ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2020, മാർച്ച് 29, ഞായറാഴ്‌ച 1 comments
Bookmark and Share
കുറച്ച് കാലമായി ഈ പരിപാടി നിർത്തിയിട്ട്..ഇപ്പോ കൊറോണ കാലമായപ്പോൾ ഫേക്ക് ന്യൂസുകളുടെ പൂണ്ട് വിളയാട്ടമാണു..അപ്പോ പിന്നെ കഴിയാവുന്നതങ്ങ് പൊളിച്ചടുക്കാമെന്ന് കരുതി..

"ഇന്ത്വോനേഷ്യൻ ഡോക്ടറുടെ അവസാനത്തെ ഫോട്ടോ"  ഏറെ വൈറലായി ഓടിയ ഒരു ചിത്രവും മാറ്ററുമാണത്..(ചിത്രം നോക്കൂ), നിങ്ങളും കണ്ട് കാണും..

ചിത്രത്തോടൊപ്പമുള്ള മാറ്റർ ഇതാണു..

"ഈ ചിത്രത്തിന് ഒരുപാട് പറയാനുണ്ട്. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ കൊറോണ രോഗികളെ ചികില്‍സിച്ച് രോഗം ബാധിച്ച് മരിച്ച ഡോ ഹാദിയോ അലിയാണിത്.അദ്ധേഹം തന്റെ മക്കളെയും ഭാര്യയെയും കാണാൻ വീട്ടിലേക്ക് വന്നപ്പോൾ എടുത്ത ചിത്രമാണത്..തന്റെ രണ്ട് മക്കളെയും ഗർഭിണിയായ ഭാര്യയെയും കണ്ട് മടങ്ങിയ അദ്ധേഹം അധികം വൈകാതെ രോഗം ബാധിച്ച് മരണപ്പെട്ടു.."

ആ പോസ്റ്റ് വൈറലായി..നിരവധി പ്രമുഖർ അത് ഷെയർ ചെയ്തു..

എന്നാൽ എന്താണു സത്യാവസ്ഥ..നമുക്ക് നോക്കാം..

കൊറോണ വൈറസ് ബാധ മുലം ഇന്തോനേഷ്യയില്‍ ഇതിനകം നൂറോളം പേര്‍ മരിച്ചിട്ടുണ്ട്...അതിൽ ഹാദിയോ അലി എന്ന ഡോകടറും മരണപ്പെട്ടിട്ടുണ്ട്...അത് സത്യമാണു...അദ്ധേഹത്തെ കൂടാതെ വേറെ അഞ്ച് ഡോക്ടർമാരും മരണപ്പെട്ടിട്ടുണ്ട്... 


എന്നാൽ ഇപ്പോൾ  പ്രചരിക്കുന്ന ചിത്രം ഹാദിയോ അലിയുടേത് അല്ല.. 

രോഗികളെ ചികില്‍സിക്കുന്ന ഒരു മലേഷ്യൻ ഡോക്ടറുടേതാണ് ഈ ചിത്രം. കുടുംബത്തെ സന്ദര്‍ശിക്കുമ്പോള്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങിന്റെ ഭാഗമായി അകന്നു മാറി നില്‍ക്കുന്ന ഫോട്ടോയാണ് അത്...മലേഷ്യക്കാരനായ അഹ്മദ് എഫന്‍ദി സൈലാനുദ്ദീന്‍ എന്നയാളാണൂ  ഈ ഫോട്ടോ തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ മാര്‍ച്ച് 21ന് പോസ്റ്റ് ചെയ്തത്...ഈ ഫോട്ടോയോടൊപ്പം അദ്ധേഹം കുറിച്ചത് ഇപ്രകാരമാണു.."'ചിത്രത്തില്‍ എന്‍റെ കസിൻ ആണു       അദ്ദേഹം ഡോക്ടറാണ്, കൊവിഡ് രോഗികളെ ചികില്‍സിക്കുന്നത് മൂലം കുടുംബവുമായി ദൂരം സൂക്ഷിക്കുന്നു. അതിനാല്‍ തന്നെ അദ്ദേഹം തന്‍റെ കുട്ടികളെ കാണുന്നതാണ് ഈ ചിത്രം"

പക്ഷേ ഇടക്ക് വെച്ച് എവിടെയോ എങ്ങനെയോ ചിത്രം മറ്റൊരു ഡോക്ടറുടേതെന്ന രീതിയിൽ പ്രചരിപ്പിക്കപ്പെട്ടു..ബ്രിഗാല്‍ഡോ സിനാഗ എന്നയാളുടെ ഒരു പോസ്റ്റിലാണ് ആദ്യം ഈ ഫോട്ടോ ഡോ. ഹാദിയോ അലിയുടേത് ആണെന്ന രീതിയില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്...

മലേഷ്യയിൽ സെലാങ്ങ്ഗോറിൽ ഉള്ള ചിത്രത്തിലെ  ഡോക്ടർക്ക് വൈറസ് ബാധയേറ്റിട്ടില്ല, പൂർണ്ണ ആരോഗ്യവാനായി തന്റെ രോഗികളെ ചികിത്സിക്കുന്നു എന്നാണു കിട്ടിയ വിവരം.. ഇനിയും സംശയമുണ്ടേൽ ഈ ഫോട്ടോ ആദ്യം പോസ്റ്റ് ചെയ്ത എഫൻദി സൈലാനുദ്ധീൻ എന്നയാളോട് തന്നെ ചോദിക്കാം..ദേ ..പുള്ളീടെ പ്രോഫൈൽ ലിങ്ക്..https://www.facebook.com/photo.php?fbid=3480858335276242&set=a.483643471664425&type=3&theater

അപ്പോ..എങ്ങനാ..കാര്യം പുടികിട്ടിയില്ലേ.....ഇനി ഇത് കാണൂമ്പോ കണ്ണുമടച്ചങ്ങ് ഷെയർ ചെയ്യാൻ നിക്കണ്ട..

അപ്പോ ...ശരി..പിന്നെ കാണാം.

ഫേക്ക് ന്യൂസ് പൊളിച്ചടുക്കൽ തുടരും...
Related Posts with Thumbnails

On 2020, മാർച്ച് 28, ശനിയാഴ്‌ച 0 comments
Bookmark and Share
1912 ഏപ്രിൽ 14  

അന്നാണു അത് സംഭവിച്ചത്,ആദ്യയാത്രതന്നെ അന്ത്യയാത്രയായി മാറിപ്പോയ  ഒരു ദുരന്തം..അന്നോളം ഉണ്ടാക്കിയതിൽ വെച്ച് ഏറ്റവും വലുതും ആഡംഭര ധാരാളിത്തം കൊണ്ട് സ്വർഗ്ഗസമാനവുമായിരുന്നു ആ കപ്പൽ..

പക്ഷേ അഹംഭാവവും അമിതമായ ആത്മവിശ്വാസവും  നിറഞ്ഞ ചിലരുടെ പ്രേരണകളാൽ അപകട മുന്നറിയിപ്പുകൾ  , സുരക്ഷാ മാനദണ്ഡങ്ങൾ ഒക്കെ ലംഘിച്ച് കൊണ്ടായിരുന്നു ആ യാനത്തിന്റെ കന്നിയാത്ര തുടങ്ങുന്നത് തന്നെ..2228 പേർ കയറിയ കപ്പലിൽ ഉണ്ടായിരുന്നത് വെറും 20 ലൈഫ് ബോട്ടുകളായിരുന്നു..വഴിയിലുടനീളം മഞ്ഞ് കട്ടകൾ ഉണ്ടാകാൻ സാദ്ധ്യതയുള്ള അറ്റ്ലാന്റിക്കിലെ ആ കപ്പൽ പാത..മുന്നറിയിപ്പുകൾ തുടരെ തുടരെ കിട്ടിക്കൊണ്ടിരുന്നു...പക്ഷേ വർഷങ്ങളുടെ പരിചയസമ്പത്തുള്ള ക്യാപ്റ്റൻ എഡ്വേർഡ് സ്മിത്തും കൂട്ടാളികളും അതത്ര ഗൗരവമായെടുത്തില്ല..


ഇംഗ്ലണ്ടിലെ സതാം‌പ്റ്റണിൽ നിന്നും ന്യൂയോർക്കിലേക്ക് പുറപ്പെട്ട് നാലാം നാൾ ...

അന്നൊരു ഞായറാഴ്ചയായിരുന്നു..

രാവിലെ 9 മണിയ്ക്കു തന്നെ കരോണിയ എന്ന കപ്പൽ, വഴിയിൽ മഞ്ഞു പാളികളുണ്ട് എന്ന സന്ദേശം നൽകി...ആരു  മൈൻഡ് ചെയ്യാൻ..

വഴിയിൽ വളരെ കൂടുതൽ മഞ്ഞുകട്ടകളുണ്ട് എന്ന സന്ദേശം നൂർഡാം എന്ന കപ്പൽ, രാവിലെ 11.40 നു നൽകി. ഓരോ കപ്പലും യാത്രാപഥം താണ്ടുമ്പോഴുളള വിവരമാണ് കൈമാറിക്കൊണ്ടിരുന്നത്.


ബാൾട്ടിക് എന്ന കപ്പൽ  നൽകിയ സന്ദേശവും കപ്പിത്താനു ലഭിച്ചു.. ആ ഭീമൻ യാനം നിർമ്മിച്ച കമ്പനി  ചെയർമാൻ ബ്രൂസ് ഇസ്മേയും കപ്പലിൽ ഉണ്ടായിരുന്നു.എന്ന് വെച്ചാ കപ്പൽ മുതലാളി... ബാൾട്ടിക് നൽകിയ സന്ദേശം മുതലാളിക്ക്  കപ്പിത്താൻ  കൈമാറി. മുന്നറിയിപ്പു സന്ദേശം മുതലാളി എന്തു ചെയ്തെന്നോ… പതുക്കെ കോട്ടിൻറെ പോക്കറ്റിലിട്ട് ഭക്ഷണം കഴിക്കാൻ പോയത്രേ...

എന്ന് വെച്ചാൽ നെവർ മൈൻഡ്...അത് മാത്രമല്ല കപ്പലിനു വേഗം കൂട്ടി ആ മഞ്ഞ് പാളികളെ മറികടക്കാമെന്ന് കപ്പിത്താനോട് നിർദ്ദേശിക്കുകയും ചെയ്തു


 രാത്രി 7.30 ന് കാലിഫോർണിയൻ എന്ന കപ്പലിൽ നിന്നുളള സന്ദേശം ലഭിച്ചു. അഞ്ചു മൈൽ  തെക്കു ഭാഗത്തായി വലിയ മൂന്ന് മഞ്ഞുമലകൾ... .

അതും തിരസ്കരിക്കപ്പെട്ടു..


രാത്രി 10.30 ന്    തൊട്ടടുത്തുണ്ടായിരുന്ന കാലിഫോർണിയൻ എന്ന കപ്പലിൽനിന്നു ഒരു ശബ്ദ സന്ദേശം  വന്നു. മഞ്ഞുകട്ടയിൽ ശരിക്കും കുടുങ്ങിപ്പോയി എന്നായിരുന്നു കാലിഫോർണിയൻറെ സന്ദേശം.

എന്നാൽ  യാത്രക്കാരുടെ സന്ദേശങ്ങൾ അയയ്ക്കുന്ന തിരക്കിലായിരുന്ന വയർലെസ് ഓപ്പറേറ്റർ  കാലിഫോർണിയൻറെ സന്ദേശം ശല്യമായിട്ടാണു തോന്നിയത്, നിർത്തൂ എനിക്ക് ജോലിയുണ്ട്-ഓപ്പറേറ്റർ മറുപടി നൽകി.

ഇതോടെ കാലിഫോർണിയനിലെ വയർലെസ് ഓപ്പറേറ്റർ അത് ഓഫ് ചെയ്ത് ഉറങ്ങാൻ പോയി. ഒരുപക്ഷേ കാലിഫോർണിയനിലെ റേഡിയോ ഓൺ ആയിരുന്നെങ്കിൽ അന്നാ കപ്പലിലെ  മുഴുവൻ പേരെയും രക്ഷപ്പെടുത്താമായിരുന്നു.

മുന്നറിയിപ്പുകൾ എല്ലാം നെവർ മൈൻഡാക്കി..അഹങ്കാരവും തന്നിഷ്ടവും അമിത ആത്മവിശ്വാസവും എല്ലാം വലിയൊരു ദുരന്തത്തെ ക്ഷണിച്ച് വരുത്തലായി മാറി..


.രാത്രി 11.40. കപ്പലിലെ യാത്രക്കാർ ഏറെയും ഉറങ്ങാൻ പോയി.വിളക്കുകൾ അണഞ്ഞു തുടങ്ങി. കാനഡയുടെ കിഴക്കേ  തീരത്തുനിന്ന് 600 കി.മീ അകലെയുളള കപ്പൽപ്പാതയിലൂടെ കുതിച്ചു പായുകയാണു ആ കപ്പൽ..

മഞ്ഞുമലകളുണ്ടോ എന്നു നോക്കാൻ നിയോഗിച്ച രണ്ട് പേർ അപ്പോഴും ഉയരത്തിൽ നിൽപ്പുണ്ടായിരുന്നു. മഞ്ഞുമലകൾ കണ്ടില്ലെങ്കിലും അവ്യക്തമായ മൂടൽമഞ്ഞ് അവരെ ആശങ്കാകുലരാക്കി. ഒന്നും കാണാനാവുന്നില്ല. . പെട്ടെന്ന് അവർ മൂന്നു തവണ അപായമണി മുഴക്കി. കപ്പൽ നിയന്ത്രണമുറിയിലേക്ക് ഫോൺ ചെയ്ത്  വിളിച്ചു കൂവി,

“അയ്യോ തൊട്ടു മുന്നിൽ മഞ്ഞുമല.."

 പക്ഷേ വൈകിപ്പോയിരുന്നു..ഏതാനും സെക്കൻഡുകൾ..ഭീകരമായ ശബ്ദത്തോടെ പാർശ്വഭാഗം നീളത്തിൽ വിള്ളൽ വീഴ്ത്തി ആ കപ്പൽ മഞ്ഞ് മലയിലേക്ക് ഇടിച്ച് കയറി..ചുരുക്കിപ്പറയാലോ..1517 പേരുടെ ജീവനും കൊണ്ട് ആ ഭീമൻ കപ്പൽ അറ്റ്ലാന്റിക്കിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു...

എല്ലാവർക്കുമറിയാവുന്ന ഈ ദുരന്ത കഥ ഒരിക്കൽ കൂടി അയവിറക്കാൻ ഉചിതമായ സമയമാണിത്..


ഈ കപ്പൽ നമ്മിൽ പലരുടെയും ജീവിതത്തിൻ്റെ പ്രതീകമാണ്.

ഉറച്ച സാമ്പത്തികഭദ്രത, ഒന്നാംതരം വീട്, കാറ്, നല്ല ആരോഗ്യം, എന്തെങ്കിലും രോഗമുണ്ടായാൽത്തന്നെ വിദഗ്ദ്ധമായ ചികിത്സാ സൗകര്യങ്ങൾ എന്നു വേണ്ട ജീവിതത്തിൻ്റെ ഭദ്രത ഉറപ്പുവരുത്തുന്ന എന്തെല്ലാം ഉണ്ടെന്നിരുന്നാലും ഒരു നിമിഷം മാത്രം മതി ഇവയെല്ലാം താറുമാറാകാൻ...

സർക്കാറുകളും ആരോഗ്യപ്രവർത്തകരും തുടരെ തുടരെ നിർദ്ധേശങ്ങളും മുന്നറിയിപ്പുകളും നൽകിക്കൊണ്ടിരിക്കുന്നു..

എന്നിട്ടും  ചിലരെങ്കിലും അതെല്ലാം നെവർ മൈൻഡാക്കി ഇപ്പോഴും മുന്നോട്ട് തന്നെ..

.ഓർക്കുക..

സ്വയം മറന്ന് ഒരു മുന്നറിയിപ്പുകളെയും വകവയ്ക്കാതെ മുന്നോട്ടു പോകുന്നവർക്കുണ്ടാകുന്ന ദുരന്തം ശോചനീയമായിരിക്കും..

ചരിത്രങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നതും പഠിപ്പിക്കുന്നതും അതാണു..

ജാഗ്രതൈ..

#ഇതും നമ്മൾ അതിജീവിക്കും

(ചോദ്യം: മുകളിൽ പ്രതിപാദിച്ച കപ്പൽ ..അതിന്റെ പേരെന്താണു..പേരു കമന്റ് ചെയ്യുന്നവർക്ക് കിടിലൻ .പി.ഡി.എഫ് പുസ്തകങ്ങൾ സമ്മാനമായി ലഭിക്കുന്നതാണു..വീട്ടിലിരിക്കൂ..വായിച്ച് രസിക്കൂ..)
Related Posts with Thumbnails

On 2020, മാർച്ച് 26, വ്യാഴാഴ്‌ച 0 comments
Bookmark and Share


(സ്ഥലത്തെ പ്രധാന വെള്ളിമൂങ്ങയെ ഇപ്പോൾ പിടിച്ച് ഹിപ്നോട്ടൈസ് ചെയ്താൽ ദേ ഇങ്ങനിരിക്കും...)

നിങ്ങൾ ഉറങ്ങുകയാണു..നിങ്ങൾ ഉറങ്ങുകയാണു..നിങ്ങൾ ഉറങ്ങിക്കഴിഞ്ഞു.

"ഞാൻ പറയുന്നത് കേൾക്കാമോ നേതാവേ.."

"ഉം.കേൾക്കാം.."

"എങ്കിൽ പറയൂ..കേരളത്തിലെ  ഭരണത്തെക്കുറിച്ച് എന്താണഭിപ്രായം."

"ഹൗ..അതൊക്കെ സൂപ്പറല്ലേ.. ഇത് പോലൊരു മുഖ്യനെയും  സർക്കാറിനെയും  കിട്ടിയതിൽ  കേരളക്കാർക്ക് അഭിമാനിക്കാം.."

"ആണോ..പക്ഷേ നേതാവ് പാർട്ടിയോഗങ്ങളിൽ ഇങ്ങനെയല്ലല്ലോ പറയാറു.."

"ഹ..ഹ..ഹ..അതാണോ..അത് പിന്നെ അങ്ങനെയല്ലേ പറയാൻ പറ്റൂ...ഈ  ഫീൽഡിൽ പിടിച്ച് നിക്കണ്ടേ.."

"അത് കലക്കി..ആട്ടെ..ബീവറേജ് പൂട്ടണം ,പൂട്ടണം എന്ന് പറഞ്ഞ് നിങ്ങളും നിങ്ങടെ പാർട്ടിക്കാരും ഭയങ്കര ബഹളമായിരുന്നല്ലോ..എന്തേ..ആ സാധനത്തെ അത്രക്കങ്ങ് വെറുത്ത് പോയോ.."

"ഏയ്..ചങ്കി കുത്തണ വർത്താനം പറയരുത്..രാവെന്നോ പകലെന്നോ നോക്കാതെ ഇടക്കിടക്ക് രണ്ടെണ്ണം കുത്തണ ടീംസാ കൂടുതലും.."

"ആണോ..അത് നിങ്ങടെ പാർട്ടീ മാത്രല്ല, എല്ലാ ഐറ്റംസിലുമുണ്ട്..എന്നിട്ടും നിങ്ങക്കെന്താ ബീവറേജ് പൂട്ടാഞ്ഞിട്ട് ഇത്രക്ക് തൊന്തരവ്.."

"അത്..പിന്നെ...ഭരണത്തെ കുറ്റം പറഞ്ഞോണ്ടിരിക്കാൻ   എന്തെങ്കിലുമൊന്ന് വേണ്ടേ..അതോണ്ടാ...പിന്നെ അതിൽ വേറൊരു ട്വിസ്റ്റുമുണ്ട്.."

"അതെന്താ വേറൊരു ട്വിസ്റ്റ്"

"ഒന്നുല്ല..ബീവറേജ് പൂട്ടുമ്പോ സർക്കാറിന്റെ പ്രധാന വരുമാനമാർഗ്ഗങ്ങളിലൊന്ന് അടയുമല്ലോ.... ..അപ്പോ എന്ത് സംഭവിക്കും..വരവ് കുറയും..ചിലവോ കൂടുകയും ചെയ്യും..സർക്കാറിന്റെ പ്രവർത്തനങ്ങളുടെയൊക്കെ  താളം തെറ്റും.. ഇപ്പോഴത്തെ അവസരത്തിൽ പുതിയ നികുതികളോ വർദ്ധനവോ സെസ്സോ നടപ്പാക്കാനും പറ്റില്ല,സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങും, പെൻഷൻ മുടങ്ങും, ക്ഷേമപദ്ധതികൾ മുടങ്ങും, ..ചുരുക്കം പറഞ്ഞാ ആകെ കുലുമാലാകും.."

"ഹൗ.. അത് കൊണ്ട് നിങ്ങക്കെന്താ നേതാവേ നേട്ടം.."

"നേട്ടം...അത്..മാത്രമേയുള്ളൂ..ഉടനെ ഞങ്ങൾ സമര രംഗത്തേക്കിറങ്ങും, പ്രതിഷേധ മഹാമഹം തീർക്കും.."

"എന്നിട്ട്"

"എന്നിട്ടെന്താ..പഞ്ചായത്ത് ഇലക്ഷനാ വരുന്നത്, അധികം വൈകാതെ നിയമസഭാ ഇലക്ഷനും വരും..ഈ ഭരണം പൊളിച്ചടുക്കാൻ പരമാവധി ശ്രമിച്ചാലല്ലാതെ  പിടിച്ച് നിക്കാൻ കഴിയില്ല.."

"അത് ശരി..അപ്പോ വെടക്കാക്കി തനിക്കാക്കുക എന്ന് പറയും.."

"ആ..അങ്ങനെയും പറയാം...തീർന്നിട്ടില്ല, ബീവറേജ് പൂട്ടിയ കാരണം വ്യാജവാറ്റും മറ്റ് ലഹരി മരുന്ന് ഉപയോഗങ്ങളും കൂടും..പിന്നെ അത് മൂലമുള്ള പ്രശ്നങ്ങൾ, മരണങ്ങൾ,അരാജകത്വം..എന്നിവയൊക്കെ ഞങ്ങൾക്ക് കസർത്താനുള്ള ഐറ്റംസുകളാണു.."

"നമിച്ചു..നേതാവേ..നമിച്ചു...."

"ഹ..ഹ...ഇതൊക്കെ എന്ത്..ഇനിയും ഉണ്ട്.."

"അയ്യോ..വേണ്ടേ..നിങ്ങൾ ഉണർന്നോളൂ..നിങ്ങൾ ഉണർന്നോളൂ...നിങ്ങൾ ഉണർന്ന് കഴിഞ്ഞു.."

"അപ്പോ ശരി..ഞാൻ പോട്ടെ.."

"ഇപ്പോ എണീറ്റല്ലേയുള്ളൂ.ഒരു ചായയൊക്കെ കുടിച്ച് ക്ഷീണം മാറ്റിയിട്ട് പോകാം.."

"ഹേ...അങ്ങനെ പറയല്ലേ..ഒട്ടും സമയമില്ല, ബീവറേജ് പൂട്ടി..ഇപ്പോ പലചരക്ക് കടകൾ തുറന്നിട്ടുണ്ട്..അവ എത്രയും പെട്ടെന്ന് സമരം ചെയ്ത് പൂട്ടിക്കണം.."

"അതെന്തിനാ നേതാവേ,,ആളുകൾ പട്ടിണിയാവില്ലേ..വേറേ എന്തെങ്കിലും ഉദ്ധേശ്യം വച്ച് കളിക്കല്ലേ "

"ഹേ..ഇല്ലില്ല, കൊറോണയുടെ സാമൂഹിക വ്യാപനം തടയണം അത് മാത്രമാണു  ലക്ഷ്യം..ആളുകൾ ജീവനോടെ ബാക്കിയുണ്ടെങ്കിലല്ലേ ഭക്ഷണം ആവശ്യമുള്ളൂ..ആദ്യം ജീവൻ പോകാതെ പിടിച്ച് നിർത്താം..സമരം ഉടനടി ആരംഭിക്കണം.....അല്ലാതെ വേറേ ഒരുദ്ധേശവും അതിന്റെ പിറകിൽ ഇല്ല"

"സത്യായിട്ടും..അങ്ങനെയല്ലല്ലോ നേരത്തെ പറഞ്ഞത്.."

"എപ്പോ..ആരു...എങ്ങനെ പറഞ്ഞൂന്നാ..."

"ഓ..സോറി..അത് നിങ്ങളല്ല, വേറെ ആരോ പറഞ്ഞ പോലെ തോന്നിയതാ...സോറി..നേതാവ് ചെന്നാട്ടെ....."

"പ്ഫ..ചെറ്റകൾ..ഇത് പോലുള്ള വൈറസുകളെയാണു ആദ്യം തുരത്തേണ്ടത്..എങ്കിലേ ഈ നാട് ഗതി പിടിക്കൂ.."

"എന്തെങ്കിലും പറഞ്ഞാരുന്നോ.."

"ഏയ്..ഇല്ലില്ല..തോന്നീതാവും..നേതാവ് ചെന്നാട്ടെ.."
Related Posts with Thumbnails

On 2020, മാർച്ച് 25, ബുധനാഴ്‌ച 0 comments
Bookmark and Shareഇന്ന് കടയിൽ പോയി വരുമ്പോ പഴയ ഒരു ചെങ്ങാതി ബൈക്കും കൊണ്ട് ഇരപ്പിച്ച് വന്നു നിർത്തി...
"അല്ല മനേ..ഇജ്ജെവ്ട്ന്നാ ബാണം ബുട്ട മാതിരി.."
"ഞാൻ കോട്ടപ്പടിയിലൊന്ന് ചുറ്റിയടിച്ച് വന്നു.."
"അവിടെ പോലീസില്ലേ..അവരു തടയുന്നില്ലേ.."
" പിന്നേ....അവരു തടയുന്നുണ്ട്..എന്നേം തടഞ്ഞു.."
" ന്നട്ട്.."
" എന്നിട്ടെന്താ..ഞാൻ മരുന്ന് വാങ്ങാൻ പോകാന്ന് പറഞ്ഞ് നൈസായി ഊരി..ഹല്ല..പിന്നെ.."
" മരുന്നോ...ആർക്ക്...എന്താ അസുഖം.."
"ഹേയ്..അതൊന്നുമില്ലന്നേ...ഞാൻ ബെർതേ ഒന്നു കാണാൻ പോയതാ മുത്തെ.."
"പ്ഫ ...നാറി..ഇജ്ജീ പത്രങ്ങളും ചാനലുമൊന്നും കാണാറില്ലേ..നാട്ടുകാരു മുഴുവൻ വീട്ടീന്ന് പൊറത്തിറങ്ങാതെ ഇരിക്കണത് കാണുന്നില്ലേ...പിന്നെ അനക്കെന്താ ഹംക്കെ കാലിന്റെ എടേന്ന് ആ ബൈക്കൊന്ന് ഊരിവെച്ചിട്ട് അടങ്ങിയിരുന്നാൽ...."
" ഇജ്ജ് ചൂടാവല്ലേ.. എല്ലാം എനിക്കറിയാം..ന്നാലും ബെർതേ ഇരുന്ന് ബോറടിച്ചപ്പോ..."
"അതെന്താ ബോറടിക്കുമ്പോ ലംഘിക്കാനുള്ളതാണോ സർക്കാർ നിയമങ്ങൾ "
" ഹൗ...പറഞ്ഞ് പറഞ്ഞ് ഇജ്ജത് വല്ല്യ ഇഷ്യു ആക്കണ്ട...പോയത് പോയി..ഇഞ്ഞി ഞാൻ പോണില്ല..പോരേ..."
"മതി..ബുദ്ധിയും വിവേകവുള്ളവർ സർക്കാർ നിർദ്ധേശങ്ങൾ അനുസരിക്കും...അത്യാവശ്യകാര്യങ്ങൾക്ക് പുറത്ത് പോകുന്നതിനു ആരും എതിരു നിൽക്കുന്നില്ല...അനാവശ്യമായി കറങ്ങാൻ പറ്റിയ സമയം അല്ലിത്..ഇപ്പോ ഇത്തിരി ക്ഷമിച്ചാൽ ഭാവിയിൽ ഇഷ്ടം പോലെ കറങ്ങാൻ ആയുസ്സുണ്ടാകും..നിനക്ക് മാത്രമല്ല..സമൂഹത്തിലെ എല്ലാവർക്കും...ഗോട്ട് ഇറ്റ്.."
"ഉം.."
"പോലീസ് നിന്നെ തടഞ്ഞ് നിർത്തി ചോദ്യം ചെയ്യുമ്പോൾ മറിച്ചും തിരിച്ചും പറഞ്ഞ് അവിടെ നിന്ന് രക്ഷപ്പെട്ട് അവരെ നൈസായി പറ്റിച്ചേ എന്ന മട്ടിൽ യാത്ര തുടരുമ്പോൾ ഒന്നോർക്കുക.. നീ പറ്റിച്ചത് നിന്നെ തന്നെയാണ്.. നീ അപഹസിച്ചത് ഈ സമൂഹത്തെയാണ്.
ഈ പൊരിവെയിലത്ത് നടുറോഡിലിറങ്ങി ആരോഗ്യവും ആയുസ്സും പണയം വെച്ച് പോലീസ് പണിയെടുക്കുന്നത് അവർക്ക് തലക്ക് സുഖമില്ലാത്തത് കൊണ്ടോ വേറെ പണിയില്ലാത്തത് കൊണ്ടോ അല്ല..ഞാനും നീയുമടങ്ങുന്ന ജനസമൂഹം കൊറോണ വന്ന് പണ്ടാരമടങ്ങി ചാകാണ്ടിരിക്കാനാ.. വലിയൊരു ദുരന്തത്തിൽ നിന്ന് രക്ഷിക്കാനാ...
നമുക്കവർ തീർക്കുന്ന ഈ സുരക്ഷാ കവചം ഇല്ലായിരുന്നുവെങ്കിൽ എന്റെയും നിന്റെയും മറ്റ് പലരുടെയും വീടുകളിൽ നിലവിളി ശബ്ദങ്ങൾ മുഴങ്ങിയേനേ. ആരും തിരിഞ്ഞു നോക്കാതെ ബന്ധുക്കൾ പോലും ഭയന്ന് മാറിനിന്ന് കാണുന്ന കേവലം പേരിനു മാത്രമുള്ള മരണാനന്തര ചടങ്ങുകൾ നടന്നേനേ....സോ..ബി കെയർ ഫുൾ.."
വീണ്ടും വീണ്ടും ഉണർത്തുകയാണ് സഹോദരങ്ങളേ... സർക്കാരിനേയും ജനങ്ങളേയും അനുസരിക്കൂ.. വീട്ടിലിരിക്കൂ... മരണം ഇരന്നു വാങ്ങാതിരിക്കൂ...
കോവിഡ് 19 വൈറസിനെ നിസ്സാരമായി കാണാതിരിക്കൂ...
Related Posts with Thumbnails

On 2020, മാർച്ച് 24, ചൊവ്വാഴ്ച 0 comments
Bookmark and Share

"ഈ കാർട്ടൂൺ നോക്കൂ..എന്ത് മനോഹരം അല്ലേ.."

"ആണോ.. എവടെ നോക്കട്ടെ..."

"എങ്ങനെയുണ്ട് കൊള്ളാമോ..?

" പിന്നേ..ഉദാത്തം..ഗംഭീരം..നീല കോഴിമുട്ട ,നീലവിരി..അതിൽ വെളുത്തപൂക്കൾ..കൊള്ളാം മനോഹരമായിരിക്കുന്നു..."

"പ്ഫ..നാറി..അത് കോഴിമുട്ടയും വിരിയൊന്നുമല്ല.."

"പിന്നെ...?

"  അനന്തമായ നീലാകാശം,പാറിപ്പറക്കുന്ന വെണ്മേഖങ്ങൾ,അതിനിടയിൽ കിടക്കുന്ന ഭൂമി..ആ ഭൂമിക്ക് മുകളിലൂടെ പറക്കുന്ന വിമാനം..ആ  വിമാന ത്തെ ഭൂമിയിൽ നിന്ന് സാകൂതം നോക്കി നിൽക്കുന്ന ഞാൻ...അതാണു ഞാനുദ്ധേശിച്ചത്"

"പ്രർർർർ..എട പൊട്ട..ഒരു കാർട്ടൂൺ വരക്കുമ്പോ അത് കാണുന്നവർക്ക് മനസ്സിലാകണ രൂപത്തിലും കോലത്തിലും വരക്കണം..അല്ലാതെ എന്തേലും വരച്ച് വെച്ചിട്ട് ഇതതല്ല..ദിതാണു..ഞാനുദ്ധേശിച്ചത് അങ്ങനല്ല ഇങ്ങനാണു എന്നൊക്കെ വിശദീകരിച്ച് കൊടുക്കേണ്ടത് സത്യം പറഞ്ഞാ പാപ്പരത്വമാണു.."

"ഹേയ്..ഞാൻ വരച്ചതൊക്കെ കറക്റ്റാണു..നിങ്ങൾക്ക് അതൊക്കെ മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ലാത്തത് കൊണ്ടാണു..ഞാനും നിങ്ങളും കഴിച്ചതല്ലേ ചർദ്ധിക്കൂ.."

"തള്ളേ..ബെസ്റ്റ്..സോറി സാറേ..ഞങ്ങൾ മലയാളികൾക്ക് നിങ്ങടെ അത്രേം ബുത്തിയൊന്നുമില്ലേ..."

" അദ്ദാണു..ദാറ്റ്.."

"എന്തോന്ന് ദാറ്റ്..തെറ്റ് ആർക്കും പറ്റാം ഭായ്..തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോ വിമർശനബുദ്ധ്യാ അത് സ്വീകരിച്ച് തെറ്റ് തിരുത്തലാണു മാന്യത..അല്ലാതെ കണകൊണാന്ന് ഉപന്യാസമെഴുതി തൂറിമെഴുകലല്ല.."

"അല്ല..ഇതൊക്കെയെന്തിനാ എന്നോട് പറയണേ.."

"നിന്നോടും പറയും നിന്നെപ്പോലുള്ള അല്പന്മാരോടും പറയും...പറഞ്ഞ് കൊണ്ടേയിരിക്കും..ന്തേയ്.."

"ങും..ങും."

"അപ്പോ..അദ്ദല്ല..ദിദ്ദാണു ദാറ്റ്.."
Related Posts with Thumbnails

On 2020, മാർച്ച് 23, തിങ്കളാഴ്‌ച 0 comments
Bookmark and Share


കുറേ കൊല്ലങ്ങൾക്ക് മുമ്പാണു..

ഓട്ടോയോടിച്ച് നടന്നിരുന്ന ഒരു കാലം...അങ്ങനെയിരിക്കെ ഒരിക്കൽ  ഒരു സമരത്തിന്റെ ഭാഗമായി പെട്രോൾ പമ്പുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നു എന്നൊരു അഭ്യൂഹം നാടൊട്ടുക്ക് പരന്നു..കേട്ടപാതി കേൾക്കാത്തപാതി എല്ലാവരും പെട്രോൾ പമ്പിലേക്കോടി..വാഹനങ്ങളിൽ ഫുൾടാങ്ക് അടിച്ചും അതും പോരാഞ്ഞ് കുപ്പിയിലും കന്നാസിലുമൊക്കെ വാങ്ങാൻ തിക്കും തിരക്കും ..പമ്പിലെ വാഹനങ്ങളുടെ ക്യൂ കിലോമീറ്ററോളം നീണ്ട് കിടന്നു..ഏറെ സാഹസപ്പെട്ട് വരിനിന്ന് ഞാനും അടിച്ചു എന്റെ ഓട്ടോയിൽ ഒരഞ്ഞൂറിനു പെട്രോൾ,,,തിരിച്ച് സ്റ്റാൻഡിൽ വന്നു നിന്നപ്പോൾ കൂടെ സ്റ്റാൻഡിൽ വണ്ടിയോടിക്കുന്ന ഒരു കാരണവരോട് തിരക്കി..

"അല്ല..ഇങ്ങളു പെട്രോൾ അടിച്ചോ..ഫുൾടാങ്കാക്കുന്നില്ലേ..നാളെ മുതൽ ചിലപ്പോ പമ്പൊന്നും തുറക്കൂല.."

"അയിനു പ്പോ..ന്താ...ഞാനൊന്നും അടിച്ചിട്ടില്ല..."

അയാൾ നിർവികാരതയോടെ പറഞ്ഞു..

"അപ്പോ നാളെ ലീവെടുക്കായിരിക്കും ..ല്ലേ..കള്ളൻ.."

എന്റെ വായിൽ നിന്ന് അറിയാതെ ആ വാക്കുകൾ പുറത്ത് ചാടി

"ഹും..ലീവ്..അനക്കെന്തറിയാ ..പെണ്ണും പെടക്കോഴിയും ഒക്കെ ആകട്ടെ ..അപ്പോ അനക്ക് മനസ്സിലാവും..ഇപ്പോ തന്നെ വൈന്നേരത്ത്ക്ക് എങ്ങനാ അരിയും സാമാനങ്ങളും വാങ്ങാന്ന് ആലോചിച്ച് പിരാന്തായി നിക്കുമ്പളാ അന്റെ ഒരു തമാശ..പുന്നാര പടപ്പേ...ഒരു ദിവസം ഒന്ന് പനിച്ച് കിടന്നാൽ മതി എന്റെയൊക്കെ പൊരയിൽ കഞ്ഞികുടി മുട്ടാൻ..അത് പോലെ എത്രയെത്ര ആളുകളുണ്ട് ഈ ദുനിയാവിൽ എന്നറിയോ അനക്ക്..ഫുൾടാങ്ക് പെട്രോളടിക്കാൻ പൂതിയില്ലാഞ്ഞിട്ടല്ല, കയ്യിലു പൈസ വേണ്ടേ.."

ഒരു നെടുവീർപ്പോടെ പറഞ്ഞ് തീർന്നപ്പോഴേക്ക് അയാളുടെ കൺ കോണിലൊരു കണ്ണീർത്തുള്ളി ഉരുണ്ട് കൂടിയത് ഞാൻ കണ്ടു..എന്നെ കാണിക്കണ്ടാ എന്ന് കരുതിയാവും അയാൾ മുഖം തിരിച്ച് വിഷയം മാറ്റി..

സത്യം പറഞ്ഞാ ഉള്ള് പിടഞ്ഞ് പോയി..

ഇന്നലെ മലപ്പുറം മാർക്കറ്റിൽ ആളുകൾ  ചിക്കനും പച്ചക്കറികളും പലചരക്കുകളുമൊക്കെ വാങ്ങിക്കൂട്ടുന്ന തിരക്കിൽ ഞാനൊരിക്കൽ കൂടി കണ്ടൂ അത്തരമൊരു മുഖം...കയ്യിൽ ചുരുട്ടിപ്പിടിച്ച കുറച്ച് നോട്ടുകൾ, ഏറെ നേരം ക്യൂ നിന്ന് ഊഴമെത്തിയപ്പോ ഒച്ച താഴ്ത്തി 

"ഒരമ്പതുറുപ്പ്യാക്ക് "  

"അത് മത്യോ കാക്കാ..നാളെ കടയുണ്ടാവുല..ഒരു നാലഞ്ച് കിലോ മാങ്ങിക്കോളീ..കിലോ എമ്പത് ഉറുപ്പല്യേ ഉള്ളൂ.."

കടക്കാരൻ പരിഹാസത്തൊടേ ചോദിച്ചു..

കേട്ട് നിന്ന വരിയിലുള്ള മാന്യന്മാർ പുച്ഛച്ചിരി ചിരിച്ചു..

"അത് മതി മോനേ.."

ആൾക്കൂട്ടത്തിൽ വഷളായ ജാള്യതയോടെ ആ സാധു ചിരിച്ചു..കൺകോണീൽ ഉരുണ്ട് കൂടിയ തുള്ളി, വലിഞ്ഞ് മുറുകിയ മുഖപേശികൾ ..അതിനു ഒട്ടും മാച്ചാകാത്ത ചിരി..കണ്ടാലറിയാം ആ ഹൃദയം നുറുങ്ങിപ്പോയെന്ന്...

എല്ലാവരും വാങ്ങിക്കൂട്ടുന്നത് കണ്ട് പട്ടിണിയാകുമോ എന്ന് പേടിച്ച്  വാങ്ങിയതാവും..അത്രേ ഉണ്ടാകൂ കയ്യിൽ എടുക്കാൻ.., അതിനു ഏറ്റ് വാങ്ങേണ്ടി വന്നതോ പുച്ഛവും പരിഹാസവും..എന്തൊരു ലോകമാണിത്..

കർഫ്യൂ ആയ്ക്കോട്ടെ, വീട്ടിലിരുന്നോട്ടെ..കയ്യിലുള്ള ദമ്പടിയുടെ പത്രാസ് കാണിച്ച് സൂപ്പർമാർക്കറ്റുകളിൽ ട്രോളിയുന്തി നിറച്ച് ,ഇറച്ചിക്കടകളിൽ,ഹോട്ടലുകളിൽ ,പൊതുവിടങ്ങളിൽ ഒക്കെ  നോട്ടുകൾക്ക് പേപ്പറിന്റെ വിലപോലും കല്പിക്കാതെ  ഓരോന്ന് ചെയ്ത് കൂട്ടുമ്പോൾ ഇതിനൊന്നും വകയില്ലാത്ത അനേകമനേകം ജന്മങ്ങൾ കൂടി ഈ മണ്ണിൽ നമുക്കിടയിൽ തന്നെ ജീവിച്ച് പോകുന്നുണ്ട് എന്ന് കൂടി ഓർക്കുക..ഉപകാരം ചെയ്തില്ലെങ്കിലും  ഉപദ്രവമെങ്കിലും  ചെയ്യാതിരിന്ന് കൂടെ...അത് ഒരു വാക്ക് കൊണ്ടായാലും നോക്ക് കൊണ്ടായാലും തഥൈവ...

മഹാപ്രളയവും മഹാമാരിയും ഒന്നും നിങ്ങളെ ഒന്നും തന്നെ പഠിപ്പിക്കുന്നില്ലെങ്കിൽ മനുഷ്യൻ എന്ന പേരു നിങ്ങൾക്ക് യോജിക്കുന്നില്ല..

തെരിമകാസി


(ഫോട്ടോ പ്രതീകാത്മകം..ഫ്രം ഗൂഗിൾ, കടപ്പാട്)

Related Posts with Thumbnails

Related Posts with Thumbnails