ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2019, ഏപ്രിൽ 30, ചൊവ്വാഴ്ച 0 comments
Bookmark and Share

കള്ളവോട്ട്
കള്ളനോട്ട്
കള്ളവെടി
കള്ളവാറ്റ്
കള്ളപ്പണം
കള്ളക്കടത്ത്

ഇതൊന്നും ആരു വിചാരിച്ചാലും ഒരുകാലത്തും  നിർത്താൻ പറ്റുന്ന ഏർപ്പാടുകളല്ല..തരം കിട്ടുമ്പോഴൊക്കെ  തരാതരം എല്ലാവരും ഐ മീൻ എല്ലാ പാർട്ടിക്കാരും  ചെയ്യുന്ന തരികിടകളാണിതെല്ലാം...പിന്നെ എന്നാത്തിനാ ഈ തമ്മിൽ തമ്മിൽ പല്ലിൽ കുത്തിമണപ്പിക്കൽ....
.
കഴിഞ്ഞ ഇലക്ഷൻ സമയത്ത് വെറുതെ വെറും വെറുതെ  വോട്ടർ പട്ടിക മറിച്ച് നോക്കിയപ്പോഴല്ലേ രസം..സദാസമയവും എന്റെ കൂടെയുണ്ടാകാറുള്ള എന്റെ സുഹൃത്തിനെ വരെ എനിക്ക് തിരിച്ചറിയാൻ പറ്റിയില്ല...ആകെ കറുത്ത് കരിവാളിച്ച് കണ്ണിന്റെ ഭാഗത്ത് മാത്രം ഒരു തിളക്കമുണ്ട്.......ബാക്കിയൊക്കെ പൊഹ..ഏകദേശം എല്ലാവരുടെയും അവസ്ഥ ഇതൊക്കെ തന്നെ...ഈ സൈസ് തിരിച്ചറിയൽ കാർഡും കൊണ്ട് പോയാൽ പെറ്റുമ്മാക്ക് പോലും തിരിച്ചറിയാൻ പറ്റൂല....പിന്നയല്ലേ  എവിടുന്നോ വന്ന പ്രിസൈഡിംഗ് ഓഫീസർ....
.
കുറച്ച് മുമ്പ് നാഗാലാൻഡിലാണെന്ന് തോന്നുന്നു..ഒരു മഹാൻ ആറു വോട്ടുകൾ ഒന്നിച്ച് ചെയ്യുന്ന വീഡിയോ ഫേസ്ബുക്കിൽ കിടന്ന് കറങ്ങിയിരുന്നു..അന്ന്

"അവിടെയൊന്നും ആൺകുട്ടികൾ ഇല്ലാത്തതിന്റെ കേടാ'' അടിച്ച് അവന്റെ പരിപ്പെടുക്കണം" ന്ന് വലിയ വായിൽ ഇവിടെ കിടന്ന് രോഷം കൊണ്ടിരുന്നു  ചിലർ....നുമ്മടെ കേരളത്തിൽ ഉദ്ബുദ്ധരും പ്രബുദ്ധരുമായ സർവ്വോപരി വിദ്യാസമ്പന്നരുമായ ജനാധിപത്യവിശ്വാസികൾ അധിവസിക്കുന്ന കേരളത്തിൽ..അങ്ങനെ പറയണം..അപ്പൊഴാണു ഗുമ്മ്...ഇമ്മാതിരി തറവേലകൾ ഒന്നും നടപ്പില്ല..എന്നൊക്കെയാണു അവരും കൂട്ടത്തിൽ ഞാനുമൊക്കെ കരുതിയിരുന്നത്...
.
കേരളത്തിൽ..എങ്ങനത്തെ കേരളത്തിൽ.."പ്രബുദ്ധത,ഉദ്ബുദ്ധത,വിദ്യാസമ്പന്ന."... കേരളത്തിൽ ഇതാണു സ്ഥിതിയെങ്കിൽ ഈ വഹ സാധനങ്ങൾ എന്താന്ന് പോലും തിരിയാത്ത ഉത്തരേന്ത്യൻ  ഗ്രാമങ്ങളിലൊക്കെ തിരഞ്ഞെടുപ്പ് പ്രക്രിയകളൊക്കെ  അതുഗ്രൻ  കോമഡിയായിരിക്കും....
.
ഇന്ത്യൻ ജനാധിപത്യം എന്നാൽ ഏത് സ്റ്റേറ്റിൽ ഏത് ജില്ലയിൽ ഏത് പോളിംഗ് ബൂത്തിൽ ആരുടെ ആധിപത്യമാണൊ അവരുടെ അവകാശത്തെയാണു ഇന്ത്യൻ ജനാധിപത്യം എന്ന് പറയുന്നത്...
.
ബൈ ദു ബൈ..

ജനാധിപത്യം നീണാൾ വാഴട്ടെ....
Related Posts with Thumbnails

On 2019, ഏപ്രിൽ 28, ഞായറാഴ്‌ച 0 comments
Bookmark and Shareഇലപൊഴിയും ഓർമ്മകൾ ഇതൾ വിടർത്തി
ഇരുളടയും വഴികളിൽ വെയിൽ പരത്തി
ഗതകാലസ്മരണകളെ നിങ്ങൾ കൂട്ട് വരുമോ
ഗതികിട്ടാതലയും മനസ്സിനു ഉയിർതരുമോ
.
ചുറ്റുമൊരായിരം പേർ കൂടി നില്പുണ്ട്
കൂട്ടിൽ ഞാനേകനായി നീറി നില്പാണു..
ചുറ്റിക്കറങ്ങുമീ പ്രപഞ്ചത്തിലെവിടെയോ
തട്ടിത്തകർന്ന് പോയെൻ സ്വപ്നനൗക
.
പുഞ്ചിരി വറ്റാത്തൊരായിരം പൂമുഖങ്ങൾ
പൂക്കളായ് പൂന്തോട്ടമായ് വന്ന് നിറയുന്നു
ആസ്വദിപ്പാനെനിക്കാവതില്ല എന്നറിയുന്നു
ആസ്വദിപ്പിൻ വാസന എന്നെ വിട്ടൊഴിയുന്നു
.
ആയിരം മുഖങ്ങൾ,അതിലേറെ കരങ്ങൾ
ആയിരം വഴികൾ  അതിലേറെ ചിന്തകൾ
കാട്ടിൽ വഴിതെറ്റിയ മാൻപേടയെപ്പോൽ
ഇവിടെ  ഞാനേകനായ് തളർന്ന് നില്പാണു..
Related Posts with Thumbnails

On 2019, ഏപ്രിൽ 27, ശനിയാഴ്‌ച 0 comments
Bookmark and Share വെളുത്ത നരച്ച് ഇരുണ്ട് കനത്ത
വരകൾ,കുറികൾ വീണൊരു ഗോളം
പച്ചയാണതിൻ കാഴ്ചയെങ്കിലും
പച്ചയുടെയൊരായിരം വകഭേദം
കണ്ണിനിമ്പം നാവിനാനന്ദം
ചൂഴ്ന്ന് നോക്കിയാൽ അതിശയം
ചുവപ്പ്..നല്ല കട്ടച്ചുവപ്പ്
പടർന്ന് കയറുന്ന ചുവപ്പ്
ഇടക്ക് കറുത്ത കുത്തുകൾ
കണ്ണിൽകരടായ് കണ്ടേക്കും
ചുവപ്പ് കണ്ണിൽ ആനന്ദമേകും
ഉള്ളിൽ അതിശയമേകും
ഒരു നാൾ പൊട്ടിച്ചിതറും
ഒരുനാൾ ഉയർന്നുയരും
ചുവപ്പിനെ പുൽകി
പുറം തോടിനെ വലിച്ചെറിയും
പച്ചമേലാപ്പിനെ അടർത്തി
ഉള്ളിലെ കറുത്ത കരടുകൾ നുള്ളി
കുപ്പത്തൊട്ടിയിൽ ഇട്ട്
ചുവപ്പ് ഹൃദയങ്ങളെ പുൽകും


Related Posts with Thumbnails

On 2019, ഏപ്രിൽ 25, വ്യാഴാഴ്‌ച 0 comments
Bookmark and Share


ഹാജിയാർപള്ളി മുതുവത്തുമ്മൽ എൽ.പി സ്കൂളിനു മുന്നിലെ  "ആലങ്കാട്" എന്ന പേരിൽ കൂടി അറിയപ്പെടുന്ന ഇരു‌നില വീട്.. കോലായിൽ  നിറയെ പുരുഷാരം...ഇടക്കിടക്ക് കടന്ന് വരുന്ന വാഹനങ്ങൾ.....
.
കോലായിലൊരു മൂലയിൽ  ഇട്ടകസേരയിൽ ആൾക്കൂട്ടത്തെ ശ്രവിച്ച്  പുഞ്ചിരിതൂകി പ്രൗഡവും ഗാംഭീര്യവും തുളുമ്പുന്ന മുഖത്തോടെ ഇരിക്കുന്നുണ്ടാകും അബുകുട്ടി കാക്ക...എന്ന മണ്ണിശ്ശേരി അബൂബക്കർ ..
.
ദേശമേതുമാകട്ടെ..ജാതിയേതുമാകട്ടെ.... തന്നെത്തേടിയെത്തുവർക്ക് മുന്നിൽ ഒരിക്കലും കൊട്ടിയടക്കാത്ത ആ വീടിന്റെ ഗേറ്റ് പോലെത്തന്നെ അദ്ധേഹത്തിന്റെ വിശാലമായ മനസ്സും സദാ തുറന്ന് കിടക്കുക തന്നെയായിരുന്നു....
.
പ്രശ്നങ്ങളും ആവലാതികളും പറഞ്ഞ് പരിഹാരം തേടി തന്റെ മുമ്പിലെത്തുന്നവർക്ക്  വിനയാന്വിതനായ ഒരു കേൾവിക്കാരനും വസ്തുതകൾ ഇഴകീറി പരിശോധിക്കുന്ന കുറ്റാന്വേഷകനും കാര്യങ്ങൾ സൂക്ഷമതയോടെ പഠിച്ച് വിധി പറയുന്ന ന്യായാധിപനും വാക്കിനു നേരും നെറിയുമുള്ള മദ്ധ്യസ്ഥനും ആജ്ഞാഗൗരവമുള്ള നേതാവും ഒക്കെയായി  അദ്ധേഹം മാറിയിരുന്നു..
.
അബുകുട്ടികാക്ക ഇല്ലാത്ത ഒരു പരിപാടി..അത് കല്ല്യാണമായാലും സത്കാരമായാലും ഇനി ഏതെങ്കിലും പൊതുപരിപാടിയാണെങ്കിലും ഹാജിയാർപള്ളിക്കാർക്ക് അന്യമായിരുന്നു...അത്രക്ക് ഇഷ്ടപ്പെട്ടിരുന്നു ഹാജിയാർപള്ളിക്കാർ ആ വ്യക്തിപ്രഭാവത്തെ...പലപ്പോഴും പലസന്നിഗ്ദ    ഘട്ടങ്ങളിലും അടി പതറാതെ കിറുകൃത്യമായ തീരുമാനങ്ങൾ എടുക്കുന്നതും അത് ആരുടെ മുന്നിലും ആർജ്ജവത്തോടെ പറയുന്നതും ഒക്കെ അബുകുട്ടികാക്ക എന്ന മഹല്ല് കാരണവരിൽ നിന്ന് മറ്റുള്ളവർ കണ്ട് പഠിക്കേത് തന്നെയാണു...
.
അത് കൊണ്ട് തന്നെയാണു ദീർഘകാലം അദ്ധേഹത്തെ ജനപ്രതിനിധിയായി മലപ്പുറം നഗരസഭയിലേക്ക് ജനങ്ങൾ തിരഞ്ഞെടുത്തയച്ചത്..കുറച്ച് കാലം മലപ്പുറം നഗരസഭ വൈസ് ചെയർമാൻ കൂടിയായിരുന്നു അദ്ധേഹം...മുസ്ലിം ലീഗിന്റെ ഒരു കാലത്തെ പ്രമുഖ നേതാവായിരുന്ന മണ്ണിശ്ശേരി സൈതാലിക്കുട്ടികാക്കയുടെ മകൻ അബുകുട്ടികാക്ക പിതാവിന്റെ വഴി പിന്തുടർന്ന് മുസ്ലിം ലീഗിന്റെ മലപ്പുറത്തെ പല ഉന്നത സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്...
.
എങ്കിലും എല്ലാവിഭാഗം രാഷ്ട്രീയ പാർട്ടികളോടും നേതാക്കളോടും അദ്ധേഹം വളരെ സവിശേഷമായ  ബന്ധം പുലർത്തിയിരുന്നു..
.
ഒരു കാലത്ത് മലപ്പുറം പരിസരപ്രദേശങ്ങളിൽ ഏതൊരു നേതാവ് വന്നാലും ആ വണ്ടി ആലങ്കാട്ടെ മണ്ണിശ്ശെരി അബു കുട്ടി കാക്ക യുടെ വീട്ട് മുറ്റത്തും കൂടി എത്തുമായിരുന്നു...പിണറായി വിജയൻ,കൊടിയേരി, കുഞ്ഞാലിക്കുട്ടി,അബ്ദുറബ്ബ്...എണ്ണിയൊലൊടുങ്ങാത്ത പേരുകൾ,....അങ്ങനെയങ്ങനെ അനവധി നിരവധിപേർ...എല്ലാവർക്കും സമ്മതൻ...അതായിരുന്നു അക്ഷരാർത്ഥത്തിൽ അബുകുട്ടികാക്ക ..
.
ചെറുപ്പത്തിൽ നാട്ടിൽ ഒരു ക്ലബ്ബ് തുടങ്ങുന്ന തി ന്റെ ഭാഗമായാണു ഞാൻ അബുകുട്ടികാക്കാനെ ആദ്യമായി നേരിൽ പോയിക്കണ്ടത്...
.
"ഇജ്ജ് കമ്പറല്ലേ..അന്റെ വല്ലിപ്പാന്റെ കുറച്ച് ഹിക്മത്ത് അന്റെ അടുത്തും ണ്ടാവും"...
.
എന്നും പറഞ്ഞ് ഒരു ചിരി..പിന്നെ ക്ലബ്ബ് തുടങ്ങാനുള്ള ഉപദേശങ്ങൾ, നിർദ്ധേശങ്ങൾ, ഐഡിയകൾ...എല്ലാം പറഞ്ഞ് തന്നു...
.
പിന്നീടവടന്നങ്ങോട്ട് ഒരു പാട് കൂടിക്കാഴ്ചകൾ, സംസാരങ്ങൾ..പലപ്പോഴും ബാപ്പാന്റെ, സഹോദരന്റെ, കൂട്ടുകാരന്റെ പലറോളുകളിൽ ആയിരുന്നു അബുകുട്ടികാക്ക...സോറി..ചെറിപ്പ...ഇഷ്ടജനങ്ങൾ അദ്ധേഹത്തെ അങ്ങനെയാണു വിളിച്ചിരുന്നത്....
.
ഞങ്ങളുടെ ക്ലബ്ബിന്റെ പല പ്രവർത്തനങ്ങൾക്കും പരിപാടികൾക്കും അദ്ധേഹത്തിന്റെ ഉപദേശങ്ങൾ, സഹായങ്ങൾ,ഒക്കെ കിട്ടിയിട്ടുണ്ട്...
.
ഒരിക്കൽ ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ഗഫൂർ മാസ്റ്റർക്ക് പൗരസ്വീകരണം ഒരുക്കുന്നുതിന്റെ ഓട്ടപ്പാച്ചിലിൽ ഞാൻ ചോദിച്ചു
.
" അബുട്ട്യാക്കാ...ചെലവ് ഞമ്മൾ വിചാരിച്ചേടത്ത് നിൽക്കുമെന്ന് തോന്നുന്നുല്ല..പിരിവാണെങ്കിൽ കുറച്ചേ ആയിട്ടുള്ളൂ...കുടുങ്ങുമോ.. "
.
അദ്ധേഹം കൂസലേതുമില്ലാതെ...
.
" ഇജ്ജതൊന്നും ഓർത്ത് ബേജാറാവണ്ട, പരിപാടി ഉഷാറാവട്ടെ...ഇജ്ജ് ആ കാര്യങ്ങളൊക്കെ അങ്ങ് ചെയ്യ്...പൈസ ..അതൊക്കെ ങ്ങട് ബരും..ഇല്ലെങ്കി ബരുത്തും.."
.
മാസ് ഡയലോഗ്...അതായിരുന്നു അബുകുട്ടികാക്ക....അന്നാ വാക്കുകൾ തന്ന ധൈര്യം ആ സിറ്റുവേഷനിൽ എത്രമാത്രം ഊർജ്ജമേകീ എന്ന് വിവരണാതീതമാണു...
.
തീർന്നില്ല..മറ്റൊരനുഭവം കൂടി..
.
ഒരിക്കൽ എവിടുന്നോ അബുകുട്ടികാക്കാനെ കാണാൻ വന്ന ഒരു കൂട്ടരുടെ ജീപ്പ് റോഡ് സൈഡിൽ നിർത്തിയിട്ടുരുന്ന ഒരു സുഹ്രുത്തിന്റെ  ബൈക്ക് ഇടിച്ച് തെറിപ്പിച്ച്  ഓവ് ചാലിലിട്ടു....ആളു കൂടി..ബഹളമായി...ഒടുക്കം മധ്യസ്ഥ ചർച്ചക്കായി അബുകുട്ടിയായുടെ അടുത്തേക്ക്...
.
സുഹൃത്തിനെയും  ജീപ്പുകാരനെയും വിളിച്ച് കാര്യങ്ങളാരാഞ്ഞു....ഒടുക്കം ബൈക്ക് നന്നാക്കിക്കോ... പണം   ജീപ്പുകാരൻ കൊണ്ട് തരുമെന്ന് വിധിയായി....പക്ഷേ നമ്മടെ സുഹൃത്തിനൊരു ഡൗട്ട്...ജീപ്പുകാർ മറ്റേതോ നാട്ടുകാരനാണൂ...ഇയാളു മുങ്ങിയാലോ... പണവുമായി വന്നില്ലെങ്കിലോ...സംഗതി ന്യായം...

കാര്യം അബുകുട്ടികാക്കാനോട് പറഞ്ഞു...

" ഹ..ഹ..അത് ആലോചിച്ച് ഇജ്ജ് ബേജാറവണ്ട...ഓൻ ബന്നീലെങ്കിൽ ആ പൈസ ഞാൻ തരും..ഞാനത് ഓനോട് മേടിക്കേം ചെയ്യും...ഇജ്ജ് വേഗം വണ്ടി നന്നാക്കാൻ നോക്ക്..."
.
അങ്ങനെയായിരുന്നു അബുകുട്ടികാക്ക...ദ റിയൽ പൗരപ്രമുഖൻ...പറയാൻ ഇനിയൊരുപാടുണ്ട്... പിന്നീടാവാം..
.
.


പ്രവാസ ജീവിതത്തിന്റെ നീണ്ട കാലയളവ് കഴിഞ്ഞ് ഒടുക്കം  കഴിഞ്ഞ മാസം ആണു അവസാനം കണ്ടത്...ഉള്ളിലെ മുറിയിൽ അരണ്ടവെളിച്ചത്തിൽ ഒരു കട്ടിലിൽ...ഒരു കാലഘട്ടത്തിലെ സൂര്യതേജസ്സ്...ഒതുങ്ങിപ്പോയിരിക്കുന്നു..അല്ല..കാലം ഒതുക്കിയിരിക്കുന്നു....
.
ആയാസപ്പെട്ട് എണീക്കാൻ ശ്രമിച്ചു...."പിടിക്കണോ"..ഞാൻ ചോദിച്ചു..."മാണ്ട...എണിക്കാനൊക്കെ പറ്റും..എങ്ങട്ടേങ്കിലും പോകണങ്കിൽ പേരക്കുട്ട്യാളൊക്കെ ഇവടണ്ടല്ലോ...ഓലു സഹായിക്കും..."
.
നന്നേ ക്ഷീണിച്ച് പോയിരിക്കുന്നു...വാർദ്ധക്യം ആകെ ചുളിവുകൾ വീഴ്ത്തിയിരിക്കുന്നു..വാക്കുകൾ പതറുന്നു..പഴയ ചെറിപ്പയുടെ ഒരു കോലം മാത്രം...എങ്കിലും കണ്ണുകളിലെ ആ തീക്ഷണത..അതിപ്പഴും കാണാം..
കുറെ സംസാരിച്ചു...ഒരു കേൾവിക്കാരനായി ഞാനും.....
.
പിന്നീട് കണ്ടിട്ടില്ല...ഇടക്കൊരിക്കൽ ഉപ്പ പറയുന്നത് കേട്ടു...
.
"അന്നെ അബുകുട്ടികാക്ക അന്വേഷിച്ചിരുന്നു...ഒന്നങ്ങട് വരാൻ പറഞ്ഞൂ..."..എന്ന്...
.
എന്തോ അപ്പോൾ പോകാൻ തോന്നിയില്ല..പിന്നെ കാണാല്ലോ ..എന്ന് വിചാരിച്ചു..എന്നും എക്കാലവും അവിടെയുണ്ടായിരിക്കും  എന്ന് കരുതി....
.
ബട്ട്..ഹി..ഇസ് നോ മോർ..
.
ഇനിയില്ല ആ പ്രഭാവം...എന്ന് ഉൾകൊള്ളേണ്ടിയിരിക്കുന്നു..
.
എന്നും എക്കാലവും ഹാജിയാർപള്ളിക്കാരുടെ കാരണവർ അബുകുട്ടികാക്ക ആ പദവി ഒഴിച്ചിട്ട് കൊണ്ട് വിടവാങ്ങിയിരിക്കുന്നു..
.
ആ സൂര്യതേജസ്സും പൊലിഞ്ഞ് പോയിരിക്കുന്നു..
.
പ്രാർത്ഥനകളോടെ..
.
കമ്പർ.
Related Posts with Thumbnails

On 2019, ഏപ്രിൽ 22, തിങ്കളാഴ്‌ച 0 comments
Bookmark and Shareമലപ്പുറത്തെ നാട്ടുകാരെ മറന്നിടല്ലെ വോട്ടർമാരെ..
പതിവുകൾ തകർത്തെറിഞ്ഞ് ജയിപ്പിച്ചിടാം സാനുവിനെ..
മറന്നിടല്ലെ വോട്ടതൊന്ന് മാത്രം നമ്മുടായുധം.
വോട്ട് ചെയ്ത് തുരത്തിടാം നാടിൻ ശത്രുക്കളെ നാം..
നോട്ട് നിരോധനം കൊണ്ട് നോട്ടിൻ വിലകളഞ്ഞവർ
ജി.എസ്‌.ടിയും കൊണ്ട് വന്ന് നാടാകെ മുടിച്ചവർ..
നട്ടാൽ കുരുക്കാത്ത നുണകൾ പാടിപാടി നടന്നവർ..
വോട്ട് ചോദിച്ച് വരുമ്പോൾ പിന്നെ ആട്ടിപ്പായിച്ചിടെണം..
മലപ്പുറത്തെ നാട്ടുകാരെ മറന്നിടല്ലെ വോട്ടർമാരെ..
പതിവുകൾ തകർത്തെറിഞ്ഞ് ജയിപ്പിച്ചിടാം സാനുവിനെ..
അംബാനിക്കും അദാനിക്കും വാരിക്കോരി കൊടുത്തവർ
അംബരവും തുറമുഖങ്ങളും  വിറ്റ് തുലച്ചീലവർ..
അന്തിയോളം പണിയെടുക്കും പാവങ്ങൾക്ക് നോ ഗതി
ഈ ഇലക്ഷനോടെ
തീരണമീ ദുർവിധി
മലപ്പുറത്തെ നാട്ടുകാരെ മറന്നിടല്ലെ വോട്ടർമാരെ..
പതിവുകൾ തകർത്തെറിഞ്ഞ് ജയിപ്പിച്ചിടാം സാനുവിനെ..
വർഗ്ഗീയ ഫാസിസത്തിൻ കരങ്ങൾ ഇനിയറുത്ത് മാറ്റണം
ഇല്ലെങ്കിലീ‌ നാടിനവർ ഛിന്നഭിന്നമാക്കും താൻ
ഭരണഘടന മാറ്റിയെഴുതാൻ വെമ്പൽ കൊണ്ട് നടപ്പവർ
ഭരണചക്രം ഇനിയൊരിക്കലും വിട്ട് കൊടുത്തീട നാം..
മലപ്പുറത്തെ നാട്ടുകാരെ മറന്നിടല്ലെ വോട്ടർമാരെ..
പതിവുകൾ തകർത്തെറിഞ്ഞ് ജയിപ്പിച്ചിടാം സാനുവിനെ..
മലപ്പുറത്തിൻ  വികസനത്തിൽ പുതിയ  വഴിവെട്ടുവാൻ
അവഗണതൻ കൈപ്പ് നീരു കുടിച്ചതിനി മതിയാക്കാം..
ഉണർന്നിടാം  നമുക്ക് ഉയർത്തിടാം കൈകൾ വാനിൽ
അധികാരവർഗ്ഗ ഗർവ്വിനെ നമുക്കൊന്നായ് തുരത്തിടാം
മലപ്പുറത്തെ നാട്ടുകാരെ മറന്നിടല്ലെ വോട്ടർമാരെ..
പതിവുകൾ തകർത്തെറിഞ്ഞ് ജയിപ്പിച്ചിടാം സാനുവിനെ.
മലപ്പുറത്തിൻ നാദമത് പാർലമെന്റിലുയരുവാൻ
മതന്യൂനപക്ഷങ്ങൾക്ക് വേണ്ടി ഉറക്കെയുറക്കെ പോരാടാൻ
മലപ്പുറത്തിൻ മണ്ണിൽ നിന്നും ജയിപ്പിച്ചിടാം സാനുവിനെ..
പതിവുകൾ തകർത്തെറിഞ്ഞ് ജയിപ്പിച്ചിടാം സാനുവിനെ..
മാറ്റുവിൻ ചട്ടങ്ങളെ മാറ്റുവിൻ ദുർവിധികളെ
മാറ്റം വേണമീ മണ്ണിനു നല്ലൊരു നാളേക്കായി..
വോട്ട് നൽകി വിജയിപ്പിക്കാം നമ്മുടെ സാനുവിനെ..
വോട്ട് പാഴാക്കാതെ നൽകി വിജയിപ്പിക്കാം സാനുവിനെ..
മലപ്പുറത്തെ നാട്ടുകാരെ മറന്നിടല്ലെ വോട്ടർമാരെ..
പതിവുകൾ തകർത്തെറിഞ്ഞ് ജയിപ്പിച്ചിടാം സാനുവിനെ.
Related Posts with Thumbnails

On 2019, ഏപ്രിൽ 20, ശനിയാഴ്‌ച 0 comments
Bookmark and Shareപറവകളെപ്പോലെ പറക്കാനും
മീനുകളെപ്പോലെ നീന്താനും
പാമ്പുകളെപ്പോലെ ഇഴയാനും
കുരങ്ങിനെപ്പോലെ ചാടിക്കളിക്കാനും
ഓന്തിനെപ്പോലെ നിറം മാറാനും
നായ്ക്കളെപ്പോലെ കുരക്കാനും
കഴിയുന്നവരുണ്ട് ഇഷ്ടം പോലെ
മനുഷ്യരെപ്പോലെ നടക്കുന്നവരെ
കണ്ട് മുട്ടാനാണു കഷ്ടപ്പാട്..
Related Posts with Thumbnails

On 2019, ഏപ്രിൽ 15, തിങ്കളാഴ്‌ച 0 comments
Bookmark and Shareആയിരത്തിത്തൊള്ളായിരത്തി കൊറെ കൊല്ലം മുമ്പ്..   എന്ന്
വെച്ചാ..
വാട്ട്സാപ്പും ഫേസ്ബുക്കും പെറ്റ് വീഴണതിനും എത്രയോ മുമ്പ്...

അന്നും  ഉണ്ടായിരുന്നു പ്രേമവും മരം ചുറ്റിക്കളിയും ഒക്കെ...ഇപ്പഴത്തെപ്പോലെ അത്ര ലൈവല്ല എന്ന് മാത്രം..
ഒരു നോട്ടം...ഒരു കടാക്ഷം...ഏറിപ്പോയാ അങ്ങടും ഇങ്ങടും കത്ത് കൈമാറ്റം.....അത്ര മതി...അതായിരുന്നു......പ്രേമം..ദിവ്യമായ പ്രേമം....

അന്ന് പ്രേമം തലക്ക് പിടിച്ച  പല കാമുകന്മാരും "ബാലഭൂമിയും ബാലരമയും വായിക്കാൻ തരാം" "സ്പോർട്സ് മാസികേലെ നടുപ്പേജ് തരാം"  എന്നൊക്കെ പറഞ്ഞ്  ഈയുള്ളവനെക്കൊണ്ട് ലൗ ലെറ്റർ എഴുതിപ്പിച്ചിട്ടുണ്ട്.....ഒരിക്കൽ പ്രേമം തലക്ക് പിടിച്ച ഒരു കാമുകനു വെറൈറ്റി വേണം...ചുമ്മാ കത്തൊന്നും പോരാത്ത്രേ...പുല്ല്....ഞാനും കുത്തിയിരുന്നാലോചിച്ചു.....പിന്നെ ഒടുക്കം ഒരു അലക്ക് അലക്കി....ദാ കിടക്കണു ആ സാധനം.....

ഓർമ്മയുടെ അടിത്തട്ടിൽ നിന്നും പൊടിതട്ടിയെടുത്തത്...

സന്ധ്യതൻ ചാരത്ത് നീ വന്ന് നിന്ന്
ചന്ദ്രികയോട് പറഞ്ഞതെന്തേ
കളവാണിപ്പുഴയുടെ തീരത്ത് നിന്നു നീ
കളിയാക്കിക്കൊണ്ട് പറഞ്ഞതെന്തേ

നിൻ മിഴിക്കോണിൽ നിന്നൊരു മിന്നും കൊള്ളിയാൻ
എൻ നെഞ്ചിലൂടെ പാഞ്ഞ് പോയി
അകതാരിൽ നിറയുന്ന മോഹത്തിനലകൾ
ആർത്തലച്ചു തുളുമ്പിപ്പോയി

തുള്ളി തുള്ളി നീ നടക്കുന്ന ചേലു കണ്ട്
തന്നത്താൻ മറന്ന് ഞാൻ നിന്ന് പോയി
പൊട്ടിച്ചിതറി നീ ചിരിക്കുന്ന ചേലു കണ്ട്
എൻ നെഞ്ചിലൊരു പേമാരിയായി

പ്രാവുപോൽ കുറുകി  ഉരിയാടും വാക്കുകൾ
എൻ കർണ്ണപുടങ്ങളിൽ മധുമഴയായ്
കൊലുസിന്റെ താളവും കടാക്ഷത്തിൻ മധുരവും
എൻ മനമാകെ തരളിതമായി

സഖി നീ എന്നരികിൽ വന്നില്ല എന്നാൽ
മഴയില്ലാ മണ്ണായി മാറുമെൻ ജീവിതം
മുരടിച്ച് പോകും വിലപിച്ച് പോകും ഞാൻ
ജീവിതയാത്രയിൽ തളർന്ന് പോകും
കനിയേണം നിൻ മൊഴി കാതോർത്തിരിപ്പൂ ഞാൻ
അനുകൂലമായ് മൊഴി കാത്തു കാത്തിരിപ്പൂ ഞാൻ
Related Posts with Thumbnails

On 2019, ഏപ്രിൽ 13, ശനിയാഴ്‌ച 0 comments
Bookmark and Share
"ഉയരും കൈകളിൽ ഉയരെ ഉയരെ

ഉയർത്തിടാം ത്രിവർണ്ണപതാക

ഉയിർ വെടിയും കാലത്തോളം

ഉയർത്തിടാമാ ജനഗണ നാദം

ഉയർന്നിടട്ടെ ജനാധിപത്യം

ഉണർന്നിടട്ടെ ജനതതൻ ശബ്ദം

ഉണർന്നിരിക്കാം വോട്ടത് ചെയ്യാം

ഉയിർ കൊടുക്കാം ജനാധിപത്യം"

ഇന്ത്യൻ ജനാധിപത്യത്തിന്റെ ഉത്സവം ഇതാ വിളിപ്പാടകലെയെത്തിക്കഴിഞ്ഞു..

സമ്മതിദാനാവകാശം ഫലപ്രദമായി വിനിയോഗിക്കപ്പെടുക എന്നതാണു ജനാധിപത്യത്തിന്റെ ജീവൻ. നമുക്ക്‌ വോട്ട്‌ ചെയ്യാം... ചെയ്യുമെന്നു പ്രഖ്യാപിക്കുകയും ചെയ്യാം..ആഗതമാകുന്ന ലോകസഭാതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കരുത്തുറ്റജനാധിപത്യത്തിനു വിപുലമായ പങ്കാളിത്തം "എന്റെ വോട്ട് എന്റെ അഭിമാനം " എന്ന മുദ്രാവാക്യം ഉയത്തിപ്പിടിച്ച് കൊണ്ട്ജെ.സി.ഐ മലപ്പുറം, ട്രാക്ക് & ട്രയൽ മലപ്പുറം,അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാർട്ട്മെന്റ്, കേരളപോലീസ് എന്നിവരുടെ ആഭിമുഖ്യത്തിൽ മലപ്പുറത്തെ ജാതി-മത- കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒത്തൊരുമിച്ച് യുവജനങ്ങൾ അണിനിരക്കുന്നവോട്ടർ ബോധവത്കരണ സൈക്കിൾ റാലി..ഏപ്രിൽ 14 ( ഞായർ) രാവിലെ 7 മണിക്ക്

മലപ്പുറം കുന്നുമ്മൽ ടൗണിൽ ബഹുമാന്യനായ ജില്ലാ കലക്ടർ ശ്രീ: അമിത് മീണ ഫ്ലാഗ് ഓഫ് ചെയ്യുന്നു..

മലപ്പുറം പോലീസ് സൂപ്രണ്ട് ശ്രീ: പ്രതീഷ് കുമാർ ഐ.പി.എസ്, ഡപ്യൂട്ടി കളക്ടർ ,സാമുഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ, ക്ലബ്ബ് പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കുന്നു..
മുഴുവൻ ജനാധിപത്യവിശ്വാസികളുടെയും സാന്നിദ്ധ്യം സാദരം ക്ഷണിക്കുന്നു..സൈക്കിൾ റാലിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ പേരു രജിസ്റ്റർ ചെയ്യുക.. ഈ ചരിത്രസംഗമത്തിൽ പങ്കാളിയാവുക..

9746 722325, 9746 753955
Related Posts with Thumbnails

On 2019, ഏപ്രിൽ 10, ബുധനാഴ്‌ച 0 comments
Bookmark and Shareവിശ്വാസമാണു ജീവിതത്തിനു അർത്ഥം നൽകുന്നത്..
വിശ്വാസമാണു ജീവിതത്തിനു മാർഗ്ഗം കാണിക്കുന്നത്..
വിശ്വാസമാണു ജീവിതത്തിനു ലക്ഷ്യം നിർണ്ണയിക്കുന്നത്..
വിശ്വാസം ശരിയായാൽ എല്ലാം ശരിയായി..
വിശ്വാസം തെറ്റിയാൽ എല്ലാം തെറ്റി..
സത്യത്തിലുള്ള വിശ്വാസം സത്യവിശ്വാസം..
അബദ്ധത്തിലുള്ള വിശ്വാസം അന്ധവിശ്വാസം..
ശരിതെറ്റുകൾ വിലയിരുത്താതെ കണ്ണുമടച്ചങ്ങുള്ള വിശ്വാസം അന്ധമായ വിശ്വാസം‌.
അന്ധവിശ്വാസം അബദ്ധത്തിലേക്ക് നയിക്കും...അന്ധമായ വിശ്വാസം അപകടത്തിലേക്കുമാണു നയിക്കുക..
മാങ്ങയെക്കുറിച്ച് തേങ്ങയാണെന്ന് വിശ്വസിച്ചാൽ വലിയ അപകടമൊന്നും പിണയാൻ സാധ്യതയില്ല....രാഹുലിനെ വിശ്വാസത്തിലെടുക്കുകയാണെങ്കിൽ അങ്ങനെയാകും...
എന്നാൽ പെങ്ങളെ ഭാര്യയാണെന്ന് വിശ്വസിച്ചാലോ..അത് കുഴപ്പത്തിനിട വരുത്തും..മോഡിയെ ഇനിയും വിശ്വാസത്തിലെടുത്താൽ അത് പോലിരിക്കും...
ജാഗ്രതൈ...
Related Posts with Thumbnails

On 2019, ഏപ്രിൽ 9, ചൊവ്വാഴ്ച 0 comments
Bookmark and Shareഏറ്റവും കൂടുതൽ കാലം മന്ത്രിസ്ഥാനം..
ഏറ്റവും കൂടുതൽ കാലം എം.എൽ.എ
ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി
ഏറ്റവും കൂടുതൽ കാലം ധനവകുപ്പ് മന്ത്രി
ഏറ്റവും കൂടുതൽ കാലം നിയമവകുപ്പ് മന്ത്രി
ഏറ്റവും കൂടുതൽ കാലം ഒരേ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എം,എൽ.എ

"പാല" മണ്ഡലം രൂപീകരിക്കപ്പെട്ട അന്ന് മുതൽ ഇന്നേവരെ അവിടുത്തെ ജനങ്ങളുടെ പ്രിയപുത്രനായി നിയമസഭയിലേക്ക് കടന്ന് വന്ന മാണി സാർ..

ആരോപണങ്ങളുടെ സുനാമിത്തിരകളിൽ ആടിയുലഞ്ഞ കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാറിനെ താങ്ങിനിർത്തിയ ചാണക്യതന്ത്രജ്ഞൻ..

അരനൂറ്റാണ്ടിലേറെ കാലം കേരളരാഷ്ട്രീയത്തിൽ നിറഞ്ഞ് നിന്ന ആ മഹാനുഭാവൻ വിടപറഞ്ഞിരിക്കുന്നു.....

ആദരാഞ്ജലികൾ..
Related Posts with Thumbnails

On 0 comments
Bookmark and Share1965..

ഗുജറാത്തിലെ വടക്ക് പടിഞ്ഞാറൻ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന കച്ച് എന്ന പ്രദേശം...ഒരു വശത്ത് അറബിക്കടലും മറുവശത്ത് കച്ച് ഉൾക്കടലും സ്ഥിതിചെയ്യുന്ന  സസ്യജാലങ്ങൾ നന്നേകുറഞ്ഞ ചതുപ്പ് നിലങ്ങളും പാറക്കെട്ടുകളും നിറഞ്ഞ ജനവാസം നാമമാത്രമായ പ്രദേശം..
ഇന്ത്യാഗവണ്മെന്റിനെ അസ്ഥിരപ്പെടുത്തുകയും അത് വഴി കാശ്മീരിൽ പാക് അനുകൂലവിപ്ലവം സ്രുഷ്ടിക്കുകയും ചെയ്യാൻ കച്ച് പീഠഭൂമിയിൽ അവകാശവാദം ഉന്നയിച്ച് കൊണ്ട് പാകിസ്ഥാൻ സൈന്യവും ഭീകരവാദികളും അതിർത്തിയിലൂടെ നുഴഞ്ഞ് കയറ്റം തുടങ്ങി...കച്ച് പീഠഭൂമിയുടെ പകുതിയോളം വിട്ട് കിട്ടണമെന്നായിരുന്നു പ്രധാന ആവശ്യം...യഥാർത്ഥത്തിൽ കാശ്മീരായിരുന്നു അവരുടെ ലക്ഷ്യം..
ഇന്ത്യൻ സൈന്യം  നോക്കി നിൽക്കുകയില്ലല്ലോ.. ഇന്ത്യൻ സൈന്യവും സജ്ജമായി..യുദ്ധം പൊട്ടിപ്പുറപ്പെട്ടു...ഇരു സൈന്യവും സർവ്വ ആയുധങ്ങളും പുറത്തെടുത്ത് കട്ടക്ക് കട്ടക്ക് പൊരുതി...  ഇന്ത്യൻ സൈന്യം പ്രധാ‍നപ്പെട്ട സൈനിക പോസ്റ്റ് ആയ കശ്മീരിലെ ഹാജി പിർ പിടിച്ചെടുത്തു. അതുപോലെ പാകിസ്താനിലെ ഒരു പ്രധാന നഗരമായ ലാഹോർ ഇന്ത്യയുടെ നിരന്തരമായ റോക്കറ്റ്-പീരങ്കിആക്രമണത്തിന് ഇരയാവുകയും ചെയ്തു..അങ്ങനെ ഇന്ത്യൻ സൈന്യം യുദ്ധത്തിൽ ശക്തമായ മേൽക്കോയ്മ നേടി...
ഒരു പക്ഷേ ലാഹോര്‍ ഇന്ത്യ കൈവശപ്പെടുത്തുമെന്ന് വരെ തോന്നിച്ചു...അതിനിടയിലാണു ചൈന കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ വരുന്നത്....(ശ്രദ്ധിക്കുക..ചൈനക്ക് അന്നേ പാകിസ്ഥാനോട് മുഹബ്ബത്തുണ്ട്...അത് ഞമ്മൾ ഇപ്പഴും കാണുന്നുണ്ടല്ലോ..). തങ്ങളുടെ പ്രദേശത്ത്‌ ഇന്ത്യന്‍ സൈനികസന്നാഹങ്ങള്‍ നടക്കുന്നെന്നും അടിയന്തരമായി അവിടെ നിന്ന്‌ ഒഴിഞ്ഞു പോയില്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരുമെന്ന്‌ ചൈന ഇന്ത്യയെ വെല്ല് വിളിച്ചു..ചെകുത്താനും കടലിനും നടുവിൽ എന്ന് പറഞ്ഞത് പോലെയായി കാര്യങ്ങൾ...ഏതൊരു ഭരണാധികാരിയും പതറിപ്പോകുന്ന സമയം...പക്ഷേ..അസാമാന്യവും അമ്പരപ്പിക്കുന്നതുമായ ധീരതയോടെയാണ്‌ അന്നത്തെ  പ്രധാനമന്ത്രി ചൈനയോട് പറഞ്ഞു.

."പോയി പണി നോക്കടാ..പൈലുകളെ.....നിങ്ങളൊരു ചുക്കും ചെയ്യില്ലാ...ചെയ്താൽ നിങ്ങളു വെവരമറിയും...ന്ന്"
ആ മനക്കരുത്തിനു മുന്നിൽ ചൈന പതറി,പിന്നെ മെല്ലെ  പിൻ വാങ്ങി...ഐക്യരാഷ്ട്ര സഭ ഇടപെട്ട് ഇന്ത്യയോട് വെടിനിർത്താൻ അപേക്ഷിച്ചു...ഇന്ത്യ വിജയിച്ച് നിൽക്കുന്ന യുദ്ധമാണു..എന്നിട്ടും സമാധാന കാംക്ഷിയായ  മാന്യനായ ആ ഇന്ത്യൻ പ്രധാനമന്ത്രി ആ ആവശ്യവും  അംഗീകരിച്ചു...ആരായിരുന്നു ആ ധൈര്യശാലിയും തന്റേടവുമുള്ള പ്രധാനമന്ത്രിയെന്നല്ലേ..

സാക്ഷാൽ ലാൽ ബഹദൂർ ശാസ്ത്രി...
"ജയ് ജവാൻ ജയ് കിസാൻ.."

ഇതാരുടെ വാക്കുകളായിരുന്നെന്ന് ചോദിച്ചാൽ ഏത് കൊച്ച് കുട്ടിയും അനായാസേന മറുപടി പറയും..ലാൽ ബഹദൂർ ശാസ്ത്രി..
സ്വതന്ത്ര ഇന്ത്യയുടെ മൂന്നാമത്തെ പ്രാധാനമന്ത്രി..ലളിതജീവിതം , വിനയം, സഹനശക്തി, മനക്കരുത്ത് എന്നീ ഗുണഗണങ്ങൾ സമന്വയിച്ചിരുന്നു  ആ മഹനീയ വ്യക്തിയിൽ... 

മഹാത്മാഗാന്ധി പകര്‍ന്നുനല്‍കിയ രാഷ്ട്രീയ പാഠങ്ങള്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിയെ വളരെയധികം സ്വാധീനിച്ചു. ആ പാരമ്പര്യം പിന്‍തുടര്‍ന്നു ഭാരതീയ സംസ്‌കാരത്തിന്റെ മഹത്തായ മാതൃകയായിത്തീരുകയായിരുന്നു ലാൽ ബഹദൂര്‍ ശാസ്ത്രി...

പക്ഷേ ചരിത്രത്തിൽ വേറൊരു ട്വിസ്റ്റുണ്ട്..

ഇന്നും ഉത്തരം കിട്ടാത്ത ഒരു സമസ്യയായി അവശേഷിക്കുകയാണൂ ശാസ്ത്രിയുടെ മരണം..വെറും മരണമല്ല, ദുരൂഹമരണം...


 പാക്‌ പ്രസിഡന്റ്‌ ജനറല്‍ അയൂബ്‌ ഖാനുമായി ഉടമ്പടി ഒപ്പ്‌ വെയ്ക്കാന്‍  താഷ്ക്കെന്റിലേക്ക്‌ പോയ ശാസ്ത്രിക്ക് എന്ത് സംഭവിച്ചു...
ഇന്ന് ഉസ്ബെക്കിസ്ഥാന്റെ തലസ്ഥാനമായി അറിയപ്പെടുന്ന താഷ്കെന്റ് ..അന്ന് റഷ്യയിലായിരുന്നു...
1966ജനുവരിയിൽ ശാസ്ത്രി റഷ്യൻ പ്രധാനമന്ത്രി കോസിഗിൻ താഷ്കെന്റിൽ സംഘടിപ്പിച്ച ഉച്ചകോടിയിൽ  പാക്ക് രാഷ്ട്രപതി മുഹമ്മദ് അയ്യൂബ് ഖാനുമായി കൂടിക്കാഴ്ച്ച നടത്തി. .
അങ്ങനെ ഇന്ത്യ പാകിസ്താനുമായി ജനുവരി 10-ന് പ്രശസ്തമായ താഷ്കന്റ് കരാർ ഒപ്പുവെച്ചു...പക്ഷേ തൊട്ടടുത്ത ദിവസം.......

ഇന്ത്യക്കാരെയൊട്ടാകെയെന്നല്ല ലോകത്തെ തന്നെ ഞെട്ടിച്ച ഒരു സംഭവം അവിടെ അരങ്ങേറി...


ഒരു യാത്രയയപ്പ് ചടങ്ങിൽ സംബന്ധിച്ച ശേഷം രാത്രി പത്ത്‌ മണിയോടെ താമസ സ്ഥലത്ത്‌ മടങ്ങിയെത്തിയ ശാസ്ത്രി തന്റെ സേവകന്‍ രാംനാഥിനോട്‌ സ്ഥാനപതി ടി.എന്‍.കൗളിന്റെ വീട്ടില്‍ നിന്ന്‌, അദ്ദേഹത്തിന്റെ പാചകക്കാരന്‍ ജാന്‍ മുഹമ്മദ്‌ തയ്യാറാക്കി എത്തിച്ചിരുന്ന ഭക്ഷണം നല്‍കാന്‍ ആവശ്യപ്പെട്ടു. വളരെ കുറച്ച്‌ മാത്രമാണ്‌ ശാസ്ത്രി കഴിച്ചത്‌. 

 രാംനാഥ്‌ നല്‍കിയ പാല്‍ പതിവ്‌ പോലെ രാത്രി കിടക്കുന്നതിന്‌ മുമ്പ്‌ ശാസ്ത്രി വാങ്ങി കുടിച്ചു. പ്രധാനമന്ത്രി ഇടയ്ക്ക്‌ ഒരിക്കല്‍കൂടി എഴുന്നേല്‍ക്കുകയും വെള്ളം കുടിക്കുകയും  ഉണ്ടായി.

അര്‍ധരാത്രിക്ക്‌ അല്‍പ്പം മുമ്പാണ്‌. അടുത്തദിവസം അതിരാവിലെ കാബൂളിലേക്ക്‌ പോകാനായി നേരത്തെ എഴുന്നേല്‍ക്കേണ്ടതിനാല്‍ രാംനാഥിനോട്‌ അയാളുടെ മുറിയില്‍ പോയി കുറെ നേരം ഉറങ്ങിക്കൊള്ളാന്‍ ശാസ്ത്രി നിര്‍ദ്ദേശിച്ചു. .താഷ്കെന്റ്‌ സമയം രാത്രി 1.20 ന്‌ പരിചാരകര്‍ ലഗേജുകള്‍ പാക്ക്‌ ചെയ്തുകൊണ്ടിരിക്കേ ശാസ്ത്രി വാതില്‍ക്കല്‍ നില്‍ക്കുന്നത്‌ കണ്ടതായി പരിചാരകൻ ഓര്‍ക്കുന്നു അങ്ങേയറ്റത്തെ ആയാസത്തോടെ 'ഡോക്ടര്‍  എവിടെ' എന്ന്‌ അദ്ദേഹം ആരാഞ്ഞു. ചുമച്ചു തളര്‍ന്ന ശാസ്ത്രിയെ കിടക്കയില്‍ കിടക്കാന്‍ അവര്‍ സഹായിച്ചു. .പൊടുന്നനെ  നെഞ്ചില്‍  കൈയ്യമർത്തി ശാസ്ത്രി ബോധരഹിതനായി.

ഡോക്ടർമാർ ഓടിയെത്തി...വിവരമറിഞ്ഞ് റഷ്യൻ പ്രധാനമന്ത്രി , മറ്റ് ഉന്നത നേതാക്കൾ എല്ലാവരും അങ്ങോട്ടേക്കെത്തി..പക്ഷേ...
എല്ലാവരെയും കണ്ണീരിലാഴ്ത്തി ആ മാന്യദേഹം വിടപറഞ്ഞു...

ശാസ്ത്രിക്ക് എന്താണൂ സംഭവിച്ചത്...അത്..ഇന്നും ദുരൂഹമാണു..വിഷം കൊടുത്ത് കൊല്ലുകയായിരുന്നു എന്ന് പിൽക്കാലത്ത് ശാസ്ത്രിയുടെ ഭാര്യയും കുടുംബാംഗങ്ങളും ആരോപണം ഉന്നയിക്കുകയുണ്ടായി...പക്ഷേ ശരിയായ വിശദീകരണമോ അന്വേഷണമോ പിന്നീട് വന്ന ഗവണ്മെന്റുകളുടെ ഭാഗത്ത് നിന്നുണ്ടായില്ല...

മരണം നടന്ന സമയം ശാസ്ത്രിയുടെ ശരീരം നീലനിറത്തിൽ കാണപ്പെട്ടിരുന്നു വെന്നും.അത് മറക്കാനെന്ന വണ്ണം ശരീരമാസകലം ചന്ദനം പൂശിയിരുന്നുവെന്നും....താഷ്കെന്റിലോ ഇന്ത്യയിലോ വെച്ചൊന്നും പോസ്റ്റ്മോർട്ടം ചെയ്യപ്പെട്ടില്ല  എന്നും...അദ്ധേഹത്തിന്റെ ശരീരത്തിൽ മുറിവുകൾ കാണപ്പെട്ടിരുന്നുവെന്നും...
ശാസ്ത്രിയുടെ മരണത്തെത്തുടര്‍ന്ന്‌ റഷ്യാക്കാരനായ ഒരു പാചകക്കാരനെ ഉടനടി അറസ്റ്റ്‌ ചെയ്തതും മണിക്കൂറുകൾക്ക് ശേഷം  റഷ്യന്‍ പോലീസ്‌ അയാളെ വിട്ടയച്ചതും..

 പ്രധാനമന്ത്രിയുടെ സ്വന്തം പാചകക്കാരന്‍ കൂടെയുള്ളപ്പോൾ തന്നെ  ഇന്ത്യൻ സ്ഥാനപതി കൗളിന്റെ പാചകക്കാരനെക്കൊണ്ട്‌ പാചകം ചെയ്യിച്ചതും... 

 ശാസ്ത്രിയുടെ മരണത്തെപ്പറ്റി അന്വേഷണം വേണമെന്ന അദ്ദേഹത്തിന്റെ പത്നിയുടേയും കുടുംബാംഗങ്ങളുടേയും തുടരെയുള്ള അഭ്യര്‍ത്ഥനകള്‍ ചെവികൊള്ളാതിരുന്നതും...   

അടിയന്തരാവസ്ഥക്ക് ശേഷം വന്ന കോൺഗ്രസ്സേതര സർക്കാർ ശാസ്ത്രിയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചു... അന്വേഷണ റിപ്പോര്‍ട്ടില്ലാതെ അതവസാനിപ്പിക്കുകയും ചെയ്തു. എന്നുമാത്രമല്ല, ശാസ്ത്രിയുടെ മരണം പരാമര്‍ശിക്കുന്ന എല്ലാ രേഖകളും പാര്‍ലമെന്റിന്റെ ലൈബ്രറിയില്‍നിന്ന്‌ അപ്രത്യക്ഷമായതും..

മരണം സംഭവിച്ചപ്പോൾ  വിദേശമന്ത്രാലയവും മോസ്കോയിലെ ഇന്ത്യന്‍ സ്ഥാനപതികാര്യാലയവുമായി നടന്നിട്ടുണ്ടാകാവുന്ന കത്തിടപാടുകൾ, ആശയവിനിമയങ്ങൾ പുറത്തുവിടാന്‍ വിസമ്മതിക്കുന്നതും...


അന്വേഷണ സമിതിക്ക് മുമ്പാകെ ഹാജരാകാൻ പോകുകയായിരുന്ന ശാസ്ത്രിയോടൊപ്പം ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ഡോക്ടര്‍ ആര്‍.എന്‍.ചുഗ്‌.  ഒരു ട്രക്കിടിച്ച്‌ തല്‍ക്ഷണം മരിച്ചതും.. 

ശാസ്ത്രിയുടെ വേലക്കാരൻ രാംനാഥിനു രണ്ട് കാലുകളും ഓർമ്മശക്തി തന്നെയും നഷ്ടമാകുന്ന രീതിയിൽ  സംഭവിച്ച അപകടവും  ...

അങ്ങനെ അങ്ങനെ ഒത്തിരി സംശയങ്ങൾ, ദുരൂഹതകൾ ബാക്കിവെച്ച് കൊണ്ട് ശാസ്ത്രി എന്ന ഇന്ത്യയിലെ പട്ടിണിപാവങ്ങളുടെ പ്രതിനിധി മണ്മറഞ്ഞ് പോയി...
നെഹ്‌റുമന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രി ആയിരിക്കെ 'ദ ഹോംലെസ്‌ ഹോം മിനിസ്റ്റര്‍' എന്നായിരുന്നു ശാസ്ത്രിയെ വിശേഷിപ്പിച്ചിരുന്നത്‌. അതായത് സ്വന്തമായിട്ട് ഒരു വീട് പോലും അദ്ധേഹത്ത്നില്ലായിരുന്നു...


വാടകവീട്ടിലാണ്‌ ശാസ്ത്രിയും കുടുംബവും എന്നും താമസിച്ചിരുന്നത്‌. മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സ്വന്തമായി അവശേഷിച്ചത്‌ ലോണെടുത്ത് വാങ്ങിയ ഒരു പഴയ കാര്‍ മാത്രമായിരുന്നു. ...

അധികാരക്കസേരകൾക്ക് വേണ്ടിയുള്ള പിന്നാമ്പുറക്കളികളിൽ ശാസ്ത്രി എന്ന തടസ്സത്തെ ശത്രുക്കൾ ഇല്ലാതാക്കിയതാകാം....

അതൊക്കെ അവിടെ ഇരിക്കട്ടെ...

ഇന്നിപ്പോൾ ഇന്ത്യാമഹാരാജ്യത്തിന്റെ ഭാവിഭാഗധേയം നിർണ്ണയിക്കാൻ ആരു അധികാരക്കസേരയിലേക്കെത്തണം എന്ന് തീരുമാനിക്കുന്നതിനുള്ള ബഹുജനങ്ങളുടെ ഭാഗധേയം നിർണ്ണയിക്കുന്ന പൊതു തിരഞ്ഞെടുപ്പിലേക്ക് രാജ്യം അടുത്ത് കൊണ്ടിരിക്കുകയാണു....നമുക്കൊരിക്കലും ശാസ്ത്രിയെ ഇനി ലഭിക്കില്ലെന്നുറപ്പാണു..എങ്കിലും ശാസ്ത്രിയെപ്പോലെ അല്ലെങ്കിൽ ശാസ്ത്രിയുടെ വ്യക്തിപ്രഭാവത്തിന്റെ- സ്വഭാവ വൈശിഷ്ഠ്യത്തിന്റെ പത്തിലൊരംശമെങ്കിലും ഉള്ള ഒരാളെയെങ്കിലും നമുക്ക് തിരഞ്ഞെടുക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ആശിച്ച് പോകുകയാണൂ...

ചിന്തിക്കുക,

രാജ്യത്തെ അപകടത്തിന്റെ പട് കുഴിയിലേക്ക് നയിക്കുന്ന വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്ക് ഈ മണ്ണിൽ ഇടം കൊടുക്കാതിരിക്കുക..

രാജ്യത്തെ മലീമസമാക്കിക്കൊണ്ടിരിക്കുന്ന വെറും അധികാരമോഹികൾ മാത്രമായ അഭിനവ രാഷ്ടീയ ഭിക്ഷാം ദേഹികളെ പടിക്ക് പുറത്ത് നിർത്തുക...

രാജ്യത്തെ ജനങ്ങളെ വിഡ്ഡികളാക്കുന്ന പൊള്ളയായ വാഗ്ദാനങ്ങൾ നൽകി വോട്ട് തെണ്ടുന്ന കപടന്മാരുടെ അവസരവാദരാഷ്ടീയത്തെ ചവറ്റ് കുട്ടയിലെറിയുക...

രാജ്യത്തിന്റെ കെട്ടുറപ്പിനും അഖണ്ഡതക്കും പ്രാധാന്യം നൽകി രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും പ്രാമുഖ്യം നൽകുന്നവരെ നമുക്ക് വിജയിപ്പിക്കാം...

അവരെ നമുക്ക് രാജ്യത്തിന്റെ ഭരണചെങ്കോൽ ഏല്പിക്കാം...

ജയ് ഹിന്ദ്..Related Posts with Thumbnails

On 2019, ഏപ്രിൽ 8, തിങ്കളാഴ്‌ച 0 comments
Bookmark and Share


രാഹുൽ ഗാന്ധിയുടെ മണ്ഡലം...
നാടൊട്ടുക്ക് കുടിവെള്ളക്ഷാമം മൂലം പൊറുതിമുട്ടുമ്പോൾ ഇതാ വാട്ടർ അതോറിറ്റി വക " ജലധാര" അതും തികച്ചും സൗജന്യമായി..
പരിസരത്ത് ഒരാളോട് ചോദിച്ചപ്പോ പറയാ...മോന്യേ ഇത് കൊറെ നേരമായി തൊടങ്ങീട്ടെന്ന്....
"എത്ര നേരമായി കാക്കാ..?
"ഒരൊന്നര മണിക്കൂറായിക്കാണും.." ന്ന്...
കൊണ്ടോട്ടി - അരീക്കോട് റൂട്ടിൽ എക്കാപറമ്പ് ടൗൺ കഴിഞ്ഞ് കഷ്ടി ഒരുകിലോമീറ്റർ കഴിഞ്ഞാൽ ഈ ജലധാര കണ്ടും കൊണ്ടും ആസ്വദിക്കാം...
ഫോട്ടോ ദാ ഇപ്പോ സമയം 12:40 നും പകർത്തിയത്...
അപ്പോ എല്ലാവരോടുമായി..." ജലം അമൂല്യ യാണു..ആരും പ്യാഴാക്കരുത്..."


Related Posts with Thumbnails

On 2019, ഏപ്രിൽ 7, ഞായറാഴ്‌ച 0 comments
Bookmark and Share


"മൈക്കിനെ അറിയാമോ..?

മൈക്ക് ടൈസൺ..?

"നോ..നൊ..നൊ"

മൈക്ക് പെൻസ്..?

"നോ....നോ..നൊ"

പിന്നെ എന്ത് പുണ്ണാക്കാ...?

"ശബ്ദതരംഗങ്ങളെ വൈദ്യൂത കാന്തിക തരംഗങ്ങളാക്കുന്ന ആ സാധനം...അതാ ചോദിച്ചേ..?

"ഓ....അത്...അതിപ്പോ ആർക്കാ അറിയാത്തത്..."

"അതന്നെ...ഇനി ഏതാണ്ട് ഒരൊന്നര മാസത്തോളം ഒരു റെസ്റ്റുമില്ലാത്ത പണിയായിരിക്കും മൂപ്പർക്ക്...ഇതിയാൻ കേട്ടത്ര നുണകൾ, വാഗ്ദാനങ്ങൾ, പുകഴ്ത്തലുകൾ, ചീത്തവിളികൾ,വിമർശനങ്ങൾ.........ലോകത്ത് മറ്റൊരാളും ഇത് വരെ കേട്ടിട്ടുണ്ടാവില്ല.., കട്ടായം"

"എത്രയത്ര കൈകളിൽ കിടന്ന് ഞെരിഞ്ഞ് എത്രയെത്ര തുപ്പൽ നീരു പതിഞ്ഞ് എത്രെയെത്ര വായ്‌നാറ്റം സഹിച്ച് ......ഹൊ...വല്ലാത്തൊരു ജന്മമായിപ്പോയി..പാവം..."

"ചിലർക്കതിനോട് വല്ല്യ മുഹബ്ബത്താ..കയ്യിൽ കിട്ടിയാ പിന്നെ താഴെ വെക്കൂല..നേരെ മറിച്ച് ചിലർക്കത് കാണുമ്പോഴെ തലകറങ്ങും, തൊണ്ടവരളും, പിന്നെ..ബ.ബ.ബ്ബ.."

 "ഈ സാധനം പ്രയോഗിക്കാനുള്ള കഴിവ് കൊണ്ട് മാത്രം നേതാവായവരുണ്ട്.., മറ്റ് പലതുമുണ്ടായിട്ടും ഇത് വേണ്ട വിധം ഉപയോഗിക്കാനറിയാത്തതിനാൽ പിന്തള്ളപ്പെട്ട് പോയവരുമുണ്ട്..."

"ഇത് കൊണ്ട് ഇന്ദ്രജാലം തീർത്തവർ, ഇത് കൊണ്ട്  ജനതയെ നയിച്ചവർ, ഇത് കൊണ്ട് ചരിത്രം രചിച്ചവർ,ഇത് കൊണ്ട് വിപ്ലവം സൃഷ്ടിച്ചവർ...കലാപങ്ങൾ സൃഷ്ടിച്ചവർ,തമ്മിൽ തല്ലിച്ചവർ, നാട് കുട്ടിച്ചോറാക്കിയവർ, പണം വാരിക്കൂട്ടിയവർ,മതപ്രബോധനം നടത്തിയവർ, സംഘടന വളർത്തിയവർ, ..പറയുവാനാണെങ്കിൽ ഒരു പാടുണ്ട്..."

"എന്നിട്ടും അതിന്റെയൊന്നും അഹങ്കാരം ലവലേശം പോലുമില്ലാതെ ആ പാവം നമ്മുടെ ഇടയിൽ ജീവിച്ച് പോവുന്നു...നമോവാകം.."

"ഇന്നലെ കുറച്ച് നേരം ഈയുള്ളവന്റെ കത്തി കേൾക്കാനും ആ പാവത്തിനു ദുർഗതിയുണ്ടായി....."

ഈശ്വരോ രക്ഷതു..


Related Posts with Thumbnails

On 2019, ഏപ്രിൽ 2, ചൊവ്വാഴ്ച 0 comments
Bookmark and Share

മഞ്ജുളമായൊരു ചിത്രം കൺകുളിർക്കെ കാണവേ
ചിത്രകാരന്റെ ബ്രഷ് വഴുതിവീണു പോയ്..

മനോഗതം പോൽ കുതിച്ചൊഴുകാൻ നിനക്കവേ
ചന്തമാകെ ചന്നം പിന്നം മുറിഞ്ഞ് പോയ്..

മണ്ണിനും മനുജനും കുളിരേകിയൊഴുകി പോകവേ
ചിന്ത്യമല്ലാത്തൊരു ഗതിയിൽ പെട്ട് പോയ്...

മരുഭൂമിയോ അതോ  നിളയോ ശങ്കയോടെ നോക്കവേ
ചിന്തകളുരുണ്ട് മറിഞ്ഞ് ഉള്ളം മുറിഞ്ഞ് പോയ്..

മണ്ടയിലവിടവിടായ് നരവീണു അടർന്ന് പോകവേ
ചിന്തയില്ല ആയുസ്സിൻ നീളം ചുരുങ്ങിപോയ്..

മഞ്ഞച്ചിരി തൂക്കിയിട്ട മുഖചിത്രത്തിൽ നോക്കവേ
ചിന്തനം കാലം കോറിവരയിട്ട് കടന്ന് പോയ്

മനോരഥം ഉരുണ്ട് പോയ വഴികൾ മുറിഞ്ഞ് പോകവേ
ചിന്തകളെറിഞ്ഞ് തിരിഞ്ഞ്  നോക്കാതെ നടന്ന് പോയ്

മ്ലാനമായ മനസ്സിൽ നിളതൻ ക്രൂശിതരൂപം നിറയവേ
ചലിക്കും കാലുകൾ ആവേഗം അടങ്ങിപ്പോയ്..


Related Posts with Thumbnails

On 2019, ഏപ്രിൽ 1, തിങ്കളാഴ്‌ച 0 comments
Bookmark and Share


ഏകദേശം 96-97 വർഷത്തിലായിരിക്കണം...രാവിലെതന്നെ കുളിച്ചൊരുങ്ങി പോകണ പോക്കാണു...വഴിയിലൊരിടത്തൊരു വീടിനു മുമ്പിൽ മുറ്റമടിച്ചോണ്ട് നിൽക്കുന്ന ക്ലാസ്മേറ്റ് കൂടിയായ പെൺകൊടിയാണു ആ ഞെട്ടിക്കുന്ന വാർത്ത പറഞ്ഞത്...
" ഹാജിയാർപള്ളിയിൽ ബസ്സ് മറിഞ്ഞു..കുറെ ആളുകൾക്ക് പരിക്കുണ്ട്...."
ഹെന്റമ്മോ..
കേട്ടപാതി കേൾക്കാത്ത പാതി ഞാൻ ഹാജിയാർപള്ളിയിലേക്കോടി...
" എബടക്കാ കുട്ട്യേ ഇജ്ജ് പിരാന്ത് പുടിച്ചത് പോലെ പായണെ..."
ഓട്ടത്തിനിടയിൽ കേട്ട അശരീരി എന്റെ കാലുകൾക്ക് ബ്രേക്കിട്ടു..
ഞമ്മടെ നാട്ടുകാരൻ .........കാക്ക..( പേരു തത്കാലം പറയണില്ല്യ)
കേട്ടതത്രയും ഒറ്റശ്വാസത്തിൽ അയാൾക്ക് ഓതിക്കൊടുത്തു..
"എന്റെ റബ്ബേ.." ന്നും പറഞ്ഞ് അയാൾ തലയിൽ കൈവെച്ചിരുന്നത് കണ്ടു..
ഞാൻ ഓട്ടം തുടർന്നു..
വേറെയും ഒന്ന് രണ്ട് പേരോട് കൂടി പറഞ്ഞതായോർക്കുന്നു...
ഓടിയോടി ഹാജിയാർപള്ളിയിലെത്തിയപ്പോഴല്ലേ ട്വിസ്റ്റ്...അവിടെ ബസ്സു പോയിട്ട് ഒരു സൈക്കിൾ പോലും മറിഞ്ഞ് കിടക്കണത് കാണാനില്ല...
എന്നാലും ബസ്സ് എവിടെപ്പോയി..
ഞാൻ ചുറ്റും നോക്കി..
നോക്കി മടുത്ത ഞാൻ അവിടെ ചായപ്പീടികയുടെ വരാന്തയിലിരുന്ന് മാധ്യമം അരിച്ച് പെറുക്കുന്ന ഒരു കാരണവരോട് കാര്യം തിരക്കി...
ഹ...ഹ...ഹ..ഹ
അണപ്പല്ല് വരെ പുറത്ത് കാണുന്ന തരത്തിൽ ഒരു ചിരിയായിരുന്നു പിന്നെ..
" ഹട മോന്യേ...അന്നെ ആ പെണ്ണ് ശരിക്കും പറ്റിച്ചൂട്ടോ...ഇന്ന് ഏപ്രിൽ ഫൂളല്ലേ...ഇജ്ജത് ആലോയ്ച്ചിലേ...ഹ..ഹ...ഹ..."
അപ്പോഴാണു ലൈറ്റ് കത്തിയത്...ഭൂലോക ചമ്മൽ...പെട്ടൂന്ന് പറഞ്ഞാ മതീല്ലോ....പിന്നെ കുറെ നാളത്തേക്ക് ആ പെണ്ണിന്റെ കണ്ണിൽ പെടാതെ നടക്കാൻ ഞാ‌ൻ പെട്ട പാട് എനിക്കേ അറിയൂ...ഇതിനിടയിൽ മേല്പറഞ്ഞ...............കാക്ക എന്നെ തിരഞ്ഞ് നടക്കുന്നുണ്ട് എന്ന് ആരൊക്കെയോ പറഞ്ഞ് കേട്ടിരുന്നു...ഞമ്മളുണ്ടോ പിടി കൊടുക്കുന്നു...
ബൈ ദ ബൈ...
ഇന്നും ഒരുത്തൻ ഫൂളാക്കാൻ വന്നേക്കുന്നു...
പോ..അവ്ടുന്ന്...
ഈ ഏപ്രിൽ ഫൂൾ കണ്ട് പിടിച്ചവനെയൊക്കെ നടുമുള്ള് മുറിച്ചിടണം...
Related Posts with Thumbnails

Related Posts with Thumbnails