ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2020, ജൂൺ 27, ശനിയാഴ്‌ച 0 comments
Bookmark and Shareപ്രിയരെ..
ഇത് ജയ്സ് എന്ന് ഞങ്ങൾ വിളിക്കുന്ന ശ്രീ: മുഹമ്മദലി, എന്റെ പ്രിയ സുഹൃത്ത്, ഞാനെഴുതുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ വായിക്കുകയും കൃത്യമായി വിശകലനം ചെയ്ത് അഭിപ്രായം പറയുകയും ചെയ്യുന്ന അസുലഭ വ്യക്തിത്വം..
നീണ്ട പ്രവാസ ജീവിതത്തിന്റെ അവസാനം ഇപ്പോൾ നാട്ടിൽ സെറ്റിൽ ആയിരിക്കുന്നു..ഒരിക്കൽ അദ്ധേഹത്തിന്റെ ഓട്ടോയിൽ നിന്നും ഒരു നോട്ട് ബുക്ക് എടുത്ത് എനിക്ക് കാണിച്ച് തന്നു, അതിൽ നിറയെ കുനെ കുനെ എഴുതിയിരിക്കുന്നു,… ഞാനവ സൂക്ഷിച്ച് നോക്കി..ഹൃദ്യമായ രീതിയിൽ കുറിച്ച് വെച്ചിരിക്കുന്ന അക്ഷരത്തുണ്ടുകൾ…സത്യം പറഞ്ഞാൽ ഞെട്ടിപ്പോയി…നല്ല ഒന്നാന്തരം ഭാഷയിൽ ഹൃദയം തൊടുന്ന വരികൾ…എനിക്ക് കാണാൻ വേണ്ടി മാത്രം തന്ന ആ വരികളിൽ ഒന്ന് ഞാൻ വായനക്കാർക്കായി ഇവിടെ പങ്ക് വെക്കുന്നു..
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളും ആ സാഹിത്യകുതുകിക്ക് ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു..
പ്രിയ സുഹൃത്തെ..അറിയാൻ വൈകിപ്പോയി..നിങ്ങളിലെ കഴിവുകൾ ലോകം അറിയട്ടെ..ഇനിയും ഇനിയുമിനിയും എഴുതുക…സർവ്വശക്തൻ ആയിരാരോഗ്യവും ദീർഘായുസ്സും പ്രദാനം ചെയ്യുമാറാകട്ടെ..എല്ലാവിധ ആശംസകളും നേരുന്നു…
അന്നൊരു മഴയിൽ ( ബാല്യകാല ഓർമ്മകൾ )
……………………………………………….
വാനിൽ മുകിലുകൾ തിങ്ങി നിറഞ്ഞു
നോക്കിയിരുപ്പൂ വാനിലേ ചന്തം
പല പല രൂപങ്ങൾ നർത്തനമാടി
പറന്നകലും മുകിൽ പാളികളും
സായാഹ്നത്തിൽ വെയിൽ ചാഞ്ഞാടി
തുമ്പികളകിലം പാറി നടപ്പൂ
അത്തുമ്പികളെ കൊത്തിയെടുക്കാൻ
കുഞ്ഞിക്കുരുവികൾ പാറിനടപ്പൂ..
സൂര്യമാമനേ നീ എങ്ങോ പോയി
മുകിലുകൾ നിന്നെ പാത്തു വെച്ചോ
മങ്ങിയ നിഴലുകൾ എങ്ങും പരന്നു
ദൂരെ മഴയുടെ വരവത് ഇരമ്പൽ നാദം .
അഴയിൽ ചാർത്തിയ ആടകൾ എല്ലാം
പെറുക്കിയെടുത്തു ധൃതിയിൽ പലരും
പൊടുന്നനെയൊരു കാറ്റ് വീശിയടിച്ചു
കലിയിളകി തിമിർത്ത് ആഞ്ഞടിച്ചു..
പിടിവിട്ട് വീണതാ മുറ്റത്തേ പപ്പായത്തൈ
പെറുക്കിയെടുത്തു പപ്പായക്കുഞ്ഞുങ്ങളെ ഞാൻ
മിന്നൽ ഖഡ്ഗം വാനിൽ ചിത്രം വരച്ചു
ഇടിയുടെ ശബ്ദം എങ്ങും മുഴങ്ങിക്കേട്ടു
മാരിമുത്തുകൾ വന്നാഞ്ഞ് പതിച്ചു
ഓലപ്പുരയിൽ പടപടനാദം
കൂലം കുത്തിയൊഴുകിയ വെള്ളം
വരമ്പുകൾ മുറിച്ച് പാഞ്ഞൊഴുകി
മുറ്റത്തെ വെള്ളത്തിൽ കുമിളകൾ പൊങ്ങി
വരിവരിയായത് നീന്തിത്തുടിച്ചു
കടലാസ് തോണി ഞാൻ വെള്ളത്തിലിട്ടു
പുതുമഴയിൽ ഞാനത് തുഴഞ്ഞ് നനഞ്ഞു..
എന്തൊരു രസമാണു, എന്തൊരു ഹരമാണു
എൻ ബാല്യകാലം ഓർത്തു രസിക്കാൻ..
Related Posts with Thumbnails

On 2020, ജൂൺ 24, ബുധനാഴ്‌ച 0 comments
Bookmark and Shareചരമകോളം ഫ്രണ്ട് പേജാക്കിയ മാധ്യമം..ഒരു കാര്യം പറയാതെ പറഞ്ഞ് വെക്കുന്നു..ഒരു പക്ഷേ ആ ഫോട്ടോയിലുള്ളവർ കേരളത്തിലെത്തിയിരുന്നുവെങ്കിൽ അവർക്ക് ജീവൻ നഷ്ടപ്പെടില്ലായിരുന്നു എന്ന്..അതേ‌.കേരളത്തിലെ ആരോഗ്യരംഗം വിശിഷ്യാ ഇവിടുത്തെ ഭരണകൂടം അത്രമാത്രം വിജയകരമായി കോവിഡിനെ പ്രതിരോധിക്കുന്നു എന്ന്...
പക്ഷേ ചിലർ ആ ഫോട്ടോയും പൊക്കിപ്പിടിച്ച് നടക്കുന്നത് ഇവിടുത്തെ ഭരണകൂടത്തെ വിമർശിക്കാനാണു... ദൗർഭാഗ്യവശാൽ ഗൾഫിൽ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മലയാളികൾ മരണപ്പെട്ടിട്ടുണ്ട്..അവരെയൊക്കെ യഥാസമയത്ത് തിരികെയെത്തിക്കാൻ കഴിയാത്തതിനു നിരവധി കാരണങ്ങളുണ്ട്..ഇവിടുത്തെ കേന്ദ്രസർക്കാറും കേരള സർക്കാറും അവിടങ്ങളിലെ സർക്കാറും അടക്കം വരുന്ന ഭരണചക്രത്തിന്റെ തീരുമാനങ്ങളുടെ, നടപടികളുടെ ഗതിവേഗക്കുറവുകളുമുണ്ട്....അതൊക്കെ മൂടി വെച്ച് എല്ലാത്തിനു കാരണം കേരള ഗവണ്മെന്റിന്റെ പിടിപ്പ് കേടാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്ന ആ അളിഞ്ഞ മനസ്സുണ്ടല്ലോ..അതിനു ഒരായിരം അധോവായു അഭിവാദ്യങ്ങൾ...
"ക്ഷീരമുള്ളൊരു അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം..'
Related Posts with Thumbnails

On 2020, ജൂൺ 23, ചൊവ്വാഴ്ച 0 comments
Bookmark and ShareDo it ,Don't Do it
Covid 19 awareness campaign
കോവിഡ് 19 മനുഷ്യരാശിക്ക് കടുത്തഭീഷണി ഉയർത്തിക്കൊണ്ടിരിക്കുകയാണു..കൃത്യമായ ഒരു പ്രതിരോധമരുന്ന് കണ്ടെത്തും വരെ ആ ഭീഷണി നിലനിൽക്കുകയും ചെയ്യും..എങ്കിലും നമുക്ക് അതിജീവിച്ചേ മതിയാകൂ..കൊറോണ വൈറസ്സിനെതിരെ ശക്തമായ പ്രതിരോധം അതൊന്ന് കൊണ്ട് മാത്രമേ നമുക്ക് വിജയിക്കാൻ കഴിയൂ..പ്രതിരോധം വ്യക്തികളിൽ നിന്ന് തുടങ്ങണം..നാമോരുത്തരും ബോധവാന്മാരാകുകയും ജാഗ്രത പുലർത്തുകയും ചെയ്യുക..അത് വഴി നമ്മുടെ വീടും കുടുംബവും നാടും നമ്മുടെ രാജ്യം തന്നെയും ഈ മഹാമാരിക്കെതിരെ വലിയൊരു പ്രതിരോധ കവചമായിത്തീരും..
കോവിഡ് 19 എത്രമാത്രം വിനാശകാരിയാണെന്ന് നാമോരുരത്തർക്കും ഉത്തമബോധ്യമുണ്ട്..അങ്ങനെയൊരു ബോധവത്കരണത്തിന്റെ ആവശ്യം ഇനി ഇല്ലേയില്ല..പക്ഷേ ബോധവാന്മാരായിട്ടും നാം അശ്രദ്ധയോടെ അലസതയോടെ ചെയ്ത് കൂട്ടുന്ന ചില തെറ്റുകളുണ്ട്..ചെയ്യരുതാത്തതും ചെയ്യേണ്ടതായിട്ടുള്ളതുമായ കാര്യങ്ങൾ
Do it , Don't Do it..
ശരിയല്ലാത്തതും ശരിയായതുമായ കാര്യങ്ങൾ ..അത്തരം കാര്യങ്ങൾ ഈ മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ നമുക്ക് വലിയ വീഴ്ചകൾ സമ്മാനിക്കും..അന്തരഫലങ്ങൾ അതിദാരുണമായിരിക്കും...നമുക്കത് തിരുത്താനായ് ശ്രമിക്കാം...
Do it , Don't Do it
മുതുവത്തുമ്മൽ ആർട്സ് & സ്പോർട്സ് ക്ലബ്ബ് (MASC) ,അതാണു ലക്ഷ്യം വെക്കുന്നത്..ഒരിക്കലും നമ്മൾ ചെയ്യരുതാത്തതായ ശീലങ്ങൾ അനുവർത്തിച്ച് കൂടാ..കൊറോണയുമായുള്ള പോരാട്ടത്തിൽ നമ്മൾ മനുഷ്യരാശിയുടെ ഒറ്റുകാരായിക്കൂടാ..
Do it, Don't Do it
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക.. https://m.facebook.com/MASC-hajiyarpally
Related Posts with Thumbnails

On 2020, ജൂൺ 20, ശനിയാഴ്‌ച 0 comments
Bookmark and Share


വെയിൽ നിന്ന് തിളക്കുന്ന ഒരു നട്ടുച്ചനേരം..അർക്കന്റെ തീ ശരങ്ങൾ ടാറിട്ട റോഡിൽ പതിച്ച് ആവിയായി മുഖത്തേക്കടിക്കുന്നു..ഹൗ...
തൊണ്ടനനക്കാൻ ഇത്തിരി സർബത്ത് കുടിക്കാലോ എന്ന് കരുതിയാണു ഞാൻ ബാബുവേട്ടന്റെ പെട്ടിക്കടയിലേക്ക് കയറിയത്...ബാബുവേട്ടൻ നമ്മുടെ സ്വന്തം ആളാണു..ദിവസം ഒരു വട്ടമെങ്കിലും ഞാനവിടെ കയറാറുണ്ട്..അത്ര വലിയ കടയൊന്നുമല്ല..അത്യാവശ്യം ചില ചെറു കടികളും ചായയും സർബത്തും കിട്ടും..അത്ര മാത്രം..
ഉള്ളം കുളിർപ്പിക്കുന്ന മാധുര്യം അന്നനാളത്തിലൂടെ അരിച്ചിറങ്ങുന്ന ആസ്വാദനലഹരിയിൽ നിൽക്കവേ ഒരു മധ്യവയസ്സ് തോന്നിക്കുന്ന ഒരാൾ വിയർത്ത് കുളിച്ച് അങ്ങോട്ടേക്ക് കയറിവന്നു..പൊടിയും വിയർപ്പും കൊണ്ട് ആകെ മുഷിഞ്ഞ ഒരു പാന്റും ഷർട്ടും..ഒരു എ.സി മുറിയിൽ കയറിയ ആശ്വാസത്തോടെ കടയിലേക്ക് കയറി അയാൾ അവിടെ കണ്ട വക്കൊടിഞ്ഞ സ്റ്റൂളിൽ തളർന്ന് വീണെന്ന പോലെ അമർന്നിരുന്നു....എവിടെയോ കണ്ട ഒരു മുഖം പോലെ.....അതെവിടെ വെച്ചാണു..? എത്ര ആലോചിട്ടും പിടി കിട്ടുന്നുമില്ല.....ഞാനയാളെ ശ്രദ്ധിക്കുന്നുണ്ട് എന്നയാൾക്ക് തോന്നിക്കാണണം....അയാൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു...ഞാൻ മനസ്സിന്റെ ഉള്ളറകളിൽ പരതുകയാണു....
എന്നാലും എവിടെ വെച്ചാണു ഞാനിയാളെ കണ്ടിട്ടുണ്ടാവുക...
കാലചക്രത്തിന്റെ പ്രയാണത്തിൽ എത്രയോ കാലങ്ങളായി ഏതൊക്കെയോ പ്രദേശങ്ങളിലൂടെ എത്രയോ മുഖങ്ങളിൽ സ്നേഹവും പകയും അസൂയയും സന്തോഷവും സന്താപവുമൊക്കെ നിറച്ച് ഞാൻ കടന്ന് പോയിട്ടുണ്ടാകും...അതിൽ ഈ മുഖത്തിനു എന്നിൽ നിന്ന് എന്താണു ലഭിച്ചിട്ടുണ്ടാവുക...മനസ്സിന്റെ ഹാർഡ് ഡ്രൈവിനകത്ത് സേവ് ചെയ്യപ്പെട്ട മുഖങ്ങൾക്കൊന്നും ഇയാളുമായി ഒരു സാമ്യവും കിട്ടുന്നില്ലല്ലോ...എന്നാലും എവുടെയൊക്കെയോ വെച്ച് കണ്ട പോലെ ഒരു വല്ലാത്ത ഫീൽ...ഇല്ല...ഇയാൾ എനിക്ക് പരിചയമുള്ള ആരോ ആണു...ഒരു പക്ഷേ എന്റെ ഓർമ്മകൾക്ക് മങ്ങലേറ്റതാവാം...ഞാൻ ഓരോന്ന് ആലോചിച്ച് കൊണ്ടിരിന്നു..
ഇതിനിടക്ക് അയാൾ പോക്കറ്റിൽ പരതുന്നതും കയ്യിൽ തടഞ്ഞ ഒരു ചുളിഞ്ഞ പത്ത് രൂപ നോട്ട് ശ്രദ്ധയോടെ നീട്ടി ഒരു ചായ വാങ്ങിക്കുടിക്കുന്നതും കണ്ടു...ബാക്കി വന്ന മൂന്ന് രൂപ സസൂക്ഷ്മം എണ്ണി നോക്കി ഭവ്യതയോടെ പോക്കറ്റിൽ നിക്ഷേപിക്കുന്ന തും കണ്ടപ്പോൾ ആളിത്തിരി സാമ്പത്തിക പ്രശ്നത്തിലാണു എന്ന് മനസ്സിലായി...അതോ അറുത്ത കൈക്ക് ഉപ്പ് തേക്കാത്ത പിശുക്കാണോ...അല്ല..അങ്ങനെയും ഉണ്ടല്ലോ ആളുകൾ...
ചായയുംകുടിച്ച് ആശ്വാസത്തോടെ അവിടെ സ്വല്പനേരമിരുന്ന് അയാൾ ഒരു ദീർഘനിശ്വാസം വിട്ട് എണീറ്റ് ആ തിളയ്ക്കുന്ന വെയിലിലേക്കിറങ്ങി വേഗത്തിൽ നടന്ന് പോയി...അയാൾ നടന്ന് പോയവഴിയിലൂടെ നോക്കിനിന്നപ്പോ വീണ്ടും മനസ്സിനകത്തൊരു ആന്തൽ...ഇയാളെ ഞാനെവിടെയോ കണ്ടിട്ടുണ്ടല്ലോ....
ചില സംശയങ്ങൾ അങ്ങനെയാണു...അത് തീർന്ന് കിട്ടിയില്ലെങ്കിൽ പിന്നെ ഒരു സ്വസ്ഥതയുമുണ്ടാകില്ല..
" അല്ല ബാബുവേട്ടാ..ആ പോയ ആളെ ഇങ്ങക്കറിയോ..."
കടക്കാരനറിയാവുന്ന ആരെങ്കിലുമാണോ എന്നറിയണമല്ലോ...
" ആ..പിന്നേ...അയാളു ആ ഹോട്ടലിനു മുന്നിൽ ഊണു റെഡി എന്ന ബോർഡും പിടിച്ച് നിക്കണ ആളല്ലേ..അറിയാം.."
കുറച്ചപ്പുറത്തുള്ള അത്യാവശ്യം വലിയ സെറ്റപ്പുള്ള ഹോട്ടലിലേക്ക് വിരൽ ചൂണ്ടി ബാബുവേട്ടൻ പറഞ്ഞു..
" അയാളെ സമ്മതിക്കണം...ഈ ജാതി പൊരിവെയിലത്ത് അയാൾ അവിടെ റോട്ടരികിൽ ബോർഡും പിടിച്ച് നിക്കണണ്ടല്ലോ...നിവൃത്തികേട് കൊണ്ട് തന്നെയായിരിക്കും.."
ബാബുവേട്ടന്റെ വാക്കുകളിൽ സഹതാപം നിഴലിക്കുന്നു..
" അല്ല...ഹോട്ടലിൽ പണിയെടുക്കുന്ന ആളല്ലേ...അപ്പോ അയാൾക്ക് ഫുഡും അവിടുന്ന് കിട്ടൂലേ...പിന്നെ എന്തിനാണു അയാൾ ഇത്ര ദൂരം നടന്ന് വന്ന് ചായ കുടിക്കുന്നു.."
പെട്ടെന്ന് എന്നിലുരിത്തിരിഞ്ഞ സംശയം വാക്കുകളായി പുറത്ത് ചാടി..
"അതേ..ഈ സംശയം എനിക്കും ഉണ്ടായതാ...ഞാനയാളോട് ഒരിക്കൽ ചോദിക്കേം ചെയ്തു..."
"എന്നിട്ട്"
എനിക്കാകാംക്ഷയേറി..
" അയാളു പറയാ..അയാൾക്കവിടുന്ന് ഫുഡൊന്നും കൊടുക്കൂലാത്രേ...വൈകുന്നേരം വരെ‌ ബോർഡ് പിടിച്ച്‌നിന്നാ മുന്നൂറു രൂപ കൊടുക്കും..ആ ഹോട്ടലിലെ ഒരു ഊണിനു മാത്രം അതിലേറെ വിലയുണ്ട് പോലും...അതും കൊടുത്ത് ഭക്ഷണം കഴിച്ചാ പിന്നെ എന്താ ബാക്കിയുണ്ടാവുക...അതോണ്ട് ഉച്ചക്ക് ഇവിടെ വന്ന് ഒരു കാലിച്ചായ കുടിച്ച് വിശപ്പടക്കുന്നു..."
ബാബുവേട്ടൻ പറഞ്ഞ് നിർത്തി..
ഞാനാകെ ഞെട്ടിത്തരിച്ച് നിൽക്കുകയാണു..വെറും മുന്നൂറ് രൂപക്ക് വേണ്ടി പൊരിവെയിലത്ത് അടിച്ച് വീശുന്ന പൊടിമണ്ണും വാഹനങ്ങളുടെ പുകയും ശ്വസിച്ച് ബോർഡും പിടിച്ച് നിൽക്കുന്ന ആ ഒരു രംഗം..ഹൗ.. സിനിമാ ട്രെയിലർ കണക്കെ എന്റെ മനസ്സിലൂടെ പാഞ്ഞു...
" ..ആ ഹോട്ടലുകാരു എന്ത് മനുഷന്മാരാ അല്ലേ...വല്ല്യ പത്രാസൊന്നും വേണ്ട...ഇത്തിരി ചോറും കറിയെങ്കിലും ആ പാവത്തിനു കൊടുത്തൂടെ....അല്ലേ ബാബുവേട്ടാ.."
" ഓലു വല്ല്യ ബിസിനസ്സുകാരല്ലേ...വല്ല്യ പൈസക്കാരായി വിലസണ ചിലർക്ക് പട്ടിണി കിടക്കുന്നവന്റെ വേദനയറിയോ..വിശപ്പിന്റെ വിലയറിയോ...എവടെ...അയിനു ജീവിതത്തിലെന്നെങ്കിലും ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കി ശീലമില്ലല്ലോ..."
ബാബുവേട്ടന്റെ സങ്കടവും ദേഷ്യവുംകലർന്ന വാക്കുകൾ...
" അങ്ങനെ പറയരുത് ബാബുവേട്ടാ..തെറ്റ് അയാളുടെ ഭാഗത്തും ഉണ്ട്...ഇത് പോലെ ചെറ്റത്തരം കാണിക്കുന്ന ആ കടയിൽ പിന്നെയുമെന്തിനു കഷ്ടപ്പെട്ട്‌ജോലി ചെയ്യണം..അയാൾക്ക് വേറെ വല്ല പണിയും നോക്കിക്കൂടേ..."
" അത് ഞാനും ആലോചിച്ചതാ...പക്ഷേ അയാളെ കാണുമ്പോ അയാളുടെ കോലം കാണുമ്പോ ഞാനതങ്ങ് മറക്കും...അനക്കറിയോ..ഇവിടെ വന്ന് ചായകുടിക്കുന്നതിനു ഞാനയാളോട് കാശ് ചോദിക്കാറില്ല...ആദ്യമൊക്കെ വേണ്ടാന്ന് തന്നെ പറഞ്ഞിരുന്നു...പക്ഷേ അയാളു നിർബന്ധിച്ച് തരും...എന്നിട്ട് പറയും..എന്റെ കുടുംബം പോറ്റാനാ ഞാനീ കഷ്ടപ്പെടുന്നത്... നിങ്ങൾക്കിത് വിറ്റ് കിട്ടീട്ട് വേണം നിങ്ങളെ കുടുംബം പുലർത്താൻ...പിന്നെ എന്തിനാണൊരു പുകിലു...അല്ലെങ്കിലും വെർതേ കിട്ടണ ഒന്നും തിന്ന് ശീലമില്ല...അതോണ്ടാട്ടോ......ന്ന്.."
അതും കൂടി കേട്ടപ്പോ എന്റെ മനസ്സ് ആകെയൊന്ന് ആടിയുലഞ്ഞു...ഏതെല്ലാം ടൈപ്പ് മനുഷ്യന്മാരാണീ ലോകത്ത്.....ഒരാൾ ഒരു നേരത്തെ ഭക്ഷണം പോലും കൊടുക്കാതിരിക്കുന്നു.....വേറൊരാൾ കൊടുക്കുന്ന ഭക്ഷണത്തിനു കാശ് വേണ്ടാന്ന് പറയുന്നു......പട്ടിണീ കിടന്നാലും ഓസിനു കിട്ടുന്ന ഭക്ഷണം വേണ്ടാന്ന് പറയുന്നു.....ഹൗ....
എന്ത് വന്നാലും അയാളെ ഒന്ന് പരിചയപ്പെടണം.....ഞാനുറപ്പിച്ചു...സാധ്യമാകുമെങ്കിൽ കുറച്ച് കൂടി മെച്ചപ്പെട്ട ഒരു ജോലി അയാൾക്ക് സംഘടിപ്പിച്ച് കൊടുക്കണം...
അവിടുന്ന്‌ യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ ഒരു പാട് ചിന്തകളായിരുന്നു മനസ്സിൽ ഉരുണ്ട് മറിഞ്ഞ് കൊണ്ടിരുന്നത്...
Related Posts with Thumbnails

On 2020, ജൂൺ 18, വ്യാഴാഴ്‌ച 0 comments
Bookmark and Shareഒരു‌ ചിറകറ്റു പോയ പക്ഷി..
അതിനെത്രമാത്രം പറന്നുയരാൻ കഴിയും..
എന്നാൽ രണ്ട് ചിറകുള്ള പക്ഷിയോ.. സാധ്യമാകുന്ന അത്രയും ഉയർന്ന് പറക്കാൻ അതിനാവും..അല്ലേ
ഞാനും ഇത് വായിക്കുന്ന നിങ്ങളും അത് പോലെയൊക്കെ തന്നെയാണു..
ജ്ഞാനം, കർമ്മം ഇവയാണു നമ്മുടെ രണ്ട് ചിറകുകൾ, ഇവ രണ്ടും ഒത്ത് ചേർന്ന് പ്രവർത്തിക്കുമ്പോൾ നമുക്ക് കീഴടക്കാനാകാത്ത ഉയരങ്ങളില്ല...എന്നറിയുക..
Related Posts with Thumbnails

On 2020, ജൂൺ 16, ചൊവ്വാഴ്ച 0 comments
Bookmark and Shareമലപ്പുറം ജില്ല..
പിറന്ന് വീണീട്ട് ഇന്നേക്ക് 51 വർഷം..
എന്ന് വെച്ചാ മുതു മുത്തച്ഛനായി.. ..
പക്ഷേ ..ജില്ല ഇന്നും ശൈശവ ദശയിൽ നിന്ന് കൗമാരത്തിലേക്ക് പിച്ചവെക്കുന്നേയുള്ളു…വളർച്ച അത്രക്കങ്ങ് പോരാ..ഒരു ഉണർവ്വും ഉഷാറും കിട്ടാത്ത പോലെ..
മറ്റ് ജില്ലകൾ വേണ്ടുവോളം പോഷകാഹാരങ്ങളും ബൂസ്റ്റും ഹോർലിക്സും കോംപ്ലാനും ഒക്കെ കഴിച്ച് വളർന്ന് തുടു തുടുത്ത കുട്ടപ്പന്മാരായി ഓടിച്ചാടി നടക്കുമ്പോൾ നമ്മടെ മലപ്പൊറം…… അർഹതപ്പെട്ടത് പോലും കിട്ടാതെ തഴയപ്പെട്ട് അവഗണനയാൽ മാറ്റിനിർത്തപ്പെട്ട്… സങ്കടക്കണ്ണീരു തുടച്ച് ഏന്തിവലിഞ്ഞ് നടന്ന് കിട്ടിയ എച്ചിലും നുള്ളിപ്പെറുക്കി പശിയടക്കി ആശയടക്കി എല്ലും തോലും പരുവമായിപ്പോയി..
അതിനിടയിലാണു വർഗ്ഗീയതയും വിദ്വേഷവും പരത്തുന്ന ഏഷണി പറച്ചിലുകളും കൊണ്ട് ചില കൊണാണ്ട്രന്മാരുടെ വരവ്…അല്ലെങ്കിലേ ഇടിവെട്ടേറ്റിരിക്കുവാ..അതിനിടയിൽ പാമ്പും കൂടി കടിച്ചാൽ……
സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ഈയടുത്ത കാലത്തായി ചില മാറ്റങ്ങളൊക്കെ കാണുന്നുണ്ട്..മലപ്പുറത്തെ കാണുമ്പോൾ ചില ഉഷാറും ഉന്മേഷവും ഒക്കെ പ്രകടമാകുന്നുണ്ട്….
വെട്ടിത്തിളങ്ങുന്ന വെള്ളിയരഞ്ഞാണം പോൽ റോഡുകളും പാലങ്ങളും ചുറ്റിപ്പിണഞ്ഞ് കിടന്ന് മൊഞ്ച് കൂട്ടുന്നുണ്ട്..
ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും വ്യവസായ മേഖലയിലും അത്തറിൻ സുഗന്ധം വീശും പോൽ മാറ്റങ്ങളതിവേഗം നേട്ടങ്ങളിലത്യുന്നതം വിരാജിക്കുന്നുണ്ട്…
സർവ്വോപരി വളയിട്ട കൈകൾ വെച്ച നെയ്ച്ചോറിന്റെയും വറുത്തരച്ച കോഴിക്കറിയുടെയും മണം പരക്കും പോൽ ഈ നാടിന്റെ മതമൈത്രിയും സാഹോദര്യവും സമാധാനവും ലോകമെങ്ങും പരക്കുന്നുമുണ്ട്..
അതിന്റെയൊക്കെ ഗരിമയിൽ , തെളിമയിൽ മലപ്പുറം, മാപ്പിളഗാന ഇശലുകൾ മൂളി ഒപ്പനതാളത്തിലാടി പുഞ്ചിരി തൂകി തലയുയർത്തി നെഞ്ച് വിരിച്ച് നില്പുണ്ട്..അതങ്ങനെ അഭംഗുരം തുടർന്ന് കിട്ടിയാ മതിയായിരുന്നു..
ബൈ ദ ബൈ..
മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ മലപ്പുറം… ഹാപ്പി ബർത്ത് ഡേ മലപ്പുറം
Related Posts with Thumbnails

On 2020, ജൂൺ 10, ബുധനാഴ്‌ച 0 comments
Bookmark and Shareഅനന്തരം ഞാൻ എന്നോട് അരുൾ ചെയ്തു..അധ്യായം 4 സൂക്തം ഇരുപത്
മകനേ...നീ വിമർശനങ്ങളെ ക്ഷമയോടെ സ്വീകരിക്കണം...ആരെങ്കിലും നന്മചെയ്താൽ പിശുക്കില്ലാതെ പ്രശംസിക്കണം..
പോരായ്മകളെ സ്വകാര്യമായി തിരുത്തണം.
മുൻവിധികളില്ലാതെ സഹവസിച്ചും
അതിരുകളില്ലാതെ സ്നേഹിച്ചും
എല്ലാവരിലും നല്ല ഓർമ്മകൾ ബാക്കിയാക്കാനായാൽ
അത് തന്നെയാണ് നിന്റെ ഏറ്റവും വലിയ വിജയം..
ഇത്രയും കേട്ട ശേഷം ഞാനെന്റെ കാതുകൾ കൊട്ടിയടച്ചു..ഹൃദയവാതിൽ താഴിട്ട് പൂട്ടി ..
കേട്ടല്ലോ..കണ്ടല്ലോ...
ഇതാണെന്റെ ഹിഡൻ അജണ്ട..
ഇതില്പരം എനിക്ക് ഒന്നും പറയാനില്ല..
നിങ്ങളെന്ത് കരുതിയാലും എനിക്ക് പുല്ലാണു...
സോ..
താനിർ ഹേപിനിസി കോർസുൻ..
Related Posts with Thumbnails

On 2020, ജൂൺ 5, വെള്ളിയാഴ്‌ച 0 comments
Bookmark and Shareലോക പരിസ്ഥിതിദിനം..
JUNE 5
MASC proudly presents..
Home Oxygen Parlour (HOP), Challenge
ശരാശരി പത്ത് പേർക്ക് ശ്വസിക്കാനാവശ്യമായ ഓക്സിജൻ ഒരു ദിനം ഒരു വൃക്ഷം പുറത്ത് വിടുന്നുണ്ടത്രേ....അതും ശുദ്ധമായ ഓക്സിജൻ..അനിയന്ത്രിതമായ രീതിയിലുള്ള നശീകരണം മൂലം അന്തരീക്ഷം മൊത്തം മാലിന്യപൂരിതമാകുമ്പോൾ ശുദ്ധമായ ഓക്സിജനും ഇപ്പോൾ വില്പനച്ചരക്കായി മാറിയിരിക്കുന്നു..വലിയ പണം കൊടുത്ത് ഉള്ളവൻ ആഡംബര ഓക്സിജൻ പാർലറുകളിൽ ഇരുന്ന് ശുദ്ധവായു ആസ്വദിക്കുന്ന കാലമാണിത്..അത്രയും പണമില്ലാത്തവനോ…
"HOP" നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ഒരു ഓക്സിജൻ പാർലർ സ്ഥാപിക്കാം....നമുക്ക് വേണ്ടി, നമ്മുടെ കുടുംബത്തിനു വേണ്ടി,നാടിനു വേണ്ടി, വരും തലമുറക്ക് വേണ്ടി…ഓരോ വീട്ടിലും ഒരു വൃക്ഷം, അഥവാ ഒരു ഓക്സിജൻ പാർലർ ..
MASC will challenge you.. Home oxygen parlour (HOP) challenge..
ഈ ജൂൺ അഞ്ചിനു നിങ്ങളുടെ വീട്ടിൽ ഒരു വൃക്ഷത്തൈ നടാനുള്ള ചലഞ്ച്..
ഏറ്റവും കൂടുതൽ വൃക്ഷത്തൈകൾ നടാനുള്ള ചലഞ്ച്..
നട്ട വൃക്ഷത്തൈയുടെ കൂടെ ഒരു സെൽഫിയെടുത്ത് ഞങ്ങൾക്കയക്കാനുള്ള ചലഞ്ച്..
നട്ടവൃക്ഷത്തൈകൾ പരിപാലിക്കുന്നതിനുള്ള ചലഞ്ച്..
നിങ്ങളെ കാത്തിരിക്കുന്നത് ആകർഷകമായ മൊമന്റോകൾ, സർട്ടിഫിക്കറ്റുകൾ, സമ്മാനകിറ്റുകൾ, etc...
പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ..
പങ്കെടുക്കൂ..സമ്മാനങ്ങൾ കരസ്ഥമാക്കൂ...
തയ്യാറായിരിക്കൂ..നിങ്ങളുടെ സെൽഫികൾ ഈ +91 99468 12311 നമ്പറിൽ വാട്ട്സാപ്പ് ചെയ്യൂ..
സൗജന്യമായി‌ വൃക്ഷത്തൈകൾ ആവശ്യമുള്ളവർ മാസ്ക് ക്ലബ്ബുമായി‌ ബന്ധപ്പെടുക..+919946812311, +918086721780,9747640403
നിബന്ധനകൾ:
1. ജൂൺ 5 പരിസ്ഥിതി ദിനത്തിൽ രാവിലെ 6 മണി മുതൽ രാത്രി 12 മണിവരെയുള്ള സെൽഫികൾ മാത്രമേ മത്സരത്തിനു സ്വീകരിക്കുകയുള്ളൂ..
2. മലപ്പുറം മുനിസിപ്പൽ പരിധിയിൽ താമസിക്കുന്ന ഏവർക്കും ഈ മത്സരത്തിൽ പങ്കെടുക്കാം..
3. ഒരാൾക്ക് എത്ര തൈകൾ വേണമെങ്കിലും നടാം, ഓരോന്നും നമ്പറിട്ട് വ്യത്യസ്ത സെൽഫി ഫോട്ടോകളായി അയക്കണം.. നിങ്ങളുടെ സെൽഫികൾ മാസ്കിന്റെ ഫേസ്ബുക്ക് പേജ്, ഗ്രൂപ്പ് വഴി പ്രസിദ്ധപ്പെടുത്തുന്നതായിരിക്കും..
4. ഫോട്ടോയുടെ കൂടെ പേരു, പൂർണ്ണമായ വിലാസം , ഫോൺ നമ്പർ എന്നിവ കൃത്യമായി എഴുതി അയക്കണം..
5. നട്ട വൃക്ഷത്തൈകൾ ജഡ്ജിംഗ് പാനൽ കണ്ട് വിലയിരുത്തുന്നതാണു..
6. മൂന്ന് മാസത്തിനു ശേഷം ഈ വൃക്ഷത്തൈകൾ കൃത്യമായി പരിപാലിക്കുന്നവർക്ക് പ്രത്യേക സമ്മാനങ്ങൾ നൽകുന്നതാണു..
7. ആറു മാസത്തിനു ശേഷം ഈ വൃക്ഷത്തൈകൾ കൃത്യമായി പാരിപാലിക്കുന്നവർക്ക് പ്രത്യേക സമ്മാനങ്ങൾ നൽകുന്നതാണു..
8. ഈ മത്സരവുമായി ബന്ധപ്പെട്ട "HOP" ജഡ്ജിംഗ് പാനൽ കമ്മറ്റിയുടെ തീരുമാനങ്ങൾ അന്തിമമായിരിക്കും.
Related Posts with Thumbnails

Related Posts with Thumbnails