യംതിരിച്ചറിയണം. ഇവരെ അനുനയിപ്പിച്ച് കാര്യങ്ങള്‍ മനസ്സിലാക്കിക്കലാണു ആദ്യഘട്ടം.
തുടർന്ന് ലഹരിയിലകപ്പെട്ട കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കി മാറ്റിയെടുക്കാവുന്നതാണു..
എന്നാൽ ഈ കൗൺസിലിങ്ങിനെപറ്റി എത്ര രക്ഷിതാക്കൾക്കറിയാം..
അറിയുന്നവരോ  ഇതിന് തയ്യാറാകുന്നുമില്ല... കൗണ്‍സലിങ് മോശമാണെന്ന ധാരണയാണ് ഇതിനു പിന്നില്‍. മറ്റുള്ളവര്‍ അറിയുമെന്ന പേടിയും വലിയ കാരണമാണ്.
കുട്ടികളുടെ സ്വഭാവദൂഷ്യം മാറ്റിയെടുക്കുന്നതിനുള്ള ശാശ്വത മാര്‍ഗങ്ങളാണ് കണ്ടെത്തേണ്ടത്.
അതിനു പരിശീലനം സിദ്ധിച്ച ഒരു കൗൺസിലർക്കാവും...
മലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ്‌ലൈന്‍ യൂണിറ്റിലും ചെല്‍ഡ് വെല്‍െഫയര്‍ കമ്മിറ്റിയുടെ കീഴില്‍ തവനൂര്‍ ചില്‍ഡ്രന്‍സ് ഹോമിലും  കൗണ്‍സലിങ് നല്‍കുന്നുണ്ട്.
ഈ സേവനം സൗജന്യമാണെന്നാണു എന്റെ അറിവ്..
കുട്ടികളെ നിരീക്ഷിക്കുക,തെറ്റായ വഴികളിലൂടെ പോകുമ്പോൾ അവർക്ക് മാർഗ്ഗനിർദ്ദേശം നൽകുക...ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന ശീലമുള്ളവരെ കൗൺസലിങ്ങിനു വിധേയമാക്കി അവരെ  മാറ്റിയെടുക്കുക.,
എല്ലാത്തിലുമുപരി ദയ, കാരുണ്യം, സഹാനുഭൂതി, സന്നദ്ധസേവനം,സഹവർത്തിത്വം, ...എന്നിങ്ങനെ തുടങ്ങിയ നല്ല ഗുണങ്ങൾ പകർന്ന് കൊടുത്ത് നാളത്തെ ഉത്തമ പൗരന്മാരായി നമ്മുടെ കുട്ടികളെ നമുക്ക് വാർത്തെടുക്കാം...
ഹൗ..വായിച്ച് തീർന്നോ...
ഇത്രേയുള്ളൂ...
ഇത് വരെ വായിച്ചതിനു നന്ദി..
Related Posts with Thumbnails

On 2017, ജൂൺ 9, വെള്ളിയാഴ്‌ച 0 comments
Bookmark and Share

"സാറേ...!"

"ബാറുകൾ തുറക്കാൻ പോകാത്രേ..."

"അതിനു.?

"അല്ലാ..സാറെന്തെങ്കിലും പറയന്നേ..എനിക്ക് ഫേസ്ബുക്കിൽ പോസ്റ്റാലോ..."

"ങാ..നോക്കട്ടെ.."

"മദ്യം നമ്മുടെ നാടിനെ നശിപ്പിക്കുന്ന വിപത്താണു..അത് നമ്മുടെ ശരീരരത്തെയും സമ്പത്തിനെയും.........."

"നിർത്ത് നിർത്ത്.....എന്താ സാറേ....ഇതൊരു മാതിരി പ്രതിജ്ഞ പോലെ...ഇതൊക്കെ എല്ലാവർക്കും അറിയുന്നതല്ലേ..."

"ആണോ..എനിക്കിതൊക്കെതന്നെ അറിയൂ..നിനക്കറിയാമെങ്കിൽ നിനക്കങ്ങ് ഉണ്ടാക്കിക്കൂടെ...."

"ചൂടാവല്ലെ സാറെ.."

"ബാറും ബീവറേജും പൂട്ടിയിട്ടത് കൊണ്ട്  ആരെങ്കിലും കള്ള് കുടി നിർത്തിയിട്ടുണ്ടോ...സാറെ..?

"അങ്ങനെ ചോദിച്ചാ ഇല്ലാന്ന് തന്നെ പറയാം..കുടിക്കുന്ന അളവിൽ ഇത്തിരി കുറവ് വന്നിട്ടുണ്ടാകാം..എന്നല്ലാതെ ...ശീലങ്ങളങ്ങനെ കൈവിടാൻ മലയാളിക്കാവുമോ..".

"അതാ ഞാൻ പറഞ്ഞത് പൂട്ടിയിട്ടത് കൊണ്ട് സർക്കാറിനു നികുതിയിനത്തിൽ കിട്ടേണ്ട  കോടികൾ സ്വാഹ,,"

"അത് നീ പറഞ്ഞത് നേരാ.."

"കുടിക്കാൻ തീരുമാനിച്ചവർക്ക് ബാറിൽ നിന്നോ ബീവറേജിൽ നിന്നോ വാങ്ങണമെന്ന് നിർബന്ധമുണ്ടോ..ഏയ്... കിട്ടുന്ന സ്ഥലം എവിടെയുണ്ടോ അവിടെ മണത്തെത്തും...എന്നിട്ടും കിട്ടിയില്ലേൽ  സ്വന്തമായങ്ങ് വാറ്റും...'

"അത് ശരിയാ"..

"പിന്നെ സാറെ..പരദൂഷണം പറയാന്ന് വിചാരിക്കല്ലേ.."

"നമ്മടെ പീടികന്റെടുത്തുള്ള വീട്ടിലു..."

"വീട്ടിലു.?

."അവിടൊരു ചെക്കനില്ലേ..ദുബായിലുള്ള.."

"ആ..എന്നിട്ട്..?

"അവന്റെ കല്ല്യാണത്തിനു ആറു കെയ്സ് മദ്യം ഇറക്കീതെന്നാ കേട്ടേ.."

"ഉണ്ടാവും..ഉണ്ടാവും.."

"കല്ല്യാണായാലും മരിപ്പായാലും കുടിയിരിക്കലായാലും ..സങ്കടം വന്നാലും സന്തോഷം വന്നാലും ഇനി ഒന്നും വന്നില്ലേലും മോന്തുക തന്നെ...എന്താ ചെയ്യാ...യുവാക്കൾ!! ..നാളത്തെ തലമുറ ഇങ്ങനെ തുടങ്ങിയാ എന്താ ചെയ്യാ..."

"അതെയതെ.."

"അല്ല സാറെ..ചില രാഷ്ട്രീയ പാർട്ടികൾ ബാറുകൾ തുറക്കുന്നതിനു എതിരാണല്ലോ....അത് നല്ലതല്ലേ..?

"നല്ലത് തന്നെ...പക്ഷേ ഇപ്പറഞ്ഞ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും അണികൾക്കുമൊന്നും മദ്യം വർജ്ജിച്ച് ഒരു പരിപാടിയും നടപ്പില്ലാന്ന് ആർക്കാണറിയാത്തത്..."

"അങ്ങനെ എല്ലാരെയും അടച്ചാക്ഷേപിക്കരുത് സാറെ..അത് ശരിയല്ല.."

"എല്ലാവരെയും പറ്റിയല്ല, മഹാഭൂരിപക്ഷത്തെ കുറിച്ചാ ഞാൻ പറയുന്നത്..ചെറിയ ഒരു ന്യൂനപക്ഷം മാത്രമേ ഇതീന്ന് ഒഴിവുള്ളു.."

"ദേ ..പിന്നേം "

"ഒരു പിന്നേം ഇല്ല..."

"പോസ്റ്ററൊട്ടിക്കൽ, ചുവരെഴുത്ത്, പ്രകടനം , ധർണ്ണ...എന്നിങ്ങനെ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന എല്ലാവിധ സമര- അസമര പരിപാടികൾക്ക് പിന്നിലെ പിന്നാമ്പുറ പരിപാടികളിൽ ലത് അവിഭാജ്യഘടകം തന്നെയാണു..".

"രണ്ടെണ്ണം അടിച്ച് അതിന്റെ ഹാങ്ങോവറു മാറാൻ രണ്ട് ഗ്ലാസ്സ് മോരും വെള്ളവും കൂടിച്ച് ചിറിതുടച്ച് ....വെള്ളേം വെള്ളേം ഇട്ട് വന്ന് വല്ല്യ മാന്യനായി വല്ല്യ വായി മുദ്രാവാക്യം വിളിക്കുക.. ..."

"മദ്യ നിരോധനം സിന്ദാബാദ്".., "മദ്യ വിമുക്ത കേരളം സിന്ദാബാദ്..."

"ആ വക പ്രതിഷേധങ്ങൾകൊണ്ട് എന്താ കാര്യം..?.

"ഒരു കാര്യവുമില്ല..."

"സമരത്തിൽ സത്യസന്ധത വേണം, ആത്മാർത്ഥത വേണം..ആദർശശുദ്ധിയുണ്ടാകണം..അതാണു മഹാന്മാർ നമ്മെ പഠിപ്പിച്ചത്...ആ സമരങ്ങൾക്കേ ലക്ഷ്യപ്രാപ്തിയുണ്ടാകൂ..."

" അതേ സാറേ...മദ്യവിമുക്തമായ സുന്ദരമായ ഒരു കേരളം അതാണെന്റെയും സ്വപ്നം..അതിനു വേണ്ടി നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം.."


"ആണല്ലോ...എന്നാ...ബഡായി നിർത്തി നീ ഒരു പെഗ്ഗ് കൂടി ഒഴിച്ചേ..."

"മതി ..മതി സാറെ..ഇന്നിതെത്രമത്തെ പെഗ്ഗാ...മതി.."

"മദ്യവിമുക്ത കേരളം സിന്ദാബാദ്.".

"മദ്യം നിരോധിക്കുകാാാ".."ബ്വാാ"..."ബ്വാാാാ"

"ശ്ശെ..അവിടാകെ ചർദ്ധിച്ച് വ്രുത്തി കേടാക്കിയല്ലോ.."

"ബ്വാാാ".."ബ്വാാാ......"


Related Posts with Thumbnails

On 2017, ജൂൺ 1, വ്യാഴാഴ്‌ച 0 comments
Bookmark and Share

ഒടിഞ്ഞ് തൂങ്ങി നിൽക്കുന്ന തെങ്ങോലത്തുമ്പിൽ നിന്നും ഈർക്കിലുകൾ ചീന്തിയെടുത്ത് വഴിയരികിൽ കാണുന്ന കമ്മ്യൂസ്റ്റ് പച്ചയുടെ ഇളം തളിരിലകൾ അടിച്ച് തെറിപ്പിച്ച്...
അപ്പുറത്തുമിപ്പുറത്തുമായി കാണുന്ന ഓട്ടുമ്പുറങ്ങളിൽ  കൊള്ളിക്കാതെ തക്കം നോക്കി കയ്യെത്താ ദൂരത്ത് തൂങ്ങിയാടി കൊതിപ്പിച്ച് നിൽക്കുന്ന മാങ്ങാക്കുലകളെ കല്ലെടുത്തെറിഞ്ഞ്....
ക്ഷണിക്കപ്പെടാത്ത അഥിതിയെപ്പോലെ കടന്ന് വരുന്ന ഇടവപ്പാതിയിൽ കെട്ടി നിൽക്കുന്ന വെള്ളം ചാടിക്കളിച്ച്..തട്ടിത്തെറിപ്പിച്ച്......
കളിച്ചും ചിരിച്ചും സൊറപറഞ്ഞും സ്കൂളിലേക്ക് പോയിരുന്ന ഒരു കാലം...
ഇടവഴിയിലൂടെ ചാടിക്കടന്ന് റോഡിലേക്കെത്തിയപ്പോഴാണു കൂടെ പഠിക്കുന്ന ഹാരിസ് പറഞ്ഞത്..

ടാ നമ്മക്കിന്ന് മാഷുടെ കൂടെ പോകാന്ന്…ആയ്ക്കോട്ടെ..ഞാൻ റെഡി..

ന്ന ഞമ്മക്കിവിടെ കാത്തിരിക്കാം…മാഷ് ഇപ്പം വരും…റോഡ് സൈഡിലെ പൊളിഞ്ഞ് തുടങ്ങാനായ അരമതിലിൽ ഞാനും അവനും മാഷെ കാത്തിരിന്നു…

ഞങ്ങൾ കുട്ടികൾക്ക് എന്നും ഹരമായിരുന്നു ഞങ്ങളുടെ പ്രിയ ഗഫൂർ മാസ്റ്ററുടെ കൂടെയുള്ള ആ സ്കൂൾ യാത്രകൾ..യാത്ര എന്ന് പറയുമ്പോൾ നിങ്ങൾ വിചാരിക്കും വല്ല ടൂറോ പഠനയാത്രയോ ഒക്കെ ആണെന്ന്..അല്ല,മുതുവത്ത് പറമ്പിൽ നിന്നും പാണക്കാട് യു.പി.സ്കൂൾ വരെയൂള്ള ഒന്നൊന്നര കിലോമീറ്റർ ദൂരം നടന്ന് പോകുന്നതിനെ പറ്റിയാണു പറയുന്നത്…

ആ ദൂരം മാഷുടെ കൂടെയാണെങ്കിൽ ഞൊടിയിടയിൽ നടന്നെത്തുന്നത് പോലെയായിരുന്നു..വാർത്തകളും ആനുകാലിക സംഭവങ്ങളും പാഠഭാഗങ്ങളുമൊക്കെ ആ യാത്രയിൽ മാഷ് ഫലിതത്തിൽ ചാലിച്ച് പറഞ്ഞ് തരും…എന്ത് ചോദ്യം ചോദിച്ചാലും ഉത്തരം ലഭിക്കുന്ന സർവ്വ വിജ്ഞാനകോശമായിരുന്നു മാഷ് ഞങ്ങൾക്കന്ന്…

ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോ ഞങ്ങടെ ക്ലാസ്സ് മാസ്റ്ററായിരുന്നു ഗഫൂർ മാഷ്..സന്തോഷാധിക്യത്തിനു എന്ത് വേണം..അത് മാത്രമല്ല മലയാളം സെക്കന്റ് ലാംഗേജ് ക്ലാസ്സുകളും മാഷായിരുന്നു ഞങ്ങളെ പഠിപ്പിച്ചിരുന്നത്…മതി മറന്ന് ലയിച്ചിരുന്ന് പോയിട്ടുള്ള ക്ലാസ്സുകളിൽ ഞാൻ സംബന്ധിച്ചിട്ടുണ്ടെങ്കിൽ അത് ഗഫൂർ മാഷുടെ ക്ലാസുകളായിരിക്കും…ദാ മാഷ് വരുന്നു..ഹാരിസ് ആവേശത്തോടെ പറഞ്ഞു..

താഴെ നിന്നും കയറ്റം കയറി വേഗത്തിൽ വരികയാണു മാഷ്..കൂടെ രണ്ട് മൂന്ന് കുട്ടികളും..അയഞ്ഞ ഫുൾ കൈ ഷർട്ട്..അതിന്റെ കൈ രണ്ടൂം മേലോട്ട് തെറുത്ത് കയറ്റിവെച്ചിരിക്കുന്നു…മങ്ങിയതെങ്കിലും വെള്ളത്തുണി ഉടുത്തിരിക്കുന്നു..അതിന്റെ ഒരു തല ഒരു കയ്യിൽ പിടിച്ചിരിക്കുന്നു..ആ കയ്യിൽ തന്നെ ഒരു പുസ്തകം..ഏതോ വാരികയാണെന്ന് തോന്നുന്നു ,ചുരുട്ടിപ്പിടിച്ചിരിക്കുന്നു…നെറ്റിയിൽ പൊടിഞ്ഞ് തുടങ്ങിയ വിയർപ്പ് കണങ്ങൾ… സദാസുസ്മരവദനൻ..അതാണു ഞങ്ങടെ ഗഫൂർ മാഷ്..ലളിതം..സുന്ദരം…

കയറ്റം കയറി വന്ന മാഷ് തന്റെ പതിവ് ശൈലിയിലുള്ള പുഞ്ചിരിസമ്മാനിച്ച് നടത്തം തുടർന്നു..ഞങ്ങളും ചാടിയെഴുന്നേറ്റ് മാഷുടെ കൂടെ കൂടി…അങ്ങനെ വീണ്ടൂമൊരു സ്കൂൾ ദിനം കൂടി…

സ്കൂൾ ജീവിതത്തിലെ ഏറ്റവും മാധുര്യമൂറുന്ന ഓർമകളിലൊന്നാണൂ  മാഷുമൊത്തുള്ള യാത്രകൾ…തന്റെ കഴിവും ആത്മാർത്ഥവും കഠിനവുമായ പരിശ്രമത്തിലൂടെ മാഷ് വളർന്നു..ഇന്ന് കേരളക്കരയാകെ അറിയുന്ന നാമമാണു നാസ അബ്ദുൽ ഗഫൂർ എന്ന നാമത്തിൽ കൂടെ അറിയപ്പെടുന്ന ഞങ്ങടെ പ്രിയ ഗഫൂർ മാഷ്…ചന്ദ്രനിലേക്കൊരു യാത്ര എന്ന പേരിൽ മാഷ് നടത്തുന്ന ബഹിരാകാശ പഠന ക്ലാസ്സുകൾ കേരളക്കരയാകെ ഇപ്പോൾ മൂവായിരത്തിലധികം വേദികൾ പിന്നിട്ട് കഴിഞ്ഞു…ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ സ്ഥാനം പിടിച്ചു ഈ പഠന ക്ലാസ് പരമ്പര..കൂടാതെ ഒട്ടനവധി പുരസ്കാരങ്ങൾ,അംഗീകാരങ്ങൾ, അവാർഡുകൾ..സംസ്ഥാന അദ്ധ്യാപക അവാർഡ്, ദേശീയ അദ്ധ്യാപക അവാർഡ്..എന്നിങ്ങനെയൊക്കെ കരസ്ഥമാക്കിയിട്ടും മാഷ് ഇന്നും ആ പഴയ മാഷ് തന്നെ…തെല്ലും അഹങ്കാരമില്ല, അഹംഭാവമില്ല, ജാഡയില്ല, ഇന്നും നിറഞ്ഞ പുഞ്ചിരിയുമായി മാഷ് കുരുന്നുകൾക്ക് അറിവ് പകർന്ന് അവരോടൊപ്പം കളിച്ച് ചിരിച്ച് നാളെയുടെ വാഗ്ദാനങ്ങൾക്ക് വെളിച്ചവും വഴികാട്ടിയുമാകുന്നു…

മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാർഡ് രാഷ്ട്രപതി പ്രണബ് മുഖർജിയിൽ നിന്നും ഏറ്റ് വാങ്ങുമ്പോൾ പ്രോട്ടോകോൾ തെറ്റിച്ച് മാഷ് രാഷ്ട്രപതിക്ക് ഷേക്ക് ഹാൻഡ് കൊടുത്തു..പുഞ്ചിരിക്കുന്ന മുഖവുമായി ലാളിത്യവും നിഷ്കളങ്കതയും നിറഞ്ഞ ഒരു മനുഷ്യൻ ഷേക്ക് ഹാൻഡിനായി കൈ നീട്ടുമ്പോൾ അത് തട്ടിക്കളയാൻ ഇന്ത്യയുടെ പ്രഥമപുരുഷനാകുമായിരുന്നില്ല…

അതേക്കുറിച്ച് മാഷ് പിന്നീട് പറഞ്ഞത്…” എനിക്ക് രാഷ്ട്രപതിയെ ഒന്ന് തൊടണമെന്നുണ്ടായിരുന്നു..എന്നാൽ ഭരങ്കരസുരക്ഷാനിയന്ത്രണങ്ങളാ…അതാ ഞാൻ ഷേക്ക് ഹാൻഡ് കൊടുത്തത്..അതിന്റെ പേരിൽ എന്നെ തൂക്കിക്കൊല്ലുകയൊന്നും ഇല്ലല്ലോ,”..എന്നാണു….

അതാണു മാഷ്..
അതാണു മാഷിന്റെ ശൈലി..

മാഷ് തന്റെ വിദ്യാർത്ഥികൾക്ക് അന്നും ഇന്നും പകർന്ന് കൊടുക്കുന്ന ഏറ്റവും വലിയ പാഠം..അത് മാഷിന്റെ ജീവിതം തന്നെയാണു..

അസൂയ ,കുശുമ്പ്. പൊങ്ങച്ചം,അഹങ്കാരം..എന്നിവ വെടിഞ്ഞ് ഉത്തമമനുഷ്യനായി ജീവിക്കാൻ…
നേട്ടങ്ങളിൽ മതിമറക്കാതെ പുത്തൻ ലക്ഷ്യങ്ങളിലേക്ക് പാത വെട്ടിത്തെളിക്കാൻ….

ജീവിതത്തിലെ ഏതൊരു വൈതരണികളിലും പതറാതെ പിന്മാറാതെ ലക്ഷ്യത്തിലേക്ക് മുന്നേറാൻ …

മാഷ് നമുക്ക് മുന്നിൽ മാത്രുക വരച്ച് കാട്ടുകയാണു…

മാഷ് പഠിപ്പിക്കാതെ പഠിപ്പിക്കുകയാണു…

“തസ്മൈ ശ്രീ ഗുരുവേ നമ”പുതിയ  അദ്ധ്യയന വർഷം ആരംഭിക്കുകയാണു..ഈയൊരവസരത്തിൽ ഒരു കലാലയ സ്മരണ പങ്ക് വെച്ചു എന്ന് മാത്രം..

..വിദ്യയുടെ ലോകത്തേക്ക് കാലെടുത്ത് വെക്കുന്ന എല്ലാ കുരുന്നുകൾക്കും ഒരായിരം വിജയാശംസകൾ നേരുന്നു…


Related Posts with Thumbnails

Related Posts with Thumbnails