ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2019, ജനുവരി 4, വെള്ളിയാഴ്‌ച 0 comments
Bookmark and Shareമഅദിൻ വൈസനിയത്തിനു പോയി...

പതിവിലും കൂടുതൽ ആളുകൾ കൂടുന്നൊരിടം..... പലജാതി പലമുഖങ്ങൾ, പലവിധകാഴ്ചകൾ,അതിലെല്ലാമുപരി  സമൂഹത്തിൽ വ്യത്യസ്ത മേഖലകളിൽ വ്യാപരിക്കുന്ന വ്യക്തിത്വങ്ങളുടെ  പ്രഭാഷണങ്ങൾ....ഈ ജാതി സാധനങ്ങളൊക്കെ  ഒരിടത്ത് ഒത്ത് ചേർന്നാൽ  പോകാതെ വിട്ട് കളയുകയോ.......പോയി.,,നന്നായ് ഒരുങ്ങിത്തന്നെ പോയി......


എവിടുന്നോ കേൾക്കുന്നൊരശീരിരി കണക്കെ അലയടിക്കുന്ന ഉച്ചഭാഷിണിയിലെ പ്രഭാഷണ ശകലങ്ങൾ കേട്ടു കേട്ടില്ല എന്ന് വരുത്തി   കിതച്ചും അമറിക്കുരച്ചുതുപ്പിയും  ഇഴഞ്ഞ് നീങ്ങുന്ന വാഹനങ്ങൾക്കിടയിലൂടെ  ഇടമുറിഞ്ഞും മുറിയാതെയുമൊഴുകുന്ന  പുരുഷാരത്തിന്റെയിടയിലൊരു കണ്ണിയായി  നൂണ്ടും നുഴഞ്ഞും ,,ഇടക്ക് ആരൊക്കെയോ ചവിട്ടി ചവിട്ടി കാൽ ചമ്മന്തിയാക്കി..ദുഷ്ടന്മാർ.......സാരമില്ല.....അല്ല....ഉണ്ടായിട്ടും കാര്യമില്ല..
.
ഇന്നലെ വരെ കാടും പടലവും പിടിച്ച് കിടന്നിരുന്ന വഴിയരികിൽ പൊടുന്നനെ ആകാശത്ത് നിന്ന് പൊട്ടിവീണെന്ന കണക്ക് തുരുതുരാ കാണുന്ന  സ്പെഷ്യൽ  കച്ചവടക്കാർക്ക്  മുന്നിൽ കൂട്ടം കൂടി നിൽക്കുന്നവർക്കിടയിലൂടെ "എന്താപ്പോ ബടെ..ഇത്ര ബല്ല്യ പുതുമ " എന്ന മട്ടിൽ ഏന്തിവലിഞ്ഞ്  എത്തിനോക്കിയും ..
.
അങ്ങനെ നടന്നു..
.
ജീവിതാനുഭവങ്ങളൂടെ ഒരു വേലിയേറ്റമാണു ഇതു പോലുള്ള സമ്മേളന നഗരികൾ, അത് എത്ര വലുതാകുന്നുവോ അത്രമാത്രം ഉച്ഛസ്ഥായിയിലാവും അതിന്റെ റേഞ്ചും...
.
ഇറയത്ത് തൂക്കിയിട്ട ബാപ്പാന്റെ പോക്കറ്റിൽ നിന്ന് ഇസ്കിയെടുത്ത പത്തിന്റെ നോട്ടുകൾ  മുന്തിരിയും സേമിയയും ചേർത്ത കോലൈസാക്കി മാറ്റി അതും  കയ്യിൽ പിടിച്ച് ധ്രുതംഗപുളകിതരായി  നിൽക്കുന്ന കൊച്ച് വിക്രുതികളൂടെ  കണ്ണിലെ സന്തോഷത്തിൻ പൂത്തിരികൾ കാണാൻ ഇത് പോലെയുള്ളയിടങ്ങളിലെത്തണം..
.
എത്രയോ കോഴിക്കുഞ്ഞുങ്ങൾ  അതിക്രൂരമാം വിധം  ഭ്രൂണഹത്യക്ക് വിധേയമായി കൊത്തിയരിഞ്ഞ സവാളക്കും പച്ചമുളകിൻ കഷ്ണത്തിനുമൊപ്പം എണ്ണ തേച്ച ഫ്രൈപാനിൽ കിടന്ന് ഞെളിപിരി കൊണ്ട് പുളയുമ്പോൾ  ഉയരുന്ന മണം മാത്രം മതി....വഴിയേ പോകുന്നവന്റെ കീശയിലെ പത്ത് മുപ്പത് രൂപ ആവിയായിപ്പോകാൻ....ആരുടേത് പോയില്ലേലും എന്റേത് പോകും.....അതൊറപ്പ....പോയി..
.
സ്പെഷ്യൽ ചുക്ക് കാപ്പി, എണ്ണക്കടികൾ, ബജികൾ,പലഹാരങ്ങൾ,ബിരിയാണികൾ എന്നിങ്ങനെ പല സൈസുമായോ അല്ലെങ്കിൽ ഏതെങ്കിലുമൊരു സൈസുമായോ ഒരുങ്ങുന്ന തട്ടിക്കൂട്ട് ഹോട്ടലുകൾ....വല്ലതും കഴിക്കുന്നത് സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം എന്ന് ചിലയിടങ്ങളിലെ വ്രുത്തിയും വെടിപ്പും കാണുമ്പോഴേ ഉള്ളീന്ന് ഒരാൾ മെല്ലെ പറയുന്നത് കൊണ്ട് ഞാനാവഴിക്ക് പോകാറില്ലെങ്കിലും അവിടുത്തെ തിക്കും തിരക്കും അതിലെല്ലാമുപരി പലപ്പോഴും അരിയുക,കുഴക്കുക,വറക്കുക,പൊരിക്കുക..എന്നിങ്ങനെ തുടങ്ങി സകലതും ചെയ്ത് ഓൾ ഇൻ ആൾ ആയി വിലസുന്ന ചില കുക്കുമാരുടെ പെർഫോമൻസ് കണ്ട് കൗതുകത്തോടെ നോക്കി നിൽക്കാറുണ്ടെന്നത് നേരാ....
.
.
വറക്കലിന്റെയും പൊരിക്കലിന്റെയും മണങ്ങൾക്കിടയിൽ ക്ഷണിക്കാതെ കയറിവരുന്നൊരതിഥിയെപ്പോലെ നാസാരന്ധ്രങ്ങൾക്ക് കുളിർമ്മയേകി കടന്ന് വരുന്ന ഒരു ഐറ്റമുണ്ട്...ഇത് പോലുള്ള സമ്മേളന നഗരിയിൽ പ്രത്യേകിച്ചും...വേറെ ഒന്നുമല്ല..അത്തർ...പലവിധ വലുപ്പത്തിലുള്ള പല ആക്രുതിയിലുള്ള  തിളങ്ങുന്ന ചില്ല് കുപ്പികളിൽ വർണ്ണ വൈവിധ്യം തുളുമ്പി അതിലേറെ സുഗന്ധം പരത്തി അവയങ്ങനെ എമജൻസി ലാമ്പ് വെളിച്ചത്തിൽ  ഞെളിഞ്ഞിരിക്കുന്നുണ്ടാവും..,,അവയ്ക്ക് മുന്നിലായി വെള്ളി മോതിരങ്ങളും കല്ലുകളും ചറപറയെന്ന് പരന്ന് കിടക്കും....എവിടെയായാലും സീൻ ഏകദേശം ഇത് പോലെതന്നെ...വാങ്ങുന്നതും ഉപയോഗിക്കുന്നതുമായ ശീലങ്ങൾ പണ്ടേയില്ലെങ്കിലും ഈ സൈസ് കച്ചോടങ്ങൾ കണ്ടാൽ  കാലു ബ്രേക്ക് ചെയ്യും...അതെന്നാത്തിനാണാവോ....ആ..
.
.
ഐസ്ക്രീമും ചോക്ലേറ്റുകളും വിവിധതരം മിട്ടായികളും അരങ്ങ് വാഴുന്ന കളരിയിൽ പഴേ..ഞമ്മടെ പഴേ...ഇഞ്ചിമുട്ടായി, ഒരു പയറ്റ് പയറ്റാൻ നോക്കി വന്നതാവും.. ..എവടെ..ഒരു രക്ഷയുമില്ല, നടന്ന് തളർന്ന് മുട്ടായിപ്പൊതികൾ  അടുക്കിയൊതുക്കി വെച്ച വട്ടപാത്രം റോഡ്സൈഡിലൊരു കരിങ്കൽ കഷ്ണത്തിൽ വെച്ച് ആളും ആരവവും ഒഴിഞ്ഞ പൂരപ്പറമ്പിലേക്ക് നോക്കണ പോലെ ഗതകാലസ്മരണകൾ അയവിറക്കി വിദൂരതയിലേക്ക് കണ്ണ് നട്ടിരിക്കുന്ന ഒരു വയസ്സൻ കാക്ക... പാവം അറിഞ്ഞ് കാണില്ല, പുതിയ തലമുറക്ക് ഇഞ്ചിമുട്ടായിലൊന്നും വല്ല്യ താല്പര്യമില്ലാന്ന്...ഏതായാലും  ഞാനൊന്ന് വാങ്ങി, ആ ഇഞ്ചി മുട്ടായിയും  ഒപ്പം ചില ഓൾഡ് സ്മരണകളും ചവച്ച് ചവച്ചിറക്കി അയാളെയും കടന്ന് ഞാൻ മുന്നോട്ട് നടന്നു...
.
.
ഇടക്കിടക്ക് ബക്കറ്റുകളുമായി ശുഭ്രവസ്ത്രധാരികളെ കണ്ട് മുട്ടുന്നുണ്ട്...എല്ലാർക്കും മിനിമം ഒരു പത്ത് രൂപയെങ്കിലും കൊടുക്കണമെങ്കിൽ  രൂപ പതിനായിരങ്ങൾ കയ്യിൽ കരുതേണ്ടി വരും...അത്രക്കുണ്ട് ശുഭ്രവസ്ത്രധാരികളുടെ എണ്ണം...എനിക്കാ ആഗ്രഹം ഇപ്പോ ഏതായാലും ഇല്ല...വണ്ടി മുന്നോട്ട് തന്നെ...
.
.
മനോഹരമായി അണിയിച്ചൊരുക്കിയ പ്രധാന കവാടം...അതങ്ങനെ പ്രകാശത്തിൽ മുങ്ങി തിളങ്ങി നിൽക്കുന്നു..പശ്ചാത്തലത്തിൽ പ്രകാശത്തിൽ കുളിച്ച് നിൽക്കുന്ന മഅദിൻ ഗ്രാൻഡ് മോസ്ക്....കവാടത്തിനു മുന്നിലായി അനേകമനേകം മൊബൈൽ ഫോണുകൾ മുകളിലേക്കുയർന്ന് നിൽക്കുന്ന കൈകളിൽ കിടന്ന് സ്വയം ഫോട്ടോ..എന്ന് വെച്ചാ സെൽഫികളെടുക്കുന്നുണ്ട്...
.
.
അന്തരീക്ഷത്തിൽ പ്രഭാഷണ ശബ്ദം ഇപ്പോൾ വളരെ വ്യക്തമായി കേൾക്കാം..ഞാൻ മുന്നോട്ട് ...വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗം നടത്തുന്നു..സ്റ്റേജ് നേരിട്ട് കാണുന്ന വിധം ഒരിടം ഗ്രൗണ്ടിൽ കിട്ടിയപ്പോൾ ഞാൻ നടത്തം നിർത്തി...മുഖ്യമന്ത്രിയുടെ പ്രസംഗം തുടരുകയാണു..വളരെ ക്രുത്യമായ വാക്കുകൾ, ഓരോ പോയന്റും വ്യക്തമായും സ്ഫുടതയോടും  പതിഞ്ഞ സ്വരത്തിലുള്ള എന്നാൽ ഗാംഭീര്യം തുളുമ്പുന്ന പ്രസംഗം..ഐ ലൈക്ക് ഇറ്റ്...അതാവ് സഖാവിന്റെ ശൈലി..
.

ബട്ട്...പ്രസംഗം സ്വല്പ നേരം കേട്ടപ്പോ എനിക്കെന്തോ പന്തികേട് തോന്നി..ഞാൻ ചുറ്റിലും നോക്കി...എനിക്ക് മാത്രമല്ല...ചുറ്റിലും നിൽക്കുന്ന പലർക്കുമുണ്ട് എന്തോ ഒരു വശപ്പിശക്...അത് കണ്ടപ്പോ എനിക്ക് ഉള്ളീൽ ചിരിയാണു വന്നത്...ഞാനതടക്കിപ്പിടിച്ചു...വേറെ ഒന്നുമല്ല...മുഖ്യമന്ത്രി സംസാരിക്കുന്നത് ലോകപ്രശസ്തരായ ഇസ്ലാമിക് സയന്റിസ്റ്റുകളെക്കുറിച്ചും ഇസ്ലാമിക്സ് നവോത്ഥാന നായകരെകുറിച്ചും ഒക്കെയാണു...പറഞ്ഞ്  പറഞ്ഞ് വന്ന് ഒടുക്കം കേരളമുസ്ലിംകളിലെ നവോത്ഥാന നായകരെക്കുറിച്ചും അവർ ചെയ്ത് കാണിച്ച പ്രവർത്തനങ്ങളെക്കുറിച്ചുമൊക്കെ വിശദമായി തന്നെ പരാമർശിച്ച് കൊണ്ടൊരു കസർത്തലായിരുന്നു.....മക്തി തങ്ങൾ, വക്കം മൗലവി, എന്നിങ്ങനെ തുടങ്ങി ഒരു പാട് പേരുകൾ.... അദ്ധേഹം പരാമർശിച്ച  നവോത്ഥാന നേതാക്കളെന്ന് അദ്ധേഹം അടയാളപ്പെടുത്തിയ നേതാക്കളും അവരുടെ ചരിത്രവും ഒക്കെ കേരളത്തിലെ മറ്റൊരു വിഭാഗം മുസ്ലിംകളുടേതാണു..അതാരാണെന്ന് നിങ്ങൾ ഊഹിച്ചാൽ മതി...ഒന്നുറപ്പ് അതൊരിക്കലും മഅദിൻ വൈസനിയം സംഘാടകരുടെ വിഭാഗമായിരുന്നില്ല....എന്ന് മാത്രമല്ല..അവരുടെ എതിർ പക്ഷത്തുള്ളവരാണു താനും... സ്വന്തം തട്ടകത്തിൽ  വൈസനിയം പോലൊരു പരിപാടിവെച്ച് എതിർപക്ഷക്കാരുടെ നേതാക്കൾക്കും പ്രവർത്തനങ്ങൾക്കും പബ്ലിസിറ്റി ഉണ്ടാക്കിക്കൊടുക്കേണ്ടി വന്ന നിവ്രുത്തി കേട്.... മാത്രമല്ല സ്വന്തം വിഭാഗത്തില്പെട്ട നേതാക്കളെപ്പറ്റി മരുന്നിനു പോലും ഒരു പരാമർശമില്ലതാനും.....അതാണു എല്ലാരുടെ മുഖത്തും ഇഞ്ചി കടിച്ച കുരങ്ങനെ പോലെയൊരു ജാള്യത...മുഖ്യമന്ത്രിയല്ലേ ..ഇടക്ക് വെച്ച് തോണ്ടി വിഷയം മാറ്റിപ്പറയിപ്പിക്കാൻ നിർവാഹമില്ലല്ലോ...അപ്പോ ..പിന്നെ സഹിക്ക തന്നെ...ഹല്ല..പിന്നെ....എന്തായാലും മുഖ്യ മന്ത്രിയുടെ പ്രസംഗം കലക്കി...
.
.
അതിനു ശേഷം എത്രയോ പ്രസംഗങ്ങൾ,ഇംഗ്ലീഷിലും അറബിയിലും മലയാളത്തിലും ഹിന്ദിയിലുമൊക്കെയായി ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് വന്ന പ്രമുഖ വ്യക്തിത്വങ്ങളുടെ വാക്കുകൾ കർണ്ണപുടത്തിൽ പെരുമഴയായി പെയ്തിറങ്ങി...അവിസ്മരണീയം..അനിർവചനീയം...
.

ഇത് പോലെ മഹത്തായ വലിയ ഒരു സമ്മേളനം ഇത്ര മനോഹരമായി കോർഡിനേറ്റ് ചെയ്ത് നടപ്പിലാക്കിയ ഇതിന്റെ സംഘാടക സമതിയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല...
.
ചുരുക്കിപ്പറയാം..എഡ്യു പാർക്ക് കണ്ടു..കിടിലം...പൂർണ്ണ തോതിൽ പ്രവർത്തനം നടത്തിയാൽ മഅദിൻ അക്കാദമി മലബാറിലെ ഒരു എഡ്യുക്കേഷൻ ഹബ്ബ് ആയി മാറും എന്നതിൽ സംശയമില്ല...
.
 വൈസനിയം എക്സ്പോ കണ്ടു..പുതുമയൊന്നുമില്ലെങ്കിലും കണ്ട് കണ്ടങ്ങ് പോകാം...ഒരു അമ്പത് ഉറുപ്പികയുമങ്ങ് പോയിക്കിട്ടും...
.

ഇനിയും ഇത് പോലുള്ള പരിപാടികളിൽ ഒരു ബിന്ദുവായ് അലിഞ്ഞ് ചേർന്ന് ആസ്വദിക്കാനുള്ള അവസരം കിട്ടുമാറാകട്ടെ... ചിന്താഭാരങ്ങൾ കൊണ്ടോ അതോ ഉറക്കം തൂങ്ങിയത് കൊണ്ടോ കനം തൂങ്ങിയ ശിരസ്സും താങ്ങി നടന്ന് പോകുമ്പോൾ മനസ്സ് നിറയെ സംത്രുപ്തിയായിരുന്നു...എന്തെന്നില്ലാത്ത ഒരു ആനന്ദമായിരുന്നു...അതെന്താണെന്നോ..എന്ത് കൊണ്ടാണെന്നോ ഒന്നും എനിക്കറിയില്ല...എനിക്കറിയില്ല എന്നത് തന്നെയാണതിന്റെ ലഹരിയും...

താങ്ക്യു മഅദിൻ
താങ്ക്യു വൈസനിയം..
ആൻഡ് താങ്ക്യു ആൾ


Related Posts with Thumbnails

On 2019, ജനുവരി 1, ചൊവ്വാഴ്ച 0 comments
Bookmark and Share


അങ്ങനെ രണ്ടായിരത്തി പതിനെട്ടും.. " പ്ലുക്കോ" ന്ന് പൊഴിഞ്ഞ് വീണു...ഇനി പുതുവർഷം..പുതുസ്വപ്നങ്ങൾ,പുതുചിന്തകൾ, പുത്തൻ പ്രതീക്ഷകൾ, പുതിയ മേച്ചില്പുറങ്ങൾ...അങ്ങനെ അങ്ങനെ എല്ലാം പുതുസ്സ്, പത്തരമാറ്റ്.....ഒലക്കേടെ മൂടാണു...ഒന്നും നടക്കൂല...എല്ലാ ഡിസംബർ മുപ്പത്തൊന്നും ഇത് പോലെ ഭയങ്കരപ്ലാനിംഗുകളും പദ്ധതികളുമൊക്കെ തയ്യാറാക്കിയതാ...എന്നിട്ടെന്താ....ജനുവരി ഒന്നല്ല..അതും കഴിഞ്ഞ് എട്ട് പത്ത് മാസമായാലും " പണ്ടത്തെ ചങ്കരൻ തെങ്ങിന്മേൽ തന്നെ.." എന്ന് വെച്ചാ ഞാൻ നിന്നിടത്ത് തന്നേന്ന്...ഒരടി മുന്നോട്ടോ പിന്നോട്ടോ....ങേ..ഹെ..
.
ഇനി കുറച്ച് കാലം  പറയുമ്പോഴും എഴുതുമ്പോഴും ഒക്കെ വർഷം തെറ്റിപ്പോകും...എന്നല്ലാതെ എനിക്ക് പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടാകാൻ പോകുന്നില്ല...എന്ന് സാരം...എന്നത്തെയും പോലെ ഒരു ദിനം... ബൈ ദ ബൈ..ഇനി ആ ആചാരം ഞാനായിട്ട് തെറ്റിച്ചൂന്നാവണ്ട.....എന്റെ എല്ലാ സുഹ്രുത്തുക്കൾക്കും ശത്രുക്കൾക്കും ഒരായിരം  നവവത്സരാശംസകൾ....
Related Posts with Thumbnails

Related Posts with Thumbnails