ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2020, ജൂലൈ 7, ചൊവ്വാഴ്ച 0 comments
Bookmark and Share“ഉസിലാംപട്ടീ..പെങ്കുട്ടീ..മുത്തുപ്പേച്ച്….ഉസരാം പേത്ത് എൻ കഴ്ത്ത്സുലിക്കിപ്പോച്ച്..”
എ.ആർ.റഹ്മാന്റെ കിടിലൻ പാട്ട് മൂളീ ഒരു സവാരി ഗിരി ഗിരി ഗിരി…വരികയാണു..
ഒരു ഹീറോ ഹോണ്ട സ്പ്ലൻഡറിന്റെ മുതുകത്ത് കയറി ഞങ്ങൾ മലപ്പുറത്തേക്കാണാ വരവ്....ഞങ്ങൾ എന്ന് പറഞ്ഞാ ഞാനും എന്റെ ഫ്രണ്ടും..ഒരു മാർക്കറ്റ് സറ്റഡിയാണു ലക്ഷ്യം..തള്ളിയതല്ല, സത്യായിട്ടും..…കറങ്ങി കറങ്ങി നാടണയാൻ ഇനി അഞ്ചാറു കിലോ മീറ്റർ മാത്രം..പെട്ടെന്ന് വണ്ടിക്ക് ഒരു വശപ്പിശക്..”ക്ടു..ക്ടു..” ഒന്ന് രണ്ട് തുള്ളൽ പിന്നെ വണ്ടി സ്വയം ആത്മഹത്യ ചെയ്തു..”ശെടാ..എന്ത് പറ്റി” അവൻ വണ്ടി കുലുക്കി നോക്കി..കിക്കർ വീണ്ടും വലിച്ചടിച്ച് നോക്കി..എവടെ..വണ്ടിക്കുണ്ടോ ജീവൻ വെക്കുന്നു..
“എടാ..വണ്ടിയിൽ എണ്ണയുണ്ടോന്ന് നോക്ക്..?
അവന്റെ പരാക്രമങ്ങൾ കണ്ട് ചോദിക്കാതെ തരമില്ലലോ..
“ഓ..പിന്നേ..ഞാനിന്നലെ ഒരമ്പത് ഉറുപ്പ്യാക്ക് അടിച്ചതാലോ..”
“പിന്നേ..അമ്പത് ഉറുപ്പ്യാക്ക് ….അനക്ക് തീരെ തലച്ചോറില്ലേ കുരുപ്പേ..അമ്പത് ഉറുപ്പ്യാക്ക് എണ്ണയടിച്ചിട്ടാണോ ഈ ദുനിയാവൊക്കെ കറങ്ങിയത്…അതൊക്കെ എപ്പൊ ആവിയായിട്ടുണ്ടാവും....തീരുന്നതിനനുസരിച്ച് അതിൽ എണ്ണ ഉറവ പൊട്ടൂന്ന് കരുതിയോ...” എനിക്ക് ദേഷ്യം വരാതിരിക്കുവോ..
“ശരിയാട്ടോ..എണ്ണ തീർന്നു..” അവൻ ടാങ്ക് അടപ്പ് തുറന്ന് ഇളിച്ചു..
“ നന്നായി..എന്നാലു പുന്നാര മോൻ പോയി എണ്ണ വാങ്ങിച്ചിട്ട് വാ..ഞാൻ ഇവിടെ നിക്കാം….പുല്ല്.”
അവൻ അവിടെവിടെയൊക്കെയോ നടന്ന് ഒരു ബോട്ടിൽ സംഘടിപ്പിച്ച് വഴിയേ വന്ന ഒരു ബൈക്കിനു കൈകാണിച്ച് ലിഫ്റ്റടിച്ച് വണ്ടിക്ക് ദാഹജലം വാങ്ങാൻ പോയി..ഞാൻ ഇതികർത്തവ്യമൂഡനായി അടുത്ത് കണ്ട ബസ് സ്റ്റോപ്പിൽ കണ്ട ബെഞ്ചിൽ ചുണ്ണാമ്പിൽ വെറ്റില തേക്കണ പോലെ മൊബൈലിൽ തോണ്ടിയും തേച്ചും കൊണ്ട് ആസന്നസ്ഥനായി....അല്ലാതെന്ത് ചെയ്യാൻ..
കുറച്ച് കഴിഞ്ഞപ്പോ ഒരു പത്തൊമ്പത് ഇരുപത് വയസ്സ് റേഞ്ചുള്ള ഒരു പയ്യൻ അവിടേക്ക് വന്നു..ഒരു നിക്കറും ജെഴ്സിയുമാണു വേഷം..കയ്യിൽ ഒരു ചെറിയ ബാഗുമുണ്ട്....എവിടെയോ ഫുട്ബാൾ കളിക്കാൻ പോകുവാണെന്ന് തോന്നുന്നു..ചാടിയും തുള്ളിയും കൈകാലുകൾ ആഞ്ഞ് വീശിയും ഒക്കെയാണു വരവ്..ഈ ചങ്ങായി എന്താ റബ്ബർ പാലു കുടിച്ചിട്ടുണ്ടോ എന്ന് എനിക്ക് തോന്നാതിരുന്നില്ല..എന്നെ കണ്ടതും…ആരാണ്ടപ്പാ ഈ സമയത്ത് ഇവിടെ വന്നിരിക്കുന്നത് എന്ന മട്ടിൽ അവൻ എന്റെ അടുത്തേക്ക് വന്നു..എന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി..ഞാനും തലയുയർത്തി അവനെ നോക്കി..മാസ്ക്കൊക്കെ ധരിച്ച് ഇരിക്കുന്ന എന്നെ അവനു എവിടെ മനസ്സിലാവാൻ..ഇനി മാസ്ക്കില്ലെങ്കിലും അവനെന്നെ മനസ്സിലാവില്ല..ഞാനാ നാട്ടുകാരൻ ഒന്നുമല്ലല്ലോ..അവൻ എന്നെ അടിമുടി നോക്കുന്നു..നോട്ടം രൂക്ഷമായപ്പോ ഞാൻ പറഞ്ഞു..
” നോക്കണ്ട ഉണ്ണി..നീ ഉദ്ധേശിക്കുന്ന ആളല്ല ഞാൻ,എനിക്ക് നിന്നെയുമറിയില്ല, നിനക്ക് എന്നെയുമറിയില്ല..”
അവൻ തലകുലുക്കിയോ ഇല്ലയോ…ആ എനിക്കറിയില്ല..അവൻ കസർത്ത് തുടരുകയാണു..എന്നെ കാണിക്കാൻ ആവണം…കസർത്ത് കുറച്ച് ഓവറാകുന്നുണ്ടോന്ന് ഒരു തോന്നൽ…അവൻ അവിടെ കിടന്ന് ചാടുകയും കുനിയുകയും നിവരുകയും എക്സർ സൈസ് ചെയ്ത് കൊണ്ടിരിക്കുകയാണു..ഇടക്ക് എന്നെ നോക്കി ഇളിക്കുന്നുമുണ്ട്…ആ…ആ ഇളി എന്തിനാണാവോ….നിന്നേക്കാളും എത്രയോ ബോഡി ഫിറ്റ് എനിക്കുണ്ട് എന്ന് കാണിക്കാനാവണം..ആ..എന്തെങ്കിലുമാകട്ടെ..
അവൻ കുനിഞ്ഞ് നിവരുന്ന ഒരു അസന്നിഗ്ദ ഘട്ടത്തിൽ… പെട്ടെന്ന് ഒരു പോലീസ് ജീപ്പ് വന്ന് സഡൻ ബ്രേക്കിട്ടു…!!! അവൻ ഒന്ന് ചൂളി, ഒപ്പം ഞാനും..
“ഇവിടെ വാ “
മുൻ സീറ്റിലിരുന്ന ഏമാൻ അവനെ വിളിച്ചു..
” എവടെ നിന്റെ മാസ്ക്ക്”
അവൻ നിന്ന് പരുങ്ങി
” അത്..സാറെ..ഞാൻ..എന്റെ വീട് ഇവിടെയാണു..ഞാൻ ഇപ്പോ ഇറങ്ങിയതേയുള്ളു..”
“അത് കൊണ്ട്…” ഏമാൻ ചൂടായി
.”മാസ്ക് ഞാൻ മറന്ന് പോയി..”
“ഉം..മറക്കും..എല്ലാരും ഇത് തന്നെയാ പറയണെ..നീ ആ ഇരിക്കണ ആളെ കണ്ടോ..എന്ത് ഡീസന്റായാണു അയാളു മാസ്ക് ഇട്ട് ഇരിക്കുന്നത്..നീ പേരു പറ..’”
ങെ..ഇത്....എന്നെ പ്പറ്റിയാണല്ലോ..എന്നെ മാത്രം ഉദ്ധേശിച്ച്..
അത്ര നേരം എന്റെ മുന്നിൽ കസർത്ത് കാണിച്ച അവൻ കാറ്റഴിച്ച് വിട്ട ബലൂൺ പോലെയായി…എന്ന് വെച്ചാ ആവി....അവൻ ജാള്യതയോടെ എന്നെ നോക്കി..ഞാൻ ഞെളിഞ്ഞിരുന്നു..ഇപ്പോ ആരാ മാന്യൻ…പ്‌ഹ..ഹ..ഹ
ഏമാൻ അവന്റെ പേരും പ്രൊഡ്യൂസറെ പേരും അഡ്രസ്സും ഒക്കെ എഴുതിയെടുത്ത് ഒരു സർട്ടിഫിക്കറ്റ് അവനു കൊടുത്തു, അവൻ തല ചൊറിഞ്ഞ് അതേറ്റ് വാങ്ങി,, ഫൈൻ കോടതീലേക്കാണു…ഞഞ്ഞായി
ആ സർട്ടിഫിക്കറ്റ് കിട്ടിയ പാടെ അവൻ തലയും താഴ്ത്തി ഒന്നു തിരിഞ്ഞ് പോലും നോക്കാതെ വന്ന വഴിയെ നടന്ന് പോയി…
ഇനിയെന്ത് കസർത്ത് കാണിക്കാൻ..
സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ധേശങ്ങൾ പാലിക്കാതെ നടന്ന് മികച്ച സേവനം കാഴ്ചവെച്ചതിനുള്ള സർട്ടിഫിക്കറ്റ് അല്ലേ കയ്യിലിരിക്കുന്നത്…പ്.ഹ.ഹ..ഹ
“ഉസിലാംപട്ടീ..പുങ്കുട്ടീ..മുത്തുപ്പേച്ച്….ഉസരാം പേത്ത് പോലീസ് സുലിക്കിപ്പോച്ച്..
മോന്ത മേലെ മാസ്ക് വെച്ച് കുഞ്ഞാനോരു പോരേൽ വെച്ച് മറന്ത്..ഉൻ കൂടയിലെ വെച്ച ശീട്ട് എൻ കീശയിലെ ദുട്ട് പോച്ച് വന്തേനടീ..അട ചെല്ലം..”
റഹ്‌മാന്റെ പാട്ട് ചിലപ്പോ ഇങ്ങനെയും പാടാം…യേത്..
കിടിലം ബിറ്റ് അതല്ല..ഈ വന്ന പോലീസ് വണ്ടിയിൽ പുറകിലിരുന്ന ഏമാന്റെ മാസ്ക് താടിക്ക് വെയിൽ തട്ടാതിരിക്കാൻ വേണ്ടി താഴ്ത്തി വെച്ചിരിക്കുകയായിരുന്നു..
ആ.. അധികാരിക്ക് അടുപ്പിലും ആവാലോ..അല്ലേ..
മുന്നറിയിപ്പ്: പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുക..പത്ത് രൂപ‌ചിലവാക്കേണ്ടിടത്ത് ഇരുനൂറു രൂപയും മറ്റ് തൊന്തരവുകളും ഒഴിവാക്കാം..ഒപ്പം കൊറോണയെയും...ഒന്നും ഇരന്ന് വാങ്ങുന്നത് നല്ലതല്ലെന്ന് ഓർമ്മയിലിരിക്കട്ടെ..
Related Posts with Thumbnails

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

എന്തെങ്കിലും പറഞ്ഞിട്ട്‌ പോകൂന്നേ...

Related Posts with Thumbnails