ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2020, മേയ് 31, ഞായറാഴ്‌ച 0 comments
Bookmark and Share


ലോക്ക് ഡൗണാണു, ഞായറാഴ്ചയാണു..ഇന്നേദിവസം എല്ലാവരും ശുചീകരണ പ്രവർത്തനങ്ങൾക്കിറങ്ങുക എന്ന മുഖ്യമന്ത്രിയുടെ ആഹ്വാനവും ഉണ്ട്..ന്നാ പിന്നെ അങ്ങനെ ആയ്ക്കോട്ടെ...ഇറങ്ങി...അരയും തലയും മുറുക്കിത്തന്നെ..
ഒന്നരപതിറ്റാണ്ട് കാലമായി ഹാജിയാർപള്ളി പ്രദേശത്ത് നിറഞ്ഞ് നിൽക്കുന്ന മാസ്ക് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന മഴക്കാലപൂർവ്വ ശുചീകരയജ്ഞത്തിൽ പങ്കാളിയായി..
" ഇപ്പോഴത്തെ കാലത്തെ കുട്ട്യോളെ ഒന്നിനും പറ്റൂല..ഓൽക്ക് ഏത് നേരവും മൊബൈലിൽ കുത്തിക്കളിക്കാനേ നേരള്ളു.." എന്ന് പഴമക്കാർ പറയണതൊക്കെ വെറും വെറുതെയാണു.....ഇപ്പോഴത്തെ കുട്ട്യാളാണു കുട്ട്യാളു.....എന്താ എനർജി..ചെയ്യണം.... ന്ന് തീരുമാനിച്ചാ .. ചെയ്തിരിക്കും..
രാവിലെ 7 മണിക്ക് തുടങ്ങി പകലവൻ നെറും തലയിൽ എത്തണവരെ ഒരു പൊരിച്ചിലായിരുന്നു..കാട് വെട്ടുന്നു..മാലിന്യം നീക്കുന്നു, മണ്ണ് കോരുന്നു, വണ്ടിയിൽ കയറ്റുന്നു..എന്തിനധികം ചൂലു കൊണ്ട് റോഡ് മൊത്തം അടിച്ച് വാരുക വരെ ചെയ്യുന്നു...ന്ന് പറഞ്ഞാ മുതുവത്തുമ്മൽ ജുമാമസ്ജിദ് മുതൽ ഹാജിയാർപള്ളി വരെ റോഡും പരിസരവും ക്ലീൻ...വെറും ക്ലീനിംഗല്ല..തുപ്പലു കൂട്ടി തൊടച്ചീലാന്ന് മാത്രം...അത്രക്കും ക്ലീൻ...എജ്ജാതി...
ചെക്കന്മാരെ ആവേശം കണ്ട് ഞാനും ഒപ്പം കൂടി...ഞമ്മളെക്കൊണ്ട് ഉണ്ടോ കൂട്ടിയാ കൂടണു..ഈ വയസ്സാം കാലത്ത്..ങും... വയസ്സായിട്ടില്ലാട്ടോ.. പഴയ എനർജിയൊക്കെ ഇപ്പഴും ഉണ്ട്... ട്ടോ.. എന്ന് നാട്ടാരെയും എന്നെയും ബോദ്ധ്യപ്പെടുത്താനായി ഒന്ന് കസർത്തി നോക്കി..
എവടെ..അമ്മാത്ത്ന്ന് പൊറപ്പെട്ടു..ഇല്ലത്തോട്ടങ്ങ് എത്തിയിട്ടുമില്ലാ.. ന്ന് പറഞ്ഞ മാതിരിയായിപ്പോയി...!! കൂടുതലൊന്നും പറയുന്നില്ല...പണ്ടൊക്കെ തലക്കായിരുന്നു കിക്ക്..ഇപ്പോ നടുവിനാണു കിക്കേ.....
ഏതായാലും മാസ്കിന്റെ ചുണക്കുട്ടികളെ സമ്മതിച്ചു...സന്നദ്ധസേവന തല്പരതയും സഹാനുഭൂതിയും പ്രവർത്തനനിരതരാവാനുള്ള മനസ്സും കൈമോശം വന്നിട്ടില്ലാത്ത ഒരു തലമുറ ഇവിടെ വളർന്ന് വരുന്നുണ്ടെന്നതിൽ ഏറെ അഭിമാനത്തോടെ എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ നേർന്ന് കൊണ്ട് നിർത്തുന്നു..
കമ്പർ.ആർ.എം
Related Posts with Thumbnails

On 2020, മേയ് 28, വ്യാഴാഴ്‌ച 0 comments
Bookmark and Shareപലപ്പോഴായി പലരിൽ നിന്നും നേരിടേണ്ടി വന്ന ചോദ്യം.... ഉത്തരം ലളിതമാണു…പക്ഷേ ചോദിക്കുന്ന അവസ്ഥക്ക് സാഹചര്യത്തിനു അനുസരിച്ചൊക്കെ ഉത്തരങ്ങൾ മാറിക്കൊണ്ടിരിക്കും എന്ന് മാത്രം..
അശരണർക്കും ആലംബഹീനർക്കും മുന്നിൽ ഭക്ഷണം, വസ്ത്രം, ചികിത്സ എന്നിങ്ങനെ ആവശ്യങ്ങൾ ഏതുമായാലും ഉദാരമായി ചൊരിഞ്ഞ് അവർക്ക് താങ്ങും തണലുമായി ചേർത്ത് പിടിച്ച് കണ്ണീരൊപ്പുന്ന ഉദാരമനസ്കരെ കാണുമ്പോൾ ഞാൻ അഭിമാനത്തോടെ വിളിച്ച് പറയും..” ദേ ഇവരെ കണ്ടാണു ഞാൻ ഇടതായത്”
കക്ഷിരാഷ്ട്രീയക്കളികൾക്കിടയിൽ എത്രമാത്രം പ്രതിസന്ധികളിൽ പെട്ടുലഞ്ഞാലും എതിരാളികൾ കൂട്ടമായെതിർത്താലും നയങ്ങളും നിലപാടുകളും ആദർശവും പണയം വെക്കാതെ ആരുടെ മുന്നിലും നട്ടെല്ല് വളയ്ക്കാതെ നിലകൊള്ളുന്ന ആ മനക്കരുത്തിനെ കാണുമ്പോൾ മുഷ്ടിചുരുട്ടി ഞാൻ പറയും..”ദേ ഇവരെ കണ്ടാണു ഞാൻ ഇടതായത്..”
നാട്ടിൽ വന്ന് ഭവിക്കുന്ന ദുരന്തങ്ങളിലും പ്രതിസന്ധിഘട്ടങ്ങളിലും ശ്രമദാനപ്രവർത്തനങ്ങളിലും കൈ മെയ് മറന്ന് ലാഭേച്ഛയില്ലാതെ സ്വയം സന്നദ്ധമായി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന ആ ആത്മാർത്ഥതയെ,കൂട്ടായ്മയെ കാണുമ്പോൾ ഞാൻ നെഞ്ചും വിരിച്ച് നിന്ന് പറയും..”ദേ ഇവരെ കണ്ടാണു ഞാൻ ഇടതായത്”
വർഗ്ഗീയതക്കെതിരെ, അനീതിക്കെതിരെ, അധാർമികതക്കെതിരെ, നാടിനെ ഛിദ്രതയിലാഴ്ത്തുന്ന വിധ്വംസക ശക്തികൾക്കെതിരെ നെഞ്ചും വിരിച്ച് നിന്ന് നേർക്ക് നേർ സധൈര്യം പോരാടാൻ ഒരുറച്ച മനസ്സുണ്ടെങ്കിൽ ആ മനസ്സിനെ ചൂണ്ടി ഇങ്ക്വുലാബ് വിളിച്ച് ഞാൻ പറയും “ ദേ ഇവരെ കണ്ടാണു ഞാൻ ഇടതായത്..”
കൃത്യവും ആസൂത്രിതവുമായ നയപരിപാടികളിലൂടെ , ദീർഘവീക്ഷണമുള്ള പദ്ധതികളിലൂടെ സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളിലേക്കും സർക്കാറിന്റെ കരുതലും സഹായവും സ്നേഹസ്പർശവും എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തി അവരുടെയെല്ലാം ജീവിതത്തിൽ വെളിച്ചം പകർന്ന് നൽകുന്ന വികസന വിപ്ലവം തീർക്കുന്ന ഭരണാധികാരികളെ നോക്കി ഞാൻ പറയും “ ദേ ഇവരെ കണ്ടാണു ഞാൻ ഇടതായത്”
ഓ…ആയ്ക്കൊട്ടെ.. അങ്ങിനെ തന്നെ വേണം....അതിരിക്കട്ടെ ..ഈ പറഞ്ഞ കാര്യങ്ങളൊക്കെ ഇടത് പക്ഷത്തിൽ മാത്രമേ നീ കണ്ടുള്ളോ…ഉവ്വോ....എങ്കിൽ താങ്കളുടെ കാഴ്ചയുടെ കുഴപ്പം എന്ന് പറയേണ്ടി വരും..അല്ലാതെന്താ..?
എന്റെ കാഴ്ചക്കൊന്നും ഒരു കുഴപ്പവുമില്ല...ഇത് പോലെ നന്മയുടെ, നേരിന്റെ തീപ്പൊരികൾ ..അത് എല്ലാ പക്ഷത്തും പക്ഷമില്ലാത്ത ഇടങ്ങളിലും ഒക്കെയുണ്ടെന്ന് കൃത്യമായി അറിയാം....പക്ഷേ ഇടത് പക്ഷത്ത് അത് ഒത്തിരി ഒത്തിരി കൂടുതലാണു..അതാണാ പക്ഷത്തിന്റെ മനോഹാരിതയും …ഈ പത്ത്മുപ്പത്താറു വർഷത്തിനിടക്ക് ഞാൻ കണ്ടതും കേട്ടതും വായിച്ചതും അറിഞ്ഞതും ഒക്കെ കൂട്ടി ഗണിച്ചെടുത്തതാണത്..
ചെറുപ്പത്തിൽ ഉപ്പ ഇടത് പക്ഷ ആശയക്കാരനായത് കൊണ്ട് ഈ പക്ഷത്തിലേക്കെത്തി..കാലമൊരുപാട് കടന്ന് കോലമൊരുപാട് മാറി ചിന്താഗതികൾ പലവുരു റീപോസ്റ്റ് മോർട്ടം ചെയ്യപ്പെട്ടു..ഒടുക്കം ബാക്കിയായത് ഒരുപാട് തിരിച്ചറിവുകളാണു..
അന്നുമിന്നും സജീവരാഷ്ട്രീയ പ്രവർത്തനത്തിനോട് ഒട്ടും താല്പര്യമില്ല..രാഷ്ട്രീയം രാഷ്ട്രസേവനം എന്ന ലൈൻ വിട്ട് സ്വസേവനം എന്ന വെള്ളിമൂങ്ങ ടൈപ്പിനോട് ഒരു ലോഡ് പുച്ഛം മാത്രം..
ചിലരുടെ രാഷ്ട്രീയം വർഗ്ഗീയമാണു..അതിലും ചില ഒളിച്ച് കളികളുണ്ട്..നിലനില്പിനായി വേണ്ടി മാത്രമാണവർ വർഗ്ഗീയതയെ പുൽകുന്നത്, ആത്യന്തികലക്ഷ്യം പഴയത് തന്നെ സ്വസേവനം, സ്വജനസേവനം..ബാക്കിയെല്ലാത്തിനോടും പോകാൻ പറ എന്ന ടൈപ്പ്..ആ സൈസിനോട് അടങ്ങാത്ത വെറുപ്പാണു…
ഇങ്ങിനെയൊക്കെയാണെങ്കിലും രാഷ്ട്രീയഇടപെടലുകൾ നടത്താതെ നമുക്ക് മാറിനിൽക്കാൻ പറ്റുമോ..നാം എത്ര മാറിനിന്നാലും രാഷ്ട്രീയവും രാഷ്ട്രീയക്കാരും നമ്മുടെ ജീവിതത്തിൽ പ്രത്യക്ഷമായും പരോക്ഷമായും ഇടപെട്ട് കൊണ്ടേയിരിക്കുമ്പോൾ എന്തിനു മാറി നിൽക്കണം..സോ ഞാനും ഇടപെടാറുണ്ട്, .പ്രത്യേകിച്ച് ഇലക്ഷൻ സമയങ്ങളിൽ പ്രചരണരംഗത്ത് സജീവമായിതന്നെ രംഗത്തിറങ്ങാറുണ്ട്.. പക്ഷം ഇടത് തന്നെ..
ഏതെങ്കിലും നേതാവിനോടുള്ള അതിയായ വിധേയത്വമോ ആരാധനയോ ഏതെങ്കിലും ഗ്രന്ഥങ്ങൾ,പുസ്തകങ്ങൾ വായിച്ച് ഭ്രമിച്ച് പോയതോ ഏതെങ്കിലും പ്രഭാഷണങ്ങൾ കേട്ട് കിളിപാറിയതോ അല്ല, എന്റെ തലച്ചോറു ഞാൻ ആർക്കും പണയം വെച്ചിട്ടുമില്ല,ഒരു പാട് ഓപ്ഷനുകളിൽ നിന്ന് ഞാൻ സ്വമേധയാ തിരഞ്ഞെടുത്ത ഒന്ന് മാത്രമാണു “ഇടത് പക്ഷം”, സോ ഞാനത് ഹൃദ്യമായി ആസ്വദിക്കുന്നു എന്ന് മാത്രം…
ബൈ ദ ബൈ ലാൽസലാം..
Related Posts with Thumbnails

On 2020, മേയ് 26, ചൊവ്വാഴ്ച 0 comments
Bookmark and Share


ലോക്ക് ഡൌൺ ഇളവുകൾ കിട്ടിത്തുടങ്ങിയല്ലേ..
വഴിയിലുടനീളം പോലീസുകാരു കൈകാണിക്കാനില്ലല്ലേ...
മാർക്കറ്റുകളിലും മാളുകളിലും സൂപ്പർമാർക്കറ്റുകളിലും ആളുകൂടിത്തുടങ്ങിയല്ലേ..
ആഹാ...എന്ത് രസം..എന്ത് സുഖം..
പുറത്തിറങ്ങി ആഘോഷിപ്പിൻ..അർമ്മാദിപ്പിൻ..എന്നാണോ..?
എങ്കിൽ നിങ്ങൾക്ക് തെറ്റി. ..വളരെ ഗുരുതരമായ തെറ്റ്..ഒരു ജനതയുടെ, ഒരു സർക്കാറിന്റെ , അനേകമനേകം ആരോഗ്യപ്രവർത്തകരുടെ നിതാന്തജാഗ്രതയോടെയുള്ള പ്രതിരോധപ്രവർത്തനങ്ങളുടെ അടിവേരിളക്കുന്ന ഗുരുതരമായ തെറ്റ്...
അത്തരം തെറ്റുകൾ നിങ്ങൾ ആവർത്തിക്കുന്നുണ്ടെങ്കിൽ മനസ്സിലാക്കി വെക്കുക..നിങ്ങൾ ചെയ്യുന്നത് നിങ്ങളോടും കുടുംബത്തോടുമുള്ള പാതകം മാത്രമല്ലത്..അതിനേക്കാൾ വലിയ വിലകൊടുക്കേണ്ടി വരുന്നത് ഈ നാടും സമൂഹവുമൊന്നടങ്കമാണു..
കോവിഡ് എവിടെയും പോയിട്ടില്ല..
നമ്മൾ ഇത് വരെ കണ്ടത് വെറും ട്രയ്ലർ മാത്രം.. ഫുൾ പിക്ചർ കാണാനിരിക്കുന്നതേയുള്ളൂ....
ദയവായി സർക്കാർ നിർദ്ധേശങ്ങൾ പാലിക്കുക..ആരോഗ്യപ്രവർത്തകരുടെ വാക്കുകൾക്ക് ചെവികൊടുക്കുക..മാസ്ക് കഴുത്തിലണിയാനുള്ള ആഭരണമല്ല..സാമൂഹ്യ അകലം പാലിക്കുക എന്നത് നാളെ സമൂഹമായി ഒന്നിച്ചിരിക്കാനുള്ള അവസരം ഒരുക്കാനാണു..
സമ്മതിക്കുന്നു..ജോലിക്ക് പോണം, ബിസിനസ്സ് നടക്കണം..ജനജീവിതം മുന്നോട്ട് പോവണം..ഒക്കെ ശരിയാണു..എല്ലാത്തിലുമുപരി ഈ കോവിഡ് കാലം തീരും വരെ ആയുസ്സോടെയിരിക്കുക എന്നതിനാവട്ടെ പ്രധാന പരിഗണന...
ഭയമല്ല..ജാഗ്രതയാണു വേണ്ടത്..
#Brake the chain
#Use mask
Related Posts with Thumbnails

On 2020, മേയ് 24, ഞായറാഴ്‌ച 0 comments
Bookmark and Shareപെരുന്നാളാണു..
ലോക്ക് ഡൗണാണു..
ഇവിടെ ഇപ്പോൾ സേഫ്സോണിൽ കുടുംബത്തോടൊപ്പമിരിപ്പാണു.....
എന്നാൽ പലയിടത്തും സ്ഥിതിഗതികൾ അത്ര ശുഭകരമല്ല..ഇന്നേ ദിവസവും അനേകമനേകം പേർ സ്വന്തം കുടുംബത്തോടൊപ്പം ഇരിക്കാൻ പോലും കഴിയാതെ രോഗഭീതിയിലും ഏകാന്തവാസത്തിലുമാണു....മറ്റ് ചിലർ വിശ്രമമില്ലാതെ അവരെ പരിചരിച്ച് കൊണ്ടിരിക്കുകയാണു..
അവനവന്റെയും കുടുംബത്തിന്റെയും ഇന്നത്തെ ചിലവ് കഴിച്ച് മിച്ചം വരുന്നതിൽ ഒരു പങ്ക് അനേകമനേകം ജനങ്ങൾക്ക് ഈ മഹാമാരിക്കാലത്ത് ഒരാശ്വാസമായി മാറുമെങ്കിൽ അതങ്ങ് കൊടുത്തേക്കുക...
എന്ന് ഉള്ളിലാരോ മന്ത്രിക്കുന്നു..
ശരിയാ...അതങ്ങ് കൊടുത്തു..
പ്രിയരെ..നിങ്ങളാൽ കഴിയുന്ന സംഖ്യ അതെത്രയുമാകട്ടെ..ദുരിതാശ്വാസനിധിയിലേക്ക് നൽകുക..അതിജീവനത്തിനായ് പൊരുതുന്ന കേരളജനതക്ക് താങ്ങും തണലുമാകുക..
#stay@home#Brake the chian #Donate CMDRF
Related Posts with Thumbnails

On 2020, മേയ് 23, ശനിയാഴ്‌ച 0 comments
Bookmark and Share


പള്ളിയിൽ പോകാൻ സാധിക്കാത്ത- ജുമാനമസ്കാരം ഇല്ലാത്ത- ഇഅതിഖാഫില്ലാത്ത- കൂട്ടമായുള്ള തറാവീഹ് ഇല്ലാത്ത- പ്രാർത്ഥനാസദസ്സുകൾ ഇല്ലാത്ത ഒരു റമളാൻ കടന്ന് പോയി...അസംഭവ്യം എന്ന് കരുതിയിരുന്ന പലതും സംഭവിക്കുന്ന കാഴ്ചകൾ ,അനുഭവങ്ങൾ കണ്ട് നെടുവീർപ്പിടാൻ മാത്രമേ കഴിയുകയുള്ളൂ...
ഒടുവിൽ ദാ പെരുന്നാൾ നമസ്കാരത്തിനായ് ഒത്ത് കൂടാനാവാത്ത പരസ്പരം ആലിംഗനം ചെയ്ത്- ഹസ്തദാനം ചെയ്ത് ആശംസിക്കാനാകാത്ത ഒരു ചെറിയ പെരുന്നാൾ..
പെരുന്നാളിന്റെ പേരിൽ മഹാമാരിയെ മറക്കരുത്..
ജുമാ നമസ്കാമില്ലാത്ത റംസാനു ശേഷം ഈദ് ഗാഹില്ലാത്ത പെരുന്നാളും ക്ഷമയോടെ സ്വീകരിക്കുക.. ആഘോഷങ്ങൾ വീടുകളിലൊതുങ്ങട്ടെ..
ലോക്ക് ഡൗണിൽ ഇളവുണ്ടെന്ന് കരുതി അനാവശ്യമായി പുറത്തിറങ്ങാതിരിക്കാം..മനസ്സുകൾ അകലാതെ സാമൂഹിക അകലം പാലിക്കാം..പുറത്തിറങ്ങേണ്ടി വന്നാൽ മാസ്ക് ധരിക്കാം..വിധിയുണ്ടെങ്കിൽ അടിച്ച് പൊളിയും ടൂർ പോകലും ആഘോഷങ്ങളും ഒക്കെ ഇനിയും അവസരങ്ങൾ കിട്ടും..ഇപ്പോൾ ക്ഷമയും സൂക്ഷ്മതയും ജാഗ്രതയുമാണു.. വേണ്ടത്..
ജീവിതത്തിൽ നന്മകൾ വിടരട്ടെ..ബന്ധങ്ങൾ ഊഷ്മളമാകട്ടെ..പ്രാർത്ഥനകളിൽ പരസ്പരം മറക്കാതിരിക്കാം..സ്നേഹം നിറഞ്ഞ പെരുന്നാൾ ആശംസകൾ..
-കമ്പർ -
Related Posts with Thumbnails

On 2020, മേയ് 20, ബുധനാഴ്‌ച 0 comments
Bookmark and Share


ആൾക്കാരു പോണ വഴിയിൽ അണ്ടിയും പുറത്തിട്ട് നിൽക്കാൻ നാണമില്ലേ പറങ്കിമാങ്ങേ...
ഈ ടൈപ്പ് ആൾക്കാരെ ഇപ്പോ കുറെ കാണാനുണ്ട്...സമൂഹത്തിനു മുമ്പിൽ സർവ്വ പൂച്ചും പുറത്തായി നാറി നാശകൊശമായാലും യാതൊരു ഉളുപ്പുമില്ലാതെ ഇളിച്ചോണ്ട് ബഡായി അടിച്ചോണ്ട് നിൽക്കുന്ന ഐറ്റംസ്..വല്ലാത്തൊരു തൊലിക്കട്ടി തന്നെ...കണ്ടാമൃഗവും തോറ്റ് പോകും..
Related Posts with Thumbnails

On 2020, മേയ് 16, ശനിയാഴ്‌ച 0 comments
Bookmark and Shareകൊറോണ എന്നാൽ എന്താണു ..വിശദമാക്കുക..?
ഒരഞ്ചെട്ട് കൊല്ലം കഴിഞ്ഞാൽ നാലാം ക്ലാസിലുള്ള ഒരു പരീക്ഷപേപ്പറിൽ ഇങ്ങനെ ഒരു ചോദ്യം വന്നാൽ എങ്ങനെയിരുക്കും...ദേ ഇങ്ങനിരിക്കും ഉത്തരം..
കൊറോണ എന്നത് നൂറ്റാണ്ടിലൊരിക്കൽ വരുന്ന ഒരു ഉത്സവമാണു.. .ഒരുപാട് നാളുകൾ നീണ്ട് നിൽക്കുന്നതാണു ഈ ഉത്സവം..അന്ന് ജനങ്ങൾ പുറത്തിറങ്ങാതെ ജോലിക്കൊന്നും പോകാതെ വീട്ടിലിരുന്ന് ഉത്സവത്തിൽ പങ്ക് ചേരും....വീട്ടിൽ ദിവസേന വ്യത്യസ്തയിനം ഭക്ഷണങ്ങൾ ഉണ്ടാക്കും..സ്കൂളുകൾ മാസങ്ങളോളം അവധിയായിരിക്കും..പരീക്ഷകൾ ഒഴിവാക്കി എല്ലാവരെയും ജയിപ്പിക്കും..ഷോപ്പുകളും മാളുകളും തീയേറ്ററുകളും അടച്ചിടും..എല്ലാവരും വീട്ടിലിരുന്ന് വൈകീട്ട് പാത്രം മുട്ടിയും രാത്രി ലൈറ്റുകൾ മിന്നിച്ചും ഈ ആഘോഷത്തിൽ പങ്ക് ചേരും..മാസ്ക് ധരിക്കുക എന്നത് ഈ ഉത്സവത്തിന്റെ പ്രധാന ആചാരമാണു..ഡാഡി ജോലിയൊക്കെ അവധിയെടുത്ത് വീട്ടിൽ പാത്രം കഴുകിയും നിലം തുടച്ചും കുട്ടികളെ നോക്കിയും നിൽക്കും..മമ്മി അടുക്കളയിൽ യൂ ട്യൂബ് നോക്കി പലഹാരങ്ങൾ ഉണ്ടാക്കിക്കൊണ്ടേയിരിക്കും..കുട്ടികൾ ഓൺലൈൻ ക്ലാസ് എന്നു പറഞ്ഞ് മൊബൈലിൽ കളിച്ചോണ്ടിരിക്കും..വൈകുന്നേരം ടിവിയിൽ ന്യൂസ് വായിക്കുന്നത് മുഖ്യമന്ത്രിയായിരിക്കും..
ഉത്സവങ്ങളിൽ ഏറ്റവും വലിയതും അതിഗംഭീരവുമാണു ഈ കൊറോണ ഉത്സവം..
Related Posts with Thumbnails

On 2020, മേയ് 13, ബുധനാഴ്‌ച 0 comments
Bookmark and Share


പറക്കാനാഗ്രഹിക്കുന്നവൻ ഒരിക്കലും മണ്ണിൽ ഇഴയുന്നവയുടെ കൂടെ സഹവസിക്കരുത്.
ഓരോതവണ പറന്നുയരാൻ ശ്രമിക്കുമ്പോഴും അവർ നിങ്ങളെ തടയും, നിരുത്സാഹപ്പെടുത്തും.
അത് അവരുടെ തെറ്റല്ല, അവർക്ക്‌ സാധിക്കുന്നില്ലല്ലോ എന്ന നിരാശയും നിസ്സഹായതയുമാണു..
നിങ്ങളിലെ പോരാളിയെ ഉയരങ്ങളിലേക്കെത്തിക്കണോ..
തന്നെക്കാൾ മികവും ശേഷിയും ഉള്ളവരുമായുള്ള സഹവർത്തിത്വം ഉണ്ടാക്കിയെടുക്കുക..
എന്ന് കരുതി കാര്യശേഷി കുറഞ്ഞവരെ അവഗണിക്കണമെന്നോ അവഹേളിക്കണമെന്നോ അർത്ഥമാക്കേണ്ട..
ഒരു കഥയുമില്ലാത്തവരോടു കാര്യം പറഞ്ഞ് നിങ്ങളുടെ സമയവും കർമശേഷിയും പാഴായിപ്പോകാതിരിക്കാനാണു...
ഓർക്കുക
റിവൈൻഡ് ബട്ടൻ ഡു നോട്ട് വർക്ക് ഓൺ ലൈഫ്
Related Posts with Thumbnails

On 2020, മേയ് 6, ബുധനാഴ്‌ച 0 comments
Bookmark and Shareപുതിയ തിരിച്ചറിവുകൾ, പുതിയ പാഠങ്ങൾ, ഈ കോറോണക്കാലം നമ്മെ പഠിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും ഓർമ്മപ്പെടുത്തുന്നതും അനവധി നിരവധി പൊരുളുകളാണു...
കേൾക്കുമ്പോൾ മനം കുളിർപ്പിക്കുന്നത്,,
നീറ്റലായ് എരിഞ്ഞ് പുകയുന്നത്..
ഉള്ളിൽ വിഷം കോരിയൊഴിക്കുന്നത്..
വിദ്വേഷപ്പുക പരത്തുന്നത്
ആദരപൂർവ്വം എണീറ്റ് സല്യൂട്ടടിക്കുന്നത്..
വൃത്താന്തങ്ങൾ, കേൾവികൾ ഒത്തിരി ഒത്തിരിയാണു..
ഈ കെട്ട സമയത്തും ചില മനസ്സുകളിൽ നിന്ന് വമിക്കുന്നത് ദുഷിച്ച ചിന്താഗതികളുടെ സെപ്റ്റിക്ക് ദുർഗന്ധമാണെങ്കിൽ
ചില മനസ്സുകൾ അനേകായിരങ്ങളുടെ മനസ്സുകളിലേക്കും ജീവിതങ്ങളിലേക്കും അത്തറിനേക്കാൾ പൊലിമയുള്ള സുഗന്ധം പരത്തിക്കൊണ്ടേയിരിക്കുന്നതാണു..
സഹാനുഭൂതിയുടെ സുഗന്ധം,
സഹജീവിസ്നേഹത്തിന്റെ സുഗന്ധം..,
സഹൃദയമനസ്സിന്റെ സ്നേഹസുഗന്ധം..
കയ്യിലുള്ളത് അപരന് വീതിച്ച് കൊടുത്ത് അശരണർക്ക് അത്താണിയായി മാറുന്ന ഇത്തരം നന്മമരങ്ങളുടെ തണൽ , അതിങ്ങനെ സൗരഭ്യം പരത്തി വിരിച്ച് നിൽക്കുന്ന പുണ്യം..
അതൊന്ന് കൊണ്ട് മാത്രമാവാം ഒരു പക്ഷേ എത്ര മഹാമാരികൾ വന്നിട്ടും മഹാദുരന്തങ്ങൾ വന്നിട്ടും മുച്ചൂടും നശിച്ചൊടുങ്ങിപ്പോകാതെ ഈ നാടിനു തലയുയർത്തി പിടിച്ച് നിൽക്കാനാവുന്നത്....
കോവിഡും അതിനോടനുബന്ധിച്ച് വന്ന ലോക്ക് ഡൗണും ചെറിയ അസ്വാരസ്യങ്ങളൊന്നുമല്ല സമൂഹത്തിൽ സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്,
ഒരുപാട് പണം നീക്കിയിരിപ്പുള്ളവർക്ക് ഇതൊന്നും ഒരു പ്രശ്നവശാലുള്ള സംഗതി ആയിക്കൊള്ളണമെന്നില്ല.
തീരെ ഗതിയില്ലാത്ത പാവങ്ങളെ സഹായിക്കാൻ സംഘടനകളും പാർട്ടികളും സജീവമായി മുന്നിലുണ്ട് താനും..നല്ല കാര്യം, അഭിനന്ദനങ്ങൾ..
എന്നാൽ ഇതിനു രണ്ടിനും ഇടയിൽ പെട്ട് പോയ ഒരു വിഭാഗമുണ്ട്, ഇടത്തരക്കാർ, ആ ഗണത്തിൽ പെടുന്നതാവട്ടെ ഏറിയ പങ്കും നമ്മുടെ നാട്ടിലെ പ്രവാസികുടുംബങ്ങളാണു..
‘പ്രവാസികൾ’ കുറേ നാളുകളായി മഹാഭൂരിഭാഗത്തിനും തൊഴിലില്ല, ഉള്ളവർക്കാകട്ടെ ശമ്പളം കിട്ടുന്നില്ല, കിട്ടുന്നവർക്കാകട്ടെ നാട്ടിലേക്ക് അയക്കാനും പറ്റുന്നില്ല,
പുറമേക്ക് നോക്കുമ്പോൾ തരക്കേടില്ലാത്ത വീടും പത്രാസും ഒക്കെ ഉണ്ടാവും...അത് കൊണ്ട് തന്നെ സഹായ കിറ്റ് വിതരണക്കാരുടെ ലിസ്റ്റിൽ അവരുടെ പേരു കാണില്ല....
ഒരു പക്ഷേ ആ വീട്ടിൽ അടുപ്പെരിയുന്നുണ്ടാവില്ല..കുഞ്ഞ് മക്കൾക്ക് രുചിയോടെ വല്ലതും ഉണ്ടാക്കിക്കൊടുത്തിട്ട് ദിവസങ്ങളായിക്കാണും..അതൊന്നും ആരും അന്വേഷിക്കാൻ മിനക്കെടാറുമില്ല.
ഇത്രയും കാലം ബന്ധുക്കാർക്കും നാട്ടുകാർക്കും സഹായങ്ങളും പിരിവുകളും അങ്ങോട്ട് കൊടുത്ത് പരിചയിച്ചവർക്ക് ഇപ്പോൾ മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടി ചെല്ലാനും വയ്യ.. വല്ലാത്തൊരു ധർമ്മസങ്കടം തന്നെ…
അത്തരമൊരു വിഷമഘട്ടത്തിൽ അവർക്ക് വേണ്ട സഹായ-സഹകരണങ്ങൾ എത്തിച്ച് കൊടുക്കാൻ ഒരു സംവിധാനം ഉണ്ടായിരുന്നെങ്കിൽ.. …. ആരെങ്കിലുമൊന്ന് മുന്നിട്ട് വന്നിരുന്നുവെങ്കിൽ അതെത്ര മാത്രം ആ കുടുംബങ്ങൾക്ക് ആശ്വാസകരമാകും….മുങ്ങിച്ചാവാൻ പോവുന്നവനു കച്ചിത്തുരുമ്പ് കിട്ടിയ പ്രതീതിയാകും…
അവിടെയാണു മലപ്പുറം ചട്ടിപ്പറമ്പിൽ പ്രവർത്തിക്കുന്ന മലയിൽ ഫുഡ്പാർക്കിന്റെ കീഴിലുള്ള മലയിൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനം ഉദാത്തവും മഹത്തരവുമാകുന്നത് ..
ആളും ആരവുമില്ലാതെ കൊട്ടിഘോഷങ്ങളില്ലാതെ ഫോട്ടോപിടുത്തവും പരസ്യപ്പെടുത്തലുകളുമൊന്നുമില്ലാതെ “ ഒരു കൈ കൊടുക്കുന്നത് മറ്റേ കൈ പോലും അറിയാൻ പാടില്ല” എന്ന തത്വം പാലിച്ച് അതീവരഹസ്യമായുള്ളൊരു സഹായവിതരണം..…..ദിനേനെ നൂറുകണക്കിനു കുടുംബങ്ങളിലേക്ക് അത്യാവശ്യം വേണ്ട പച്ചക്കറികളും പലചരക്ക് സാധനങ്ങളും അടങ്ങിയ കിറ്റ്....’സഹാനുഭൂതിയുടെ തലോടൽ’ അതിങ്ങനെ തുരുതുരെ വാഹനങ്ങളിൽ കയറി പോയിക്കൊണ്ടിരിക്കുന്നു..…
കേട്ടപ്പോൾ അതിരില്ലാത്ത സന്തോഷം തോന്നി,
ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രവാസികൾ ശരിക്കും പെട്ട് പോയവർ ..,
അവിടത്തെ ഭരണകൂടത്തിനും വേണ്ട ,
ഇവിടുത്തെ ഭരണകൂടവും വേണ്ട സംവിധാനങ്ങളൊരുക്കുന്നില്ല,
രോഗഭീതിയാണെങ്കിലോ ചുറ്റിലും കിടന്ന് നൃത്തമാടുകയും ചെയ്യുന്നു..
ജോലിയുമില്ല, കൂലിയുമില്ല, നാട്ടിലാണെങ്കിൽ കുടുംബം പട്ടിണീയിലും..
ആലംബഹീനർ..ആർക്കും വേണ്ടാതായവർ..
അത്തരം പ്രവാസികുടുംബങ്ങലുടെ ദൈന്യത ഉൾക്കൊണ്ട് അവരുടെ അഭിമാനത്തിനു ക്ഷതം സംഭവിക്കാതെ സഹായമെത്തിച്ച് സഹാനുഭൂതിയുടെ സുഗന്ധം പരത്തുന്ന ആ വലിയ മനസ്സ് അതൊന്ന് പരിചയപ്പെടുത്തണമെന്ന് തോന്നി....
അധികമാർക്കും ഇല്ലാത്തതും അത്തരമൊന്നാണല്ലോ...
എത്ര പുകഴ്ത്തിയാലും മതിയാവില്ല.. കോവിഡ് കാലത്തെ “നന്മമരം” മലയിൽ ഫുഡ് പാർക്കിന്റെ അമരക്കാരൻ ശ്രീ: മുഹമ്മദ് ഗദ്ധാഫിക്ക് ഹൃദയാങ്കുരങ്ങളിൽ നിന്ന് ഒരായിരം അഭിനന്ദനങ്ങൾ അർപ്പിക്കുന്നു... ഒപ്പം മലയിൽ സ്ഥാപനങ്ങളിലെ മുഴുവൻ ജീവനക്കാർക്കും സഹകാരികൾക്കും അഭിവാദ്യങ്ങൾ അർപ്പിക്കുന്നു..
ഹൃദയവിശാലതയുടെ പര്യായമായി അതുല്യമായ കാരുണ്യഹസ്തം നീട്ടി ഈ സമൂഹത്തിനു മേൽ സഹജീവി സ്നേഹത്തിന്റെ ഹൃദ്യസുഗന്ധം പൊഴിച്ച് ഇനിയുമേറെക്കാലം തണൽ വിരിച്ച് നിൽക്കാൻ ഈ നന്മമരങ്ങൾക്ക് സാധിക്കുമാറാകട്ടെ എന്ന പ്രാർത്ഥന മാത്രം..
നന്ദി.
Related Posts with Thumbnails

Related Posts with Thumbnails