ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2019, മാർച്ച് 16, ശനിയാഴ്‌ച 0 comments
Bookmark and Share


ചെറിയൊരു അസ്വസ്ഥത...നന്നായി ചുമയുമുണ്ട്..പനി വരാനുള്ള ലക്ഷണമാണെന്ന് തോന്നുന്നു..ഏതായാലും സർക്കാർ ആശുപത്രികൾ സമ്പൂർണ്ണ കുടുംബാരോഗ്യകേന്ദ്രങ്ങൾ ആക്കി മാറ്റിയെന്നും കൂടുതൽ സൗകര്യങ്ങളും സേവനങ്ങളും ഒക്കെ ഒരുക്കിയിരിക്കുന്നു എന്ന് കേൾക്കുന്നു.....ഒന്ന് പോയി നോക്കാമെന്ന് കരുതി..

ശീട്ടെടുക്കാൻ ചെന്നപ്പോഴല്ലേ....ദേ കെടക്കണു.....സാധാരണ ബീവറേജിനു മുന്നിലാണു ഇമ്മാതിരി ക്യൂ കാണാറു...ഇത് അതിലും വലുത്..അതങ്ങനെ തീവണ്ടി മാതിരി നീണ്ട് കിടക്കുന്നു....ഹെന്റമ്മോ...

ഏതായാലും വന്നതല്ലേ...ഞാനും തീവണ്ടിയിൽ കയറി..ശീട്ടെടുത്തു..

ഡോക്ടറുടെ റൂമുകൾക്ക് മുമ്പിലൊക്കെ വരിക്കച്ചക്കക്ക് തേനീച്ച പൊതിഞ്ഞ പോലെ ആൾക്കൂട്ടം..ടോക്കൺ നമ്പർ സ്ക്രീനിൽ തെളിയുന്നു..പോരാത്തതിനു അനൗൺസുമെന്റുമുണ്ട്..ടോക്കൺ നമ്പർ വിളിക്കുമ്പോൾ ഓരോരുത്തരായി പോയാൽ പോരേ....പിന്നെ എന്നാത്തിനാ അവിടെക്കിടന്ന് ഉന്തിത്തള്ളി കലപില കൂട്ടുന്നതെന്ന് ചോദിക്കാൻ നാവ് ചൊറിഞ്ഞ് വന്നതാ..ചോദിച്ചില്ല... വയ്യ....ദി.കിംഗിലെ മമ്മൂട്ടിയെപ്പോലെ നെടുനീളൻ ഡയലോഗിനു സ്കോപ്പുണ്ട്....പക്ഷേ അത് കാച്ചാനുള്ള കപ്പാക്കിറ്റിയില്ല...ചൊറിഞ്ഞ് വന്നത് വെള്ളം ചേർക്കാതങ്ങ് വിഴുങ്ങി..

എന്റെ നമ്പറാകാനായപ്പോ ഞാനും വാതിലിനടുത്ത് ചേക്കേറി..ഉള്ളിൽ ഒരു ടേബിൾ..അപ്പുറവും ഇപ്പുറവുമായി ഓരോ ഡോകടർമാർ ഇരിക്കുന്നു...എം.ബി.ബി.എസിന്റെ കൂടെ ഷോർട്ട് ഹാൻഡ് റൈറ്റിംഗ് പരിശീലനവും കൂടി കൊടുക്കുന്നുണ്ടെന്ന് തോന്നുന്നു...അമ്മാതിരി ഭാഷയിലും സ്പീഡിലുമാണവരുടെ മരുന്നെഴുത്ത്..

"ടോക്കൺ നമ്പർ എൻപത്തി ഒന്ന്"..കിളിനാദം മൊഴിഞ്ഞു...

ഒരു വല്ല്യമ്മച്ചി വേച്ച് വേച്ച് സ്റ്റൂളിലിരുന്നു...

"എന്താ പ്രശ്നം."..ഡോക്ടർ കണ്ണുയർത്തി ചോദിച്ചു..

വല്ല്യമ്മച്ചി വിക്കി വിയർത്ത്..."അത് പിന്നെ.....പ.."

"പനിയാണല്ലേ.."

ശടപടാന്ന് അഞ്ചാറു മരുന്നുകൾ കുറിച്ചു..

"ഇത് കഴിച്ചാ മതി...മാറിക്കോളും.". എന്ന് ഡോക്ടർ

അന്തം വിട്ട് പോയ അമ്മച്ചി.. "അതല്ല മോനേ..പനിയല്ല..പള്ളവേദനാന്ന് പറയാൻ തുടങ്ങുവായിരുന്നു.."

"അത് ശരി പനിയില്ല...എന്നാലത് നേരത്തെ പറയണ്ടേ.."

.ശടപടേന്ന് നേരത്തെ എഴുതിയതിൽ രണ്ടെണ്ണം വെട്ടി വേറെ എന്തൊക്കെയോ എഴുതി...ശീട്ട് നീട്ടി..

"ഇത് കഴിച്ചാ മതി...മാറിയില്ലെങ്കിൽ രണ്ട് ദിവസം കഴിഞ്ഞ് വന്നാ മതി.."

അമ്മച്ചി വേറേ എന്തെങ്കിലും പറയുന്നതിനു മുന്നേ പരിശോധന കഴിഞ്ഞു..

എല്ലാം കൂടി വെറും കഷ്ടി ഒരു മിനിട്ട്...

അമ്മച്ചി എഴുന്നേറ്റു..

"എന്തൊരു പോക്രിത്തരമാണീ കാണിക്കുന്നത്..ഒന്ന് തൊട്ട് നോക്കുകയെങ്കിലും ചെയ്തൂടെ..മര്യാദക്കൊന്ന് സംസാരിക്കാൻ പോലും സമയമില്ലാത്തവൻ പിന്നെ ഈ പണിക്ക് നിക്കണോ''......എന്നൊക്കെ ചോദിക്കാൻ നാക്ക് ചൊറിഞ്ഞ് വന്നതാണു...വിഴുങ്ങിക്കളഞ്ഞു..

നെക്സ്റ്റ്...

"ടോക്കൺ നമ്പർ എൻപത്തിരണ്ട്.."  കിളിനാദം മൊഴിഞ്ഞു..

അത് .....

ഏതാനും സെക്കന്റുകൾ..

മുന്നോട്ടാഞ്ഞ കാൽ പുറകോട്ട് വലിച്ചു..

ഞാൻ തിരിഞ്ഞ് നടന്നു..

"ടോക്കൺ നമ്പർ എൻപത്തിരണ്ട്.." കിളിനാദം വീണ്ടും മൊഴിഞ്ഞു..

ആ എൻപത്തിരണ്ട് ചുരുട്ടിയുരുട്ടി നിലത്തിട്ട് ചവിട്ടി ഞാൻ പുറത്തേക്ക്..

എനിക്കൊന്നും വേണ്ട..ഈ സൈസ് ...ഇനിയിപ്പോ നോക്കിയിട്ട് കാര്യമില്ല..

നല്ല ഒന്നാം നമ്പർ ഫിഷിഷ്യൻ പരിസരത്ത് തന്നെയുണ്ട്...അങ്ങേരെ ഒന്ന് കണ്ട് കളയാം..അങ്ങോട്ട് വെച്ച് പിടിച്ചു..

വിശദമായ പരിശോധന...വൃത്തിയായി മരുന്നെഴുതിത്തന്നു...ആ..ഹാ അപ്പോ ഡോക്ടർമാർക്ക് വേണമെന്ന് വെച്ചാ  മര്യാദക്കും എഴുതാനറിയാല്ലേ...എന്ന് ചോദിക്കാൻ നാക്ക് ചൊറിഞ്ഞ് വന്നതാ...വിഴുങ്ങി

"ഫീസ്.."

"അത് ഇരുന്നൂറു രൂപ"

"ഹെന്റമ്മേ...ഇതെന്താ ബ്ലേഡോ...ഇതിത്തിരി...." ചോദിക്കാൻ നാക്ക് ചൊറിഞ്ഞ് വന്നതാ....വിഴുങ്ങി

"മരുന്ന് ഇവിടെ പുറത്തുള്ള മെഡിക്കൽഷോപ്പിൽ നിന്ന് വാങ്ങിയാ മതീട്ടോ..."

ഡോകടറുടെ ഉപദേശം...

"അട കള്ളാ.....മെഡിക്കൽ ഷോപ്പ് സ്വന്തമോ..അതോ കമ്മീഷൻ ബെയ്സിലോ.....എങ്ങനാ.." എന്ന് ചോദിക്കാൻ ചൊറിഞ്ഞ് വന്നതാ...വിഴുങ്ങി

പുറത്തേക്കിറങ്ങുമ്പോ മെഡിക്കൽ ഷാപ്പിലിരിക്കുന്ന പയ്യനൊരു ആക്കിയ ചിരി...ഇങ്ങ് വാ ...കാണിച്ച് തരാം..എന്നമട്ടിൽ...

"ആഹാ..അത്രക്കായോ..എന്നാൽ ഞാൻ ഇവിടുന്ന് മരുന്ന് വാങ്ങില്ല..എന്റെ കാശിനു ഞാൻ എനിക്ക് ഇഷ്ടമുള്ളിടത്ത് നിന്നു വാങ്ങും...നിങ്ങളങ്ങനെ പുളുത്തണ്ട..എന്ന് നാക്കിൽ ചൊറിഞ്ഞ് വന്നതാ...വിഴുങ്ങി...

 ഞാൻ വലിച്ച് നടന്നു...നടത്തത്തിനിടയിൽ ഞാനൊന്ന് തിരിഞ്ഞ് നോക്കി...മെഡിക്കൽഷോപ്പുകാരൻ അതേ ചിരിയും ഫിറ്റ് ചെയ്തിരിക്കുന്നു...അതെന്തിനാണെന്ന് എനിക്ക് പിന്നെയാണു മനസ്സിലായത്..


ആ മരുന്ന് ലിസ്റ്റും കൊണ്ട് മലപ്പുറം ടൗണിലുള്ള മുഴുവൻ മെഡിക്കൽഷോപ്പും ഞാൻ കയറിയിറങ്ങി..ഒരിടത്തും ആ മരുന്നില്ല...ചിലയിടത്ത് വേറെ കമ്പനിയുടേത് ഉണ്ട് പോലും...വല്ലാത്ത ചതിയായിപ്പോയി...ഇനി ഡോക്ടറെങ്ങാനും ഹോം മേഡ് മരുന്ന് ഉണ്ടാക്കുന്നുണ്ടോ..ആവോ...ഏതായാലും എനിക്കിട്ട് നന്നായി ഒണ്ടാക്കി...പുല്ല്....

ഡോക്ടർമാരൊക്കെ ഇങ്ങനെ തുടങ്ങിയാ എന്താ ചെയ്യാ...സൈക്കിളിനു മുന്നിൽ നിന്ന് രക്ഷപ്പെടാൻ ട്രയിനിനു മുന്നിലേക്ക് ചാടിയ അവസ്ഥയായിപ്പോയി എന്ന് പറഞ്ഞാ മതീല്ലോ..


ഞാനാകെ ചമ്മി..ധനനഷ്ടം, സമയനഷ്ടം, ചമ്മൽ...ഇനി തിരിച്ചെങ്ങനെ ആ മെഡിക്കൽ ഷോപ്പിൽ പോകും..ഈഗോ വർക്കൗട്ട് ചെയ്യുന്നു....ഇനി നാളെ വേറെ ആളെ വിട്ട് വാങ്ങിപ്പിക്കാം...എന്ന തീരുമാനത്തിൽ ഞാൻ വീട് പിടിച്ചു...

ഒരു അസുഖം ..ഒത്തിരി അനുഭവം..

ഈശ്വരോ രക്ഷതു..

Related Posts with Thumbnails

On 2019, മാർച്ച് 15, വെള്ളിയാഴ്‌ച 0 comments
Bookmark and Shareഎഗൈൻ...കം ..ബാക്ക്..
ഇലക്ഷനൊക്കെ അല്ലേ..എന്തേലും ഒക്കെ മിണ്ടിം പറഞ്ഞും ഇരിക്കാലോ..

ഒരു പഴേ കഥ..

നാട്ടില്‍ ബസ് വന്നു തുടങ്ങിയ കാലം.

ബസ് എന്ന അത്ഭുത വസ്തു  കാണുകയും ഒത്താൽ അതിലൊന്ന്  കയറുകയും ചെയ്യാന്‍ തീരുമാനിച്ച്  ഒരു കാരണവര്‍ ടൗണിലേക്ക് പോയി... അവിടെ വെച്ച് ഒരു ബസ്സിൽ യാത്ര ചെയ്യുകയും ചെയ്തു..തിരിച്ച് വീട്ടിലേക്കെത്തിയ  കാരണവരെയും കാത്ത് വീട്ടുകാരി ഉമ്മറത്ത് തന്നെ  ഇരിക്കുന്നു. വിശേഷങ്ങള്‍ കേള്‍ക്കാന്‍.

കാരണവര്‍ ആവേശത്തോടെ തന്നെ പറഞ്ഞു: "എടിയേ... ഞാൻ ബസ് കണ്ടു.. അതില്‍ കയറുകേം ചെയ്തു.....ന്ന് മാത്രമല്ല , ബസ് ഓടിക്കാന്‍ പഠിക്കുകയും ചെയ്തു."

അത്ഭുതപരതന്ത്രയായി വീട്ടുകാരിചോദിച്ചു..".ന്ത്.. ഇങ്ങളു അപ്പഴേക്കും അതും പഠിച്ചോ"... "എങ്ങനെയാ ഈ  ബസ് ഓടിക്കുന്നത്? നിക്കും കൂടി പറഞ്ഞ് താ..."

കാരണവര്‍ തെല്ല് ഗമയോടെ തന്നെ പറഞ്ഞു.. "ബസില്‍ പിന്‍ഭാഗത്ത് നിന്ന് മുന്‍ഭാഗത്തേക്ക് ഒരു ചരട് വലിച്ച് കെട്ടിയിട്ടുണ്ട്. അതില്‍ പിടിച്ച് "ടിം.ടിം.."  എന്ന് രണ്ട് വലി വലിച്ചാല്‍ ബസ് ഓടും. നിര്‍ത്തണമെന്ന് തോന്നുമ്പോള്‍ അതില്‍ പിടിച്ച് "ടിം " ഒരൊറ്റ വലി...ബസ് നിൽക്കും... അത്രേയുള്ളു കാര്യം...."

അടിപൊളി..

ഇന്നൊരുത്തൻ വാട്ട്സാപ്പിലൊരു മെസേജ് വിട്ടു..


മലപ്പുറത്ത് നടപ്പിൽ വന്ന എല്ലാ പ്രധാനപ്പെട്ട  വികസന‌-ക്ഷേമ പ്രവർത്തനങ്ങൾ   ചൂണ്ടിക്കാണിച്ച് ദാ....ഇത് ഞമ്മന്റെ നേതാവാണു ചെയ്തത്...ഞമ്മന്റെ പാർട്ടിയാണു ചെയ്തത്......അതോണ്ട് ഞമ്മന്റെ പാർട്ടിക്ക് ..................അടയാളത്തിൽ വോട്ട് ചെയ്യൂക..വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുക...

ഭാഗ്യം ..കടലുണ്ടിപ്പുഴയും അറബിക്കടലും  ഞമ്മളാണു ഉണ്ടാക്കിയതെന്ന് പറഞ്ഞില്ലല്ലോ..

ഇടക്ക് വെച്ച് കയറിക്കൂടി "ടിം..ടിം..." എന്നടിച്ചുവെന്നല്ലാതെ എന്ത് ഒലക്കേണു ഇവന്മാരുണ്ടാക്കിയത്....

ആരൊക്കെയോ ചേർന്ന് തീരുമാനിച്ചു മറ്റാരൊക്കെയോ ചേർന്ന് പിന്തുണ കൊടുത്ത്...പിന്നെയും മറ്റാരൊക്കെയോ ചേർന്ന് നടപ്പിൽ വരുത്തി...അതാണെങ്കിലോ മറ്റ് ജില്ലകളെ അപേക്ഷിച്ച് നോക്കുകയാണെങ്കിൽ  ഒച്ച് ഇഴയണ വേഗത്തിലും..അതിലെല്ലാ പാർട്ടിക്കാരുമുണ്ട്....അതിലേറെ ജനങ്ങളുടെ പരിശ്രമവും പിരിച്ചെടുത്ത് കൊടുത്ത പണവുമുണ്ട്..അല്ലാതെ സർക്കാറും ജനപ്രതിനിധികളും മാത്രം ഒലത്തിത്തന്നതല്ല.......എന്നിട്ടിപ്പോ വല്ല്യ വല്ല്യ അവകാശ വാദങ്ങൾ....

ഇവരുടെ മുന്നിൽ  എട്ട് കാലി മമ്മൂഞ്ഞൊക്കെ എന്ത്...?


Related Posts with Thumbnails

Related Posts with Thumbnails