ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2018, ഒക്‌ടോബർ 31, ബുധനാഴ്‌ച 0 comments
Bookmark and Shareഇന്നും കണ്ടു ..കണ്മുന്നിലൊരു അപകടം..

ചിലയാളുകൾ വണ്ടിയോടിക്കുന്നത് അവന്മാരുടെ തറവാട്ട്സ്വത്താണു റോഡ്..അതോണ്ട് എനിക്കിഷ്ടമുള്ള പോലെ ഓടിക്കും......നിർത്തും....നീയാരടാ പുല്ലെ...എന്നമട്ടിലാണു...

ഒരുത്തൻ തിരക്ക് പിടിച്ച റോഡിലോട്ട് മുൻ പിൻ നോട്ടമില്ലാതെ  അശ്രദ്ധമായി ഒരു ആക്റ്റീവയും  കൊണ്ടങ്ങ് കയറി..പാഞ്ഞ് വന്നൊരു കാർ അതിയാനെ രക്ഷിക്കാൻ വെട്ടിച്ചെടുത്ത് എതിരെ വന്ന ഒരു ഓട്ടോയിൽ കൊണ്ട് ഉരസി...ഭാഗ്യം ആക്റ്റീവക്കാരന്റെ ജീവൻ ആക്റ്റീവായിത്തന്നെയുണ്ട്....കാറുകാരനു ഇത്തിരി ശ്രദ്ധകുറവുണ്ടായിരുന്നേൽ ആക്റ്റീവക്കാരൻ ഹോസ്പിറ്റലിലായേനേ...

ആളുകൾ കൂടി....ഓട്ടോക്കാരനും കാറുകാരനും കശപിശ....ഇതിനിടയിൽ യാതൊരു ഉളുപ്പുമില്ലാതെ ആക്റ്റീവക്കാരൻ "ഞാനൊന്നുമറിഞ്ഞില്ലേ രാമനാരയണ" എന്ന മട്ടിൽ വണ്ടി ഓടിച്ചങ്ങ് പോയി...
എല്ലാത്തിനും കുഴപ്പക്കാരൻ ആ നാറിയാണൂ..എന്നിട്ട് പൊടിയും തട്ടിയൊരു മുങ്ങൽ...

ഇതാണു നമ്മുടെ റോഡുകളിലെ സ്ഥിതി..

ട്രാഫിക്ക് നിയമങ്ങൾക്കൊക്കെ പുല്ല് വില, നിയമങ്ങൾ യാത്രക്കാരുടെ രക്ഷക്ക് വേണ്ടിയാണെന്ന് സാക്ഷരകേരളത്തിലെ "വല്ല്യ വെവരോള്ളോർക്ക്' ഇത് വരെ തിരിഞ്ഞിട്ടില്ല..ഇനി തിരിഞ്ഞാലോ "നിയമം അത് ലംഘിക്കാനുള്ളതാണു എന്ന പിന്തിരിപ്പൻ മനോഭാവവും..ഇനി അതുമൊരു ആചാരമാണോ ..ആവോ..ആ

പോക്കറ്റ് റോട്ടിൽ നിന്നും മെയിൻ റോഡിലേക്ക് അശ്രദ്ധമായി വണ്ടിയോടിച്ച് കയറ്റുക.,വളവുകളും കയറ്റങ്ങളും എന്ന് വേണ്ട തോന്നുന്നയിടത്തൊക്കെ വണ്ടിയങ്ങ് പാർക്ക് ചെയ്യുക, അശ്രദ്ധമായി വണ്ടിയോടിക്കുക, ഹോണടിച്ച് ഹോണടിച്ച് നാടിനെ പ്രകമ്പനം കൊള്ളിക്കുക,എന്നിങ്ങനെ കലാപരിപാടികൾ ഏറെയുണ്ട്....ചിലർക്ക് അതൊക്കെ ഒരു ആചാരം പോലെയാണു.ചെറുപ്പം തൊട്ടേ പഠിച്ച് വന്ന ശീലങ്ങൾ....ഇമ്മാതിരി ആചാരങ്ങൾ തിരുത്തപ്പെടേണ്ടത് തന്നെയാണു..

ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ ചെറുപ്പക്കാർ കാണിക്കുന്ന തോന്ന്യാസങ്ങളെ നമുക്ക് അവരുടെ പ്രായത്തിന്റെ അല്ലെങ്കിൽ പക്വതക്കുറവിന്റെ പ്രോബ്ലം എന്ന് നമുക്ക് വിധിയെഴുതാം..ഇതതല്ല..നല്ല പക്വതയും പാകതയും വന്ന "മാന്യമാർ" ആണു കൂടുതലും ചെറ്റ പരിപാടികൾ കാണിക്കുന്നത്..അവരുടെ കാഴ്ചപ്പാടിൽ അവർ ചെയ്തത് വല്ല്യ ശരിയായി തോന്നുന്നുണ്ടാവും.. നമ്മളത് ചൂണ്ടിക്കാണിക്കാൻ പോയാൽ അവർ തർക്കിക്കുകയും ചെയ്യും....നോളകൾ..അല്ലാതെന്താ..

ഡ്രൈവർമാർ മാത്രമല്ല...ചില കാൽനടയാത്രക്കാരെ കാര്യം പറയാതിരിക്കാൻ വയ്യ...സ്വന്തം വീട്ടിലെ ബെഡ് റൂമിൽ നിന്നും അടുക്കളയിലേക്ക് പോകുന്നത്രെ ലാഘവത്തിലാണു നാഷണൽ ഹൈവേയിൽ പോലും റോഡിലൂടെ നടക്കുന്നത്..റോട്ടിൽ അലഞ്ഞ് തിരിയുന്ന നാൽക്കാലികൾക്ക് പോലും കാണൂം അതിലേറെ കോമൺസെൻസ്...റോഡ് മാനേഴ്സ്  എന്നത് സ്കൂൾ സിലബസിൽ ഉൾപ്പെടുത്തി കുട്ടികളെ പഠിപ്പിച്ചെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു....ഈ തലമുറയോ പോയി..വരും തലമുറയെങ്കിലും നന്നാവട്ടെ.... പുതിയ ആചാരങ്ങൾ ശീലിക്കട്ടേന്ന്ദിനേന പത്രം വായിക്കുന്ന ആർക്കും മനസ്സിലാകും.. ബോധവത്കരണവും സൂചനാബോർഡുകളും മുന്നറിയിപ്പുകളും ട്രാഫിക്ക് നിയമങ്ങളുടെ കാർക്കശ്യവും ഒന്നും റോഡ് മരണങ്ങളുടെ എണ്ണം കുറക്കുന്നില്ല..എന്ന് മാത്രമല്ല..വൻ വർധനകൂടിയാണു കാണിക്കുന്നത്..

പെരുവഴിയിൽ തലതകർന്ന് ,കുടൽ ചാടി കൈകാലുകൾ ഒടിഞ്ഞ് നുറുങ്ങി അപമ്രുത്യുവരിക്കാനുള്ള ദുര്യോഗം ജാതകദോഷമൊന്നുമല്ല..അല്ലെങ്കിൽ വിധിയുടെ വിളയാട്ടം എന്ന് പറഞ്ഞ് കൈ കഴുകാനും പറ്റില്ല...നമ്മടെ  ബോധമില്ലായ്മയുടെയും അശ്രദ്ധയുടെയും അഹന്തകളുടെയും  ദോഷമാണു..,.ആ ദോഷങ്ങൾ മാറ്റിയെടുക്കാൻ പറ്റില്ല എന്നും കരുതണ്ട..മാറ്റിയെടുക്കാം... വേണെമെന്ന് വിചാരിക്കണം..ആരു വിചാരിക്കണം..സർക്കാരോ പോലീസോ മോട്ടോർ വാഹനവകുപ്പോ ആരും അല്ല....നാം ഓരോരുത്തരും സ്വയമങ്ങ് വിചാരിക്കണം..
Related Posts with Thumbnails

On 2018, ഒക്‌ടോബർ 26, വെള്ളിയാഴ്‌ച 0 comments
Bookmark and Shareഈയിടയായി ചിലത് കാണാം
ചുറ്റിലും കിടന്ന് തിളങ്ങുന്നു
ഇന്നതൊക്കെയൊന്ന് എടുത്ത് നോക്കി
ഹാ... തകർന്ന് വീണ സ്വപ്നങ്ങൾ

ആരുടേതാണാവോ
എങ്ങിനെയാണാവോ
തകർന്ന് ചിതറിക്കിടക്കുന്നു..
എല്ലാം  പെറുക്കിക്കൂട്ടി
ഒരു  ഭാണ്ഡക്കെട്ടാക്കി
തലച്ചുമടുമായ്
ഞാൻ ഇറങ്ങി നടന്നു
തകർന്ന സ്വപ്നങ്ങളുടെ
ഉടമസ്ഥരെയും തേടി
നാടും നഗരവും കടന്ന്
പാടവും പറമ്പും കടന്ന്
ഞാൻ ചുറ്റിക്കറങ്ങി

സ്വപ്നങ്ങൾ നഷ്ടപ്പെട്ടവരുണ്ടോ..?
സ്വപ്നങ്ങൾ തകർന്നവരുണ്ടോ..?

എന്നുടെ ചോദ്യം കേട്ട്
നാടൊട്ടുക്ക് നിശബ്ദമായി നിന്നു
പിന്നെയവർ ഓടിക്കൂടുകയായി
എന്റെ ചുറ്റിലും നിന്നു തേങ്ങലോടെ
സ്വപ്നങ്ങൾ നഷ്ടപ്പെട്ടവരുടെ നീണ്ട നിര

ഇത്രയധികം നഷ്ടബാധിതരോ..
ഇത്രയധികം കഷ്ടബാധിതരോ..
എനിക്കാകെ പരിഭ്രമമായി
.
.
ജീവിതപ്രാരാബ്ധങ്ങളുടെ പരീക്ഷണശാലയിൽ
ചുവടുകൾ തെന്നി വീണു കേഴുന്നൊരു പ്രവാസി
,
പരീക്ഷണപരീക്ഷകളുടെ വേലിക്കെട്ടുകളിൽ
തട്ടിത്തടഞ്ഞ് വീണൊരു വിദ്യാർത്ഥി
.
ജോലിതേടി അലഞ്ഞ് തിരിഞ്ഞ് വെയിൽ
കൊണ്ട് വാടിയ മനസും മുഖവുമായൊരു യുവാവ്
.

രാഷ്ട്രീയക്കളരിയിൽ ജീവിതം
കുരുതികൊടുത്ത മകന്റെ അച്ഛൻ
.
പ്രണയം നടിച്ച് നീരൂറ്റിക്കുടിക്കപ്പെട്ട്
പഴം തുണിപോൽ പുറം തള്ളപ്പെട്ട പെൺകുട്ടി
.
സ്ത്രീധനത്തിന്റെ കാഞ്ഞപുറങ്ങളിൽ
താഡനങ്ങളും പീഡനങ്ങളും ഏറ്റ യുവതി
.
ലഹരിമരുന്നുകൾ ആഹാരമാക്കിയ മകന്റെ
പോക്കിൽ സഹതപിച്ച് കഴിയുന്നൊരമ്മ...
.
നിരയങ്ങനെ നീളുന്നു..
ഇല്ല..എനിക്കിത് കാണാൻ വയ്യ
ഇല്ല..എനിക്കിത് കേൾക്കാൻ വയ്യ..

ഞാനെന്റെ കണ്ണുകൾ പൊത്തി
സ്വപ്നങ്ങളുടെ ഭാണ്ഡക്കെട്ടുകൾ
വലിച്ചെറിഞ്ഞ് ഞാനോടി...
ഒരിക്കലും തിരിഞ്ഞ് നോക്കാതെ
ഞാനോടി.....

Related Posts with Thumbnails

On 0 comments
Bookmark and Share


എബ്രഹാം ലിങ്കൻ ഒരിക്കൽ പള്ളിയിൽ പോയ ഒരനുഭവകഥ വിവരിക്കുന്നതിങ്ങനെയാണു..
.
അന്ന് അച്ഛന്റെ പ്രസംഗം തുടങ്ങിയത് ഞാൻ കർത്താവിന്റെ പ്രതിപുരുഷനെന്ന് പറഞ്ഞ് കൊണ്ടാണൂ..നിറഞ്ഞ സദസ്സിനു മുമ്പിൽ പ്രസംഗം അങ്ങനെ കസറുകയാണു....കുറച്ച് കഴിഞ്ഞപ്പോൾ ഒരു പല്ലി ആൾക്കൂട്ടത്തിനിടയിലൂടെ പരിഭ്രമിച്ചോടി വന്ന് "ഹാവൂ രക്ഷപ്പെട്ടു.." എന്നും പറഞ്ഞ് വല്ല മടയാണെന്നും കരുതിക്കാണും... അച്ഛന്റെ ളോഹക്കകത്ത് കയറി,.. പന്തികേട് സംഭവിച്ചത് അച്ഛനറിഞ്ഞു..പക്ഷേ പ്രസംഗം നിർത്തുന്നതെങ്ങനെ..പ്രസംഗത്തിനിടയിൽ തന്നെ നൈസായി കാലു നിലത്തടിച്ച് പല്ലിയെ തെറിപ്പിക്കാൻ അച്ഛൻ ശ്രമം നടത്തിനോക്കി.....
.
കാര്യമൊന്നും മനസ്സിലാകാതെ ശ്രോതാക്കൾ ചിലർ നെറ്റി ചുളിച്ചു..ചിലർ മുഖത്തോട് മുഖം നോക്കി..ഹാ...പുതിയ വല്ല ആചാരവുമാവും ,ചിലർ സമാധാനിച്ചു....അച്ഛനങ്ങനെ പ്രസംഗം തുടരുകയാണൂ..
.
പല്ലി വിടാനുള്ള ഭാവമില്ല..അതങ്ങനെ മുകളിലോട്ട് കയറാൻ തുടങ്ങി...അച്ഛനുടനെ ളോഹയുടെ ബട്ടൻസ് അഴിച്ചു..ഉള്ളിലൂടെ കയ്യിട്ട് പല്ലിയെ പുറത്തെടുക്കാൻ ശ്രമിച്ചു..ആളുകൾ ഞെട്ടിത്തരിച്ചു..
അപ്പോഴും പ്രസംഗമങ്ങനെ കത്തിക്കയറുകയാണു..
.
ഒടുക്കം സഹികെട്ട് അച്ഛൻ ളോഹ തന്നെ ഊരിയെടുത്ത് നിലത്തിട്ടു..ശ്രോതാക്കൾ അമ്പരന്നു..സ്ത്രീജനങ്ങൾ കണ്ണ് പൊത്തി....ഇയ്യാളെന്തൊക്കെയാ ഈ കാട്ടണെ..അയ്യേ..
.
"ഇന്ന് കർത്താവിന്റെ പ്രതിപുരുഷനായി ഞാൻ നിങ്ങളെ മുന്നിൽ നിൽക്കുമ്പോൾ ...".അച്ഛൻ പ്രസംഗത്തിന്റെ മൂർദ്ധന്യാവസ്ഥയിലാണു....പക്ഷേ പല്ലി വിടുന്ന മട്ടില്ല..അത് പിന്നേം ഉള്ളിലേക്ക് കയറാൻ തുടങ്ങിയതും വെപ്രാളത്തോടെ അച്ഛൻ പാന്റ് തന്നെ അഴിക്കാൻ തുടങ്ങി...അപ്പോൾ പിൻ നിരയിൽ നിന്ന് ഒരു സ്ത്രീ എഴുന്നേറ്റ് നിന്ന് വിളീച്ച് പറഞ്ഞു.."എട".."അലവലാതി ഇമ്മാതിരി ചെയ്ത്തും ചെയ്തോണ്ട് ഇപ്പഴും പറയുന്നു ഇങ്ങളാണു കർത്താവിന്റെ പ്രതിപുരുഷനെന്ന്..അങ്ങനാണെങ്കി എനിക്ക് ഇമ്മാതിരി പള്ളീം വേണ്ട, ഇമ്മാതിരി ബൈബിളും വേണ്ട...ഞാൻ പോണു....
.
ആൾക്കൂട്ടം അലമ്പുണ്ടാക്കി പിരിഞ്ഞ് പോകാൻ തുടങ്ങിയപ്പോഴാണു അച്ഛനു സംഗതിയുടെ ഗുട്ടൻസ് പിടി കിട്ടണത്...കൈവിട്ട് പോയീന്ന്...
.
.
ഇതൊക്കെ ഇപ്പൊ ഇവടെ പറയാൻ കാരണം..
.
ഈയടുത്ത കാലത്ത് ചിലരുടെയൊക്കെ പ്രവർത്തനങ്ങൾ മീൻസ് വിശ്വാസികളെ വഴിതടഞ്ഞ് ആക്രമിച്ചുള്ള വിശ്വാസസംരക്ഷണം..
.
ഭരണഘടനെയും സുപ്രീം കോടതിയെയും കേരളത്തിലുള്ള മന്ത്രിമാരെയും പ്രത്യേകിച്ച് മുഖ്യമന്ത്രിയെയും തെറിവിളിച്ച് റാലിനടത്തിക്കൊണ്ടുള്ള ആചാരസംരക്ഷണവും
.
പത്ത് നാല്പത് സർക്കാർ ബസുകൾ അടിച്ച് തകർത്ത് പത്രക്കാരെയും റിയൽ ഭക്തന്മാരെയും അടിച്ചോടിച്ച് പോലീസിനെ കല്ലെറിഞ്ഞ് നടത്തുന്ന "ഗാന്ധി" മാർഗ്ഗത്തിലുള്ള ( ?) സമരമുറകളും
.
ചാനലുകളിൽ കയറിയിരുന്നുള്ള വായിട്ടലക്കലുകളും സോഷ്യൽ മീഡിയയിൽക്കിടന്നുള്ള കൈകാലിട്ടടിക്കലുകളും
.
ഒക്കെ കാണുമ്പോ ചില സംശയങ്ങൾ പറയാതെ വയ്യ..
.
അയ്യപ്പനെ മനസ്സിൽ ആവാഹിച്ച് ആ ദർശനപുണ്യം കരഗതമാക്കി ആത്മസായൂജ്യം നേടാൻ കഠിനമായ വ്രതമനുഷ്ടിച്ച് കല്ലും മുള്ളും ചവിട്ടി കാടും മലയും കയറിയിറങ്ങി സന്നിധാനത്തെത്തുന്ന ആയിരക്കണക്കായ വിശ്വാസികൾ ...
.
യഥാർത്ഥത്തിൽ
അവരുടെ ത്യാഗങ്ങളെയല്ലേ നിങ്ങൾ കളങ്കപ്പെടുത്തുന്നത്..
അവരുടെ വിശ്വാസങ്ങളെയല്ലേ നിങ്ങൾ സമൂഹത്തിൽ താറടിപ്പിച്ച് കാണിക്കാൻ ശ്രമിക്കുന്നത്....
എന്തിനധികം ആ ദൈവചതന്യത്തെയല്ലേ നിങ്ങൾ കളങ്കപ്പെടുത്തിക്കാണിക്കാൻ ശ്രമിക്കുന്നത്..
.
നിങ്ങളാർക്ക് വേണ്ടി, എന്തിനു വേണ്ടി,ഏതെല്ലാം രീതിയിലൊക്കെയാണു ഇമ്മാതിരി ചെയ്തികളൊക്കെ ചെയ്യുന്നതെന്ന് മലയാളമണ്ണിലെ പതിനായിരക്കണക്കിനു വിശ്വാസികളടക്കമുള്ള മഹാഭൂരിപക്ഷം വരുന്ന ജനസമൂഹത്തിനു മനസ്സിലായി കഴിഞ്ഞിട്ടുണ്ട്...നിങ്ങൾ കപടവിശ്വാസികളാണു എന്നുള്ളത് അവർ തിരിച്ചറിയുന്നുമുണ്ട്...നിങ്ങളുടെ പൊയ്മുഖം അവർ വലിച്ച് കീറുകതന്നെ ചെയ്യും....
.
ദൈവത്തിൽ വിശ്വസിക്കാം..ദൈവത്തേയും വിശ്വസിക്കാം...ഹി..ഇസ് നോട്ട് ചീറ്റിങ്ങ്...എന്തായാലും മ്മൾ മനുഷ്യരെപ്പോലെ അല്ല ഗഡി...എന്ന് വെച്ചാ നിങ്ങളെയൊക്കെ മനസ്സിലുള്ള എല്ലാ പൂച്ചും മൂപ്പർക്ക് അറിയാം..അതോണ്ട് കപടത മാറ്റിവെച്ച് ആ സവിധത്തിൽ ചെന്ന് സാഷ്ടാംഗം നമിച്ച് ചെയ്ത്കൂട്ടിയ തെമ്മാടിത്തരങ്ങൾക്കൊക്കെ മാപ്പപേക്ഷിച്ച് നല്ല മനുഷ്യന്മാരായി ജീവിക്കാൻ നോക്ക്....
Related Posts with Thumbnails

On 2018, ഒക്‌ടോബർ 25, വ്യാഴാഴ്‌ച 0 comments
Bookmark and Share


അന്തിയുടെ മൂട്ടിൽ അന്തം വിട്ട്
കുന്തിച്ചിരുന്നപ്പോൾ കൊന്ത്രമ്പല്ല്
കൊണ്ടെന്നെ ഞോണ്ടാൻ വന്ന
ഉറുമ്പിന്റെ മുമ്പിൽ കളിയായൊരു
കല്ലെടുത്ത് വെച്ചപ്പോൾ ആ പാവം
കണ്ണ് തള്ളി നിന്നു..ഹാ...പർവ്വതം

ചിന്തകളെ മേയാൻ വിട്ടിട്ടൊരിടത്ത്
കട്ടൻ ചായ മോന്തിക്കുടിക്കും നേരം
ഉമ്മറത്തിരുന്നൊരു ചിരട്ടക്കഷ്ണത്തിൽ
കളിയായിത്തിരി വെള്ളമൊഴിച്ച്
വെച്ചപ്പോളതിൻ കരയിലിരുന്നൊരു
പാവം ഉറുമ്പിൽ കണ്ണിലത് സമുദ്രം

രണ്ട് മൂന്നാണ്ട് മുമ്പത് കിലോ പത്ത്
ഇന്നത് കിലോ പത്ത് പത്ത് നൂറു..
അന്നത്തെ പത്ത് ഇന്ന് നൂറത്രേ..
കറിവെപ്പുകാരിയുടെ കടച്ചിലും
മുറിച്ചിലുമേറ്റ് വാങ്ങാൻ ഊഴം കാത്തിരുന്ന
മത്തിയുടെ പുറത്തിരുന്നൊരു പാവം
ഉറുമ്പ് ആശ്ചര്യപ്പെട്ടു..ഇതന്നെ തിമിംഗലം..

ആളിക്കത്തുന്നൊരടുപ്പ് നരകാഗ്നിയും
ആടിയിളകുന്ന അരകല്ല് ഭൂമികുലുക്കവും
ആഞ്ഞ് വീശും കാറ്റായ് ഫാനിൻ കറക്കവും
ആറ്റിറമ്പിലെയിത്തിരി മണലൊരു മരുഭൂമിയും
ആകുമാ ഉറുമ്പിൻ കണ്ണിലെന്നും എന്നാകിൽ
ആടിത്തീർക്കുമീ ജീവിതയാത്രയിൽ 
ആരിലും വന്ന് ഭവിക്കും സംഗതികൾ
അവസാനമില്ലായെന്ന് കരുതീടല്ലാ..
അനന്തരം ഒരു മറുവശമുണ്ടെന്ന് കൂടി
അറിയുക..അത് മാത്രമാക്കുക പ്രചോദനം
അത് നമ്മെ മുന്നോട്ട് നയിച്ചീടും സത്യം..
അത് നമ്മെ മുന്നോട്ട് നയിച്ചീടും സത്യം...
Related Posts with Thumbnails

On 2018, ഒക്‌ടോബർ 22, തിങ്കളാഴ്‌ച 0 comments
Bookmark and Share
ഇന്ന് രാവിലെ എഴുന്നേറ്റത് തന്നെ നല്ല കിടിലൻ മഴയും കണികണ്ടായിരുന്നു..കോടയൊക്കെ പുതച്ച് ഇടക്കിടക്ക് ഇടിമുഴക്കമൊക്കെ പാസാക്കി ഇടക്കൊന്ന് നിന്നും അമർന്നും ചാഞ്ഞും ചരിഞ്ഞും മഴയങ്ങനെ തകർത്ത് പെയ്തു..നാട്ടിൽ വന്നിട്ട് ഇത്രേം നാളായിട്ടും നല്ലൊരു മഴ നനയാൻ പറ്റാത്തതിന്റെ സങ്കടം ..അത് ..ഇന്നങ്ങ് തീർത്തു...വീട്ടിന്നെറങ്ങുമ്പോ കുടയും ആടകളും ഉണ്ടായിരുന്നു..ആളും അനക്കവുമില്ലാതെ കാട് മൂടിക്കിടക്കുന്ന പറമ്പിലേക്ക് കയറിയപ്പോ അതെല്ലാം ചുരുട്ടിക്കൂട്ടി ഒതുക്കി വെച്ച്..ഒറ്റത്തോർത്തും എടുത്ത് ഒറ്റ നടപ്പായിരുന്നു..നട്ടുച്ചക്കും ഇരുൾ മൂടിച്ച് മഴയങ്ങനെ തകർത്ത് പെയ്തു..ആ പെയ്ത്തും ഏറ്റ് വാങ്ങി ഞാനങ്ങനെ നടന്നു..ഒരു പിരാന്തനെപ്പോലെ.....കുട്ടിക്കാലത്ത് കയറിയിറങ്ങിയ വഴികൾ തപ്പിപ്പിടിച്ച്..തിരിച്ച് നടക്കാൻ പറ്റാത്ത ആ കാലം രേഖപ്പെടുത്തിയ ഓർമ്മകളുടെ ചീന്തുകൾ തേടി....രണ്ടാൾ പൊക്കത്തിലുയർന്ന് നിൽക്കുന്ന പൊന്തക്കാടുകളെയും വകഞ്ഞ് മാറ്റി ചവിട്ടിമെതിച്ച് ഒരു യാത്ര....
.
.


കൂടണയാൻ കഴിയാതെ തണുത്ത് വിറച്ച് പടുവണ്ണി മരത്തിന്റെ കൊമ്പിനിടയിൽ പതുങ്ങിയിരിക്കുന്ന മൈന,കടമകളും ബാധ്യതകളും തലയിലേറ്റി ഒരു കരപറ്റവേ കർമ്മവീഥിയിൽ വിഗ്നങ്ങളേറ്റ് നിസഹായവസ്ഥയിൽ ... മനസ്സിലാകും ആ കണ്ണുകളിലെ അന്ധാളിപ്പ്....
.
.


നിനച്ചിരിക്കാത്ത നേരത്ത് ആരടാപ്പാ ഈ കയറി വരുന്നതെന്ന് കണ്ണും തുറിപ്പിച്ച് ഒടിഞ്ഞ് തൂങ്ങിയ പനമരത്തിന്റെ നെറുകെയിൽ ഇരുന്ന് നോക്കിക്കൊണ്ടിരുന്ന സുന്ദരൻ മയിലമ്മ,പൊടുന്നനെ വന്ന് ചേരുന്ന സൗഭാഗ്യങ്ങളിലും സന്താപങ്ങളിലും അമിതാഹ്ലാദമോ അതിസങ്കടമോ ഇല്ലെങ്കിൽ അത് നമ്മളെ പക്വതയും പാകതയും ഉള്ളവരാക്കി തീർത്തത് തന്നെ..മയിലമ്മക്കൊരു ഹായ്...
.
.


പറങ്കിമാവിൻ കാട്ടിലൂടെ നൂണ്ട് കടന്നപ്പോ ഉള്ളിലൊരു ആന്തൽ സ്രുഷ്ടിച്ച് മിന്നായം പോലെ കരിയിലകൾക്കിടയിലൂടേ ചക ചകാന്ന് പാഞ്ഞ് പോയ ഒരു കാട്ട് കോഴി ഫാമിലി,എല്ലാം വെറും നൈമിഷികമാണു..അത് നമ്മളിൽ ഉണ്ടാക്കുന്ന അതിന്റെ അനുരണനങ്ങൾ മാത്രമാണൂ നമ്മുടെ തുടർന്നങ്ങോട്ടുള്ള ഭാഗധേയം നിർണ്ണയിക്കുന്നത്..നൈമിഷകമായ ചിലത് നമ്മെ ആഴത്തിൽ സ്വാധീനിച്ചെന്നുമിരിക്കും..എങ്കിലും അത് നമ്മെ മുന്നോട്ട് നടത്താൻ പാകപ്പെടുത്തുന്ന രീതിയിലല്ലെങ്കിൽ അത് നമ്മുടെ നഷ്ടം..
.
.


മണ്ണിൽ വീണു ചീഞ്ഞ് നുരുമ്പിക്കിടക്കുന്ന ഏതോ ഒരുമരത്തിന്റെ ഇടയിൽ നിന്ന് തലയുയർത്തി നോക്കി അഭിവാദ്യം ചെയ്ത ഒരു പാമ്പ്,അതിജീവനത്തിന്റെ വഴികൾ പലതാണു..അതൊരിക്കലും അടയുന്നില്ല..ഇനി അഥവാ ഒന്നടഞ്ഞാലും മറ്റൊന്ന് തുറന്നിരിക്കും..അത് കണ്ടെത്തുന്നതിൽ മാത്രമാണു നമ്മുടെ അധ്വാനമിരിക്കുന്നത്..
.
.


കാടും പൊന്തയും വകഞ്ഞ് മാറ്റുന്നതിനിടയിലെപ്പോഴോ ശരീരത്തിൽ കയറി കടിയുടെ മേളം കാഴ്ച് വെച്ചെന്നെ വേദനയുടെ പുളിപ്പും മണവും അനുഭവിപ്പിച്ച പുളിയുറുമ്പിൻ കൂട്ടം.അപരനെ വേദനിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നത് വേദനയുടെ രുചി അറിയാത്തവരാണു..ഇറച്ചിക്ക് വേദന പറ്റിയാൽ തീരുന്ന അഹങ്കാരമേ ഇന്നൊരുമാതിരി ആൾകൾക്കും ഉള്ളൂ...എന്നാലും പുളിയുറുമ്പുകളെ ഇതിത്തിരി ഡോസ് കൂടിപ്പോയി..സാരല്ല്യ..നോം പൊറുത്തിരിക്കണു..
.
.


,ഇടക്ക് കാൽതെന്നി വീഴാൻ പോയപ്പോൾ താങ്ങി നിർത്താനെന്നവണ്ണം എന്റെ കാലിലും കയ്യിലും വരിഞ്ഞ് മുറുക്കി കൊളുത്തിവലിച്ച് പാടുകൾ വീഴ്ത്തിയ മുൾവള്ളികൾ,...ഹൗ..നീറ്റൽ ഇത് വരെ മാറിയിട്ടില്ല...മാറില്ല,,ചീല നീറ്റലുകൾ മാറില്ല..മാറരുത്..അതങ്ങനെ മാസങ്ങളും വർഷങ്ങളും നീറിപ്പുകയണം....കൂടെ നടന്ന് താങ്ങും തണലുമായി വർത്തിക്കുമെന്ന് തോന്നിപ്പിക്കും ചിലർ..പക്ഷേ വീഴ്ചകളിൽ കൂടുതലും മുറിവേൽപ്പിക്കുന്നത് അവരായിരിക്കും....
.
.


.അങ്ങനെ അങ്ങനെ കാഴ്ചകൾ ഒത്തിരി, അനുഭവങ്ങൾ ഒത്തിരി, ചിന്തകൾ ഒത്തിരി..
.
.


വേദനയും സുഖവും തണുപ്പും ഇടിയും മഴയും കോടയും തളർച്ചയും ഉയർച്ചയും നടപ്പും ഇരിപ്പും വീഴ്ചയും മുറിവുകളും ഏകാന്തയും ഭയവും ഒപ്പം എല്ലാത്തിലുമുപരി നൊസ്റ്റാൾജിയയും കൂടിക്കലർന്നൊരു യാത്ര,

മൂന്നോ നാലോ മണിക്കൂർ...മണ്ണിലേക്കിറങ്ങി പ്രക്രുതിയിലേക്കിറങ്ങി കാടും മേടും കണ്ട് കിളികളോട് സല്ലപിച്ച് പൂക്കളെ ആസ്വദിച്ച് മരങ്ങളെ തൊട്ടറിഞ്ഞ് കൈത്തോട്ടിലെ വെള്ളത്തിൽ തട്ടിക്കളിച്ച് പാറക്കെട്ടിൽ കയറിക്കിടന്ന് ഒടുക്കം ചോലയിൽ നിന്ന് ഒരു കുളിയും കുളിച്ച് ..ഹൗ... ഒരു യാത്ര പോയാൽ കിട്ടുന്ന ഒരു പോസ്റ്റീവ് എനർജിയുണ്ടല്ലോ..അതൊരു വേറെ ലെവലാണു മക്കളെ...,,, വണ്ടർഫുൾ ജേർണി, ദൈവത്തിനു സ്തുതി....
.
.


( മഴ, അർധനഗ്നരൂപം,പിന്നെ അങ്ങനെയൊരു മൂഡല്ലായിരുന്നു..അത് കൊണ്ട് ഫോട്ടോ അധികമൊന്നും എടുത്തിട്ടില്ല...)
Related Posts with Thumbnails

On 2018, ഒക്‌ടോബർ 18, വ്യാഴാഴ്‌ച 0 comments
Bookmark and Share

ആഹാ..ബലേ ഭേഷ്...
.
അക്രമം ,ലാത്തിച്ചാർജ്, കല്ലേറു,ഹർത്താൽ, നിരോധനാജ്ഞ........സംഗതി ബഹുജോർ
.
ഒരു കഥപറയാം..
1594 ലെ കഥയാണു..സാമൂതിരിയുടെ പടത്തലവനായിരുന്ന കുഞ്ഞാലി മരക്കാരെ അറിയാത്തവരുണ്ടാവില്ല...ബ്രിട്ടീഷുകാരുടെയും മറ്റ് അധിനിവേശ ശക്തികളുടെയും കടന്ന് കയറ്റത്തെ ശക്തമായി പ്രതിരോധിച്ച പോരാളികളൂടെ നേതാവ്..കുഞ്ഞാലി മരക്കാർ ഒന്നാമൻ പറങ്കികളുമായുള്ള യുദ്ധാനന്തരം അപകടം പിണഞ്ഞ് രോഗശയ്യയിൽ കിടക്കുന്നു..തന്റെ വിശ്വസ്തനായ പടനായകനെ കാണാൻ സാമൂതിരി അങ്ങോട്ടെത്തി..ആ സംഭവം വിവരിച്ച് കൊണ്ട് കെ .പി.കേശവമേനോൻ എഴുതിയത് ഇങ്ങനെയാണു..
.
"മരക്കാർ മരിക്കാനൊന്നുമായിട്ടില്ല, ഇനിയും നമുക്ക് നാടിനു വേണ്ടി പലതും ചെയ്യാനുണ്ട്..അതിനു ദൈവം ഇടവരുത്തട്ടെ.."
.
എന്ന് സാമൂതിരി തൊണ്ടയിടറിക്കൊണ്ട് ആശംസിച്ചപ്പോൾ മരക്കാർ പറഞ്ഞു..
.
" നമ്മുടെ വിജയത്തിനു കാരണം അതൊരിക്കലും നമ്മുടെ പടക്കോപ്പുകളുടെ മികവല്ല, നമ്മുടെ യുദ്ധസാമർത്ഥ്യം കൊണ്ടുമല്ല..നമ്മുടെ വിജയങ്ങൾക്ക് കാരണം നമ്മുടെ ഐക്യമാണു..നമ്മുടെ യോജിപ്പാണു..നമുക്കൊരിക്കലും ജാതിയും മതവും നമ്മുടെ ശത്രുവിനെ നേരിടുന്നതിനു തടസ്സമായിരുന്നില്ല..നാടിന്റെ ക്ഷേമം മാത്രമേ നാം നോക്കിയിരുന്നുള്ളൂ..അത് നില നിർത്തണം..പടച്ചോൻ അതിനു സഹായിക്കട്ടെ...." വാക്കുകൾ മുഴുമിക്കാതെ ആ ധീര യോദ്ധാവ് മരണമടഞ്ഞു...
.
.
ഈയവസരത്തിൽ എനിക്കും അതേ പറയാനുള്ളൂ...നമ്മൾ മലയാളികൾ നാം നേടിയെടുത്ത എന്ത് പുരോഗതിയുണ്ടെങ്കിലും അത് നമ്മുടെ ഐക്യത്തിന്റെയും ഒത്തൊരുമയുടെയും ഫലമാണു..ആ ഐക്യം തകർത്ത് ഇവിടെ വിഷവിത്ത് പാകി നേട്ടം കൊയ്യാൻ വ്യക്തമായ ആസൂത്രണത്തോടെ പ്ലാൻ ചെയ്ത് ഉണ്ടാക്കിയെടുത്തതാണു ഇപ്പോഴത്തെ സംഭവവികാസങ്ങൾ ..നമ്മൾ മലയാളികൾ ഒന്നിച്ച് നിന്ന് അതിനെ നേരിടണം....നമ്മുടെ സ്ഥ്വൈര്യം തകർക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന എല്ലാ വിഷജീവികളെയും തിരിച്ചറിയുക...ഒറ്റപ്പെടുത്തുക.. ...വിവേകം വികാരത്തിനു വഴിമാറുന്നത് നന്നല്ല...
.
ഗോഡ് ബ്ലസ്സ് അസ്..
Related Posts with Thumbnails

On 2018, ഒക്‌ടോബർ 17, ബുധനാഴ്‌ച 0 comments
Bookmark and Shareഅകലെ ഏതോ ഗ്രാമത്തിൻ താഴ്വരയിലെ
പച്ചപ്പ് പോലെ ഓർമ്മയിലെ ബാല്യം..
ആർത്തിയുടെ യാന്ത്രിക രൂപങ്ങൾ കാർന്ന് തിന്ന
പ്രക്രുതിയുടെ മാറിടം പോലെ വിക്രുതമായ  യൗവ്വനം..
പിന്നെ വർത്തമാനകാലത്തിൻ  നിമ്നോന്നതങ്ങളും നിറഭേദങ്ങളും..

സമൂഹമായിരുന്നു അയാളൂടെ സ്വത്വം..
പ്രസ്ഥാനമായിരുന്നു ജീവിതം..
നെഞ്ചോടടുക്കിപ്പിടിച്ചതെല്ലാം
ആഴത്തിൽ മുറിവുകൾ മാത്രം ഹ്രദയാങ്കുരങ്ങളിൽ
കോറിയിട്ടപ്പോൾ  അയാൾ ഏകാന്തതയെ പ്രണയിച്ച് തുടങ്ങുകയായിരുന്നു..

തിരിഞ്ഞ് നോക്കുമ്പോൾ അഭിമാനമായിരുന്നു മനസ്സ് നിറയെ..
ഇപ്പോൾ..

"ഇല്ല...."
"താനൊന്നും നേടിയിട്ടില്ല.."

എല്ലാം നഷ്ടപ്പെടുകയായിരുന്നു..
അലച്ചിലിനിടയിൽ എത്തിപ്പെട്ട
ഒരു പഴയ വേല കേന്ദ്രത്തിലെ മേസ്തിരിയുടെ ചോദ്യം അയാളുടെ മനസ്സിൽ കൊളുത്തി നിന്നു...

"നിനക്കെന്ത് ജോലിയാണറിയുക..."

"ഇല്ല .".
"തനിക്കൊന്നും അറിയില്ല.".

പ്രത്യയശാസ്ത്രത്തിന്റെ കുറെ സംജ്ഞകൾ..
പിന്നെ കുറെ വാചകക്കസർത്തുകളും..

"ഇല്ല..".
"മറ്റൊന്നുമറിയില്ല..."
Related Posts with Thumbnails

On 2018, ഒക്‌ടോബർ 14, ഞായറാഴ്‌ച 0 comments
Bookmark and Shareയാത്രതിരിച്ചവർ നമ്മൾ
അന്ധകാരത്തിന്റെ
ആഴിയിലൂടെയുള്ള യാത്ര..
ഒരിക്കലും മടങ്ങി വരാത്ത
ഏകദിശാ ഗമനം

ഇനിയെത്ര കാതമുണ്ട്
ലക്ഷ്യസ്ഥാനത്തെത്താൻ
എന്ന തിരിച്ചറിവില്ലായ്മ
അതാണാ ആ യാത്രയുടെ ഹരം..

ഇവനെന്തൊക്കെയാ -യീപറയുന്നത്
ആയിട്ടില്ല..മണ്ടക്കടിക്കാനായിട്ടില്ല

ഈ യാത്ര
ചിലർക്ക് ശരവേഗത്തിലുള്ളതാവാം..
മറ്റ് ചിലർക്ക് കൈപ്പേറിയതത്രെ..എത്ര
അമ്മയുടെ പേറ്റ് നോവോളം
ഇനിയും ചിലർക്ക് ദൈർഘ്യമുണ്ടെങ്കിലും
മനോഹരമായതത്രെയത്...ഓ..പിന്നെ

ജീവിതയാനത്തിന്റെ പ്രയാണം
അതിനെക്കുറിച്ചുള്ള
വ്യതിരിക്തമായ ഈ അനുഭവങ്ങൾ
നമ്മിലുണ്ടാകുന്ന ദിവ്യപ്രോക്തമായ
കാഴ്ചപ്പാടുകൾക്കനുസ്രുതമായാണു
രൂപപ്പെടുന്നതെന്ന് ഞാൻ പറഞ്ഞാൽ

നിങ്ങളെന്റെ മണ്ടക്കടിക്കുമോ...

ബഹളമയമായ ഈ ലോകത്തേക്ക്
എടുത്തെറിയപ്പെടുമ്പോൾ അല്ലെങ്കിൽ
ഊരിയെടുത്ത് കീറിമുറിച്ചെടുത്ത്
വെളിച്ചം കാണുമ്പോൾ
വളവും പുളവുകളും ഉള്ള ഏതേത്
പാതകളാണു താണ്ടേണ്ടതെന്ന
ബോധം നമുക്കുണ്ടായിരുന്നോ...
പിന്നെയെങ്ങനെയാണു
നാമോരോരുത്തരും നമ്മുടെ
വഴികൾ തിരിച്ചറിഞ്ഞത്..
വിധിയുടെ കൈക്രിയകൾ
തന്നെയാണതെന്ന് ഞാൻ പറഞ്ഞാൽ

നിങ്ങളെന്റെ മണ്ടക്കടിക്കുമോ...

ഭാഗ്യനിർഭാഗ്യങ്ങളുടെ ഊട് വഴികൾ
അഭംഗുരം ഇഴപിരിയുന്ന ജീവിതവഴികൾ
തിരഞ്ഞെടുപ്പ് ദുഷ്കരമായ വഴികൾ
പക്ഷേ ആരോ നിജപ്പെടുത്തിവെച്ചിരുന്നോ
നമുക്ക് ബോധ്യമാകാത്തവിധം
നമ്മുടെ വഴികൾ

ചിലപ്പോൾ തരളകോമളനായി..
അല്ലെങ്കിൽ വിക്രുതരൂപിയായി..
വിവിധങ്ങളായ
സ്വഭാവസവിശേഷതകളോടെ..
ശരീരപ്രക്രുതിയോടെ..
എന്നൊക്കെ ഞാൻ പറഞ്ഞാൽ

നിങ്ങളെന്നെ മണ്ടക്കടിക്കുമോ..


Related Posts with Thumbnails

On 2018, ഒക്‌ടോബർ 11, വ്യാഴാഴ്‌ച 0 comments
Bookmark and Share


ദിനരാത്രങ്ങളുടെ 
ഡയറിപ്പേജുകളിൽ
കുത്തിവരച്ചിഷ്ടം പോലെ
ജീവിച്ച് തിമിർക്കവെ

അവനെത്തിയേക്കും..

പുലർകാലചിട്ടയിലൊരു
ചുട് ചായ മോന്തും നേരം
പടിപ്പുരവാതിൽക്കൽ
നിനക്കാത്തയഥിതിയായ്

അവനെത്തിയേക്കാം.. 

പ്രലോഭനങ്ങളുടെ 
കാഴ്ചപ്പരിധിയിൽ
മോഹങ്ങളുടെ 
കിടമത്സരങ്ങൾ നടക്കവെ

അവനെത്തിയേക്കാം...

കെട്ടിപ്പൊക്കിയ 
ഹിതങ്ങൾ,അപരന്റെ
തട്ടിത്തകർത്ത്
ചവിട്ടിമെതിച്ച്
മാനം മുട്ടെയുയർത്തിയ
ചീട്ട് കൊട്ടാരങ്ങൾക്കിടയിൽ
റഫറിയായി ഫൈനൽ വിസിലൂതി

എത്തും..അവൻ

തണുപ്പായ്...മരവിപ്പായ്
കാല്പാദത്തിനടിയിൽ 
നിന്നരിച്ച്  കയറവെ
ഉറുമ്പരിക്കുമാലോചനകളിൽ
നിറഞ്ഞ നിലാവും
നീലവിഹായസ്സുൾപുളകവും
കിനാ കാൺകെ
അവൻ വന്ന് തൊട്ട് വിളിക്കും..

വരൂ..പോകാം...
ഒന്നെണിറ്റ് വാടേയ്..
Related Posts with Thumbnails

Related Posts with Thumbnails