ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2019, ജൂൺ 15, ശനിയാഴ്‌ച 0 comments
Bookmark and Share


പറയരുതേ..
വിശക്കുന്ന ഹൃത്തിനോട്  നിൻ
തത്വശാസ്ത്രത്തിന്റെ പൊരുൾവഴികൾ..

പറയരുതേ
ചിറകറ്റ കിളികളോട്  നീ
നീലവിഹായസ്സിൻ സാധ്യതകൾ..

പറയരുതേ...
ഇരുട്ടിന്റെ കയങ്ങളിൽ മേയും
ഉള്ളമോട്  വസന്തത്തിൻ ചാരുതകൾ

പറയരുതേ..
കുപ്പക്കുഴിയിലമർന്ന ആറിനോട്
കുതിച്ചൊഴുകുന്നതിന്റെ വീരസ്യങ്ങൾ

പറയരുതേ..
ഞെട്ടറ്റുവീണ പഴത്തിനോട്
ഇളം കാറ്റിന്റെ തലോടലിൻ ആമോദങ്ങൾ


Related Posts with Thumbnails

On 2019, ജൂൺ 12, ബുധനാഴ്‌ച 0 comments
Bookmark and Share
ഇജ്ജ് ജിന്നിനെ കണ്ടിട്ട്ണ്ടോ..?

നിലാവെളിച്ചത്തിൽ തപ്പിത്തടഞ്ഞ് നടക്കുന്നതിനിടയിൽ ആ ചോദ്യം യാസിറിന്റെ കാലുകളിൽ ഒരു തണുത്ത വിറ പടർത്തി..അവൻ ഹാരിസിന്റെ മുഖത്തേക്ക് നോക്കി... 

"ഇമ്മാതിരി നേരത്താ അന്റെ ഒലക്കമ്മലെ ചോദ്യം..ഇജ്ജ് ബേം നടക്കാൻ നോക്ക്.. "

കറുപ്പും അരണ്ട വെളിച്ചവും സമാസമം  ചേർത്ത് വരച്ച് വെച്ച ചിത്രം കണക്കെ പരന്നൊഴുകി  കിടക്കുന്ന അന്തരീക്ഷത്തിൽ ചലിക്കുന്ന രണ്ട് രൂപങ്ങൾ...അവർ ധ്രുതിയിൽ നടക്കുകയാണു..എവിടെയോ  ഒരു കഥാപ്രസംഗം കേട്ടുള്ള വരവാണു...പാതിരാവോളം നീളുന്ന വയളുകളും കഥാപ്രസംഗങ്ങളും അത് കേൾക്കാനും ആസ്വദിക്കാനുമായി ദൂരങ്ങൾ താണ്ടുന്ന ആസ്വാദകരും...ഇതൊക്കെ ഒരുകാലത്ത് നാട്ടിൽ സുലഭമായിരുന്നല്ലോ..ഫേസ് ബുക്കും വാട്ട്സാപ്പും യു ട്യൂബുമൊക്കെ മനസ്സുകളിൽ കയ്യേറ്റം നടത്തുന്നതിനു മുമ്പത്തെ കഥയാണു..

വീട്ടിൽ നിന്ന് ഇത്തിരി ദൂരെയാണെങ്കിലും കഥാപ്രസംഗം എന്ന് കേട്ടാൽ വീട്ടിൽ അടങ്ങിയിരിക്കാൻ യാസിറിനാവുമായിരുന്നില്ല....അതും കഥാപ്രസംഗ കലയിലെ രോമാഞ്ചം സാക്ഷാൽ കെ.സി.എ കുട്ടി കൊടുവള്ളിയുടെ കഥാപ്രസംഗം...അങ്ങനെയാണു ഉറ്റചങ്ങാതിമാരായ യാസറും ഹാരിസും കൂടി ആ പരിപാടിക്ക് വെച്ച് പിടിച്ചത്..സുലൈമാൻ നബിയുടെയും ബൽക്കീസ് രാജ്ഞിയുടെയും കഥകൾ കേട്ട് ആ മായികലോകത്തിൽ ഭ്രമിച്ചിരുന്ന് പരിപാടി കഴിഞ്ഞപ്പോഴേക്ക്  നേരം പാതിരയായി..തിരിച്ച് വീട് പിടിക്കാനുള്ള പോക്കാണു..

"സുലൈമാൻ നബിക്ക് ആയിരക്കണക്കിനു ജിന്നുകളായ പണിക്കാർ ഉണ്ടായിരുന്നത്രേ.."

നടത്തത്തിനിടയിൽ  ഹാരിസ് കാഥികൻ പറഞ്ഞത് ഓർത്തെടുത്തു..

"പുന്നാര ഹാരിസെ ..അയിനു അനക്കെന്താ...പ്രവാചകന്മാർക്ക് അങ്ങനെയൊക്കെ പറ്റും.."

"ഈ ജിന്നുകളൊക്കെ എങ്ങനെയായിരിക്കും ....ഞമ്മളെ മാതിരി തന്നെയായിരിക്ക്വോ.."

ഹാരിസ് വിടാനുള്ള മട്ടില്ല...

"ആ..ഞമ്മളെ മാതിരി തന്നെ ഉണ്ടാവും. ഞമ്മളെ പോലെ കണ്ണും മൂക്കും തൊള്ളേം..പോരാത്തതിനു..ജീൻസ് പാന്റും ടീഷർട്ടും ഒക്കെ ഇട്ടാ നടക്കലു...എന്തേ...അനക്ക് പറ്റൂലേ.."

യാസിറിനു ദേഷ്യം കയറിത്തുടങ്ങി..

"ഇജ്ജ് ബേം... ബാ...ജിന്നിന്റെ കഥയൊക്കെ ഞമ്മക്ക് പിന്നെ പറയാ....നേരം കൊറെ ആയി...നേരം വൈകിയതിനു ഇന്ന് ചീത്ത ഒറപ്പാ..."

യാസിർ നടത്തത്തിനു വേഗത കൂട്ടി..

ഉരുളൻ കല്ലുകൾ അവിടവിടായി കിടക്കുന്ന ആ വഴിയിലൂടെ അതിത്തിരി സാഹസം തന്നെയായിരുന്നു..

പിറകെ എന്തൊക്കെയോ ആലോചിച്ച് ഹാരിസും...

" അല്ല ..അനക്കിപ്പോ  ജിന്നിനെ കണ്ടിട്ട് എന്താ കാര്യം.."

യാസിറിന്റെ ചോദ്യം ഹാരിസിനെ ഉഷാറാക്കി...

" അത്...അത്..പിന്നെ..ഒരു ജിന്നിനെ കിട്ടിയാ പിന്നെ ഞമ്മടെ ഹോം വർക്കൊക്കെ മൂപ്പരെക്കൊണ്ട് ചെയ്യിക്കാലോ...പിന്നെ സ്കൂളിലെ കച്ചറ പിള്ളാരെ പേടിപ്പിക്കാലോ...പിന്നെ ഞമ്മളോട് മുട്ടാൻ പിന്നെ ആരും വരൂല..ഹായ്..എന്ത് രസ്സായിരിക്കും....."

"അയ്യട....അമന്റെയൊരു പൂതി.....നടന്നത് തന്നെ.,.."

യാസിറിന്റെ കളിയാക്കൽ കേൾക്കാത്ത മട്ടിൽ ഹാരിസ് വേറെയേതോ ലോകത്തായിരുന്നു.....

"അതവിടെ നിക്കട്ടെ..അനക്കെന്താ ഹോം വർക്ക് ചെയ്ത് വന്നൂടെ..എന്നും.....ങ്ങനെ ടീച്ചർമാരെ അടുത്ത്ന്ന് തല്ല് വാങ്ങണോ.."

എന്നും പറയുന്നത് തന്നെയാണെങ്കിലും യാസിർ ഒരിക്കൽ കൂടി അതാവർത്തിച്ചു..


"ഹും...ഒക്കെത്തിനേം കാണിച്ച് തരാ...ഇന്നല്ലെങ്കി നാളെ എനിക്കൊരു ജിന്നിനെ കിട്ടും...അപ്പോ ഞാൻ ശരിയാക്കിത്തരാ..."

ഹാരിസിനു വാശിയായി..

"എന്ത്....എന്ത് ശരിയാക്കിത്തരാ....ഹ..ഹ...ഹ..ഇവനു വട്ടായോ..അന്റെയൊരു ജിന്ന്..." ഞാൻ പൂവാ...ഇജ്ജ് ബേം വന്നേ.."

നടന്ന് നടന്ന് അവർ ഏകദേശം ഖബർസ്ഥാനു  സമീപത്തുള്ള തെങ്ങിൻ തോപ്പിലെത്താറായി.....ഇരുട്ടിൽ തലയുയർത്തി നിൽക്കുന്ന തെങ്ങിൻ തലപ്പുകൾ കാറ്റത്ത് മാടി വിളിക്കുന്ന ഭീകരരൂപികളെപ്പോലെ തോന്നിച്ചു...യാസിറിനു ഉള്ളിൽ ആന്തൽ ...അത് പിന്നെ ഭയമായി മാറാൻ അധിക താമസമൊന്നും വേണ്ടി വന്നില്ല...അകലെവിടെയോ ഒരു പറ്റം കുറുക്കന്മാർ ഓരിയിടുന്ന ശബ്ദം അന്തരീക്ഷത്തിൽ അലയടിച്ചു..ഠപ്പ്..ഠപ്പ്....വീശിയടിക്കുന്ന തണുത്തകാറ്റിനൊപ്പം ഒന്നു രണ്ട് വവ്വാലുകൾ ചിറകടിച്ച് പറന്ന് പോയി...

"എടാ......".....വിറയാർന്ന സ്വരത്തിൽ യാസിർ ഹാരിസിനെ വിളിച്ചു....ഒന്ന് രണ്ട് നിമിഷം...മറുപടിയൊന്നും കേൾക്കാതിരുന്നപ്പോൾ യാസിർ തിരിഞ്ഞ് നോക്കി...ഒന്നേ നോക്കിയുള്ളൂ...തൊട്ട് പിറകെ വെളൂത്ത് നീണ്ട ദംഷ്ടകളും ചുവന്ന ചോര ചാലിട്ടൊഴുകുന്ന മുഖവുമായി ഒരു രൂപം പമ്മി പമ്മി വരുന്നു...

"അള്ളോ...ജിന്ന്..".ഒരലർച്ച യാസിറിന്റെ തൊണ്ടയിൽ നിന്ന് വന്നു..അവൻ കല്ലിൽ  തട്ടി മറിഞ്ഞ് വീണൂ..

പിറകെ വന്ന രൂപം അവന്റെ മേലെ വീണൂ..

"ടാ...യാസിറെ..ഇത് ഞാനാടാ...ഹാരിസ്...ജിന്നല്ലടാ..ഇത് ഞാനല്ലേ.."

അല്പനിമിഷത്തിനു ശേഷമേ യാസിറിനു സ്ഥലകാല ബോധം വന്നുള്ളൂ..ഇപ്പോ കേട്ടത് ഹാരിസിന്റെ ഒച്ചയല്ലേ...അപ്പോ...ജിന്നല്ലേ...അവൻ കണ്ണ് മിഴിച്ച് ഹാരിസിനെ നോക്കി...അരണ്ട വെളിച്ചത്തിൽ അവൻ ശരിക്ക് കണ്ടു...ഹാരിസ് തന്നെ...സൂക്ഷിച്ച് നോക്കിയപ്പോഴാണു അത് കണ്ടത്..അവറ്റെ തലയിലൊരു കെട്ട്...അതിൽ വെളുപ്പും ചുവപ്പും നിറത്തിൽ നീണ്ട വരകൾ....

"എന്താടാ..അന്റെ തലയിൽ.."  യാസിർ ചാറ്റിയെഴുന്നേറ്റു..

" അത്..ഞമ്മളു പണ്ട് വീഗാലാന്റിൽ പോയപ്പോ വാങ്ങിയ ടൗവ്വലല്ലെ...ഇംഗ്ലണ്ടിന്റെ പതാക പോലുള്ള ടൗവ്വൽ...അത് ഞാൻ മഞ്ഞ് കൊള്ളണ്ടാന്ന് കരുതി കെട്ടീതല്ലേ...ഇജ്ജ് പേടിച്ചോ.."

" പോടാ അവ്ടുന്ന്...അന്റൊരു ടൗവ്വലും കുണ്ടാമണ്ടീം..ഇജ്ജ് കയിച്ച് ബലിച്ചേറീണ്ടോ അത്....മേത്താകെ മണ്ണായി..ഇജ്ജ് ബാ...വേഗം പോകാം.."

യാസിർ ചാടിയെണീറ്റ്  നടക്കാൻ തുടങ്ങിയതും...

പെട്ടെന്ന് അവന്റെ കാലുകൾ സഡൻ ബ്രേക്കിട്ടു..
പിറകെ വന്ന ഹാരിസും... ആ കാഴ്ച കണ്ട് അവർ അമ്പരന്നു..
കുറച്ചകലെ...കൃത്യമായി പറഞ്ഞാ ഒരു പത്തിരുപത് മീറ്റർ അകലെ...ഇരുട്ടിൽ ഉയർന്ന് നിൽക്കുന്ന കലുങ്കിനു മുകളിൽ.....തൂവെള്ള നിറത്തിൽ ഉടയാടകൾ ചുറ്റി രണ്ട് പേർ...ഇളം കാറ്റിൽ അവരുടെ ഉടയാടകൾ പാറിപ്പറക്കുന്നു...അതോ...രണ്ട് കയ്യും നീട്ടി മാടി വിളിക്കുകയാണോ..

ചുറ്റും നിശബ്ദത...
യാസിറിന്റെ തൊണ്ടവരളാൻ തുടങ്ങി...അവൻ ഹാരിസിനെ വിളിക്കാൻ ശ്രമിച്ചു...ഇല്ല...വാക്കുകൾ പുറത്തേക്ക് വരുന്നില്ല..അവൻ മെല്ലെ തിരിഞ്ഞ് നോക്കി...ഹാരിസ് കണ്ണൂം തള്ളീ ആലില പോലെ വിറക്കുകയാണു...വീണ്ടും അകലെവിടെയോ കുറുക്കൻ കൂട്ടം ഓരിയിട്ടു......ആരെക്കെയോ പൊട്ടിച്ചിരിക്കുന്ന പോലെ...അല്ല.....ആർത്തട്ടഹസിക്കുന്നത് പോലെ....തന്നെ...ഇതത്..തന്നെ....ജിന്ന്....ഒന്നല്ല....രണ്ടെണ്ണം.....അത് നമ്മെ കണ്ട് കഴിഞ്ഞു...ഇനി എന്തും സംഭവിക്കാം...ഒന്നുകിൽ കൊന്ന് ചോരയൂറ്റിക്കുടിക്കും...അല്ലെങ്കിൽ പച്ചക്ക് തിന്നും...യാസിറിനു കണ്ണിൽ ഇരുട്ട് പരക്കുന്നത് പോലെ....ശരീരം മരവിച്ച് പോകുന്നത് പോലെ....

"ആരടാ അവിടെ നിക്കണത്.. "

അശരീരിയായി ഒരു ഒച്ച അവിടെ മുഴങ്ങി...അള്ളോ...ജിന്ന് ഞമ്മളെ കണ്ട് കഴിഞ്ഞു...യാസിറിന്റെ ഇടനെഞ്ചിലൂടേ ഒരു കൊള്ളിയാൻ പാഞ്ഞു...

" എന്തെടാ അവിടെ പണി ഇങ്ങക്ക്...ഇബടാ ബരീം..."

അതാ...ജിന്ന് വിളിക്കുന്നു...ഇനി പോകുകയല്ലാതെ രക്ഷയില്ല...യാസിറിന്റെ പെരും വിരലിൽ നിന്നൊരു തരിപ്പ് കയറാൻ തുടങ്ങി...അതേ...ഇത് മരണത്തിന്റെ തണുപ്പ് തന്നെ...അവന്റെ കണ്ണുകൾ പൂർവ്വാധികം ശക്തിയോടെ തള്ളി വന്നു..ശ്വാസ ഗതി ഉയരാൻ തുടങ്ങി.."

"ഇബടെ ബരാനാ ഇങ്ങളോട് പറഞ്ഞത്..." അശരീരി വീണ്ടും മുഴങ്ങി..

ഇല്ല...എന്ത് സംഭവിച്ചാലും ഞാൻ പോകില്ല...യാസിർ മനസ്സിലുറച്ചു..അവൻ ഹാരിസിനെ നോക്കി...ഹാരിസ് താഴേക്ക് നോക്കി വിറച്ച് വിറച്ച് നിൽപ്പാണു...ജിന്നിനെ കിട്ടിയാ ഹോം വർക്ക് ചെയ്യിപ്പിക്കാ  എന്ന് പറഞ്ഞവൻ ഇപ്പോ ജിന്നിനെ നേരിൽ കണ്ടപ്പോ ഒന്ന് നോക്കാൻ കൂടി പേടിച്ച് വിറക്കുന്നു...അതും കൂടി കണ്ടപ്പോ യാസിറിനു ഭയം ഇരട്ടിച്ചു...

" ഈ നട്ടപ്പാതിര നേരത്ത് ഇങ്ങളു രണ്ടാളും എന്തെട്ക്കാ ഇബടെ...ബിളിച്ചിട്ട് മുണ്ടാനും കൂടി വയ്യേ...ഇങ്ങട്ട് ബരാനാ പറഞ്ഞേ.."

അശരീരി വീണ്ടും മുഴങ്ങി...
കലുങ്കിലു മുകളിലെ രൂപങ്ങൾ ആടിയിളകുന്നു..മാടി വിളിക്കുന്നു...
യാസിർ വിറച്ച് വിറച്ച്  ഒരു കാൽ മെല്ലെ പിറകോട്ട് വെച്ചു...ഓടുക..തന്നെ...അത് തന്നെ ലക്ഷ്യം...

" ബരാൻ പറഞ്ഞാ ബരൂലേ..ന്നാ ഞാൻ അങ്ങട് ബരാ...ആഹാ.."

അശരീരി വീണ്ടൂം..

ജിന്നിന്ന് ദേഷ്യം കയറുന്നു..ഇനി രക്ഷയില്ല....അള്ളാ..ഇങ്ങളു കാത്തോളീ...യാസിർ ആർത്തട്ടഹസിച്ച് കൊണ്ട് വിളിച്ച് പറഞ്ഞു...

ഹാരിസേ...മണ്ടിക്കോ.....ജിന്ന്...

പറഞ്ഞ് തീരുന്നതിനു മുന്നേ യാസിർ തിരിഞ്ഞോടി..അങ്കലാപ്പിൽ നിന്ന് ഞെട്ടിയുണർന്ന് പിറകെ ഹാരിസും...ഇരുട്ട് കട്ട പുതച്ച് കിടക്കുന്ന ആ വഴിയിലൂടേ വായുവേഗത്തിൽ അവർ ഓടാൻ തുടങ്ങിയതും....തണൂത്ത..മാംസളമായ ..എന്തോ ഒന്നിൽ അവർ ശക്തമായി ഇടിച്ചു..തെറിച്ച് വീണൂ..."അള്ളോ'" ഒരു നിലവിളി അന്തരീക്ഷത്തിൽ മുഴങ്ങി...തെറിച്ച് വീണ യാസിർ ചുറ്റും നോക്കി...അപ്പോഴും ജിന്നുകൾ കലുങ്കിനു മുകളിൽ തന്നെയുണ്ട്...അവൻ നോട്ടം പിൻ വലിച്ചു...കുറച്ചകലെ മൂക്കും കുത്തി കിടക്കുന്ന ഒരു രൂപം ...അത് മെല്ലെ എണീറ്റിരുന്നു...അത് ഹാരിസാകും...മറുവശത്ത് കുറച്ച് കൂടി വലിയ ഒരു രൂപം...അത് നിലത്ത് എണീച്ചിരുന്ന് നെഞ്ച് തടവുന്നു.....അള്ളോ...അതാരാ...യാസിർ കണ്ണ് തിരുമ്മി നോക്കി....ശരിയാണു...ഒരു ഭീമാകാരൻ രൂപം...അതങ്ങനെ മെല്ലെ എഴുനേറ്റു..മെല്ലെ ..മെല്ലെ...അടുത്തേക്ക് വന്നു....ഇല്ല...ഇല്ല...എന്നെ പിടിക്കാൻ ഞാൻ സമ്മതിക്കില്ല...യാസിർ പിറകിലേക്ക് നിരങ്ങി നീങ്ങി.....ആ രൂപം വിടാനുള്ള മട്ടില്ല...അതങ്ങനെ അടുത്ത് വന്ന്...ഇതാ..തൊട്ടു..തൊട്ടില്ല...യാസിർ കണ്ണുകളടച്ചു...മരണത്തെ പുൽകാൻ റെഡിയായി നിന്നു...ഒരു തണുത്ത കൈ തന്റെ കയ്യിൽ പിടിക്കുന്നു...എണീപ്പിക്കുന്നു..

"ഇങ്ങളു ഏതാ കുട്ട്യാളേ..എന്താ ഇങ്ങക്ക് ഈ നേരത്ത് ഇബടെ പരിപാടി.."

നല്ല പരിചയമുള്ള ശബ്ദം പോലെ..നേരത്തെ കേട്ട അശരീരിയും ഇത് തന്നെയായിരുന്നല്ലോ.."

യാസിർ കണ്ണ് തുറന്ന് മിഴിച്ച് നോക്കി..

അരണ്ട വെളിച്ചത്തിൽ അവൻ കണ്ടു....കുഞ്ഞയമാക്ക...പള്ളിപ്പറമ്പിനു അടുത്ത് താമസിക്കണ കുഞ്ഞയമാക്ക..അയാളെന്താ ഇബടെ..ചോദ്യം മനസ്സിൽ ഉരുണ്ട് കൂടുന്നതിനു മുമ്പേ..

"ഇങ്ങളെബിടുന്നാ ബരണത്..."അയാൾ ഇങ്ങോട്ട് ചോദിച്ചു..

ഒറ്റശ്വാസത്തിൽ ഉണ്ടായതെല്ലാം അയാളോട് പറഞ്ഞു..

സംസാരം കേട്ട് അടുത്ത് കൂടിയ ഹാരിസും ബാക്കി ഭാഗം കൂടി മുഴുമുപ്പിച്ചു..

"ഹ..ഹ...ഹ...അട..മക്കളെ...ഇങ്ങളു മൻഷനെ ഇങ്ങനെ ചിരിപ്പിക്കാതെ.."

അരണ്ടവെളിച്ചത്തിൽ ആ പാതിരാവിൽ കുഞ്ഞയമാക്ക മതി മറന്ന് ചിരിച്ചു..ഒന്നും മനസ്സിലാകാതെ കണ്ണു മിഴിച്ച് ഹാരിസും യാസിറും..

"എട പൊട്ടന്മാരെ..ന്നട്ട്..എബിടെ ഇങ്ങളു കണ്ട ജിന്ന്.."

"അതാ..അതാ.."  .ഹാരിസ് ആവേശത്തിൽ കലുങ്കിനു മുകളിലേക്ക് വിരൽ ചൂണ്ടി...

"എട ഹംക്കാളെ..അത് ...അസർപ്പാജിന്റെ കണ്ടത്തിൽ തെങ്ങിനു വളമ ഇട്ട് കൊടുക്കാൻ കൊണ്ട് വന്ന കോഴിക്കാട്ടത്തിന്റെ ചാക്ക് കെട്ടുകളല്ലേ...മഴ കൊള്ളാതിരിക്കാൻ അതിന്മലു ചാക്കിട്ട്  ഇട്ട് മൂടിയതല്ലേ....അത് കണ്ടിട്ടാണോ ഇങ്ങളു പേടിച്ച് തൂറി നിക്കണത്...ഹ...ഹ..ഹ..."

അത് കേട്ടപ്പോ...ഒരേ സമയം യാസിറും ഹാരിസും കലുങ്കിനു മുകളിലേക്ക് നോക്കി..അവിടെ അപ്പോഴും ആ രൂപങ്ങൾ ആടിയിളകി കൈ കാട്ടി മാടി വിളിക്കുന്നു..

"ഏതായാലും ഞാൻ മൂത്രമൊഴിക്കാൻ എണീച്ചത് നന്നായി...അല്ലെങ്കിൽ ഇങ്ങളു രണ്ടാളും ഇബടെ കിടന്ന് പേടിച്ച് തൂറി ചത്ത് പോയീനേ..."

"അതൊക്കെ പോട്ടെ...മക്കളു ബേം പൊരീ പോകാൻ നോക്ക്...രണ്ടാളേം തന്തമാരെ ഞാനൊന്ന് കാണുന്നുണ്ട്..മക്കളെ ഇങ്ങനെ അഴിച്ച് ബിടണതിനു ഓലോട് ഇച്ച് കൊർച്ച് കാര്യങ്ങൾ പറയാണുണ്ട്..'"

എന്നും പറഞ്ഞ് കുഞ്ഞയമാക്ക നെഞ്ചും തടവി പടിക്കെട്ടുകൾ കയറി നടന്ന് പോയി..

"എന്നാലും ഈ കുട്ട്യാളു എന്ത് ഇടിയാ ഇടിച്ചത്...നെഞ്ചും കൂട് കലങ്ങീന്നാ തോന്നണത്......നബീസൂ...എടീ...നബീസൂ..."

അകലെ കുഞ്ഞയമാക്കാന്റെ ഉമ്മറത്ത് പിറുപിറുപ്പ് ഉയരുമ്പോൾ  ഇരുട്ടിനെ കീറു മുറിച്ച് ശരം വിട്ട കണക്കെ വീട് ലക്ഷ്യമാക്കി ഓടുകയാണു നാലു കാലുകൾ...യാസിറും ഹാരിസും...പറ്റിപ്പോയ അമളിയോർത്ത് രണ്ട് പേരും ചിരിക്കുന്നുണ്ടായിരുന്നു..


Related Posts with Thumbnails

Related Posts with Thumbnails