ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2020, ജൂലൈ 1, ബുധനാഴ്‌ച 0 comments
Bookmark and Shareഏതാണ്ട് പത്ത് പത്തര പത്തേമുക്കാലരക്കാൽ നേരം..
ഉമ്മറത്ത് ചാരുപടിയിലിരുന്ന് ആയാസപ്പെട്ട് നഖം മുറിക്കുകയാണു അയമുട്ടി കാക്ക...
"ശ്രർ..ർ..ർ...ർ"
അമ്പുപെരുന്നാളിനു വാണത്തിനു തിരികൊളുത്തിയ പോലൊരു‌ ശബ്ദം..അയമുട്ടി കാക്ക ഞെട്ടി..ആ ഞെട്ടലിൽ കയ്യിലിരുന്ന ബ്ലേഡും ഞെട്ടി..ആ ഞെട്ടലിൽ തള്ളവിരലിന്റെ തുഞ്ചൻ പറമ്പീന്ന് ഒരു ശകലം " പ്ലീച്ഛ് " ..
''ഹാ.. കുരുത്തം കെട്ട ബ്ലേഡ് ..ആവശ്യം നേരത്ത് അയിനു മൂർച്ചണ്ടാവൂല..ഹൗ.."
നീറിപ്പുകഞ്ഞ തള്ള വിരൽ വിറച്ചു.. അയമുട്ടി പുറത്തേക്ക് കണ്ണ് പായിച്ചു..
ആകാശത്ത് നിന്ന് ഉൽക്ക പൊട്ടിവീണെന്ന കണക്ക് ഏറ്റവും ഇളയതിന്റെ ഇടയിലുള്ള മ്യോൻ സമീറ് തേങ്ങാപ്പൂളു കടിച്ചോണ്ട് നിക്കണ കാക്കച്ചിയെപ്പോലെ ഇളിച്ചോണ്ട് നിൽക്കുന്നു..മുറ്റത്ത് കിതച്ച് കിതച്ച് ഓന്റെ പൾസർ ടു ട്വന്റിയും.. .അപ്പോ ഈ പഹയനാണു വാണം വിട്ട മാതിരി ഇതിലെ‌ പാറി വന്നത്...
"എട ഹംക്കെ...അന്നെ ഞാൻ..നീറിപ്പുകയുന്ന തള്ള വിരൽ നിലത്തൂന്നി എണീറ്റ് അയമുട്ടി കാക്ക പല്ലിറുമ്മി.....കൈയോങ്ങാൻ വിചാരിച്ചതാ..പിൻ വലിച്ചു..ഹൗ..എന്തൊരു നീറ്റൽ..ഹാ
സമീറു ഇളിച്ചോണ്ട് ഉപ്പായെ നോക്കി..ഒരു നിമിഷം...പിന്നെയും നോക്കി..പിന്നെയും നോക്കി..പിന്നെ ഒരു അവിഞ്ഞ ചിരിയും പൊതിഞ്ഞ് കൊടുത്ത് അകത്തേക്ക് പോകാൻ തുനിയവേ...
'ഡാ..നിക്കവ്ടെ..!!
ആ അലർച്ച കേട്ടതും ബ്രേക്ക് ലൈനർ തേഞ്ഞൊട്ടിയ ഓട്ടോറിക്ഷ കണക്കെ നിക്കണോ..പോണോ..നിക്കണോ..പോണോ..പോയിട്ട് നിക്കണോ..നിന്നിട്ട് പോകണോ....എന്ന മട്ടിൽ സമീറു നിന്ന് പരുങ്ങി...
"ഇജ്ജൊവ്ടൂന്നാ ഈ ബൈക്കും നടേലു തിരികി ബരണെ..."
ആ..അത് ന്യായം ..അതറിയണല്ലോ..ഒരു ബാപ്പാക്ക് അതിനുള്ള അവകാശമില്ലേ..അയമുട്ടി‌ കാക്ക പുരികമുയർത്തി..
" അത് പിന്നെ...ഞാൻ കോട്ടപ്പടീലൊന്ന് പോയി.."
"ന്തേ...ന്ത്..ന്തേന്ന്...കോട്ടപ്പടീ പോയി ബരാന്നോ...''
അയമുട്ടി കാക്കയുടെ ഒച്ചയുയർന്നു..
അരുതാത്തതെന്തെങ്കിലും പറ്റിപ്പോയോ....സമീറു ചുറ്റിലും നോക്കി..
'അട..ബലാലെ..അന്റെ ചെപ്പക്കുറ്റിക്ക്. ഒന്നങ്ങട് തന്നാക്കാണോ.."
'' പടച്ച‌ തമ്പുരാനേ ..ഇനി‌ബീവറേജിന്റെ അവിടെ ചുറ്റിത്തിരിഞ്ഞത് ആരെങ്കിലും ഇയാൾക്ക്..ച്ഛേ...ബാപ്പാക്ക് ഒറ്റിക്കൊടുത്തോ.....സമീറ് പന്തം കണ്ട പെരുച്ചാഴി പോലെയായി...
"എട കുരുപ്പേ...ഇജ്ജീ പത്രോ ടിവീം ഒന്നും കാണലില്ല്യെ.."
ഓ..പിന്നെ...എസ്‌.എസ്‌.എൽ.സി പരീക്ഷക്ക് പുസ്തകം തൊട്ട് നോക്കാത്ത ഞാനാ ഇനി പത്രം വായിക്കണത്..ഒന്ന് പോ കാക്ക..എന്ന് പറയണമെന്നുണ്ട്..പക്ഷേ വെള്ളം ചേർക്കാതെ വിഴുങ്ങി.. സമീറ് ചിറി കോട്ടി..
അയമുട്ടി കാക്ക കസറുകയാണു...
"ഇരുപത്തിനാലു മണിക്കൂറും അയിലു ഓതിക്കൊണ്ടിരിക്കല്ല്യെ...വീട്ടിലടങ്ങിയിരിക്കൂ..അടങ്ങിയിരിക്കൂന്ന്...ന്നട്ട് അനക്കതൊന്നും തിരിഞ്ഞിട്ടില്ല്യെ...ഓനു കോട്ടപ്പടീക്ക്‌‌ സർക്കീട്ടിനു പോയ്ക്കണത്രേ.....മേലാൽക്ക് ആവശ്യല്ലാതെ ഈ ബീട്ടീന്ന് പൊറത്തെറങ്ങ്യാ അന്റെ മുട്ട് കാലു ഞാൻ തല്ലിയൊടിച്ച്‌ സൂപ്പുണ്ടാക്കും..പറഞ്ഞീലാന്ന് മാണ്ട.."
ജസ്റ്റ് റിമമ്പർ ദാറ്റ്..യൂ...ഷിറ്റ്..എന്ന് കൂടിയുണ്ടായിരുന്നെങ്കിൽ പൊളിച്ചേനേ..
അയമുട്ടി കാക്ക‌ നിന്ന് കിതച്ചു..
ബാപ്പാക്ക് ഇബടെ ഒന്നും തിന്നാൻ കിട്ടാത്തോണ്ടാവും.. ഇന്റെ മുട്ട് കാലു സൂപ്പ് വെക്കാൻ..ഇത്രക്ക് ആർത്തി പാടില്ല..ബാപ്പാ...ബാപ്പാനെപ്പോലത്തെ ബാപ്പാനെ ഞാൻ കണ്ടിട്ടില്ല ബാപ്പ..ഇതെന്തൊരു ബാപ്പേണു ബാപ്പാ..
ഇതൊന്നും പറഞ്ഞില്ലെങ്കിലും സമീറ് ആശ്വാസത്തോടെ നെടുവീർപ്പിട്ടു..അപ്പോ ബീവറേജിൽ പോയ കാര്യം ഇവിടെ ബ്രേക്കിങ്ങ് ന്യൂസ് ആയിട്ടില്ല..ഫാഗ്യം
''എട മനേ....അത്യാവാശ്യകാര്യങ്ങൾക്ക് പൊറത്തെങ്ങണതീനു ഒരു കൊഴപ്പുല്ല്യ.....ഇറങ്ങാണെങ്കി തന്നെ മാസ്ക് മോത്ത് ബെക്കുക..അവിടേം ഇബിടേം കറങ്ങി നടക്കാതെ കായില്ലാത്തോൻ എറച്ചിപ്പീടികേ ചെന്നമാതിരി തൊള്ളേം പോൾച്ച് അങ്ങാടീ നിക്കാതെ...."
" അതെന്തെരു ബർത്താനാ.ബാപ്പാ..ഞാനങ്ങനെ ഒന്നും നിക്കാറില്ല.."
"ആയ്ക്കോട്ടെ..ഇജ്ജങ്ങനെ നിക്കാറില്ല.. നിക്കണ്ടാ.. പക്ഷേ ബസ് സ്റ്റോപ്പിന്റടുത്തെ ഓലഷെഡ്ഡിലെ‌ കവുങ്ങിന്റെ ചാരുപടീന്റെ തഴമ്പ് അന്റെ ചന്തീമ്മലില്ലെ....എന്നെക്കൊണ്ടൊന്നും പറയിക്കണ്ട.."
ബാപ്പാന്റെ കിടിലൻ ബൗൺസർ..ഡിഫൻസ് ചെയ്യാനാവാതെ ..സമീറ് ചൂളി..
അയമുട്ടി കാക്ക നിർത്താനുള്ള‌ ഭാവമില്ല..
"ഇതൊക്കെ ഞമ്മടെ സർക്കാരു ഞമ്മളോട് പറേണത് ഓൽക്ക് തലക്ക് സുകല്ലാത്തോണ്ടല്ല..അന്റേം അന്റെ വീട്ടുകാരുടേം നാട്ടുകാരുടേം ഒക്കെ നല്ലതിനു ബേണ്ടിയാ...ഞമ്മളെ തടി കേടാകാണ്ടിരിക്കാനാ...കേട്ടോ.."
" ആ കേട്ട് "..സമീറ് തല കുലുക്കി
"ആ ..കേട്ടാ നല്ലത്....ഇല്ലെങ്കി വരാൻ യാസീനോതി‌ പിന്നെ ഒഴിഞ്ഞ് പോകാൻ ഖത്തം തീർത്തു എന്ന് പറഞ്ഞ മാതിരി എടങ്ങേറിന്റെ അവിലും കഞ്ഞിയാകും... .....ന്തേയ്..ഇന്റെ മോനു തിരിഞ്ഞില്യേ..
'" മ്.മ്.മ്ം"
" മ്.മ്..ഇജ്ജെന്താ നത്താ...തൊള്ള തൊറയൂലേ...അന്റെരു മൂളക്കം.."
" ആ..തിരിഞ്ഞെന്ന്" ..സമീറിനു‌ ദേഷ്യം കയറുന്നുണ്ട്..
'' ആ...തിരിയണോനു തിരിയും..അല്ലാത്തോൻ നട്ടം തിരിയും...''
അയമുട്ടി കാക്ക പറഞ്ഞ് പറഞ്ഞ് കിതച്ചു..
"പൊന്നാരമക്കളെ..സർക്കാരും ആരോഗ്യ പ്രവർത്തകരും പറയണ കാര്യങ്ങൾ കേട്ട് നടന്നാ ഇങ്ങക്ക് കൊള്ളാം..ഇല്ലെങ്കിലെ.. ബല്ല്യ വെല കൊടുക്കേണ്ടി വരും....വല്ല്യ വെല...അപ്പൊ കെടന്ന് മോങ്ങീട്ട് കാര്യണ്ടാവൂല...പയമല്ല ജാക്രതയാണു വേണ്ടത്.."
" പയമല്ല..ബാപ്പാ..ഭയം.."
കിട്ടിയ ഷോർട്ട് ബോൾ സിക്സറടിക്കാൻ സമീറു ആവേശത്തോടെ പറഞ്ഞു..
" ആ...അതന്നെ...പയമല്ല‌..ജാക്രതയാണു ബേണ്ടത്.. ഒന്ന് പോടെർക്കാ...'..
Related Posts with Thumbnails

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

എന്തെങ്കിലും പറഞ്ഞിട്ട്‌ പോകൂന്നേ...

Related Posts with Thumbnails